കളരി എന്ന മധ്യകാല സാംസ്‌കാരിക സ്ഥാപനം കേരളത്തിന്റെ ജീവാംശമായിരുന്നു. പഴയകാല കൊച്ചി രാജ്യത്തെ സര്‍വ്വാധികാര്യക്കാരനും ചരിത്രകാരനും പ്രശസ്ത സാഹിത്യകാരനുമായിരുന്ന പുത്തേഴത്ത് രാമന്‍ മേനോന്‍ കളരിയെക്കുറിച്ചു പറഞ്ഞത്, കേരളവും കളരിയും ഒന്നുതന്നെയായിരുന്നു വെന്നാണ്. രണ്ടിലും അക്ഷരങ്ങള്‍ ഒന്നുതന്നെ ക, ര, ള!. ദേഹവും ദേഹിയും പോലെ കളരിയും കേരളവും കെട്ടുപിണഞ്ഞും കൂടിക്കലര്‍ന്നും കിടക്കുന്നുവെന്ന് അദ്ദേഹം 1954- ആഗസ്റ്റ് മാസത്തില്‍ കളരി എന്ന മാസികയില്‍ രേഖപ്പെടുത്തിട്ടുണ്ട്. വിദ്വാന്‍ വെള്ളായ്ക്കല്‍ ഗോവിന്ദ മേനോന്‍ അതേ പ്രസിദ്ധീകരണത്തില്‍ 1960-ല്‍ കളരിയെക്കുറിച്ചും കളരി പണ്ഡിതരെക്കുറിച്ചും രേഖപ്പെടുത്തിയ നാലുവരി കവിത അഥവാ മുക്തകവും ഇതേ സൂചനയാണ് നല്‍കുന്നത്.
”വേദാദ്യാഗമ ശാസ്തസംഹിതകളെപ്പേര്‍ത്തും പഠിച്ചുന്നത-
സ്ഥാനം സാധൂതരം വഹിച്ചു വിജയം സാധിച്ച സദ്‌വൃത്തരെ!
വിദ്വാന്മാരടരാടുമി ‘ക്കളരി’യെ തത്വപ്രബോധോദയ ജ്ഞാനം കൊണ്ടൊളി ചേര്‍ത്തു സൗഹൃദരസം ലാളിച്ചു പാലിക്കുവിന്‍ 20-ാം നൂറ്റാണ്ടില്‍പ്പോലും കളരി എന്ന സ്ഥാപനത്തിന് പ്രാധാന്യമുണ്ടായിരുന്നുവെന്ന് പ്രശസ്തരായ ഇവരുടെ വാക്കുകള്‍ സമര്‍ത്ഥിക്കുന്നു. കളരി എന്ന സ്ഥാപനം മധ്യകാലം മുതല്‍ ആയുധ പരിശീലനത്തോടൊപ്പം ശാസ്ത്ര സംഹിതകളും വിവിധ സാംസ്‌കാരിക വിഷയങ്ങളും പ്രചരിപ്പിച്ചിരുന്ന ഉന്നത സ്ഥാനം കൈവരിച്ച സ്ഥാപനമായിരുന്നുവെന്ന് മറ്റു പല ചരിത്രകാരന്മാരും പ്രസ്താവിച്ചിട്ടുണ്ട്.
കളരികള്‍ മൂന്നു കാലഘട്ടങ്ങളിലൂടെയാണ് കേരളക്കരയില്‍ സ്ഥാപിതമായത്. പ്രാക്തനകാലം, കുലശേഖരന്മാരുടെ ഭരണ കാലം, തുടര്‍ന്നുവന്ന നാട്ടു രാജാക്കന്മാരുടെ അഥവാ സ്വരൂപങ്ങളുടെ കാലം എന്നി കാലഘട്ടങ്ങളിലാണ് വ്യാപകമായി കളരികള്‍ ദേശങ്ങള്‍ തോറും സ്ഥാപിക്കപ്പെട്ടത്. പ്രാക്തന കാലത്ത് സ്ഥാപിതങ്ങളായ കളരികളാണ് പൊതുവെ പരശുരാമ പ്രതിഷ്ഠിതങ്ങള്‍ എന്നു പറയുന്നത്. പരശുരാമന്‍ എന്ന നാമം പലപ്പോഴും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ ബ്രാഹ്മണ കുടിയേറ്റത്തിന്റെ നേതൃത്വം വഹിച്ച ബ്രാഹ്മണ ഗോത്ര നേതാവ് എന്ന രീതിയിലും അദ്ദേഹം സ്ഥാപിച്ച കളരികള്‍ എന്ന നിലയിലും തല്‍ക്കാലം ഈ ലേഖനത്തില്‍ കളരികളെ കാണുക. ഇവിടെ ഈ മൂന്നു ഘട്ടങ്ങളില്‍ അവസാന കാലത്ത് സ്ഥാപിതമായ കളരികളില്‍ അവയുടെ മൂല ധര്‍മ്മങ്ങളില്‍ വ്യതിയാനം സംഭവിച്ചിട്ടുണ്ട്.
കളരികളുടെ മൂന്നാം ഘട്ട സ്ഥാപന കാലത്തോടെ കളരികളില്‍ ആയുധ വിദ്യയോടൊപ്പം മറ്റു ശാസ്ത്രങ്ങള്‍ക്കും കലകള്‍ക്കും വിദ്യകള്‍ക്കും പ്രാധാന്യം നല്‍കിയിരുന്നതായി കാണാം. അക്ഷരങ്ങളും അവയുടെ ഉന്നത തലങ്ങളും കളരികളില്‍ അഭ്യസിപ്പിച്ചിരുന്നു. അക്ഷരമെന്നാല്‍ ക്ഷര രഹിതമാകുന്ന വസ്തു (നശ്വരവസ്തു). ക്ഷരം അനിത്യവും അക്ഷരം നിത്യവുമാകുന്നു. നിത്യവും അനിത്യവുമകുന്ന വസ്തുക്കള്‍ ഏതൊന്നൊ അവയെക്കൊണ്ട് ചെയ്യുന്ന അഭ്യാസ ക്രമമാകുന്നു അക്ഷരാഭ്യാസം. ഇവിടെ പ്രാഥമിക അക്ഷരാഭ്യാസങ്ങള്‍ നല്‍കിയിരുന്ന എഴുത്തു പള്ളികളും ശസ്ത്ര-ശാസ്ത്രാദികളുടെ ഉന്നത തലങ്ങള്‍ അഭ്യസിപ്പിച്ചിരുന്ന കളരികളും തമ്മില്‍ ഘടനയിലും അവയുടെ ധര്‍മ്മങ്ങളിലും വ്യത്യസ്തമായിരുന്നു. ”എഴുത്തു പള്ളിയില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിക്കഴിഞ്ഞാല്‍ പിന്നീട് ആയുധ വിദ്യാ പരിശീലനത്തിനു കളരിയില്‍ പോകുക പതിവാണ്.” കേരള സംസ്‌കാരം എന്ന ചരിത്ര ഗ്രന്ഥത്തിലെ ശ്രീധരമേനോന്റെ ഈ ചൂണ്ടിക്കാട്ടല്‍ കളരിയും അക്ഷര വിദ്യ പരിശീലിപ്പിച്ചിരുന്ന എഴുത്തുപള്ളിയും വ്യത്യസ്തമാണെന്ന് സാധൂകരിക്കുന്നു.
