Friday, August 12, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home യാത്രാവിവരണം

കടല്‍കടന്ന് ബേട്ടു ദ്വാരകയിലേക്ക് (പ്രഭാസതീര്‍ത്ഥക്കരയില്‍ 5)

ഡോ. മധു മീനച്ചില്‍

Print Edition: 31 July 2020

ഭാരതത്തിന്റെ പടിഞ്ഞാറേ അതിര്‍ത്തിയില്‍ ഗുജറാത്തിന്റെ തീരത്തുള്ള അവസാനത്തെ റെയില്‍വേ സ്റ്റേഷനാണ് ഓഖാ റെയില്‍വേ സ്റ്റേഷന്‍. ഇവിടെ നിന്നും അധികം ദൂരെയല്ലാതെ ‘കച്ച്’ കടലിടുക്കിലുള്ള 13 കിലോ മീറ്റര്‍ നീളവും 4 കിലോമീറ്റര്‍ വീതിയുമുള്ള ശംഖാകൃതിയിലുള്ള ദ്വീപാണ് ബേട്ടു ദ്വാരക എന്നറിയപ്പെടുന്നത്. ശംഖാകൃതിയുള്ളതുകൊണ്ടാവാം ഇതിന് ശംഖദ്വാരക എന്നും പേരുണ്ട്. ജരാസന്ധന്റെ ശല്യം സഹിക്കവയ്യാതെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്റെ യാദവ കുലത്തോടൊപ്പം കടല്‍ നടുവിലുള്ള ഈ ദ്വീപില്‍ കോട്ടകെട്ടി പാര്‍ത്തു എന്നാണ് വിശ്വാസം. അതുകൊണ്ട് ഇവിടെ ഭഗവാന്‍ കൃഷ്ണനെ ‘രണ ഛോട് റായ്’ എന്ന ഓമനപ്പേരിലും ഭക്തജനങ്ങള്‍ വിളിക്കാറുണ്ട്. രണ ഛോട് റായ് എന്നാല്‍ യുദ്ധത്തില്‍ നിന്നും ഓടിപ്പോന്നവന്‍ എന്നര്‍ത്ഥം. യുദ്ധം മാത്രമല്ല സന്ധിയും പിന്മാറ്റവും ഒക്കെ നയതന്ത്രജ്ഞന്റെ ജീവിതത്തില്‍ സ്വാഭാവികമാണല്ലോ. 12 യോജന വിസ്താരമുള്ള പ്രദേശം കൊട്ടാരം ഉണ്ടാക്കാന്‍ സാക്ഷാല്‍ വരുണദേവന്‍ തന്നെ കൃഷ്ണന് വിട്ടുകൊടുത്തു എന്ന് പുരാണങ്ങള്‍ പറയുന്നു. ദേവശില്പിയായ വിശ്വകര്‍മ്മാവായിരുന്നു കൃഷ്ണന് ഇവിടെ രാജധാനി പണിതുകൊടുത്തത്. മഹാഭാരതയുദ്ധത്തിന് ശേഷം 36 വര്‍ഷം കഴിഞ്ഞപ്പോള്‍ ദ്വാരക കടലില്‍ മുങ്ങിപ്പോയി എന്നും അതിനു മുന്നേ തന്നെ കൃഷ്ണന്‍ സ്വര്‍ഗ്ഗാരോഹണം ചെയ്തു എന്നും പുരാണകഥകള്‍ പറയുന്നു. ഒരു പക്ഷേ ചരിത്രത്തിലെ ആദ്യത്തെ സുനാമിയായിരുന്നിരിക്കണം ദ്വാരക കടലെടുത്തുപോകാന്‍ കാരണം. ബേട്ടുദ്വാരകയിലേയ്ക്കുള്ള ബോട്ടുകള്‍ നിറയെ യാത്രക്കാരുമായി വന്‍കരയില്‍ നിന്നും പൊയ്‌ക്കൊണ്ടിരുന്നു. ഉള്‍ക്കടലായതുകൊണ്ട് വലിയ ഓളമോ തിരയോ ഒന്നും ഉണ്ടായിരുന്നില്ല. ഞങ്ങളും തിക്കിത്തിരക്കി ഒരു ബോട്ടില്‍ കടന്നു കൂടി. ഭൂരിപക്ഷം