ഉത്തരാഖണ്ഡിലെ പന്ത്‌നഗറിലുള്ള പ്രസിദ്ധമായ ഗോവിന്ദ് വല്ലഭ് പന്ത് യൂനിവേഴ്‌സിറ്റി ഓഫ് അഗ്രികള്‍ച്ചര്‍ ആന്റ് ടെക്‌നോളജിയില്‍ ചേരുന്നതിനുളള ഒരു ക്ഷണം 1971 മാര്‍ച്ചില്‍ വൈസ് ചാന്‍സലര്‍ ഡോ. ധ്യാന്‍പാല്‍ സിംഗില്‍ നിന്ന് ഈ ലേഖകന് ലഭിക്കുകയുണ്ടായി. നെഹ്‌റു മന്ത്രിസഭയില്‍ പട്ടേലിന്റെ നിര്യാണത്തിനുശേഷം ആഭ്യന്തര മന്ത്രിയായ ജി.ബി. പന്തിന്റെ പേരില്‍ തുടങ്ങിയതും ഏഷ്യയിലെ ഏറ്റവും വലുതും യു.എസ്.എയിലെ ‘ലാന്റ് ഗ്രാന്റ് പാറ്റേണ്‍’ മാതൃകയില്‍ സ്ഥാപിച്ചതുമായ സര്‍വ്വകലാശാലയാണിത്. വളരെ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനായ ധ്യാന്‍പാല്‍ സിംഗ് രാജ്യത്തെ മികച്ച പ്രതിഭകള്‍ ഈ സര്‍വ്വകലാശാലയില്‍ ഉണ്ടാകണമെന്ന് ആഗ്രഹിച്ചു. സീനിയര്‍ അസോസിയേറ്റ് പ്രൊഫസറും സീനിയര്‍ റിസര്‍ച്ച് ഓഫീസറുമായി ചേരാനായിരുന്നു ക്ഷണം. ആ സമയത്ത് ലേഖകന്‍ ബല്‍ജിയത്തിലെ പ്രശസ്തമായ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ഗെന്റില്‍ റിസര്‍ച്ച് അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയായിരുന്നു. ലേഖകന്റെ പത്‌നി ഡോ. പങ്കജം നായരാകട്ടെ ഡി.എസ്.സി. കഴിഞ്ഞ ഉടന്‍ യു.എസ്.എയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ ഒരു ഓഫര്‍ ലഭിച്ച സ്ഥിതിയിലുമായിരുന്നു. പന്ത് നഗറില്‍ നിന്നുള്ള ഓഫര്‍ 700 രൂപയുടെ കുറഞ്ഞ ശമ്പളത്തിന്റേതായിരുന്നു.
സാമ്പത്തികമായി വലിയ നഷ്ടമുണ്ടാക്കുന്നതാണെങ്കിലും മാതൃഭൂമിയോടുള്ള സ്‌നേഹം നിമിത്തം തന്നോടൊപ്പം ഭാരതത്തിലേക്കു മടങ്ങാന്‍ ഭാര്യയെ പ്രേരിപ്പിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ കാര്‍ഷിക സര്‍വ്വകലാശാല സ്ഥാപിക്കുകയായിരുന്നു ഡോ. സിംഗിന്റെ ലക്ഷ്യം. ഫലഭൂയിഷ്ഠമായ തെരായ് മേഖലയിലെ 16,000 ഏക്കറിലധികമുള്ള കന്യാവനഭൂമി വെട്ടിത്തെളിച്ച് സര്‍വ്വകലാശാലാ കെട്ടിടങ്ങള്‍, സ്റ്റാഫ് ബംഗ്ലാവുകള്‍, ജിംനേഷ്യം, കളിസ്ഥലങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍ നടത്താനുള്ള ആംഫി തിയേറ്റര്‍, വിശാലമായ ലൈബ്രറി, കച്ചവടകേന്ദ്രം, ആഴ്ചയില്‍ രണ്ടുതവണ ദില്ലിയുമായി വ്യോമബന്ധം സ്ഥാപിക്കുന്നതിനുളള വിമാനത്താവളം എന്നിവ നിര്‍മ്മിക്കാന്‍ തുടങ്ങിയിരുന്നു. ഹരിതവിപ്ലവത്തെ പിന്തുണക്കാന്‍ പതിനായിരക്കണക്കിനു ഏക്കര്‍ സ്ഥലത്ത് ഗോതമ്പ്, നെല്ല്, ചോളം എന്നിവയുടെ ‘അത്ഭുത’ ശേഷിയുള്ള ഇനം വിത്തുകള്‍ വിതച്ച് വന്‍തോതില്‍ വിള ഉല്പാദനം ലക്ഷ്യമിട്ട് തെരായ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന് (ടി.ഡി.സി.) രൂപം നല്‍കിയിരുന്നു എന്നത് കൂടുതല്‍ പ്രധാനപ്പെട്ട ഒരു കാര്യമാണ്.
