പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ 4 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍, മുന്നണി അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ വരെ പൂര്‍ത്തിയാക്കി എന്നാണ് അവകാശപ്പെടുന്നത്. ഇടതുമുന്നണി മുന്നോട്ടുവച്ച പ്രകടന പത്രികയും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞ, നിറവേറ്റി എന്നുപറയുന്ന വാഗ്ദാനങ്ങളും പൂര്‍ണ്ണമായും ചര്‍ച്ചചെയ്യുവാന്‍ സ്ഥലപരിമിതിയുള്ളതുകൊണ്ട് അദ്ദേഹം പ്രാധാന്യത്തോടെ പറഞ്ഞ നേട്ടങ്ങള്‍ മാത്രമാണ് ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്നത്.
ഗെയിലും ദേശീയപാതയും
ദേശാഭിമാനി പത്രത്തിന്റെ ഒന്നാംപേജില്‍ തന്നെ ഏറ്റവും പ്രാധാന്യത്തോടെയാണ് ഈ വികസന വാഗ്ദാനത്തെ കുറിച്ച് പറഞ്ഞിട്ടുള്ളത്. ഗെയില്‍ പദ്ധതിക്ക് നീക്കിവച്ചിട്ടുള്ള 4700 കോടിയില്‍ ഒരു രൂപ പോലും കേരള ഖജനാവില്‍നിന്നല്ല എന്നതും സ്ഥലമെടുപ്പും അതിന്റെ നടത്തിപ്പും മാത്രമാണ് ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും കേരളത്തിലെ ജനങ്ങള്‍ മറന്നുപോകുമെന്ന് കരുതിയ മുഖ്യമന്ത്രിയെ വിട്ടുകളയുക. മുഖ്യമന്ത്രിക്ക് പ്രായക്കൂടുതലിന്റെ ആനുകൂല്യം വേണമെങ്കില്‍ നല്‍കാം. ഈ ആന മണ്ടത്തരം പറഞ്ഞതിന് അദ്ദേഹത്തിന്റെ മാധ്യമ ഉപദേശകരായ പ്രഭാ വര്‍മ്മയെയും ജോണ്‍ബ്രിട്ടാസിനെയും ആണ് ജനം പുച്ഛിക്കുക. ദേശീയ പാതയുടെ കാര്യത്തിലും ഇതേ തട്ടിപ്പ് തന്നെയാണ് കേരളത്തിന്റെ മുഖ്യമന്ത്രി നടപ്പിലാക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ 100 ശതമാനം സാമ്പത്തിക പങ്കാളിത്തമുള്ള പദ്ധതികള്‍ നടപ്പിലാക്കിയതിന്റെ വിജയം ഇടതുപക്ഷത്തിനാണ് എന്നു പറഞ്ഞാല്‍ റാങ്ക് കിട്ടുന്ന കുട്ടിയുടെ ക്രെഡിറ്റ് കുട്ടിയെ ക്ലാസില്‍ കൊണ്ടുപോകുന്ന വണ്ടിക്കാരനാണ് എന്ന് പറയുന്നതിന്റെ യുക്തിയേ ഉള്ളൂ.
പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കി
മുഖ്യമന്ത്രിക്ക് മാധ്യമ ഉപദേശകരുടെ പിന്തുണ പോരാത്തതിനാല്‍ അതിവിദഗ്ദ്ധരായ ധനകാര്യ ഉപദേശകര്‍കൂടിഉണ്ട്. അതുകൊണ്ടുതന്നെ പൊതുമേഖലയുടെ അപചയത്തിന്റെ കണക്കുകള്‍ പറയാതെ, ഉയര്‍ത്തിക്കാട്ടുവാന്‍ പറ്റുന്ന ഒരുഭാഗം മാത്രം പറഞ്ഞു ജനങ്ങളെ കബളിപ്പിച്ചു. ഒരുവാദത്തിന് പൊതുമേഖല ലാഭകരമായി എന്നു തന്നെ കരുതുക. എന്നാല്‍ ആ ലാഭവിഹിതത്തിന്റെ വര്‍ണ്ണക്കടലാസില്‍ മുഖ്യമന്ത്രി ഒരു വലിയ തട്ടിപ്പ് പൊതിഞ്ഞുവെച്ചിട്ടുണ്ട്. 2016-ല്‍ സംസ്ഥാനത്ത് ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നാളിതുവരെ 44,323 കോടിരൂപ കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് നടത്തിയിരുന്നു. ആ വര്‍ഷം 12 കോടിരൂപ ഡിവിഡന്റ് നല്‍കിയ പൊതുമേഖല 2020 ആയപ്പോള്‍ 13,000 കോടിയുടെ അധിക നിക്ഷേപം നടത്തിയിട്ടും 7 കോടി രൂപ മാത്രമാണ് ഡിവിഡന്റ് നല്‍കിയത്. ഇത് മാത്രമല്ല, 2016-ല്‍ വിറ്റുവരവ് 36,051 കോടി ആയിരുന്നത് 2020-ല്‍ 33,883 കോടിയായി കുറയുകയും ചെയ്തു. ബാങ്കില്‍ നിക്ഷേപിച്ചാല്‍ കുറഞ്ഞത് 7 ശതമാനവും, കിഫ്ബിക്ക് കൊടുത്താല്‍ 10 ശതമാനംവരെയും പലിശ കിട്ടുമെങ്കില്‍ 5700 കോടി രൂപയെങ്കിലും ലാഭവിഹിതം കിട്ടേണ്ട സ്ഥാപനങ്ങള്‍ നാമമാത്രമായ ലാഭം കൈവരിച്ചത് സര്‍ക്കാരിന്റെ വലിയ നേട്ടമായി കാണിക്കുവാന്‍ ഇരട്ടച്ചങ്ക് മാത്രമല്ല, അപാരമായ തൊലിക്കട്ടി കൂടിവേണം. ഇതുകൂടാതെ മറ്റു പല സ്ഥാപനങ്ങള്‍, പ്രത്യേകിച്ച് കെ എസ് ആര്‍ടി സി തുടങ്ങിയ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കും എന്ന് വാഗ്ദാനം നല്‍കിയ ഇടതുമുന്നണി ഭരിച്ചപ്പോള്‍ കെ എസ് ആര്‍ ടി സിയുടെ മാത്രം കടം ഏതാണ്ട് 3,500 കോടിയായി വര്‍ദ്ധിച്ചു. മാത്രമല്ല സ്ഥാപനത്തിന്റെ നെഗറ്റീവ് ആസ്തി 10,083 കോടി ആയി കൂപ്പുകുത്തുകയും ചെയ്തു. ഇത്രയും ദയനീയമല്ലെങ്കിലും കെഎസ്ഇബിയും മറ്റും പൊതുഖജനാവ് കൊള്ളയടിക്കുന്ന വെള്ളാനകളായി മാറിയിരിക്കുന്നു എന്ന വിജയഗാഥ മുഖ്യമന്ത്രി ഈ വര്‍ണ്ണക്കടലാസില്‍ മറച്ചുവച്ചു. തൊലിപ്പുറത്ത് പൗഡറിട്ടു മഹാരോഗം മാറ്റിയെന്ന് വീമ്പിളക്കുന്ന മുറിവൈദ്യനെയാണ് മുഖ്യമന്ത്രി നമ്മെ നിര്‍ഭാഗ്യവശാല്‍ ഓര്‍മപ്പെടുത്തുന്നത്
ലൈഫ്: പട്ടിയെ ആടാക്കിയ അത്ഭുത കണക്ക്
