നേരിട്ടൊരു ആക്രമണത്തിന് ചൈന മുതിരില്ലെന്ന് നയതന്ത്രവിദഗ്ധരും പറയുന്നു. 1962 ല്‍ നമുക്ക് പരാജയം നേരിട്ടെങ്കിലും 67 ല്‍ ഭാരതത്തില്‍ കടന്നുകയറാനുള്ള നീക്കത്തിന് ഇന്ത്യന്‍ സൈന്യത്തില്‍ നിന്നു ലഭിച്ച തിരിച്ചടിയുടെ കയ്പുനീര്‍ ചൈനയ്ക്ക് ഓര്‍മ്മയുണ്ട്. അതിനാല്‍ അതിര്‍ത്തിയില്‍ നിയന്ത്രണരേഖയ്ക്ക് അപ്പുറത്തു നിന്നുള്ള കസര്‍ത്തു മാത്രമേ ചൈന കാണിക്കൂ എന്നാണ് സൈനികവിദഗ്ധരും പറയുന്നത്. പിന്നെ എന്തായിരിക്കും ചൈന പ്രയോഗിക്കാന്‍ പോകുന്ന തന്ത്രം?
♠ചൈന നേരിട്ട് നമ്മെ ആക്രമിക്കില്ലെന്നു തന്നെയാണ് എന്റെയും ഉറച്ച വിശ്വാസം. പകരം പതിവുപോലെ അവര്‍ പാകിസ്ഥാനെ മറയാക്കി ഒളിയുദ്ധമായിരിക്കും നയിക്കുക. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ താത്കാലികമാണ്. പക്ഷേ ചൈനീസ് ഭരണാധികാരികളുടെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഒരു സാമ്രാജ്യത്വമോഹിയുണ്ട്. കമ്മ്യൂണിസ്റ്റ് കാപട്യമെന്ന മേലങ്കി പുതച്ചിരിക്കുന്ന ആ സാമ്രാജ്യത്വ മോഹിയെ നാം സൂക്ഷിക്കണം.
ആ സാമ്രാജ്യത്വ മോഹമാണ് 62ല്‍ റഷ്യയുടെ സമ്മര്‍ദ്ദം മൂലം പിന്‍വാങ്ങിയ ചൈനയെ 67ല്‍ വീണ്ടുമൊരു ആക്രമണത്തിന് പ്രേരിപ്പിച്ചത്. അന്ന് സിക്കിമിലേക്ക് കടന്നുകയറാനാണ് ചൈനീസ് സൈന്യം ശ്രമിച്ചത്. എന്നാല്‍ നതുലാ പിക്കറ്റ് ആക്രമിച്ച അവര്‍ക്കു തെറ്റി. 62 ലെ ഭാരതമായിരുന്നില്ല 67 ലേത്. സൈനികമായി നാം അപ്പോഴേക്കും ഏറെ മുന്നേറിയിരുന്നു. അനുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട നമ്മുടെ സേനാനായകന്മാര്‍ ഏത് ആക്രമണത്തെയും പ്രതിരോധിക്കാന്‍ തക്കവണ്ണം നമ്മുടെ സേനയെ സജ്ജമാക്കിയിരുന്നു. പതിവുപോലെ നമ്മെ ആക്രമിച്ച് ഏറെ നാശനഷ്ടങ്ങളുണ്ടാക്കി ഇന്ത്യന്‍ മണ്ണ് കുറേ കയ്യേറാമെന്നായിരുന്നു ചൈനയുടെ കണക്കുകൂട്ടല്‍. അത് തെറ്റിച്ചത് അവിടെ ബ്രിഗേഡിയറായി സേവനമനുഷ്ഠിച്ചിരുന്ന സഗത് സിംഗ് എന്ന ഓഫീസറായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നമ്മുടെ സൈന്യം ശക്തമായി തിരിച്ചടിച്ചു. അപ്രതീക്ഷിതമായ ആ തിരിച്ചടിയില്‍ ചൈനീസ് സൈന്യത്തിന് കനത്ത നാശനഷ്ടങ്ങളുണ്ടായി. നൂറുകണക്കിന് ജവാന്മാരുടെ ജീവന്‍ ചൈനയ്ക്ക് കൊടുക്കേണ്ടി വന്നു. സഗത് സിംഗിന് പിന്നീട് ലഫ്റ്റനന്റ് ജനറലായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു.