ഹരിതവിപ്ലവത്തിന്റെ ശാസ്ത്രീയമായ നേട്ടങ്ങളെ കുറിച്ച് വലിയ സംശയങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പദ്ധതിയെ പിന്തുണക്കുന്നതിനുളള ‘അത്ഭുത’ വിത്തുകളുടെ പരീക്ഷണത്തിനുള്ള നിരവധി ഫീല്‍ഡ് പ്രോജക്ടുകളില്‍ പങ്കെടുക്കാന്‍ ഈ ലേഖകന്‍ നിര്‍ബ്ബന്ധിതനായി. ബീഹാറിലെ റാഞ്ചിയില്‍ വെച്ചു നടന്ന ഒരു ദേശീയ സമ്മേളനത്തില്‍ വെച്ച് ഹരിതവിപ്ലവം പരാജയപ്പെടുമെന്ന് 1976ല്‍ ലേഖകന്‍ ശക്തമായി പ്രവചിച്ചു. വിവിധ കാരണങ്ങളാല്‍ അത് പരാജയപ്പെടുകയും ചെയ്തു. പ്രധാനമായും ‘അത്ഭുത’ വിത്തുകളെ ആക്രമിച്ച കീടങ്ങളും രോഗങ്ങളും മൂലം – ഉദാഹരണമായി ഗോതമ്പിലെ പൂപ്പ്, നെല്ലിലെ കുലവാട്ടം, ചോളത്തിലെ പുഴുക്കുത്ത് എന്നിവ. നെല്ലിന്റെ കാര്യത്തില്‍ ലോസ് ബനോസിലെ ഇന്റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഗോതമ്പിന്റെയും ചോളത്തിന്റെയും കാര്യത്തില്‍ മെക്‌സിക്കോയിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ മൈസ് ആന്റ് വീറ്റ് റിസര്‍ച്ചില്‍ നിന്നുള്ള (CIMMYD) അന്യരക്തത്തെയാണ് ഈ അത്യുല്പാദനശേഷിയുള്ള അത്ഭുത വിത്തുകള്‍ വഹിച്ചിരുന്നത്. ഈ വിളകളുടെ തദ്ദേശീയമായ ഇനങ്ങളെ വളര്‍ത്തേണ്ടതിന്റെയും വികസിപ്പിക്കേണ്ടതിന്റെയും ആവശ്യകത ലേഖകന്‍ ആവര്‍ത്തിച്ച് ഊന്നിപ്പറഞ്ഞു. അസന്നിഗ്ദ്ധമായി പറയട്ടെ, നെല്ലിന്റെ മാത്രം 25,000 ലധികം ജനിതക വിത്തിനങ്ങള്‍ ഭാരതത്തില്‍ ഉണ്ടായിരുന്നു. പക്ഷെ ശ്രദ്ധ മുഴുവന്‍ അത്ഭുത വിത്തുകളെ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുവാനും അത്യുല്പാദനശേഷിയുള്ള അത്തരം വിത്തിനങ്ങളെ പല മടങ്ങ് ഇരട്ടിപ്പിക്കാനുമായിരുന്നു. ഫോര്‍ഡ് ആന്റ് റോക്ക്‌ഫെല്ലര്‍ ഫൗണ്ടേഷന്റെ വലിയ രാഷ്ട്രീയ സമ്മര്‍ദ്ദം ഇതിന്റെ പിന്നില്‍ ഉണ്ടായിരുന്നു (സൂചന: ദ ഗ്രേറ്റ് ജീന്‍ റോബറി, ക്ലോഡ് അല്‍വാരിസ്, വിജയ്‌വാണി, 2012 ജനുവരി 13). സത്യത്തില്‍ ഈ ഫൗണ്ടേഷനുകളാണ് ഭാരതത്തിന്റെ കാര്‍ഷികരംഗത്തെ നയിച്ചിരുന്നത്. ന്യൂദല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിന്റെ തലപ്പത്തുള്ളവര്‍ അവരുടെ കയ്യിലെ കളിപ്പാവകള്‍ മാത്രമായിരുന്നു. അവര്‍ക്ക് അവാര്‍ഡുകളും റിവാര്‍ഡുകളും അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ സ്ഥാനമാനങ്ങളും ലഭിച്ചു. എഴുപതുകളുടെ അന്ത്യമായതോടെ വിള ഉല്പാദനം മന്ദഗതിയിലായി. കീടങ്ങളുടെ ആക്രമണവും രോഗങ്ങളും മാത്രമല്ല രാസവളങ്ങളുടെ അനിയന്ത്രിതമായ ഉപയോഗവും മൂലം മണ്ണിന്റെ ഫലപുഷ്ടി കുറഞ്ഞതും ഇതിനുള്ള കാരണങ്ങളാണ്.
ഒരു സമയത്ത് ഹരിതവിപ്ലവം വന്‍തോതില്‍ ഭക്ഷ്യധാന്യം ഉല്പാദിപ്പിച്ചു. വന്‍കിടക്കാരായ കര്‍ഷകര്‍ക്ക് വലിയ ലാഭമുണ്ടായി. പാവപ്പെട്ട സാധാരണ കര്‍ഷകരുടെ സ്ഥിതി പരിതാപകരമായിരുന്നു. പരിതസ്ഥിതിക്ക് എത്രത്തോളം ദോഷമുണ്ടായി? ഇതാണ് പ്രധാന ചോദ്യം. ഭൂഗര്‍ഭജലം കിട്ടാക്കനിയായി. വിളകളും വിത്തുകളും സംരക്ഷിക്കുന്നതിന് വിവേചനമില്ലാതെ കീടനാശിനികള്‍ ഉപയോഗിച്ചതിന്റെ ഫലമായി പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ജില്ലയില്‍ ക്യാന്‍സര്‍ വ്യാപകമായി. എഴുപതുകളുടെ അവസാനത്തില്‍ മൂന്നു തവണയായി ഒന്‍പതു വര്‍ഷക്കാലം വൈസ് ചാന്‍സലറായിരുന്ന ഡോ. സിംഗ് വിരമിച്ചതോടെ സര്‍വ്വകലാശാല പ്രാദേശിക ജാതി രാഷ്ട്രീയത്തിന്റെ വിളനിലമായി. ബിരുദതലത്തിലും ബിരുദാനന്തര തലത്തിലും കഴിവുറ്റ നിരവധി പ്രതിഭകളെ വളര്‍ത്തിയെടുക്കാനും രാജ്യത്തെ മികച്ചതെന്നു പറയാവുന്ന കാര്‍ഷിക വകുപ്പിനു രൂപം നല്‍കാനും കഴിഞ്ഞെങ്കിലും സര്‍വ്വകലാശാലയുടെ വഴിവിട്ട പോക്കില്‍ മനംമടുത്ത ലേഖകനും കുടുംബവും രാജിവെച്ച് പോരുകയാണ് ചെയ്തത്.
