കേരളമുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന സംസ്ഥാന ആഭ്യന്തരവകുപ്പിനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കേണ്ടത് ദുരന്തം എന്നുതന്നെയാണ്. അത് വരുത്തുന്ന കെടുതികള്‍ കേരളത്തിലെ പോലീസ് സേനയും പൊതുസമൂഹവും ഒരുപോലെ അനുഭവിക്കേണ്ടിവരുന്നു. കേരളഭരണത്തെ നയിക്കുന്ന സി പി എമ്മിന്റെ അതിരുകടന്ന കൈകടത്തലില്‍ പോലീസ് സേനയില്‍ രാഷ്ട്രീയവത്കരണത്തിനും ക്രിമിനല്‍വത്കരണത്തിനും കാരണമായിത്തീര്‍ന്നുവെന്നതാണ് വസ്തുത. സര്‍ക്കാറിനും സി പി എമ്മിനും വിടുവേല ചെയ്ത് ഒരു പരുവത്തിലായ കേരളപോലീസിന്റെ ദാരുണാവസ്ഥ സഹതാപമര്‍ഹിക്കുന്നതാണ്.
നീതിനിര്‍വഹണത്തിലും ക്രമസമാധാനപാലനത്തിലും ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന പോലീസ് സേന കേരളത്തിനുണ്ടെന്ന അവകാശവാദം നിലനില്‍ക്കെ സമീപകാലത്തായി പോലീസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ മുമ്പില്ലാത്തവിധം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. അതിലെല്ലാമുപരി പോലീസിനകത്തുതന്നെ ആത്മസംഘര്‍ഷങ്ങള്‍ ശക്തമാകുകയും ചെയ്യുന്നു. ആത്മഹത്യ ചെയ്യുന്ന പോലീസുകാരുടെ എണ്ണം കൂടുകയാണ്. വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് പ്രതികളാകുന്ന പോലീസുകാരുടെ എണ്ണവും വ്യാപിക്കുന്നു.
അധികാരകേന്ദ്രങ്ങളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും അതിരുകടന്ന സമ്മര്‍ദ്ദങ്ങളും മേലധികാരികളുടെ പീഡനങ്ങളും കാരണം പോലീസിനകത്ത് പ്രശ്‌നങ്ങള്‍ രൂക്ഷമാകുകയാണ്. മേലധികാരികളുടെ പീഡനങ്ങളും കുടുംബപ്രശ്‌നങ്ങളും ജോലിഭാരവും പോലീസ് സേനയെ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുന്നു. ഇതിനുപുറമെ സംഘടനാപരമായ മത്സരങ്ങളും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പോലീസിന്റെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിക്കുകയാണ്. ആത്മാഭിമാനവും ആത്മവീര്യവും നഷ്ടപ്പെടുന്നവരായി കേരള പോലീസ് മാറുമ്പോള്‍ അതിന്റെയൊക്കെ ദുരന്തഫലങ്ങള്‍ നേരിടേണ്ടിവരുന്നത് നാട് തന്നെയാണ്. ക്രമസമാധാനപാലനം ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാന്‍ പോലീസിന് കഴിയാതെ വന്നാല്‍ നാട് അരാജകത്വത്തിലേക്ക് കൂപ്പുകുത്തുമെന്ന കാര്യത്തില്‍ സംശയം ലവലേശമില്ല.
കൊച്ചിയില്‍ മേലുദ്യോഗസ്ഥന്റെ പീഡനം കാരണം സി.ഐ. നവാസ് നാടുവിട്ട സംഭവം പോലീസിനകത്തെ മാനസികസമ്മര്‍ദ്ദം വീണ്ടും ചര്‍ച്ചയാകാന്‍ ഇടവരുത്തിയിരിക്കുന്നു. ആത്മാര്‍ത്ഥമായും സത്യസന്ധമായും കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചവരുത്താത്ത പോലീസുദ്യോഗസ്ഥനാണ് നവാസെന്നാണ് ഡിപ്പാര്‍ട്ടുമെന്റില്‍ അറിയപ്പെടുന്നത്.
