2020 ആഗസ്റ്റ് 5ന് നിര്യാതനായ പി.കെ.സുകുമാരനെക്കുറിച്ചുള്ള അനുസ്മരണം.
1967ലെ സംഘശിക്ഷാവര്‍ഗ്ഗിലാണെന്നാണ് ഓര്‍മ്മ, എനിക്ക് അവിടെ ശാരീരിക് ശിക്ഷക് എന്നതിനു പുറമെ ചില ബൗദ്ധിക് ഗണകളിലും പോകേണ്ടിയിരുന്നു. അവിടെ സദാ സംശയങ്ങള്‍ പ്രകടിപ്പിക്കാനും ചര്‍ച്ചകളില്‍ അഭിപ്രായം പറയാനും ഉത്സുകനായ പ്രഥമ വര്‍ഷ ശിക്ഷാര്‍ത്ഥിയായിരുന്നു നാട്ടികയ്ക്കടുത്തു തളിക്കുളത്തു നിന്നു വന്ന പി.കെ. സുകുമാരന്‍. നേരത്തെ ഞാന്‍ ഒരു പത്തുവര്‍ഷങ്ങള്‍ക്കപ്പുറത്ത് 1957-58 കാലത്ത് ഗുരുവായൂര്‍ പ്രചാരകനായിരുന്നപ്പോള്‍ ഇടയ്ക്കിടെ നാട്ടികയിലും പോകാറുണ്ടായിരുന്നു. വളരെ ഊര്‍ജ്ജസ്വലമായി സംഘപ്രവര്‍ത്തനം നടന്നുവന്ന സ്ഥലമായിരുന്നു അത്. അവിടത്തെ സ്വയംസേവകരിലെല്ലാം ആ ഗുണം കാണാനുണ്ടായിരുന്നു. 1958-59 കളില്‍ മണത്തല വിശ്വനാഥക്ഷേത്ര ഉത്സവം മുസ്ലീങ്ങള്‍ തടഞ്ഞതിനെത്തുടര്‍ന്ന് രണ്ടുകൊല്ലം നടന്ന പ്രക്ഷോഭത്തിലും തളിക്കുളത്തുകാര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. അക്കാലം കഴിഞ്ഞു പതിറ്റാണ്ടു പിന്നിട്ടപ്പോഴാണ് പി.കെ. സുകുമാരനെ പരിചയപ്പെടുന്നത്.
അടുത്തവര്‍ഷം എനിക്കു ഭാരതീയ ജനസംഘത്തിന്റെ സംഘടനാ സംബന്ധമായ ചുമതലകള്‍ നല്‍കപ്പെട്ടതിനാല്‍ കോഴിക്കോട്ടേക്ക് ആസ്ഥാനം മാറി. ഏതാനും മാസങ്ങള്‍ക്കകം കേസരി വാരികയിലേക്ക് ഒന്നു രണ്ടു പുതിയ സബ് എഡിറ്റര്‍മാരെ സംഘം കണ്ടെത്തി. ഹിന്ദിയും മലയാളവും കൈകാര്യം ചെയ്യാന്‍ കഴിയുന്ന ആളും ചെറുതുരുത്തിയില്‍ അധ്യാപകനുമായ കോട്ടയം പള്ളിക്കത്തോടുകാരന്‍ രാജശേഖരനായിരുന്നു ഒരാള്‍. മറ്റൊരാള്‍ തളിക്കുളംകാരന്‍ പി.കെ. സുകുമാരനും. ഇരുവരുമായി എനിക്ക് നല്ല മുന്‍പരിചയമുണ്ടായിരുന്നു. സാധുശീലന്‍ പരമേശ്വരന്‍ പിള്ള (ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് സമാധിപൂകിയ പരമേശ്വരാനന്ദ സരസ്വതി സ്വാമി) വിവേകാനന്ദസ്മാരകച്ചുമതലയുമായി കന്യാകുമാരിയിലേക്കുപോയശേഷം ആലപ്പുഴയില്‍ പ്രചാരകനായിരുന്ന മുതിര്‍ന്ന സ്വയംസേവകനും സംസ്‌കൃതബിരുദ (മഹോപാദ്ധ്യായ) ധാരിയുമായ എം.എ കൃഷ്ണന്‍ കേസരി പത്രാധിപത്യം നിര്‍വ്വഹിച്ചുവന്നു. അവിടെയ്ക്കാണ് പുതിയ രണ്ടു സഹപത്രാധിപന്മാര്‍ കൂടിവന്നത്. എം.എ.സാര്‍ തിരുവനന്തപുരത്തെ എന്റെ ശാഖാ മുഖ്യശിക്ഷക് കൂടി ആയിരുന്നു. ആ സംസര്‍ഗങ്ങള്‍ പില്‍ക്കാലത്ത് എല്ലാവര്‍ക്കും പത്രരംഗത്ത് വളര്‍ന്നുവരാന്‍ അവസരമുണ്ടാക്കി.