സംസ്ഥാന സര്‍ക്കാരിന്റെ വലിയ നേട്ടമായി ഇടതുചിന്തകള്‍ വാതോരാതെ പറയുന്ന അത്ഭുത പദ്ധതിയാണ് ലൈഫ്. ഏറെ തെറ്റിദ്ധരിക്കപ്പെട്ട്, നിഷ്പക്ഷമതികളായ ചില പ്രതിപക്ഷ നേതാക്കള്‍ പോലും, വിജയകരമായി നടപ്പിലാക്കിയെന്നു വിശ്വസിക്കുന്ന പദ്ധതിയുമാണിത്. യഥാര്‍ത്ഥത്തില്‍ ലൈഫ് എന്ന പദ്ധതി ബഹുഭൂരിപക്ഷം മുനിസിപ്പാലിറ്റികളും കൈകൊണ്ട് തൊട്ടിട്ടില്ല. പദ്ധതി വിഹിതത്തിന്റെ 25 ശതമാനം സംസ്ഥാന സര്‍ക്കാരും 75 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വഹിക്കണമെന്നാണ് ലൈഫിന്റെ നിയമം. എന്നാല്‍ പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വികസനമായി പറയുകയും ചെയ്യും. കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്ത പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) സ്‌കീം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സംസ്ഥാനത്തിനും നടപ്പിലാക്കുവാന്‍ എളുപ്പം പറ്റുന്നതും, താരതമ്യേന വിഹിതത്തുക കുറച്ചുള്ളതും ആണ്. ഒരു വീടിന് മൂന്ന് ലക്ഷം രൂപയാണ് ചിലവെങ്കില്‍ ഉപഭോക്താവ് 50,000 രൂപയും ബാക്കി തുകയില്‍ 1,50,000 രൂപ കേന്ദ്രസര്‍ക്കാര്‍, 50,000 രൂപ സംസ്ഥാന സര്‍ക്കാര്‍, 50,000 രൂപ തദ്ദേശസ്വയംഭരണ സ്ഥാപനം എന്നീ വിധത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. ഇതുകൂടാതെ 100 തൊഴില്‍ ദിനങ്ങള്‍ കൂടി MGNREGA തൊഴിലുറപ്പ് പദ്ധതിയില്‍ പെടുത്തിയതും, ശുചിമുറിയുടെ തുകയും കൂടി കൂട്ടിയാല്‍ കേന്ദ്രസര്‍ക്കാരിന്റെ വിഹിതമാണ് സിംഹഭാഗവുമെന്നത് ആര്‍ക്കും മനസ്സിലാകും. ഇവയെല്ലാം കൊണ്ട് തന്നെ ലൈഫ് പദ്ധതിയേക്കാള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ താല്പര്യം പി എം എ വൈ സ്‌കീമിലെ വീടുനിര്‍മ്മാണമാണ്. സംസ്ഥാന സര്‍ക്കാര്‍ ഈ രണ്ടു പദ്ധതികള്‍ കൂട്ടിച്ചേര്‍ത്ത്, നടക്കാത്ത ലൈഫിന്റെ പേര് പി എംഎ വൈക്ക് നല്‍കി 2,19,154 വീട് നിര്‍മ്മിച്ചു എന്ന് വീമ്പിളക്കുന്നു. സദ്യക്ക് ഉപ്പ് വിളമ്പിയവന്‍ സദ്യയുടെ ക്രെഡിറ്റ് അടിച്ചെടുക്കുന്ന തട്ടിപ്പാണ് മുഖ്യമന്ത്രി ഇവിടെ പ്രയോഗിച്ചത്.
കിഫ്ബി-സ്റ്റാര്‍ട്ട്അപ്പ് വികസനം കേരള മോഡല്‍?
പിറവിക്കുമുന്‍പേ അഴിമതിയുടെയും തട്ടിപ്പിന്റെയും ആക്ഷേപമുള്ള പ്രസ്ഥാനമാണ് കിഫ്ബി. പഴയ കഥകളല്ല, മറിച്ച് ഈ കോവിഡ് കാലത്തും അഴിമതിയും സ്വജനപക്ഷപാതവും എങ്ങിനെ നടത്താം എന്നതിന്റെ ഉത്തമഉദാഹരണം കൂടി ആയിരിക്കുന്നു കിഫ്ബിയുടെ ഭരണം. കിഫ്ബിയുടെ ഭരണത്തിന് ദിവസം 10,000 രൂപയ്ക്ക് പുതിയ വിദഗ്‌ദ്ധോപദേശകന്‍. കൂടാതെ 8,000 മുതല്‍ താഴേയ്ക്ക് പല ചെറുകിട ഉപദേശകരെയും ഈ കൊറോണ കാലയളവില്‍ തിരുകിക്കയറ്റുവാന്‍ ശ്രമിച്ച സര്‍ക്കാരിന്റെ തീരുമാനം നിഷ്‌കളങ്കമെന്ന് ആരും