കളരികളിലൂടെ മുഖ്യമായി മുന്നു മഹത്തായ കാര്യങ്ങളായിരുന്നു ആദ്യകാലങ്ങളില്‍ വളര്‍ത്തുകയും പുലര്‍ത്തുകയും പരിപാലിക്കുകയും ചെയ്തിരുന്നത്. അത് ഭരദേവതാ ഭജനം, ഗുരുശിഷ്യബന്ധം, ദേഹാ രോഗ്യം എന്നിവയായിരുന്നു. ഈ മൂന്നു മഹത്തായ കാര്യങ്ങളിലൂടെ അക്കാലങ്ങളില്‍ സംസ്‌കാര സമ്പന്നമായ ഒരു ജനതയെയാണ് വാര്‍ത്തെടുക്കുവാന്‍ കഴിഞ്ഞിരുന്നത്. കളരിയഭ്യാസം ആയുരാരോഗ്യ വര്‍ദ്ധകമായിരുന്നുവെന്നതില്‍ തര്‍ക്കമില്ല. കളരിയിലൂടെ നിര്‍ഭയത്വവും പ്രയത്‌നശീലവും ഐശ്വര്യാഭിവൃദ്ധിയും ശിഷ്യരില്‍ വളര്‍ത്തുവാന്‍ സഹായിച്ചിരുന്നു. അതോടൊപ്പം മുതിര്‍ന്നവരോട് ഭയഭക്തി, ഗുരുഭക്തിയെന്നിവയോടൊപ്പം സംസ്‌കാര സമ്പന്നതയോടെ വളരുവാന്‍ യുവ തലമുറകളെ അക്കാലങ്ങളില്‍ സഹായിച്ചിരുന്നു. സാംസ്‌കാരിക സ്ഥാപനങ്ങള്‍ എന്നതിനോടൊപ്പം കളരികള്‍ ആയുധ പരിശീലന കേന്ദ്രങ്ങളും ഉത്തമമായ ആരാധനാലയങ്ങളുമായിരുന്നു.
മധ്യകാല ആയോധന പരിശീലന കേന്ദ്രങ്ങളെ കളരികള്‍ എന്നാണ് വിളിച്ചുപോന്നത്. അടുത്ത കാലത്തായി ഏതൊന്നും പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി കളരികള്‍ എന്നു പുത്തന്‍ തലമുറ പറയുന്നുണ്ട്. എന്നാല്‍ ഭാഷാ നിഘണ്ടുക്കളില്‍ കളരിയുടെ രൂഢമൂലമായ അര്‍ത്ഥം ആയുധ പരിശീലന കേന്ദ്രം എന്നുതന്നെയാണ്. കേരളത്തില്‍ മധ്യകാലാത്തെ രാജ്യരക്ഷയും യുദ്ധ പരിശീലനവും പരിശീലന കേന്ദ്രങ്ങളും പടയാളി നേതൃത്വവും മറ്റും പരശുരാമനുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളില്‍ അധിഷ്ഠിതമായിട്ടാണ് കാണുന്നത്.
പരശുരാമ ഐതിഹ്യ പ്രകാരം 108 കളരികള്‍ സ്ഥാപിച്ച് ദ്രേണം വള്ളി, ഉഗ്രം വള്ളി, കോരം വള്ളി, ഉള്ളൂര്‍ തുരുത്തിയാട് എന്നിങ്ങനെ നാലു ബ്രാഹ്മണ കുടുംബങ്ങളിലെ 21 ഗുരുഭൂതരിലൂടെ ആയുധ വിദ്യ പ്രചരിപ്പിച്ചു. ഈ കളരി വിദ്യകള്‍ പിന്നീട് നാലു ബ്രാഹ്മണ കുടുബ നാമങ്ങളിലൂടെ നാലു കളരി സമ്പ്രദായങ്ങളായി വ്യാപകമായി അറിയപ്പെട്ടു. കളരി സങ്കല്പത്തില്‍ ഈ 21 ഗുരുഭൂതര്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഉള്ളൂരിന്റെ സാഹിത്യ ചരിത്രത്തില്‍ ഈ നാലു കളരി സമ്പ്രദായങ്ങളെക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്. 21 ആയോധന ആചാര്യന്മാരുടെ ഗുരുസ്ഥാനീയനായ പരുശുരാമന്റെ ഗുരുശ്രേഷ്ഠനായ സാക്ഷാല്‍ ശ്രീ പരമശിവനെയാണ് കളരിയുടെ മൂല ഗുരുവായി കളരികളില്‍ പൂജിക്കപ്പെടുന്നത്. കളരികളിലെ ഗുരുത്തറ അഥവാ ഗുരുപീഠം എന്നത് അതിനു ഉദാഹരണമായി ചൂണ്ടിക്കാണിക്കാം.
കളരി എന്ന പദം സംസ്‌കൃതത്തിലെ ഖലൂരിക എന്നതില്‍ നിന്നുമാണ് ഉണ്ടായതാണെന്നു പറയുന്നതിനോടൊപ്പം കല്ലൂരി എന്ന ദ്രാവിഡ തമിഴ് പദത്തില്‍ നിന്നും രൂപപ്പെട്ടതാണെന്നുമുള്ള അഭിപ്രായങ്ങള്‍ പണ്ഡിതര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. കന്നടയില്‍ അവിടത്തെ ആയുധ പരിശീലന കേന്ദ്രങ്ങളെ ഗരഡികള്‍ എന്നാണ് പറയുന്നത്. സംസ്‌കൃതത്തില്‍ ഖലൂരിക എന്നാല്‍ ആയുധ പരിശീലന സ്ഥലം എന്നും തമിഴിലെ കല്ലൂരി എന്നാല്‍ വിവിധ വിഷയങ്ങള്‍ അഭ്യസിപ്പിക്കുന്ന ചെറു മാതൃകാ കലാശാല എന്നുമാണ്. ”ഖലൂരികാ നിവാസിനി ….” എന്ന ദേവി സ്തുതിയില്‍ നിന്നാണ് ഖലൂരിക എന്നത് രൂപപ്പെട്ടതെന്നും പറയപ്പെടന്നു. ഇവിടെ സംസ്‌കൃതത്തിലെ ഖലൂരിക എന്നതും തമിഴിലെ കല്ലൂരി എന്നതും കളരിക്ക് അതിന്റെ ധര്‍മ്മങ്ങളുമായി എല്ലാ വിധത്തിലും യോജിക്കുന്നുണ്ട്.
