പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വിമാനമായ എയര്‍ ഇന്ത്യ വണ്‍ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചെടുക്കുകയാണ്.
അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് വണ്ണിനോട് കിടപിടിക്കുന്ന സൗകര്യങ്ങളാണ് നിര്‍മ്മാതാക്കളായ ബോയിങ് എയര്‍ ഇന്ത്യ വണ്ണില്‍ ഒരുക്കിയിരിക്കുന്നത്.
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വിമാനത്തിന്റെ കോള്‍സൈന്‍ ആണ് എയര്‍ ഇന്ത്യ വണ്‍. അദ്ദേഹം ഏതു വിമാനത്തിലായാലും ശരി, ഫ്‌ളൈറ്റില്‍ പ്രധാനമന്ത്രി ഉണ്ടായിരിക്കുമ്പോള്‍ മാത്രമേ അതിനെ എയര്‍ ഇന്ത്യ വണ്‍ എന്ന് വിളിക്കുകയുള്ളൂ.
ഇത്രയും കാലം ഇന്ത്യന്‍ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും അന്താരാഷ്ട്ര സഞ്ചാരപഥങ്ങളിലൂടെ പറന്നിരുന്നത് നാല് ബോയിങ് 747-400 വിമാനങ്ങളായിരുന്നു.
ഇവയ്ക്കു പുറമേ, ആഭ്യന്തര യാത്രകള്‍ക്ക് ബ്രസീലിയന്‍ വിമാനക്കമ്പനിയായ എംബ്രെയര്‍ നിര്‍മ്മിച്ച 14 പേര്‍ക്ക് സഞ്ചരിക്കാവുന്ന നാല് എംബ്രെയര്‍ 135 വിമാനങ്ങളും 20 പേര്‍ക്ക് സഞ്ചരിക്കാവുന്ന നാല് എംബ്രെയര്‍ 145 വിമാനങ്ങളും 46 പേര്‍ക്ക് സഞ്ചരിക്കാവുന്ന 3 ബോയിങ് ബിസിനസ് ജറ്റുകളും അതീവ സുരക്ഷാ വിഭാഗത്തില്‍ പ്പെടുന്ന വ്യക്തികളുടെ സഞ്ചാരത്തിനായി ഇന്ത്യ ഉപയോഗിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരെ യഥാക്രമം വിഐപി 1, വിഐപി 2, വിഐപി 3 എന്നിങ്ങനെ യാത്രാസൗകര്യാര്‍ത്ഥം സുരക്ഷാ ഉദ്യോഗസ്ഥര്‍ വേര്‍തിരിച്ചിട്ടുണ്ട്.
ഇവ വഴിമാറി കൊടുക്കുന്നത് രണ്ട് കൂറ്റന്‍ ബോയിങ് 777-300 ER വിമാനങ്ങള്‍ക്കാണ്. 2006-ലാണ് ഇന്ത്യ ബോയിങ് കമ്പനിക്ക് വലിയൊരു ഓര്‍ഡറിന്റെ കൂടെ ഇവയും നിര്‍മ്മിക്കാന്‍ ഓര്‍ഡര്‍ നല്‍കുന്നത്. ഈ വിമാനങ്ങള്‍ക്കൊപ്പം ഓര്‍ഡര്‍ നല്‍കിയിരുന്ന മറ്റു വിമാനങ്ങളെല്ലാം തന്നെ എയര്‍ ഇന്ത്യയില്‍ ഇപ്പോള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രത്യേക ഉത്തരവുപ്രകാരം 2018-ല്‍ തന്നെ ഡള്ളാസ് കേന്ദ്രീകരിച്ചുള്ള ബോയിങ് കമ്പനി ഈ രണ്ട് വിമാനങ്ങളും നിര്‍മിച്ചു നല്‍കിയിരുന്നു. എങ്കിലും അറ്റകുറ്റപ്പണികള്‍ക്കും സുരക്ഷാസംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കാനും നവീകരണത്തിനുമായി ഇന്ത്യ തന്നെ തിരിച്ചു നല്‍കുകയാണ് ഉണ്ടായത്. ബോയിങ്ങിന്റെ 777 വിമാനങ്ങള്‍ സുപ്രധാന വ്യക്തിത്വങ്ങളുടെ പ്രിയ സഞ്ചാര വാഹനമാണ്. ബംഗ്ലാദേശ്, സൗദിഅറേബ്യ, ജപ്പാന്‍ എന്നീ രാഷ്ട്രങ്ങളിലെ വിഐപികളും ഇതേ തരത്തില്‍പ്പെട്ട വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. പക്ഷേ, ഒരേ വിഭാഗത്തില്‍പ്പെട്ട വിമാനം മാത്രമാണെങ്കിലും എയര്‍ ഇന്ത്യ വണ്ണിന്റെ പത്തിലൊന്ന് സുരക്ഷാ സംവിധാനങ്ങള്‍ മാത്രമേ അവയില്‍ ഉള്ളൂ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തലവനു സഞ്ചരിക്കാനുള്ള, കരുത്തുറ്റതും അതീവ സുരക്ഷിതവുമായ ഈ വിമാനങ്ങള്‍ ഓരോന്നിനും 375.5 മില്യണ്‍ യു.എസ് ഡോളറാണ് വില വരുന്നത്. ഇന്ത്യന്‍ കറന്‍സി ഏതാണ്ട് 2.832 കോടി രൂപ. ഇത് റാക് റേറ്റ് ആണ്. അതായത് ബോയിങ് ഫാക്ടറിയില്‍ നിന്നും നിര്‍മ്മാണം കഴിഞ്ഞിറങ്ങുന്ന വിമാനത്തിന്റെ വില. ഇന്ധനമടിച്ചാല്‍ പറക്കുമെന്നല്ലാതെ മറ്റു യാതൊരു സുരക്ഷാ സംവിധാനങ്ങളോ, ആക്രമണ-പ്രതിരോധ സംവിധാനങ്ങളോ അതിലുണ്ടാവില്ല. ഇന്ത്യന്‍, അമേരിക്കന്‍ നിര്‍മ്മിത സുരക്ഷാ ഉപകരണങ്ങള്‍ കൂടിയാകുമ്പോള്‍ വില ഇനിയും വര്‍ദ്ധിക്കും.
ബോയിങ് 777-300 ER വിമാനത്തിന്റെ അടിസ്ഥാന വിവരങ്ങളിലേക്ക് നമുക്ക് കണ്ണോടിക്കാം. വിപുലീകരിക്കപ്പെട്ട സൗകര്യങ്ങള്‍ എന്നര്‍ത്ഥമുള്ള എക്സ്റ്റന്‍ഡഡ് റേഞ്ച് എന്നതിന്റെ ചുരുക്കപ്പേരാണ് ഇ.ആര്‍. 242 അടി നീളവും 212 അടി വിങ്‌സ്പാനുമുള്ള ഈ കൂറ്റന്‍ വിമാനത്തിന്റെ ഉയരം 60 അടിയാണ്. 43,100 അടി ഉയരത്തില്‍ വരെ സഞ്ചരിക്കാന്‍ ഇതിനു സാധിക്കും. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍, അധികം ആരും അറിയാതെ വാഷിംഗ്ടണ്ണില്‍ നിന്നും ന്യൂദല്‍ഹിയിലേക്ക് ബോയിങ് 777-300 ഋഞ പരീക്ഷണപ്പറക്കല്‍ നടത്തിയിരുന്നു. 14 മണിക്കൂര്‍ 10 മിനിറ്റ് കൊണ്ടാണ് ഈ ദൂരം ബോയിങ് പറന്നെത്തിയത്. എയര്‍ ഇന്ത്യ പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ ഈ വീഡിയോ പങ്കുവച്ചിരുന്നു. പരമാവധി 396 പേര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട് എയര്‍ഇന്ത്യ വണ്ണില്‍. ഫസ്റ്റ് ക്ലാസില്‍ നാല് സീറ്റുകള്‍, ബിസിനസ്സ് ക്ലാസില്‍ 35, ഇക്കോണമി ക്ലാസ്സില്‍ 303 എന്നിങ്ങനെയാണ് സാധാരണ 777-300 ഋഞ കൊമേഴ്‌സ്യല്‍ വിമാനത്തിന്റെ യാത്രാ സംവിധാനങ്ങള്‍. എന്നാല്‍, ഇവയെല്ലാം അടിമുടി പരിഷ്‌കരിച്ചായിരിക്കും ഈ വാഹനം പ്രധാനമന്ത്രിക്ക് വേണ്ടി തയ്യാറാക്കുന്നത്.