യാത്രക്കാരും തീര്‍ത്ഥാടകരാണ്. ഏതാണ്ട് മൂന്നര കിലോമീറ്റര്‍ കടലിലൂടെ യാത്ര ചെയ്യാന്‍ 25 മിനുട്ട് എടുത്തിട്ടുണ്ടാവണം. ബേട്ടു ദ്വാരക കാര്യമായ വികസനങ്ങള്‍ എത്തി നോക്കാത്ത ഒരു മുക്കുവഗ്രാമമാണ്. ഇവിടെയുള്ള 10000 ത്തോളം ജനങ്ങള്‍ മല്‍സ്യബന്ധനത്തിലും കച്ചവടത്തിലും ഏര്‍പ്പെട്ടിരിക്കുന്നു. മുസ്ലീങ്ങളാണ് ഭൂരിപക്ഷം. ഏതോ ഒരു സൂഫിവര്യന്റെ ദര്‍ഗ കടല്‍ യാത്രയില്‍ തന്നെ ദൃഷ്ടിയില്‍പ്പെട്ടു. കൃഷ്ണന്റെ രാജധാനി ഉണ്ടായിരുന്നു എന്നു കരുതുന്ന സ്ഥലത്ത് ഇന്ന് കേശവറായ് ക്ഷേത്രം സ്ഥിതിചെയ്യുന്നു. 10 വര്‍ഷങ്ങള്‍ക്ക് മുന്നേ ഞാന്‍ വരുമ്പോള്‍ കണ്ട ജീര്‍ണ്ണാവസ്ഥയിലുള്ള ക്ഷേത്രത്തിന്റെ സ്ഥാനത്ത് മാര്‍ബിളില്‍ ഉണ്ടാക്കിയ മനോഹരമായ ക്ഷേത്രം ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. പരിസരത്തുള്ള മറ്റു പല ക്ഷേത്രങ്ങളും പുനര്‍നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ ചെല്ലുമ്പോള്‍ കേശവ റായ് ക്ഷേത്രത്തിന്റെ നട അടച്ചിരിക്കുകയായിരുന്നു. നടതുറക്കുന്നതും കാത്ത് തിക്കിത്തിരക്കി നില്‍ക്കുന്ന ജനങ്ങളുടെ ഇടയിലൂടെ പൂജാരികള്‍ എന്നു തോന്നുന്ന ഒന്ന് രണ്ട് പേര്‍ കടന്നുവന്നു. ഭഗവാന്റെ ഇഷ്ടപ്പെട്ട വഴിപാട് വിവരങ്ങള്‍ അവര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് അവല്‍ കിഴി സമര്‍പ്പണമായിരുന്നു. ദ്വാരകയില്‍ സര്‍വ്വസൗഭാഗ്യങ്ങളോടും കൂടി കഴിയുന്ന തന്റെ സതീര്‍ത്ഥ്യനെ കാണുവാന്‍ ഒരുപിടി അവലുമായി കുചേല ബ്രാഹ്മണന്‍ വന്നതിനെ അനുസ്മരിപ്പിക്കുന്ന വഴിപാടാണ് അവല്‍ കിഴി സമര്‍പ്പണം. അവല്‍ കിഴി കൊണ്ടുവരാത്തവര്‍ പണം സമര്‍പ്പിച്ചാലും മതിയാകുമെന്ന് പൂജാരി ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ടായിരുന്നു. അവല്‍ പോലും കരുതാന്‍ കഴിയാത്ത ദരിദ്രതീര്‍ത്ഥാടകരായതുകൊണ്ട് ഞങ്ങളാരും പണവും സമര്‍പ്പിച്ചില്ല. ദര്‍ശനം കഴിഞ്ഞ് പുറത്തു വരുമ്പോഴേക്കും സൂര്യന്‍ പടിഞ്ഞാറ് ചാഞ്ഞു കഴിഞ്ഞിരുന്നു. ദ്വാരകയുടെ ജീവിതം തേടി തീര്‍ത്ഥാടനവഴിയില്‍ നിന്നും അല്പം മാറി ഞങ്ങള്‍ കടല്‍ത്തീരത്തേക്ക് പോയി.