അന്ന് ഭൂമിശാസ്ത്രപരമായി നമ്മുടെ സൈന്യം ഉയരത്തിലും ആക്രമിച്ചു കയ്യേറാന്‍ വന്ന ചൈനീസ് സൈന്യം അതിനെക്കാള്‍ താഴെയുമായിരുന്നു. ശത്രുവിന്റെ ആക്രമണം പ്രതീക്ഷിച്ചിരുന്ന നമ്മുടെ സൈന്യം ശക്തമായി തിരിച്ചടിച്ചു. കനത്ത നാശമാണ് ചൈനയ്ക്കുണ്ടായത്. ഓഫീസര്‍മാരടക്കം നിരവധി വിലപ്പെട്ട ജീവനുകള്‍ അവര്‍ക്ക് ബലിയര്‍പ്പിക്കേണ്ടിവന്നു. നതുലാ പിക്കറ്റിന് കിഴക്കുള്ള ഭാഗം ക്യാമല്‍സ് ബാക്ക് (ഒട്ടകത്തിന്റെ മുതുക്) എന്നാണറിയപ്പെടുന്നത്. ഈ പ്രദേശം 18,000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. അവിടെ നമ്മുടെ സൈന്യം ശക്തമായ നിലയില്‍ സ്ഥിതി ചെയ്തിരുന്നതിനാല്‍ ചൈനയ്ക്ക് കനത്ത ആള്‍നാശമുണ്ടാകുകയും പിന്തിരിഞ്ഞോടുകയും ചെയ്യേണ്ടി വന്നു. എന്നാല്‍ എന്തുകൊണ്ടോ ചെറുതെങ്കിലും നമ്മുടെ നേര്‍ക്കുണ്ടായ ഈ ചൈനീസ് ആക്രമണവും അതില്‍ നാം നേടിയ വിജയവും രാജ്യത്ത് വേണ്ടവിധം ചര്‍ച്ച ചെയ്യപ്പെട്ടില്ല. ഇപ്പോഴും നാം 62 ലെ പരാജയം വിശകലനം ചെയ്യും. പക്ഷേ 67 ലെ വിജയം കണ്ടില്ലെന്നു നടിക്കുന്നു.
ചോദ്യം : 67 നു ശേഷം ചൈന നമ്മുടെ മണ്ണ് കയ്യേറാന്‍ ശ്രമിച്ചിട്ടില്ലെന്നാണോ അങ്ങ് പറയുന്നത് ?
♠അല്ല. പിന്നീട് പലപ്പോഴും ചെറിയതോതിലുള്ള ആക്രമണങ്ങളും കയ്യേറ്റങ്ങളും ചൈന നടത്തിയിട്ടുണ്ട്. എപ്പോഴൊക്കെ കടന്നുകയറാന്‍ ചൈനീസ് സൈന്യം ശ്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ നമ്മുടെ സൈന്യം ചുട്ട മറുപടി കൊടുത്തിട്ടുമുണ്ട്. പക്ഷേ നമ്മുടെ രാജ്യം ഭരിച്ച സര്‍ക്കാരുകള്‍ അടുത്തകാലം വരെ ചൈനീസ് ആക്രമണത്തെയും കയ്യേറ്റത്തെയും കണ്ടില്ലെന്നു നടിച്ചു. 2014 ല്‍ മോദിസര്‍ക്കാര്‍ അധികാരമേറ്റശേഷമാണ് അതിന് മാറ്റം സംഭവിച്ചത്. അടിച്ചാല്‍ തിരിച്ചടിക്കുമെന്ന പതിവ് ശൈലിക്കു പുറമെ കയ്യേറിയ നമ്മുടെ മണ്ണ് തിരിച്ചുപിടിക്കാനുള്ള നീക്കവും നമ്മുടെ സര്‍ക്കാര്‍ ആരംഭിച്ചു.