കാര്യാലയത്തിലെ താമസവും എം.എ.സാറിനോടൊപ്പം കോഴിക്കോട്ടെ, സാഹിത്യ, പത്ര, സാമൂഹ്യധാര്‍മ്മിക രംഗങ്ങളിലെ തലമുതിര്‍ന്ന ആളുകളുമായി സമ്പര്‍ക്കത്തില്‍ വരാന്‍ ലഭിച്ച അവസരങ്ങളും സുകുമാരന്റെ മനസ്സിനെയും ഭാവനയെയും ഏറെ വികസിപ്പിച്ചു. ദേശീയതലത്തില്‍ നടക്കുന്ന ഗതിവിഗതികളെ സൂക്ഷ്മമായി വിശകലനം ചെയ്യുന്നതില്‍ സുകുമാരന് സാമര്‍ത്ഥ്യം വളര്‍ന്നു. അതിനുപറ്റിയ മറ്റു പ്രസിദ്ധീകരണങ്ങളും കേസരിയിലുണ്ടായിരുന്നു. വിവിധ വിഷയങ്ങളെപ്പറ്റിയുള്ള സംഘത്തിന്റെ കാഴ്ചപ്പാടും, സമീപനവും വളരെയെളുപ്പത്തില്‍ മനസ്സിലാക്കുന്നതിനുമദ്ദേഹം കഴിവുനേടി.
കോഴിക്കോട് സമ്മേളനത്തിനുശേഷം ടി.സുകുമാരനെന്ന സ്വയംസേവകന്‍ എഴുതിയ ഇതിഹാസമാനങ്ങളുള്ള രസിക്കാത്ത സത്യങ്ങള്‍ എന്ന ഭാരതവിഭജനത്തെ പശ്ചാത്തലമാക്കിയ നോവല്‍ കേസരിയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ആ സുകുമാരനും, പി.കെ. സുകുമാരനും കേസരിയുടെ ചരിത്രത്തില്‍ വളരെ നിര്‍ണായക സ്ഥാനം വഹിച്ചിരുന്നു. ഇരുവരും രണ്ടുനാള്‍ ഇടവിട്ടാണ് ദിവംഗതരായത് എന്നു കൂടി ഓര്‍മ്മിക്കട്ടെ.
