പുരാണ – ഇതിഹാസ കഥാസന്ദര്‍ഭങ്ങളില്‍ പ്രതിപാദിക്കപ്പെടുന്നതും പ്രാധാന്യമര്‍ഹിക്കുന്നതുമായ വിവിധ സ്ഥലങ്ങളാല്‍ സമ്പന്നമാണ് കേരളം. ദ്വാപര യുഗസ്മരണകള്‍ ഉണര്‍ത്തുന്ന പ്രതിഷ്ഠാസങ്കല്പങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കുന്ന പ്രദേശങ്ങളില്‍ വളരെ പ്രധാനപ്പെട്ട തീര്‍ത്ഥാടനസ്ഥലമാണ് ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലെ പാഞ്ചാലിമേട്. സമുദ്രനിരപ്പില്‍ നിന്ന് 2500 അടി ഉയരത്തില്‍ ഇടുക്കി ജില്ലയില്‍ കോട്ടയം കുമളി ദേശീയപാത 183 ല്‍ നിന്ന് 5 കിലോമീറ്റര്‍ ഉള്ളിലാണ് പാഞ്ചാലിമേട്.
വനവാസകാലത്ത് പഞ്ചപാണ്ഡവര്‍ പാഞ്ചാലി സമേതം ഇവിടെ എത്തി എന്നാണ് വിശ്വാസം. പാഞ്ചാലിമേട് എന്ന ദേവസ്ഥാനത്തിന്റെയും സ്ഥലനാമത്തിന്റെയും പിന്നിലുള്ള ചരിത്രവും ഇതുതന്നെയാണ്. പഞ്ചപാണ്ഡവര്‍ കേരളത്തില്‍ പല സ്ഥലങ്ങളിലും വനവാസകാലത്ത് വസിച്ചിരുന്നതായി നിരവധി സങ്കല്പങ്ങള്‍ ഉണ്ട്. ഇതില്‍ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു സ്ഥലവുമാണ് പാഞ്ചാലിമേട്. പാഞ്ചാലിമേടില്‍ അക്കാലത്ത് വസിച്ചിരുന്ന വനവാസികള്‍ക്കായി തങ്ങള്‍ ആരാധിച്ചിരുന്ന ദുര്‍ഗ്ഗാദേവീ വിഗ്രഹം പഞ്ചപാണ്ഡവരില്‍ രണ്ടാമനായ ഭീമന്‍ പാഞ്ചാലിമേടില്‍ പ്രതിഷ്ഠിക്കുകയും ദുര്‍ഗ്ഗാദേവിയെ ആരാധിക്കുവാന്‍ അവര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് ആ ദേവീസങ്കല്‍പ്പം വനദുര്‍ഗ്ഗയായി അറിയപ്പെടാന്‍ തുടങ്ങിയത്. വനവാസികളില്‍ ഒരു വിഭാഗം കൗളാചാരപ്രകാരം പൂജകള്‍ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദേവീചൈതന്യം ഉഗ്രരൂപിണിയായിത്തീര്‍ന്നു. പ്രകൃതിദേവതകളെയും ഇവര്‍ പൂജിച്ചിരുന്നു. ഇതിനായി പാഞ്ചാലിമേട്ടില്‍ ഒരു തറ സ്ഥാപിച്ച് കല്‍വിളക്കില്‍ തിരി കൊളുത്തി പൂജ നടത്തിയിരുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ പന്തം കത്തിച്ചുവച്ച് പൂജയും കോഴിവെട്ട് അടക്കമുള്ള ആരാധനയും നടത്തിവന്നിരുന്നു. കടുത്ത എന്ന ആദിവാസി മൂപ്പന്‍ ആണ് ഈ പൂജകള്‍ നടത്തിയിരുന്നത്. അദ്ദേഹം മരിക്കുന്നത് വരെ അത് തുടര്‍ന്നുവന്നു.
കാലക്രമത്തില്‍ പാഞ്ചാലിമേട് വാസയോഗ്യമല്ലാതാവുകയും പടിഞ്ഞാറെ താഴ്‌വരയിലേക്ക് വനവാസികള്‍ പലായനം ചെയ്യുകയും ചെയ്തു. ദുര്‍ഗ്ഗാദേവി കാട്ടുവള്ളിയില്‍ ആടി താഴ്‌വാരത്തേയ്ക്ക് എത്തി. അങ്ങനെ ആ ദേശം വള്ളിയാടിക്കാവ് എന്നും പിന്നീട് വള്ളിയങ്കാവ് എന്നും അറിയപ്പെടുകയും ചെയ്തു എന്നാണ് പൂര്‍വ്വികസമൂഹത്തിന്റെ സാക്ഷ്യം. വള്ളിയങ്കാവ് ക്ഷേത്രത്തിന്റെ മൂലസ്ഥാനവും പൂര്‍വ്വികസ്ഥാനവുമായി പാഞ്ചാലിമേട് ഭുവനേശ്വരീദേവസ്ഥാനം മാറുന്നത് ഈ വിശ്വാസത്തിന്റെയും ഐതിഹ്യത്തിന്റെയും ചരിത്രത്തിന്റെയും അടിസ്ഥാനത്തിലാണ്.
