കൊറോണ എന്ന മഹാമാരിയുടെ സംഹാരതാണ്ഡവത്തിനിടയില്‍ ജൂണ്‍ ഒന്നിന് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനില്‍ പഠനത്തോടെ വിദ്യാലയവര്‍ഷം ആരംഭിച്ചു. അന്ന് വൈകീട്ട് കേരളം കേട്ടവാര്‍ത്ത സാക്ഷര കേരളത്തിന് അപമാനമുണ്ടാക്കുന്നതും മനസ്സാക്ഷിയെ ഞെട്ടിക്കുന്നതും ആയിരുന്നു.
മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് ഇരിമ്പിളിയം മങ്കേരിതിരുനിലത്ത് ബാലകൃഷ്ണന്റെയും ഷീബയുടെയും മൂത്തമകള്‍ ദേവിക എന്ന ഒമ്പതാം ക്ലാസുകാരി സ്‌കൂള്‍ തുറക്കുന്നദിവസംതന്നെ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിന്റെ മനഃപ്രയാസത്തില്‍ വീടിനടുത്ത് തീകൊളുത്തി ആത്മഹത്യ ചെയ്തു. അന്നുരാവിലെ മുതല്‍ തന്നെ അമ്മയോട് അവള്‍ ഈ കാര്യം സൂചിപ്പിച്ചിരുന്നു. വീട്ടില്‍ ഉണ്ടായിരുന്ന ടി.വി. കേടായിരുന്നു. ലോക്ഡൗണ്‍ കാരണം മൂന്ന് മാസത്തോളമായി ജോലിക്കു പോകാന്‍ കഴിയാതിരുന്ന ബാലകൃഷ്ണന്റെ കൈവശം ടി.വി. റിപ്പയര്‍ ചെയ്യാനുള്ള പണവും ഇല്ലായിരുന്നു. സ്മാര്‍ട്ട്‌ഫോണോ, ഇന്റര്‍നെറ്റ് സംവിധാനമോ ഇല്ലായിരുന്നു. പാവപ്പെട്ട ഹരിജന്‍ കുടുംബമായ ബാലകൃഷ്ണന് ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ലായിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ വഴിയുണ്ടാക്കാം എന്ന് പറഞ്ഞ് അവളെ അച്ഛനും അമ്മയും സമാധാനിപ്പിച്ചിരുന്നു.
എന്നാല്‍ പഠനത്തില്‍ മിടുക്കിയായിരുന്ന ദേവികയ്ക്ക് തന്റെ സഹപാഠികള്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്ത് മുന്നോട്ടു പോവുമ്പോള്‍ താന്‍ പിന്തള്ളപ്പെട്ടുപോകുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. പഠിത്തം നിന്നുപോകുമോ എന്നും അവള്‍ ഭയപ്പെട്ടിരുന്നു. ഇരിമ്പിളിയം ഗവ. ഹൈസ്‌കൂളിലാണ് അവള്‍ പഠിച്ചിരുന്നത്. പണി തീരാത്ത സിമന്റ് തേക്കാത്ത ചെറിയ വീട്ടിനുള്ളില്‍ ദേവികയടക്കം 4 മക്കളുള്ള ബാലകൃഷ്ണന്റെ കുടുംബം വീര്‍പ്പുമുട്ടുകയായിരുന്നു. ഒരു പഠനമുറിപോലും ഉണ്ടായിരുന്നില്ല ദേവികയ്ക്ക്. അത് ഒരുക്കാനുള്ള സാമ്പത്തികശേഷി ആ കുടുംബത്തിനില്ലായിരുന്നു. അന്ന് ഉച്ചയ്ക്ക് ശേഷം എല്ലാവരോടും കുശലം പറഞ്ഞ അവളുടെ മനസ്സില്‍ മരണത്തെക്കുറിച്ചുള്ള ചിന്തയുണ്ടായിരുന്നു എന്ന് അച്ഛനമ്മമാര്‍ക്കും സഹോദരിമാര്‍ക്കും മനസ്സിലായിരുന്നില്ല. രാവിലെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ അസ്വസ്ഥതയുമായി നടന്നിരുന്ന അവള്‍ 4 മണിയോടെ വീടിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ വീട്ടിലേക്ക് മണ്ണെണ്ണയും അച്ഛന്‍ ഉപയോഗിക്കുന്ന സിഗരറ്റ് ലാമ്പുമായി പുറപ്പെട്ടു.
