കേരളത്തിലെ പ്രമുഖ സര്‍വ്വകലാശാലകളില്‍ ഒന്നായ കോഴിക്കോട് സര്‍വ്വകലാശാല ഏതെങ്കിലും മതവിഭാഗങ്ങള്‍ക്ക് തീറെഴുതിക്കൊടുത്തുവോ എന്ന ചോദ്യം പ്രസക്തമാകുന്ന രീതിയിലാണ് ഈ അടുത്തകാലത്ത് അവിടെ നടന്ന ചില സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.
കോഴിക്കോട് സര്‍വ്വകലാശാലയിലെ നിലവില്‍ ഉണ്ടായിരുന്ന വൈസ്ചാന്‍സിലറുടെ കാലാവധി തീര്‍ന്നപ്പോള്‍ പുതിയ വൈസ്ചാന്‍സിലറെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ പല കാരണങ്ങള്‍ കൊണ്ടും നീണ്ടുപോയിരുന്നു. വി.സിയെ തിരഞ്ഞെടുക്കാനുള്ള പാനലിലെ യുജിസി പ്രതിനിധി ജെ.എന്‍.യു സര്‍വ്വകലാശാല വി.സി. ഡോ.ജഗദീഷ് കുമാറിന് മുഖാമുഖത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതുകാരണവും കോറോണാ വ്യാപനവുമെല്ലാം ഇത് നീളാന്‍ കാരണമായി. കഴിഞ്ഞ എട്ട് മാസത്തിലേറെയായി മലയാള സര്‍വ്വകലാശാല വി.സി. ഡോ.അനില്‍ വള്ളത്തോളിന് വി.സിയുടെ താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുകയാണ്.
കഴിഞ്ഞമാസം വി.സി. നിയമനത്തിന് പരിഗണിക്കുന്നവരെ മുഖാമുഖത്തിലൂടെ തിരഞ്ഞെടുക്കാന്‍ കോറോണ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തിയിരുന്നു. ഏഴ് പേരില്‍ നിന്നും മൂന്ന് പേരെ സെര്‍ച്ച് കമ്മറ്റി ലിസ്റ്റ് ചെയ്ത് ഗവര്‍ണ്ണര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ആ ലിസ്റ്റില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ പ്രിന്‍സിപ്പല്‍ ശാസ്ത്രജ്ഞന്‍ ഡോ.സി.എ.ജയപ്രകാശ്, ഡോ. കെ.എം. സീതി, ഡോ.സുരേഷ് മാത്യു എന്നീ പേരുകളാണ് അന്തിമ ലിസ്റ്റില്‍ ഉള്‍പ്പെട്ടത്.
സംസ്ഥാന ഗവണ്‍മെന്റ് ഡോ. കെ.എം. സീതിയുടെ പേരാണ് നിര്‍ദ്ദേശിച്ചത്. അതിന് കാരണം കോഴിക്കോട് സര്‍വ്വകലാശാലയ്ക്ക് മുസ്ലീം വി.സി. വേണം എന്നുള്ളതായിരുന്നു. വി.സി. ആയി നിയമിക്കപ്പെടണമെങ്കില്‍ നിയമിക്കപ്പെടുന്നതിന് മുമ്പ് 60 വയസ്സ് പൂര്‍ത്തിയാവാന്‍ പാടില്ല. കഴിഞ്ഞ മെയ് 28ന് കെ.എം. സീതിക്ക് 60 തികയുമായിരുന്നു. അതിനു മുന്‍പ് തന്നെ അദ്ദേഹത്തെ തന്നെ നിയമിക്കാന്‍ വേണ്ടിയാണ് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തിയതും സര്‍ക്കാര്‍ നോമിനിയായി അദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിച്ചതും.
അതേസമയം അക്കാദമിക മികവ് പരിശോധിക്കുമ്പോള്‍ ഡോ.സി.എ. ജയപ്രകാശിനായിരുന്നു മുന്‍ഗണന ലഭിക്കുക. മാത്രവുമല്ല അദ്ദേഹം പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള വ്യക്തി കൂടിയാണ്. യുജിസി പ്രതിനിധി നിര്‍ദ്ദേശിച്ചത് ഡോ. ജയപ്രകാശിന്റെ പേരായിരുന്നു. മികച്ച അക്കാദമിക് നിലവാരമാണ് യുജിസി പ്രതിനിധി പരിഗണിച്ചത്.