കളരി എന്ന ആയോധ പരിശീലന കേന്ദ്രത്തില്‍ അമ്മ ദൈവ സങ്കല്പമാണ് ആരാധന മൂര്‍ത്തിയായി പൂജിക്കപ്പെടുന്നത്. ആര്യ ദേവതയായ ഖലൂരിക ദേവിയാണ് കളരി അധിപയെന്നും തമിഴ് ആചാരമനുസരിച്ച് തമിഴക കൊറ്റവൈ എന്ന രണ ദേവതയാണ് കളരിക്ക് അധിപയെന്നും പറയപ്പെടുന്നു. ഈ അമ്മ ദേവത സങ്കല്പംതന്നെയാണ് ചണ്ഡിക, ഭദ്രകാളി എന്നി പേരുകളില്‍ അറിയപ്പെട്ടത്. അത് എന്തുതന്നെയായാലും രണ ദേവത അഥവാ യുദ്ധ ദേവത എന്ന നിലയില്‍ ശക്തയായ രൂദ്ര ഭാവമുള്ള അമ്മ ദേവി സങ്കല്പമാണ് കളരിയില്‍ മുഖ്യ ദേവതാ സങ്കല്പം എന്നത് അനിഷേധ്യമായ ഒന്നാണ്. കളരിയിലെ ഗുരു സങ്കല്പം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ആദി ഗുരുവായ പരമശിവനാണ് കളരിയിലെ ഗുരു എന്ന രീതിയില്‍ കളരിയില്‍ ഗുരുത്തറയുടെ രൂപത്തില്‍ പൂജിക്കപ്പെടുന്നത്. കളരിഗുരു എന്ന സ്ങ്കല്പത്തില്‍ പരമശിവനും കളരിയുടെ അധിപ എന്ന നിലയില്‍ അമ്മ സങ്കല്പത്തില്‍ പാര്‍വ്വതി ദേവിയും രുദ്ര ഭാവത്തില്‍ കളരിയില്‍ പൊതുവെ അംഗീകരിക്കപ്പെട്ട മുഖ്യ ദേവതങ്ങളാണ്. കളരിയില്‍ ആയുധങ്ങളെ പ്രതിനിധീകരിക്കുന്ന അതതു ദേവതകളുടെ പീഠ പൂജയും സങ്കല്പ ആരാധനയും കളരി ഉപദേവതകള്‍ക്കായി കാണുന്നുണ്ട്.
സമുദായ ഭരണം അഥവാ ഗ്രാമിണി ഭരണ വ്യവസ്ഥയോട് അനുബന്ധിച്ചാണ് കളരികളും കളരി വിദ്യകളും വ്യാപകമായ സൈനിക സേവനവുമായി ബന്ധപ്പെട്ട് ബ്രാഹ്മണര്‍ കടന്നുവരുന്നത്. സംഘകാല സൈനീക സേവനത്തില്‍ കളരിയുടെ പ്രാധാന്യം വ്യക്തമായി കാണുന്നില്ലായെന്നതിനോടൊപ്പം ബ്രാഹ്മണരിലെ ചാത്തിരര്‍ എന്ന അര്‍ദ്ധ ബ്രാഹ്മണ സൈനീക വിഭാഗത്തിന്റെ സേവനമോ നായര്‍ എന്ന പടയാളി വിഭാഗത്തിന്റെ നായകന്‍ സ്ഥാനമോ പരാമര്‍ശിച്ചിട്ടില്ല. സംഘകാല കൃതികളില്‍ തമിഴക മുവ്വേന്തരുടെ പ്രത്യേകിച്ചും ചേരന്മരുടെ പടയാളികളില്‍ മറവര്‍ എന്ന മുന്നണി പടയാളികളുടെ വീരശൂര പരാക്രമങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
കളരികളിലെ വിവിധ ആയുധങ്ങളും ആയുധ വിദ്യകളും ആയുധ പരിശീലനങ്ങളും ധനുര്‍വേദത്തില്‍ നിന്നും എടുത്തതാണ്. വളരെ വ്യക്തമായി ആയുധങ്ങളുടെ വിവരണങ്ങള്‍ ധനുര്‍വേദത്തില്‍ വിവരിക്കുന്നുണ്ട്. ധനൂര്‍വ്വേദ ലിഖിതങ്ങള്‍ പൂര്‍ണ്ണമായും സംസ്‌കൃതത്തില്‍ അധിഷ്ഠിതമായിരുന്നു. ബ്രാഹ്മണരുടെ പ്രബലകാലത്ത് അഥവാ ജാതി വ്യവസ്ഥ രൂപപ്പെട്ട് വളര്‍ന്നു പന്തലിച്ചിരുന്ന കാലത്ത് ശൂദ്രര്‍ക്ക് വേദോച്ചാരണം കേള്‍ക്കുന്നതുപോലും ജാതീയമായി കര്‍ക്കശ്ശമായ നിയന്ത്രണം നിലനിന്നിരുന്നു. വേദോച്ചാരം കേള്‍ക്കുന്ന ശുദ്രന്റെ ചെവിയില്‍ ഇയ്യം ഉരുക്കി ഒഴിക്കണം, വേദം ഉച്ചരിക്കുന്ന ശുദ്രന്റെ നാവ് പിഴുതെടുക്കണം എന്നിങ്ങനെയുള്ള കര്‍ക്കശ്ശമായ നിയമങ്ങള്‍ ശങ്കരാചര്യകല്പിതമായി ബ്രാഹ്മണര്‍ പ്രചരിപ്പിച്ചിരുന്നു. അതായത് വേദങ്ങളും വേദങ്ങളിലധിഷ്ഠിതമായ വേദ-വേദാന്തങ്ങളും ഉപനിഷത്തുകളും അവയുടെ അദ്ധ്യയനവും അദ്ധ്യാപനവും പ്രത്യക്ഷത്തില്‍ ശൂദ്രര്‍ക്ക് അക്കാലങ്ങളില്‍ നിഷിദ്ധമായിരുന്നു.
