ഫെയ്‌സ് അഹമ്മദ് എന്ന ലബനോന്‍ കവി ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളില്‍ പാടിയത് ലോകത്തിന്റെ ആഭരണമാണ് ബെയ്‌റൂട്ട് എന്നാണ്. അതിനെയാണ് ഇപ്പോള്‍ ചാരം തുടച്ചു നക്കിയിരിക്കുന്നത്. ഒരുകാലത്ത് ലോകത്തെങ്ങുമുള്ള സഞ്ചാരികളുടെയും സഹൃദയരുടെയും സ്വപ്‌നഭൂമിയായിരുന്നു ലബനാനും അതിന്റെ തലസ്ഥാനമായ ബെയ്‌റൂട്ടും. ആരെയും നിരാശപ്പെടുത്തുന്ന, ഗൃഹാതുരതകളുടെ പ്രേതഭൂമിയാണിന്ന് അത്. 1975 മുതല്‍ 1990 വരെ ഒന്നര ദശകക്കാലത്തെ ആഭ്യന്തരയുദ്ധത്തില്‍ ഇവിടെ നിന്ന് ഒരു ലക്ഷത്തി ഇരുപതിനായിരം പേര്‍ കുരുതിക്കിരയാകുകയും ഒരു ദശലക്ഷം നാടുവിടുകയും ചെയ്തു. വിദേശ സേന ലബനാനില്‍നിന്നു കുടിയൊഴിയുന്നത് 2005ലാണ്. ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷവും സിറിയന്‍ പ്രതിസന്ധിയില്‍ ഹിസ്ബുള്ള കക്ഷിചേര്‍ന്നതോടെയുണ്ടായ രാഷ്ട്രീയസംഘര്‍ഷങ്ങളും നിമിത്തം ലബനാന്‍ വറുതിയിലേക്ക് കൂപ്പുകുത്തി. ലോകത്തെ ഏറ്റവുമധികം കടബാധ്യതയുള്ള രാജ്യങ്ങളിലൊന്നായി ഇത് മാറി.
ഇയ്യിടെ ഇരുന്നൂറിലധികം പേര്‍ മരിക്കുകയും പതിനായിരത്തോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത ഭീകര സ്‌ഫോടനത്തില്‍ മൂന്ന് ലക്ഷത്തോളം പേര്‍ ഭവനരഹിതരായിരിക്കുന്നുവെന്നാണ് ബെയ്‌റൂട്ട്് സിറ്റി ഗവര്‍ണര്‍ പറഞ്ഞത്. ലബനാന് അന്നവും വെള്ളവും എന്നല്ല, ജീവിതം തന്നെ പ്രദാനം ചെയ്യുന്ന തുറമുഖത്തെയും സമീപനഗരത്തെയുമാണ് സ്‌ഫോടനം നക്കിത്തുടച്ചിരിക്കുന്നത്. പകുതിയിലധികം പേരും ദാരിദ്ര്യരേഖക്കു കീഴില്‍ ദുരിതപ്പെടുന്ന, ലോകത്തെ ഏറ്റവും വലിയ കടക്കെണിയിലുള്ള, നാണയപ്പെരുപ്പം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന നാട്ടില്‍ എന്തും ഏതും ഇറക്കുമതിയായി തന്നെ എത്തണം. മുഖ്യഭക്ഷ്യവിഭവമായ ഗോതമ്പിന്റെ 90 ശതമാനവും റഷ്യയടക്കമുള്ള വിദേശരാജ്യങ്ങളില്‍നിന്നു ഇറക്കുമതി ചെയ്യുന്നതാണ്. രാജ്യത്തിന് ഭക്ഷണമായി സംഭരിച്ച ധാന്യശേഖരത്തിന്റെ 85 ശതമാനം സ്‌ഫോടനത്തില്‍ നശിച്ചുപോയി എന്നാണ് കണക്കുകള്‍പറയുന്നത്. ബെയ്‌റൂട്ട് നഗരത്തിന്റെ വലിയൊരു ഭാഗവും സ്‌ഫോടനാവശിഷ്ടങ്ങള്‍ നിറഞ്ഞുനില്‍ക്കുകയാണ്. ആയിരക്കണക്കിന് താമസകേന്ദ്രങ്ങളും വാഹനങ്ങളുമാണ് തകര്‍ന്നത്. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. അമോണിയം നൈട്രേറ്റാണ് സ്‌ഫോടക കാരണമെന്നാണ് സൂചനയെങ്കിലും വിശദ അന്വേഷണം ഇപ്പോഴും നടക്കുന്നുണ്ട്. ധാരാളം ദുരൂഹതകള്‍ ഇപ്പോഴും പറഞ്ഞുകേള്‍ക്കുന്നു.