എന്നാല്‍ ഡോ. കെ.എം. സീതിയെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വലിയ സമ്മര്‍ദ്ദമുണ്ടായി. ഉന്നതവിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയുടെ പ്രതിനിധിയായി ഗവര്‍ണ്ണറെ കണ്ട് ഈ കാര്യം പറയുകയും ചെയ്തിരുന്നു.
കഴിഞ്ഞ മെയ് 28-ാം തീയതി 60 വയസ്സ് തികഞ്ഞ ഡോ.കെ.എം.സീതിയെ ഇനി വി.സി. സ്ഥാനത്തേക്ക് പരിഗണിക്കാന്‍ കഴിയില്ല. ഇനി ഗവര്‍ണ്ണറുടെ മുന്നില്‍ ഡോ. സി.എ. ജയപ്രകാശിന്റെ പേരാണ് പരിഗണനയിലുള്ളത്. വി.സി യാവാന്‍ അദ്ദേഹത്തിന്റെ മികച്ച അക്കാദമിക പിന്‍ബലം തന്നെ ധാരാളമായിരുന്നു. ഒപ്പം ചരിത്രത്തില്‍ ആദ്യമായി കേരളത്തിലെ ഒരു സര്‍വ്വകലാശാലയ്ക്ക് പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള ഒരു വി.സി.യെ ലഭിക്കുകയും ചെയ്യും. ഡോ. ജയപ്രകാശിന്റെ കാര്യത്തില്‍ ഡോ.കെ.എം. സീതിക്കുണ്ടായിരുന്നപോലെ മതപരമായ പരിഗണന ഉണ്ടായിരുന്നില്ല. അക്കാദമിക മികവ് മാത്രമായിരുന്നു യേഗ്യത.
വി.സി.യായി ഡോ. ജയപ്രകാശ് നിയമിക്കപ്പെടും എന്നായപ്പോള്‍ മതതീവ്രവാദികള്‍ അവരുടെ ആയുധം പുറത്തെടുത്തു. സി.പി.എം. അവരെ പിന്തുണക്കുകയും ചെയ്തു. ക്യാമ്പസ് ഫ്രണ്ടും ഫ്രറ്റേണിറ്റി മൂവ്‌മെന്റുമൊക്കെ കോഴിക്കോട് സര്‍വ്വകലാശാലയ്ക്ക് സംഘപരിവാര്‍ വി.സി. വേണ്ട എന്ന പ്രചരണവുമായി രംഗത്തിറങ്ങി. ചില സമരങ്ങളും സംഘടിപ്പിച്ചു. സംഘപരിവാറുകാരനല്ലാത്ത പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ഒരാളെ സംഘപരിവാര്‍ മുദ്രകുത്തി സര്‍വ്വകലാശാലയില്‍ വി.സി.യാക്കാതിരിക്കാനുള്ള ഒളി അജണ്ടയാണ് അതിന് പിന്നില്‍. കോഴിക്കോട് സര്‍വ്വകലാശാലയ്ക്ക് ഹിന്ദു വി.സി. വേണ്ട എന്ന് പറയാന്‍ സമയമായിട്ടില്ലാത്തത് കൊണ്ട് ഇങ്ങിനെയൊരു പ്രചരണം നടത്തി എന്നു മാത്രം.