പാണ്ഡവരുടെ വനവാസയാത്രയെ ശരിവയ്ക്കുന്ന ഓര്‍മ്മകളും അടയാളങ്ങളും ഇന്നും ഇവിടെ കാണാം. പാഞ്ചാലിമേടിന്റെ കിഴക്കുവശത്തായി സ്ഥിതിചെയ്യുന്ന കുളം പാഞ്ചാലിക്ക് കുളിക്കുവാനായി ഭീമന്‍ നിര്‍മ്മിച്ചുനല്‍കിയതാണെന്നും, അതല്ല ഭീമന്റെ കാല്‍പാദം പതിഞ്ഞ് കുളമായി രൂപപ്പെട്ടുവെന്നും പൂര്‍വ്വികര്‍ വിശ്വസിച്ചുവരുന്നു. പാഞ്ചാലിക്കായി ഒരുക്കിയ വെള്ളാരംകല്ലില്‍തീര്‍ത്ത നടപ്പാതയും, പാണ്ഡവരെ ആക്രമിക്കാന്‍ എത്തിയ രാക്ഷസിയെ ശപിച്ച് ശിലയാക്കി മാറ്റിയ കല്ലും, ആക്രമിക്കാന്‍ എത്തിയ ആനയെ പാഞ്ചാലി ശിലയാക്കി മാറ്റിയ കല്ലും, പാണ്ഡവര്‍ ഭക്ഷണം പാകംചെയ്യുന്നതിനായി ഉപയോഗിച്ചിരുന്നു എന്ന് വിശ്വസിക്കുന്ന അടുപ്പുകല്ലുകളും, പാണ്ഡവര്‍ വിശ്രമിച്ചിരുന്ന കരിങ്കല്ലില്‍തീര്‍ത്ത ഇരിപ്പിടങ്ങളും ക്ഷേത്രങ്ങളുടേതായ തിരുശേഷിപ്പുകളും ഇവിടെ കാണാം. പാഞ്ചാലിമേട്ടില്‍ ഇപ്പോള്‍ കാണുന്ന ഭുവനേശ്വരീക്ഷേത്രത്തില്‍ ഒരുകാലത്ത് യഥാവിധി പൂജകള്‍ ഉണ്ടായിരുന്നില്ല.
1981 ല്‍ ക്ഷേത്രത്തില്‍ വിളക്ക് തെളിയിച്ച് ക്ഷേത്രാരാധന പുനരാരംഭിച്ചതും ഭുവനേശ്വരീക്ഷേത്രം ജീര്‍ണോദ്ധാരണം നടത്തിയതും, ഈ പ്രദേശത്തെ സനാതനധര്‍മ്മ വിശ്വാസികളാണ്. ശബരിമല അയ്യപ്പന്റെ പൂങ്കാവനത്തിന്റെ ഭാഗമായ ഇവിടെനിന്ന് നോക്കിയാല്‍ പൊന്നമ്പലമേട്ടിലെ ദിവ്യജ്യോതി ദര്‍ശിക്കാം എന്ന പ്രത്യേകതയുമുണ്ട്. ദൈവത്തിന്റെ സ്വന്തം നാടും പാഞ്ചാലിമേടും വൈദേശിക മതചിഹ്നങ്ങളുടെ അധിനിവേശ ഭൂമിയായി മാറിക്കഴിഞ്ഞിരിക്കുന്നു. മതചിഹ്നങ്ങള്‍ ഉപയോഗിച്ചുള്ള വൈദേശിക മതത്തിന്റെ കടന്നുകയറ്റം സര്‍വ്വസീമകളും ലംഘിച്ച് മുന്നേറുകയാണ്. സംസ്ഥാനത്തെ കുന്നുകളും നാല്‍ക്കവലകളും റവന്യൂ ദേവസ്വം വനഭൂമികളും ടൂറിസം കേന്ദ്രങ്ങളും കയ്യടക്കുന്നതില്‍ വരെ എത്തിനില്‍ക്കുന്നു. ഭൂരിപക്ഷജനസമൂഹത്തിന്റെ ആരാധനാസമ്പ്രദായവും മതചിഹ്നങ്ങളും കടമെടുക്കുക മാത്രമല്ല പവിത്രസങ്കേതങ്ങളെയും തീര്‍ത്ഥസ്ഥാനങ്ങളെയും ക്രൈസ്തവവത്ക്കരിക്കുന്നതിനും, സുവിശേഷവത്ക്കരണ കേന്ദ്രങ്ങളാക്കുന്നതിനുമുള്ള ആസൂത്രിതശ്രമങ്ങളാണ് നടക്കുന്നത്. ഇതേശ്രമം തന്നെയാണ് കാഞ്ഞിരപ്പള്ളി രൂപതയുടെയും കണയങ്കവയല്‍ സെന്റ് മേരീസ് ദേവാലയത്തിന്റെയും നേതൃത്വത്തില്‍ പാഞ്ചാലിമേട്ടില്‍ നടക്കുന്നത്.
1960 ല്‍ കണയങ്കവയല്‍ പള്ളിയില്‍ ക്രിസ്ത്യന്‍ വിശ്വാസികള്‍ ഒത്തുകൂടി പാഞ്ചാലിമേട്ടില്‍ കുരിശ് സ്ഥാപിക്കാന്‍ തീരുമാനിച്ചു. അതനുസരിച്ചാണ് കുരിശ് സ്ഥാപിക്കപ്പെട്ടത്. കണയങ്കവയലില്‍ നിന്ന് മലകയറിയാണ് അന്ന് അവര്‍ പാഞ്ചാലിമേട്ടില്‍ എത്തിയത്. അവിടെയുണ്ടായിരുന്ന ആദിവാസികള്‍ സ്ഥാപിച്ച കല്‍വിളക്ക് തല്ലിത്തകര്‍ത്ത് ചതുപ്പില്‍ താഴ്ത്തി. 1982 ല്‍ പാഞ്ചാലിമേട്ടില്‍ പഞ്ചപാണ്ഡവര്‍ ഉപയോഗിക്കുന്ന അഞ്ച് ഇരിപ്പിടങ്ങള്‍ ഇരുമ്പ് കൂടത്തിന് അടിച്ച് തകര്‍ത്താണ് കോണ്‍ക്രീറ്റ് കുരിശ് സ്ഥാപിച്ചത്.
