കഴിഞ്ഞ 10 വര്‍ഷത്തിനിടെ സമുദ്രജലതാപനിലയില്‍, ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ അനുഭവപ്പെടുന്നതിനേക്കാള്‍ 15 ഡിഗ്രി സെല്‍ഷ്യസ് അധികം താപവര്‍ദ്ധന ഇന്ത്യാസമുദ്രത്തില്‍ അനുഭവപ്പെട്ടു. സമുദ്രജലപ്രവാഹത്തെയും മണ്‍സൂണിനെയും സ്വാധീനിക്കുന്ന നിര്‍ണായക ഘടകമാണിത്. ആര്‍ട്ടിക് മേഖലയിലെ സുപ്രധാന കണ്ണിയായിരുന്ന മഞ്ഞുപാലം (Ice Bridge) അതുവരെ കണക്കുകൂട്ടി വച്ചിരുന്ന കാലാവധിക്കു വളരെ മുമ്പുതന്നെ, നിനച്ചിരിക്കാത്ത നിമിഷത്തില്‍, ഉരുകി തറപറ്റിയതിന്റെ ഫലമായി ഏഷ്യയുടെ കിഴക്കന്‍ ഭൂപ്രദേശങ്ങളെ വിഴുങ്ങിയ വെള്ളപ്പൊക്കദുരന്തങ്ങളുടെ സംഖ്യ വര്‍ദ്ധിച്ചു, ഒപ്പം സംഹാരതീവ്രതയും. 1751-2000 കാലയളവില്‍ 52,400 ടണ്‍ CO2 ഉത്സര്‍ജിച്ചു.
കേരളത്തില്‍ സമീപകാലത്ത് കടുത്ത വരള്‍ച്ച അനുഭവപ്പെടുകയുണ്ടായി, മുന്‍കാലങ്ങളെ അപേക്ഷിച്ച്. പകല്‍ ചൂട് 0.6ംഇയും രാത്രികാല ചൂട് 0.2ംഇയും ഉയര്‍ന്നു. 2018 മാര്‍ച്ചില്‍ പാലക്കാട്ടും മറ്റു ജില്ലകളിലും പകല്‍ താപനില 42ംഇ വരെ ഉയര്‍ന്നു. സൂര്യാഘാതം ഏറ്റവരും ഉണ്ട്. ഇതിന്റെ മറുപുറമാണ് 2018-ലെ പ്രളയദുരന്തം.
അന്തരീക്ഷ താപനില 4ംഇ യില്‍ കൂടുന്നപക്ഷം ആമസോണ്‍ വനങ്ങളുടെ നല്ലൊരു പങ്കും ഇല്ലാതാകും എന്നാണ് നിഗമനം. കാലാവസ്ഥാവ്യതിയാനത്തിന്റെ ഇരയും അതേസമയം വില്ലനുമാണ് ആമസോണ്‍ എന്നാണ് കാലാവസ്ഥാവിദഗ്ദ്ധരുടെ വിലയിരുത്തല്‍. കാരണം കാലാവസ്ഥാവ്യതിയാനത്തിന് ആമസോണിന്റെ സംഭാവന വളരെ വലുതാണ്. കാലാവസ്ഥാ വ്യതിയാനം അതായത് Climate Change എന്നത് Climate Crisis എന്ന സ്ഥിതിയിലേക്ക് മാറിയിട്ടുണ്ട്. വന്‍തോതിലുള്ള വനനശീകരണവും കാട്ടുതീയും ആമസോണ്‍വനങ്ങളെ ആപത്സന്ധിയില്‍ എത്തിച്ചിരിക്കുകയാണ്.