കോഴിക്കോട് സര്‍വ്വകലാശാലയ്ക്ക് ഒരു ചരിത്രമുണ്ട്. മലബാറില്‍ തല ഉയര്‍ത്തിനില്‍ക്കുന്ന സ്ഥാപനം. പേര് കോഴിക്കോട് സര്‍വ്വകലാശാല എന്നാണെങ്കിലും സ്ഥിതി ചെയ്യുന്നത് മലപ്പുറം ജില്ലയില്‍. നിരവധി പ്രഗല്‍ഭരായ വി.സി. മാര്‍ അവിടെനിന്നും പിരിഞ്ഞുപോയി. അതില്‍ എല്ലാ വിഭാഗക്കാരുമുണ്ടായിരുന്നു. അന്നൊന്നും മതപരിവേഷം നല്‍കിയിരുന്നില്ല. എന്നാല്‍ ഇന്ന് കേരളത്തിലെ സര്‍വ്വകലാശാലകള്‍ സമുദായസംഘടനകള്‍ക്കും മതങ്ങള്‍ക്കും വീതം വെച്ചു നല്‍കുന്ന രീതിയിലേക്ക് എത്തിയിരിക്കുന്നു. രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് മുന്നില്‍ സര്‍വ്വകലാശാലകളുടെ വൈസ് ചാന്‍സിലര്‍ പദവികള്‍ മതങ്ങള്‍ക്ക് വീതം വച്ചുനല്‍കപ്പെടുന്നു. കോഴിക്കോട് സര്‍വ്വകലാശാല മുസ്ലീം വിഭാഗത്തിന്, എം.ജി.സര്‍വ്വകലാശാല ക്രിസ്ത്യാനിക്ക്, കേരള സര്‍വ്വകലാശാല ഹിന്ദുവിന് എന്ന രീതിയില്‍ അലിഖിത നിയമങ്ങള്‍ ഉണ്ടാക്കി ഈ സര്‍വ്വകലാശാലകളില്‍ അത്തരക്കാരെ മാത്രമേ നിയമിക്കാന്‍ പാടുള്ളൂ എന്നുള്ള തിട്ടൂരങ്ങള്‍ ഉയരുന്നു. കഴിഞ്ഞ 18 വര്‍ഷമായി കോഴിക്കോട് സര്‍വ്വകലാശാലയില്‍ വി.സിയായി ഒരു പ്രത്യേക വിഭാഗക്കാരെ മാത്രമേ നിയമിച്ചിട്ടുള്ളു. ഡോ.കെ.കെ.എന്‍.കുറുപ്പിനു ശേഷം മുസ്ലീം വി.സിമാര്‍ മാത്രമെ ഉണ്ടായിട്ടുള്ളു. അന്‍വര്‍ ജഹാന്‍ സുബൈരി, സയ്യിദ് ഇഖ്ബാല്‍ ഹസ്‌നയില്‍, ഡോ. അബ്ദുസലാം, ഡോ. മുഹമ്മദ് ബഷീര്‍ എന്നിവരായിരുന്നു അതില്‍പെട്ടവര്‍. ഈ കാലഘട്ടങ്ങളിലൊക്കെ തന്നെ സര്‍വ്വകലാശാലയെ രാഷ്ട്രീയവല്‍ക്കരിക്കാനും ദേശീയ മാനബിന്ദുക്കളെ അപമാനിക്കാനും ശ്രമിച്ചിരുന്നു. ഡോ. അബ്ദുസലാം വി.സി. ആയിരുന്നപ്പോള്‍ ഇത്തരം നീക്കങ്ങള്‍ക്കെതിരെ ചില ചെറുത്തുനില്‍പ്പുകള്‍ നടത്തിയതിന്റെ പേരില്‍ അദ്ദേഹത്തിന് ഒറ്റപ്പെടേണ്ടിവന്നിട്ടുണ്ട്. ഇത് മാത്രമാണ് ഒരപവാദം.
സര്‍വ്വകലാശാലയുടെ പ്രധാന ഗേറ്റിനടുത്ത് സ്ഥാപിച്ചിരുന്ന ”നിര്‍മ്മായ കര്‍മ്മണാശ്രീ” എന്ന ആപ്തവാക്യം എഴുതി സ്ഥാപിച്ചിരുന്ന എംബ്ലം മതതീവ്രവാദികള്‍ എടുത്തുമാറ്റിയിരുന്നു. ശക്തമായ പ്രതിഷേധമുയര്‍ന്നപ്പോള്‍ അതവിടെ തന്നെ പുനഃസ്ഥാപിക്കപ്പെട്ടു. സര്‍വ്വകലാശാലയുടെ ഭൂമി മുസ്ലീംലീഗ് ഭരിക്കുന്ന പഞ്ചായത്തിന് കൈമാറാനുള്ള നീക്കവും ഈ കാലഘട്ടങ്ങളില്‍ നടന്നിരുന്നു.