1986 ല്‍ ഇന്നത്തെ കപ്പാലുവേങ്ങ കണയങ്കവയല്‍ റോഡില്‍ പാഞ്ചാലിമേട്ടിലേക്ക് തിരിയുന്ന കവലയില്‍ ശ്രീഭുവനേശ്വരീ ക്ഷേത്രത്തിന്റേതായ കാണിക്കവഞ്ചി സ്ഥാപിച്ചതിനെ എതിര്‍ക്കുക മാത്രമല്ല, 14 ഓളം കുരിശുകള്‍ സ്ഥാപിക്കുകയും ചെയ്തു. ആദ്യകാലത്ത് കണയങ്കവയല്‍ പള്ളിയില്‍ നിന്ന് നേരെ മലകയറിയിരുന്ന കുരിശ്മലകയറ്റം ഇതിനെതുടര്‍ന്ന് കാണിക്കവഞ്ചിയുടെ അവിടെ നിന്നാക്കി മാറ്റി.
1936 ല്‍ ആണ് വഞ്ഞിപ്പുഴമഠം വക സ്ഥലം കള്ളുവയലില്‍ കുഞ്ഞാപ്പുവും കരിമ്പനാല്‍ മത്തായിയും കൃഷിചെയ്യാന്‍ പാട്ടത്തിനെടുത്തത്. ഈ ഭൂമിയില്‍ കൃഷിചെയ്യാന്‍ പാല, ഈരാറ്റുപേട്ട, പൈക, പൂവരണി എന്നീ പ്രദേശങ്ങളില്‍ നിന്ന് ജാതിമതഭേദമെന്യേ നാട്ടുകാരെ ജോലിക്ക് നിശ്ചയിക്കുകയും ചെയ്തു. ഈരാറ്റുപേട്ട, പാലാ ഭാഗത്ത് നിന്ന് വന്ന നാട്ടുപ്രമാണിമാരെ കങ്കാണിമാരാക്കി നിശ്ചയിച്ച് 5 ഏക്കറും, 10 ഏക്കറും വീതം ഭൂമി നല്‍കി. വസ്തുവിന്റെ വിലയായി 1/3 വാരം ഈ ആളുകള്‍ ജന്മിമാര്‍ക്ക് നല്‍കണം എന്നതായിരുന്നു വ്യവസ്ഥ. കൂടാതെ ഏക്കറിന് 200 രൂപ മുതല്‍ 500 രൂപ വരെ വില വാങ്ങിയും ജനങ്ങളെ കുടിയിരുത്തി. ഇവര്‍ പുല്ലു കൊണ്ടും, മുളകൊണ്ടും കുടിലുകള്‍ നിര്‍മ്മിച്ചു. ഇതിനായി വാകത്താനം, പൈക എന്നീ സ്ഥലങ്ങളില്‍ നിന്നും വിശ്വകര്‍മ്മസമൂഹത്തില്‍പ്പെട്ട ആശാരിമാര്‍, ഇരുമ്പ് പണിക്കാര്‍, കല്‍പ്പണിക്കാര്‍, കല്ല് കെട്ടുകാര്‍ എന്നിവരെയും കൊണ്ടുവന്ന് മുറിഞ്ഞപുഴ, ചുഴുപ്പ് എന്നീ പ്രദേശങ്ങളില്‍ താമസിപ്പിച്ചു. 1942 ല്‍ കണയങ്കവയലില്‍ പുല്ലും മുളയും ഉപയോഗിച്ച് ചാണകം മെഴുകിയ പള്ളിയാണ് ആദ്യം സ്ഥാപിച്ചത്. ആഴ്ചയില്‍ ഒരിക്കല്‍ വന്ന് കുര്‍ബാന അര്‍പ്പിക്കാന്‍ ഒരു പള്ളിവികാരി കാഞ്ഞിരപ്പള്ളിയില്‍നിന്ന് വരികയായിരുന്നു പതിവ്. ഈ കാലഘട്ടത്തിലും, ഇതിന് മുന്‍പും ഈ പ്രദേശങ്ങളില്‍ മല അരയ വിഭാഗത്തില്‍പ്പെട്ട വനവാസികള്‍ താമസിച്ചുവന്നിരുന്നു. പാഞ്ചാലിമേട് ക്ഷേത്രസ്ഥാനത്തിനായി 269 ഏക്കര്‍ ഭൂമി നീക്കിവച്ചാണ് വഞ്ഞിപ്പുഴ മഠം ഭൂമി കൈമാറ്റം ചെയ്തത് എന്നാണ് പഴമക്കാര്‍ പറയുന്നത്. ഭൂപരിഷ്‌കരണനിയമത്തെ തുടര്‍ന്ന് ഈ ഭൂമിയടക്കം അന്യാധീനപ്പെടുകയുണ്ടായി.