മാറിയ ലോകക്രമത്തില്‍ ഇന്ത്യയും ചൈനയും പോലുള്ള ആണവശക്തികള്‍ പരസ്പരം നേരിട്ടൊരു ആക്രമണത്തിന് ശ്രമിക്കില്ലെന്ന് തീര്‍ച്ചയാണ്. അങ്ങനെയെങ്കില്‍ ഇരുകൂട്ടര്‍ക്കും കനത്ത നഷ്ടമായിരിക്കും ഉണ്ടാകുക. അതിനാല്‍ മറ്റൊരു തന്ത്രമാണ് ഇവിടെ പ്രയോഗിക്കുക. സ്വന്തം സൈനികശക്തി കാണിച്ച് പരസ്പരം ഭയപ്പെടുത്താന്‍ ശ്രമിക്കലാണ് അതില്‍ പ്രധാനം. അതുപോലെ രണ്ടടി മുന്നോട്ടു വച്ചശേഷം ഒരടി പുറകിലേക്ക് പോകുക എന്ന തന്ത്രവും പയറ്റും. പിന്നെ ഭൂമിശാസ്ത്രപരമായി നാം ചൈനയെക്കാള്‍ സുരക്ഷിതമായ സ്ഥിതിയിലാണ്. നാം മുകളിലും അവര്‍ താഴെയുമാണ്. ഈ അനുകൂലസാഹചര്യത്തെ തകര്‍ക്കാന്‍ ചൈനയ്ക്ക് കഴിയില്ലെന്നു തന്നെയാണ് എന്റെ ഉറച്ചവിശ്വാസം.
ഈശ്വരന്‍ കനിഞ്ഞനുഗ്രഹിച്ചിരിക്കുന്ന ഭൂപ്രകൃതിയാണ് നമ്മുടെത്. ചെങ്കുത്തായി കുത്തനെ നില്ക്കുന്ന കൂറ്റന്‍ ഹിമാലയപര്‍വതനിരകള്‍ നമ്മുടെ അതിര്‍ത്തില്‍ പ്രകൃതി ഒരുക്കിയിരിക്കുന്ന കൂറ്റന്‍ വന്‍മതിലാണ്. അതിനെ ഭേദിക്കുക എളുപ്പമല്ല. എന്നാല്‍ ഇന്ത്യന്‍ സൈന്യത്തിന് മുകളില്‍ നിന്ന് താഴേക്ക് പീരങ്കിയോ റോക്കറ്റോ ചെറിയ മിസൈലുകളോ ഉപയോഗിച്ച് ശത്രുക്കളെ എളുപ്പത്തില്‍ നിഗ്രഹിക്കാനാകും. ചൈനയെ പ്രതിരോധിക്കുന്നതില്‍ മേല്‍ക്കോയ്മ നമ്മുടെ സൈന്യത്തിന് കൂടുതലാണ്. ഈ വെല്ലുവിളി നേരിടാന്‍ ചൈനയ്ക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും.
♠പക്ഷേ ഇപ്പോഴും കാലാകാലങ്ങളായ നമ്മുടെ ഭൂമി ചൈന കൈവശം വച്ചിരിക്കുകയാണ്. അക്‌സായി ചിന്‍ അടക്കമുള്ള നമ്മുടെ ഭൂമി ന്യായമായും നമുക്ക് വിട്ടുകിട്ടേണ്ടതല്ലേ?