സ്‌ഫോടനത്തിന് കാരണമായി കരുതുന്ന 2750 ടണ്‍ അമോണിയം നൈട്രേറ്റ് ആറ് വര്‍ഷത്തിലധികമാണ് ബെയ്‌റൂട്ട് തുറമുഖത്തെ 12-ാം നമ്പര്‍ ഹാംഗറില്‍ സൂക്ഷിച്ചതെന്ന് രേഖകള്‍ പറയുന്നു. ഒരേസമയം സ്‌ഫോടക വസ്തുവായും വളമായും ഉപയോഗിക്കുന്ന അമോണിയം നൈട്രേറ്റ് നീക്കാന്‍ നടപടി വേണമെന്ന് കസ്റ്റംസ് അധികൃതര്‍ ആറുപ്രാവശ്യത്തിലധികം നീതിന്യായ സംവിധാനങ്ങള്‍ക്ക് കത്തെഴുതിയെങ്കിലും ഫലമുണ്ടായില്ല. ആഭ്യന്തര കലാപങ്ങളുടെയും സംഘര്‍ഷങ്ങളുടെയും ലോകത്തുനിന്ന് പുനരുജ്ജീവനം കൊതിച്ച നഗരത്തിന്റെ വലിയൊരു ഭാഗത്തെ ഇല്ലാതാക്കാന്‍ ഇത് കാരണവുമായി. 2013 സപ്തംബറില്‍ മാള്‍ഡോവന്‍ പതാക വഹിച്ച റഷ്യന്‍ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലിലാണ് അമോണിയം നൈട്രേറ്റ് എത്തിയത്. ‘ദ റോസസ്’ എന്ന കപ്പല്‍ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ബെയ്‌റൂട്ട് തുറമുഖത്ത് നങ്കൂരമിട്ടു. ജോര്‍ജിയയില്‍ നിന്ന് മൊസാംബിക്കിലേക്ക് പോയ കപ്പലിന് ലബനീസ് അധികൃതര്‍ തുടര്‍യാത്ര അനുമതി നിഷേധിച്ചു. ഉടമകള്‍ കപ്പല്‍ ഉപേക്ഷിച്ചതോടെ അമോണിയം നൈട്രേറ്റ് ഹാംഗറിലെ ഗാരേജിലേക്ക് മാറ്റി. 2014 ജൂണ്‍ 27 മുതല്‍ കസ്റ്റംസ് മേധാവികള്‍ ഇത് സൂക്ഷിക്കുന്നതിന്റെ അപകടത്തെക്കുറിച്ച് തുടര്‍ച്ചയായി കത്തെഴുതി. കയറ്റുമതി ചെയ്യുക, ലബനീസ് സൈന്യത്തിന് കൈമാറുക, സ്വകാര്യ സ്ഥാപനമായ ലബനീസ് എക്‌സ്‌പ്ലോസീവ് കമ്പനിക്ക് കൈമാറുക എന്നീ മൂന്ന് നിര്‍ദ്ദേശങ്ങളില്‍ ഒന്നിന് അനുമതി ആവശ്യപ്പെട്ടു. മറുപടി പറയാതിരുന്നതോടെ ആറു വര്‍ഷത്തിലധികം സൂക്ഷിക്കുകയും സ്‌ഫോടനകാരണമാകുകയുമായിരുന്നു. ബെയ്‌റൂട്ട് സ്‌ഫോടനത്തെ തുടര്‍ന്ന് തെരുവിലായത് മൂന്ന് ലക്ഷം പേരാണ്. കനത്ത സ്‌ഫോടനങ്ങളില്‍ താമസകേന്ദ്രങ്ങള്‍ തകര്‍ന്നതോടെയാണ് ഇത്രയധികം പേര്‍ ഭവനരഹിതരായത്. നഗരപ്രാന്തങ്ങളില്‍ പോലും സ്‌ഫോടനത്തെത്തുടര്‍ന്ന് വീടുകള്‍ നശിച്ചിട്ടുണ്ട്. നഗരത്തിലെ മിക്ക കെട്ടിടങ്ങളുടെയും ചില്ലുകള്‍ തെറിച്ചുപോവുകയും വാതിലുകളും ജനലുകളും കിലോമീറ്ററുകള്‍ അകലേക്ക് പറന്നുപോവുകയും ചെയ്തു. ബെയ്‌റൂട്ട് വിമാനത്താവളത്തില്‍ അടക്കം വാതിലുകള്‍ തെറിച്ചുവീണു. റിക്ടര്‍ സ്‌കെയിലില്‍ 3.5 മാഗ്‌നിറ്റിയൂഡ് രേഖപ്പെടുത്തുന്ന ഭൂകമ്പത്തിന്റെ ശക്തിയായിരുന്നു സ്‌ഫോടനത്തിന്. 