ഇന്ത്യ ഇന്ന് വീണ്ടും വലിയൊരു വെല്ലുവിളിയുടെ നടുവില്‍ നില്‍ക്കുകയാണ്. അതിര്‍ത്തിയില്‍ ചൈനീസ് സൈന്യമുണ്ടാക്കിയ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെങ്കിലും അത് ശാശ്വത പരിഹാരമാണ് എന്ന് ആര്‍ക്കെങ്കിലും പറയാനാവുമെന്ന് തോന്നുന്നില്ല. കാരണം ചൈന വിശ്വസിക്കാന്‍ കൊള്ളാത്ത രാജ്യമാണ് എന്നതുതന്നെ. ചൈന അതാണ് ചെയ്യുന്നതെങ്കില്‍ പാകിസ്ഥാന്‍ എന്നത്തേയും പോലെ അതിര്‍ത്തിയെ സംഘര്‍ഷ പൂരിതമാക്കാന്‍ അക്ഷീണം യത്‌നിക്കുന്നത് നാം കാണുന്നു. അതിനൊക്കെ പുറമെയാണ് ഇസ്ലാമിക ഭീകര പ്രസ്ഥാനങ്ങള്‍ നടത്തിവരുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍. ഇതിനെയൊക്കെ അഭിമുഖീകരിക്കുന്ന നമ്മുടെ ധീര സൈനികരെയും പൂര്‍വ സൈനികരെയും അഭിമാനപൂര്‍വ്വമാണ് ഒരോ ഭാരതീയനും ഓര്‍ക്കുന്നത്. ഈ വേളയിലാണ് കാര്‍ഗില്‍ ദിനം വന്നണയുന്നത്. കാര്‍ഗില്‍ മലനിരകളില്‍, ഇന്ത്യന്‍ ഭൂമിയിലേക്ക് കടന്നുകയറിയ പാക് പട്ടാളക്കാരെ തുരത്തിക്കൊണ്ട് ത്രിവര്‍ണ്ണ പതാകയുയര്‍ത്തിയ, വിജയക്കൊടി നാട്ടിയ മുഹൂര്‍ത്തമാണിത്. രാജ്യം അഭിമാനത്തോടെ എഴുന്നേറ്റുനിന്ന മുഹൂര്‍ത്തം. എന്നാല്‍ കാര്‍ഗിലിന് ശേഷവും നമ്മുടെ ധീര സേനാനിമാര്‍ക്ക് വിശ്രമമില്ലാതാവുന്നു എന്നത് കാണാതെ പോകാനുമാവില്ലല്ലോ.
കാര്‍ഗിലില്‍നിന്ന് നാം പാഠം ഏറെ പഠിച്ചു എന്നത് ശരിയാണ്. സൈനിക പ്രതിരോധ മേഖലയിലെ പോരായ്മകള്‍ തിരിച്ചറിയാന്‍ അതൊരു അവസരമായിരുന്നു. യുദ്ധത്തില്‍ നാം ജയിച്ചു; പക്ഷെ, അപ്പോഴും എന്തൊക്കെയാണ് ഇനിയും പരിഹൃതമാവേണ്ടത് എന്നത് അന്നത്തെ ഭരണനേതൃത്വവും സൈനിക മേധാവിമാരും ആഴത്തില്‍ ചിന്തിച്ചു; അതിനായി വിദഗ്ധ സമിതിയെ നിയോഗിച്ചു. വാജ്‌പേയി സര്‍ക്കാരിന്റെ കാലമാണത് എന്നതോര്‍ക്കുക. ആയുധങ്ങള്‍ വേണ്ടത്ര ഉണ്ടാക്കുന്നത്, യുദ്ധ വിമാനങ്ങള്‍, യുദ്ധക്കപ്പലുകള്‍. അങ്ങിനെ എല്ലാ രംഗത്തും വലിയ മാറ്റമാണ് വേണ്ടതെന്ന് വിദഗ്ധ സമിതി ശുപാര്‍ശയും നല്‍കി. വാജ്‌പേയി സര്‍ക്കാര്‍ കുറെയൊക്കെ നടപ്പിലാക്കി. എന്നാല്‍ പിന്നീട് വന്ന യുപിഎ സര്‍ക്കാരുകള്‍ പ്രതിരോധ രംഗത്തെ പാടെ അവഗണിച്ചതാണ് രാജ്യം കണ്ടത്. ആയുധങ്ങള്‍ വാങ്ങിയില്ല, വിമാനങ്ങള്‍ ഉണ്ടാക്കിയില്ല. അങ്ങിനെ ഒന്നും ചെയ്തില്ല. ധീര സൈനികരുടെ ആത്മവിശ്വാസം തളരുന്ന മട്ടില്‍ അവര്‍ പല തീരുമാനങ്ങളുമെടുത്തു എന്നതും മറന്നുകൂടാ. ഏ.കെ ആന്റണി പ്രതിരോധ മന്ത്രിയായിരുന്ന കാലഘട്ടത്തെക്കുറിച്ചാണ് സൂചിപ്പിച്ചത്. മുംബൈ ഭീകരാക്രമണം, അതിര്‍ത്തിയില്‍ സൈനികന്റെ തലയറുത്ത ഭീകരമായ സംഭവം, കാശ്മീരില്‍ ഭീകരര്‍ പട്ടാളത്തെ ആക്രമിച്ചപ്പോള്‍- ഇത്തരം സന്ദര്‍ഭങ്ങളില്‍ ‘തിരിച്ചടിക്കരുത്’ എന്ന് തീരുമാനിക്കാനാണ് അന്നത്തെ സോണിയ- മന്‍മോഹന്‍ സര്‍ക്കാര്‍ നിശ്ചയിച്ചത്. കാശ്മീരിലും മറ്റും സൈനികര്‍ക്ക് കല്ലേറും തല്ലുംകൊണ്ട് തെരുവിലൂടെ നിരാലംബരായി നടക്കേണ്ട അവസ്ഥയുണ്ടായത് ചരിത്രമാണല്ലോ.
ഇക്കാര്യത്തിലൊക്കെ വലിയ മാറ്റമുണ്ടായത് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റതു മുതലാണ്. മൂന്ന് കാര്യങ്ങളാണ് മോദി ആദ്യമേ ചെയ്തത്. ഒന്ന്, ദേശവിരുദ്ധ ശക്തികളുമായി സന്ധിയില്ലെന്ന് പ്രഖ്യാപിച്ചു; ഭീകരര്‍ ഇങ്ങോട്ട് എന്തെങ്കിലും ചെയ്താല്‍ തിരിച്ചടിക്കും. ഇങ്ങോട്ട് അവര്‍ എന്തെങ്കിലും ചെയ്യുന്നതിന് മുന്‍പേ പ്രൊ- ആക്റ്റീവ് സമീപനം സ്വീകരിക്കും. അടുത്തത്, ഇങ്ങോട്ട് ഒരു കല്ലെറിഞ്ഞാല്‍ പോലും തിരിച്ചടിക്കാന്‍ സൈനികര്‍ക്ക് അനുമതി നല്‍കി. അത് ആ ധീര സൈനികര്‍ക്ക് നല്‍കിയ ആത്മവിശ്വാസം എത്രത്തോളമാണ് എന്നത് പറഞ്ഞറിയിക്കുക പ്രയാസമാണ്. മാത്രമല്ല, സൈനികര്‍ക്കൊപ്പമാണ്, സുരക്ഷാ സേനക്കൊപ്പമാണ് സര്‍ക്കാര്‍, ഈ രാജ്യം, എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയല്ലോ. ഇന്നിപ്പോള്‍ കാശ്മീരിലടക്കം ഭീകര പ്രവര്‍ത്തനം ഇത്രത്തോളം ഇല്ലാതായിട്ടുണ്ടെങ്കില്‍ അതിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ഈ നിലപാടുകള്‍ തന്നെയാണ്. ഇതാണ് മോദിയില്‍ കണ്ട ഏറ്റവും പ്രധാനപ്പെട്ട ഭാവാത്മക ചിന്ത.
