വിദേശനയത്തിന്റെ കാര്യമെടുത്താല്‍, ഇടയ്ക്കിടെ ചേരിചേരാ നയത്തെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നു. മുഴുവന്‍ ലോകരാഷ്ട്രങ്ങളുടെയും മുന്നില്‍ ഭാരതം മികച്ച രാഷ്ട്രമാവുന്നതുവരെ ഒരു യുദ്ധതന്ത്രം എന്ന നിലയില്‍ ചേരിചേരാനയം പറയുന്നത് മനസ്സിലാക്കാം. എന്നാല്‍ അത് നമ്മുടെ വിദേശനയത്തിന്റെ സ്ഥിരമായ അടിസ്ഥാനമാവുക സാധ്യമല്ല. എന്തുകൊണ്ടെന്നാല്‍ നമ്മള്‍ ചേരി ചേരില്ല എന്ന് പ്രഖ്യാപിച്ച രണ്ട് വന്‍ശക്തികളുടെ ദേശീയ ജീവിതം, അവരുടെ വൈചാരിക പിന്‍ബലം, അവരുടെ ദേശീയ-സാമൂഹ്യ-മനുഷ്യ ജീവിതാനുഭവം എന്നിവ ഭാരതത്തിന്റെ ദേശീയ, സാമൂഹ്യ, വൈചാരിക പിന്‍ബലത്തേക്കാള്‍ അവികസിതവും അപൂര്‍ണവും അപക്വവുമാണ്. അവയുടെ അടിസ്ഥാനത്തില്‍ നമ്മുടെ നയം രൂപീകരിക്കാനുള്ള ചിന്തതന്നെ നമ്മുടെ അടിമത്ത ചിന്തയെ വ്യക്തമാക്കുന്നതാണ്. അമേ രിക്കയും അന്നത്തെ റഷ്യയും ആയിരുന്നു ഈ മഹാശക്തികള്‍. അവരുടെ ദേശീയ ജീവിതം 500 വര്‍ഷത്തെ പാരമ്പര്യംപോലും അവകാശപ്പെടുന്നില്ല. അവര്‍ സ്വീകരിച്ച പ്രത്യയശാസ്ത്രത്തിന് 100 വര്‍ഷത്തെ പോലും അനുഭവം ഉണ്ടായിരുന്നില്ല. അതേസമയം ഭാരതത്തിന്റെ ചരിത്രം, ദേശീയ ജീവിതം ഇവ ഏറ്റവും കുറഞ്ഞത് പതിനായിരം വര്‍ഷത്തെയെങ്കിലും പഴക്കമുള്ളതാണ്. ഭാരതീയരുടെ ആധ്യാത്മികതയില്‍ അടിയുറച്ച ജീവിതദര്‍ശനം ഏകാത്മകവും സര്‍വാംഗീണവും ആഗോളവുമാണ്. അതുകൊണ്ടുതന്നെ കഴിവുറ്റ രാഷ്ട്രമായിട്ടുകൂടി ഭാരതം ഒരിക്കലും മറ്റ് രാജ്യങ്ങളിലേക്ക് യുദ്ധം അടിച്ചേല്‍പ്പിച്ചില്ല. വ്യാപാരത്തിനായി ലോകത്തിന്റെ വിദൂര പ്രദേശങ്ങളില്‍വരെ എത്തിയിട്ടും ഭാരതം അവിടങ്ങളിലൊന്നും കോളനികള്‍ സ്ഥാപിക്കുകയോ അവരെ ചൂഷണം ചെയ്യുകയോ കൊള്ളയടിക്കുകയോ മതപരിവര്‍ത്തനം നടത്തുകയോ അടിമകളാക്കി വ്യാപാരം നടത്തുകയോ ചെയ്തില്ല. നമ്മള്‍ അവരെ സമ്പദ്‌സമൃദ്ധമാക്കി. സംസ്‌കാര സമ്പന്നരാക്കി. ഭാരതത്തിന്റെ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന സാര്‍വഭൗമികമായ പ്രാചീന കാഴ്ചപ്പാടുതന്നെയാണ് ലോകത്തില്‍ ഭാരതത്തിന്റെ സ്വത്വം- ഉണ്‍മ. അതിനനുസൃതമായി അതേ കാഴ്ചപ്പാടോടുകൂടി തന്നെയുള്ള ഒരു വിദേശനയം ആയിരുന്നു നമ്മള്‍ അടിസ്ഥാനമാക്കേണ്ടിയിരുന്നത്.