ജീര്‍ണ്ണിച്ച കെട്ടിടങ്ങളില്‍ പച്ചക്കറിയും പലചരക്കുമൊക്കെ വില്‍ക്കുന്നവരെ വഴിയോരത്ത് കാണാന്‍ കഴിഞ്ഞു. എല്ലാവരും തന്നെ മുസ്ലിം സഹോദരന്മാരാണ്. പണികഴിഞ്ഞ് വിശ്രമിക്കുന്നവരാണെന്ന് തോന്നുന്നു, ചിലര്‍ ഞങ്ങളെ സംശയത്തോടുകൂടി നോക്കുന്നുണ്ടായിരുന്നു. വഴിതെറ്റിവരുന്ന തീര്‍ത്ഥാടകരാണ് എന്നാണ് അവര്‍ ഞങ്ങളെ കുറിച്ച് കരുതിയത്. ക്യാമറയും മറ്റ് സാമഗ്രികളും ഒക്കെ കണ്ടതോടുകൂടി ചിലര്‍ക്ക് ഞങ്ങള്‍ എന്തിന് വന്നു എന്നറിയണം. പത്രപ്രവര്‍ത്തക പശ്ചാത്തലം ഉള്ളതുകൊണ്ട് കാര്യങ്ങള്‍ പഠിക്കാന്‍ വേണ്ടി വഴിമാറി സഞ്ചരിക്കുന്നതാണ് എന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ ഗ്രാമീണര്‍ പലരും വാചാലരായി. തങ്ങളില്‍ ഭൂരിപക്ഷവും മത്സ്യബന്ധനം ഉപജീവനമാക്കിയവരാണെന്നും ദ്വീപിലുള്ള മുസ്ലീങ്ങളും ഹിന്ദുക്കളും ഏകോദര സഹോദരന്മാരെ പോലെയാണ് കഴിയുന്നതെന്നും അവര്‍ ഞങ്ങളോട് പറഞ്ഞു. കടലിന് നടുവില്‍ ഉയര്‍ന്നു നില്‍ക്കുന്ന തൂണുകളെ കുറിച്ച് ചോദിച്ചപ്പോഴാണ് വന്‍കരയെയും ദ്വീപിനെയും ബന്ധിപ്പിക്കുന്ന പാലം പണിയാണ് നടക്കുന്നത് എന്ന് മനസ്സിലായത്. 400 കോടിയാണത്രേ പ്രതീക്ഷിക്കുന്ന നിര്‍മ്മാണച്ചെലവ്. പാലം വരുമ്പോള്‍ ബോട്ടില്‍ പണിയെടുക്കുന്നവരുടെ പലരുടെയും തൊഴില്‍ നഷ്ടപ്പെടില്ലേ എന്നു ചോദിച്ചപ്പോള്‍ ചിരിച്ചുകൊണ്ട് ഗ്രാമീണര്‍ പറഞ്ഞത് – വികസനം വരുമ്പോള്‍ തൊഴില്‍ നഷ്‌പ്പെടുകയില്ല, വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത് എന്നായിരുന്നു. തൊഴിലാളി വര്‍ഗ്ഗബോധം വികസന വിരുദ്ധതയായി തലയ്ക്കു പിടിച്ച കേരളീയ രാഷ്ട്രീയ നേതാക്കന്മാരെ ഗുജറാത്തിലെ ഈ കുഗ്രാമത്തില്‍ ജീവിക്കുന്ന പാവപ്പെട്ട ഗ്രാമീണരുടെ മുന്നില്‍ എഴുത്തിനിരുത്തേണ്ടതാണ് എന്ന് എനിക്ക് തോന്നിപ്പോയി.

