അവിടേയും ഞാന്‍ ആള്‍സോറേന്‍ ആയി
ടി.വി. വേണുഗോപാല്‍ കഎട
ക്ലാരിയോണ്‍ പബ്ലിക്കേഷന്‍
കോഴിക്കോട്
പേജ്: 104 വില: 100 രൂപ
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസില്‍ ഉദ്യോഗസ്ഥനായിരുന്ന ടി.വി. വേണുഗോപാല്‍ കാടിനെ മാത്രമല്ല കഥകളെയും സ്‌നേഹിക്കുന്നുണ്ടെന്നു തെളിയിക്കുന്ന ഒരു പുസ്തകമാണിത്. കഥകളാണ് പ്രധാന ഉള്ളടക്കമെങ്കിലും അദ്ദേഹം രചിച്ച ഏതാനും ലേഖനങ്ങളും കവിതകളും കൂടി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ലളിതമായ ഭാഷയില്‍ ഒറ്റയിരുപ്പില്‍ വായിക്കാവുന്ന കഥകളാണ് ഇതിലുള്ളത്. വായനക്കാരെ ആകര്‍ഷിക്കുന്ന നല്ല കഥകള്‍ ഉണ്ടെങ്കിലും ചില കഥകള്‍ നര്‍മ്മലേഖനത്തിന്റെ ശൈലിയിലുള്ളവയാണ്. പാരായണക്ഷമത ഇവയുടെ മികച്ച ഗുണം തന്നെയാണ്. പുസ്തകത്തിന്റെ പേര് ശീര്‍ഷകമായി വരുന്ന കഥയിലെ ‘ആള്‍സോറേന്‍’ എന്ന വാക്ക് ചിലര്‍ക്കെങ്കിലും അപരിചിതമായി തോന്നിയേക്കാമെങ്കിലും കഥ വായിക്കുന്നതോടെ ഈ അപരിചിതത്വം നീങ്ങിക്കിട്ടും. പ്രശസ്ത കഥാകൃത്ത് പി.ആര്‍.നാഥന്റെ നല്ലൊരു അവതാരികയിലൂടെ ഈ പുസ്തകത്തെ അനുഗ്രഹിച്ചിരിക്കുന്നു.
വില്‍ക്കാനുണ്ട് ചില ഹൃദയരാഗങ്ങള്‍ കൂടി
ഹരിദാസ് നീലഞ്ചേരി
യെസ് പ്രസ് ബുക്‌സ്, പെരുമ്പാവൂര്‍
പേജ്: 79 വില: 80 രൂപ
ആധുനികകാലത്ത് മനുഷ്യ സമൂഹം അഭിമുഖീകരിക്കുന്ന മാനസിക പ്രശ്‌നങ്ങളെ ലളിതമായ ഭാഷയില്‍ അവതരിപ്പിക്കുന്ന കഥകളാണ് ഹരിദാസ് നീലഞ്ചേരിയുടെ ‘വില്‍ക്കാനുണ്ട് ചില ഹൃദയരാഗങ്ങള്‍ കൂടി’ എന്ന ഈ കഥാസമാഹാരം. ചുരുങ്ങിയ കാലം കൊണ്ട് നിരവധി പുസ്തകങ്ങള്‍ വിപണിയിലെത്തിച്ച യെസ് പ്രസ് ബുക്‌സിന്റെ 202-ാമത്തെ പുസ്തകമാണിത്. കഥകള്‍ക്കു പുറമെ ലേഖനങ്ങളും നാടകങ്ങളും രചിക്കുന്ന ഹരിദാസിന് വായനക്കാരെ ആകര്‍ഷിക്കുന്ന തരത്തില്‍ എഴുതാന്‍ കഴിയുന്നുണ്ടെന്ന് ഈ സമാഹാരം തെളിയിക്കുന്നു.