ഇടുക്കി ജില്ലയിലെ പുല്ലുമേട് കാനനപാതയിലെ സത്രം തിരുവിതാംകൂര്‍ കൊട്ടാരംവകയും, പീരുമേട് താലൂക്കിലെ വണ്ടിപ്പെരിയാറിലെ 700 ഏക്കര്‍ സ്ഥലവും പാഞ്ചാലിമേട്ടിലേതടക്കം പല ഭൂമികളും വഞ്ഞിപ്പുഴ, പൂഞ്ഞാര്‍ കൊട്ടാരങ്ങളുടെ വകയുമായിരുന്നു. കാഞ്ഞിരപ്പള്ളി താലൂക്കിലെ ചെറുവള്ളി മുണ്ടക്കയം എസ്റ്റേറ്റുകളും പീരുമേട് താലൂക്കിലെ ബോയ്‌സ് എസ്റ്റേറ്റും വഞ്ഞിപ്പുഴ മഠം വക ഭൂമിയായിരുന്നു. ഭൂപരിഷ്‌കരണം മൂലം ഹിന്ദുക്കള്‍ക്ക് ഭൂമി നഷ്ടപ്പെട്ടപ്പോള്‍ ഏറ്റെടുത്ത ഭൂമി ഭൂരഹിതര്‍ക്ക് കൃഷിക്കും, പാര്‍പ്പിടത്തിനും നല്‍കണമെന്നായിരുന്നു നിയമത്തിലെ വ്യവസ്ഥ. ഇത് പാലിക്കപ്പെട്ടില്ല. ജനാധിപത്യ സര്‍ക്കാരുകളുടെ കെടുകാര്യസ്ഥതമൂലം ഈ ഭൂമികള്‍ പിന്നീട് കുടിയേറിയവര്‍ കൈവശപ്പെടുത്തുകയും ചെയ്തു. പീരുമേട് താലൂക്കിലെ പാഞ്ചാലിമേടടക്കം കൈവശപ്പെടുത്തിയത് കള്ളിവയല്‍, കരിമ്പനാല്‍ എന്നീ പേരുള്ള രണ്ട് ക്രൈസ്തവ കുടുംബങ്ങളാണ്. ശബരിമല തീവയ്പ്പുകേസില്‍ കമ്മീഷന്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയത് കരിമ്പനാല്‍ കുടുംബത്തെ ആണെന്നതും ഇവിടെ കൂട്ടിവായിക്കേണ്ടതാണ്. 498 ഏക്കര്‍ വരുന്ന പാഞ്ചാലിമേട് പ്രദേശത്തിന്റെ വിവിധ സ്ഥലങ്ങളില്‍ 100 ഓളം കയ്യേറ്റങ്ങള്‍ ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുന്നു. കയ്യേറ്റക്കാര്‍ എല്ലാകാലത്തും ആരാധനാലയങ്ങളുടെയും മതചിഹ്നങ്ങളുടെയും മറവില്‍ ആണ് സര്‍ക്കാര്‍ റവന്യൂഭൂമികള്‍ കൈവശപ്പെടുത്തിയിട്ടുള്ളത്.
1960 ലാണ് ഇവിടെ മതചിഹ്നം ഉപയോഗിച്ചുള്ള ആദ്യകയ്യേറ്റം ഉണ്ടായത്. പിന്നീട് മുഴുവന്‍ ഭൂമിയും അന്യാധീനപ്പെടുന്ന സാഹചര്യം ഉണ്ടാക്കുകയും ചെയ്തു. വഞ്ഞിപ്പുഴ മഠം വകയായിരുന്ന ഈ മേഖലയെ 1965 ലെ നടപടിക്രമ പ്രകാരം 1971 ലാണ് മിച്ചഭൂമിയായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. 2010 നുശേഷം ഈ പ്രദേശത്ത് 87 പേര്‍ കയ്യേറ്റം നടത്തി പട്ടയത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. പട്ടയം നിഷേധിക്കപ്പെട്ടെങ്കിലും അവര്‍ ഇന്നും ഇവിടെനിന്ന് ഒഴിയാന്‍ തയ്യാറായിട്ടില്ല. അധികാരികള്‍ ഒഴിപ്പിക്കല്‍ നടപടിയും സ്വീകരിച്ചില്ല. പ്രദേശത്തെ ന്യൂനപക്ഷവും, അസംഘടിതരും, ക്രൈസ്തവ ജന്മിമാരുടെ ആശ്രിതരും ആയ ഹൈന്ദവ സമൂഹത്തിന് പാഞ്ചാലിമേട്ടിലെ ദേവസ്ഥാനത്തെ വേണ്ടവിധം പരിപാലിക്കാനും സംരക്ഷിക്കാനും സാധിച്ചിട്ടില്ല എന്നത് സത്യമാണ്. 1980 ല്‍ ക്ഷേത്രം ഇന്നീകാണുന്ന സ്ഥിതിയില്‍ ജീര്‍ണോദ്ധാരണം നടത്തി തല്‍സ്ഥിതിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം ആരംഭിച്ചു. ഇതിനായി ക്ഷേത്രകാര്യനിര്‍വ്വഹണത്തിനായി 9 അംഗ കമ്മറ്റി നിലവില്‍ വന്നു. ഇതേ കാലഘട്ടങ്ങളില്‍ ആണ് കണയങ്കവയലിലും, ചെറുവള്ളികുളത്തുമെല്ലാം സ്ഥാപിതമായ പള്ളികളുടെ നേതൃത്വത്തില്‍ കയ്യേറ്റസമയത്ത് സ്ഥാപിച്ച കുരിശ് കൂടാതെ 14 കുരിശ് സ്ഥാപിക്കപ്പെട്ടത്. ഈ പ്രവൃത്തികള്‍ക്കെതിരെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ അധികാര കേന്ദ്രങ്ങളില്‍ നിരവധി തവണ പരാതികള്‍ സമര്‍പ്പിച്ചെങ്കിലും ചവറ്റുകുട്ടയില്‍ എറിയപ്പെട്ടു. ഹിന്ദുക്കളുടെ മുറവിളികളും, പ്രതിഷേധങ്ങളും അവഗണിക്കപ്പെട്ടു. നിജസ്ഥിതി ബോധ്യപ്പെട്ട ഉദ്യോഗസ്ഥര്‍ മതശക്തികളുടെ ഭീഷണികള്‍ക്ക് വിധേയരായി മൗനം ദീക്ഷിച്ചു. ഹിന്ദുസമൂഹത്തിന്റെ ദുര്‍ബലതയെ മുതലാക്കി കാഴ്ചക്കാരായി നില്‍ക്കേണ്ടിവന്നു കേരളജനതയ്ക്ക്.