ഇതിനൊപ്പം സൈനികരുടെ ഓരോ ആവശ്യവും സര്‍ക്കാര്‍ പരിഗണിച്ചു, അര്‍ഹതപ്പെട്ട പ്രാധാന്യത്തോടെ. യുദ്ധ വിമാനങ്ങള്‍, യുദ്ധ കപ്പലുകള്‍, യുദ്ധോപകരണങ്ങള്‍, തോക്കുകള്‍, സുരക്ഷാ കവചങ്ങള്‍. എല്ലാം വാങ്ങാന്‍ തീരുമാനിച്ചില്ലേ. ഏറ്റവുമൊടുവില്‍ ചൈന അതിര്‍ത്തിയില്‍ ഏറ്റുമുട്ടലിന് മുതിര്‍ന്നപ്പോള്‍ പോലും റഷ്യയില്‍ നിന്ന് അടിയന്തരമായി യുദ്ധ വിമാനങ്ങള്‍ വാങ്ങി. അതിന് മുന്‍പാണ് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് വാങ്ങിച്ചത്. ഇതിനൊക്കെയൊപ്പം അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യ വികസനത്തിലും സര്‍ക്കാര്‍ ശ്രദ്ധവെച്ചു. ചൈനീസ് അതിര്‍ത്തിയില്‍ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ റോഡുകള്‍, പാലങ്ങള്‍ എന്നിവ നിര്‍മ്മിച്ചത് ചെറിയ കാര്യമല്ലല്ലോ. എത്രയോ ഹെലിപാഡുകള്‍, എയര്‍ സ്ട്രിപ്പുകള്‍. ഇന്നിപ്പോള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നില്ല എന്ന ഒരു പരാതി ഒരു സൈനികനുമുണ്ടാവുന്നില്ല. അതിലെല്ലാമുപരിയാണ് മൂന്ന് സൈനിക മേധാവികള്‍ക്കും മുകളിലായി ഒരു ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) നിയമിതമായത്. കാര്‍ഗില്‍ യുദ്ധാനന്തരം നടന്ന പഠനത്തില്‍ കണ്ട കാര്യമാണിത്; അത്തരമൊരാളെ നിയമിക്കാന്‍ നരേന്ദ്ര മോദി അധികാരത്തിലേറേണ്ടിവന്നു. ഇതിനൊക്കെയൊപ്പമാണ് ദശാബ്ദങ്ങളായി നിലനിന്നിരുന്ന സൈനികരുടെയും പൂര്‍വ സൈനികരുടെയും ആവശ്യമായ ‘ഒരു റാങ്ക് ഒരു പെന്‍ഷന്‍’ നടപ്പിലാക്കിയത്.
അത് മാത്രമോ, യുദ്ധഭൂമിയിലെത്തി സൈനികരെ അഭിവാദ്യം ചെയ്ത ഒരു പ്രധാനമന്ത്രിയല്ലേ ഇന്ന് നമുക്കുള്ളത്. സൂചിപ്പിച്ചത്, അടുത്തിടെ നടന്ന നരേന്ദ്ര മോദിയുടെ ലഡാക്ക് – ലേ സന്ദര്‍ശനമാണ്. ചൈനീസ് പട്ടാളം പ്രകോപനമുണ്ടാക്കിക്കൊണ്ട് അതിര്‍ത്തിയില്‍ നിലകൊള്ളുമ്പോഴല്ലേ മോദി അവിടെയെത്തിയത്. ധീരസൈനികര്‍ക്കൊപ്പം അദ്ദേഹം എത്രയോ നേരം ചിലവിട്ടു. അത് രാജ്യത്തെ ഓരോ സൈനികനും പൂര്‍വ സൈനികര്‍ക്കും നല്‍കിയ ആവേശമെന്താണ്! രാജ്യം സൈന്യത്തിനൊപ്പമുണ്ട് എന്ന് പറയുക മാത്രമല്ല അത് എങ്ങിനെയാണ് എന്ന് കാണിച്ചുകൊടുക്കുക കൂടിയാണ് മോദി ചെയ്തത്. അതിനുശേഷമാണ് ചൈനീസ് പട്ടാളം പിന്‍വാങ്ങാന്‍ തീരുമാനിച്ചത് എന്നതുകൂടി സ്മരിക്കേണ്ടതുണ്ട്.
ഇതൊക്കെ ഇങ്ങനെ പോകുമ്പോഴും, രാജ്യം അഭിമാനത്തോടെ എഴുന്നേറ്റ് നില്‍ക്കുമ്പോഴും, ചില പുഴുക്കുത്തുകള്‍ നമുക്ക് കാണാതെ പോകാനാവില്ല. അത് ശത്രുരാജ്യത്തല്ല നമ്മുടെ മണ്ണില്‍ തന്നെയാണ് എന്നതാണ് കഷ്ടം. സൂചിപ്പിച്ചത് നമ്മുടെ കുറെ പ്രതിപക്ഷ നേതാക്കളുടെ നിലപാടുകളും സമീപനങ്ങളുമാണ്.