സംസ്‌കൃത വിജ്ഞാനം പാണ്ഡിത്യത്തിന്റെ മാനദണ്ഡമായി കണക്കാക്കിയിരുന്ന ഒരു കാലഘട്ടമായിരുന്നു സമുദായ ഭരണ കാലവും കുലശേഖര കാലവും തുടര്‍ന്നുവന്ന നാട്ടുരാജാക്കന്മാരുടെ ഭരണ കാലഘട്ടവുമെന്നു പറയാം. പാണ്ഡിത്യത്തിന്റെ അളവുകോല്‍ എന്ന രീതിയില്‍ സംസ്‌കൃതം ഒരു ‘ഉപകരണ ഭാഷ’ എന്ന നിലയിലാണ് ബ്രാഹ്മണര്‍ പ്രചരിപ്പിച്ചിരുന്നത്. ശൂദ്രര്‍ക്ക് വേദോച്ചാരം കേള്‍ക്കുന്നതുപോലും വിലക്കപ്പെട്ടിരുന്ന അവസ്ഥക്ക് ഒരു മാറ്റം സംഭവിക്കുന്നത് 15-ാം നൂറ്റാണ്ടോടൊയാണ്. 15-ാം നൂറ്റാണ്ടിനു ശേഷം വേദ-വേദാംഗങ്ങളില്‍ ശൂദ്ര-നായരില്‍നിന്നും പലരും പ്രശസ്തരും പ്രഗത്ഭരുമായി വിവിധ ശാസ്ത്രങ്ങളില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.
കുലശേഖര കാലത്തോടെ അര്‍ദ്ധ ബ്രാഹ്മണ സൈനികരായ ചാത്തിരര്‍ സൈനീക സേവന രംഗത്തു നിന്നും സാവകാശം ക്ഷേത്ര സങ്കേതങ്ങളിലേക്ക് ഉള്‍വലിയുന്നതായി കാണാം. പിന്നീട് 15-ാം നൂറ്റാണ്ടുവരെ ഈ സൈനിക വിഭാഗത്തിന്റെ സാന്നിദ്ധ്യം ക്ഷേത്ര സങ്കേതങ്ങളിലും ബ്രാഹ്മണ വിഭാഗത്തിന്റെ ആഭ്യന്തര കാര്യങ്ങളിലും കാണുന്നതായി ചേന്ദ്രാത്സവം ചൂണ്ടികാട്ടി ചരിത്രകാരന്മാര്‍ വിശദീകരിക്കുന്നുണ്ട്. ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ ക്ഷേത്ര സങ്കേതങ്ങളുടെ അതിര്‍ത്തികള്‍ക്കുള്ളില്‍ രാജാക്കന്മര്‍ക്ക് അധികാര അവകാശങ്ങള്‍ പൂര്‍ണ്ണമായും ഉണ്ടായിരുന്നില്ല. ക്ഷേത്ര സങ്കേതങ്ങള്‍ക്കു പുറത്തുള്ള ചേരിക്കല്‍ പ്രദേശങ്ങളിലായിരുന്നു രാജാക്കന്മാരുടെ അധികാര സ്ഥാനങ്ങള്‍ പൂര്‍ണ്ണമായും ഉണ്ടായിരുന്നത്. ക്ഷേത്ര സങ്കേതങ്ങളില്‍ അതതു രാജ്യങ്ങളിലെ രാജാക്കന്മാര്‍ക്ക് ചില ഔദ്യോഗീക സ്ഥാനമാനങ്ങളും ബ്രാഹ്മണര്‍ അക്കാലങ്ങളില്‍ നല്‍കിയിരുന്നു. അതതു രാജ സ്ഥാനങ്ങള്‍ക്കായിരുന്നു സങ്കേതങ്ങളിലെ യോഗങ്ങളില്‍ രക്ഷാപുരുഷ സ്ഥാനം ഉണ്ടായിരുന്നത്.
കുലശേഖരന്മാരുടെ ഭരണത്തോടെയാണ് ശൂദ്രരില്‍ നിന്നും കായിക ബലമുള്ളവരെ സൈനിക സേവനത്തിനായി നിയുക്തരാക്കുന്നതും കളരി വിദ്യ പരിശീലിപ്പിക്കുന്നതുമെന്നതാണ് ചരിത്രമതം. ഈ രാഷ്ട്രീയ സാമൂഹിക അവസ്ഥയിലാണ് ശൂദ്രരില്‍ നിന്നും നിയുക്തരായ സൈനീകര്‍ക്കു ആയുധ പരിശീലനം നല്‍കുവാന്‍ കളരി ആശാന്മാരെ നിയുക്തരാക്കുന്നത്. ‘ഇങ്ങനെ നായന്മാരെച്ചേര്‍ത്ത് നല്ലതായ പട്ടാളത്തെ രൂപീകരിച്ചതോടെ അവരെ താമസിപ്പിക്കുവാനുള്ള ബാരക്‌സുകളേയും യുദ്ധം പരിശീലിപ്പിക്കുവാനുളള കളരികളേയും പഠിപ്പിക്കാനുള്ള ആശാന്മാരേയും ഏര്‍പ്പെടുത്തേണ്ടിവന്നു.’ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ ആര്യന്മാരുടെ കുടിയേറ്റം എന്ന പുസ്തകത്തിലെ ഈ പ്രസ്താവന ശുദ്രരില്‍ നിന്നും നിയുക്തരായ യോദ്ധാക്കള്‍ക്ക് ആയുധ പരിശീലനം നല്‍കുവാന്‍ സ്ഥാപിതമായ കളരിയും നിയുക്തരായ കളരി ആശാന്മാരും അക്കാലങ്ങളില്‍ ഉണ്ടായിരുന്നുവെന്നത് സാധൂകരിക്കുന്നു.