അന്വേഷണത്തില്‍ അവിഹിതമായി ഇടപെടുന്ന മേലുദ്യോഗസ്ഥന്റെ ഇംഗിതത്തിന് വഴങ്ങാതിരുന്നതിന്റെ പേരിലാണ് നവാസിന് പീഡനമേല്‍ക്കേണ്ടിവന്നത്.
നാടുവിട്ട അദ്ദേഹം ഉന്നത പൊലീസ് അധികാരികളുടെയും ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ഇടപെടല്‍കൊണ്ട് തിരിച്ചെത്തിയെങ്കിലും നാടുവിടാന്‍ പ്രേരിപ്പിച്ചതിന്റെകാരണം ഗൗരവതരമായ വിഷയമായി ഇപ്പോഴും നിലനില്‍ക്കുന്നു. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പത്രദൃശ്യമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നതിനിടെയാണ്,അടൂരില്‍ മറ്റൊരു പോലീസുകാരനായ ആനന്ദും മേലുദ്യോഗസ്ഥന്റെ പീഡനത്തെ തുടര്‍ന്ന് നാടുവിട്ട വാര്‍ത്തക്കും പ്രചാരമുണ്ടായത്. കണ്ണൂരില്‍ ഉന്നത പോലീസുദ്യോഗസ്ഥരുടെ മാനസികപീഡനത്തിനും ജാതീയ അധിക്ഷേപത്തിനും ഇരയായ എ ആര്‍ ക്യാമ്പിലെ ഒരു പോലീസുദ്യോഗസ്ഥന്‍ ഗത്യന്തരമില്ലാതെ, സര്‍വീസില്‍ തുടരാനാകാതെ രാജിവെച്ചൊഴിഞ്ഞതും പോലീസിനകത്തെ ഗുരുതരമായ സ്ഥിതിവിശേഷം അനാവരണം ചെയ്യുന്നു. ഇതിനിടയിലാണ് ആലപ്പുഴയില്‍ വനിതാ സിവില്‍ പോലീസ് ഓഫീസറെ പോലീസുകാരന്‍ ചുട്ടുകൊന്ന സംഭവം നടന്നത്. ഇത്തരമൊരു ദാരുണസംഭവത്തിലേക്ക് കാര്യങ്ങളെത്തിച്ചതും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ കെടുകാര്യസ്ഥതയാണെന്നത് പ്രശ്‌നത്തിന്റെ മറ്റൊരു വശം. പോലീസുകാരന്റെ ഭീഷണിക്കെതിരെ വനിതാപോലീസ് ഓഫീസറുടെ കുടുംബം എസ് ഐക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും ചുരുട്ടിക്കൂട്ടി ചവറ്റുകൊട്ടയിലെറിഞ്ഞുവെന്നാണ് പുതിയ വിവരം. സമനില തെറ്റി അരുതായ്മകള്‍ ചെയ്യുന്ന പോലീസുകാര്‍ വാര്‍ത്തകളില്‍ നിറയുമ്പോള്‍ ആശങ്കയോടെ മാത്രമേ പൊതുസമൂഹത്തിന് ഇത്തരം സംഭവങ്ങളെ നിരീക്ഷിക്കാനാവുകയുള്ളൂ.