രാജ്യം ഏത് പ്രതിസന്ധി നേരിടുമ്പോഴും രാജ്യവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കാന്‍ തയ്യാറാവുന്നവരെ എന്താണ് അഭിസംബോധന ചെയ്യുക? ‘രാജ്യദ്രോഹികള്‍’ എന്നത് അത്തരക്കാര്‍ക്ക് ചേരുന്ന പേരല്ലേ? കാര്‍ഗില്‍ യുദ്ധവേളയില്‍ അത് ഇന്ത്യ കണ്ടതാണ്. യുദ്ധഭൂമിയില്‍ ജീവിതം ബലിയര്‍പ്പിച്ച ധീര സൈനികരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനായി ശവപ്പെട്ടി വാങ്ങിയത് വിവാദമാക്കിയ രാജ്യവിരുദ്ധരായ പ്രതിപക്ഷ രാഷ്ട്രീയക്കാര്‍. അവര്‍ ആ കൂരമ്പെയ്തത് ധീര സൈനികര്‍ക്കെതിരെയാണ് എന്നത് ഓര്‍ക്കുക. എന്തിന് വേണ്ടിയായിരുന്നു അത്? ഒരു സംശയവുമില്ല പാകിസ്ഥാനെ സഹായിക്കാന്‍ വേണ്ടിത്തന്നെ. പിന്നീട് സി.എ.ജി തലത്തിലെ അന്വേഷണത്തില്‍ ആ ആക്ഷേപത്തില്‍ കഴമ്പില്ല എന്ന് കണ്ടെത്തിയത് മന്‍മോഹന്‍ സര്‍ക്കാരിന്റെ കാലത്താണ്. റഫാല്‍ യുദ്ധവിമാനം വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ഹാലിളകിയത് ഇതേ കൂട്ടര്‍ക്കാണ്; കാരണം, രാജ്യം സുശക്തമാവരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഇക്കൂട്ടര്‍. പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നതോര്‍ക്കുക; ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 എടുത്തുകളഞ്ഞപ്പോഴുണ്ടായ ഇക്കൂട്ടരുടെ പ്രതികരണവും സ്മരിക്കാതെ പറ്റില്ലല്ലോ. രാജ്യത്തെ ശക്തമാക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഇക്കൂട്ടര്‍ എതിരായിരുന്നു. പഴയകാലത്ത് കമ്മ്യൂണിസ്റ്റുകാരും മറ്റുമാണ് ഇത്തരം രാജ്യവിരുദ്ധ നിലപാടുകളെടുത്തിരുന്നത് എങ്കില്‍ ഇന്നത് കോണ്‍ഗ്രസ്സിന്റെ നയമായിരിക്കുന്നു. ഏറ്റവുമൊടുവില്‍ ചൈനയില്‍ നിന്ന് ഇവര്‍ പണംപറ്റി എന്നുവരെ വ്യക്തമായിരിക്കുന്നു. എന്തിനാവാം ചൈന കോണ്‍ഗ്രസ്സുകാര്‍ക്ക് പണം സമ്മാനിച്ചത്? ഇന്ത്യാ മഹാരാജ്യത്തെ ഒറ്റുകൊടുക്കാനാണോ? എന്തായാലും കേന്ദ്ര സര്‍ക്കാര്‍ പണം പറ്റിയ കോണ്‍ഗ്രസ് ട്രസ്റ്റുകളെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നു. കേരളത്തെ ഇപ്പോള്‍ വേട്ടയാടുന്ന സ്വര്‍ണ്ണക്കടത്തും ഇതിന്റെ മറ്റൊരു രൂപമാണ്; ആ പണമൊക്കെ ഭീകര പ്രവര്‍ത്തനത്തിന് വിനിയോഗിച്ചിരിക്കാം എന്നാണല്ലോ ഇപ്പോഴത്തെ കണക്കുകൂട്ടല്‍. അതിനുപിന്നിലും രാഷ്ട്രീയ – മത നേതാക്കളുണ്ടായാല്‍ അതിശയിക്കാനില്ല. ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും ഇസ്ലാമിക ഭീകരരില്‍ നിന്നുമൊക്കെ പണം പറ്റിക്കൊണ്ട് രാജ്യത്തെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നവരെ കരുതിയിരിക്കേണ്ടതുണ്ട് എന്നതാണ് ഇന്നത്തെ പ്രാധാന്യം.
(പൂര്‍വ്വസൈനിക സേവാപരിഷത്ത് സംസ്ഥാന സംഘടനാസെക്രട്ടറിയാണ് ലേഖകന്‍)