അധിനിവേശത്തിന്റെ കുരിശടയാളം
ലോക ക്രൈസ്തവസമൂഹം വിശുദ്ധമായി കരുതുന്ന മതചിഹ്നമാണ് ഇതിനായെല്ലാം ഉപയോഗിക്കുന്നത് എന്നതാണ് വിരോധാഭാസം. ഇതേ ക്രൈസ്തവ മതചിഹ്നം തന്നെ ഉപയോഗിച്ച് കയ്യേറ്റമാഫിയയും ഭൂമാഫിയയും റവന്യൂ, വനം ഭൂമികള്‍ കയ്യടക്കുന്നത് സമീപകാലത്തെ നിത്യസംഭവങ്ങളാണ്. പെരിഞ്ചാംകുട്ടി, മതികെട്ടാന്‍, കല്ല്യാണത്തണ്ട്, മൂന്നാര്‍, പാപ്പാത്തിച്ചോല, ബോണക്കാട് എന്നീ സ്ഥലങ്ങളിലെ കൂറ്റന്‍ കോണ്‍ക്രീറ്റ് കുരിശുകളും, കോണ്‍ക്രീറ്റിനുള്ളില്‍ തടി അറക്കുന്ന വാള്‍ സ്ഥാപിച്ചിട്ടുള്ള വാള്‍കുരിശുകളും വരെ കയ്യേറ്റത്തിന് സഹായകരമായി വര്‍ത്തിക്കുന്നു. ന്യൂനപക്ഷ പ്രീണനം കൈമുതലാക്കി സംസ്ഥാനത്ത് വോട്ടുബാങ്കിനെ ശക്തിപ്പെടുത്താന്‍ മത്സരിക്കുന്ന ഇടതു -വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇതിനെല്ലാം കുട പിടിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇടുക്കി ജില്ലയില്‍ മാത്രം മതചിഹ്നം സ്ഥാപിച്ച് മതസമൂഹം കയ്യടക്കിയ സുപ്രസിദ്ധമായ മലകള്‍ 10 എണ്ണമാണ്. ഇതില്‍ ഏഷ്യയിലെ ഏറ്റവും വലിയ ക്രൂശിതരൂപം സ്ഥാപിച്ചിട്ടുള്ള എഴുകുംവയല്‍ കുരിശുമലയും, തൊടുപുഴ ഇടുക്കി റോഡ്‌സൈഡിലുള്ള തുമ്പച്ചിമല തീര്‍ത്ഥാടനകേന്ദ്രവും ഉള്‍പ്പെടുന്നു. ആലടി, ഉപ്പുതോട്, ചിന്നാര്‍നിരപ്പ്, പാല്‍കുളമേട്, ചെങ്കര, പൊന്നാമല, ഒട്ടകത്തലമേട് തുടങ്ങിയ കുരിശുമലകളും, പാഞ്ചാലിമേടും ഈക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. വെള്ളറട, ബോണക്കാട്, കടുമ്പു മലകള്‍ എന്നിവ തിരുവനന്തപുരത്തും തെന്മലയിലെ പാണ്ഡവന്‍പാറ, കരുവള്ളിക്കാട് എന്നിവ കൊല്ലം ജില്ലയിലുമുള്ള പ്രധാന കുരിശുമലകളാണ്. കാട്ട്കടമ്പ്, ഇല്ലിക്കല്‍ വാഗമണ്‍, പെരുംകുന്ന്, ഇലവീഴാപൂഞ്ചിറ (കാര്‍മ്മല്‍മൗണ്ട്) വീരന്‍മല എന്നീ കേന്ദ്രങ്ങള്‍ കോട്ടയത്തും, എറണാകുളത്തെ പ്രസിദ്ധ തീര്‍ത്ഥാടനകേന്ദ്രമായ മലയാറ്റൂരും, തൃശ്ശൂരിലെ മുനിയാട്ടുകുന്ന്, കനകമല എന്നീ കേന്ദ്രങ്ങളും പ്രസിദ്ധിയാര്‍ജ്ജിച്ചുവരുന്നവയാണ്. പാലക്കാട് ജില്ലയിലെ അട്ടപ്പാടി, ജെല്ലിപ്പാറ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രവും സുവിശേഷകേന്ദ്രമായി വളര്‍ത്തിക്കൊണ്ടുവരികയാണ്.
