ലോകത്തിലെ ഏറ്റവും ശക്തമായ ഹിന്ദുരാഷ്ട്രമായിരുന്നു ഇന്ത്യ.കാരണം, സമഭാവനയില്‍ അധിഷ്ഠിതമായ ഹൈന്ദവ രാഷ്ട്ര സങ്കല്‍പം മറ്റു മതങ്ങളുടെ മതരാഷ്ട്രം പോലെയല്ല.നേപ്പാളും ഒരു സമ്പൂര്‍ണ്ണ ഹിന്ദുരാഷ്ട്രമായിരുന്നു. എന്നാല്‍, നേപ്പാള്‍ നമുക്കെതിരെ തിരിഞ്ഞിരിക്കുന്നു. വസ്തുനിഷ്ഠമായി പറഞ്ഞാല്‍, ചൈനീസ് സര്‍ക്കാര്‍ നിയന്ത്രിക്കുന്ന നേപ്പാളിലെ കമ്മ്യൂണിസ്റ്റ് കളിപ്പാവ ഗവണ്‍മെന്റ് ഇന്ത്യന്‍ രാഷ്ട്ര താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു.ലോകത്തിലെ ഒരേഒരു ഹിന്ദുരാഷ്ട്രമായ നേപ്പാളിന് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണ്? എങ്ങനെയാണ് ഗോരഖ്‌നാഥ സിദ്ധന്റെ വംശജരായ ഗൂര്‍ഖകളുടെ മണ്ണും ഭാരതവും തമ്മില്‍ ശത്രുതയാരംഭിച്ചത്?
എണ്‍പതുകളില്‍ നടന്ന ചില രാഷ്ട്രീയ താന്‍പോരിമകളും ഭരണാധികാരികളുടെ ഈഗോയും സനാതന ധര്‍മ്മത്തില്‍ അധിഷ്ഠിതമായിരുന്ന രണ്ടു രാഷ്ട്രങ്ങളെ എങ്ങനെ നിതാന്ത വൈര്യത്തില്‍ കൊണ്ടെത്തിച്ചുവെന്ന് നമുക്കൊന്ന് അന്വേഷിച്ചു നോക്കാം. ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടനയായ റിസര്‍ച്ച് ആന്റ് അനാലിസിസ് വിംഗ് അഥവാ റോയുടെ സ്‌പെഷ്യല്‍ ഡയറക്ടറായിരുന്നു അമര്‍ ഭൂഷണ്‍. അദ്ദേഹം തന്റെ ‘ഇന്‍സൈഡ് നേപ്പാള്‍’ എന്ന ഗ്രന്ഥത്തില്‍ സ്‌ഫോടനാത്മകമായ ചില വെളിപ്പെടുത്തലുകള്‍ നടത്തുന്നുണ്ട്. ശാന്തമായ ഒരു ഹിന്ദുരാഷ്ട്രമായി നിലനിന്നിരുന്ന നേപ്പാള്‍, എപ്രകാരമാണ് ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രമായതെന്നും നൂറ്റാണ്ടുകളായി സൗഹൃദം പങ്കിട്ടിരുന്ന ഭാരതവുമായി അകന്നതെന്നും ഈ ഗ്രന്ഥം നമ്മളോട് പറയും. ശ്രീബുദ്ധന്റെ നേപാള ഭൂമിയുടെ ഹൈന്ദവ രാജാധികാരം മണ്മറയാന്‍ കാരണമായതും കമ്മ്യുണിസ്റ്റ് തീവ്രവാദ പ്രസ്ഥാനങ്ങളെ വെള്ളവും വളവുമൂട്ടി വളര്‍ത്താന്‍ പുറകിലിരുന്ന് ചരടു വലിച്ചതും മറ്റാരുമല്ല, വിഖ്യാതനായ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ്!