240 കിലോമീറ്റര്‍ അകലെയുള്ള സൈപ്രസ് ദ്വീപില്‍ വരെ സ്‌ഫോടന ശബ്ദം കേട്ടു. ലെബനാന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ വന്‍ സഫോടനത്തിന് കാരണമായത് 2750 ടണ്‍ അമോണിയം നൈട്രേറ്റ് ആണെന്നാണ് പൊതു നിഗമനം. ഇത് നമുക്കും ഒരു പാഠമാണ്. ചെന്നൈ തുറമുഖത്തും ഇത്തരം രാസവസ്തുക്കള്‍ കെട്ടിക്കിടക്കുന്നു എന്ന വാര്‍ത്തകള്‍ വന്നു കഴിഞ്ഞു. ലബനോന്‍ തലസ്ഥാന നഗരിയില്‍ കാര്യമായ നാശനഷ്ടമാണ് സ്‌ഫോടനത്തിലൂടെ ഉണ്ടായിരിക്കുന്നത്. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ തന്നെ മാസങ്ങള്‍ വേണ്ടിവരും. കോവിഡ് ഭീതിയിലും സാമ്പത്തിക പ്രതിസന്ധിയിലും വലയുന്ന ബെയ്‌റൂട്ടില്‍ നീണ്ട വര്‍ഷങ്ങള്‍ക്കിടയിലുണ്ടാകുന്ന ഏറ്റവും ശക്തമായ സ്‌ഫോടനമാണിത്. ബെയ്‌റൂട്ടില്‍ 2750 ടണ്‍ അമോണിയം നൈട്രേറ്റാണ് സൂക്ഷിച്ചിരുന്നത്. ഇത് ഏതാണ്ട് 1155 ടണ്‍ ട്രൈ നൈട്രോ ടുളുവിന് (ടി.എന്‍.ടി.) സമമാണ്. ഇത്രയും അളവില്‍ ടി.എന്‍.ടി.പൊട്ടിത്തെറിച്ചാല്‍ 800 അടി ചുറ്റളവിലുള്ള എല്ലാ കെട്ടിടങ്ങളും തകരും. 1.25 മൈല്‍ പ്രദേശത്തോ അതിനപ്പുറമോ ഉള്ള ചില്ലുകളും തകരും. ഇത് വിമാനത്തില്‍നിന്നും വര്‍ഷിക്കുന്ന ബോംബുകളെക്കാളും എത്രയോമടങ്ങ് ശക്തമാണ്. 2017-ല്‍ അഫ്ഗാനിസ്ഥാനില്‍ ഇസ്‌ലാമിക് സ്റ്റേറ്റിനുനേരെ ഉപയോഗിച്ച ‘മദര്‍ ഓഫ് ഓള്‍ ബോംബ്‌സ്’ എന്നറിയപ്പെടുന്ന ജെ.ബി.യു.-43 ബി, 9.35 ടണ്‍ ടി.എന്‍.ടി.ക്ക് തുല്യമാണെന്നാണ് യു.എസ്. ആര്‍മി ഡിഫന്‍സ് അമ്യുണിഷന്‍ സെന്റര്‍ നല്‍കുന്ന വിവരം. അതേസമയം, ബെയ്‌റൂട്ടിലെ സ്‌ഫോടനം ഹിരോഷിമയിലെ 75 വര്‍ഷം മുമ്പത്തെ 15,000 ടണ്‍ ടി.എന്‍.ടി. അണുബോംബിനെക്കാളും എത്രയോ ചെറുതാണ്.
സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ഉയര്‍ന്നു കൊണ്ടേയിരിക്കുകയാണ്. 5000 പേര്‍ക്കു പരുക്കേറ്റു എന്നത് പ്രാഥമിക കണക്കു മാത്രമാണ്. വീടുകള്‍ നഷ്ടമായ ലക്ഷക്കണക്കിനു ആളുകള്‍ ഇപ്പോള്‍ തെരുവിലാണ്. ഇരട്ട സ്‌ഫോടനം നടന്ന ബെയ്‌റൂട്ടിന്റെ അതിദാരുണമായ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരുന്നതിനടുത്ത് നടത്തിയ വെല്‍ഡിങ് ജോലിക്കിടെ തീപ്പൊരി ചിതറിയതാകാം ദുരന്തത്തിന് ഇടയാക്കിയതെന്ന് സംശയമുണ്ട്. ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിനെ പിടിച്ചുകുലുക്കിയ വന്‍സ്‌ഫോടനങ്ങള്‍ ലോക രാഷ്ട്രീയത്തിലും വിവാദങ്ങള്‍ക്കു തിരി കൊളുത്തിയിരിക്കയാണ്.