ലഭ്യമായ ശാസനങ്ങളിലും ചെപ്പേടുകളിലും മറ്റു ലിഖിതങ്ങളിലും സൈനിക പ്രമുഖരായ ശൂദ്രരെ നായകന്‍ എന്ന രീതിയിലാണ് രേഖപ്പെടുത്തി കാണുന്നത്. ഈ നായകന്‍ എന്ന വാക്കില്‍ നിന്നുമാണ് പില്‍ക്കാലങ്ങളില്‍ നായര്‍ എന്ന സംജ്ഞ രൂപപ്പെട്ടത് എന്നു അനുമാനിക്കാം. അതോടൊപ്പം അതതു ദേശങ്ങളിലെ കളരികളില്‍ നിന്നും ആയുധ പരിശീലനം നേടി, നാട്ടു രാജാവിനാലോ കളരി ആശാനാലോ ആയുധം നല്‍കപ്പെടുന്നതോടെ സൈനിക സേനവത്തിനായി അനുമതി ലഭിക്കുന്നതിനോടൊപ്പം നായര്‍ എന്ന പദവിയും യോദ്ധാക്കള്‍ക്ക് പ്രാപ്തമാകുന്നു. ‘ആയുധാഭ്യാസം ചെയ്യുന്ന എല്ലാ യുവാക്കള്‍ക്കും ആയുധം ധരിച്ച് യുദ്ധത്തിനു പുറപ്പെടുന്നതിനും അങ്കം പൊരുതുന്നതിനും അവകാശമില്ല. ആ അവകാശം രാജാവിനാല്‍ സിദ്ധിക്കേണ്ടതുമാണ്. അതു സിദ്ധിച്ചവര്‍ക്ക് നായര്‍ എന്ന പ്രത്യേക സ്ഥാനപ്പേര്‍ വിശേഷാല്‍ പറഞ്ഞുവരുന്നു.’ വിദേശിയനായ പര്‍ച്ചാസിന്റെ ചരിത്ര ഉദ്ധരണി കൊച്ചി രാജ്യ ചരിത്രം എന്ന ഗ്രന്ഥത്തില്‍ നായര്‍ സ്ഥാനത്തിന്റെ നിര്‍വ്വചനം ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നുണ്ട്.
സംഘകാലത്ത് വിദ്യാഭ്യാസത്തിനു സാമൂഹികമായി വളരെ പ്രാധാന്യമുണ്ടായിരുന്നു. വിദ്യ അഭ്യസിപ്പിച്ചിരുന്ന കണക്കായരെക്കുറിച്ചും അവര്‍ പഠിപ്പിച്ചിരുന്ന നെടുങ്കണക്കിനെക്കുറിച്ചും സംഘകാല കൃതികളില്‍ പരാമര്‍ശമുണ്ട്. കവി നക്കീരനാരുടെ പിതാവ് ഒരു കണക്കായരായിരുന്നുവെന്നും കാണുന്നുണ്ട്. അദ്ധ്യാപകരെ പൊതുവെ അശരിയാര്‍, ഉപത്തിയാര്‍, ആശാന്‍ എന്നിങ്ങനെ സംബോധന ചെയ്തിരുന്നു. വളരെയധികം ശിഷ്യന്മാരുണ്ടയിരുന്ന ഗുരുക്കന്മാരെ കുലപതി എന്നും വിളിച്ചിരുന്നു. സംഘകാലത്ത് വിദ്യ നല്‍കിയിരുന്നവര്‍ ഏതെങ്കിലും ഒരു പ്രത്യേക ജനവിഭാഗത്തിലെ അംഗങ്ങളായിരുന്നില്ല.
തമിഴക ദേശത്തെ തിണവാസികളായിരുന്ന ജനങ്ങള്‍ക്കിടയിലെ തൊഴില്‍ വിഭാഗങ്ങള്‍ പരസ്പരം അടുത്ത സഹവര്‍ത്തിത്വത്തിലായിരുന്നു ജനജീവിതം നയിച്ചിരുന്നത്. രാജ്യ രക്ഷയുടെ കാര്യത്തില്‍ ഏതെങ്കിലും ഒരുപ്രത്യേക ജനവിഭാഗം മാത്രമേ പടയാളികളായി വര്‍ത്തിച്ചിരുന്നുള്ളൂ എന്നു ചൂണ്ടിക്കാണിക്കുവാന്‍ കഴിയുകയില്ല. എന്നാല്‍ മുന്നണി പടയാളികളായി മറവര്‍ എന്ന വിഭാഗം ഉണ്ടായിരുന്നു. ഈ അവസ്ഥക്കു മാറ്റം വരുന്നത് ആദിചേരന്മാര്‍ക്കു ശേഷവും കുലശേഖര നിയുക്ത കാലത്തുമാണെന്നു പറയാം. കുലശേഖരന്മാര്‍ക്കു തൊട്ടു മുമ്പ് അര്‍ദ്ധബ്രാഹ്മണ ആയുധധാരികള്‍ക്കും കുലശേഖര കാലത്ത് ശൂദ്രരില്‍ നിന്നും നിയുക്തരാകുന്നവര്‍ക്കും മാത്രമേ സൈനിക സേവനം സാധ്യമായിരുന്നതുള്ളു. ഈ സാഹചര്യത്തില്‍ സൈനികര്‍ക്ക് ആയുധ വിദ്യ പരിശീലിപ്പിക്കുവാന്‍ പ്രത്യേക കളരി ആശാന്മാര്‍ ഉണ്ടായിരുന്നു.
എഴുതപ്പെട്ട സാംസ്‌കാരിക, ജനപദ ചരിത്ര രേഖകളില്‍ അതതു ദേശങ്ങളിലെ ശൂദ്രരില്‍ നിന്നും സൈനിക സേവനത്തിനായി നിയുക്തരാകുന്നവര്‍ക്കു ആയുധ പരിശീനം നല്‍കിയിരുന്നത് ദേശത്തെ കളരികളിലായിരുന്നു. കളരികളില്‍ ആയുധ പരിശീലനം നല്‍കിയിരുന്നവരെ ആശാന്‍ എന്നാണ് ആദ്യകാലങ്ങളില്‍ സംബോധന ചെയ്തിരുന്നത്. എന്നാല്‍ ജാതി വ്യവസ്ഥ പ്രത്യക്ഷത്തില്‍ രൂക്ഷമാകുന്നതോടെ കളരികളില്‍ ആയോധന പരിശീലനം നല്‍കുന്നവര്‍ക്കു കളരി വിദ്യകളുടെ ആചാര്യന്മാര്‍ എന്ന നിലയില്‍ പണിക്കര്‍ എന്നും കുറുപ്പെന്നുമുള്ള ബഹുമാന സൂചകമായ സ്ഥാനങ്ങള്‍ ലഭിക്കുന്നതായി കാണാം.
