കോവിഡ് കാലം കോമഡിക്കാലം കൂടിയാകുന്നു. ദുരന്തങ്ങള്‍ക്കിടയിലെ കണ്ണീര്‍ മഴയത്തും ചിരിയുടെ കുട ചൂടുന്ന കാര്‍ട്ടൂണ്‍ രംഗങ്ങള്‍ കാണാം. ചരിത്രം ഈ കാലത്തെ ചില്ലു കൂട്ടിലാക്കിയെന്നുവരാം. എന്തായാലും മനുഷ്യന്റെ അല്പത്തത്തിനും അഹങ്കാരത്തിനും മുകളില്‍ കൊറോണയുടെ കോറസ്സ് ഉയരുന്നു. സ്‌നേഹവും അടുപ്പവും പ്രകടിപ്പിക്കാന്‍ മലയാളിക്ക് ഒരു പുഞ്ചിരി മതിയായിരുന്നു. ആരേയും കയറി കെട്ടിപ്പിടിക്കുന്ന രീതി പണ്ടുണ്ടായിരുന്നില്ല. ഇടക്കാലത്തു വന്നു കയറിയതാണീ ധൃതരാഷ്ട്രാലിംഗനം. കോവിഡ് ഇതിനൊക്കെ അറുതിവരുത്തിയിരിക്കുന്നു. കാര്യമൊക്കെ കൊള്ളാം, കുറച്ച് അകലെ നിന്നുള്ള കളിമതി എന്നാണ് സന്ദേശം.
ലോക്കപ്പ് മര്‍ദ്ദനം തുടങ്ങിയ കലാപരിപാടികളുടെ പേരുദോഷം പോലീസ് കോവിഡ് കാലത്ത് മാറ്റിയെടുത്തിരിക്കുന്നു. നടുറോഡിലെ കോവിഡ് പോരാളികളായ പോലീസിന്റെ പുതിയ മുഖം കണ്ട് ജനം കയ്യടിച്ചു. പത്രക്കാരെ കാണുന്നതു പോലും ചതുര്‍ത്ഥിയായിരുന്ന മുഖ്യമന്ത്രിക്ക് വൈകിട്ട് ഒരു പത്രസമ്മേളനം കൂടാതെ ഉറക്കം വരില്ലെന്നായി. പകലന്തിയോളം ഉദ്ഘാടനങ്ങളുമായി ചീറിപ്പാഞ്ഞു നടന്ന മന്ത്രിപുംഗവന്മാര്‍ക്കും നാവടക്കി പണിയെടുക്കാമെന്നായി. സമരവും റാലിയും ധര്‍ണയും പിരിവുമായി കാലം കഴിച്ചിരുന്ന രാഷ്ട്രീയക്കാര്‍ക്കും എട്ടിന്റെ പണി കിട്ടി. പുരോഹിതന്മാരും മദ്യക്കടക്കാരുമില്ലെങ്കില്‍ ആകാശം ഇടിഞ്ഞു വീഴുമെന്നാണ് കരുതിയത്. ഈ രണ്ടിടത്തും നിന്നുമാണല്ലോ മനഃസമാധനം വാങ്ങിയിരുന്നത്. നാടുനീളെ സാംസ്‌കാരിക സദസ്സുകളെ പ്രബുദ്ധമാക്കാന്‍ ക്യൂ നിന്നിരുന്ന ബുദ്ധിജീവികളും മുറ്റത്തെ പുല്ലുപറിക്കാന്‍ തുടങ്ങി. എന്നിട്ടും ചിലര്‍ ഓണ്‍ലൈനില്‍ പ്രഭാഷണവും കവിത ചൊല്ലലുമായി ആത്മസാക്ഷാത്ക്കാരം നടത്തി. മിനിറ്റിന് വില പറയുന്ന സിനിമാക്കാരും പെട്ടിമടക്കി. മമ്മൂട്ടിയും മോഹന്‍ലാലും ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും പാചകം തുടങ്ങി.
ലോകനേതാക്കന്മാരില്‍ കോവിഡ് കൊമേഡിയന്‍ ഡൊണാള്‍ഡ് ട്രംപു തന്നെയെന്നാണ് വിദഗ്ദ്ധമതം. ഐക്യരാഷ്ട്രസംഘടനക്ക് വാര്‍ദ്ധക്യസഹജമായ അസുഖമാണെന്നും കേള്‍ക്കുന്നു. കേരളത്തിലെ കോവിഡ് രാജാവ് മദ്യം തന്നെയാണ്. മദ്യം കൊടുക്കരുതെന്നു പറയുന്ന ഡോക്ടര്‍മാരോടു തന്നെ മദ്യത്തിന് കുറിപ്പടിയെഴുതാന്‍ കല്പനയിറക്കിയ ദേശം! മാസ്‌ക് ധരിച്ചപ്പോള്‍ എല്ലാവരും കുരങ്ങുകളെപ്പോലെയെന്ന മട്ടിലാണ് കാര്‍ട്ടൂണിസ്റ്റുകളുടെ ആവിഷ്‌ക്കാരങ്ങള്‍. കവികള്‍ സ്ത്രീകളുടെ ചുണ്ടും മൂക്കും വര്‍ണ്ണിക്കാനാവാതെ ഉഴലുകയാണ്. ക്യാമറക്കു മുന്നില്‍ തിരക്കു കൂട്ടുന്ന നേതാക്കന്മാര്‍ക്ക് മാസ്‌ക്കുകള്‍ കണ്ഠാഭരണങ്ങളോ കര്‍ണ്ണാഭരണങ്ങളോ ആയിമാറുന്നതും കോവിഡ് ഫലിതങ്ങളില്‍ ചിലതു മാത്രം!