ആ ഒഴിഞ്ഞ വീടിനടുത്ത് വച്ച് അവള്‍ തന്റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു. സ്വയം തീകൊളുത്തി വെന്തു മരിച്ചു. അവളെ കാണാഞ്ഞ് അച്ഛനമ്മമാര്‍ തിരഞ്ഞ് കണ്ടെത്തുമ്പോഴേക്കും അവളുടെ ശരീരം കത്തിക്കരിഞ്ഞിരുന്നു. സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ‘ഞാന്‍ പോകുന്നു’ എന്നു മാത്രം എഴുതിവെച്ച് വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി അവള്‍, ഒരുപാട് ചോദ്യങ്ങള്‍ ബാക്കിയാക്കിക്കൊണ്ട്.
പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് മൃതശരീരം വീട്ടില്‍ എത്തുന്നതിന് മുമ്പ് ഈ ലേഖകനും സഹപ്രവര്‍ത്തകരും അവരുടെ വീട്ടിലെത്തി. ഒരു ഗ്രാമപ്രദേശം. ചെറിയ കുന്നിന്‍ മുകളിലാണ് വീട്. ദുഃഖം തളം കെട്ടിനില്‍ക്കുന്നു. നാട്ടുകാരും ബന്ധുക്കളും മാധ്യമപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും വന്നുകൊണ്ടിരിക്കുന്നു. പൂമുഖത്തിരുന്നിരുന്ന അച്ഛന്‍ വിതുമ്പുന്നുണ്ടായിരുന്നു. എങ്കിലും അവളെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു. അമ്മയും സഹോദരങ്ങളും അകത്ത് കരഞ്ഞ് തളര്‍ന്നിരിക്കുന്നു. വിതുമ്പിക്കൊണ്ട് അച്ഛന്‍ പറഞ്ഞു ”സര്‍ക്കാര്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുമ്പോള്‍ ഞങ്ങളെപ്പോലെയുള്ള പാവങ്ങളെ കൂടി ഓര്‍ക്കണമായിരുന്നു.” ആ വാക്കുകളില്‍ എല്ലാം അടങ്ങിയിട്ടുണ്ട്.
ദേവികയുടെ മരണം ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതാണ്. സര്‍ക്കാരിന്റെ അനാസ്ഥയും വികലമായ വിദ്യാഭ്യാസ നയവുമാണ് ദേവികയുടെ മരണത്തിലേക്ക് നയിച്ചത്. ഇതില്‍ ഒന്നാം പ്രതി വിദ്യാഭ്യാസവകുപ്പാണ്. കൊറോണകാലവും ലോക്ക് ഡൗണുമായതിനാല്‍ ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കാനും കുട്ടികള്‍ക്ക് സ്‌കൂളില്‍ വരാനും കഴിയില്ല എന്ന് സര്‍ക്കാറിന് നേരത്തെ അറിയാം. രണ്ടാഴ്ച മുമ്പ് തന്നെ വീടുകളില്‍ ടി.വി.യോ, സ്മാര്‍ട്ട്‌ഫോണോ, ഇന്റര്‍നെറ്റ് സൗകര്യമോ ഇല്ലാത്തവരുടെ കണക്ക് വിദ്യാഭ്യാസ വകുപ്പ് എടുത്തിരുന്നു. രണ്ടേ മുക്കാല്‍ ലക്ഷത്തോളം പേര്‍ ഇങ്ങനെ ഉണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. പക്ഷെ ഈ കണക്ക് ശരിയല്ല. ആകെയുള്ള 45 ലക്ഷത്തോളം കുട്ടികളില്‍ മലയോര, ദളിത്, പിന്നാക്കമേഖലകളിലായി അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ ഈ സൗകര്യം ഇല്ലാത്തവരായി ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ജൂണ്‍ ഒന്നിന് തന്നെ വിക്‌ടേര്‍സ് ചാനലിലൂടെ ക്ലാസ് തുടങ്ങാന്‍ മത്സരബുദ്ധിയോടെ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. മുന്‍പ് സാധാരണ സാഹചര്യത്തില്‍ തന്നെ പല വര്‍ഷങ്ങളിലും ജൂണ്‍ ഒന്നിന് ക്ലാസ് തുടങ്ങിയിട്ടില്ല എന്ന വസ്തുതയും ഓര്‍ക്കേണ്ടതാണ്.