നേപ്പാള്‍ രാജഭരണം തകര്‍ന്നതല്ല, ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി മുന്‍കൈയെടുത്ത് തകര്‍ത്തതാണെന്ന റോ മേധാവിയുടെ വെളിപ്പെടുത്തല്‍ ഏവരെയും സ്തബ്ധരാക്കിയിരുന്നു. രാജീവിന്റെ താല്‍പ്പര്യ പ്രകാരം നേപ്പാളിലെ ഹിന്ദു രാജഭരണം അട്ടിമറിക്കപ്പെട്ടതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് റോയുടെ കരങ്ങള്‍ തന്നെയാണ്.1972 മുതല്‍ നേപ്പാള്‍ ഭരിച്ചിരുന്ന ബീരേന്ദ്ര ബീര്‍ ബിക്രം ഷായുടെ ഭരണം അട്ടിമറിക്കാനുള്ള അതീവ രഹസ്യ ദൗത്യം ഇന്ത്യന്‍ സര്‍ക്കാര്‍ ഏല്‍പ്പിച്ചിരുന്നത് അമര്‍ ഭൂഷണിനെയായിരുന്നു. അതിനു വേണ്ടി നേപ്പാളില്‍ പ്രവര്‍ത്തിച്ചിരുന്ന ഏജന്റുമാരെ ശക്തിപ്പെടുത്താനും നിയന്ത്രിക്കാനുമുള്ള ചുമതല അദ്ദേഹത്തിനായിരുന്നു.
കഥ തുടങ്ങുന്നത് ഇങ്ങനെയാണ്. ലോകത്തിലെ അവസാന ഹിന്ദുരാഷ്ട്രമായ നേപ്പാളിന്റെ ഹൈന്ദവ രാജാധികാരത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി അശേഷം സംതൃപ്തനായിരുന്നില്ല. അതിനു കാരണവുമുണ്ട്. ഒരിക്കല്‍, 1984-ല്‍, രാജീവ് ഗാന്ധിയും പത്‌നി സോണിയയും നേപ്പാളിലെ വിഖ്യാതമായ പശുപതിനാഥ ക്ഷേത്രം സന്ദര്‍ശിച്ചു. എന്നാല്‍ ക്രിസ്ത്യാനിയായ സോണിയാഗാന്ധിയെ, ക്ഷേത്രപാലകര്‍ അകത്തു കയറാനനുവദിച്ചില്ല. ഹൈന്ദവ പുരോഹിതന്മാരുടെ ജനസ്വാധീനം അറിയാവുന്ന രാജാവ് പോലും രാജീവ്ഗാന്ധിയുടെ അഭ്യര്‍ത്ഥന ചെവിക്കൊണ്ടില്ല. രാജീവ് ഗാന്ധിക്ക് മുഖത്തേറ്റ അടിയായിരുന്നു ഈ തീരുമാനം. സ്വാഭാവികമായും ഇന്ത്യ-നേപ്പാള്‍ നയതന്ത്രബന്ധത്തില്‍ ഇത് വളരെ വലിയ വിള്ളലുണ്ടാക്കി. തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത കാലമാണ് രാജീവിന്റെ ആ കാലം എന്നോര്‍ക്കണം. ഏതു സംസ്‌കാരത്തിനാണോ ഭാരതം ജന്മം കൊടുത്തത്, അതിന്റെ ചിട്ടകളിലൊന്ന് പാലിക്കാനുള്ള ശ്രമത്തില്‍ ഭാരതം തന്നെ ആ കുഞ്ഞു രാഷ്ട്രത്തിനെതിരായി.