കക്കാടംപൊയില്‍, വയനാട്ടിലെ കാഞ്ഞിരക്കാട് പൂവിരിഞ്ഞി, കൊളഗപ്പാറശശിമല, കണ്ണൂരിലെ ഏലപ്പീടിക, കൊട്ടത്തലച്ചി, തിരുനെറ്റിക്കല്ല്, ജോസ്ഗിരി അയ്യന്‍കുന്ന് തുടങ്ങി സംസ്ഥാനത്തെ പ്രസിദ്ധിയാര്‍ജ്ജിച്ച 34 ഓളം മലകളില്‍ മതചിഹ്നം സ്ഥാപിച്ച് റവന്യൂ- ദേവസ്വം- വനഭൂമികള്‍ കയ്യടിക്കിവെച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഓരോ ക്രൈസ്തവ ആരാധനാലയത്തിന്റെ കീഴിലും കുരിശുമലകള്‍ ഉണ്ട്. ഇതിനെല്ലാം പുറമേ കായല്‍പുറമ്പോക്ക്, റോഡ് പുറമ്പോക്ക്, തോട് പുറമ്പോക്ക്, നാല്‍ക്കവലകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം അനധികൃതമായി സ്ഥാപിച്ചിട്ടുള്ള മതചിഹ്നങ്ങള്‍ ഉപയോഗിച്ചുള്ള കയ്യേറ്റങ്ങളും ഉണ്ട്. അന്താരാഷ്ട്ര തീര്‍ത്ഥാടനകേന്ദ്രമായി പ്രചരിപ്പിക്കുന്ന മലയാറ്റൂര്‍ പള്ളിക്ക് വേണ്ടി 25 ഏക്കര്‍ വനഭൂമിയാണ് സീറോമലബാര്‍ സഭ പതിച്ചെടുത്തത്. ഇടുക്കി ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രമായ വാഗമണ്ണില്‍ വ്യാപക കയ്യേറ്റങ്ങള്‍ക്ക് ഉപാധിയാക്കിയത്, കുരിശിന്റെ വഴിയും കുരിശുമലതീര്‍ത്ഥാടനവുമാണ്. ഇത്തരത്തില്‍ നടക്കുന്ന ഭൂമികയ്യേറ്റത്തിന് അതിന് മുന്നോടിയായി നടക്കുന്ന കുരിശ്കൃഷിക്കും സര്‍ക്കാരുകളും രാഷ്ട്രീയപ്രതിനിധികളും ഒത്താശചെയ്തുകൊടുക്കുകയാണ്.
പൗരാണിക ചരിത്രവും, ഐതിഹ്യവും ഇഴചേര്‍ന്ന ദിവ്യസ്ഥാനങ്ങളെയും, ക്ഷേത്രങ്ങളേയും സംഘടിത മതശക്തികള്‍ തങ്ങളുടെ അധീനതയിലാക്കുന്നതിന് സ്വീകരിച്ച കുത്സിതശ്രമങ്ങള്‍ തിരിച്ചറിയുമ്പോഴാണ് ഇതിനായി നടത്തിയ ആസൂത്രിതശ്രമങ്ങളുടെ ചുരുളഴിയുന്നത്. ഒന്നാം ഭൂപരിഷ്‌കരണത്തിന്റെ പിന്നിലുള്ള കൊടുംചതിയുടെ ചരിത്രവും, റവന്യൂ – ദേവസ്വം – രാജസ്വം ഭൂമികള്‍ ഭൂരിപക്ഷസമൂഹത്തിന് നഷ്ടമായതിനെക്കുറിച്ചും, പഠനവിധേയമാക്കുമ്പോഴാണ് ഇതിന്റെയെല്ലാം ഗുണഭോക്താക്കളായത് സംഘടിത മതസമൂഹമായിരുന്നു എന്ന തിരിച്ചറിവ് ഹിന്ദുസമൂഹത്തിന് കൈവരുന്നത്. വഞ്ഞിപ്പുഴ കൊട്ടാരം വക ഭൂമിയില്‍ 269 ഏക്കര്‍ ഭൂമിയാണ് ഭൂപരിഷ്‌കരണ നിയമംമൂലം നഷ്ടമായത്.
കഴിഞ്ഞ അഞ്ചര മാസത്തിനുള്ളിലാണ് മൂന്ന് മര കുരിശുകള്‍ കൂടി പാഞ്ചാലി മേട്ടില്‍ ക്രൈസ്തവസമൂഹവും, കയ്യേറ്റ മാഫിയയും ഉയര്‍ത്തിയത്. ഈ ശ്രമങ്ങള്‍ പ്രാദേശിക ഭരണാധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും പരിഹാരമുണ്ടായില്ല. പ്രാദേശിക ഭരണകര്‍ത്താക്കളും, ജനപ്രതിനിധികളും പാഞ്ചാലിമേടിന്റെ പ്രകൃതിരമണീയതയും, കോടമഞ്ഞും മകരജ്യോതി ദര്‍ശനവും വിറ്റ് കാശാക്കാനുള്ള തിരക്കിലായിരുന്നു. അവര്‍ അതിനായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ പേരില്‍ ടൂറിസ്റ്റ് കേന്ദ്രം എന്ന് പേര് ചാര്‍ത്തി പാഞ്ചാലിമേടിനെ വില്‍പ്പനയ്ക്ക് വച്ചു. ടൂറിസ്റ്റുകളില്‍ നിന്നും ശ്രീഭുവനേശ്വരി ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തരില്‍ നിന്നും 10 രൂപ പ്രവേശനഫീസ് വാങ്ങി കോടികള്‍ വരുമാനമുണ്ടാക്കുന്നു. ഡിടിപിസിയ്ക്ക് റവന്യൂ – ദേവസ്വം ഭൂമി കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ ആരാണ് അനുമതി നല്‍കിയത്? റവന്യൂ ഭൂമിയിലും, ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത ഭൂമിയിലും നടത്തിയ അനധികൃത കുരിശ് കൃഷിക്ക് ആരാണ് ഒത്താശ നല്‍കിയത്? മുഖ്യമന്ത്രിയുടെ ഓഫീസും, പീരുമേട് എം.എല്‍.എയും, ജനപ്രതിനിധികളും, ഉദ്യോഗസ്ഥ പ്രമുഖരുമെല്ലാം കയ്യേറ്റ മാഫിയകളുടെ സഹായികളായിരുന്നു.