കേരളത്തില്‍ അഞ്ചുവര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 43 പൊലീസുദ്യോഗസ്ഥരാണെന്നാണ് ഔദ്യോഗിക കണക്ക്. മേലധികാരികളുടെ പീഡനം കാരണം ജീവനൊടുക്കിയവര്‍ ഇക്കൂട്ടത്തിലുണ്ട്. കുടുംബപ്രശ്‌നങ്ങള്‍, വഴിവിട്ട ബന്ധങ്ങള്‍ മൂലമുളള പ്രശ്‌നങ്ങള്‍, താങ്ങാനാവാത്ത ജോലിഭാരം തുടങ്ങിയ കാരണങ്ങളാല്‍ ജീവിതം അവസാനിപ്പിച്ചവരും ഇതില്‍ ഉള്‍പ്പെടും. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായുള്ള സ്ഥലംമാറ്റങ്ങളും പോലീസ് സേനയ്ക്കകത്ത് പ്രയാസങ്ങളുണ്ടാക്കുന്നു. കേരളം ആരുഭരിച്ചാലും അവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് പോലീസിനെ ഉപയോഗിക്കുന്ന സ്ഥിതിക്ക് ഇനിയും മാറ്റം വന്നിട്ടില്ല. പോലീസിനെ ജനകീയമാക്കും, സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കും, മുഖം നോക്കാതെ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും എന്നൊക്കെ ഭരിക്കുന്നവര്‍ അവകാശപ്പെടാറുണ്ടെങ്കിലും യാഥാര്‍ത്ഥ്യം മറിച്ചാണെന്നതാണ് ഇതുവരെയുള്ള അനുഭവം. ഭരിക്കുന്ന പാര്‍ട്ടിയുടെ ലോക്കല്‍ നേതാവിനുപോലും കണ്ണുരുട്ടി ഭയപ്പെടുത്താവുന്നത്ര നിസ്സാരമാണ് കേരളത്തിലെ പോലീസ് സംവിധാനം. അനുസരിച്ചില്ലെങ്കില്‍ സ്ഥലംമാറ്റമോ സസ്‌പെന്‍ഷനോ ലഭിക്കും. അല്ലെങ്കില്‍ തൊപ്പി തന്നെ തെറിച്ചുപോയെന്നും വരാം. ഭരിക്കുന്നവര്‍ക്ക് മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുമ്പോള്‍ ഏതൊരു കേസിലും നിഷ്പക്ഷമായി അന്വേഷണം നടത്താന്‍ കഴിയാത്ത നിസ്സഹായാവസ്ഥ കേരള പോലീസിനെ ഇപ്പോഴും ഗ്രസിച്ചുനില്‍ക്കുകയാണ്.
ശ്രീജിത്ത് ഉരുട്ടിക്കൊലക്കേസും കെവിന്‍വധക്കേസും കേരള പോലീസിനുണ്ടാക്കിയ കളങ്കം ചെറുതല്ല. ശ്രീജിത്ത് കൊലക്കേസില്‍ പ്രതികള്‍ പോലീസുദ്യോഗസ്ഥരാണെങ്കില്‍ കെവിന്‍വധക്കേസില്‍ കൈക്കൂലി വാങ്ങി പ്രതികള്‍ക്ക് സഹായം ചെയ്തതിന്റെ പേരില്‍ പോലീസ് പ്രതിക്കൂട്ടിലാകുകയായിരുന്നു. ഇങ്ങനെയുള്ള സംഭവങ്ങള്‍ വിവാദമാകുമ്പോള്‍ സാധാരണ പോലീസുകാരെ ബലിയാടാക്കി ഉന്നത പോലീസുദ്യോഗസ്ഥരെ രക്ഷപ്പെടുത്തുന്ന കാഴ്ചയും കാണുന്നുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരി 17ന് നടന്ന പെരിയ ഇരട്ടക്കൊലക്കേസിലും അടുത്തിടെ നടന്ന തലശേരിയിലെ സി ഒ ടി നസീര്‍ വധശ്രമക്കേസിലും രാഷ്ട്രീയ സമര്‍ദ്ദങ്ങളുണ്ടാക്കിയ തടസ്സങ്ങള്‍ പോലീസ് അന്വേഷണം അട്ടിമറിക്കുന്ന സ്ഥിതിയിലാണെത്തിച്ചത്. വടകരയില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച സി ഒ ടി നസീറിനെ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഒരുസംഘം ആക്രമിച്ചതായുള്ള വിവരവും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. അന്ന് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുകയായിരുന്ന നസീറിന്റെ മൊഴി പോലും പോലീസ് രേഖപ്പെടുത്തിയില്ലെന്നറിയുമ്പോള്‍ നിയമസംവിധാനത്തിലെ രാഷ്ട്രീയ കൈകടത്തല്‍ എത്രമാത്രം ശക്തമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