രാജീവ് ഗാന്ധി എന്നാല്‍ അപ്പോഴൊന്നും പ്രതികരിച്ചില്ല. കുറച്ചുകാലം കഴിഞ്ഞു, സത്യമോ മിഥ്യയോ എന്നറിയില്ല, നേപ്പാളും ചൈനയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ കുറിച്ച് സമൂഹത്തില്‍ കഥകള്‍ പരന്നു തുടങ്ങി.തികച്ചും സ്വാഭാവികം! രാജീവ് ഗാന്ധിയുടെ ശ്രദ്ധ, നേപ്പാളിലെ ഹിന്ദു രാജഭരണത്തിലായി. ഹിന്ദുരാഷ്ട്രമായിരുന്ന നേപ്പാളിനെ ജനാധിപത്യത്തിലേക്ക് കൊണ്ടുവരാന്‍ രാജീവ് കരുക്കള്‍ നീക്കിത്തുടങ്ങി. രണ്ടു മൂന്നു തവണ അദ്ദേഹം നേരിട്ട് അക്കാര്യം ഉന്നയിക്കുകയും ചെയ്തു. എന്നാല്‍, തന്റെ രാജ്യാധികാരം ജനാധിപത്യത്തിനു വിട്ടുകൊടുക്കാന്‍ തലമുറകളായി രാജ്യം ഭരിച്ചിരുന്ന രാജകുടുംബത്തിലെ അമരക്കാരന് താല്‍പര്യമുണ്ടായിരുന്നില്ല.
പലതവണയായുള്ള നയതന്ത്ര ചര്‍ച്ചകള്‍ ഫലം കാണാതെ വന്നപ്പോള്‍ രാജീവ് ഗാന്ധിയുടെ പക സര്‍വ്വ സീമകളും ലംഘിച്ചു. രാജീവ് ഗാന്ധി സര്‍ക്കാര്‍ നേപ്പാളിനെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു. ചൈനയും നേപ്പാളുമായി ഇന്ത്യക്ക് ഭീഷണിയാകുന്ന അവിശുദ്ധ ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഉപരോധം. നേപ്പാളിനു നല്‍കിയിരുന്ന ഭക്ഷ്യോല്പന്നങ്ങളുടെ വിതരണം തടഞ്ഞു.സംയുക്തമായ ഹൈന്ദവ പാരമ്പര്യവും സനാതന സംസ്‌കാരവും നിമിത്തം ഇന്ത്യയോട് നിര്‍വിശേഷമായ വിധേയത്വമുണ്ടായിരുന്ന നേപ്പാളിന്റെ അഭിമാനം വ്രണപ്പെട്ടു.ചൈനയുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ അറിയുന്നതിനാല്‍ അവരെ പടിക്കു പുറത്ത് നിര്‍ത്തിയിരുന്ന നേപ്പാള്‍ മാറി ചിന്തിച്ചുതുടങ്ങി.സമ്മര്‍ദ്ദം വര്‍ദ്ധിച്ച ബിക്രം ഷാ, ഭക്ഷ്യ ഉത്പന്നങ്ങളുടെ ലഭ്യതയ്ക്ക് ചൈനയുടെ സഹായം തേടി.
വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നറിഞ്ഞ് രാജീവ് ഗാന്ധി റോയെ കാര്യങ്ങള്‍ ഏല്‍പ്പിച്ചു. ഏതുവിധേനയും നേപ്പാളിലെ ഹിന്ദു സര്‍ക്കാരിനെ താഴെയിറക്കാന്‍ ഉത്തരവിട്ടു. റോയുടെ തലവനായ എ.കെ വര്‍മ്മയെയാണ് രാജീവ് ഗാന്ധി ഇക്കാര്യം ഏല്‍പ്പിച്ചത്. വര്‍മ്മ തന്റെ ഏറ്റവും മികച്ച ആയുധമായ’ജീവനാഥന്‍’ എന്ന അമര്‍ ഭൂഷണെ ഈ ദൗത്യത്തിന് നിയോഗിച്ചു. ദൗത്യം ഏറ്റെടുത്ത് ജീവനാഥന്‍ നേപ്പാളിലേക്ക് തിരിച്ചു. നേപ്പാള്‍ രാജഭരണം അട്ടിമറിക്കാന്‍ ആദ്യം വേണ്ടത് മാവോയിസ്റ്റ് സംഘടനയെ ശക്തമാക്കുകയാണ് എന്ന് ജീവനാഥന്‍ മനസ്സിലാക്കി. നിരവധി നാളത്തെ അന്വേഷണത്തിന് ശേഷം, നേപ്പാളിലെ മാവോയിസ്റ്റ് തലവനായ പുഷ്പ കമല്‍ ദഹലിനെ കണ്ട് ജീവനാഥന്‍ സഹായം വാഗ്ദാനം ചെയ്തു. എന്നാല്‍, കടുത്ത കമ്മ്യൂണിസ്റ്റ് തീവ്രവാദിയായ പുഷ്പ കമല്‍, ജീവനെ വിശ്വസിക്കാന്‍ തയ്യാറായില്ല. അവസാനം, ഗത്യന്തരമില്ലാതെ സ്വന്തം വിവരങ്ങളും ആഗമനോദ്ദേശ്യവും ഇതിന്റെ പുറകിലുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ താല്‍പര്യവും വിശദമായി ജീവനാഥന്‍ പുഷ്പനെ ധരിപ്പിച്ചു. പുഷ്പ കമല്‍ ദഹല്‍, നേപ്പാളിലെ മറ്റു രാഷ്ട്രീയ പാര്‍ട്ടികളുമായി ധാരണയിലെത്തി രാജകുടുംബത്തിനെതിരെ അതിശക്തമായ ഒരു ബെല്‍റ്റ് സൃഷ്ടിച്ചു. നേപ്പാളിനകത്തെ ചൈനീസ് കമ്മ്യൂണിസ്റ്റുകളെ, ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടനയുടെ ഏജന്റുമാര്‍ രഹസ്യമായി സഹായിച്ചു തുടങ്ങി. രാജീവ് ഗാന്ധിയുടെ ഭരണവാഴ്ചയിലുടനീളം റോയുടെ പിന്തുണ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ലഭിച്ചിരുന്നു.
1991-ല്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടെങ്കിലും, അദ്ദേഹം തുടങ്ങി വച്ച പ്രവര്‍ത്തനങ്ങളുടെ പ്രത്യാഘാതങ്ങള്‍ അതിവേഗം മുന്നോട്ടു പോയി. തൊണ്ണൂറുകളില്‍, നേപ്പാളിലെ ആഭ്യന്തരകലാപം അതിശക്തമായി. മാവോയിസ്റ്റുകള്‍ നിഷേധിക്കാനാവാത്ത ശക്തിയായി വളര്‍ന്നു. ഇടതുപക്ഷത്തെയും കമ്മ്യൂണിസത്തെയും പിന്താങ്ങുന്നവരായി സ്വത്വം നഷ്ടപ്പെട്ട നേപ്പാളി യുവതലമുറ മാറി. വഴിതെറ്റിപ്പോയ യുവത്വത്തിന്റെ അതിശക്തമായ ഊര്‍ജ്ജം മുഴുവന്‍ തെറ്റായ പാതയിലൂടെ പ്രവര്‍ത്തിച്ചു.2001 ജൂണ്‍ ഒന്നാം തീയതി നേപ്പാള്‍ രാജകുടുംബത്തില്‍ ഉണ്ടായ കൂട്ടക്കൊലയില്‍ രാജാവായ ബീരേന്ദ്ര ബീര്‍ ബിക്രം ഷായും രാജ്ഞിയായ ഐശ്വര്യയുമടക്കം ഒമ്പത് പേര്‍ വധിക്കപ്പെട്ടു. അവശേഷിച്ചവരില്‍, ഗ്യാനേന്ദ്ര ബീര്‍ ബിക്രം ഷാ നിയമാനുസൃത പരമാധികാരി എന്ന നിലയ്ക്ക് രാജാവായി രാജ്യം ഭരിച്ചു. 2008-ല്‍ ലോകത്തിലെ അവസാനത്തെ ഹിന്ദു രാജാവായ അദ്ദേഹം അധികാരമൊഴിഞ്ഞു. 25 വര്‍ഷത്തെ ഒളിവു ജീവിതത്തിനു ശേഷം 2008 മുതല്‍ 2009 വരെയുള്ള കാലഘട്ടം ‘പ്രചണ്ഡ’ എന്നറിയപ്പെട്ട പുഷ്പ കമല്‍ ദഹല്‍ നേപ്പാള്‍ ഭരിച്ചു. നേപ്പാളി സൈനിക തലവനായ രുക്മന്‍ഗുഡ് കട്ട്വാളിനെ പുറത്താക്കാന്‍ നടത്തിയ നീക്കം പിഴച്ചതോടെ പ്രചണ്ഡയ്ക്ക് രാജിവെക്കേണ്ടിവന്നു.2016-ല്‍ അദ്ദേഹം വീണ്ടും അധികാരത്തില്‍ വന്നെങ്കിലും പിറ്റേവര്‍ഷം രാജിവെച്ചു.
