അയോദ്ധ്യയിലെ രാമക്ഷേത്രനിര്‍മ്മാണത്തില്‍ ഏറ്റവും സന്തോഷിക്കുന്നത് ഹിന്ദുത്വരാഷ്ട്രീയക്കാരാണ് എന്നു കരുതുന്നുവെങ്കില്‍ തെറ്റി. ഈ വാര്‍ത്ത ചാനലുകളില്‍ കണ്ടപ്പോള്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ലഡുവാങ്ങി ഏ.കെ.ജി സെന്ററില്‍ വന്നവര്‍ക്കൊക്കെ വിതരണം ചെയ്തു എന്നാണ് കേള്‍വി. അയോദ്ധ്യാക്ഷേത്രനിര്‍മ്മാണം ഏറ്റവും ഗുണം ചെയ്യുക പാര്‍ട്ടിക്കാണ് എന്ന് അദ്ദേഹം പത്രക്കാരോട് ഉള്ളുതുറന്നു പറയുകയും ചെയ്തു. ഇതു പാര്‍ട്ടിയുടെ നിലപാട് മാറ്റമാണ്, മാര്‍ക്‌സിസ്റ്റുകാര്‍ ഹിന്ദുത്വ പാതയിലേയ്ക്ക് മാറി എന്നൊന്നും തെറ്റിദ്ധരിക്കണ്ട. അത് പാര്‍ട്ടിയുടെ അടവുനയമാണ്. കോണ്‍ഗ്രസ് നേതാക്കള്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനു അനുകൂലമായി നിലപാടെടുത്തതോടെ കോണ്‍ഗ്രസ്സുകാര്‍ മൃദുഹിന്ദുത്വവാദികളാണ് എന്നും മുസ്ലിം ന്യൂനപക്ഷത്തിന്റെ താല്പര്യ സംരക്ഷകര്‍ സി.പി.എം മാത്രമാണ് എന്നും സമര്‍ത്ഥിക്കാന്‍ കിട്ടിയ അവസരമാണ് എന്നതാണ് കോടിയേരി സഖാവ് ഇതിനു കാണുന്ന ന്യായം. അടുത്ത തിരഞ്ഞെടുപ്പില്‍ രാമക്ഷേത്ര വിഷയം ഉന്നയിച്ച് മുസ്ലിംവോട്ട് തങ്ങളുടെ പെട്ടിയിലാക്കാന്‍ കഴിയുമെന്നു സഖാവ് പത്രക്കാരോട് വെളിപ്പെടുത്തുകയും ചെയ്തു.
മുസ്ലിം വര്‍ഗ്ഗീയതയെ പ്രീണിപ്പിച്ച് സാമുദായിക ധ്രുവീകരണം വഴി അധികാരത്തിലേറിയതാണ് കേരളത്തിലെ മാര്‍ക്‌സിസ്റ്റുചരിത്രം. കോണ്‍ഗ്രസ് ലീഗിനെ കറിവേപ്പിലയാക്കി എന്നു പ്രസംഗിച്ച ഇ.എം.എസ്. 67-ല്‍ ലീഗിനെ ഉള്‍പ്പെടുത്തി മന്ത്രിസഭയുണ്ടാക്കിയപ്പോള്‍ തുടങ്ങിയതാണിത്. കോടിയേരി ഇ.എം.എസ്സിന്റെ ചിത്രത്തിനു താഴെയുള്ള കസേരയിലിരുന്നു അതേ വര്‍ഗ്ഗീയത ഇപ്പോഴും ആവര്‍ത്തിക്കുന്നു.