പക്ഷെ മേല്‍പ്പറഞ്ഞ സൗകര്യങ്ങള്‍ ഇല്ലാത്ത വീടുകളില്‍ ഈ സൗകര്യങ്ങള്‍ ഒരുക്കാനോ ബദല്‍ സംവിധാനം ഒരുക്കാനോ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നോ, വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്നോ യാതൊരു ശ്രമവും ഉണ്ടായില്ല. അതിന് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമായിരുന്നു. 45 ലക്ഷത്തോളം കുട്ടികള്‍ പഠിക്കുന്ന പൊതുവിദ്യാഭ്യാസമേഖലയില്‍ ഭൂരിപക്ഷവും പാവപ്പെട്ടവരാണ്. അവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പകരം പണക്കാര്‍ മാത്രം പഠിച്ചാല്‍ മതി എന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തത്. ”പണമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ പഠനം, പാവപ്പെട്ടവര്‍ക്ക് പഠനനിഷേധം” ഇതായിരുന്നു സര്‍ക്കാര്‍ നിലപാട്. ഈ നിലപാടിന്റെ രക്തസാക്ഷിയാണ് ദേവിക. ഈ സംഭവം നടന്നത് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി. ജലീലിന്റെ വീട്ടില്‍ നിന്നും വിളിപ്പാടകലെയാണ് എന്നുള്ളത് ഇതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
ദേവികയ്ക്കും കുടുംബത്തിനും നിരവധി അവകാശങ്ങളാണ് നിഷേധിക്കപ്പെട്ടിട്ടുള്ളത്. പതിനാല് വയസ്സുവരെ എല്ലാ കുട്ടികള്‍ക്കും സാര്‍വ്വത്രികവും സൗജന്യവുമായ വിദ്യാഭ്യാസം ലഭിക്കേണ്ടത് ഭരണഘടന അനുസരിച്ച് പൗരന്റെ മൗലികാവകാശമാണ്. അത് ദേവികയ്ക്ക് നിഷേധിക്കപ്പെട്ടു. തുല്യതയ്ക്കുള്ള അവകാശവും നിഷേധിക്കപ്പെട്ടു. ബാലാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു. 2009 മുതല്‍ വിദ്യാഭ്യാസം മൗലിക അവകാശമാണ്. എസ്.എസ്.എ വഴി പാവപ്പെട്ട ഹരിജന്‍ കുട്ടികള്‍ക്ക് വീടുകളില്‍ പഠനമുറി സൗകര്യം ഒരുക്കുന്നതിന് രണ്ട് ലക്ഷം രൂപ വരെ നല്‍കുന്നുണ്ട്. ദേവികയുടെ കുടുംബത്തിന് ഈ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടില്ല. മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെട്ടിരിക്കുന്നു. കടുത്ത നീതിനിഷേധമാണ് ഇവിടെ നടന്നിരിക്കുന്നത്. സുരക്ഷിതമായി അന്തിയുറങ്ങാനുള്ള ഒരു നല്ല വീട് പോലും അവള്‍ക്ക് നിര്‍മ്മിച്ച് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. കേരളത്തിലെ ദളിത് കുടുംബങ്ങളോടുള്ള സര്‍ക്കാരിന്റെ അവഗണനയുടെ നേര്‍ സാക്ഷ്യമാണ് ദേവികയും കുടുംബവും. ഈ മരണം സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
കൊറോണയുടെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ തുറക്കുന്ന സമയത്ത് ഇതുവരെ പരിചയമില്ലാത്ത ഓണ്‍ലൈന്‍ ക്ലാസിലേക്ക് കടക്കുന്നതിന് മുമ്പ് രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും കൗണ്‍സിലിംഗ് നല്‍കുകയായിരുന്നു സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത്. അതിന് പകരം ജൂണ്‍ ഒന്നിന് തന്നെ പഠനം തുടങ്ങി എന്ന് മേനി നടിക്കാന്‍ സര്‍ക്കാര്‍ മുന്നൊരുക്കങ്ങളില്ലാതെ ധൃതിപിടിച്ച് ഓണ്‍ലൈന്‍ പഠനം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഒരു വിദ്യാര്‍ത്ഥിനിയുടെ സ്വപ്‌നങ്ങളും ഒരു കുടുംബത്തിന്റെ പ്രതീക്ഷകളുമാണ് സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് തകര്‍ന്നടിഞ്ഞത്.