$തീര്‍ച്ചയായും. എന്താ സംശയം ? വേണ്ടത്ര തെളിവുകളുമായി നമ്മുടെ സര്‍ക്കാര്‍ രാജ്യാന്തര കോടതിയെ സമീപിക്കണമെന്നാണ് എന്റെ പക്ഷം. ഞാന്‍ ഇതു പറയുന്നതിന് ഒരു കാരണമുണ്ട്. നമ്മുടെ രാജ്യം കണ്ട മികച്ച സര്‍വസൈന്യാധിപന്മാരില്‍ ഒരാളാണ് യശശ്ശരീരനായ ഡോ. എ.പി.ജെ. അബ്ദുള്‍ കലാം. 1998 ല്‍ ഡിആര്‍ഡിഒ ലാബിന്റെ നേതൃത്വത്തില്‍ ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോളജിക്കല്‍ റിസര്‍ച്ച് ”ബാറ്റില്‍ സീന്‍ ഇന്‍ ഇയര്‍ 2020” എന്ന പേരില്‍ ഒരു ദ്വിദിന സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. അതില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ച കലാമിനോട് പങ്കെടുത്ത അമ്പതോളം യുവഓഫീസര്‍മാര്‍ ഒരു ചോദ്യം ചോദിച്ചു. ”ഞങ്ങള്‍ എന്ത് സ്വപ്നം കാണണ”മെന്നായിരുന്നു അവരുടെ ചോദ്യം. ”നഷ്ടപ്പെട്ട നമ്മുടെ മണ്ണ് തിരിച്ചുപിടിക്കാനാണ് നിങ്ങള്‍ സ്വപ്നം കാണേണ്ടതെന്നായിരുന്നു” അദ്ദേഹത്തിന്റെ മറുപടി.
ഇന്ന് നമ്മുടെ അതിര്‍ത്തിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരുവിധപ്പെട്ട പ്രശ്‌നങ്ങളെല്ലാം നമ്മുടെ പ്രതിരോധവിദഗ്ധര്‍ അന്നേ മുന്‍കൂട്ടി കണ്ട് അവിടെ ചര്‍ച്ച ചെയ്തിരുന്നു. ഈ സെമിനാറില്‍ അവതരിപ്പിക്കപ്പെട്ട പേപ്പറുകള്‍ ചേര്‍ത്ത് ആ പേരില്‍ തന്നെ ഡിആര്‍ഡിഒ പുസ്തകമാക്കിയിരുന്നു. അതില്‍ ചൈന ഉയര്‍ത്തുന്ന, ഉയര്‍ത്താന്‍ പോകുന്ന വെല്ലുവിളികള്‍ സസൂക്ഷ്മം നിരീക്ഷിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. അവിടെ ഉരുത്തിരിഞ്ഞു വന്ന തീരുമാനം നാം നമ്മുടെ നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കണമെന്നു തന്നെയാണ്. മറ്റേതെങ്കിലുമൊരു രാജ്യത്തിന് അവകാശപ്പെട്ട മണ്ണ് നമുക്ക് വേണ്ട. പക്ഷേ നമ്മുടെ മണ്ണ് മറ്റാര്‍ക്കും വിട്ടുകൊടുക്കുകയുമില്ല. ഈ നിലപാട് കര്‍ക്കശമാക്കി നാം മുന്നോട്ടുപോകണം. കക്ഷിരാഷ്ട്രീയം ഇതിന് തടസ്സമാകരുതെന്നു മാത്രം.
ഇപ്പോള്‍ രാജ്യത്ത് സുശക്തവും സ്ഥിരതയാര്‍ന്നതുമായ സര്‍ക്കാരുണ്ട്. പ്രതിരോധസേന മുമ്പ് എന്നത്തെക്കാളും സജ്ജവുമാണ്. അടിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലുള്ള ഓപ്പറേഷനുകളിലൂടെ നമ്മള്‍ തെളിയിച്ചതാണ്. എന്നിട്ടും എന്തിനാണ് ചൈന ഇടയ്ക്കിടയ്ക്ക് നമുക്ക് നേരെ ഭീഷണി ഉയര്‍ത്തുന്നത് ?