അടിയന്തിരാവസ്ഥ പ്രഖ്യാപനത്തെ തുടര്‍ന്ന് കേസരി കാര്യാലയത്തിനും അതിന്റെ ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവന്നു. പോലീസധികൃതര്‍ സേനയുമായി വന്ന് ഫോണ്‍, പ്രസ്സ് മറ്റെല്ലാ സാധനങ്ങളും താറുമാറാക്കി. സുകുമാരന്‍ പിടിയിലായില്ല. പക്ഷേ രാജന്‍മാസ്റ്റര്‍ ജയിലായി. മുഖ്യപത്രാധിപര്‍ എം.എ. കൃഷ്ണനു മേല്‍ മിസാ വാറണ്ട് നിലനിന്നു. കേസരി ജോലിക്കാര്‍ക്ക് എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയുണ്ടായി. മുതിര്‍ന്ന സംഘാധികാരിമാരുടെ അഭിപ്രായപ്രകാരം സാവകാശത്തില്‍ നീക്കങ്ങള്‍ നടത്തി. കോഴിക്കോട്ടെ പൗരപ്രമാണികളായ കെ.പി. കേശവമേനോന്‍ (മാതൃഭൂമി), മൂര്‍ക്കോത്തു കുഞ്ഞപ്പ (മനോരമ) പ്രമുഖ കവികള്‍, സാഹിത്യകാരന്മാര്‍ മുതലായവരെല്ലാരുമായി സുകുമാരന്‍ ബന്ധം വെച്ചു. പോലീസ് അതിക്രമം കഴിഞ്ഞിട്ടും കേസരി തുറന്നില്ല. കേശവമേനോന്‍ ജില്ലാ കളക്ടറുമായി അതുസംബന്ധമായി സംസാരിക്കുകയും കത്തെഴുതുകയും ചെയ്തപ്പോള്‍, നിബന്ധനകള്‍ക്ക് വിധേയമായി തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചു. പിന്നീട് അതിന്റെ തുടക്കമായിരുന്നു പ്രയാസകരം. വാരികയ്ക്കാവശ്യമായ ഉള്ളടക്കങ്ങള്‍ അദ്ദേഹവും സഹായികളും കൂടി തയ്യാറാക്കി. സെന്‍സറിങ്ങ് ഓഫീസറെ കാണിച്ച് അനുവാദം വാങ്ങി. അച്ചടിക്കാനുള്ള ധനം അതിലും പ്രശ്‌നമായി. ആസമയത്ത് ജന്മഭൂമി സായാഹ്ന പത്രം ആരംഭിച്ചിരുന്നു. അതിന്റെ വിപുലമായ ധനശേഖരണത്തിന്റെ ഭാഗമായി ഗള്‍ഫിലുണ്ടായിരുന്ന സ്വയംസേവകര്‍ സാമാന്യം നല്ല ഒരു തുക അയച്ചിരുന്നു. ഈ തുക താത്കാലികമായി കേസരിക്ക് ഉപയോഗിക്കാമെന്ന അഭിപ്രായം സംഘാധികാരിമാരില്‍ നിന്നുയര്‍ന്നു. അത് ലഭ്യമാക്കിയപ്പോള്‍ കേസരി പുനരാരംഭിക്കാന്‍ താല്‍ക്കാലികമായി സാധിച്ചു. അങ്ങിനെ ആ ബുദ്ധിമുട്ട് താത്കാലികമായി തരണം ചെയ്തു. ആ കാലഘട്ടത്തില്‍ പത്രാധിപരുടെ ചുമതല വഹിച്ചിരുന്ന പി.കെ. സുകുമാരന്‍ ആത്മവിശ്വാസത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതീകമായിരുന്നു. 1976 ഫെബ്രുവരി മാസത്തില്‍ ശ്രീഗുരുജിയുടെ ജന്മദിനത്തിന് അദ്ദേഹത്തെക്കുറിച്ചുള്ള ഒരു ലേഖനവും ഫോട്ടോയുമായിട്ടാണ് കേസരി ഇറങ്ങിയത്. ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കപ്പെട്ട ലേഖനത്തിന്റെ ഒരു ഭാഗംപോലും സെന്‍സര്‍ ചെയ്യപ്പെട്ടിരുന്നില്ല എന്നത് എല്ലാവരെയും വിസ്മയിപ്പിച്ചു.
