പാപ്പാരം പാടത്തെ മണ്ണു വിളിക്കുന്നു,
നാട്ടാരിങ്ങനെ കേള്‍ക്കുന്നു:
”ഭൂമീ ഭഗവതീ രോമാഞ്ചം
പൂവായീ, കതിരായി, നല്ല തഞ്ചം,
മഴപെയ്തു മണ്ണിന്റെ ദാഹം നിന്നേ
മയില വിതക്കേണ്ടും കാലമായേ
ചമ്പാവാണെങ്കിലും ചന്തമാണേ,
കുഞ്ഞിന്‍ ചിരിപ്പാടു പോലെയാണേ
മണ്ടമുളച്ചതു മകരവിത്തില്‍.
കൊമ്പന്‍കാള, കലപ്പയാളും
കണ്ടം മുഴുവനും ചാലുകീറി-
പെണ്ണുങ്ങള്‍ കൈക്കുമ്പിള്‍ നീട്ടുന്നൂ
നൂര്‍ന്നും കുനിഞ്ഞും നടക്കുന്നൂ
നടത്തേടെ താളത്തില്‍ വര്‍ത്താനം
”നന്നേ കുനിയെടീ നാണിപ്പെണ്ണേ
പത്തോളം വിത്താണു തൂകേണ്ടു കുഞ്ഞേ
ഒത്തിരി വീഴാതെ, ഒരുപോലെ തള്ളേ
അകലത്തിലരമുഴം കൂടൊല്ലെ പിള്ളേ
തണലത്തു നൂര്‍ന്നൊന്നു നിന്നോളിന്‍ അമ്മേ!”
ചാലിലേ വീഴുന്ന ചമ്പാവ്
പാഴായിപ്പോവാതിരിക്കാന്,
തോര്‍ത്തുതലേന്നൊന്നെടുത്തിട്ടേ
തൊഴുതു വണങ്ങെടീ കല്യാണി!
ഭൂദേവി തന്റെ പ്രസാദമല്ലോ
പൂവായി, പ്രാവായി, വരണല്ലോ!
ഇറ്റിറ്റു തുള്ളിക്കാന്‍ ഈറന്‍ മേഘം
തറ്റുടുത്തെത്തീ കിഴക്കൂന്ന്
തുള്ളിക്കു തുള്ളിയായ് വീഴ്ത്താനേ
തുടങ്ങുന്നു കാറ്റു വടക്കൂന്ന്-
വിത്തു മുളപൊട്ടിപ്പൊങ്ങുന്നേരം
പച്ചക്കല്‍ ഞാത്താണലങ്കാരം
കാറ്റിന്റെ തൊട്ടിലില്‍ ചാഞ്ചാടാന്‍
പാടു പാട്ടൂ നമുക്കേറ്റുപാടാന്‍.
II
അയ്യോ പാപ്പാരം പാടത്തു പോച്ച!
വയ്യേ നാടു വെറുങ്ങലിച്ചേ!
പാര്‍ട്ടികള്‍ പാടത്തെ പങ്കുവെച്ചു
തോല്പിക്കാന്‍ തമ്മില്‍ വിഷം പകര്‍ന്നു.
പാടം പാപ്പരായ്, വരമ്പൊക്കെ മുട്ടന്‍,
തലയാണ്. നെല്ലല്ല, കൊയ്‌തെടുക്കാന്‍!
വിത്തുവിതച്ച പെണ്‍ കൈകളെല്ലാം
പട്ടണത്തില്‍പ്പണം എണ്ണുന്നൂ
കലപ്പ പിടിച്ചവര്‍ ആണുങ്ങള്‍
കഴുത്തുഞെരിക്കാന്‍ പഠിക്കുന്നൂ
കലപ്പ വലിച്ചവന്‍ കാളക്കൂറ്റന്‍
കഷണമായ് ഹോട്ടലില്‍ മേശ പറ്റി.
ചാലു മൂടേണ്ടുന്ന തടയടികള്‍
ഏനത്തില്‍ കയ്യില്‍ അടിതടയായ്
പഴമുറം പോയതു പിച്ചതെണ്ടാന്‍
പാക്കനാര്‍ കണ്ടതു പകല്‍ സിനിമ!
അയവെട്ടാനില്ലാതെ പൈക്കിടാങ്ങള്‍
തലതാഴ്ത്തി തഞ്ചത്തില്‍ വായടച്ചു.
പാപ്പാരം പാടം കണ്ണുനീരില്‍
പൊയ്‌പോയ കാലത്തെ ചാലിച്ചു.
III
ചിലരൊക്കെ സ്വപ്നത്തില്‍ കാണുന്നൂ
കളപറിക്കാനെത്തും കൗതുകങ്ങള്‍
കുണുങ്ങുന്ന കതിരിന്റെ കാപ്പണിഞ്ഞ്
കിളികളെ വിളിക്കുന്ന വയല്‍ വരമ്പ്.
അമ്പിളിക്കീറുപോല്‍ അരിവാളുമേന്തി
ആകാശം കൊയ്യുന്ന നക്ഷത്രം
പായയില്‍ പുതുനെല്ലു ചിക്കുമ്പോള്‍
പാട്ടൊന്നു മൂളുന്ന മുത്തശ്ശി.
താവല്‍ത്തരങ്ങഴി പാറ്റുമ്പോള്‍
താളം പിടിക്കുന്ന വല്യഛന്‍.
പുത്തരിച്ചോറിന്റെ കഞ്ഞിവെള്ളം
മൊത്തുമ്പോള്‍ പൊങ്ങുന്നൊരേമ്പക്കം.
ആരുകൊണ്ടേറേച്ചുവന്നുപോയ
ആരോമലാളുടെ കാലിന്മേല്‍
കയ്യാല്‍ത്തടവി എണീല്പിക്കെ
കാണുന്നോര്‍ പറയുന്ന പയ്യാരം.
”കണ്ണൊന്നു വേണം കാലേലും”
പെണ്ണാളൊടങ്ങോരു ചൊല്ലുമ്പോള്‍
”എല്ലാടത്തേക്കുമക്കണ്ണു ചെന്നാല്‍
കൊള്ളാം’ എന്നോതുന്നു മറ്റൊരാള്.
IV
സ്വപ്നം തകര്‍ക്കുന്ന സൈറണ്‍വിളി
ഞെട്ടിച്ചുണര്‍ത്തുന്ന പൊട്ടന്‍കളി!
കമ്പനിക്കാര്‍ പലേ വമ്പന്മാര്‍
കച്ചോടമാക്കീ പാപ്പാരം
കാശാക്കിമാറ്റീ നെല്പാടം!
ചത്തു വീഴുന്നതു പാപ്പാരം-
പുത്തന്‍ യുഗത്തിന്റെ ശംഖൂത്ത്
ക്ഷേത്രം നമുക്കിനി വ്യാപാരം
ചേട്ടേടെ കയ്യിലാണൈശ്വര്യം!
കമ്പനിയെന്നൊരു മദയാന
കൊമ്പില്‍ കോര്‍ക്കുന്ന കുന്ത്രാണ്ടം
കൊണ്ടും സഹിച്ചും ഇതെന്തു പാട്
പണ്ടത്തെ പാപ്പാരം നെല്പാടം!
‘എത്താന്‍ നേരം’ എന്നോര്‍മിപ്പൂ
ചെയ്ത്താന്റെ ശംഖുവിളി വീണ്ടും!
കണ്ടോട്ടെ സ്വപ്നത്തില്‍ പാവങ്ങള്‍
പണ്ടത്തെ പാപ്പാരം നെല്പാടം!