ഫ്യൂഡല്‍ വ്യവസ്ഥയില്‍ ശൂദ്രരിലെ നായര്‍ സ്ഥാനികള്‍ക്ക് അവരുടെ സൈനിക സേവന മേഖലയില്‍ പ്രമുഖ സ്ഥാനം വഹിക്കുന്നവര്‍ക്ക് കുറുപ്പെന്നും പണിക്കരെന്നുമുള്ള പദവികള്‍ ഔദ്യോഗികമായി ലഭിക്കുന്നുണ്ട്. കോട്ടകള്‍ സംരക്ഷിച്ചിരുന്ന സൈനിക വിഭാഗങ്ങളുടെ പ്രമുഖ സ്ഥാനിക്ക് കുറുപ്പ് എന്ന പദവി ലഭിച്ചിരുന്നു. സൈനിക വൃത്തിയുമായി ബന്ധപ്പെട്ടിട്ടാണ് പണിക്കര്‍ സ്ഥാനവും നായര്‍ക്ക് ലഭിച്ചിട്ടുള്ളത്. കുലശേഖര ഭരണ വികേന്ദ്രീകരണത്തിനു ശേഷം നിലവില്‍വന്ന സ്വരൂപങ്ങള്‍ക്കു കീഴില്‍ ഉയര്‍ന്നുവന്ന നാട്ടു രാജാക്കന്മാരുടെയും നാടുവാഴികളുടെയും ഭരണ കാലത്ത് വ്യാപകമായി സ്ഥാപിക്കപ്പെട്ട കളരികളിലൂടെ പടനായകര്‍, സൈനിക പ്രമുഖ സ്ഥാനികള്‍ എന്നി നിലകളിലുണ്ടായിരുന്ന നായര്‍ സ്ഥാനികള്‍ അവരവരുടെ അധീനതയിലുണ്ടായിരുന്ന പ്രദേശങ്ങളില്‍ കളരികള്‍ സ്ഥാപിക്കുകയും അവരുമായി നേരിട്ടു സൈനികമായി ബന്ധമുള്ളവരെ കളരി പരിശീലിപ്പിക്കുകയും ചെയ്തുപോന്നു. ഈ അവസരത്തില്‍ അത്തരം കളരികള്‍ പരിപാലിച്ചുപോന്ന നാന്മാര്‍ സ്വയം കുറുപ്പ്, പണിക്കര്‍ എന്നി സ്ഥാനങ്ങള്‍ കളരി പരിശീലകര്‍ എന്ന നിലയില്‍ സ്വീകരിച്ചിട്ടുണ്ട്.
കേരളത്തിലെ പ്രമുഖ സ്വരൂപങ്ങളിലൊന്നായ സാമൂതിരി, 12-ാം നൂറ്റാണ്ടിനു ശേഷം തന്റെ പ്രബലത ഉയര്‍ത്തിക്കാണിച്ചിരുന്ന ഒന്നാണ് മാമാങ്കം. ഈ മഹോത്സവവുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖരിച്ച് എന്‍.എം. നമ്പൂതിരി മാമാങ്ക രേഖകള്‍ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ കളരികളെക്കുറിച്ചും കളരിപ്പണിക്കരെക്കുറിച്ചും അകമ്പടി സേവകരെക്കുറിച്ചും മറ്റും പറയുന്നുണ്ട്. അകമ്പടി ജനം കളരി അഭ്യാസികളും ചേരിക്കല്ലുകളിലെ തറകളില്‍ വസിക്കുന്നവരുമാണ്. ഓരോ ദേശത്തും കളരിയും തറക്കാരുമുണ്ട്. ഇവര്‍ അതാതു കളരിപ്പണിക്കരുടെയും പടനായകരുടെയും ചേരി2ക്കല്‍ സ്ഥാനികളുടെയും നേതൃത്വത്തില്‍ നിയമം കാക്കുന്നവരും ആവശ്യത്തിന് (യുദ്ധവും മറ്റു സന്ദര്‍ഭങ്ങളും) കൂട്ടം കുറിച്ച് എത്തുന്നവരുമാണ്. ഈ ചൂണ്ടികാട്ടല്‍ പടനായകരും കളരിപ്പണിക്കരും വ്യത്യസ്തരാണെന്നും ഇവരിരുവര്‍ക്കും കളരികളുണ്ടായിരുന്നുവെന്നും ചരിത്രപരമായി പ്രഖ്യാപിക്കുന്നു.
”നാല്പത്തീരടി നിലം വീതം നാടുതോറും കേരളത്തില്‍ കളരികള്‍ക്കായി ഉഴിഞ്ഞിട്ടിരുന്നു. നൂറ്റെട്ടു നാല്‍പ്പല്‍ത്തീരടി നിലങ്ങള്‍ക്ക് ആശായ്മസ്ഥാനം നിര്‍വ്വഹിച്ചിരുന്ന പണിക്കന്മരും കുറുപ്പന്മാരും കുടിവെച്ചിരുന്ന കാരണവന്മാര്‍ക്കും കുലദൈവങ്ങള്‍ക്കും കണക്കില്‍ കവിഞ്ഞു കുടിയിരുപ്പുകള്‍ ഏര്‍പ്പെടുത്തിയിരുന്നു.” രാമവര്‍മ്മ അപ്പന്‍ തമ്പുരാന്റെ ഭൂതരായര്‍ എന്ന ഗ്രന്ഥത്തില്‍ പഴയകാലങ്ങളില്‍ നാടുകള്‍ തോറും നിലനിന്നിരുന്ന കളരികളെക്കുറിച്ചും കളരികളിലെ കുലദൈവങ്ങളെക്കുറിച്ചും കളരിയുമായി ബന്ധപ്പെട്ട കുറുപ്പ്-പണിക്കര്‍ എന്ന കളരി ആചാര്യന്മാരെക്കുറിച്ചുമുള്ള ഒരു വാങ്മയ രേഖാ ചിത്രം വരച്ചു കാട്ടുന്നു.
ഐതിഹ്യപ്രകാരം സര്‍വ്വ ശാസ്ത്രങ്ങളിലും പ്രഗത്ഭരും ആയുധ പടുക്കളും കളരി ആചാര്യന്മാരും 64 കലാവിദ്യകളില്‍ നിപുണരുമായ നമ്പിമാരെ കൊണ്ടുവരുകയും ആചാര്യ സ്ഥാനം ഏല്‍പ്പിക്കുകയും കളരികള്‍ വ്യാപകമായി സ്ഥാപിക്കുകയൊ ഏറ്റെടുക്കുകയൊ ചെയ്യുകയും ചെയ്തതായി കാണുന്നു. ഈ നമ്പിമാരെക്കുറിച്ചുള്ള പരാമര്‍ശം പരശുരാമനും ബ്രാഹ്മണ ഗ്രാമ പ്രദേശങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് കേരളോല്‍പ്പത്തിയില്‍ 64 ബ്രാഹ്മണ ഗ്രാമങ്ങളില്‍പ്പെടാത്ത ശ്രേഷ്ഠരായ ആചാര്യന്മാര്‍ എന്ന നിലയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പെരുമ്പുഴക്കു തെക്കുഭാഗത്തേക്കു കൊണ്ടുവരപ്പെട്ട ആചാര്യന്മാര്‍ കേരളത്തിലെ പ്രഭുകുടുംബങ്ങളില്‍ നിന്നും പാണിഗ്രഹണം ചെയ്തു. ഈ ആചാര്യ വിഭാഗത്തിലെ സമുദായ സഭയില്‍ അമ്മത്താവഴിക്കു നിലനിന്നുപോന്ന പന്തിപരിഷയിലെ സഭ ആര്യര്‍ പൂര്‍വ്വീകരായ നമ്പിമാരെ പ്രതിനിധാനം ചെയ്തിരുന്നതായുള്ള വിശ്വാസം നിലനില്‍ക്കുന്നുണ്ട്.
