ആരോമരും സംഘവും പടിയും പടിപ്പുര കടന്ന് പെരുവഴിയിലിറങ്ങിയ നേരത്ത് അയല്‍വീട്ടില്‍ കൊടുക്കേണ്ട *മാറ്റുമായി ദേശത്തു മണ്ണാത്തി എതിരേ വന്നു. ദുശ്ശകുനം! പിന്‍വാങ്ങി, കുറഞ്ഞോരു നേരം ആരോമര്‍ പടിപ്പുരയില്‍തന്നെ തങ്ങി.
പിന്നേയും നടന്നുതുടങ്ങിയ നേരത്ത് വെട്ടുമഴു തോളത്തുവെച്ച് ഒരാള്‍ എതിരേ വന്നു. വീണ്ടും ദുശ്ശകുനം. ഇത്തിരി നേരം ആല്‍ത്തറയില്‍ കയറിയിരുന്നു. പിന്നേയും വഴിയിറങ്ങി നടന്നു. കുറേദൂരം ചെന്നപ്പോള്‍ വഴിവക്കിലുള്ള വളര്‍മാവിന്റെ കൊമ്പൊന്നടര്‍ന്നു വീണു.
”വാഴുന്നോരെ, എനിക്ക് വയസ്സ് ഇരുപത്തിരണ്ടായി. അഷ്ടമത്തില്‍ വ്യാഴം. ശനിയുടെ അപഹാരകാലം. വ്യാഴം പിഴച്ച നാളിലാണ് ബാലിക്ക് ഒളിയമ്പു കൊണ്ടത്. വിധിച്ചതേ വന്നു ഭവിക്കൂ. നമ്മള്‍ക്ക് മുമ്പോട്ടുതന്നെ നടക്കാം”.
പോകുന്ന വഴിയേ കാണുന്ന ക്ഷേത്രങ്ങളിലെല്ലാം വഴിപാടു കഴിച്ച് ആരോമരും സംഘവും പ്രജാപതിനാട്ടില്‍ കുറുങ്ങാട്ടിടം വാഴുന്നോരുടെ കീഴൂരിടം വീടിന്റെ പടിപ്പുരയെത്തി.
മഞ്ഞരിത്താലവും വിളക്കും പിടിച്ച് ഉണിക്കോനാരുടെ അമ്മയായ കൊങ്കിയമ്മ ചേകവരെ നാലുകെട്ടിലേയ്ക്കാദരവോടെ വിളിച്ചുകൊണ്ടുപോയി. മണിത്തളത്തില്‍ പുല്‍പ്പായ വിരിച്ച് അതിലിരുത്തി. കിളിവാലന്‍ വെറ്റിലയും ചാപ്പാടന്‍ പുകലയും പാലില്‍ പുഴുങ്ങിയ കളിയടക്കയും ശംഖൊളിമിന്നുന്ന ചുണ്ണാമ്പും അരികേ വെച്ചു.
”മുറുക്കിയാലും ചേകവരേ”
അമ്മ മകനെ വിളിച്ചു.
”ഈ വന്നിരിക്കുന്നത് എവിടത്തെച്ചേകോരാണ്. ഇവര്‍ക്ക് അമ്മയും അച്ഛനുമുണ്ടോ? കൂടെപ്പിറപ്പുകളുണ്ടോ?”
”കറുത്തേനാര്‍ നാട്ടില്‍ പുത്തൂരം വീട്ടിലെ, ഏഴങ്കം വെട്ടിജയിച്ച കണ്ണപ്പച്ചേകോരുടെ മകന്‍ ആരോമരാണ്. ആരോമര്‍ക്ക് അമ്മയും അച്ഛനും അനുജനുമുണ്ട്. ചേകവര്‍ക്കൊത്ത ഒരുടപ്പിറന്നോളുണ്ട്; ഉണ്ണിയാര്‍ച്ച”
ഇരുമുലച്ചി പെറ്റവരില്‍ ഇവനോളം ശരിയൊത്ത മക്കളുണ്ടോ.എല്ലാം ശരിയൊത്ത ഈ ബാല്യക്കാരനെ എങ്ങനെ അവര്‍ അയച്ചുതന്നു!’’