കേരളത്തിലെ ചില ഐ പി എസ് ഓഫീസര്‍മാര്‍ കീഴുദ്യോഗസ്ഥരെ അടിമവേല ചെയ്യിക്കുന്നതായുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ സമീപകാലത്താണ് പുറത്തുവന്നത്. ഉന്നത പോലീസുദ്യോഗസ്ഥരുടെ വീടുകളിലേക്ക് മീനും പച്ചക്കറിയും വാങ്ങാനും വളര്‍ത്തുനായ്ക്കളെ കുളിപ്പിക്കാനും സാധാരണ പൊലീസുകാരെ ഉപയോഗിക്കുന്ന രീതി സാംസ്‌കാരികമായി ഉയര്‍ന്നുനില്‍ക്കുന്ന കേരളത്തില്‍പോലും നിലനില്‍ക്കുന്നുവെന്ന യാഥാര്‍ത്ഥ്യത്തിന് മുന്നില്‍ പകച്ചുപോകുകയായിരുന്നു പൊതുസമൂഹം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് സേവനമനുഷ്ഠിക്കാനെത്തുന്ന ഉന്നത പോലീസുദ്യോഗസ്ഥരില്‍ ചിലരുടെ ജീവിതരീതികളില്‍ പ്രതിഫലിക്കുന്ന ജാതീയമേധാവിത്വത്തിനു ചില പൊലീസുദ്യോഗസ്ഥര്‍ ഇരകളായിട്ടുണ്ട്. അവര്‍ക്കുപോലും നീതി കിട്ടാത്ത സാഹചര്യം നിലനില്‍ക്കുന്നു. ഉത്തരേന്ത്യക്കാരനായ ഒരു ഐ പി എസ് ഓഫീസറുടെ കരണത്തടി ഏറ്റുവാങ്ങേണ്ടിവന്ന ഒരു മലയാളി പൊലീസുദ്യോഗസ്ഥന്റെ ദുരനുഭവം നമ്മള്‍ മറക്കാറായിട്ടില്ല. മറ്റ് സര്‍ക്കാര്‍ മേഖലകളില്‍ എട്ടുമണിക്കൂറാണ് ജോലിയെങ്കില്‍ പോലീസുകാര്‍ക്ക് പന്ത്രണ്ട് മണിക്കൂറും ജോലി ചെയ്യേണ്ടിവരുന്നു. കായികക്ഷമതാ പരിശീലനവും എഴുത്തുപരീക്ഷയും കഴിഞ്ഞ് ഏറെ കഷ്ടപ്പെട്ടാണ് ഉദ്യോഗാര്‍ത്ഥികള്‍ പോലീസിലെത്തുന്നത്. അവധി നിഷേധിച്ചും കുടുംബാംഗങ്ങള്‍ക്കൊപ്പം ചിലവഴിക്കാനുള്ള അവസരം നിഷേധിച്ചും നിസ്സാരകാര്യങ്ങള്‍ക്കുപോലും ശകാരിച്ചും പോലീസുകാരുടെ മാനസികസമ്മര്‍ദ്ദം കൂട്ടുന്ന പ്രവണതക്ക് അറുതിയുണ്ടാക്കാന്‍ ഭരണകൂടം ഇടപെടുന്നില്ല. പോലീസുകാരുടെ ജോലിഭാരം കുറക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഡി ജി പി മെയ് ആദ്യവാരം സ്റ്റാഫ് കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ത്ത് ചില മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയെങ്കിലും അതൊന്നും നടപ്പിലായില്ല.പോലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സി പി എം നിലപാട് നിയമപാലനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തുകയാണ്. രാഷ്ട്രീയ പ്രതിയോഗികളെയും ഭരണപക്ഷത്തിനെതിരെ ശബ്ദിക്കുന്നവരെയും ഉന്മൂലനം ചെയ്യാനും നിശ്ശബ്ദരാക്കാനും ക്വട്ടേഷന്‍സംഘങ്ങളെയും പോലീസിനെയും ഉപയോഗിക്കുന്ന ഭീകരാവസ്ഥ കേരളത്തില്‍ നിലനില്‍ക്കുകയാണ്.