യോഗ്യതയില്ലാത്ത മുസ്ലിംലീഗ് നേതാവിനെ വി.സിയാക്കാനുള്ള ശ്രമം നടന്നിരുന്നു. പ്ലസ്ടു അധ്യാപകനായിരുന്ന ലീഗ് നേതാവ് കൂടിയായ ഡോ.വി.പി. അബ്ദുള്‍ഹമീദിനെ വി.സിയാക്കാനുള്ള ശ്രമം മുസ്ലിംലീഗ് നടത്തിയിരുന്നു. ശക്തമായ പ്രതിഷേധമുയര്‍ന്നപ്പോള്‍ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള 10 സ്വാശ്രയ അറബിക് കോളേജുകളെ എയിഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളാക്കി മാറ്റിയിരുന്നു. അറബിക് കോഴ്‌സുകള്‍ മാത്രമുണ്ടായിരുന്ന ഈ സ്വാശ്രയ കോളേജുകളെല്ലാം മുസ്ലീം മാനേജ്‌മെന്റിന്റെ കീഴിലുള്ളതായിരുന്നു. സര്‍വ്വകലാശാലയിലെ ഡിഗ്രി പഠനത്തിന് ഭീകരവാദിയായിരുന്ന അല്‍റുബായിസിന്റെ കവിത ഉള്‍പ്പെടുത്തിയത് വലിയ വിവാദമായിരുന്നു. സര്‍വ്വകലാശാലയുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ പോലും തീവ്രവാദികള്‍ ഉണ്ട് എന്നുള്ളതിന്റെ തെളിവാണിത്. ഏഴ് വര്‍ഷം മുമ്പ് സര്‍വ്വകലാശാലയുടെ ഫോക്‌ലോര്‍ വിഭാഗം സര്‍വ്വകലാശാലയില്‍ കുരുന്നുകള്‍ക്ക് വിദ്യാരംഭം കുറിക്കാന്‍ തീരുമാനമെടുക്കുകയും താല്‍പര്യമുള്ള കുട്ടികളില്‍ നിന്നും രജിസ്‌ട്രേഷന്‍ നടത്തുകയും ചെയ്തിരുന്നു. പത്രങ്ങളില്‍ വാര്‍ത്തയും നല്‍കിയിരുന്നു. എന്നാല്‍ ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ വിദ്യാരംഭം സര്‍വ്വകലാശാലയില്‍ നടത്താന്‍ പാടില്ലെന്ന് തിട്ടൂരമിറക്കുകയും അവരുടെ ഭീഷണിക്ക് വഴങ്ങി വിദ്യാരംഭം നടത്താനുള്ള തീരുമാനം ഉപേക്ഷിക്കുകയും ചെയ്തു. സരസ്വതീക്ഷേത്രമായ സര്‍വ്വകലാശാലയില്‍ അല്ലാതെ പിന്നെ എവിടെയാണ് വിദ്യാരംഭം നടക്കേണ്ടത് എന്ന ചോദ്യം വ്യാപകമായി ഉയര്‍ന്നിരുന്നു അന്ന്.
കേരളത്തിലെ സര്‍വ്വകലാശാലകളില്‍ വി.സി. നിയമനത്തില്‍ അമിതമായ രാഷ്ട്രീയവല്‍ക്കരണമാണ് രണ്ട് മുന്നണികളും നടത്തിയിരുന്നത്. എം.ജി. സര്‍വ്വകലാശാലയില്‍ പ്രോ.വി.സിയായിരുന്ന ഡോ. ഷീനഷൂക്കുറിന്റെ ഒരു പ്രസംഗം വിവാദമായിരുന്നു. ഗള്‍ഫില്‍ പ്രവാസികളുടെ ഒരു സംഘടനയുടെ സ്വീകരണയോഗത്തില്‍ പങ്കെടുത്ത് ഷീനഷുക്കൂര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. ”മുസ്ലീംലീഗിന്റെ തണലിലാണ് എനിക്ക് പ്രോ.വി.സി. പദവി ലഭിച്ചത്. അതുകൊണ്ട് എന്റെ നിയമനത്തിന് ഞാന്‍ അവരോട് കടപ്പെട്ടിരിക്കുന്നു.” ഈ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പ് പുറത്തായിരുന്നു. രാഷ്ട്രീയവല്‍ക്കരണത്തിന്റെ ഏറ്റവും വലിയ തെളിവാണിത്. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ നടന്നിട്ടുണ്ട്. സ്വയംഭരണസ്ഥാപനമായ സര്‍വ്വകലാശാലകളിലെ ഉന്നതമായ പദവികള്‍ രാഷ്ട്രീയ-മതവല്‍ക്കരിച്ചതിന്റെ ഫലമായി സര്‍വ്വകലാശാലകള്‍ നിലവാരത്തകര്‍ച്ചയിലായി. സിണ്ടിക്കേറ്റ് യോഗങ്ങള്‍ രാഷ്ട്രീയ കലഹങ്ങളുടെ വേദിയായി. കോഴിക്കോട് സര്‍വ്വകലാശാലാ വി.സിയെ സിണ്ടിക്കേറ്റംഗങ്ങള്‍ കയ്യേറ്റം ചെയ്ത സംഭവം വരെ ഉണ്ടായിരുന്നു.