ഈശ്വരാനുഗ്രഹത്താല്‍ ലേഖകന് പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് അള്‍ജീരിയ പൂര്‍ണ്ണസമയ പ്രൊഫസര്‍ഷിപ്പും രാജ്യതലസ്ഥാനത്തുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രോണമി സ്ഥാപിക്കാനുള്ള ചുമതലയും നികുതിവിധേയമല്ലാത്ത മികച്ച ശമ്പളവും വാഗ്ദാനം ചെയ്തു. അതേ സമയം ഫെഡറല്‍ റിപ്പബ്ലക് ഓഫ് ജര്‍മ്മനിയിലെ പ്രശസ്തമായ അലക്‌സാണ്ടര്‍ വോണ്‍ ഹംബോള്‍ട് റിസര്‍ച്ച് ഫൗണ്ടേഷന്‍ ലേഖകനെ സീനിയര്‍ ഫെലോ ആയി തെരഞ്ഞെടുക്കുകയും ചെയ്തു. അള്‍ജീരിയയിലെ ശമ്പളത്തിന്റെ ഒരു ഭാഗമേ ഉണ്ടായിരുന്നുള്ളുവെങ്കിലും ഗവേഷണത്തോടുള്ള ഹൃദയബന്ധം മൂലം ജര്‍മ്മനിയില്‍ നിന്നുള്ള വാഗ്ദാനം സ്വീകരിക്കാനാണ് ലേഖകന്‍ തീരുമാനിച്ചത്. അങ്ങനെ നിരവധി നോബല്‍ പ്രതിഭകളുള്ള, രസതന്ത്രത്തിന്റെ ലോക ഇരിപ്പിടമായ ജസ്റ്റസ് വോണ്‍ ലീബിഗ് യൂനിവേഴ്‌സിറ്റിയില്‍ ചേരാനായി കപ്പല്‍കയറി. അതോടൊപ്പം പ്രശസ്ത സസ്യപോഷക വിദഗ്ധനും പ്ലാന്റ് ന്യൂട്രീഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയരക്ടറും ലോകപ്രസിദ്ധ ജസ്റ്റസ് വോണ്‍ ലീബിഗ് (മണ്ണ് ശാസ്ത്രത്തിന്റെ പിതാവ്) മ്യൂസിയത്തിന്റെ ക്യൂറേറ്ററുമായ പ്രൊഫസര്‍ കൊണ്‍റാട് മെന്‍ജലിന്റെ മേല്‍നോട്ടത്തില്‍ പ്രസിദ്ധമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ന്യൂട്രീഷനില്‍ ഗവേഷണം നടത്തുന്നതിനുള്ള അവസരവും ലഭിച്ചു.
ഈ വിവരങ്ങള്‍ ഇവിടെ വിശദീകരിച്ചത് ലേഖകനെ ഉയര്‍ത്തിക്കാട്ടാനല്ല. പന്ത്‌നഗറില്‍ സംഭവിച്ചതും ഇപ്പോള്‍ ലോകം മുഴുവന്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങളിലെ സാമ്യം ചൂണ്ടിക്കാണിക്കാനാണ്. എല്ലായിടത്തും പണം, ലാഭം, വലിയ പദ്ധതികള്‍ എന്ന ഒറ്റ ലക്ഷ്യം മുന്‍നിര്‍ത്തി ഭൂമിയുടെ സന്തുലിതാവസ്ഥ പരമാവധി തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
1918 ജനുവരിയില്‍ ആരംഭിച്ച്, 1920 ഡിസംബറില്‍ അവസാനിക്കുകയും ലോകവ്യാപകമായി അന്നത്തെ ജനസംഖ്യയുടെ മൂന്നിലൊരു ഭാഗമായ 500 മില്യന്‍ ജനങ്ങളെ ബാധിക്കുകയും ചെയ്ത സ്പാനിഷ് ഫ്ലൂവിന്റെ അടുത്തേക്കാണ് ഇതിനകം 100 മില്യന്‍ ജനങ്ങളെ ബാധിച്ച, നമ്മുടെ ജീവിതകാലത്തെ ഏറ്റവും മാരകമായ പകര്‍ച്ച വ്യാധിയായ കോവിഡ്-19 കുതിക്കുന്നത്. 2019 ഡിസംബറില്‍ റിപ്പബ്ലിക് ഓഫ് ചൈനയിലെ, ഹുബൈ പ്രവിശ്യയിലെ വുഹാനില്‍ നിന്ന് ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തശേഷം, 2020 ഏപ്രില്‍ അവസാനം ആകുമ്പോഴേക്കും ലോകജനസംഖ്യയുടെ മൂന്നിലൊരു ഭാഗത്തെയും അടച്ചുപൂട്ടി വീട്ടിലിരുത്താന്‍ കഴിയുന്ന അത്ര വൈദ്യുത വേഗതയില്‍ ഇത് വ്യാപിച്ചതു പോലുള്ള മറ്റൊരു കാര്യവും ഇതുവരെ ഉണ്ടായിട്ടില്ല.
ഏഷ്യയിലെ ഏറ്റവും വലുതായ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ 1500ലധികം ഇനത്തില്‍പ്പെട്ട വൈറസുകളുണ്ട്. പ്രസിദ്ധമായ യാങ്‌സ്ട്രി നദിയുടെ കരയിലുളള വുഹാന്‍ തെരായ് മേഖലയെപ്പോലെ ഇടതൂര്‍ന്ന കാടുകളുളള പ്രദേശം ആയിരുന്നു. തെരായില്‍ ചെയ്തതുപോലെ ഇവിടെയും മനുഷ്യവാസത്തിനും കൃഷിക്കും വേണ്ടി കാടുകള്‍ വെട്ടിത്തെളിച്ചു. ചൈനയിലെ ഏറ്റവും വലിയ രാസവള വ്യവസായം സ്ഥിതിചെയ്യുന്ന ഇവിടെ വെച്ച് 2011ല്‍ നടന്ന ഏറ്റവും പുതിയ ദ്രവരൂപത്തിലുള്ള രാസവള സാങ്കേതികവിദ്യയെ കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കാന്‍ ചെന്ന സമയത്ത് ഒരു ഫില്‍ഡ് ട്രിപ്പിന് ലേഖകനെ കൊണ്ടുപോയിരുന്നു.