ഇന്ത്യയുടെ കരുത്തുറ്റ നായകന് പറക്കാനുള്ള ആകാശ സൗധത്തില്‍ ഒരു കോണ്‍ഫറന്‍സ് റൂം, ഒരു സ്‌പെഷ്യല്‍ ലോഞ്ച്, ഓപ്പറേഷന്‍ തിയേറ്ററും ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങിയ അതി വിദഗ്ദ്ധരുടെ മെഡിക്കല്‍ ടീം എന്നിവയും സദാ സജ്ജമായിരിക്കും. പ്രത്യേക പരിശീലനം ലഭിച്ച സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ മിടുക്കന്മാരും പ്രധാനമന്ത്രിയെ യാത്രയില്‍ അനുഗമിക്കും. ശത്രുക്കളുടെ റഡാര്‍ സംവിധാനം തടസ്സപ്പെടുത്താനുള്ള റഡാര്‍ ജാമിങ് സൗകര്യം, റോക്കറ്റ്, ഗ്രനേഡ് എന്നിവയുടെ ആക്രമണം അതിജീവിക്കാനുള്ള സൗകര്യം എന്നിവയും എയര്‍ഇന്ത്യ വണ്ണില്‍ ഉണ്ടായിരിക്കും.
അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമായ എയര്‍ഫോഴ്‌സ് വണ്ണിനോട് കിടപിടിക്കുന്നതാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ എയര്‍ ഇന്ത്യ വണ്‍. മണിക്കൂറില്‍ 900 കിലോമീറ്റര്‍ വേഗതയില്‍ നിഷ്പ്രയാസം ക്രൂയിസ് ചെയ്യാന്‍ കഴിയുന്ന രാക്ഷസീയ ശക്തിയുള്ള രണ്ട് GE-990115 എന്‍ജിനുകളാണ് ഈ വിമാനത്തെ മുന്നോട്ടു ചലിപ്പിക്കുക. ലോകത്തിലെ ഏറ്റവും കരുത്തുള്ള ടര്‍ബോഫാന്‍ എഞ്ചിനാണ് GE-990. ബോയിങ്ങിന്റെ വജ്രായുധമായ ഈ എഞ്ചിന്‍ ഏറ്റവും നിര്‍ണായക സാഹചര്യങ്ങളില്‍ 1,27,900 എല്‍.ബി.എസ് ത്രസ്റ്റ്, വരെ ഉല്‍പാദിപ്പിക്കത്തക്ക ശേഷിയുള്ളതാണ്. അതായത് 350 ടണ്‍ (3,50,000 കിലോ) ഭാരം വഹിച്ചുകൊണ്ട് ഈ ഭീമന്‍ നിഷ്പ്രയാസം പറന്നു പൊന്തും. വേണ്ടി വന്നാല്‍, യാത്രയ്ക്കിടെ പറക്കുമ്പോള്‍ തന്നെ ഇന്ധനം നിറക്കാനുള്ള സംവിധാനവും വിമാനത്തിലുണ്ട്. എയര്‍ഫോഴ്‌സ് വണ്ണിലെ പോലെ തന്നെ എസ്‌കേപ്പ് പോഡുകളും എയര്‍ഇന്ത്യ വണ്ണില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ശരാശരി ഒരു എടിഎം ക്യാബിന്റെ വലിപ്പമുള്ള ഒരു ബോക്‌സാണ് എസ്‌കേപ്പ് പോഡ്.അത്യാവശ്യ ഘട്ടങ്ങളില്‍ പറക്കുന്നതിനിടയില്‍ വിമാനം ഉപേക്ഷിച്ച് പ്രധാനമന്ത്രിക്ക് രക്ഷപ്പെടേണ്ടി വന്നാല്‍, സുരക്ഷിതമായി ഭൂമിയില്‍ പറന്നിറങ്ങാനുള്ള പാരഷൂട്ട് സംവിധാനങ്ങള്‍ ഘടിപ്പിച്ച ഒരു പെട്ടി,സ്വയം നിയന്ത്രിത ജിപിഎസ്, ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഓക്‌സിജന്‍ സപ്ലൈ, അതിജീവന സംവിധാനങ്ങള്‍ എന്നുവേണ്ട റെസ്‌ക്യൂ ടീം പ്രധാനമന്ത്രിയെ കണ്ടെത്തുന്നതുവരെ ജീവന്‍ പിടിച്ചുനിര്‍ത്താനുള്ള എല്ലാ സംവിധാനങ്ങളും അതിനുള്ളില്‍ ഉണ്ടായിരിക്കും.