കളരിയും കളരി വിദ്യകളും കളരി ആചാര്യന്മാരും മുഖ്യമായും പെരിയാറിനു വടക്കാണ് തുളുനാടന്‍ സമ്പ്രദായവുമായി ബന്ധപ്പെട്ട് നിജപ്പെട്ടിരുന്നത്. കായംകുളം രാജാക്കന്മാര്‍ വടക്ക് പ്രദേശങ്ങളില്‍ നിന്നും വിവിധ ആചാര്യന്മാരേയും പടുക്കളേയും പ്രഗത്ഭരേയും വിവിധവിഷയങ്ങളില്‍ പണ്ഡിതരേയും ആയുര്‍വേദ ശാസ്ത്രികളേയും കൊണ്ടുവന്നു കുടിയിരുത്തിയിട്ടുണ്ട്. കൊച്ചിക്കു തെക്ക് വേണാടികള്‍ തിരുവിതാംകൂര്‍ മഹാരാജാവായി ഉയര്‍ന്നപ്പോള്‍, ഉത്തര കേരളത്തില്‍ നിന്നും വിവിധ ആചാര്യന്മാരെ കൊണ്ടുവന്ന് അധിവസിപ്പിച്ച് വടക്കന്‍ സമ്പ്രദായത്തിന് തിരുവിതാംകൂറില്‍ പ്രചാരം നല്‍കിയിട്ടുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവിന്റെ ആയോധന ആചാര്യനായി നിയുക്തനായ കല്ലന്താറ്റ് ബ്രാഹ്മണനായിരുന്നു. വടക്കന്‍ സമ്പ്രദായത്തിനു പ്രചാരമേകുന്നതിന് സഹായകമായി ടിപ്പുവിന്റെ പടയോട്ടകാലത്ത് പല കളരിക്കാരും ബ്രാഹ്മണരും സവര്‍ണ്ണ പ്രമുഖരും തിരുവിതാംകൂറിലേക്ക് ആത്മ രക്ഷാര്‍ത്ഥം പലായനം ചെയ്തിട്ടുണ്ട്.
”ആശാന്‍ എന്നാല്‍ ഗുരുനാഥന്‍ എന്ന അര്‍ത്ഥത്തിലെ ആചാര്യ എന്ന സംസ്‌കൃത പദമാണ്. നായര്‍ക്കും ഈഴവര്‍ക്കും കായിക പരിശീലനവും ആയുധാഭ്യാസ രീതികളും മുന്‍കാലങ്ങളില്‍ അഭ്യസിപ്പിച്ചിരുന്നു. അത്തരം പരിശീലന കേന്ദ്രങ്ങളായ കളരികളുടെ ഭൗതികാവശിഷ്ടങ്ങള്‍, പരിശീലന സ്ഥലം എന്നിവ കളരി ആശാന്മാരുടെ വീടിനോടനുബന്ധിച്ചു ഇന്നും കാണാം.” തെന്നിന്ത്യയിലെ ജാതികളും ഗോത്രങ്ങളും എന്ന ഗ്രന്ഥത്തിന്റെ വോള്യം 2-ല്‍ കളരികളേയും കളരി ആശാന്മാരെയും ഇപ്രകാരമാണ് പരാമര്‍ശിച്ചിരിക്കുന്നത്.
”പ്രാചീന കേരളത്തിലെ വിദ്യാഭ്യാസ ഘടനയില്‍ ഒട്ടും അപ്രധാനമല്ലാത്ത സ്ഥാനം കായിക വിദ്യാഭ്യാസ കേന്ദ്രങ്ങളായ കളരികള്‍ക്കുണ്ടായിരുന്നു. കേരളത്തിന് തികച്ചും തനത് എന്നു അവകാശപ്പെടാവുന്ന ഒരു സ്ഥാപനമാണ് കളരി. ഓരോ ഗ്രാമത്തിലും ഓരോ കളരികാണും. പ്രാചീന സ്പാര്‍ട്ടാസിയിലെ യുവാക്കളെപ്പോലെ കേരളത്തിലെ ചെറുപ്പക്കാരും ബാല്യം മുതല്‍ക്കേ കായിക പരിശീലനം നടത്തുന്നതിനു കളരികളില്‍ പോയിരുന്നു. കളരിയിലെ ആശാനെ പണിക്കരെന്നോ കുറുപ്പെന്നോ ആണു വിളിക്കുക” എന്ന് ശ്രീധരമേനോന്റെ കേരള സംസ്‌കാരം എന്ന ചരിത്ര ഗ്രന്ഥത്തില്‍ പുറം 165ല്‍ കളരികളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
സര്‍വ്വ വിദ്യകളിലും കലകളിലും ശാസ്ത്രങ്ങളിലും ശാസ്ത്രവിദ്യകളിലെന്നപോലെ ആചാര്യന്മാരായിരുന്ന ഈ കളരി ആചാര്യന്മാര്‍ അവസരോചിതമായി ജ്യോതിഷവും ആയുര്‍വേദവും അക്ഷര വിദ്യാദാനവും കൈകാര്യം ചെയ്തിരുന്നു. ഇക്കാരണത്താല്‍ ഈ ജനവിഭാഗം ചരിത്രകാരന്മാരാല്‍ തെറ്റിദ്ധരിക്കപ്പെട്ട് മറ്റു പല ജനവിഭാഗങ്ങളോടു ചേര്‍ത്തു പറഞ്ഞിരുന്നു. ബൗദ്ധ സിദ്ധാന്തങ്ങളില്‍ ആകൃഷ്ടരായിരുന്ന ഈ ജനവിഭാഗത്തെ ഈഴവരുടെ ഒരു വിഭാഗമായും ജ്യോതിഷം കൈകാര്യം ചെയ്തിരുന്നതിനാല്‍ കേരളത്തിലെ പ്രാചീന ജ്യോതിഷ വിഭാഗമായ കണിയാന്റെ അവാന്തര വിഭാഗമായും പലരും പലപ്പോഴും വസ്തുതകള്‍ പരിശോധിക്കാതെ ചിത്രീകരിച്ചിട്ടുണ്ട്.
ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ പ്രബലാരായ രാജാക്കന്മാരുടെയും നാട്ടു രാജാക്കന്മാരുടെയും പടനായകന്മാരും സൈനിക പ്രമുഖരും കളരികള്‍ സ്ഥാപിക്കുകയും പരിപാലിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തുപോന്നു. ഈ അവസ്ഥ 12ാം നൂറ്റാണ്ടില്‍ നടന്ന കുലശേഖര ഭരണ അസ്തമനത്തിനു ശേഷം ഉയര്‍ന്നുവന്ന സ്വരൂപങ്ങളുടേയും നാടുവാഴികളുടേയും കാലഘട്ടിത്തിലാണ്. ഈ കാലഘട്ടത്തിലാണ് നായര്‍ എന്ന ജനവിഭാഗം പൂര്‍ണ്ണമായും പ്രബലരാകുന്നത്, തുടര്‍ന്ന് ഓരോ ദേശത്തും ഒന്നിലധികം ദേശപ്രമുഖരും ഭരണധാകാരികളും രൂപമെടുക്കുകയും ചെയ്യുന്നുണ്ട്. അത്തരത്തില്‍ ഉയര്‍ന്നുവന്ന സ്വരൂപങ്ങളില്‍ പ്രബലരായവരാണ് നെടിയിരിപ്പു സ്വരൂപം, പെരുമ്പടപ്പു സ്വരൂപം, വേണാടികള്‍ (തിരുവിതാംകൂര്‍) എന്നീ രാജസ്ഥാനങ്ങള്‍. ഈ പ്രബല രാജസ്ഥാനങ്ങള്‍ക്കു കീഴില്‍ സാമന്തരൊ ആശ്രിതരോ ആയ ഒട്ടനവധി ദേശവാഴികളും ദേശ പ്രമുഖരും കരപ്രമാണിമാരും ഉണ്ടായിരുന്നു. ഇവരില്‍ പലരും സ്വന്തം സൈനികരെ പരിപാലിച്ചിരുന്നു. ഈ കാലഘട്ടത്തോടെ കുറുപ്പ്, പണിക്കര്‍ എന്നിങ്ങനെയുള്ള സ്ഥാനപ്പേരുകളും കളരികളും വിവിധ ജനവിഭാഗങ്ങളില്‍ എത്തപ്പെടുന്നുണ്ട്. ഈ അവസ്ഥ ബ്രിട്ടീഷ് ഭരണം മൂര്‍ദ്ധന്യാവസ്ഥിയിലെത്തുന്നതുവരെ നീണ്ടു നിന്നു.
വടക്കന്‍ പാട്ടുകളിലെ തിയ്യരിലെ വീരനായകന്മാരുടെ കഥകള്‍ 15-ാം നൂറ്റാണ്ടോടെയാണ് ഉണ്ടാകുന്നത്. ഇതേ കാലഘട്ടത്തിലേതെന്നു പറയുവാന്‍ കഴിയുന്ന മധ്യതിരുവിതംകൂറില്‍ പുലയര്‍-പറയര്‍ എന്നിവര്‍ പാടിയിരുന്ന ഇടനാടന്‍ പാട്ടു വിഭാഗത്തിലെ ചെങ്ങന്നൂരാതി എന്ന വിരകഥാഗാനം. ഇതില്‍ 21 ആയോധന പടുക്കളായിരുന്ന ആതികളെക്കറിച്ചു പാടുന്നുണ്ട്. ഈ ആയുധ പടുക്കള്‍ അധഃകൃത ജനവിഭാഗങ്ങളില്‍പ്പെട്ടവരായിരുന്നു എന്നത് ഈ ലേഖനത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു. സംഘകാലത്ത് മുന്നണി പടയാളികളായിരുന്ന, പില്‍ക്കലങ്ങളില്‍ ചരിത്രത്തില്‍ ഒഴിവാക്കപ്പെട്ട മറവര്‍ എന്ന ആദികാല തിണവാസികള്‍ തിരുവിതാംകൂര്‍ മഹാരാജാവായ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് വീണ്ടും പടയാളികളായി സേവനം നല്‍കുന്നുണ്ട്.
15-ാം നൂറ്റാണ്ടു മുതല്‍ 18ാം നൂറ്റാണ്ടിന്റെ അന്ത്യചരണങ്ങള്‍വരെയുളള കാലഘട്ടങ്ങളില്‍ കളരിയും കളരിവിദ്യകളും തദ്ദേശിയ ആയുധങ്ങളുടെ ഉപയോഗവും ലോപിക്കുന്നതായി കാണാം. അതിനു കാരണമായി ചൂണ്ടികാണിക്കുന്നത്, പാശ്ചാത്യരുടെ കടന്നവരവും ആധുനികവല്‍ക്കണവും പാശ്ചാത്യപരിഷ്‌കാരങ്ങളും ടിപ്പുവിന്റെ പടയോട്ടവും ബ്രിട്ടീഷ് സര്‍ക്കാരിന്റെ കളരികള്‍ക്കു മേലേ ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത പ്രബലമായ നിയമങ്ങളുമായിരന്നു.
സ്രോതസ്സുകള്‍:
(1) ആര്യന്മാരുടെ കുടിയേറ്റം (കേരളത്തില്‍) – കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്,
(2)ഭൂതരായര്‍ – രാമവര്‍മ്മ അപ്പന്‍ തമ്പുരാന്‍.
(3) കേരള ചരിത്രം കളരിയും കലാരൂപങ്ങളും – മുകുന്ദന്‍ കുറുപ്പ്.
(4) കൊച്ചി രാജ്യ ചരിത്രം , പത്മനാഭ മേനോന്‍.
(5)കളരിപ്പയറ്റ് വിജ്ഞാനകോശം,എസ്.ആര്‍.ഡി. പ്രസാദ്.
(6) കേരള സംസ്‌കാര ചരിത്രം ബ്രാഹ്മണ ഗ്രാമങ്ങളിലൂടെ -മുകുന്ദന്‍ കുറുപ്പ്,
(7) പൈതൃകം, സമ്പാദകന്‍ – മുകുന്ദന്‍ കുറുപ്പ്.
(8) ചാല്‍ത്തിരാങ്കം, സി.കെ. നമ്പൂതിരി,
(9)സംഘക്കളി-രാമവര്‍മ്മ അപ്പന്‍ തമ്പുരാന്‍.
(10)കേരള ചരിത്രം.