കൊറോണ വൈറസ് പുറത്തുവരികയും വുഹാനിലെ ചൈനക്കാരിലൂടെ വ്യാപിക്കുകയും ചെയ്തു എന്നു കരുതുന്നതില്‍ തെറ്റില്ല. വര്‍ഷാവസാനം നടന്ന ലുണാര്‍ ഫെസ്റ്റിവലില്‍ 3000 അതിഥികള്‍ ഒരാഴ്ചക്കാലം ഒത്തുചേര്‍ന്നത് വൈറസ് വ്യാപനത്തെ ത്വരിതഗതിയിലാക്കിയിരിക്കും. നിരുത്തരവാദപരമായും കുറ്റകരമായും ചൈനിസ് നേതൃത്വം ഒരാഴ്ചക്കാലം ഈ സത്യത്തിന്റെ മേല്‍ അടയിരുന്നതാണ് ആദ്യം വുഹാനിലും പിന്നീട് ലോകത്തിന്റെ നാനാഭാഗങ്ങളിലും കൊറോണാ വൈറസിനെ എത്തിച്ചത്. വുഹാനില്‍ നിന്ന് അധികം അകലെയല്ലാത്ത, ഏതാണ്ട് 5 മണിക്കൂര്‍ ട്രെയിന്‍ യാത്രയുള്ള ചൈനയുടെ പ്രധാന വ്യാപാരകേന്ദ്രമായ ഷാങ്ഹായിയെയോ തലസ്ഥാനമായ ബീജിംഗിനെയോ കൊറോണ ബാധിച്ചില്ലെന്നത് അത്ഭുതകരമാണ്. കൊറോണാ വൈറസ് വ്യാപനത്തിനു പിന്നില്‍ ചൈനീസ് അധികൃതരുടെ ഗൂഢാലോചന സംശയിക്കാന്‍ ഒരാളെ പ്രേരിപ്പിക്കുന്ന സംഗതിയാണിത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇങ്ങനെയാണ് ചിന്തിക്കുന്നത്.
ഇന്ത്യയെപ്പോലെ ചൈനയും ഹരിതവിപ്ലവത്തിനുവേണ്ടി വളരെയധികം പണവും മനുഷ്യാദ്ധ്വാനവും ചെലവഴിച്ചിട്ടുണ്ടെന്ന കാര്യം ഇവിടെ ഓര്‍ക്കേണ്ടതാണ്. പന്ത് നഗറില്‍ ചെയ്തതുപോലെ രാസവളത്തിന്റെ അമിത ഉപയോഗം രണ്ടു രാജ്യങ്ങള്‍ക്കും പൊതുവായുള്ളതാണ്. മണ്ണിന്റെ നിലവാരത്തകര്‍ച്ചയടക്കമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഭാരതം നേരിടുന്നതുപോലെ ചൈനയും നേരിട്ടുവരികയാണ്. പ്രകൃതിയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റം കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ പൂര്‍വ്വാധികം ശക്തമായിരുന്നു.
കോവിഡ് – 19 പ്രതിസന്ധി മുമ്പുണ്ടാകാത്തത്ര ഭയാനകമാണെന്നു മാത്രമല്ല ഇതിനെ എങ്ങനെ നേരിടണമെന്നുള്ള ഒരു മാര്‍ഗ്ഗരേഖ ഒരു സര്‍ക്കാരിന്റെ കൈയിലും ഇല്ലാത്തതുമാണ്. സമ്പദ് വ്യവസ്ഥയെ എപ്പോള്‍ അടച്ചുപൂട്ടണം, എപ്പോള്‍ തുറക്കണം എന്നതടക്കം. ചൈന ആഗ്രഹിക്കുന്നതുപോലെ ”ഗൂഢാലോചനാ സിദ്ധാന്തങ്ങ”ളെല്ലാം മാറ്റിവെച്ച്, ഈ മാരക വൈറസ് ചൈനയിലെ മാംസചന്തയിലെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് കടന്നതായി കരുതപ്പെട്ടു. വവ്വാല്‍, ഈനാംപേച്ചി, പന്നി, കോഴി, മാട്, പട്ടി, കുതിര തുടങ്ങിയവയുടെ മാംസം ചൈനക്കാര്‍ വാങ്ങുന്നത് ഇവിടത്തെ ചന്തയില്‍ നിന്നാണ്. മാരകമായ വൈറസിനെ ഒളിപ്പിക്കാന്‍ കഴിയുന്നവിധത്തില്‍ പുതിയവഴികള്‍ കണ്ടെത്തുന്നത് അത്യന്തം വിനാശകരമായിരിക്കും.