ഇതിലൂടെ സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്ത് തുല്യതയ്ക്ക് പകരം രണ്ട് തരം പൗരന്മാരെ സൃഷ്ടിച്ചു. ടി.വിയും സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റ് സൗകര്യവുമുള്ളവരുടെ മക്കള്‍ക്ക് പഠിക്കാന്‍ അവസരം നല്‍കുകയും ഈ സൗകര്യങ്ങള്‍ ഇല്ലാത്ത പാവപ്പെട്ടവരുടെ മക്കള്‍ പഠിക്കണ്ട എന്നും പറയാതെ പറയുകയായിരുന്നു സര്‍ക്കാര്‍ ചെയ്തത്.
ഇത്തരം ഒരു സാഹചര്യം മുന്നില്‍ക്കണ്ട് ഇതിന് പരിഹാരം കാണുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. ഈ സൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ക്ക്, സന്നദ്ധസംഘടനകള്‍ വഴിയും, പഞ്ചായത്ത് വഴിയും സര്‍ക്കാര്‍ നേരിട്ടും, ടി.വിയും ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണും നല്‍കണമായിരുന്നു. അല്ലെങ്കില്‍ ഇത്തരം കുട്ടികളുടെ വീടിനോട് ചേര്‍ന്ന് ആ ഗ്രാമങ്ങളിലെ അദ്ധ്യാപകരെയും വിദ്യാസമ്പന്നരെയും പ്രയോജനപ്പെടുത്തി അയല്‍പക്കവിദ്യാലയം, വീടേവിദ്യാലയം തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കണമായിരുന്നു. ഇതിന് പകരം സര്‍ക്കാര്‍ എല്ലാം പഞ്ചായത്തുകളുടെയും വിദ്യാലയ അധികൃതരുടെയും തലയില്‍ കെട്ടിവെക്കുകയായിരുന്നു. സര്‍ക്കാരിന്റെ കോടികളുടെ ധൂര്‍ത്ത് അവസാനിപ്പിച്ചും കേന്ദ്രം എസ്.എസ്.എ വഴി നല്‍കുന്ന ഫണ്ടുകള്‍ വേണ്ട രീതിയില്‍ ഉപയോഗിച്ചും സര്‍ക്കാര്‍ തന്നെ കുട്ടികള്‍ക്ക് ഈ സൗകര്യങ്ങള്‍ ഒരുക്കണമായിരുന്നു. സര്‍ക്കാരിന്റെ പണം മുഴുവന്‍ മന്ത്രിമാരും പി.എമാരും, മരുന്നിനും തോര്‍ത്തിനും കണ്ണടക്കും ഉപയോഗിച്ച് ധൂര്‍ത്തടിക്കുന്നതിന് പകരം ഈ കാര്യത്തിന് പ്രയോജനപ്പെടുത്തിയിരുന്നുവെങ്കില്‍ ദേവിക ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നു.
കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവമുണ്ടായിട്ടും ഈ ലേഖനം എഴുതുന്ന സമയംവരെയും ദേവിഉള്‍പ്പെടുന്ന മണ്ഡലത്തിന്റെ എം.എല്‍.എ കൂടിയായ ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലോ, വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥോ ഈ വീട് സന്ദര്‍ശിക്കാന്‍ ശ്രമിച്ചിട്ടില്ല. എന്തിന് കുടുംബത്തിന് സാമ്പത്തിക സഹായം പോലും ഈ സമയംവരെ പ്രഖ്യാപിച്ചിട്ടില്ല. ഉത്തരേന്ത്യയില്‍ ട്രെയിനില്‍ സീറ്റ് തര്‍ക്കം മൂലം കൊല്ലപ്പെട്ട ജുനൈദിന് പത്ത്‌ലക്ഷം രൂപ അവിടെ കൊണ്ടുപോയി നല്‍കിയ സര്‍ക്കാര്‍, സര്‍ക്കാരിന്റെ തന്നെ അനാസ്ഥമൂലം മരണപ്പെട്ട ദേവികയുടെ കുടുംബത്തിന് സഹായം പ്രഖ്യാപിക്കാനോ, നല്ല ഒരു വീട് നിര്‍മ്മിച്ചു നല്‍കാനോ, കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കാനോ തയ്യാറായിട്ടില്ല. ഇതെല്ലാം സൂചിപ്പിക്കുന്നത് പിണറായി സര്‍ക്കാരിന്റെ ദളിതരോടുള്ള സമീപനത്തിലെ ഇരട്ടത്താപ്പാണ്.
ഉത്തരേന്ത്യയില്‍ പനിപിടിച്ച് മരിച്ചാലും അതിന്‌മോദിയാണ് ഉത്തരവാദി എന്ന് പറഞ്ഞ് പ്രതികരിക്കുന്ന കേരളത്തിലെ സാംസ്‌കാരിക നായകന്‍മാര്‍ എന്നവകാശപ്പെടുന്നവരുടെ മൗനവും പ്രതിഷേധാര്‍ഹമാണ്. പാവപ്പെട്ട ഒരു ദളിത് പെണ്‍കുട്ടി സര്‍ക്കാരിന്റെ അനാസ്ഥകൊണ്ട് ആത്മഹത്യ ചെയ്തിട്ടും പ്രതികരിക്കാത്ത സാംസ്‌കാരിക നായകര്‍ പിണറായി സര്‍ക്കാരിന് കുഴലൂതുകയാണ്. ഈ സംഭവത്തില്‍ കേന്ദ്രമനുഷ്യാവകാശകമ്മീഷന്‍, കേന്ദ്രബാലാവകാശ കമ്മീഷന്‍, മാനവവിഭവശേഷി മന്ത്രാലയം, പട്ടികജാതി ദേശീയകമ്മീഷന്‍ എന്നിവ ഇടപെടണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പധികൃതര്‍ സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ല എന്ന രീതിയിലാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. ഈ വിഷയത്തില്‍ ഒന്നാം പ്രതി സര്‍ക്കാരും രണ്ടാം പ്രതി വിദ്യാഭ്യാസവകുപ്പുമാണ്. പലരംഗത്തും നമ്പര്‍വണ്‍ എന്നവകാശപ്പടുന്ന കേരളസര്‍ക്കാരിന്റെ അവകാശവാദങ്ങളുടെ പൊള്ളത്തരങ്ങള്‍ വെളിപ്പെടുത്തുന്നതുകൂടിയാണ് ഈ സംഭവം.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടാവണം. ഇനിയും ദേവികമാര്‍ ഉണ്ടായിക്കൂടാ. ദേവികയുടെ അച്ഛന്‍ പറഞ്ഞ വാക്കുകള്‍, ”എനിക്ക് മകളെ നഷ്ടപ്പെട്ടു. ഇനിയൊരച്ഛനും ഇതുപോലെ സംഭവിക്കരുത് എന്നായിരുന്നു.” വിദ്യാഭ്യാസമൊന്നും നേടിയിട്ടില്ലെങ്കിലും ആ അച്ഛന്റെ വാക്കുകള്‍ സാംസ്‌കാരിക കേരളവും ഭരണകൂടവും ചെവിക്കൊള്ളണം. അല്ലെങ്കില്‍ ഇനിയും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കും. ദേവികയുടെ മരണം അവസാനത്തെതാകട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. ദേവികയുടെ സ്മരണയ്ക്ക് മുന്നില്‍ പ്രണാമം.