ഞങ്ങള്‍ കടല്‍ത്തീരത്ത് നിന്നും വീണ്ടും കേശവ റായ്ജി ക്ഷേത്രം വഴി ബോട്ടുജട്ടിയിലേക്ക് നടന്നു. കേശവറായ്ജി ക്ഷേത്രം 18-ാം നൂറ്റാണ്ടില്‍ പണിതതാണ് എന്നാണ് വിശ്വാസം. ദ്വാരക കടലെടുത്തുപോയി എന്നത് കേവല വിശ്വാസത്തിനപ്പുറം ഇന്ന് ചരിത്രപരമായ തെളിവുകളുടെ പിന്‍ബലമുള്ള ഒരു വസ്തുതയായി മാറിയിരിക്കുന്നു. 1930 മുതല്‍ ബേട്ടു ദ്വാരകയുടെ പരിസരങ്ങളില്‍ ഗവേഷണം നടക്കുന്നുണ്ട്. വന്‍കരയില്‍ നിന്നും അരമൈല്‍ മാറി ദ്വാരകയുടേതെന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തുക ഉണ്ടായി. സ്വാതന്ത്ര്യാനന്തരം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ നടത്തിയ പര്യവേഷണങ്ങള്‍ 1983നും 1990നും ഇടയില്‍ പലവട്ടം നടന്നു. ആറു പ്രവിശ്യകളായി തിരിച്ച് നടത്തിയ ഗവേഷണങ്ങളില്‍ നദീ തീരത്തുണ്ടായിരുന്ന ഒരു പ്രാചീന നഗരത്തിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുക്കാനായി. ബി.സി. രണ്ടാം നൂറ്റാണ്ടില്‍ ഒരു നഗരം ഇവിടെ നിലനിന്നതിന്റെ തെളിവുകളും ലഭിക്കുകയുണ്ടായി. 30 ചെമ്പുനാണയങ്ങള്‍, പടുകൂറ്റന്‍ തൂണുകളുടെ അസ്ഥിവാരങ്ങള്‍ മണ്‍പാത്രങ്ങള്‍ എന്നിവയൊക്കെയാണ് ഖനനം നടത്തുമ്പോള്‍ ഒരിക്കല്‍ ലഭിച്ചത്. കാര്‍ബണ്‍ ഡേറ്റിംഗിലൂടെ ഇതിന്റെ കാലഗണന നിര്‍ണ്ണയിച്ചപ്പോള്‍ ബിസി 1500 ലേതാണ് അവശിഷ്ടങ്ങള്‍ എന്ന് കണ്ടെത്തി. കൃഷ്ണനും ദ്വാരകയും ഒന്നും കേവലം ഒരു കെട്ടുകഥയല്ല എന്ന് ചരിത്ര ഗവേഷകന്മാരുടെ കണ്ടെത്തലുകള്‍ നമ്മളോട് വിളിച്ചുപറയുന്നു. കൃഷ്ണന്റെ സ്വര്‍ഗ്ഗാരോഹണത്തോടെ ഒരു യുഗത്തിന് അന്ത്യമായി എങ്കില്‍ ഇരുളുപരന്നു തുടങ്ങിയ നട വഴികളിലൂടെ ബോട്ടു ജെട്ടിയിലേക്ക് എത്തുമ്പോള്‍ ദ്വാരകയിലെ ഞങ്ങളുടെ സന്ദര്‍ശനവും പൂര്‍ണ്ണമാവുകയായിരുന്നു.