കോവിഡ്-19 നല്‍കുന്ന പാഠങ്ങള്‍
ഈയൊരു സര്‍വ്വലോക പകര്‍ച്ചവ്യാധിക്ക് മനുഷ്യരാണ് ഉത്തരവാദികളെന്ന കാര്യം ഇതിനകം വ്യക്തമായിരിക്കുകയാണ്. ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി പദ്ധതി (UNEP) പ്രകാരം മനുഷ്യനു ബാധിക്കുന്ന പകര്‍ച്ചവ്യാധികളുടെ 60% വും മൃഗങ്ങളില്‍ നിന്നാണ്. എബോള, എയ്ഡ്‌സ്, ആവിയാന്‍ ഫഌ, സിക്ക, സാര്‍സ്, കോവിഡ്-19 തുടങ്ങിയ പുതിയ രോഗങ്ങളുടെ കാര്യത്തില്‍ ഇത് 75% വരെ ഉയരുന്നു. യു.എന്‍.ഇ.പി റിപ്പോര്‍ട്ട് ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്നു. ”കാര്‍ഷിക വിപ്ലവം, കാട്ടിലേക്കും മറ്റുമുള്ള മനുഷ്യരുടെ കുടിയേറ്റം എന്നിവ മൂലമുള്ള പാരിസ്ഥിതിക മാറ്റങ്ങളും അസന്തുലിതാവസ്ഥയുമാണ് മൃഗങ്ങളിലൂടെ പകരുന്ന പല രോഗങ്ങള്‍ക്കും കാരണം. മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ മൂലമാണ് പരിസ്ഥിതിയില്‍ മാറ്റമുണ്ടാകുന്നത്. കൃഷിക്കും വന്‍തോതില്‍ പക്ഷിമൃഗാദികളെ വളര്‍ത്തുന്നതിനും വേണ്ടി കാട് വെട്ടി നശിപ്പിക്കുന്നതാണ് ഒരു പ്രധാന പ്രശ്‌നം. പന്തു നഗറിലേതുപോലെ ആയിരക്കണക്കിന് ഏക്കര്‍ വനഭൂമിയാണ് വുഹാനിലും കൃഷിക്കും ജീവകളെ വളര്‍ത്തുന്നതിനും രാസവള വ്യവസായങ്ങള്‍ക്കും വേണ്ടി വെട്ടി വെളുപ്പിച്ചത്. വ്യവസായവത്കൃത ജീവി വളര്‍ത്തല്‍ ഒരു പ്രശ്‌നം തന്നെയാണ്. എന്തുകൊണ്ടാണ് തെരായ് മേഖലയില്‍ ഇത്തരമൊരു വൈറസ് ബാധ ഉണ്ടാകാഞ്ഞതെന്ന് ചോദിച്ചേക്കാം. അതിനുള്ള ഒരു പ്രധാന കാരണം ഇന്ത്യക്കാര്‍ പ്രധാനമായും സസ്യാഹാരികളാണ് എന്നുള്ളതാണ്. ചൈനക്കാരാകട്ടെ മുമ്പു പറഞ്ഞതുപോലെ നാട്ടിലും കാട്ടിലുമുള്ള എല്ലാതരം മൃഗങ്ങളെയും തിന്നുന്നവരുമാണ്. അവര്‍ക്ക് വുഹാനില്‍ ഒരു ‘വി മാര്‍ക്കറ്റ്’ ഉണ്ട്. എല്ലാതരം മാംസങ്ങളും ഇവിടെ വില്‍ക്കുന്നു. ഇതല്ല ഇന്ത്യയിലെ സ്ഥിതി. ചൈനയില്‍ കാണുന്നതുപോലെ ഭക്ഷണവുമായുള്ള വിനാശകരമായ ഒരു ബന്ധമാണ് പ്രശ്‌നത്തെ വഷളാക്കുന്നത്.
നാം ശരിയ്ക്കും എന്തു ചിന്തിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ലോകത്തിന്റെ ഭാവി. ലോകത്തിലെ പ്രമുഖ നേതാക്കള്‍, ഉന്നത ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങള്‍, സാമ്പത്തിക അധികാര ശക്തികള്‍ എന്നിവര്‍ക്കെല്ലാം വലിയ വെല്ലുവിളി ഉയര്‍ത്തുകയാണ് ഈ ചെറിയ വൈറസായ ആര്‍.എന്‍.എ പ്രോട്ടീന്‍. നാം വ്യത്യസ്തരാകണമെന്നും വിനീതരാകണമെന്നും എങ്ങനെ പെരുമാറണമെന്നും നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു. പക്ഷെ ഇക്കാര്യത്തിലാണ് നമുക്കു തെറ്റു സംഭവിക്കുന്നത്.
സത്യമെന്തെന്നാല്‍ ലോകത്തില്‍ മാനവികതയ്ക്കുമേല്‍ ഒരു ദുരന്തം സംഭവിക്കുമ്പോള്‍ പെട്ടെന്നു ചെയ്യേണ്ട രക്ഷാപ്രവര്‍ത്തനങ്ങളില്‍ മാത്രമാണ് നമ്മുടെ ശ്രദ്ധ. ഭാവിയിലേക്കു വേണ്ട ഒരു കാര്യങ്ങളും നാം ഇതില്‍ നിന്നു പഠിക്കുന്നില്ല. ഉദാഹരണത്തിന് കേരളത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ പ്രളയത്തിന്റെ കാര്യം നോക്കുക. അപ്രതീക്ഷിതമായി പ്രളയമുണ്ടായപ്പോള്‍ ജനങ്ങള്‍ക്ക് അവരുടെ മുങ്ങുന്ന വീടുകളില്‍ നിന്ന് രക്ഷപ്പെടേണ്ടി വരികയും എങ്ങും ദയനീയമായ അവസ്ഥ ഉണ്ടാവുകയും ചെയ്തു. പക്ഷെ വേനല്‍ക്കാലമായപ്പോള്‍ ഇതെല്ലാം മറന്നു. ജലവിനിയോഗത്തെക്കുറിച്ചു പഠിക്കാനും ഡച്ച് അനുഭവത്തില്‍ നിന്ന് കേരളത്തിന് എന്തെങ്കിലും നേട്ടമുണ്ടാക്കാനും ലക്ഷ്യമിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു പ്രതിനിധിസംഘം കഴിഞ്ഞ സപ്തംബറില്‍ ഹോളണ്ട് സന്ദര്‍ശിച്ചെങ്കിലും ജലസംരക്ഷണ പദ്ധതികള്‍ക്കുവേണ്ടി ഒരു ദിവസം പോലും കേരള സര്‍ക്കാര്‍ ചെലവാക്കിയില്ല. ഉയര്‍ന്ന ഡച്ച് ശാസ്ത്രജ്ഞന്മാരുമായി അദ്ദേഹം ചര്‍ച്ചയും നടത്തിയിരുന്നു. അച്ചടി മാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലുമെല്ലാം ഇതുസംബന്ധിച്ച വാര്‍ത്തകള്‍ നിറഞ്ഞു കവിഞ്ഞിരുന്നു. ഡച്ച് വിദഗ്ദ്ധര്‍ ഉടനെ കേരളത്തില്‍ വന്ന് ജലവിനിയോഗത്തിന്റെ മാര്‍ഗ്ഗങ്ങള്‍ കാണിച്ചുതരുമെന്ന് ചിലരെങ്കിലും വിചാരിച്ചുകാണും. ഹോളണ്ടിലെ രാജാവിനെയും രാജ്ഞിയെയും കേരളത്തിലേക്കു ക്ഷണിക്കുകയും ഒക്‌ടോബറില്‍ അവര്‍ കൊച്ചിയില്‍ വരികയും ചെയ്തു. പതിവുപോലെ മറ്റൊന്നും സംഭവിച്ചില്ല. എല്ലാം മറക്കുകയും ചെയ്തു. ഇപ്പോള്‍ കോവിഡ്-19നെ ചൊല്ലിയാണ് ആശങ്ക. ഭാഗ്യവശാല്‍, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ കൊറോണ ബാധയെ ഒരു പരിധിവരെ തടഞ്ഞുനിര്‍ത്താന്‍ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്.