♠നോക്കൂ, അതൊരു യുദ്ധതന്ത്രമാണ്. അതിര്‍ത്തി സമാധാനമായിരുന്നാല്‍ ചൈനയുടെ ലക്ഷ്യം സാധിക്കില്ല. അതിനാല്‍ സംഘര്‍ഷസാധ്യത സൃഷ്ടിച്ചുകൊണ്ടേയിരിക്കും. മാനസികമായി നമ്മില്‍ യുദ്ധഭീതി ഉണ്ടാക്കാനാണ് ശ്രമം. എന്നാല്‍ ഈ ശ്രമം നമ്മുടെ മുന്നില്‍ വിജയിക്കില്ലെന്ന് മറ്റാരെക്കാളും ചൈനയ്ക്ക് നന്നായി അറിയാം.
നിലവില്‍ ഭാരതത്തിന്റെയും ചൈനയുടെയും സൈനികശക്തി, സാങ്കേതികവിദ്യ, യുദ്ധോപകരണങ്ങള്‍, മറ്റായുധങ്ങള്‍ അടക്കമുള്ളവയെ താരതമ്യം ചെയ്യാമോ ?
♠ഭാരതവും ചൈനയും തികഞ്ഞ ആണവശക്തികളാണെന്ന് അറിയാമല്ലോ. ജൈവ-രാസായുധങ്ങളുടെ നിര്‍മ്മിതിയിലും രണ്ടുപേരും അഗ്രഗണ്യരാണ്. ഏതാണ്ട് തുല്യശക്തികളാണെന്നു തന്നെ പറയാം. യുദ്ധോപകരണങ്ങളിലും സാങ്കേതികവിദ്യയുടെ ചില മേഖലകളിലും ചൈന മുന്നിലാണ്. കരസേനയുടെ കാര്യത്തില്‍ സൈനികരുടെ എണ്ണത്തില്‍ ചൈന മുന്നിലാണ്. പക്ഷേ പ്രകൃതി ഒരുക്കുന്ന വെല്ലുവിളികളെ തോല്പിച്ച് മുന്നേറാനുള്ള കഴിവ് ഇന്ത്യന്‍ സൈനികര്‍ക്കാണ് കൂടുതലായുള്ളത്. ഉദാഹരണത്തിന് സിയാച്ചിന്‍ തന്നെയെടുക്കാം. അവിടെ കാവല്‍ നില്ക്കുന്ന നമ്മുടെ ഭടന്മാര്‍ ജീവന്‍ ത്യജിക്കുന്നത് വെടിയുണ്ടകള്‍ക്കു മുന്നിലല്ല. മറിച്ച് പ്രകൃതിയുടെ തികച്ചും പ്രതികൂലമായ സാഹചര്യങ്ങള്‍ക്കു മുന്നിലാണ്. അത്രയും ശേഷി ചൈനീസ് ഭടന്മാര്‍ക്കില്ലെന്നു തന്നെ പറയാം. നമ്മുടെ പാരാ മിലിട്ടറി കമാന്‍ഡോകള്‍ ചൈനയുടെ അത്തരം കമാന്‍ഡോകളോട് കിടപിടിക്കുന്നവരാണ്.
നാവികസേനയുടെ കാര്യത്തില്‍ ചൈന ലോകത്തിലെ രണ്ടാമത്തെ നാവികശക്തിയാണ്. നമ്മളാകട്ടെ അഞ്ചാമത്തേതും. പക്ഷേ നമ്മള്‍ ഭയക്കേണ്ടതില്ല. ആണവായുധങ്ങള്‍ ഘടിപ്പിച്ച മുങ്ങിക്കപ്പലുകള്‍, വിമാനവാഹിനിക്കപ്പലുകള്‍, മറ്റ് യുദ്ധക്കപ്പലുകള്‍ എന്നിവയുടെ എണ്ണത്തിലും ചൈനയാണ് നമ്മളെക്കാള്‍ മുന്നില്‍. നാമും ഒട്ടും മോശക്കാരല്ല.
വ്യോമസേനയുടെ കാര്യത്തില്‍ ഇന്ത്യയും ചൈനയും തുല്യരാണ്. രണ്ടുപേരും കൂടുതലായും ഉപയോഗിക്കുന്ന റഷ്യന്‍ സാങ്കേതികവിദ്യയാണ്. മിഗ് വിമാനങ്ങള്‍ രണ്ടുപേര്‍ക്കുമുണ്ട്. ഇപ്പോള്‍ റാഫേല്‍ കൂടി നമുക്ക് വന്നുചേരുമ്പോള്‍ നാം കൂടുതല്‍ കരുത്തരാകുമെന്ന് തീര്‍ച്ച. ഇതു സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യാതിരിക്കുന്നതാണ് ഉത്തമം.
