ദേവീ നഗരത്തിലെ അഭയാര്‍ത്ഥികള്‍
കെ.ആര്‍.സുരേന്ദ്രന്‍
ഭാഷ, തൃശൂര്‍
പേജ്: 232 വില: 250 രൂപ
ഭാരതത്തിന്റെ എല്ലാഭാഗങ്ങളില്‍ നിന്നും വിദേശത്തു നിന്നുപോലും മുംബൈയിലെത്തുന്നവരുടെ എണ്ണം അസംഖ്യമാണ്. ഉപജീവനമാര്‍ഗ്ഗം തേടിയെത്തുന്നവരാണ് അവരിലേറെയും. അതില്‍ മലയാളികളുടെ എണ്ണവും ഒട്ടുംകുറവല്ല. എല്ലാവര്‍ ക്കും അഭയമരുളുകയാണ് മുംബൈദേവി. ആശ്രിതരായെത്തുന്നവര്‍ക്ക് അത്താണിയായി അമ്മ മക്കളെയെന്ന പോലെ അവരെ ഏറ്റുവാങ്ങുന്നു. വിശപ്പും നിലനില്‍പ്പുമാണ് ഇക്കൂട്ടരുടെ പ്രധാന വെല്ലുവിളി. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ വഴിതെറ്റുന്നവരെക്കുറിച്ച് മുംബൈദേവി ദുഃഖിക്കുന്നു. സ്വന്തം അസ്തിത്വത്തെപ്പോലും വിസ്മൃതിയിലാക്കുന്ന സാഹചര്യംപോലും വന്നുചേരുന്നു. വ്യത്യസ്ത യാത്രാപഥത്തിലൂടെ മുന്നോട്ടു നീങ്ങുന്ന ഒരുവിഭാഗം മനുഷ്യരുടെ ജീവിതത്തിന്റെ നേര്‍ ക്കാഴ്ചയൊരുക്കുകയാണ്, ഏറെക്കാലം മുംബൈയില്‍ കഴിഞ്ഞ കെ.ആര്‍.സുരേന്ദ്രന്‍ ‘ദേവീനഗരത്തിലെ അഭയാര്‍ത്ഥികള്‍’ എന്ന നോവലിലൂടെ. ജീവിതത്തിന്റെ നാല്‍ക്കവലകളില്‍ പകച്ചുനില്‍ക്കുന്ന ഒരുകൂട്ടം മലയാളി ചെറുപ്പക്കാരുടെ കഥയാണിത്. സുദീര്‍ഘമായ ജീവിതയാത്രയി ലെ ചില അനര്‍ഘനിമിഷങ്ങള്‍ അയവിറക്കാന്‍ ഈ നോവല്‍ ഒരു നിമിത്തമായി തീരട്ടെ.
ചെങ്കു: ഓര്‍മ്മപ്പുസ്തകം
എഡിറ്റര്‍ : വി.ജി. തമ്പി,
ഡോ.സി.ബി. മോഹന്‍ദാസ്
കറന്റ് ബുക്‌സ്, തൃശൂര്‍
പേജ്: 230 വില: 350 രൂപ
ഏറ്റവും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങള്‍ പോലും സ്‌നേഹപൂര്‍വ്വം ‘ചെങ്കു’, ‘ചെങ്കുട്ടന്‍’ എന്നു വിളിക്കുന്ന ആര്‍. ലക്ഷ്മണന്‍ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലാണ് ജനിച്ചതെങ്കിലും ശിഷ്ടജീവിതം തൃശ്ശൂരിലാണ് ചെലവഴിച്ചത്. തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന ലക്ഷ്മണന്‍ നല്ലൊരു സാഹിത്യകാരനും സഹൃദയനും സ്‌നേഹസമ്പന്നനായ സുഹൃത്തുമായിരുന്നു. യുക്തിവാദിയായ ഒരു സ്വപ്നാടകന്‍ എന്ന് സ്വയം വിശ്വസിക്കുന്ന അദ്ദേഹത്തിനുള്ളിലും ഒരാത്മീയ സ്ഫു ലിംഗം ജ്വലിച്ചിരുന്നുവെന്ന് ഏറ്റവും അടുപ്പമുള്ളവര്‍ വിശ്വസിക്കുന്നു. ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങാത്ത പ്രകൃതമായിരുന്നുവെങ്കിലും ഊഷ്മളമായ കുടുംബബന്ധങ്ങള്‍ ചെങ്കു എന്ന ലക്ഷ്മണന്റെ ഊര്‍ജ്ജസംഭരണിയായിരുന്നു. ഉറ്റസ്‌നേഹിതന്റെ വേര്‍പാടില്‍ സഹപ്രവര്‍ത്തകരും ശിഷ്യരും ഗുരുസ്ഥാനീയരുമായ സുഹൃത്തുക്കള്‍ ലക്ഷ്മണനുമായിട്ടുള്ള ആത്മബന്ധത്തെ അനുസ്മരിച്ചു കൊണ്ടെഴുതിയ ഏതാനും ലേഖനങ്ങളുടെ സമാഹാരമാണ് ‘ചെങ്കു’ എന്ന ഓര്‍മ്മപ്പുസ്തകം. സഹധര്‍മ്മിണിയായ ഉമാദേവി ഭര്‍ത്തൃവിയോഗത്തിന്റെ ആത്മനൊമ്പരത്തിനിടയിലും കുത്തിക്കുറിച്ച ഹൃദയസ്പര്‍ ശിയായ വരികളാണ് ഈ ഓര്‍മ്മപ്പുസ്തകത്തെ അമൂല്യമാക്കുന്നത്.
മനുഷ്യന്‍ ദൈവമെന്ന ശാസ്ത്രസത്യം (പഠനം)
മൈക്കിള്‍ മഹാനന്ദ്
എവേക്കണ്‍ പബ്ലിഷേഴ്‌സ്, കണ്ണൂര്‍
പേജ്: 264 വില: 240 രൂപ
ആധുനിക ശാസ്ത്രജ്ഞാനത്തിലൂടെ വേദാന്ത രഹസ്യങ്ങളെ അനാവരണം ചെയ്യാന്‍ കഴിയുന്ന പുതിയ ഒരു ചിന്താ സംസ്‌കാരത്തിലേക്ക് മനുഷ്യകുലം പരിവര്‍ത്തനപ്പെടാന്‍ വഴിതെളിക്കുമെന്ന വിശ്വാസത്തോടെയാണ് മൈക്കിള്‍ മഹാനന്ദ് ‘മനുഷ്യന്‍ ദൈവമെന്ന ശാസ്ത്രസത്യം’ എന്ന ഈ പഠനഗ്രന്ഥം പുറത്തിറക്കിയിരിക്കുന്നത്. ആചാരാനുഷ്ഠാനങ്ങള്‍ പലപ്പോഴും അവസരവാദ കാഴ്ചപ്പാടുകളോടെയുള്ളതാണെ ന്നും അത്തരം ചില പൊള്ളത്തരങ്ങള്‍ തുറന്നുകാണിക്കേണ്ടതാണെന്നും ഗ്രന്ഥകാരന്‍ വിശ്വസിക്കുന്നു. തന്റെ നിലപാടുകള്‍ക്ക് ആധികാരികതയുറപ്പുവരുത്തുന്ന ശാസ്ത്രീയ നിഗമനങ്ങളെ അദ്ദേഹം ഈ പുസ്തകത്തില്‍ യഥേഷ്ടം പ്രയോജനപ്പെടുത്തുന്നുണ്ട്. സനാതന സത്യത്തെ ശാസ്ത്രീയമായി വിശകലനം ചെയ്യുകയും ദാര്‍ശനിക ഉള്‍ക്കാഴ്ചയോടെ അവതരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഈ പ്രസിദ്ധീകരണം, ശാസ്ത്രദൃഷ്ടിയോടെ ആദ്ധ്യാത്മകതയെ സമീപിക്കുന്നവര്‍ക്ക് ഏറെ സഹായമായിരിക്കും.