കേസരി വാരികയുടെ രജതജയന്തി ആഘോഷിക്കാനുള്ള തീരുമാനമെടുക്കാന്‍ അതു പ്രേരണയായി. കെ.പി. കേശവമേനോന്‍ അധ്യക്ഷനായ ആഘോഷസമിതി രൂപീകരിക്കപ്പെട്ടു. വി.എം.കൊറാത്ത് സുകുമാരന് അക്കാര്യത്തില്‍ സഹായിയായി. പ്രൊഫ. ഗുപ്തന്‍നായര്‍, മൂര്‍ക്കോത്തു കുഞ്ഞപ്പ, തെരുവത്തുരാമന്‍, കോന്നിയൂര്‍ ആര്‍.നരേന്ദ്രനാഥ്, ഉറൂബ് അടക്കമുള്ള പ്രമുഖ സാഹിത്യകാരന്മാരും നിറഞ്ഞ സദസ്സും പരിപാടികള്‍ക്കെത്തി. അനവധി മാസങ്ങളായി ഒരുമിച്ചുചേരാന്‍ കഴിയാതിരുന്ന സ്വയംസേവകര്‍ക്കും ഒരുമിച്ചുവരാന്‍ അതവസരമുണ്ടാക്കി. വിഭവസമൃദ്ധമായ സദ്യയോടെയാണ് പരിപാടി അവസാനിച്ചത്.
ബാലഗോകുലം, തപസ്യ മുതലായ സംരംഭങ്ങളുടെ പ്രാരംഭത്തിന് അടിയന്തരാവസ്ഥയില്‍ വേര് പിടിക്കാനും ആശയ പ്രചാരണത്തിന് അതുവേദിയാകാനുമുള്ള ശ്രമങ്ങള്‍ പി.കെ. സുകുമാരന്‍ മുന്നിട്ടിറങ്ങിയ ഈ നടപടികളിലൂടെ സാധ്യമായി. അടിയന്തരാവസ്ഥയ്ക്കുശേഷം കേസരിയുടെ ഭാരം അദ്ദേഹത്തില്‍ തന്നെയായിരുന്നുവെന്നു പറയാം.
മുഖ്യപത്രാധിപരായിരുന്ന എം.എ. കൃഷ്ണന്‍ നയപരമായ കാര്യങ്ങളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലൊതുങ്ങി. പൊതുകാര്യങ്ങളിലുള്ള വ്യഗ്രതയായിരുന്നു അദ്ദേഹത്തിനെപ്പോഴും. സമകാലീനവിഷയങ്ങളെപ്പറ്റി പി.കെ. സുകുമാരന്‍ സദാ ചിന്തിച്ചുകൊണ്ടിരുന്നു. ബാല്യകാലം തൊട്ടുതന്നെ സുകുമാരന് അക്കാര്യത്തില്‍ ഔല്‍സുക്യമുണ്ടായിരുന്നു. സംഘത്തിലെ പ്രവര്‍ത്തനവും കേസരി പത്രാധിപത്യവും അതിനെ എന്നും മൂര്‍ച്ചകൂട്ടിവന്നു. ബങ്കിംചന്ദ്രന്റെ ആനന്ദമഠവും കെ.ആര്‍.മല്‍ക്കാനിയുടെ സംഘകഥയും പാര്‍ട്ടിഷന്‍ ഡെയ്‌സും മലയാളത്തിലാക്കി. പ്രകൃതി ആത്മനാശത്തിന്റെ കഥ, രാമായണത്തിലെ സ്ത്രീകഥാപാത്രങ്ങള്‍ എന്നിവ മറ്റു പുസ്തകങ്ങളാണ്.
കേസരി എന്ന് ചേര്‍ത്തുപറയാറുണ്ടായിരുന്ന ഒരാള്‍ തുടക്കം മുതല്‍ മാനേജരായിരുന്ന എം.രാഘവനും മറ്റേയാള്‍ പത്രാധിപരായിരുന്ന സുകുമാരനുമായിരുന്നു. പഴയ ചില കേസരിമാര്‍ സാഹിത്യത്തിലുണ്ടായിരുന്നു. എ.ബാലകൃഷ്ണപിള്ളയും, വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരും. അവരും ജേര്‍ണലിസത്തിലും സാഹിത്യത്തിലും പ്രവര്‍ത്തിച്ചവരാണ്; കേസരി സുകുമാരന്‍ ദേശീയതയുടെ രംഗത്തിന് മിഴിവേറ്റി, അടിയന്തരാവസ്ഥയുടെ ഇരുളില്‍ അതുല്യമായവിധത്തില്‍ കേസരിയെ പുനരുജ്ജീവിപ്പിച്ചു.