ലോകനിലവാരമുള്ള ആശുപത്രികളും ആരോഗ്യ സംവിധാനങ്ങളുമുള്ള സമ്പന്ന ലോകത്ത് മനുഷ്യജീവനുകള്‍ പൊലിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതൊന്നുമില്ലാത്ത വികസ്വര രാജ്യങ്ങളിലെ അവസ്ഥയെ കുറിച്ച് ഒന്നു ചിന്തിച്ചുനോക്കുക. അതുപോലെ ദൈനംദിനം അധ്വാനിച്ചു ജീവിക്കുന്നവര്‍ക്ക് തൊഴില്‍ ഇല്ലാതാകുന്നതുമൂലമുണ്ടാകുന്ന ദാരിദ്ര്യത്തിന്റെ ദയനീയാവസ്ഥയെ കുറിച്ചും ആലോചിക്കുക. പകര്‍ച്ച വ്യാധി കാട്ടുതീപോലെ പടരുമ്പോള്‍ ചൈനയുടെ രഹസ്യാത്മകതയെക്കുറിച്ചോ രാഷ്ട്രീയ കാരണങ്ങളാല്‍ ചൈനയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ലോകാരോഗ്യ സംഘടനയുടെ തലവന്‍ ഡോ.ടെഡ്രോസിന്റെ ആഗ്രഹത്തെക്കുറിച്ചോ ചര്‍ച്ച ചെയ്യുന്നതില്‍ വലിയ കാര്യമില്ല.
ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാസമിതി ആഴ്ചകളായി യോഗം ചേര്‍ന്നിട്ടില്ല. അഥവാ ചേര്‍ന്നാല്‍ തന്നെ എന്തെങ്കിലും പിറുപിറുത്ത് അതവസാനിക്കുകയും ചെയ്യും. ഓരോ രാജ്യവും സ്വാര്‍ത്ഥതയോടുകൂടിയാണ് പെരുമാറുന്നതെന്നും കോവിഡ് 19 തെളിയിച്ചു. ചില ചെറിയ നീക്കങ്ങളൊഴിച്ചാല്‍ പകര്‍ച്ച വ്യാധിയെ നേരിടുന്ന കാര്യത്തില്‍ കൂട്ടായ നീക്കവും ഉണ്ടായില്ല. ട്രംപിന്റെ നരേന്ദ്ര മോദിയോടുള്ള അഭ്യര്‍ത്ഥനയെതുടര്‍ന്ന് ടണ്‍ കണക്കിന് ഹൈഡ്രോക്ലോറോക്വിന്‍ (HCQ) അമേരിക്കയിലേക്ക് കപ്പലിലയച്ചത് നല്ലൊരു സൂചനയാണ്. ഭാഗ്യവശാല്‍ ആഫ്രിക്കന്‍ ഭൂഖണ്ഡം പകര്‍ച്ചവ്യാധിയില്‍ നിന്ന് മുക്തമാണ്. അവികസിതമായ, ലക്ഷക്കണക്കിനു ജനങ്ങള്‍ കുടിലുകളില്‍ ജീവിക്കുന്ന, കൈ കഴുകുന്നതുപോട്ടെ കുടിക്കാന്‍ പോലും വെളളം ലഭ്യമല്ലാത്ത പാവപ്പെട്ടവര്‍ ജീവിക്കുന്ന യുദ്ധമേഖലകള്‍ നിറഞ്ഞ ഇവിടെ കോവിഡ് കൂടി വന്നാലുണ്ടാകുന്ന സാഹചര്യം ചിന്തിച്ചുനോക്കുക.
ഭാവിയ്ക്കുവേണ്ടി ഒരു മാതൃകാ മാറ്റം അനിവാര്യം
ഇപ്പോള്‍ നേരിടുന്ന കോവിഡ്-19 പോലുള്ള ദുരന്തങ്ങളില്‍ നിന്ന് ഭാവിയില്‍ മാനവലോകത്തെ മുക്തമാക്കുന്ന തരത്തിലുള്ള ഒരു മാതൃകാമാറ്റത്തിന്റെ വിശദാംശങ്ങളിലേക്കു പോകാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല. സത്യസന്ധമായും വിനയത്തോടെയും പറയട്ടെ ലേഖകന്റെ ബൗദ്ധികമായ കഴിവുകള്‍ക്ക് അപ്പുറമാണത്. ‘പതിവുപോലുള്ള ഇടപാട്’ എന്നതിനപ്പുറം പോകാന്‍ സഹായിക്കുന്ന ഒരു പ്രധാനകാര്യത്തെക്കുറിച്ച് സൂചിപ്പിക്കാം. അതാകട്ടെ ലോകത്തെ മണ്ണ് സമ്പത്തിന്റെ ബുദ്ധിപരമായ വിനിയോഗമാണ്. ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ 1986ല്‍ നടന്ന വേള്‍ഡ് സോയില്‍ സയന്‍സ് കോണ്‍ഗ്രസ്സിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്താന്‍ ഈ ലേഖകനെ ക്ഷണിച്ചിരുന്നു. അവിടെ ഞാന്‍ മണ്ണിനെ ‘സോള്‍ ഓഫ് ഇന്‍ഫിനിറ്റ് ലൗവ്'(Soul Of Infinite Love) എന്നാണ് വിശേഷിപ്പിച്ചത്. മണ്ണിനെ ഒരു ജഡവസ്തുവായിക്കണ്ട്, ആഗ്രഹിക്കുന്ന തരത്തില്‍ അതിനെ ഉപയോഗിച്ച് ലാഭമുണ്ടാക്കുന്നതിനു വേണ്ടി ചൂഷണം ചെയ്യുന്ന സമീപനത്തിനു പകരം അതിനെ അനശ്വരമായ ജീവിതമുള്ള ഒന്നായാണ് ഞാന്‍ കാണുന്നത്. ഉദാഹരണത്തിന് കാര്‍ബണാണ് എല്ലാ ജീവന്റെയും അടിസ്ഥാന നിര്‍മ്മാണ ആറ്റം. മനുഷ്യരിലും സസ്യങ്ങളിലും ജന്തുക്കളിലും ഇങ്ങനെ തന്നെയാണ്. അതുപോലെ മണ്ണിലെ അടിസ്ഥാന നിര്‍മ്മാണ ആറ്റവും കാര്‍ബണാണ്. അതനുസരിച്ച് മണ്ണിനും ജീവനുണ്ടെന്നു നമുക്കു മനസ്സിലാക്കാം. 1986ല്‍ ഞാന്‍ മണ്ണിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞപ്പോള്‍ എന്നെ ശ്രദ്ധിച്ചിരുന്ന ശാസ്ത്രജ്ഞരും വിദ്യാര്‍ത്ഥികളും സാധാരണക്കാരും ചിരിച്ചുകാണും, സംശയമില്ല. എന്റെ നിലപാട് വിശദീകരിക്കുന്നതിന് ഭാരതത്തിലെ പല പദ്ധതികളിലൂടെയും ഞാന്‍ കടന്നുപോയി. ‘വാട്ടര്‍ മാനേജ്‌മെന്റ്’ എന്ന പദം വ്യാപകമായി ഉപയോഗിക്കുന്ന ഇവിടത്തെ ജലസംഭരണത്തിനുള്ള ഡാമുകള്‍, മഴവെള്ള സംഭരണത്തിനുള്ള ചെക്ക് ഡാമുകള്‍ എന്നിവയെപ്പറ്റിയെല്ലാം പറഞ്ഞു.