മലപ്പുറം ജില്ലയില്‍ നില്‍ക്കുന്ന കോഴിക്കോട് സര്‍വ്വകലാശാല ഇസ്ലാമികവല്‍ക്കരണത്തിന്റെയും തീവ്രവാദത്തിന്റെയും പിടിയില്‍ അകപ്പെടുകയാണ്. അക്കാദമിക താല്‍പര്യങ്ങള്‍ ഹനിക്കപ്പെടുന്നു. ദേശീയ മാനബിന്ദുക്കള്‍ അപമാനിക്കപ്പെടുന്നു. മലപ്പുറം ജില്ലയില്‍ ദേശീയ മാനബിന്ദുക്കളും ചിഹ്നങ്ങളും അപമാനിക്കപ്പെടുന്നത് നിത്യകാഴ്ചയാണ്. തുഞ്ചത്താചാര്യന്റെ ജന്‍മനാടായ തിരൂരില്‍ സ്ഥാപിക്കാനായി നിര്‍മ്മിച്ച തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ മുസ്ലീംലീഗ് ഭരിക്കുന്ന മുനിസിപ്പാലിറ്റിയുടെയും തീവ്രവാദികളുടെയും എതിര്‍പ്പ് മൂലം സ്ഥാപിക്കപ്പെട്ടില്ല. മനോഹരമായ ആ പ്രതിമ എവിടെയോ പൊടിപിടിച്ചു കിടക്കുന്നു. സി.പി.എം നേതൃത്വത്തിലുള്ള കൗണ്‍സില്‍ അധികാരത്തില്‍ വന്നപ്പോഴും തുഞ്ചന്റെ പ്രതിമ തിരൂരില്‍ സ്ഥാപിക്കപ്പെട്ടില്ല. പ്രതിമ സ്ഥാപിക്കാനിരിക്കുന്ന സ്ഥലത്ത് ഒരു മഷിക്കുപ്പിയും തൂവലും സ്ഥാപിക്കപ്പെട്ടു. സാംസ്‌കാരിക നായകര്‍ മൗനം പാലിച്ചു. തീവ്രവാദികള്‍ വിജയിച്ചു.
പ്രശസ്ത സാഹിത്യകാരന്‍ ഒ.വി. വിജയന്റെ സ്മരണയ്ക്കായി അദ്ദേഹം പഠിപ്പിച്ച കോട്ടക്കല്‍ രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സ്ഥാപിക്കപ്പെട്ട അദ്ദേഹത്തിന്റെ പ്രതിമ പണി പൂര്‍ത്തിയായി ഉദ്ഘാടനത്തിനായി കാത്തിരിക്കെ തകര്‍ക്കപ്പെട്ടു. മൂക്കും മുഖവും ചെത്തി വികൃതമാക്കിയ പ്രതിമ, സ്മൃതിവനത്തില്‍ കിടന്നു. മലപ്പുറം ജില്ലയില്‍ പ്രതിമകള്‍ വാഴില്ലെന്ന തീവ്രവാദികളുടെ അഹങ്കാരം അതേപടി തന്നെ നിലനില്‍ക്കുന്നു.
ഈ കഴിഞ്ഞ ദിവസം മലപ്പുറം ടൗണിന്റെ ഹൃദയഭാഗത്ത് കളക്ടറുടെ ബംഗ്ലാവിന്റെ മതിലില്‍ കോറോണക്കെതിരെ ‘മലപ്പുറം’ ഭാഷയില്‍ സംഭാഷണം എഴുതി വരച്ച കാര്‍ട്ടൂണ്‍ തീവ്രവാദികളുടെ ഭീഷണിമൂലം മായ്‌ക്കേണ്ടിവന്നു. മലപ്പുറം ജില്ല ഒരു മതവിഭാഗത്തിന് തീറെഴുതി നല്‍കിയതാണെന്ന അഹങ്കാരത്തിന്റെ പിന്‍ബലത്തിലാണ് ഈ ആക്രോശങ്ങളെല്ലാം.