കരുതില്ല. മാത്രവുമല്ല പി ഡബ്ല്യു ഡിയിലെ ഭൂരിഭാഗം വിദഗ്ദ്ധരായ എഞ്ചിനീയര്‍മാരും ഒരു നിര്‍മ്മാണവുമില്ലാതെ വെറുതെ ഇരിക്കുമ്പോള്‍ ഈ പുതിയ നിയമനം അസംബന്ധമാണ്. ഇതൊന്നും പോരാതെ കിഫ്ബിയുടെ മുതല്‍ 9.75 % പലിശയ്ക്ക് വാങ്ങിയിട്ട് 7% പലിശക്ക് ബാങ്കില്‍ നിക്ഷേപിച്ച് കേരളത്തെ വല്ലാതെ സഹായിക്കുന്നുമുണ്ട് പിണറായി വിജയന്‍. അതും ഈ സര്‍ക്കാര്‍ നിക്ഷേപിച്ചത് യെസ് ബാങ്ക്, കൊടക്ക് മഹീന്ദ്ര, ഇന്‍ഡസ് ഇന്‍ഡ് തുടങ്ങിയ സ്വകാര്യ ബാങ്കുകളില്‍. കൂടുതല്‍ പറയേണ്ടല്ലോ ഈ സര്‍ക്കാരിന്റെ നേരത്തെ പറഞ്ഞ ‘പൊതുമേഖലാ പ്രണയം’ മനസ്സിലാക്കുവാന്‍. ഇതുകൊണ്ടെല്ലാം തന്നെയാണ് കിഫ്ബിയില്‍ സിഎജി ഓഡിറ്റിങ്ങ് വേണ്ട എന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും നിര്‍ബ്ബന്ധം പിടിച്ചത് എന്ന് വ്യക്തം.
സര്‍ക്കാരിന്റെ മറ്റൊരു വിജയമായി പിണറായി വിജയന്‍ പറഞ്ഞത് സ്റ്റാര്‍ട്ട്അപ്പുകളെയാണ്. ഭാരതത്തിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ട്അപ്പ് ഇക്കോസിസ്റ്റം കേരളത്തിന്റേതാണ് എന്നാണ് അവകാശവാദം. വസ്തുതാപരമായി അത് തെറ്റാണ്. ഇന്ത്യയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി & പ്രമോഷന്‍ പുറത്തിറക്കിയ സ്റ്റാര്‍ട്ട്അപ്പ് റാങ്കിങ്ങ് കണക്കുപ്രകാരം ഗുജറാത്ത് ഒന്നാം സ്ഥാനത്തും കര്‍ണാടക രണ്ടാം സ്ഥാനത്തും കേരളം മൂന്നാം സ്ഥാനത്തുമാണ്. ഒഡീഷയും രാജസ്ഥാനും തൊട്ടടുത്ത് നാലും അഞ്ചും സ്ഥാനത്ത് ഉണ്ട്. അങ്ങനെ പിണറായി വിജയന്‍ മൂന്നാം സ്ഥാനത്തുള്ള കേരളത്തിനെ ജാലിയന്‍ കണാരന്റെ കഥയിലെ കണാരന്‍ തന്നെ പ്രധാനമന്ത്രിയാക്കിയതുപോലെ കേരളത്തെ’ഒറ്റത്തള്ളിന്’ ഒന്നാമതാക്കി. യഥാര്‍ത്ഥത്തില്‍ 1600 സ്റ്റാര്‍ട്ടപ്പുകള്‍ ഉള്ളത് 2600 തുടങ്ങിയതില്‍ അവശേഷിക്കുന്നവയും. പലതും 2600 സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയതില്‍ അവശേഷിക്കുന്നത് 1600. ഇതില്‍ നിര്‍ത്താന്‍ തയ്യാറായി നില്‍ക്കുന്നവയും ഉണ്ട്. സംസ്ഥാന സര്‍ക്കാര്‍ നാളിതുവരെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാമ്പത്തികമായോ, മറ്റു വകയിലോ ഒരു സഹായവും പ്രത്യേകമായി ചെയ്തതായി അവര്‍ പോലും അവകാശപ്പെടുന്നില്ല. കേരളത്തിലെ യുവാക്കളുടെ (അതെ ഒരൊറ്റ യുവതികളുടെയും സ്റ്റാര്‍ട്ടപ്പ് ഇല്ല) സംരംഭകത്വ ജ്ഞാനത്തിന്റെ, യുവാക്കളുടെ കഴിവിനെ, അവരുടെ സംരംഭക ത്വരയെ, ശക്തിയെ ഇടതുപക്ഷത്തിന്റെ ഉത്പന്നമായി അടിച്ചുമാറ്റാന്‍ നടത്തിയ ശ്രമം തികച്ചും തരംതാണ നടപടിയായി.