അമര്‍ ഭൂഷന്റെ പുസ്തകത്തിലുള്ള വെളിപ്പെടുത്തലുകള്‍, രാജീവ് ഗാന്ധിയുടെ സ്വാര്‍ത്ഥ താത്പര്യങ്ങളെ കുറിച്ചാണ്.ഇപ്പോഴത്തെ മേഘാലയ ഗവര്‍ണറായ തഥാഗത റോയ് ഇക്കാര്യം തുറന്നടിച്ചു പറഞ്ഞിരുന്നു. പക്ഷേ, രാജീവ് ഗാന്ധി വളമിട്ട് വളര്‍ത്തിയ നേപ്പാള്‍ കമ്മ്യൂണിസം വളര്‍ന്നു വളര്‍ന്ന് ശാഖകള്‍ ഇന്ത്യക്ക് മേലെ ചാഞ്ഞു തുടങ്ങിയിരിക്കുന്നു.ആളും അര്‍ത്ഥവും കൊടുത്ത് രാജീവ് പാലൂട്ടി വളര്‍ത്തിയ പാമ്പിന്‍ കുഞ്ഞുങ്ങള്‍ വളര്‍ന്നു മുറ്റിയ വിഷസര്‍പ്പങ്ങളായിരിക്കുന്നു. ഇന്നത് ഭാരതത്തെ ആഞ്ഞു കൊത്താന്‍ തക്കം പാര്‍ത്തിരിക്കുകയാണ്. കമ്മ്യൂണിസം എന്ന വിഷവൃക്ഷം ഒരു നാട്ടില്‍ ആരു നട്ടുവളര്‍ത്തിയാലും ആ നാടിനെ കാത്തിരിക്കുന്ന വിധി എന്തെന്ന് നിരവധി ലോകരാഷ്ട്രങ്ങള്‍ തെളിയിച്ചതാണ്.നേപ്പാളിന്റെ കാര്യത്തിലും അത് സത്യമായി.
നെഹ്‌റു ഒന്ന് മൂളിയിരുന്നെങ്കില്‍ ഇന്ന് നേപാള ദേശം ഭാരതത്തിന്റേതാകുമായിരുന്നു. അങ്ങനെ സംഭവിച്ചില്ലെങ്കിലും, രാജീവിന്റെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തികള്‍ ഒഴിവാക്കിയിരുന്നെങ്കില്‍, ആ രാജ്യവുമായി നിലനിന്നിരുന്ന സൗഹൃദമെങ്കിലും ബാക്കിയാകുമായിരുന്നു. ചിന്താശേഷിയില്ലാത്ത പൂര്‍വികരുടെ പ്രവൃത്തിയുടെ തിക്തഫലങ്ങള്‍ വരും തലമുറയ്ക്ക് അനുഭവിക്കാതെ തരമില്ലല്ലോ.