മലപ്പുറം ജില്ലയും കോഴിക്കോട് സര്‍വ്വകലാശാലയുമെല്ലാം എല്ലാവരുടെതുമാണ്. ഒരു പ്രത്യേകമതവിഭാഗം ഭൂരിപക്ഷമായിപ്പോയി എന്നതുകൊണ്ട് ദേശീയമായ ഒന്നിനെയും വച്ചുപൊറുപ്പിക്കില്ലെന്ന ധാര്‍ഷ്ട്യവും സാംസ്‌കാരിക ബിന്ദുക്കളെ അപമാനിക്കാനുള്ള നീക്കവും ചെറുക്കപ്പെടേണ്ടതാണ്. മലപ്പുറം ജില്ലയ്‌ക്കൊരു സാംസ്‌കാരിക പാരമ്പര്യമുണ്ട്. ടിപ്പുവിന്റെ പടയോട്ടത്തിലും, മാപ്പിള ലഹളയിലും തകര്‍ക്കാന്‍ കഴിയാതിരുന്ന ഒരു വലിയ സംസ്‌കാരത്തിന്റെ തിരുശേഷിപ്പുകള്‍ ഇന്നും അവശേഷിക്കുന്ന മണ്ണാണ് മലപ്പുറം.
മാമാങ്കത്തിന്റെ സ്മരണകള്‍ ഉറങ്ങുന്ന മണ്ണാണ്, നിളയുടെ താരാട്ട് പാട്ട് കേട്ട മണ്ണ്. ഈ താരാട്ടുപാട്ട് കേട്ടുവളര്‍ന്ന നിരവധി സാഹിത്യ സാംസ്‌കാരിക നായകന്‍മാര്‍ ജീവിച്ച മണ്ണ്. തുഞ്ചത്താചാര്യനും ഇടശ്ശേരിയും ഉറൂബും വള്ളത്തോളും വില്വമംഗലവും പൂന്താനവും എം.ടി. വാസുദേവന്‍ നായരും അക്കിത്തവും സി.രാധാകൃഷ്ണനും വളര്‍ന്ന മണ്ണാണ്. മേല്‍പ്പുത്തൂരിന്റെ മണ്ണാണ്. ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ വാണിടുന്ന നാട്. ഇടിഞ്ഞുപൊളിഞ്ഞു കിടന്നിരുന്ന നിരവധി ക്ഷേത്രങ്ങളും പുനരുദ്ധരിക്കപ്പെട്ട നാട്, ”പട്ടി പാത്തിയ കല്ലിന്മേല്‍ ചന്ദനം പൂശിയ കേളപ്പാ” എന്ന മുദ്രാവാക്യം വിളിച്ചിട്ടും ഗാന്ധിയനായ കേളപ്പജിയുടെ നേതൃത്വത്തില്‍ അങ്ങാടിപ്പുറം തളിക്ഷേത്രം വീണ്ടെടുത്ത ക്ഷാത്രവീര്യമുള്ള മണ്ണ്. മാര്‍ക്കണ്ഡേയന്റെ മണ്ണ്. നാവാമുകുന്ദനും തൃപ്രങ്ങോട്ടപ്പനും ആലത്തിയൂരിലെ ഹനുമാനും ചമ്രവട്ടത്തയ്യപ്പനും തൃക്കണ്ടിയൂര്‍ ശിവനും ഭക്തരെ കാത്തരുളുന്ന പുണ്യഭൂമി ദക്ഷിണഭാരതത്തിലെ പ്രധാന ക്ഷേത്രങ്ങളില്‍ പെടുന്ന കാടാമ്പുഴക്ഷേത്രവും അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന്‌ക്ഷേത്രവും നില്‍ക്കുന്ന മണ്ണ്. ഈ പറഞ്ഞ സാംസ്‌കാരിക ഭൂമികയില്‍ വിരാജിക്കുന്ന മണ്ണാണ് മലപ്പുറം. ഈ മണ്ണ് ആര്‍ക്കെങ്കിലും തീറെഴുതിക്കൊടുത്തിട്ടില്ല. ഇതും ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകം ഉയര്‍ത്തിപ്പിടിക്കുന്ന മണ്ണാണ്. ഇവിടെ തീവ്രവാദികളും ഭീകരവാദികളും തലപൊക്കുമ്പോള്‍ അതിനെ ചെറുത്തുതോല്‍പ്പിക്കേണ്ട ചുമതല എല്ലാ ദേശസ്‌നേഹികള്‍ക്കുമുണ്ട്. അതിനായി ദേശസ്‌നേഹികള്‍ ഒരുമിച്ചില്ലെങ്കില്‍ നമ്മെ കാത്തിരിക്കുന്നത് ഒരു വലിയ ദുരന്തമായിരിക്കും.