സാമ്പത്തിക സ്ഥിതി ഗുരുതരം
കേരള സംസ്ഥാനം അതിഭീകരമായ സാമ്പത്തിക ഞെരുക്കത്തില്‍ ആണെന്ന് എല്ലാവര്‍ക്കും അറിയാം. കേവലം സാമ്പത്തിക ഞെരുക്കമല്ല, സാമ്പത്തിക തകര്‍ച്ചയുടെ അടിത്തട്ടിലാണ് കേരളം. അതിന് ഇടതുപക്ഷത്തെപ്പോലെ കേരളം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരും ഉത്തരവാദികള്‍ ആണ്. 2016-ല്‍ കോണ്‍ഗ്രസ് ഭരണം ഒഴിയുമ്പോള്‍ കേരളത്തിന്റെ പൊതുകടം 160638 ആയിരുന്നു. 2019-2020ല്‍ കടം 298724 കോടി രൂപയാണ്. ഇത് കിഫ്ബിയുടെ അടക്കം ഉള്ള പല കടങ്ങളുടെയും കണക്കുകള്‍ ഉള്‍പ്പെടെയുള്ള വന്നുചേരാന്‍ പോകുന്ന ബാധ്യതകള്‍ കൂട്ടാതെയാണ്. ആ ബാധ്യതകള്‍ കൂടിവന്നാല്‍ ഈ സര്‍ക്കാര്‍ ഭരണം വിട്ടൊഴിയുംമുമ്പ് മലയാളികള്‍ ‘ആളൊന്നിന് 1 ലക്ഷം കടം എന്ന’ അഭിമാനാര്‍ഹമായ’ നേട്ടത്തിലേക്ക് പിണറായി സര്‍ക്കാര്‍ എത്തിക്കും.
‘സ്ഥാലീപുലാക ന്യായേന’ എന്ന രീതിയില്‍ എടുത്ത് മുഖ്യമന്ത്രി ഉയര്‍ത്തിപ്പിടിച്ച ‘അഭിമാനാര്‍ഹമായ’ ചില കണക്കുകളുടെ കാര്യങ്ങള്‍ മാത്രമാണ് ഇത്. പട്ടിണിമുക്തമായ കേരളമെന്ന് പറയുമ്പോള്‍ സെക്രട്ടേറിയറ്റിന്റെ മൂക്കിനു കീഴെ യുവതിയും കുഞ്ഞും മണ്ണുതിന്നു ജീവിച്ച പോലുള്ള കഥകളും സ്ത്രീ സുരക്ഷയെ കുറിച്ചു പറയുമ്പോള്‍ വാളയാറില്‍ ആദിവാസികളായ കുരുന്നുകളെ പീഡിപ്പിച്ചു കെട്ടിതൂക്കിയിട്ട അസുരന്മാരെ രക്ഷപ്പെടുത്തിയ വാര്‍ത്തകളും നമ്മള്‍ മറക്കണൊ? പോലീസില്‍ പി എസ് സി വഴി ജോലി നല്‍കി വാഗ്ദാനം നടപ്പാക്കിയ ഭരണത്തിന്‍ കീഴില്‍ പി എസ് സി പരീക്ഷാപേപ്പറുകളും, ഉത്തരകടലാസുകളും പാര്‍ട്ടി നേതാക്കളുടെയും അണികളുടെയും വീട്ടില്‍ നിന്നും പോലീസ് പിടിച്ചതും, പിടിച്ച പോലീസിനെ രായ്ക്കുരാമായനം സ്ഥലം മാറ്റിയതും കൂടി ഭരണനേട്ടങ്ങളായി പറയണം. പ്രളയവും ഓഖിയും വന്നിട്ടും ‘ദുരിതാശ്വാസ നിധി’ ഭൂതം നിധികാക്കുന്നതുപോലെ കെട്ടിപ്പിടിച്ചും, അതില്‍നിന്നുപോലും ഇഷ്ടക്കാര്‍ക്ക് വാരിക്കോരി നല്‍കിയും, ഹെലികോപ്റ്ററിന് വാടക നല്‍കിയും വാഗ്ദാനം നടപ്പിലാക്കിയ ഭരണനൈപുണ്യം കൂടി ജനങ്ങള്‍ക്ക് ഓര്‍മ്മയുണ്ട് എന്ന് പിണറായി മനസ്സിലാക്കണം. ഇന്ത്യയുടെ പ്രധാനമന്ത്രിയേക്കാള്‍ ജോലിഭാരം ഉള്ളതിനാല്‍ മുഖ്യമന്ത്രിക്ക് ഉപദേശകരുടെ ബാഹുല്യം ആകാമെന്ന് പറഞ്ഞാലൂം, കടുത്ത പിണറായി ഭക്തര്‍ പോലും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ‘സഖാവെ താങ്കള്‍ക്ക് പ്രഭാവര്‍മ്മ, മീഡിയാ അഡൈ്വസറായി ജോണ്‍ ബ്രിട്ടാസ്, നിയമ ഉപദേശകനായി ഡോ. എന്‍.കെ. ജയകുമാര്‍, കൂടാതെ പ്രത്യേക നിയമ (ലൈസനിംഗ്) ഓഫീസറായ അഡ്വ. വേലപ്പന്‍ നായര്‍. അതും ഒരുലക്ഷം രൂപ ശമ്പളവും, മറ്റു സൗകര്യങ്ങളും അടക്കം എന്നത് മറ്റുള്ളവരോട് മുണ്ടുമുറുക്കി ഉടുക്കണം എന്നു പറയുന്ന ഒരാള്‍ക്ക്, ഒരു കമ്മ്യൂണിസ്റ്റുകാരന് ചേരുന്നതാണോ സഖാവെ?
പ്രതിബന്ധങ്ങള്‍ അവസരങ്ങളാക്കുക എന്നത് യഥാര്‍ത്ഥ വിജയയിയുടെ ലക്ഷണമാണ്. താങ്കള്‍ ഇവിടെ പ്രതിബന്ധങ്ങളുടെ കാലത്ത് മനുഷ്യരുടെ വ്യക്തിവിവരങ്ങളെ, അതും ആരോഗ്യവിവരങ്ങളെ തൂക്കിവില്‍ക്കുകയാണ് ചെയ്തിരിക്കുന്നത്. കൊറോണക്കാലത്ത് കേരളീയരുടെ ആരോഗ്യവിവരങ്ങളടക്കം വ്യക്തി വിവരങ്ങള്‍ വിദേശ കമ്പനിക്ക് വിറ്റു. അതും കൂടാതെ കേരളത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കുവേണ്ടി ‘കുടിച്ചു മരിക്കുവാന്‍’ തയ്യാറായി നില്‍ക്കുന്ന പാവം മദ്യല്‍പാനികളെ ‘ചില്ലിക്കാശിന്’ മറ്റൊരു കമ്പിനിക്ക്, ഒരു സഖാവിന്റെ കമ്പനിക്ക് വിറ്റു. അതെ സഖാവെ താങ്കള്‍ ഈ കേരളത്തിന്റെ സര്‍വ്വസ്വത്തുക്കളും ഈ ആപത്തുകാലത്തും ഒരു ഉളുപ്പുമില്ലാതെ ‘ഓണ്‍ലൈനില്‍’ തൂക്കിവിറ്റു. താങ്കളെ ചരിത്രം ഓര്‍മ്മപ്പെടുത്തുക കേരളത്തിന്റെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്നു മാത്രമായിരിക്കില്ല. കേരളത്തെ തകര്‍ത്ത, തൂക്കിവിറ്റ മുഖ്യമന്ത്രി എന്നായിരിക്കും. പരശുരാമന്‍ മഴുവെറിഞ്ഞുയര്‍ത്തിയത് താങ്കള്‍ അരിവാളിനു വെട്ടിത്താഴ്ത്തരുത്. കാരണം പലരും ഇതുവരെ കണ്ട സ്വര്‍ഗ്ഗരാജ്യവും പിതൃരാജ്യവും കൊറോണയില്‍ തകര്‍ന്നു. ഭൂരിഭാഗവും പിറന്നനാടും പെറ്റമ്മയും സ്വര്‍ഗ്ഗത്തേക്കാള്‍ പ്രിയങ്കരം എന്നു വിശ്വസിക്കുന്നവരാണ്. പോകാന്‍ വേറെ ഇടമില്ല സഖാവെ, അങ്ങേയ്ക്ക്, നമ്മള്‍ക്കും; മറക്കരുത്.