മണ്ണില്ലാതെ വെള്ളമില്ല. എന്നിട്ടും നിരവധി ആസൂത്രകരും ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും ജല മാനേജ്‌മെന്റിനെ കുറിച്ചു മാത്രം പറയുന്നു. ‘മണ്ണ് -ജല മാനേജ്‌മെന്റ് എന്നാണ് പറയേണ്ടത്. കോഴിക്കോട് പോലും മണ്ണ് മാനേജ്‌മെന്റിന് യാതൊരു ഊന്നലും കൊടുക്കാതെ ജല മാനേജ്‌മെന്റിനുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമുണ്ട്. ലളിതമായ ഊര്‍ജ്ജതന്ത്രവും രസതന്ത്രവും മതി ഇത് മനസ്സിലാക്കാന്‍. രണ്ടിന്റെയും പ്രക്രിയയിലൂടെ ഊര്‍ജ്ജവല്‍ക്കരിക്കപ്പെടുന്ന മണ്ണിന്റെ ഉപരിതലത്തില്‍ വളരെയധികം ഋണാത്മകമായ ഊര്‍ജ്ജം ഉണ്ടായിരിക്കും. ഒരു തുള്ളി വെള്ളത്തിലാകട്ടെ ധനാത്മകമായി ഊര്‍ജ്ജവല്‍ക്കരിക്കപ്പെട്ട ഹൈഡ്രജന്‍ കണം രണ്ടുഭാഗത്തും ഓക്‌സിജന്‍ കണം മധ്യഭാഗത്തും ഉണ്ടാകും.(H+O-H+ → H2O) ധനാത്മകമായി ഊര്‍ജ്ജവല്‍ക്കരിക്കപ്പെട്ട ജലത്തിലെ ഹൈഡ്രജന്‍ മണ്ണിലെ ഋണാത്മകമായി ഊര്‍ജ്ജവല്‍ക്കരിക്കപ്പെട്ട ഘടകത്തെ ആകര്‍ഷിക്കുകയും മാറിമാറി ഓക്‌സിജന്‍ ആറ്റത്തെ ആകര്‍ഷിക്കുകയും അങ്ങനെ മണ്ണിന്റെ ഘടകങ്ങള്‍ക്കു ചുറ്റും ജല തന്മാത്രകളുടെ ശൃംഖല രൂപപ്പെടുകയും ചെയ്യും. ഇങ്ങനെയാണ് മണ്ണില്‍ ജലം സംരക്ഷിക്കപ്പെടുന്നത്. അതിനാല്‍ മണ്ണില്ലാതെ വെള്ളമില്ല. എന്നിട്ടും മനുഷ്യര്‍ വികസനത്തിന്റെ പേരില്‍ അമൂല്യമായ ഈ മണ്ണ് സമ്പത്തിനെ നശിപ്പിക്കുകയാണ്. വ്യവസായവല്‍കൃത കൃഷി (അക്കാ ഹരിത വിപ്ലവം) ചെയ്യുമ്പോഴും കെട്ടിടങ്ങളും വീടുകളും മറ്റനേകം നിര്‍മ്മാണങ്ങളും നടത്തുമ്പോഴും ഇതുതന്നെയാണ് സംഭവിക്കുന്നത്. ഭാരതത്തില്‍ മാത്രം 328.73 മില്യന്‍ ഹെക്ടര്‍ ഭൂവിസ്തൃതിയില്‍ 120.40 മില്യണ്‍ ഹെക്ടറിനും ഹരിതവിപ്ലവത്തിന്റെ ഫലമായി മൂല്യശോഷണം സംഭവിച്ചിരിക്കുകയാണ്. ഹരിതവിപ്ലവത്തിന്റെ കളിത്തൊട്ടിലായ പഞ്ചാബില്‍ രാസമാറ്റം നടത്തിയ മണ്ണ് വീണ്ടെടുക്കാന്‍ വന്‍തോതില്‍ പണം ചെലവഴിച്ചിട്ടും നൂറുകണക്കിന് ഏക്കര്‍ സ്ഥലം പുല്ലുപോലും മുളയ്ക്കാതെ കിടക്കുന്നത് കാണാന്‍ കഴിയും. കേരളത്തിന്റെ നെല്ലറയായ കുട്ടനാട് മറ്റൊരു മികച്ച ഉദാഹരണമാണ്. അവിടെ കൃഷിക്കു വളരെ അനുകൂലമായിരുന്ന ഫലപുഷ്ടിയുള്ള മണ്ണ് ഹരിതവിപ്ലവത്തിനുശേഷം ഏറെക്കുറെ അമ്ലമയമായിത്തീര്‍ന്നിരിക്കുകയാണ്.