നമുക്കുള്ള മറ്റ് മേന്മകളെന്തൊക്കെയാണ്? പ്രത്യേകിച്ചും ചൈനയ്ക്ക് വെല്ലുവിളിയാകുന്നത് ?
♠കൊള്ളാം, നല്ല ചോദ്യം. നോക്കൂ, ഇന്ത്യന്‍ സൈന്യത്തിന്റെ ചരിത്രം നമുക്ക് ആധുനികകാലത്ത് രണ്ടായി തിരിക്കാം. കാര്‍ഗില്‍ യുദ്ധത്തിന് മുമ്പും ശേഷവും. കൂറ്റന്‍ ചെങ്കുത്തായ കുത്തനെയുള്ള മലനിരകള്‍ താണ്ടി ഏറ്റവും ഉയരത്തിലെത്തി അവിടെ തമ്പടിച്ചിരുന്ന പാക് സൈന്യത്തെ മുച്ചൂടും തകര്‍ത്ത യുദ്ധമാണ് കാര്‍ഗിലില്‍ അരങ്ങേറിയത്. ഒരിക്കലും ഇന്ത്യന്‍ കരസേന അവിടെ എത്തിച്ചേരുമെന്ന് പാക് സൈനിക കമാന്‍ഡര്‍മാരോ ചാരസംഘടനകളോ പ്രതീക്ഷിച്ചില്ല. പ്രകൃതിയുടെ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് നമ്മുടെ ചുണക്കുട്ടികള്‍ സ്വജീവന്‍ തൃണവത്ഗണിച്ച് അവിടെയെത്തി. പിന്നീട് സംഭവിച്ചത് തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കേണ്ട ചരിത്രമാണ്.
ഒരുപക്ഷേ ലോകത്തില്‍ അത്തരത്തിലൊരു സൈനികനീക്കം ആദ്യത്തേതായിരിക്കും. താഴെനിന്ന് നമ്മുടെ പീരങ്കിപ്പട ബോഫോഴ്‌സ് ഉള്‍പ്പെടെയുള്ളവ ശക്തമായി നിരന്തരം നിറയൊഴിക്കുന്നു. അതിനു പിന്നാലെ നമ്മുടെ കരസേന മുന്നേറുന്നു. പീരങ്കിപ്പടയെ സഹായിച്ചുകൊണ്ട് നമ്മുടെ വ്യോമസേന ഇടയ്ക്കിടെ ആകാശമാര്‍ഗ്ഗത്തിലൂടെ ബോംബുകള്‍ വര്‍ഷിക്കുന്നു. ഒരുപരിധി കഴിഞ്ഞപ്പോള്‍ പിന്നെ മുന്നില്‍ കൂറ്റന്‍ ചെങ്കുത്തായ മലകളാണ് നമ്മുടെ സൈന്യത്തിനു മുന്നിലുണ്ടായിരുന്ന വെല്ലുവിളി. മുകളില്‍ ഒളിച്ചിരിക്കുന്ന പാക്ക് സൈനികര്‍ക്ക് മലകയറി വരുന്ന നമ്മുടെ സൈനികരെ കൊല്ലാന്‍ നിഷ്പ്രയാസം സാധിക്കുന്ന അവസ്ഥ. എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് മാതൃഭൂമിയുടെ മാനം കാക്കാന്‍ ജീവന്‍ പണയം വച്ചാണ് നമ്മുടെ സൈന്യം ഓരോ ഇഞ്ചും മുന്നോട്ടുപോയത്. ഓഫീസേഴ്‌സ് അടക്കം നിരവധി ധീരജവാന്മാരുടെ ജീവന്‍ നമുക്ക് ബലി അര്‍പ്പിക്കേണ്ടിവന്നു. ഒപ്പമുള്ളവര്‍ വെടിയേറ്റ് വീഴുമ്പോഴും എതിരെ ചീറിപ്പാഞ്ഞുവരുന്ന വെടിയുണ്ടകളെയും ഷെല്ലുകളെയും പുല്ലുപോലെ നേരിടാന്‍ സ്വന്തം വിരിമാറുകാട്ടിയാണ് ശേഷിച്ചവര്‍ ലക്ഷ്യത്തിലേക്ക് കുതിച്ചത്. അവരുടെ ആ പോരാട്ടവീര്യമാണ് കാര്‍ഗിലിലെ നമ്മുടെ വിജയത്തിന്റെ ഹേതു. ഇതൊരുപക്ഷേ ലോകത്തിലെ മറ്റൊരു രാജ്യത്തെയും സൈനികര്‍ കാഴ്ചവയ്ക്കുമെന്ന് തോന്നുന്നില്ല. നമ്മുടെ ഈ പോരാട്ടത്തെക്കുറിച്ചും വിജയത്തെക്കുറിച്ചും പല രാജ്യങ്ങളും ഗവേഷണം നടത്തിയിട്ടുണ്ട്. ചൈനയും നടത്തിയിട്ടുണ്ടാകും. അതിനുശേഷം നാം കൂടുതല്‍ കരുതലോടെയാണ് മുന്നോട്ടുപോയത്. ഇപ്പോള്‍ പോകുന്നതും.

നമ്മുടെ എടുത്തുപറയാവുന്ന അഞ്ച് പ്രത്യേകതകള്‍ നമ്മെ ആക്രമിക്കാന്‍ വരുന്ന ഏതൊരു രാജ്യത്തെയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് ആദ്യത്തേത്. സാങ്കേതികവിദ്യയിലുള്ള വളര്‍ച്ച രണ്ടാമത്തേത്. സുസ്ഥിരവും അതിവേഗം വളരുന്നതുമായ നമ്മുടെ സമ്പദ്ഘടന മൂന്നാമത്തേത്. സ്ഥിരതയാര്‍ന്നതും ഭൂരിപക്ഷമുള്ളതും സര്‍വോപരി ബുദ്ധിപൂര്‍വം തീരുമാനങ്ങളെടുക്കുന്ന, രാജ്യം ഒന്നാമതെന്ന് ചിന്തിക്കുന്ന നമ്മുടെ ഭരണകൂടം നാലാമത്തേത്. അറിവും ആരോഗ്യവും കഴിവും ഉള്ള രാജ്യത്തെ 130 കോടിവരുന്ന പൗരന്മാര്‍ അഞ്ചാമത്തേത്.
ഭൂമിശാസ്ത്രപരമായ ഒരുപാട് പ്രത്യേകതകള്‍ നമുക്കുണ്ടെന്നു പറഞ്ഞല്ലോ. വടക്ക് ഹിമാലയന്‍ പര്‍വതനിരകള്‍ പ്രകൃതി നമുക്ക് ഒരുക്കിത്തന്ന കനത്ത കാവലാണ്. ആ കോട്ട ഭേദിക്കല്‍ എളുപ്പമല്ല. വടക്കുപടിഞ്ഞാറ് ചെറുതെങ്കിലും മരുഭൂമി അടക്കമുള്ള ഭൂപ്രദേശം ശത്രുവിന്റെ കടന്നുകയറ്റത്തിന് തടയിടുമെന്ന് തീര്‍ച്ച. പിന്നെ മൂന്നുചുറ്റും സമുദ്രമാണ്. സമുദ്രത്തിലൂടെ കടന്നുവന്ന് നമ്മെ ആക്രമിക്കാനും ഇന്ന് ആരും പെട്ടെന്ന് ധൈര്യപ്പെടില്ല. അത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള സാങ്കേതിക വിദ്യ നമുക്കുണ്ട്.