സൗരവികിരണത്തിന്റെ മൂന്നിലൊന്നു ഭാഗം ഊര്‍ജ്ജവും സമുദ്രജലം ആവാഹിച്ചു സമുദ്രത്തിനടിയിലേക്ക് കൈമാറും. അന്തരീക്ഷ താപനിലയും കാലാവസ്ഥയും സമതുലനം ചെയ്യുന്ന താപസ്വീകരണിയും കാലാവസ്ഥാ സന്തുലന ഉപാധിയും സമുദ്രങ്ങളാണ്. താപവര്‍ദ്ധനമൂലം സമുദ്രജലനിരപ്പ് ഉയരുന്നതിന്റെ ഫലമായി 27 രാജ്യങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകും. 7500 കിലോമീറ്റര്‍ തീരപ്രദേശമുള്ള ഇന്ത്യയിലെ ജനസാന്ദ്രമായ പ്രദേശങ്ങളും ഇതില്‍ ഉള്‍പ്പെടും.
അന്തരീക്ഷതാപം പെരുകുമ്പോള്‍ ചുട്ടുപഴുക്കുന്ന മണ്ണില്‍ അവശേഷിക്കുന്ന ജലാംശത്തിന്റെ അവസാനതുള്ളിവരെ നീരാവിയായി മാറുകയും അത് മറ്റ് ഭൂപ്രദേശങ്ങളില്‍ പേമാരിക്കും വെള്ളപ്പൊക്കത്തിനും കാരണമാവുകയും ചെയ്യും. മഞ്ഞുപാളിയും മഞ്ഞുമലയും ഉരുകും; കാലാവസ്ഥ അത്യന്തം സംഹാരരൗദ്രമാകും; സമുദ്രനിരപ്പ് ഉയരും; ഇത് ദ്വീപുകളിലേയും തീരപ്രദേശങ്ങളിലേയും ജനജീവിതത്തെ ദുരിതത്തിലാഴ്ത്തും.
താപനിലയില്‍ വര്‍ഷാവര്‍ഷം ഉണ്ടാകാവുന്ന മാറ്റവും അതിന്റെ പ്രത്യാഘാതങ്ങളും മുന്നില്‍ കണ്ട് വികസനപദ്ധതികള്‍ക്ക് മുന്‍ഗണനയും ഊന്നലും നല്‍കേണ്ട മേഖലകള്‍ മുന്‍കൂട്ടി നിശ്ചയിക്കാന്‍ സഹായിക്കുന്ന രീതിയാണ് ഇന്നുള്ളത്. വരള്‍ച്ചയും വെള്ളപ്പൊക്കവും കൊടുങ്കാറ്റും മണ്ണിടിച്ചിലും പോലുള്ള പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടിക്കണ്ട് മുന്‍കരുതല്‍ നടപടിക്കു തയ്യാറെടുക്കാനും ഇതുമൂലം സാധിക്കും. നാലഞ്ചു വര്‍ഷത്തിലൊരിക്കല്‍ അനുഭവപ്പെട്ടിരുന്ന വെള്ളപ്പൊക്കവും രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ വറ്റിവരണ്ട ഭൂമിയും എല്ലാം കാലം തെറ്റിയാണിന്ന് അനുഭവവേദ്യമാകുന്നത്. മുമ്പ് മഴക്കാലം കാലഗണനയ്ക്കനുസൃതമായിരുന്നു. എന്നാല്‍ ക്രമംതെറ്റിയെത്തുന്ന അകാലമഴ മണ്ണും വീടും സ്വത്തും മാത്രമല്ല, ജീവനെക്കൂടി കൂട്ടത്തോടെ അപഹരിക്കുന്നു. കാലാവസ്ഥാവ്യതിയാനം ഭാവികാല അപകടമല്ല, വര്‍ത്തമാനകാലാനുഭവമാണ്. ലക്ഷക്കണക്കിനാളുകള്‍ ഇന്ന് ഇതിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കുന്നവരാണ്.
