ഇതെന്തുകഥ! മതേതരത്വം സിലബസ്സില്‍നിന്നു ഒഴിവാക്കുകയോ? രാഹുല്‍ഗാന്ധിക്കും മമതാബാനര്‍ജിയ്ക്കും മനീഷ്‌സിസോദിയയ്ക്കും സീതാറാം യച്ചൂരിക്കും എന്തിന് സിനിമാ നടന്‍ കമലഹാസനും ഇതെങ്ങനെ സഹിക്കും? സി.ബി.എസ്.സി ഒമ്പതാം ക്ലാസ് മുതല്‍ പന്ത്ര ണ്ടാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളുടെ സിലബസ്സില്‍ 30 ശതമാനം വെട്ടിച്ചുരുക്കി എന്ന് കേട്ടപ്പോള്‍ മതേതരത്വത്തെ ഒഴിവാക്കും എന്ന് അവര്‍ സ്വപ്നത്തില്‍ പോലും കരുതിയതല്ല. മുമ്പ് ഇവര്‍ ഇതുപോലെ ബോധം കെട്ടുപോയ ഒരു സന്ദര്‍ഭമുണ്ടായിരുന്നു. 1992ല്‍ ബാബരി കെട്ടിടം തകര്‍ന്നപ്പോള്‍. ഈ കെട്ടിടത്തിലായിരുന്നു രാജ്യത്തെ മതേതരത്വം കുടികൊണ്ടിരുന്നത് എന്നാണ് അവര്‍ തീര്‍ത്തുപറഞ്ഞത്. അതു തകര്‍ന്നതോടെ മതേതരത്വം ഇല്ലാതായി എന്നവര്‍ വിലപിച്ചു. ഇപ്പോള്‍ അവര്‍ പറയുന്നു സി.ബി.എസ്.സി സിലബസ്സിലാണ് മതേതരത്വം കുടികൊള്ളുന്നതെന്ന്. ഇനി ഇക്കൂട്ടര്‍ മതേതരത്വത്തിന് കുടിയിരിക്കാന്‍ അടുത്ത പാലമരം കണ്ടുവെക്കുന്നത് എവിടെയാണാവോ?
ഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാംക്ലാസ് വരെയുള്ള സിലബസ്സില്‍ എല്ലാ വിഷയത്തിലും വെട്ടിച്ചുരുക്കലുണ്ടായിട്ടുണ്ട്. ഇവ പഠി ക്കേണ്ട എന്നല്ല; അവയില്‍ നിന്നു ചോദ്യം ഉണ്ടാവില്ല എന്നേ നിര്‍ദ്ദേശിച്ചിട്ടുള്ളു. സാമൂഹ്യപാഠത്തില്‍ തന്നെ പൗരത്വം, ദേശീയത, ഫെഡറലിസം, വിദേശരാജ്യങ്ങളുമായുള്ള ബന്ധം, നോട്ടുനിരോധനം തുടങ്ങിയവയൊക്കെ ഒഴിവാക്കിയതില്‍ പെടുന്നു. വിദ്യാഭ്യാസ വിദഗ്ദ്ധരുടെ നിര്‍ദ്ദേശമനുസരിച്ചാണ് പാഠഭാഗങ്ങള്‍ ഒഴിവാക്കിയത്. മറ്റ് ഒരു പരിഗണനയും ഇക്കാര്യത്തില്‍ ഇല്ലെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും ബോധ്യമാവുകയും ചെയ്യും. മോദി സര്‍ക്കാര്‍ മതേതര വിരുദ്ധമാണ് എന്നു വിളിച്ചുപറയാന്‍ കച്ചകെട്ടി ഇറങ്ങിയവര്‍ക്ക് ഇതൊന്നും നോക്കേണ്ടതില്ലല്ലോ?