ലോകത്തിലെ നല്ല മണ്ണിന്റെ 10%വും ഗുരുതരമായി നശിച്ചിരിക്കുകയാണെന്ന് സ്റ്റാമര്‍ (1992) പറയുന്നു. (സൂചന: – സ്റ്റാമര്‍ എല്‍.ബി. 1992, ലോസ് ആഞ്ചല്‍സ് ടൈംസ് – യു.എന്‍. പരിസ്ഥിതി പദ്ധതിയുടെ വേള്‍ഡ് റിസോഴ്‌സസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ധരണികളില്‍ നിന്ന്). ഹരിത വിപ്ലവം കൊണ്ട് ലോകത്തിലെ മണ്ണ് സമ്പത്ത് മാത്രമല്ല നശിക്കുന്നത്. ആഗോള താപനത്തെയും അത് വര്‍ദ്ധിപ്പിക്കുന്നു. നൈട്രജന്‍ വളങ്ങളുടെ അമിത ഉപയോഗം വാതക രൂപത്തിലുള്ള നൈട്രസ് ഓക്‌സൈഡ് വളരെയധികം ഉല്പാദിപ്പിക്കുകയും (N2O) അത് സ്ട്രാറ്റോസ്ഫിയറിലേക്കു കടന്ന് അന്തരീക്ഷതാപനത്തെ 35% ലധികം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. (നായര്‍ കെ.പി.പി., കോമ്പാറ്റിംഗ് ഗ്ലോബല്‍ വാമിംഗ്, ദി റോള്‍ ഓഫ് ക്രോപ് വൈല്‍ഡ് റിലേറ്റീവ്‌സ് ഫോര്‍ ഫുഡ് സെക്യൂരിറ്റി, സ്പ്രിംഗര്‍ 2019)
യൂറോപ്പ്, ആഫ്രിക്ക, ഏഷ്യാഭൂഖണ്ഡങ്ങളില്‍ മൂന്നു ദശാബ്ദത്തിലധികം നടത്തിയ ഗവേഷണത്തിന്റെ ഫലമായി ഈ ലേഖകന്‍ വികസിപ്പിച്ചെടുത്ത വിപ്ലവകരമായ മണ്ണ് പരിപാലന പദ്ധതി (ആഗോള തലത്തില്‍ ‘ദി ന്യൂടിയന്റ് പവര്‍ കോണ്‍സെപ്റ്റ്’ എന്നറിയപ്പെടുന്ന പദ്ധതി)യിലൂടെ ഇന്ത്യയിലേതടക്കം ലോകത്തിലെ മുഴുവന്‍ മണ്ണിനെയും സംരക്ഷിക്കാന്‍ കഴിയുന്നതാണ്. ഇതിന്റെ വിശദാംശങ്ങള്‍ ‘ബൈബിള്‍ ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സ്’ എന്ന് പൊതുവെ അറിയപ്പെടുന്ന കാര്‍ഷിക ശാസ്ത്രത്തിന്റെ മാഗ്നം ഒപ്പസ് ആയ ‘അഡ്‌വാന്‍സസ് ഇന്‍ അഗ്രോണമി’യില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. (നായര്‍ കെ.പി.പി, 2013, ദി ബഫര്‍ കോണ്‍സെപ്റ്റ് ആന്റ് ഇറ്റ്‌സ് റെലന്‍വന്‍സ് ഇന്‍ ആഫ്രിക്കന്‍ ആന്റ് ഏഷ്യന്‍ സോയില്‍സ്. അഡ്‌വാന്‍സസ് ഇന്‍ അഗ്രോണമി, വോള്യം 121 പേജ് 447-516). ഈ പദ്ധതി ജനീവയിലെ റോളക്‌സ് ഫൗണ്ടേഷന്റെ ഒരു മില്യന്‍ യു.എസ്. ഡോളറിന്റെ 2012ലെ റോളക്‌സ് അവാര്‍ഡ്‌സ് ഫോര്‍ എന്റര്‍പ്രൈസസിന് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണ്. ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ നിന്നു വന്ന 3500 നിര്‍ദ്ദേശങ്ങളില്‍ നിന്നാണ് മികച്ച അംഗീകാരത്തിനായി ഇത് നിര്‍ദ്ദേശിക്കപ്പെട്ടത്. ഇതിന്റെ വിശദമായ ചര്‍ച്ചയ്ക്ക് സ്ഥലപരിമിതി അനുവദിക്കുന്നില്ല.
ഒന്നാം സ്ഥാനത്തുള്ള ശാസ്ത്ര പ്രസാധകരായ സ്പ്രിംഗര്‍ ആഗോളതലത്തില്‍ 2019ല്‍ പ്രസിദ്ധീകരിച്ച ‘ഇന്റലിജന്റ് മാനേജ്‌മെന്റ് ഫോര്‍ സസ്റ്റയിനബിള്‍ അഗ്രികള്‍ച്ചര്‍ ദി ന്യൂട്രിയന്റ് ബഫര്‍ പവര്‍ കോണ്‍സെപ്റ്റ്’ ഇതിനകം 6800 ഡൗണ്‍ലോഡുകള്‍ നേടിക്കൊണ്ട് നല്ല പ്രാചരത്തിലെത്തിയിരിക്കുകയാണ്. ആഗോളതലത്തില്‍ ഈ പുസ്തകത്തിനുണ്ടായ വിജയം ശ്രദ്ധേയമാണ്. ഇപ്പോഴത്തെ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ന്യൂയോര്‍ക്കില്‍ വിളിച്ചു ചേര്‍ത്ത ആഗോള താപന ഉച്ചകോടിയില്‍ വെച്ച് 2019 സപ്തംബര്‍ 23ന് ഈ പുസ്തകത്തിന്റെ കോപ്പി നരേന്ദ്ര മോദിക്കും, ഡൊണാള്‍ഡ് ട്രംപിനും ഗുട്ടറസിനും നല്‍കിയിരുന്നു.
വിവ: സി.എം. രാമചന്ദ്രന്‍