കാലാവസ്ഥാവ്യതിയാന ആഘാതങ്ങളുടെ മോഡലിങ്
ഇന്ത്യയിലെ വനമേഖലകളില്‍ കാലാവസ്ഥാവ്യതിയാനം സൃഷ്ടിച്ചേക്കാവുന്ന ആഘാതങ്ങളെപ്പറ്റി ചില മോഡലിങ് പഠനങ്ങള്‍ നടന്നിട്ടുണ്ട്. 1997-ല്‍ നീലഗിരി ജൈവമേഖല ഇത്തരം പഠനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. പര്‍വതമേഖലയിലെ വനങ്ങള്‍, പുല്‍മേടുകള്‍, അര്‍ദ്ധനിത്യഹരിതവനങ്ങള്‍, മുള്‍ക്കാടുകള്‍, ഇലപൊഴിയും കാടുകള്‍ എന്നിവയെക്കാള്‍ ഉഷ്ണമേഖലാനിത്യഹരിതവനങ്ങള്‍, ഉഷ്ണമേഖലാ ഇലപൊഴിയും കാടുകള്‍, പശ്ചിമഘട്ടത്തിലെ പുല്‍മേടുകള്‍ എന്നിവയാണ് കാലാവസ്ഥാവ്യതിയാനത്തെ അതിജീവിച്ച് നിലനില്‍ക്കുന്നവയെന്നാണ് മോഡലിങ്ങ് വെളിപ്പെടുത്തിയത്. പശ്ചിമഘട്ടമേഖലയിലെ കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് പഠനങ്ങള്‍ നടത്തുന്നതിന് ഉപയോഗിച്ചത് യു.കെ.യിലെ ഹാര്‍ഡി സെന്ററിന്റെ റീജിയണല്‍ ക്ലൈമറ്റ് മോഡലാണ്. അന്തരീക്ഷത്തിലെ CO2ന്റെ അളവ് 2085-ല്‍ 750 പി.പി.എ. എത്തും എന്നാണ് പഠനത്തിലെ നിഗമനം.
ദുരന്തലഘൂകരണ മാര്‍ഗ്ഗങ്ങള്‍
*കാര്‍ബണ്‍ ഉത്സര്‍ജനം കുറഞ്ഞ, ആധുനിക സാങ്കേതികവിദ്യ നടപ്പാക്കിയ, നൂതന മോട്ടോര്‍വാഹനങ്ങള്‍ വാങ്ങുന്നതിന് വ്യക്തികള്‍ക്ക് പ്രോത്സാഹനം നല്‍കുകയും സര്‍ക്കാര്‍തലത്തില്‍ കര്‍ശനമായി നടപ്പാക്കുകയും ചെയ്യുക. *ഇഥനോള്‍ നിശ്ചിതതോതില്‍ ചേര്‍ത്ത ഇന്ധനം വാഹനങ്ങളില്‍ ഉപയോഗിക്കുക * പ്രവര്‍ത്തനക്ഷമതയും ഊര്‍ജ്ജക്ഷമതയും കൂടിയ നൂതന വൈദ്യുതോപകരണങ്ങള്‍ ഉപയോഗിക്കുക* പഴകിയ വാഹനങ്ങള്‍ നിരത്തില്‍നിന്ന് ഘട്ടംഘട്ടമായി പൂര്‍ണ്ണമായും പിന്‍വലിക്കുക *സ്വകാര്യവാഹനങ്ങളുടെ പെരുപ്പത്തിന് തടയിടുന്ന നയപരിപാടികള്‍ നടപ്പാക്കുക * പരമ്പരാഗത ഊര്‍ജ്ജസ്രോതസ്സുകള്‍ വന്‍തോതില്‍ പ്രയോജനപ്പെടുത്തുന്ന പദ്ധതികളിലേക്ക് ചുവടുമാറ്റുക. ഉദാഹരണത്തിന് സൗരോര്‍ജ്ജം ഉപയോഗപ്പെടുത്തുക. ഹൈഡ്രജന്‍ ഇന്ധനംപോലെ ശുചിയായ ഊര്‍ജ്ജ ഉറവിടങ്ങള്‍ കണ്ടെത്തി പ്രയോജനപ്പെടുത്തുക. * കല്‍ക്കരിയധിഷ്ഠിത ഊര്‍ജ്ജനിലയങ്ങള്‍ ഉപേക്ഷിക്കുക. * മരങ്ങള്‍ വെട്ടി നശിപ്പിക്കാതിരിക്കുകയും നശിപ്പിച്ച മരങ്ങള്‍ക്കു പകരം പുതിയ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്യുക. *പെട്രോളും പെട്രോളിയം ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നതു കുറയ്ക്കുക. *മാലിന്യമുക്തഊര്‍ജ്ജ ഉറവിടങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് ഭരണാധികാരികളുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തുക, ജനങ്ങളെ ബോധവല്‍ക്കരിക്കുക.