സോമനാഥ ദര്‍ശനത്തിനായി
ദ്വാരക റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സോമനാഥത്തിലേയ്ക്കുള്ള ഞങ്ങളുടെ തീവണ്ടി വെളുപ്പിന് 5.30 ഓടുകൂടി സോമനാഥില്‍ എത്തി. സോമനാഥ് റെയില്‍വേ സ്റ്റേഷന്‍ പഴയതില്‍ നിന്നും ഏറെ മാറിപ്പോയിരിക്കുന്നു. പ്ലാറ്റ് ഫോമും കെട്ടിടങ്ങളും എല്ലാം നവീകരിച്ചതായി കണ്ടു. പ്ലാറ്റ്‌ഫോമില്‍ വച്ചു തന്നെ ഒരു റിക്ഷാവാലയുമായി ഞങ്ങള്‍ ധാരണയിലെത്തി. സോമനാഥ ക്ഷേത്രത്തിന്റെ തൊട്ടടുത്തു തന്നെയുള്ള ഒരു ലോഡ്ജില്‍ മുറിയെടുത്ത് ഞങ്ങള്‍ കുളിയും മറ്റു കാര്യങ്ങളും കഴിച്ചു. പ്രഭാത ഭക്ഷണത്തിനു മുന്നേ തന്നെ ക്ഷേത്രദര്‍ശനമാകാമെന്ന് തീരുമാനിച്ചു. പ്രഭാതത്തിലെ ഇളംവെയിലില്‍ സോമനാഥ ക്ഷേത്രത്തിന്റെ താഴികക്കുടങ്ങള്‍ വെട്ടിത്തിളങ്ങുന്നത് ദൂരെ നിന്നേ കാണാമായിരുന്നു. സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം ഞങ്ങള്‍ ക്ഷേത്ര മതില്‍ക്കകത്ത് പ്രവേശിച്ചു. എന്തുകൊണ്ടോ വലിയ തിരക്ക് അനുഭവപ്പെട്ടില്ല. പത്ത് വര്‍ഷം മുന്നേ സോമനാഥദര്‍ശനം നടത്തിയപ്പോള്‍ ഗര്‍ഭഗൃഹത്തില്‍ വരെ പ്രവേശനം ഉണ്ടായിരുന്നതായി ഓര്‍ത്തു. സുരക്ഷാകാരണങ്ങളാല്‍ ആവാം ഇപ്പോള്‍ ഗര്‍ഭഗൃഹത്തിലേക്ക് പ്രവേശനമില്ല. എങ്കിലും ഭക്തജനങ്ങള്‍ക്ക് സോമനാഥ ദര്‍ശനം സൗകര്യപ്രദമാകുന്നവിധത്തിലാണ് ക്ഷേത്രത്തിന്റെ നിര്‍മ്മിതി. പടുകൂറ്റന്‍ ശിവലിംഗത്തില്‍ ഭക്തജനങ്ങള്‍ക്ക് നേരിട്ട് ജലാഭിഷേകം നടത്താമായിരുന്നു. എന്നാല്‍ ഇന്ന് പുറത്തുസ്ഥാപിച്ചിരിക്കുന്ന ഒരു പാത്രത്തിലേ അഭിഷേകജലം ഒഴിക്കാന്‍ കഴിയൂ. ഭക്തജനങ്ങള്‍ ഒഴിക്കുന്ന അഭിഷേകജലം ഒരു കുഴല്‍ മാര്‍ഗ്ഗം അപ്പോള്‍ തന്നെ ശിവലിംഗത്തില്‍ ധാരയായി പെയ്തിറങ്ങും. ഏറെ നേരം ശാന്തമായി ജ്യോതിര്‍ലിംഗദര്‍ശനം സാധ്യമായതിന്റെ സന്തോഷത്തില്‍ ഞങ്ങള്‍ ക്ഷേത്രത്തിന് പ്രദക്ഷിണം വയ്ക്കാന്‍ തുടങ്ങി. ഭാരതത്തിലെ ദ്വാദശ ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാണ് സോമനാഥം. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തായി ദ്വാദശ ജ്യോതിര്‍ലിംഗങ്ങളെയും പരിചയപ്പെടുത്തുന്ന ഒരു ലഘു പ്രദര്‍ശിനി ഉണ്ട്. അതുകണ്ട് മുന്നോട്ടു നടക്കുമ്പോള്‍ കരള്‍ അലിയിക്കുന്ന ഒരു കാഴ്ച കണ്ണില്‍ തടയും. അത് സോമനാഥ ക്ഷേത്രത്തിന്റെ വടക്കു പടിഞ്ഞാറേ മൂലയില്‍ സ്ഥിതിചെയ്യുന്ന പ്രാചീന ക്ഷേത്രത്തിന്റെ അവശിഷ്ടമാണ്. ഏതാണ്ട് രണ്ടാള്‍ ഉയരമുള്ള സാന്റ് സ്റ്റോണില്‍ നിര്‍മ്മിച്ച ഒരു ശ്രീകോവിലിന്റെ തറ നമുക്ക് അവിടെ കാണാന്‍ കഴിയും. ഇത് പ്രാചീന സോമനാഥക്ഷേത്രത്തിലെ പാര്‍വ്വതീ മന്ദിരമായിരുന്നുവത്രേ. പതിനൊന്നാം നൂറ്റാണ്ട് മുതല്‍ 18-ാം നൂറ്റാണ്ട് വരെ തുടരെ തുടരെ ഉണ്ടായ മുസ്ലീം ആക്രമണങ്ങളില്‍ നിരവധി തവണ ആക്രമണത്തിന് വിധേയമായ ഒരു മഹാക്ഷേത്രമാണ് സോമനാഥം. അതി സമ്പന്നമായിരുന്ന സോമനാഥ ക്ഷേത്രത്തിന്റെ സ്വര്‍ണ്ണനിര്‍മ്മിതമായ താഴികക്കുടം കാതങ്ങള്‍ക്ക് അപ്പുറത്ത് നിന്നും കാണാമായിരുന്നുവത്രേ. സോമനാഥനെ പള്ളി ഉണര്‍ത്താന്‍ സ്ഥാപിച്ചിരുന്ന പടുകൂറ്റന്‍ മണിയുടെ നാവില്‍ ബന്ധിച്ചിരുന്നത് 200 മന്ന് സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച ചങ്ങലയായിരുന്നു പോലും. പതിനായിരം ഗ്രാമങ്ങളുടെ വരുമാനം ഉണ്ടായിരുന്ന സോമനാഥനെ സേവിക്കാന്‍ 1000ത്തോളം പൂജാരിമാര്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നതായാണ് കേട്ടുകേള്‍വി. ഇതുകൊണ്ട് ഒക്കെ ആവാം മുഹമ്മദ് ഗസ്‌നി എന്ന ഇസ്ലാമിക അക്രമി 17 തവണ സോമനാഥ ക്ഷേത്രത്തെ ആക്രമിച്ച് കൊള്ള ചെയ്തത്. ക്ഷേത്രം തകര്‍ത്ത ഗസ്‌നി കുതിരക്കുളമ്പടികളില്‍ വടം കെട്ടി വിഗ്രഹത്തില്‍ ബന്ധിച്ചാണത്രേ ജ്യോതിര്‍ലിംഗം പിഴുതെറിഞ്ഞത്.