”അവര്‍ മനസ്സായിട്ടയച്ചതല്ലമ്മേ. ഇവര്‍ സ്വമനസ്സാലെ അങ്കം കുറിച്ചതാണ്. അങ്കത്തില്‍ മകനെന്തെങ്കിലും അരുതാത്തതു സംഭവിച്ചെന്നറിയുകയാണെങ്കില്‍, അമ്മയും അച്ഛനും ഭാര്യയും ആകുലപ്പെട്ടു മരിക്കും”
”ഈ കുട്ടിയെക്കൊണ്ട് അങ്കം പിടിപ്പിക്കേണ്ട. ഇവനെന്തെങ്കിലും വന്നുപോയാലോ, ഈ അമ്മയ്ക്കു സഹിക്കാന്‍ കഴിയില്ലല്ലോ മകനേ. നീ അങ്കംവെട്ടി മരിച്ചാലും അമ്മയ്ക്കത്ര സങ്കടമുണ്ടാവില്ല”
”ഈവകയൊന്നും പറയേണ്ടെന്ന്” ആരോമര്‍ തീര്‍ത്തു
പറഞ്ഞു.
”അങ്കംപിടിക്കാതെ മടങ്ങുമെന്ന് അമ്മ മോഹിക്കേണ്ട”
പിന്നീടൊരു വാക്കും അമ്മ ഉരിയാടിയില്ല.
”ചന്തൂനെ കണ്ടില്ലല്ലോ വാഴുന്നോരേ. കൊല്ലക്കുടിവരെ ഒന്നു പോയിവന്നാലോ?”
തണ്ണീര്‍കുടി കഴിച്ച് ആരോമര്‍ കൊല്ലക്കുടിയിലേക്കു പുറപ്പെട്ടു. കൂട്ടിനു നാലു നായന്മാരും കൂടെപ്പോയി. ആരോമര്‍ചേകവരുടെ വരവുകണ്ട് കൊല്ലത്തിപ്പെണ്ണ് തിണ്ണയില്‍ പുല്‍പ്പായ വിരിച്ചു. ചേകവരെ തിണ്ണയിലിരുത്തി. വെറ്റിലമുറുക്കാന്റെ കുരുവട്ടി അരികേ വെച്ചു.
”എവിടേ ചുരിക കടയിക്കാന്‍ വന്ന ചന്തുച്ചേകോര് ?”
ആരോമര്‍ കൊല്ലത്തിപ്പെണ്ണിനോട് ആരായുന്നതു കേട്ടുകൊണ്ട് ചന്തു ആലയില്‍നിന്നു പുറത്തു വന്നു.
”മച്ചുനിയന്‍ ഇന്നലെ കാലത്ത് പുറപ്പെട്ടു വന്നതല്ലേ. എന്തുകൊണ്ടാണിത്രയും വൈകിയത്?”
”കൊല്ലന്‍ അമ്പാടിക്കോലോത്തു പണിക്കു പോയിരുന്നു മച്ചുനിയനെ. രാത്രിയാണ് അവന്‍ കുടിയിലെത്തിയത്. ചുരിക നാലും കടഞ്ഞ് ഇപ്പോള്‍ പണി തീര്‍ത്തതേ ഉള്ളൂ”
(തുടരും)
*രജസ്വലയാകുന്ന സ്ത്രീകള്‍ കുളികഴിഞ്ഞ് മണ്ണാത്തി അലക്കിക്കൊണ്ടുവരുന്ന വസ്ത്രമുടുത്താലേ ശുദ്ധമാകൂ എന്നായിരുന്നു പഴയകാലത്തെ വിശ്വാസം. ആ വസ്ത്രമാണ് ‘മാറ്റ്’