പീരുമേട് താലൂക്കില്‍, പെരുവന്താനം വില്ലേജില്‍ ബ്ലോക്ക് നം. 26 ല്‍ സര്‍വ്വേ നമ്പര്‍ 811 ല്‍ (പുതിയ സര്‍വ്വേ നമ്പര്‍ 1015/02) പെട്ട വസ്തുവും അതില്‍ സ്ഥിതി ചെയ്യുന്ന പാഞ്ചാലിമേട് ശ്രീഭുവനേശ്വരി ക്ഷേത്രവും ഹിന്ദുമതസ്ഥാപന നിയമത്തിലെ 36, 37, 38 വകുപ്പുപ്രകാരം ഏറ്റെടുത്ത് നടപടി പൂര്‍ത്തീകരിച്ച് 2012 ഒക്‌ടോബര്‍ 2-ാം തീയതിയിലെ 17-ാം നമ്പര്‍ കേരള ഗസറ്റില്‍ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചു. ഗസറ്റ് വിജ്ഞാപനം 2013 സപ്തംബര്‍ 24 ന് പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. വിജ്ഞാപന തീയതി മുതല്‍ 20 ദിവസത്തേക്ക് പരാതികള്‍ക്കും, ആക്ഷേപങ്ങള്‍ക്കും സമയം അനുവദിച്ചും ഉത്തരവായി. പ്രസ്തുത തീയതിക്കുള്ളില്‍ ഇതു സംബന്ധിച്ച് പരാതിയോ, ആക്ഷേപമോ ഇല്ലാത്തതിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ്ഭൂമിയും, ക്ഷേത്രവും അനുബന്ധ സ്ഥാവരജംഗമവസ്തുക്കളും ഏറ്റെടുത്തതായും പ്രഖ്യാപിച്ചു. ഗസറ്റ് നോട്ടിഫിക്കേഷനിലൂടെ 22 ഏക്കര്‍ സ്ഥലമാണ് ദേവസ്വം ബോര്‍ഡിന് ലഭിച്ചിട്ടുള്ളത്. ഗസറ്റ് പ്രഖ്യാപനം നടത്തി ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത ഭൂമി സംബന്ധിച്ച് ചീഫ് സെക്രട്ടറി ദേവസ്വം, റവന്യൂ സെക്രട്ടറിമാര്‍, വകുപ്പ്തല ഉദ്യോഗസ്ഥന്മാര്‍, ജില്ലാ റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെല്ലാം അറിവുള്ളതാണ്. എന്നിട്ടും ഈ ഭൂമിയിലടക്കം അനധികൃതമായി കയ്യേറ്റം നടത്തിയവര്‍ക്കെതിരെ യാതൊരു നിയമനടപടിയും സ്വീകരിച്ചില്ല.
2015 മുതല്‍ ഭുവനേശ്വരി ക്ഷേത്രത്തിന് ചുറ്റുമതില്‍, അയ്യപ്പ തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍, മറ്റ് നവീകരണങ്ങള്‍ തുടങ്ങിയവ ക്രമീകരിക്കാന്‍ ദേവസ്വം ബോര്‍ഡും ക്ഷേത്ര ഭരണസമിതിയും ശ്രമിച്ചെങ്കിലും റവന്യൂ-പഞ്ചായത്ത് അധികാരികളെ ഉപയോഗിച്ച് കയ്യേറ്റ ലോബി നിര്‍ത്തി വയ്ക്കല്‍ ഉത്തരവ് നല്‍കി. പെരുവന്താനം പഞ്ചാത്ത് മകരജ്യോതി ദര്‍ശന കേന്ദ്രം എന്ന നിലയില്‍ അടിസ്ഥാനസൗകര്യമൊരുക്കാന്‍ 2 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ എല്ലാവര്‍ഷവും കൈപ്പറ്റുന്നുമുണ്ട്. ഡിടിപിസിയ്ക്ക് പാഞ്ചാലിമേട് എന്ന പേര് പ്രദര്‍ശിപ്പിച്ച് കൂറ്റന്‍ പ്രവേശനകവാടം സ്ഥാപിക്കാന്‍ അനുമതി നല്‍കിയവര്‍, ശ്രീഭുവനേശ്വരി ക്ഷേത്ര നടപ്പാത നവീകരണത്തിന് അനുമതി നല്‍കിയില്ല.
2019 ജൂണ്‍ 14 നാണ് പാഞ്ചാലിമേട്ടില്‍ മരക്കുരിശ് വീണ്ടും സ്ഥാപിച്ചതിനെതിരെ ഹിന്ദു ഐക്യവേദി നേതാക്കള്‍ ജില്ലാ കളക്ടര്‍ക്ക് രേഖാമൂലം പരാതി നല്‍കിയത്. റവന്യൂ ഭൂമിയില്‍ അനധികൃതമായി സ്ഥാപിക്കപ്പെട്ട 3 കുരിശടക്കം മുഴുവന്‍ കുരിശും ജൂണ്‍ 17 നകം നീക്കം ചെയ്യണമെന്ന് വില്ലേജ് ഓഫീസര്‍ മുഖാന്തിരം കളക്ടര്‍ ഉത്തരവ് നല്‍കി.
ക്ഷേത്രഭൂമിയിലെ ത്രിശൂലം മതവികാരം വ്രണപ്പെടുത്തലോ?