മാധവ് ഗാഡ്ഗിലും കസ്തൂരിരംഗനും – നിരീക്ഷണങ്ങളും നിഗമനങ്ങളും
ഒരുപാട് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയതാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് എന്ന പേരില്‍ അറിയപ്പെടുന്ന പശ്ചിമഘട്ട വിദഗ്ദ്ധസമിതിയുടെ റിപ്പോര്‍ട്ട്. പശ്ചിമഘട്ടത്തെ എങ്ങനെയാണ് സമൂഹം സമീപിച്ചത്, എന്താണീ പാരിസ്ഥിതിക ആഘാതം, അതിന് എങ്ങനെ പരിഹാരം കണ്ടെത്താം തുടങ്ങിയ പ്രശ്‌നങ്ങളാണ് ഡോ. മാധവ് ഗാഡ്ഗില്‍ ചെയര്‍മാനായുള്ള വിദഗ്ദ്ധസമിതി പരിശോധനയ്ക്ക് വിധേയമാക്കിയത്. തീവ്രപരിസ്ഥിതിവാദത്തിന്റെ ഫലമായി മണ്ണിനേയും മരത്തേയും പക്ഷിമൃഗാദികളേയും കാണുകയും ജനങ്ങളെ മറക്കുകയും ചെയ്യുന്ന അവസ്ഥ, മണ്ണും പരിസ്ഥിതിയും വേറെ, ജനങ്ങളാണ് എല്ലാറ്റിനും മീതെ എന്നു കാണുന്ന ഒരു വിഭാഗം, വന്യജീവികളുടേയും വനങ്ങളുടേയും കൊള്ളയാണ് സര്‍വപ്രധാനമെന്നു കണക്കാക്കുന്ന മാഫിയകളുടെ അവിശുദ്ധകൂട്ടുകെട്ട് തുടങ്ങിയ കാരണങ്ങളാല്‍ ഗാഡ്ഗിലിന്റെ നിരീക്ഷണങ്ങളിലും നിഗമനങ്ങളിലും അഭിപ്രായസമന്വയസാധ്യത പൊതുസമൂഹത്തില്‍ ഉണ്ടായിരുന്നില്ല.
പരിസ്ഥിതി ദുര്‍ബല മേഖലകള്‍
കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം 2000-ല്‍ നിയോഗിച്ച പ്രണാബ് സെന്‍ കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഇന്ത്യയില്‍ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങള്‍ നിശ്ചയിക്കാന്‍ ജന്തു-സസ്യ ഇനങ്ങള്‍ ജൈവ-ആവാസവ്യവസ്ഥ, ഭൂതലസ്വഭാവം എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു പ്രദേശത്തിന്റെ പരിസ്ഥിതി പ്രാധാന്യം നിര്‍ണ്ണയിക്കുന്നതിന് കണക്കിലെടുക്കേണ്ട മുഖ്യഘടകം അവിടെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇനങ്ങള്‍ ഉണ്ടോ എന്നുള്ളതാണ്. അത്തരത്തിലുള്ളവയെ പൂര്‍ണ്ണമായും സംരക്ഷിക്കണം എന്നതാണ് സെന്‍ കമ്മറ്റിയുടെ ശിപാര്‍ശ. വംശനാശഭീഷണി നേരിടുന്ന 3000-ത്തിലേറെ ഇനങ്ങള്‍ പശ്ചിമഘട്ടത്തിലുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ മാനദണ്ഡപ്രകാരം പരിസ്ഥിതിപ്രാധാന്യമുള്ള മേഖലയായി പ്രഖ്യാപിക്കാന്‍ വേണ്ടുന്ന എല്ലാ ഗുണഗണങ്ങളും പശ്ചിമഘട്ടത്തിനുണ്ട്.
പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാനും തടയാനും പരിസ്ഥിതിയുടെ ഗുണമേന്മ മെച്ചപ്പെടുത്തി സംരക്ഷിക്കാനും ആവശ്യമെന്നു തോന്നുന്ന എന്തു നടപടി സ്വീകരിക്കാനും 1986-ലെ പരിസ്ഥിതി സംരക്ഷണനിയമത്തിലെ 3-ാം വകുപ്പ് കേന്ദ്രപരിസ്ഥിതി-വനം വകുപ്പിന് അധികാരം നല്‍കുന്നു. ഈ ലക്ഷ്യം നേടുന്നതിനായി ഏതെങ്കിലും മേഖലയില്‍ വ്യവസായമോ സംസ്‌കരണമോ പാടില്ലെന്നും അഥവാ ചില മുന്‍കരുതലുകള്‍ക്ക് വിധേയമായി മാത്രമേ പാടുള്ളൂവെന്നും കേന്ദ്രസര്‍ക്കാരിന് നിശ്ചയിക്കാം.
പരിസ്ഥിതിസംരക്ഷണനിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം പശ്ചിമഘട്ടത്തിന് ഏകീകൃത സ്വഭാവമുള്ള നിയന്ത്രണങ്ങള്‍ എല്ലായിടത്തും പ്രഖ്യാപിക്കാനാകില്ല. അതിനാല്‍ പശ്ചിമഘട്ടത്തെ പല മേഖലകളായി തരംതിരിച്ചു. ഏറ്റവും ഉയര്‍ന്ന സംവേദനക്ഷമതയുള്ള പ്രദേശത്തെ പരിസ്ഥിതിദുര്‍ബലമേഖല ഒന്ന്, അതില്‍ കുറവ് സംവേദനക്ഷമതയുള്ള പ്രദേശത്തെ മേഖല രണ്ട്, മിതമായ സംവേദനക്ഷമതയുള്ള പ്രദേശത്തെ മേഖല മൂന്ന് എന്ന് വിഭജിച്ചിരിക്കുന്നു. നദികളുടെ ഉത്ഭവസ്ഥാനങ്ങള്‍, പീഠഭൂമികള്‍,
പരിസ്ഥിതിസംരക്ഷണത്തില്‍ അതിയായ താത്പര്യം പ്രകടിപ്പിക്കുന്ന സമൂഹം അധിവസിക്കുന്ന പ്രദേശങ്ങള്‍ എന്നിവ പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളായി കണക്കാക്കപ്പെട്ടു. കൊടൈക്കനാല്‍, നീലഗിരി ജില്ല, മണ്ടക്കോല്‍, പനത്തടി, പൈതല്‍മല, ബ്രഹ്മഗിരി-തിരുനെല്ലി, വയനാട്, ബാണാസുര-കുറ്റ്യാടി, നിലമ്പൂര്‍-മേപ്പാടി, സൈലന്റ് വാലി-ന്യൂ അമരമ്പലം, ശിരുവാണി, നെല്ലിയാമ്പതി, പീച്ചി-വാഴാനി, അതിരപ്പിള്ളി-വാഴച്ചാല്‍, പൂയംകുട്ടി-മൂന്നാര്‍, കാര്‍ഡമം ഹില്‍സ്, പെരിയാര്‍, കുളത്തുപ്പുഴ, അഗസ്ത്യമല എന്നിവ പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളാണ്.
(തുടരും)