എയര്‍ ഇന്ത്യ വണ്ണിലെ എടുത്തുപറയേണ്ട ഘടകങ്ങളാണ് ലിയര്‍സിഎം അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍. പ്രധാനമന്ത്രിയുടെ പ്രത്യേക ആവശ്യപ്രകാരം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, സ്വന്തം താല്‍പര്യാര്‍ത്ഥം ഇന്ത്യയ്ക്ക് നല്‍കിയതാണ് ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍ മെഷര്‍, അഥവാ ലിയര്‍സിഎം സുരക്ഷാ സംവിധാനങ്ങള്‍. ഇന്ന് ഭൂമിയില്‍ നിലവിലുള്ള ഏതു റഡാര്‍ ഫ്രീക്വന്‍സിയും ജാം ചെയ്യാന്‍ ഈ സുരക്ഷാ സംവിധാനത്തിന് സാധിക്കും. വിമാനം പറന്നു നീങ്ങുമ്പോള്‍ ഉണ്ടാക്കുന്ന താപ തരംഗങ്ങള്‍ പിടിച്ചെടുത്തു ഗതി മാറിയാലും പിന്തുടര്‍ന്നു വന്നു പൊട്ടിത്തെറിക്കുന്ന ഹീറ്റ് സീക്കിംഗ് മിസൈലുകള്‍ നിഷ്പ്രഭമാക്കാനും ഇതിന് നിഷ്പ്രയാസം സാധിക്കും.ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ സ്യൂട്ടുകള്‍ (എസ്.പി.എസ്) സംവിധാനമുള്ള വിമാനങ്ങള്‍ പറക്കുന്നത്. മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ അവസാനവാക്കാണ് എസ്.പി.എസ്. ശത്രു തൊടുത്തു വിടുന്ന മിസൈലിന്റെ ഇനവും തരവും ജാതകവും വരെ വളരെ ദൂരെ നിന്നു തന്നെ കണ്ടെത്താനും തകര്‍ക്കാനുമുള്ള മിസൈല്‍ വാണിംഗ് സംവിധാനങ്ങള്‍, ട്രാക്ക് ചെയ്യപ്പെടുന്നത് തിരിച്ചറിയാനുള്ള 12 ഗാര്‍ഡന്‍ ലേസര്‍ ട്രാന്‍സ്മിറ്റര്‍ അസംബ്ലികള്‍, ഇതുവരെ എന്താണെന്ന് മാധ്യമങ്ങള്‍ക്ക് യാതൊരു പിടിയും കിട്ടാത്ത ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ടുകള്‍ വരെ ഇന്ത്യ വാങ്ങിയ ഈ സുരക്ഷാ സംവിധാനത്തിലുണ്ട്. അറിഞ്ഞിടത്തോളം 190 മില്യണ്‍ യു.എസ് ഡോളറാണ് അതിനൂതനമായ ലിയര്‍സിഎം, എസ്.പി.എസ് സുരക്ഷാ സംവിധാനങ്ങളുടെ വില. ഇന്ത്യന്‍ കറന്‍സി ഏതാണ്ട് 1434 കോടിയിലധികം രൂപ വില വരുന്നുണ്ട് ലോകത്തിലെ ഏറ്റവും മികച്ച ഈ റഡാര്‍ സുരക്ഷാ സംവിധാനങ്ങള്‍ക്ക്.