സൗരാഷ്ട്രയിലെ ജുനാഗഡിനടുത്തുള്ള പ്രഭാസ പട്ടണത്തിലാണ് സോമനാഥക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്. യാദവ രാജാവ് വല്ലഭിയാണത്രേ ആദിക്ഷേത്രത്തിന്റെ നിര്‍മ്മാതാവ്. ഈ ക്ഷേത്രത്തെ സിന്ധിലെ അലാബുന്‍ ഗവര്‍ണര്‍ തകര്‍ത്തുകളഞ്ഞു. പിന്നീട് ചുവന്ന കല്ലുകള്‍ കൊണ്ട് ഉണ്ടാക്കിയ മനോഹരമായ ക്ഷേത്രത്തെ എ.ഡി. 1124ല്‍ തുര്‍ക്കിയില്‍ നിന്നും എത്തിയ മുഹമ്മദ് ഗസ്‌നി തകര്‍ത്തു. അക്കാലത്ത് ഭീമന്‍ ഒന്നാമനായിരുന്നു സൗരാഷ്ട്ര ഭരിച്ചിരുന്നത്. ക്ഷേത്രം സംരക്ഷിക്കാന്‍ ശ്രമിച്ച 50000 ഭക്തജനങ്ങളെ കൊലപ്പെടുത്തിയ ഗസ്‌നി 20 മില്ല്യന്‍ ദിനാറിനുള്ള വിലപിടിച്ച വസ്തുക്കളാണ് ക്ഷേത്രത്തില്‍ നിന്നു അപഹരിച്ചത്. ഭക്തജനങ്ങള്‍ പുനര്‍നിര്‍മ്മിച്ച ക്ഷേത്രത്തെ വഗേലാ രാജാവ് കര്‍ണ്ണനെ തോല്‍പിച്ച് അലാവുദ്ദീന്‍ ഖില്‍ജി കൊള്ളയടിച്ചു. എ.ഡി. 1308ല്‍ മഹിപാല്‍ ഒന്നാമന്‍ സോമനാഥക്ഷേത്രം പുനര്‍നിര്‍മ്മിച്ചു. ദല്‍ഹി സുല്‍ത്താനേറ്റിലെ അവസാന ഗുജറാത്ത് ഗവര്‍ണറായിരുന്ന സഫാര്‍ഖാന്‍ എ.ഡി.1395ല്‍ സോമനാഥ ക്ഷേത്രത്തെ ആക്രമിക്കുകയും തകര്‍ക്കുകയും ചെയ്തു. പുനര്‍നിര്‍മ്മിക്കപ്പെട്ട സോമനാഥക്ഷേത്രം ഗുജറാത്ത് സുല്‍ത്താനായിരുന്ന മുഹമ്മദ് ബഗാഡ എ.ഡി. 1451ല്‍ ആക്രമിച്ചു തകര്‍ത്തു. ഇങ്ങനെ നിരന്തരമായ ആക്രമണങ്ങള്‍ നേരിട്ട സോമനാഥക്ഷേത്രം ഹിന്ദുക്കള്‍ പുനര്‍നിര്‍മ്മിച്ചുകൊണ്ടേയിരുന്നു. മുഗള്‍ രാജവംശത്തിലെ ഏറ്റവും വലിയ ഹിന്ദു പീഡകനായിരുന്ന ഔറംഗസേബ് ആണ് ക്ഷേത്രം അവസാനമായി ആക്രമിച്ച് തകര്‍ത്തത്. എ.ഡി. 1565ല്‍ സോമനാഥം തകര്‍ത്ത ഔറംഗസേബ് മേലില്‍ ക്ഷേത്രം പുനര്‍നിര്‍മ്മിക്കരുതെന്ന് കല്‍പ്പന പുറപ്പെടുവിച്ചു. എന്നു മാത്രമല്ല ഇയാള്‍ സോമനാഥക്ഷേത്രം നിന്നിരുന്ന സ്ഥാനത്ത് ഒരു മോസ്‌ക് പണിയുക കൂടി ചെയ്തു.