എന്നാല്‍ ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രിയില്‍ കമ്മ്യൂണിസത്തിന്റെ സ്വാധീനം ഉണ്ടായിരുന്നു. അതുകൊണ്ട് ഭാരതത്തിന്റെ ആധ്യാത്മികതയില്‍ അധിഷ്ഠിതമായ, സമസ്ത ലോകത്തേയും ഉള്‍ക്കൊള്ളുന്ന, സര്‍വാംഗീണമായ, ഏകാത്മകമായ കാഴ്ചപ്പാടിനെ അവഗണിച്ച് ആധുനികതയുടെ പേരില്‍ ആകര്‍ഷണീയങ്ങളായ പടിഞ്ഞാറന്‍ ശൈലിയുടെ ഭ്രമത്തില്‍പ്പെട്ട് ഭാരതത്തിന്റെ നയരൂപീകരണത്തിന്റെ ദിശതന്നെ മാറ്റിക്കളഞ്ഞു. പിന്നീട് കോണ്‍ഗ്രസ്സിലും കമ്മ്യൂണിസ്റ്റുകാരുടെ സ്വാധീനം വര്‍ദ്ധിച്ചുവന്നു. അവസാനം കോണ്‍ഗ്രസ്സ് പൂര്‍ണമായും കമ്മ്യൂണിസ്റ്റുകളുടെ സ്വാധീനത്തിലായി. ഇതിന്റെ ഫലമായി ഭാരതം ഭാരതത്തില്‍ നിന്ന് അകലെയായി. ഭാരതത്തേയും നൂറ്റാണ്ടുകളായി േലാകം അറിയുന്ന അതിന്റെ ഉണ്‍മയെയും തള്ളിപ്പറഞ്ഞ് തങ്ങളെത്തന്നെ പുരോഗമനവാദികള്‍, ലിബറലുകള്‍, ബുദ്ധിജീവികള്‍ എന്ന് വിളിപ്പിക്കാനുള്ള രീതി നിലവില്‍ വന്നു. എന്നാല്‍ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന സാമൂഹ്യ, ദേശീയ ജാഗരണത്തിന്റെ ഫലമായി 2014-ലെ തിരഞ്ഞെടുപ്പില്‍ ഒരു കോണ്‍ഗ്രസ്സിതര പക്ഷം സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി പൂര്‍ണ ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്നു. ഇതുമാത്രമല്ല, നമ്മുടെ വേരുകളില്‍ ഉറച്ചുനിന്നുകൊണ്ട് നമ്മുടെ സാംസ്‌കാരികമായ പൈതൃക സമ്പത്തിനെ കാലാനുസൃതമായി നിര്‍വചിച്ച് രാജ്യവ്യാപകമായ പുനര്‍ജാഗരണം നടത്തുകയും പുരോഗമനത്തിന്റെ പേരില്‍ കോളനിവല്‍ക്കരണ ചിന്താഗതികളെ ഭാരതീയ സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുന്നതിനെ നിരാകരിക്കുകയും ചെയ്തു. സജീവമായ സമാജത്തിന്റെ വിജയം കൂടിയായിരുന്നു അത്. 2019-ല്‍ കൂടുതല്‍ ജനപിന്തുണയോടെ ഇത് ആവര്‍ത്തിക്കപ്പെട്ടത്, 2014-നു ശേഷമുണ്ടായ പരിവര്‍ത്തനത്തിന്റെ ഫലമായാണ്.