ഗതികേടിന്റെ പര്യായമായിത്തീര്‍ന്ന ഒരു സമൂഹം അവരുടെ പ്രതിഷേധത്തില്‍ നിന്ന് ഉയര്‍ന്ന് വന്ന ചിന്തയാണ് ക്ഷേത്രം വക ഭൂമിയില്‍ ഹിന്ദുമത ചിഹ്നമായത്രിശൂലം സ്ഥാപിക്കുക എന്നത്. ക്ഷമയുടെ, സഹനത്തിന്റെ നെല്ലിപ്പലകയില്‍ നിന്ന് ഉയര്‍ന്നുവന്ന ആ തീരുമാനത്തില്‍ മതവികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തി 153 എ വകുപ്പ് പ്രകാരം കേസെടുക്കാനാണ് ജനാധിപത്യഭരണകൂടവും, റവന്യൂ-പോലീസ് അധികാരികളും ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസും നിയമസഭാ പ്രതിനിധിയും ഇതിനെല്ലാം നേതൃത്വം കൊടുക്കുകയും ചെയ്തു. ക്ഷേത്രഭൂമിയില്‍ ഹിന്ദു മതചിഹ്നം സ്ഥാപിക്കുമ്പോള്‍ ആരുടെ മതവികാരമാണ് വ്രണപ്പെട്ടത് എന്ന ചോദ്യത്തിന് ഉത്തരമില്ല. ക്ഷേത്രം വക ഭൂമിയില്‍ ക്രൈസ്തവ മതചിഹ്നം സ്ഥാപിച്ചത് മതവികാരം വ്രണപ്പെടുത്തലോ കുറ്റകൃത്യമോ അല്ലെന്നും ക്ഷേത്രഭൂമിയില്‍ ഹിന്ദു മതചിഹ്നം സ്ഥാപിച്ചാല്‍ അത് കുറ്റകരമാകുന്നതും ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്.
ക്രൈസ്തവ മതചിഹ്നത്തില്‍ തൊട്ടാല്‍ ഹൃദയം വേദനിക്കുകയും, ഞെട്ടിത്തരിക്കുകയും ചെയ്യുന്ന മതേതര കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍, പീരുമേട് എം.എല്‍.എയുടെ സഹായങ്ങള്‍ ഇതെല്ലാമാണ് ഇടുക്കിജില്ലയിലെയും, പീരുമേട് താലൂക്കിലെയും കയ്യേറ്റങ്ങള്‍ക്ക് സഹായകരമായി തീരുന്നത് എന്നതില്‍ ആര്‍ക്കും സംശയമില്ല.
ഹിന്ദുസംഘടനകളുടേയും, പൊതുസമൂഹത്തിന്റെയും എതിര്‍പ്പുകളുടെ അടിസ്ഥാനത്തിലും, വാര്‍ത്താമാധ്യമങ്ങളിലും, സോഷ്യല്‍ മീഡിയകളിലും അനധികൃത കുരിശുനാട്ടല്‍ സജീവ ചര്‍ച്ചയായി ഉയര്‍ന്നുവന്ന സാഹചര്യത്തിലുമാണ് ജൂണ്‍ 18 ന് സഭാനേത്യത്വം അഞ്ചര മാസം മുന്‍പ് അവര്‍ സ്ഥാപിച്ച 3 കുരിശുകള്‍ നീക്കം ചെയ്തത്. പാഞ്ചാലിമേട്ടിലെ നിജസ്ഥിതി ബോധ്യപ്പെടാന്‍ പൊതുസമൂഹത്തെ, ദൃശ്യ, പത്ര മാധ്യമങ്ങളെ അറിയിച്ചുകൊണ്ട് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷയും സംഘടനാ നേതാക്കളും ജൂണ്‍ 19 ന് പാഞ്ചാലിമേട്ടില്‍ എത്തിയപ്പോള്‍ വന്‍ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെ റവന്യൂ അധികാരികള്‍ പ്രതിരോധം തീര്‍ക്കാനാണ് ശ്രമിച്ചത്. രണ്ടര മണിക്കൂര്‍, കൊടും വെയിലിലും, പിന്നീടുണ്ടായ കനത്ത മഴയിലും അവര്‍ക്ക് പാഞ്ചാലിമേട് പ്രവേശനകവാടത്തില്‍ നാമജപവുമായി കുത്തിയിരിക്കേണ്ടിവന്നു. ഇതേ തുടര്‍ന്നാണ് പ്രവേശനം അനുവദിച്ചത്. ഇത് ജനാധിപത്യകേരളമാണ്. മതേതര കേരളവും. ഇവിടെ ഇതില്‍ കൂടുതല്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല എന്ന ഭരണകൂടധാര്‍ഷ്ട്യത്തിന്റെ തലക്ക് കനത്ത അടി നല്‍കാന്‍ ഭൂരിപക്ഷ ജനസമൂഹം തയ്യാറാകേണ്ടതുണ്ട് എന്നതാണ് പഞ്ചാലിമേട് നമുക്ക് നല്‍കുന്ന പാഠം.
നിലയ്ക്കലില്‍ കുരിശ് നാട്ടിയ മതധാര്‍ഷ്ട്യത്തിന് മറുപടി നല്‍കിയ ഹൈന്ദവസമൂഹം നിലയ്ക്കല്‍ മോഡല്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങേണ്ടിവരുമെന്ന മുന്നറിയിപ്പ് ഹിന്ദുസംഘടനകള്‍ നല്‍കിയിട്ടുണ്ട്. ഭരണകൂടത്തിന്റെ മറുപടിയും നിലപാടുകളും അനുകൂലമാക്കിത്തീര്‍ക്കാന്‍ വലിയ ഒരു ജനാധിപത്യപ്രക്ഷോഭത്തിനായി സജ്ജരാകുക എന്നതാണ് സ്വയം രക്ഷയ്ക്കായി ചെയ്യേണ്ടത്.