അടുത്തത് സാങ്കേതികവിദ്യയുടെ വളര്‍ച്ചയാണ്. അമേരിക്കയെ പോലും വെല്ലുവിളിക്കാന്‍ കഴിയുംവിധത്തില്‍ മികച്ച മിസൈല്‍ സാങ്കേതികവിദ്യ നമുക്കുണ്ട്. ശത്രു ഒളിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തി നിഗ്രഹിക്കുന്ന ബ്രഹ്മോസ് മുതല്‍ ചെറിയ റോക്കറ്റ് ലോഞ്ചര്‍ വരെയുള്ള നീണ്ടനിരയാണത്. ശബ്ദവേഗത്തില്‍ സഞ്ചരിക്കാവുന്ന ആധുനിക പോര്‍വിമാനങ്ങള്‍, റാഫേല്‍ ഉള്‍പ്പെടെയുള്ളവ നമ്മുടെ വിജയം ഉറപ്പിക്കുന്നവയാണ്. സാങ്കേതികവിദ്യ പ്രദാനം ചെയ്യുന്ന സഹായത്തിനൊപ്പം വീറുറ്റ രാജ്യസ്‌നേഹം പ്രകടിപ്പിക്കുന്ന സൈനികര്‍ കൂടിച്ചേരുമ്പോള്‍ നാം അജയ്യരാകുന്നു.
പൗരന്മാരുടെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും നാം മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാണ്. അല്പസ്വല്പം പട്ടിണിയും ദാരിദ്ര്യവും നിര്‍മ്മാര്‍ജനം ചെയ്യേണ്ടതായുണ്ടെങ്കിലും ആളോഹരിവരുമാനത്തിലും പൗരന്മാരുടെ അധ്വാനശേഷിയിലും നാം മോശക്കാരല്ല. സുസ്ഥിരവും നൈരന്തര്യമാര്‍ന്നതുമായ വികസനത്തില്‍ നമ്മോട് കിടപിടിക്കാന്‍ ലോകത്ത് വന്‍ശക്തികള്‍ക്കുപോലുമാകില്ല. സ്‌കില്‍ഡ് ലേബേഴ്‌സിന്റെ എണ്ണത്തിലും നാം ഏറെ മുന്നിലാണ്. ഏറ്റവും കൂടുതല്‍ ചെറുപ്പക്കാരുള്ള രാജ്യവും നമ്മുടേതു തന്നെ. 25വയസ്സിനു താഴെയുള്ളവരുടെ എണ്ണമെടുത്താന്‍ നാം ചൈനയെക്കാള്‍ വളരെ മുന്നിലാണ്. നമ്മളും ചൈനയും തമ്മില്‍ ഏതാണ്ട് 14 ശതമാനത്തിന്റെ വ്യത്യാസമുണ്ട്. നമ്മുടെ ശരാശരി വയസ്സ് 29 ആണെങ്കില്‍ ചൈനയുടെത് 37 ആണ്. അവിടെയും നമുക്കാണ് മുന്‍തൂക്കം. പൗരന്മാരുടെ ജീവിതശൈലിയിലെ മികവും തദ്വാരാ വര്‍ദ്ധിച്ച രോഗപ്രതിരോധശക്തിയും മൂലം കോവിഡ് വ്യാപനം തടയാനും അതിലൂടെയുണ്ടാകുന്ന മരണനിരക്ക് പിടിച്ചുനിര്‍ത്താനും നമുക്ക് കഴിഞ്ഞതു തന്നെ അതിന്റെ തെളിവാണ്. ഇത്രയൊക്കെ പോരെ ചൈന നമ്മെ ഭയപ്പെടാന്‍.
62 ലെ പരാജയം ഇന്ന് ആവിയായി പോയിരിക്കുകയാണ്. ആണവശേഷിയിലും ശൂന്യാകാശ പര്യവേഷണത്തിലും ഉപഗ്രഹവിക്ഷേപണത്തിലും ഒക്കെ നാം ചൈനയെക്കാള്‍ മുന്നിലാണ്. അങ്ങനെയുള്ള ഇന്ത്യയെ നേരിട്ടാക്രമിക്കാന്‍ ചൈന മുതിരുമോ?