2014 മെയ് 16-ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപിക്ക് പൂര്‍ണ ഭൂരിപക്ഷത്തില്‍ ദേശീയ ജനാധിപത്യ മുന്നണി (എന്‍ഡിഎ) സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ലഭിച്ചു. മെയ് 18-ന് ‘സണ്‍ഡേ ഗാര്‍ഡിയന്‍’ മുഖപ്രസംഗത്തിന്റെ ആരംഭം ഇങ്ങനെ: ”ഇന്ന്, 2014 മെയ് 18. ഈ ദിവസം ചരിത്രത്തില്‍ ബ്രിട്ടന്‍ അവസാനമായി ഇന്ത്യ ഉപേക്ഷിച്ച് പോയതിന് സമാനമായി രേഖപ്പെടുത്തും. തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ വിജയം ഒരു നീണ്ട യുഗത്തിന്റെ അന്ത്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. ബ്രിട്ടന്‍, ഭാരത ഉപഭൂഖണ്ഡത്തില്‍ നടപ്പാക്കിയ ഭരണതന്ത്രങ്ങളുടെ രൂപഘടനയിലും സ്വഭാവത്തിലും തുടര്‍ന്നുപോന്ന നീണ്ട യുഗത്തിന്റെ. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കീഴില്‍ ഭാരതം നിരവധി കാര്യങ്ങളില്‍ ബ്രിട്ടീഷ് ഭരണത്തിന്റെ തുടര്‍ച്ചതന്നെയായിരുന്നു.” ഈ എഡിറ്റോറിയലിന്റെ തുടക്കം തന്നെ മാറ്റത്തിന്റെ അടിസ്ഥാനപരമായ വര്‍ണനയാണ്.
അതേസമയം ശിവ് വിശ്വനാഥന്റെ ഒരു ലേഖനം പുറത്തുവന്നു. ലേഖകന്‍ വളരെ പ്രധാനപ്പെട്ട ഒരു വസ്തുത തുറന്നു സമ്മതിക്കുന്നു. തലക്കെട്ടില്‍തന്നെ അത് വ്യക്തവുമാണ്. ”മോദി എന്നെപ്പോലെയുള്ള ലിബറലുകളെ എങ്ങനെ പരാജയപ്പെടുത്തി.” ശിവ് വിശ്വനാഥന്‍ എഴുതുന്നു: ”സെക്യുലറിസം എന്നത് ഒരു തരത്തിലുള്ള വിപരീത അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഇടത്തരക്കാര്‍ തങ്ങളുടെ ചിന്താഗതികളേയും കാഴ്ചപ്പാടുകളേയും കുറിച്ച് ലജ്ജയും സങ്കോചവും അനുഭവിക്കുകയായിരുന്നു. സെക്യുലറിസം തീക്ഷ്ണവും സ്വന്തം ഭൂമിയില്‍ നിന്ന് വേറിട്ടതും മീറ്റിങ്ങുകളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതുമായ ഒരു ചിന്താഗതിയായി മാറി. ഇടത്തരക്കാര്‍ക്ക് തങ്ങളുടെ സ്വാഭാവികതയിലൂന്നി സമരസപ്പെടാന്‍ തന്നെ സാധിച്ചിരുന്നില്ല.
മെയ് 17-ന് നരേന്ദ്ര മോദി വീണ്ടും കാശിയില്‍ പോയി. കാശി വിശ്വനാഥക്ഷേത്രത്തിലെ പൂജയില്‍ പങ്കെടുത്തു. ക്ഷേത്രത്തിലെ പൂജാവിധികള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ശേഷം ദശാശ്വമേധ ഘാട്ടില്‍ എത്തി. അവിടെ നദീപൂജ നടത്തി. ഇതെല്ലാം ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തുകൊണ്ടിരുന്നു. ഈ സംഭവങ്ങളെല്ലാം നേരില്‍ കണ്ട് ആസ്വദിക്കാന്‍ ജനത ആഗ്രഹിച്ചു. ഇതാദ്യമായാണ് ഒരു പ്രധാന വ്യക്തിയുടെ ഇത്തരം അനുഷ്ഠാനങ്ങള്‍ പുറംലോകത്തിന് ദൃശ്യമായതെന്ന് ചിലര്‍ പറയുന്നുണ്ടായിരുന്നു. ഇവിടെ മോദിയുടെ സാന്നിധ്യം നല്‍കുന്ന സന്ദേശം വളരെ വ്യക്തമാണ്. നമ്മള്‍ക്ക് നമ്മുടെ ധര്‍മത്തിന്റെ പേരില്‍ ലജ്ജിക്കേണ്ടതിന്റെ ആവശ്യമില്ല.” ഇതൊന്നും ഇതിന് മുന്‍പ് നടന്നിരുന്ന കാര്യമല്ലായിരുന്നു.
ആദ്യം എനിക്ക് ഇതിനോട് ദേഷ്യം തോന്നി. എന്നാല്‍ പിന്നീട് ഞാന്‍ ചിന്തിച്ചു. ഒരു സഹപ്രവര്‍ത്തകന്‍ ഇങ്ങനെ പറയുകകൂടി ചെയ്തു, ”നിങ്ങള്‍ ഇംഗ്ലീഷ് സംസാരിക്കുന്ന സെക്യുലറിസ്റ്റുകള്‍ ജനങ്ങളോട് അതിക്രമം കാട്ടുകയാണ്. ഇതുപ്രകാരം ബഹുഭൂരിപക്ഷത്തിന് ഇന്ന് നാണക്കേട് അനുഭവപ്പെടുന്നു.” ഇത് കുറച്ച് കടുപ്പവും മനസ്സിനെ പിടിച്ചുലയ്ക്കുന്നതും ആയിരുന്നു. എന്നാല്‍ എന്നെപ്പോലുള്ള ഉദാരവാദികള്‍ ഇത്രയും വലിയ കാര്യത്തിന് അപരാധിയാകാന്‍ സാധ്യതയുണ്ട് എന്ന് എനിക്ക് ആ നിമിഷം ബോധ്യമായി.”
ഇത് പുതിയ ഭാരതമാണ്. എല്ലാ ഭാരതീയരും ലോകം മുഴുവനും പുതുമ അനുഭവിക്കുന്നു. എന്നാല്‍ ഇത് തികച്ചും പുതിയതല്ലതാനും. നേരെ മറിച്ച് ദുഷ്പ്രചാരണം കാരണം ഇന്നുവരെ തമസ്‌കരിക്കപ്പെട്ടതാണ്, അടിച്ചമര്‍ത്തപ്പെട്ടതാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള, എന്നാല്‍ നിത്യനൂതനവും ചിരന്തനവുമായ അസ്തിത്വം നിലനിര്‍ത്തുന്ന ഭാരതം. സ്വാഭിമാനത്തോടും ശക്തിയോടെയും ഉണര്‍ന്ന് എഴുന്നേറ്റ് നില്‍ക്കുന്ന ഭാരതം. ഭാരതത്തിന്റെ ചിന്താഗതി തന്നെ ‘വസുധൈവ കുടുംബകം’ ‘സര്‍വേപി സുഖിനഃ സന്തുഃ’ എന്നാണ്. അതുകൊണ്ട് ഭാരതം അതിന്റെ ഉണ്‍മയുടെ തിരിച്ചറിയലില്‍ ഉണരുന്നതിനെയും സ്വാശ്രയത്വത്തിന്റെ അടിസ്ഥാനത്തില്‍ ശക്തിസമ്പന്നമാകുന്നതിനെയും ആരും ഭയക്കേണ്ടതില്ല. കാരണം, ഇത് ഭാരതം തന്നെയാണ്. ഉണരുന്ന ഭാരതം.
നമ്മുടെ രാജ്യം കൊറോണ മഹാമാരിയെ സഫലമായി പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ രാജ്യവിസ്താരവാദികളും സ്വേച്ഛാധിപതികളുമായ ചൈന വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ സമസ്ത ഭാരതീയ സമൂഹവും ഐക്യം നിലനിര്‍ത്തേണ്ടതാണ്. നിലനിര്‍ത്തിക്കൊണ്ടിരിക്കുകയുമാണ്. ദേശീയ സുരക്ഷയ്ക്കും യുദ്ധതന്ത്രത്തിനുമായി സൈന്യത്തിന്റെയും സര്‍ക്കാരിന്റെയും തീരുമാനങ്ങളെടുക്കാനുള്ള ശക്തിയില്‍ വിശ്വാസമര്‍പ്പിച്ച് എല്ലാ ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയ പക്വത കാട്ടേണ്ടത് ആവശ്യമാണ്. ഇത് രാഷ്ട്രീയ ലാഭനഷ്ടങ്ങളോ ജയപരാജയങ്ങളോ നിര്‍ണയിക്കുന്നതിനുള്ള സമയമല്ല.
(അവസാനിച്ചു)
വിവര്‍ത്തനം: ഡോ.എം.ജെ.ജയശ്രീ