കോവിഡ് കാലത്തിലിരുന്നുകൊണ്ടു വായിക്കുമ്പോഴാണ് ആര്‍ഭാടപൂര്‍ണ്ണമായ ഒരു സാമൂഹ്യജീവിതമാണ് നാം അനുഭവിച്ചിരുന്നതെന്ന് ഈ കഥകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ആര്‍ക്കും എവിടെയും എപ്പോഴും പോകാന്‍ കഴിയുന്ന അതിരുകളില്ലാത്ത സ്വാതന്ത്ര്യമാണ് നമുക്കുണ്ടായിരുന്നത്. മനോഹരമായ ആ കാലത്തും മനസ്സിന്റെ വാ തിലുകള്‍ കൊട്ടിയടച്ചു ജീവിച്ചവരാണ് ഈ കഥകളിലെ ചില കഥാപാത്രങ്ങള്‍. ബന്ധങ്ങള്‍ക്കുപരി പണത്തിനും പൊങ്ങച്ചത്തിനും പ്രാധാന്യം നല്‍കിയ ഒരു സമൂഹത്തിന്റെ അവസ്ഥ ലേഖകന്‍ ഈ കഥകളിലൂടെ വരച്ചുകാട്ടുന്നു.
അയ്മനം ജോണിന്റെ കഥകള്‍
അയ്മനം ജോണ്‍
കറന്റ് ബുക്‌സ്, തൃശൂര്‍
പേജ്: 327 വില: 330 രൂപ
പോയകാലം ജീവിതാനുഭവങ്ങള്‍ അയവിറക്കാന്‍ സാഹചര്യമൊരുക്കുകയാണ് ‘അയ്മനം ജോണിന്റെ കഥകള്‍.’ ജനിച്ചുവളര്‍ന്ന ചുറ്റുപാടുകളുടെ മരിക്കാത്ത ഓര്‍മ്മകള്‍ തുളുമ്പി നില്‍ക്കുന്നതാണ് ജോണിന്റെ കഥകള്‍. പ്രായോഗിക തലത്തില്‍ പരാജയമാണെങ്കിലും തന്നെ സ്വാധീനിച്ച പ്രത്യയശാസ്ത്രത്തിന്റെ അലയൊലികള്‍ മിക്ക കഥകളിലും അനുഭവപ്പെടുമെങ്കിലും, വായനയുടെ നൈരന്തര്യത്തെ അതൊരിക്ക ലും അലോസരപ്പെടുത്തുന്നില്ല. തന്റെ മനസ്സിലെ ആശയം അതറിയേണ്ടവന്റെ ഹൃദയത്തില്‍ തട്ടുംവിധം എത്തിക്കാനുള്ള സംവേദന പാടവം സ്വന്തം ആത്മാവില്‍ നിന്നുതന്നെ ഉണര്‍ന്നുവരികയാണ് ചെയ്യുന്നത്. അതിന് പള്ളിക്കൂടത്തിലെ പഠിപ്പുതന്നെ വേണമെന്നില്ല എന്ന സന്ദേശം ശ്രേഷ്ഠഭാഷ എന്ന കൊച്ചുകഥയില്‍ ജോണ്‍ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. തന്റെ കുടുംബത്തിന്റെ ഉയര്‍ച്ചയും വളര്‍ച്ചയും സ്വപ്നം കണ്ട് ജീവിതകാലം മുഴുവന്‍ പകലന്തിയോളം പണിയെടുക്കുന്ന തേയിലത്തോട്ടങ്ങളിലെ സാധാരണ തൊഴിലാളികളുടെ സുന്ദരമോഹങ്ങളെ അധികാരിവര്‍ഗ്ഗം മുളയിലെ നുള്ളിയെറിയുന്നതിന്റെ നൊമ്പരക്കാഴ്ചകളവതരിപ്പിക്കുയാണ് കോടമലയിലെ തേയിലക്കമ്പനിയുടെ അനുഭവ വിവരണത്തിലൂടെ കഥാകൃത്ത്. അതിഗഹനമായ സാഹിത്യവാചാടോപമില്ലാതെ, ലളിതമായ പദപ്രയോഗത്തിലൂടെ, സാധാരണക്കാരന്റെ ജീവിത നൊമ്പരങ്ങളും മോഹഭംഗങ്ങളും സവിശേഷമായ ആഖ്യാനരീതിയിലൂടെ അവതരിപ്പിച്ചിരിക്കുന്ന ‘അയ്മനം ജോണിന്റെ കഥകള്‍’ അനുവാചകരുടെ മനസ്സില്‍ എക്കാലവും നിറഞ്ഞു നില്‍ക്കുന്നവയാണ്.