സ്‌കന്ദ പുരാണത്തിലെ പ്രഭാസ ഖണ്ഡത്തിലാണ് സോമനാഥ ക്ഷേത്രത്തെ സംബന്ധിക്കുന്ന ആദ്യ പരാമര്‍ശമുള്ളത്. ബ്രഹ്മാവിന്റെ ഉപദേശം അനുസരിച്ച് പ്രഭാസ തീര്‍ത്ഥത്തില്‍ ചന്ദ്രന്‍ ശിവനെ പൂജിച്ച സ്ഥലത്താണെത്രേ ജ്യോതിര്‍ലിംഗം സ്ഥിതിചെയ്യുന്നത്. ചന്ദ്രന്റെ പര്യായമാണല്ലോ സോമന്‍. സോമന്റെനാഥന്‍ ആയതുകൊണ്ട് സോമനാഥമെന്ന പേരു ലഭിച്ചു.

അധിനിവേശശക്തികളുടെ പടയോട്ടങ്ങളില്‍ തകര്‍ന്നു തരിപ്പണമായ നിരവധി മഹാക്ഷേത്രങ്ങളില്‍ ഒന്നായി സോമനാഥവും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുമായിരുന്നു. ഭാരതത്തിന്റെ ഉരുക്കു മനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ 1947 നവംബര്‍ 13ന് ക്ഷേത്രം സന്ദര്‍ശിച്ചതോടെയാണ് തകര്‍ന്ന് കിടന്ന അവശിഷ്ടങ്ങളില്‍ നിന്നു സോമനാഥക്ഷേത്രത്തെ പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനമായത്. സോമനാഥക്ഷേത്രം സ്ഥിതിചെയ്തിരുന്ന ജുനഗഡ് 1947ല്‍ പാകിസ്ഥാനില്‍ ചേരുവാന്‍ തീരുമാനിച്ചു. നവംബര്‍ 17ന് സൈന്യത്തെ അയച്ച പട്ടേല്‍ ജുനഗഡിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ചു. ഭാരതത്തിന്റെ ആത്മാഭിമാനത്തിന് മുറിവേല്‍പ്പിച്ചുകൊണ്ട് നൂറ്റാണ്ടുകളായി തകര്‍ന്നുകിടന്ന സോമനാഥ ക്ഷേത്രത്തെ പുനര്‍നിര്‍മ്മിക്കാനുള്ള പട്ടേലിന്റെ തീരുമാനത്തിന് മഹാത്മാഗാന്ധിയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടായിരുന്നു. പട്ടേലിന്റെ വലംകൈ ആയിനിന്നുകൊണ്ട് കെ.എം.മുന്‍ഷിയും അതുപോലുള്ള നിരവധി പ്രഗത്ഭരും പ്രവര്‍ത്തിച്ചു. അയോദ്ധ്യയിലെ രാമജന്മഭൂമിയിലെ അതേ അവസ്ഥയായിരുന്നു സോമനാഥിലും ഉണ്ടായിരുന്നത്. ക്ഷേത്രാവശിഷ്ടങ്ങള്‍ക്ക് മേലെ പടുത്തുയര്‍ത്തിയിരുന്ന മുസ്ലീം പള്ളി കിലോമീറ്ററുകള്‍ക്ക് അപ്പുറത്തേക്ക് മാറ്റിസ്ഥാപിക്കപ്പെട്ടു.

Tags: പ്രഭാസതീര്‍ത്ഥക്കരയില്‍
Share13TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

തിലകന്റെ ‘കേസരി’യുടെ ജന്മഗൃഹത്തില്‍

മധുരിക്കും ഓര്‍മ്മകളുടെ പാരീസ്

കൊറോണയിലേക്ക് ഒരു തീര്‍ത്ഥയാത്ര…

കൊയപ്പള്ളി തറവാട്ടിലെ കേളപ്പജി പ്രതിമയ്ക്ക് മുന്നില്‍

കേളപ്പജിയെ അറിഞ്ഞ്, അനുഭവിച്ച് ഒരു യാത്ര

ബ്രഹ്‌മപുത്ര-വിസ്മയ സേതുവില്‍ ലേഖകന്‍.

ആസ്സാം-ബ്രഹ്മപുത്ര സ്കെച്ചുകള്‍

കാലാപാനിയിലെ നേതാജി ഐലന്റ് !

Kesari Shop

  • കേസരി വാര്‍ഷിക വരിസംഖ്യ ഓണപ്പതിപ്പ് ഇല്ലാതെ ₹1,000.00
  • വികസനചിന്തയിലെ നൂതന പ്രവണതകൾ - കേരള വികസനത്തെക്കുറിച്ചുള്ള പഠനം ₹100.00
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300.00 ₹250.00
Follow @KesariWeekly

Latest

സഹകരണം വിഴുങ്ങികള്‍

ഇസ്ലാമിന്റെ ശത്രു ഇസ്ലാം

തിലകന്റെ ‘കേസരി’യുടെ ജന്മഗൃഹത്തില്‍

കോര്‍പ്പറേഷനുകളിലെ അഴിമതി ഗാഥകള്‍

നല്ല മുസ്ലീങ്ങള്‍ ഇനിയും മാറിനില്‍ക്കരുത്

ശുദ്ധമായ അദ്വൈത ബ്രഹ്‌മം (നിര്‍വികല്പം 27)

മഹാഭാരതി

അഥീര്‍: ലക്ഷണമൊത്ത മാഫിയ തലവന്‍

ഡല്‍ഹി കലാപത്തിന്റെ അണിയറ രഹസ്യങ്ങള്‍

ഒരുനേരമെങ്കിലും

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies