സ്വാശ്രയ-സ്വാവലംബ ഭാരതം എന്ന ലക്ഷ്യം ഇന്ന് രാഷ്ട്രത്തിന്റെ മുന്നില്‍ ഇച്ഛാശക്തിയോടെയുള്ള മുന്നേറ്റത്തിന് മാതൃകയാവുമ്പോള്‍ കേരളം എവിടെയാണ്? പരാധീനവും രോഗഗ്രസ്തവുമായ സമ്പദ്‌വ്യവസ്ഥ. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന അരിയും വിഷം മുക്കിയ പച്ചക്കറിയും മുതല്‍ എല്ലാം അവരെ ആശ്രയിച്ചാണ് ഇന്ന് നമ്മള്‍ പോകുന്നത്. കോഴിയും കോഴിമുട്ടയും നാമക്കല്ലില്‍ നിന്ന്. പാലും പാല്‍പ്പൊടിയും മഹാരാഷ്ട്ര, കര്‍ണ്ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന്. എപ്പോഴെങ്കിലും അധികം പാല്‍ ഉല്പാദിപ്പിച്ചാല്‍ പാല്‍പ്പൊടിയാക്കി മാറ്റാനുള്ള സംവിധാനം പോലും കേരളത്തിനില്ല. ചരിത്രാതീത കാലം മുതല്‍ സുഗന്ധദ്രവ്യങ്ങളുടെയും ആഭരണങ്ങളുടെയും ഒക്കെ കലവറ എന്ന നിലയില്‍ കേരളം ശ്രദ്ധേയമായിരുന്നു. സോളമന്റെ കാലത്ത് ഓസിര്‍ തുറമുഖത്തുനിന്ന് സുഗന്ധദ്രവ്യങ്ങളും കുരുമുളകും ചന്ദനത്തൈലവും ചന്ദനവും മയിലുകളും സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങളും ഒക്കെയായി വന്ന കപ്പലുകളെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. ഓസിര്‍ നമ്മുടെ കൊടുങ്ങല്ലൂര്‍ ആയിരുന്നു എന്നാണ് പറയപ്പെടുന്നത്. സമ്പദ്‌സമൃദ്ധിയുടെയും യശസ്സിന്റെയും പഴയ കേരളം ഇന്ന് മാവേലിയുടെ ഓണപ്പാട്ടുകളില്‍ മാത്രം ഒതുങ്ങിയിരിക്കുന്നു.
ഈ പ്രതിസന്ധിക്കു കാരണം സ്വാതന്ത്ര്യാനന്തര കേരളത്തിലെ ഭരണകൂടങ്ങളുടെ ദിശാബോധമില്ലായ്മയും ആസൂത്രണ വൈകല്യവുമാണ്. സുഗന്ധദ്രവ്യങ്ങള്‍ മുതല്‍ തോട്ടവിളകള്‍ വരെയുള്ള കേരളത്തിന്റെ സമ്പദ്‌സമൃദ്ധി ഉപയോഗിക്കാനും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ സൃഷ്ടിച്ച് വിദേശനാണ്യം കൊയ്യാനുമുള്ള എന്തെങ്കിലും പദ്ധതി സ്വാതന്ത്ര്യത്തിനുശേഷം ആവിഷ്‌ക്കരിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോ? മഞ്ഞള്‍ മുതല്‍ ഇഞ്ചി വരെ നമ്മുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ബഹുരാഷ്ട്ര കുത്തകകള്‍ പേറ്റന്റ് എടുക്കുമ്പോള്‍ നമ്മുടെ ജൈവ വൈവിദ്ധ്യവും തനത് സംസ്‌കാരവും പ്രോത്സാഹിപ്പിക്കാനും ഗവേഷണ ബുദ്ധിയോടെ ഇതിന്റെ പ്രാധാന്യം കണ്ടെത്താനുമുള്ള എന്തെങ്കിലും ശ്രമം കേരളത്തിലെ മാറി മാറി വന്ന ഭരണകൂടങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടോ? ഇല്ല എന്നു മാത്രമല്ല, ആധുനികവത്കരണത്തിന്റെയും ശാസ്ത്ര സങ്കേതങ്ങളുടെയും വഴിയില്‍ നിന്ന് കൃഷിയെയും വ്യവസായത്തെയും എല്ലാം മാറ്റി നിര്‍ത്തുക കൂടിയാണ് ഇവിടെ ചെയ്തത്. അതിന്റെ തിക്തഫലങ്ങളിലൂടെയാണ് ഇന്ന് കേരളം കടന്നുപോകുന്നത്. തേങ്ങയുടെ വൈവിദ്ധ്യമാര്‍ന്ന നൂതന ഉല്പന്നങ്ങള്‍ കര്‍ണ്ണാടകം അടക്കമുള്ള സംസ്ഥാനങ്ങള്‍ വിപണിയില്‍ ഇറക്കുമ്പോള്‍ കാര്യമായ ഒരു പുരോഗതിയും കൈവരിക്കാന്‍ കേരളത്തിന് കഴിഞ്ഞില്ല.
1970 കളില്‍ കയര്‍, കശുവണ്ടി, കൈത്തറി എന്നീ മൂന്ന് പ്രധാന പരമ്പരാഗത വ്യവസായങ്ങളില്‍ പത്തുലക്ഷം പേര്‍ക്കാണ് തൊഴില്‍ നല്‍കിയിരുന്നത്. സ്വന്തം കാലില്‍ ഓരോ കുടുംബത്തിനും നിലനില്‍ക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ഈ രംഗത്ത് ചെയ്തിരുന്നു. ഇന്ന് മൂന്ന് വ്യവസായങ്ങളിലും കൂടി രണ്ടുലക്ഷത്തോളം പേര്‍ക്കു മാത്രമേ ഈ രംഗത്ത് തൊഴില്‍ കണ്ടെത്താന്‍ ആകുന്നുള്ളൂ. കേരളത്തില്‍ നിന്നുള്ള കയറ്റുമെത്തയും കയര്‍ പരവതാനിയും കയര്‍ ഉല്പന്നങ്ങളും കൈത്തറി വസ്ത്രങ്ങളും കശുവണ്ടിയും ഒക്കെത്തന്നെ ഒരുകാലത്ത് യൂറോപ്പ് അടക്കമുളള ആഗോളവിപണിയില്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞിരുന്നു. ഇന്ന് ആഗോളവിപണിയില്‍ നിന്ന് കേരളം ഏതാണ്ട് പുറന്തള്ളപ്പെട്ടിരിക്കുന്നു. ഇതിന്റെ ഉത്തരവാദി കേരളത്തിലെ ഒറ്റ രാഷ്ട്രീയപ്പാര്‍ട്ടിയാണ്- സി പി എം. കയര്‍കൈത്തറി മേഖലകളില്‍ ആധുനികവത്കരണം അനിവാര്യമാണെന്ന് നേരത്തെ തന്നെ കേന്ദ്ര ആസൂത്രണ കമ്മീഷന്‍ കണ്ടെത്തിയതാണ്. തൊണ്ടില്‍ നിന്ന് ചകിരിനാര് വേര്‍പെടുത്തിയെടുക്കാന്‍ കഴിയുന്ന തൊണ്ട് തല്ലുന്ന യന്ത്രം 1973 ല്‍ തന്നെ മുന്നോട്ടുവച്ചിരുന്നു. 100 തൊണ്ട് തല്ലാന്‍ യന്ത്രം ഉപയോഗിച്ചാല്‍ 25 പൈസ മാത്രമേ ചെലവുണ്ടാകുമായിരുന്നുളളൂ. അതേസമയം അന്ന് 100 തൊണ്ട് തല്ലുന്നതിന് രാവിലെ മുതല്‍ രാത്രിവരെ ഒരു തൊഴിലാളി പണിയെടുക്കണമായിരുന്നു. പത്തു രൂപയായിരുന്നു കൂലി. തൊഴില്‍ നഷ്ടപ്പെടുമെന്ന് പറഞ്ഞ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതും വൈവിധ്യവത്കരണവും സി പി എം തടഞ്ഞു. തൊണ്ട് തല്ലി നാര് എടുക്കുന്നതും കയര്‍ പിരിക്കുന്നതും വൈവിദ്ധ്യമാര്‍ന്ന ഉല്പന്നങ്ങള്‍ കൊണ്ടുവരുന്നതിലും ഒക്കെത്തന്നെ മറ്റ് രാജ്യങ്ങള്‍ യന്ത്രവത്കരണത്തിലേക്കും ശാസ്ത്രസാങ്കേതിക സംവിധാനങ്ങളിലേക്കും പോയപ്പോള്‍ കേരളം പുറംതിരിഞ്ഞു നിന്നു. ഇതിന്റെ ഫലമായി ഉല്പാദനച്ചെലവ് കൂടുകയും ഉല്പന്നങ്ങളുടെ ഗുണനിലവാരം കുറയുകയും ചെയ്തു.
മറ്റ് രാജ്യങ്ങളിലെ യന്ത്രവത്കൃത ഉല്പന്നങ്ങളുടെ മികവിനൊപ്പം പിടിച്ചുനില്‍ക്കാന്‍ നമുക്ക് കഴിഞ്ഞില്ല. ഒപ്പം വിലക്കുറവു കൂടിയായപ്പോള്‍ നമ്മുടെ ഉല്പന്നങ്ങള്‍ പുറം തള്ളപ്പെട്ടു. കേരളത്തിന്റെ ഈ പിന്നാക്കം പോകല്‍ സഹായിച്ചത് ചൈന, ഇന്തോനേഷ്യ, ശ്രീലങ്ക, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവയെയായിരുന്നു. പ്രതിസന്ധി മറികടക്കാന്‍ കയര്‍കൈത്തറി സഹകരണസംഘങ്ങള്‍ രൂപവത്കരിച്ചെങ്കിലും അമിതമായ രാഷ്ട്രീയ പ്രസരണവും പിടിപ്പുകേടും സഹകരണമേഖലയെയും തകര്‍ത്തു എന്നു മാത്രമല്ല, അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങായി മാറുകയും ചെയ്തു. കൈത്തറി മേഖലയിലും ഇതുതന്നെയാണ് സംഭവിച്ചത്. ചേന്ദമംഗലവും കുത്താമ്പുള്ളിയും ബാലരാമപുരവും കാസര്‍ഗോഡും കണ്ണൂരും ഒക്കെത്തന്നെ കേരളത്തിന്റെ കൈത്തറിയുടെ ഈടുറ്റ മേഖലകളായിരുന്നു. ആധുനികവത്കരണവും വൈവിദ്ധ്യവത്കരണവും ഇല്ലാത്തതാണ് ഈ മേഖലയെ തകര്‍ത്തത്. മറ്റു സംസ്ഥാനങ്ങളില്‍ പോലും കൈത്തറികള്‍ പവര്‍ലൂമിമേക്ക് മാറിയപ്പോഴും നമ്മള്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന സി പി എമ്മിന്റെ ഭീഷണിയില്‍ കൈത്തറിയില്‍ തന്നെ ഉറച്ചുനിന്നു. ഇതാകട്ടെ, വില കൂടിയ ഇനങ്ങളായി കൈത്തറിയെ നിലനിര്‍ത്താന്‍ മാത്രമേ ഉപകരിച്ചുള്ളൂ. തമിഴ്‌നാട്ടില്‍ നിന്നു വരുന്ന വിലകുറഞ്ഞ പവര്‍ലൂം ഉല്പന്നങ്ങള്‍ കേരള കൈത്തറിയായി, വേഷപ്രച്ഛന്നരായി അവതരിപ്പിക്കപ്പെട്ടത് വേറെ കഥ. ആയുര്‍വേദ സുഗന്ധമുണ്ടുകള്‍ അടക്കം ചില പരീക്ഷണങ്ങളൊക്കെ ബാലരാമപുരം കൈത്തറിയില്‍ നടന്നെങ്കിലും അവയൊന്നും തന്നെ ഒരു സുസ്ഥിരവിജയകരമായ പരീക്ഷണങ്ങളായി മാറിയില്ല.
കശുവണ്ടി മേഖലയില്‍ യന്ത്രവത്കരണത്തിനോ മറ്റോ കൂടുതല്‍ സാധ്യതകള്‍ ഇല്ലെങ്കിലും കൃഷിയുമായി ബന്ധപ്പെട്ട വ്യവസായം എന്ന നിലയില്‍ ഈ രംഗത്തും തകര്‍ച്ച തന്നെയാണ് അരങ്ങേറിയത്. കേരളത്തിലെ നാടന്‍ കശുവണ്ടിക്കായിരുന്നു അന്താരാഷ്ട്ര വിപണിയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ ഉള്ളത്. കേരളത്തില്‍ ആവശ്യമുള്ള കശുവണ്ടിയുടെ 20 ശതമാനം പോലും ഇവിടെ ഉല്പാദിപ്പിക്കപ്പെടുന്നില്ല. ആഫ്രിക്കയില്‍ നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്ത് ഈ വ്യവസായത്തെ നിലനിര്‍ത്താനാണ് ശ്രമം നടത്തിയത്. കശുവണ്ടിയുടെ വികസനത്തിനായി മൂന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ രൂപവത്കരിക്കപ്പെട്ടു. അഴിമതി തുടര്‍ക്കഥയായി. കശുവണ്ടി വാങ്ങുന്നതിലും മറ്റും നടത്തിയ കോടികളുടെ ക്രമക്കേട് നമുക്കറിയാം. 20,000 തൊഴിലാളികള്‍ക്ക് 200 ദിവസം സ്ഥിരം തൊഴില്‍ നല്‍കാന്‍ പോലും കശുവണ്ടി മേഖലയ്ക്ക് കഴിയുന്നില്ല. തോട്ടണ്ടിയുടെ ലഭ്യതക്കുറവ് തന്നെയാണ് ഇതിന്റെ കാരണം. കേരളത്തിലെ കശുവണ്ടി ഫാക്ടറികളുടെ നിലനില്‍പ്പിനായി നമ്മള്‍ തോട്ടണ്ടി ഇറക്കുമതി ചെയ്തിരുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഇന്ന് സ്വന്തമായി അവിടെ ഫാക്ടറികള്‍ തുടങ്ങിയിരിക്കുന്നു. ഇതോടെ ഈ രംഗത്തുമുള്ള അപ്രമാദിത്വം നമുക്ക് നഷ്ടമായി. ചുരുക്കിപ്പറഞ്ഞാല്‍ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് പട്ടിണിയില്ലാത്ത ജീവിതം നല്‍കിയിരുന്ന കയര്‍,കശുവണ്ടി, കൈത്തറി മേഖലകള്‍ ഏതാണ്ട് പൂര്‍ണ്ണമായി തകര്‍ന്നിരിക്കുന്നു. ആധുനികവത്കരണത്തെയും വൈവിദ്ധ്യവത്കരണത്തെയും എതിര്‍ത്ത സി പി എം, ഇടതു സര്‍ക്കാരുകള്‍ ഇവ നടത്തിയില്ല എന്നതു മാത്രമല്ല, യു ഡി എഫ് സര്‍ക്കാരുകളെ ഒന്നും ചെയ്യാന്‍ അനുവദിച്ചില്ല എന്നതുകൂടി കണക്കിലെടുക്കുമ്പോഴാണ് ഇതിന്റെ ഗൗരവം നമുക്ക് ബോദ്ധ്യപ്പെടുക.
കാര്‍ഷിക മേഖലയിലും ഇതുതന്നെയാണ് സ്ഥിതി. ട്രാക്ടര്‍, ടില്ലര്‍, കൊയ്ത്തുയന്ത്രം, മെതിയന്ത്രം എന്നിവ ഉല്പാദനച്ചെലവ് കുറയ്ക്കാനും ആധുനികവത്കരണത്തിനുമായി മറ്റ് സംസ്ഥാനങ്ങള്‍ മാത്രമല്ല, ലോകമെമ്പാടും ഉപയോഗിക്കപ്പെട്ടപ്പോള്‍ തൊഴില്‍ദിനങ്ങള്‍ നഷ്ടപ്പെടുമെന്ന് പറഞ്ഞ് അതിനെ എതിര്‍ത്തതും ചെറുത്തു തോല്പ്പിച്ചതും സി പി എം നേതൃത്വത്തിലുള്ള കേരള കര്‍ഷക തൊഴിലാളി യൂണിയന്‍ ആയിരുന്നു. ഉയര്‍ന്ന ഉല്പാദനച്ചെലവ് കൃഷിയെ ആദായകരമല്ലാതാക്കി മാറ്റി. കാര്‍ഷികമേഖലയിലെ കൂലി വര്‍ദ്ധനവ് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടിയതാണ്. ഈ ഉയര്‍ന്ന കൂലി നമ്മളെ ഒരു ചെലവ് കൂടിയ സമ്പദ്‌വ്യവസ്ഥയായി മാറ്റി. അതേസമയം ഉല്പാദനക്ഷമത കൂടിയില്ല. ഉല്പന്നങ്ങളുടെ നിലവാരവും കൂടിയില്ല. ഉയര്‍ന്ന വില കൂടി ആയപ്പോള്‍ വിപണിയുടെ മത്സരത്തില്‍ നമ്മള്‍ പിന്‍തള്ളപ്പെട്ടു. കേരളത്തില്‍ ആവശ്യമായ അരി അടക്കമുള്ള ഭക്ഷ്യസാധനങ്ങളുടെ 60 ശതമാനത്തോളം 1950 കളില്‍ ഇവിടെത്തന്നെയാണ് ഉല്പാദിപ്പിക്കപ്പെട്ടിരുന്നത്. അരിയുടെ 30 ശതമാനം ഇവിടെത്തന്നെ ഉണ്ടായിരുന്നു. 1978 വരെ ആറുലക്ഷം ഹെക്ടര്‍ പാടത്താണ് നെല്‍ക്കൃഷി ചെയ്തിരുന്നത്. 13 ലക്ഷം ടണ്‍ അരി വരെ ഇവിടെ ഉല്പാദിപ്പിച്ചിരുന്നു. നെല്‍ക്കൃഷി ആദായകരമല്ലാതായതോടെ കൃഷിക്കാര്‍ മറ്റുമേഖലകളിലേക്ക് തിരിഞ്ഞു. 1979 നു ശേഷം നെല്‍ക്കൃഷി കുറഞ്ഞുവന്നു. 2015-16 ല്‍ 2.13 ലക്ഷം ഹെക്ടറായി നെല്‍ക്കൃഷി ചെയ്യുന്ന നിലത്തിന്റെ വിസ്തൃതി കുറഞ്ഞു. 5.21 ലക്ഷം ടണ്‍ അരിയാണ് ഇന്ന് കേരളത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്നത്. ഇത് കേരളത്തിന് ആവശ്യമായ അരിയുടെ പത്ത് ശതമാനം പോലും വരില്ല. നെല്‍ക്കൃഷിയുടെ ചെലവിന്റെ 60 ശതമാനവും കൂലിയാണ്. കൂലിച്ചെലവ് കൂടിയതോടെ കൃഷി ആദായകരമല്ലാതായി. ആധുനികവത്കരണം ഇല്ലാത്തതും രാസവള വിലവര്‍ദ്ധനയും ഇതിന് ആക്കം കൂട്ടി. ഇന്ന് കേരളത്തിന് ആവശ്യമായ അരി വരുന്നത് തമിഴ്‌നാട്, ആന്ധ്ര, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ്.
കേരളത്തിന്റെ പേര് തന്നെ ഉണ്ടായത് തല ഉയര്‍ത്തി നില്‍ക്കുന്ന കേരവൃക്ഷങ്ങളില്‍ നിന്നാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നാളികേരം ഉല്പാദിപ്പിച്ചിരുന്ന കേരളം ഇന്ന് എട്ടാംസ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടിരിക്കുന്നു. ഇന്ന് കേരളത്തിന്റെ പേര് മാറ്റേണ്ട ഗതികേടിലേക്കാണ് നമ്മള്‍ പൊയ്‌ക്കൊണ്ടിരിക്കുന്നത്. നാളികേര വികസന ബോര്‍ഡിന്റെ 2017ലെ റിപ്പോര്‍ട്ട് പ്രകാരം 1950-51 ല്‍ ഇന്ത്യയുടെ നാളികേര ഉല്‍പാദനത്തിന്റെ 62 ശതമാനം കേരളത്തില്‍ നിന്നായിരുന്നു. 1980-81 ല്‍ അത് 51 ശതമാനമായും 2016-17 ല്‍ 31 ശതമാനമായും കുറഞ്ഞു. ഉല്‍പാദനക്ഷമതയിലും കേരളം പിറകോട്ടു പോയി. ഉല്‍പാദനക്ഷമതയില്‍ കേരളം ഇപ്പോള്‍ എട്ടാം സ്ഥാനത്താണ്. കൃഷിസ്ഥലത്തിന്റെ വിസ്തൃതിയും ഗണ്യമായി കുറഞ്ഞു. ഇപ്പോള്‍ 7.57 ലക്ഷം ഹെക്ടറിലാണ് തെങ്ങ് കൃഷിയുളളത്. 763135 ലക്ഷം തേങ്ങയാണ് കേരളത്തില്‍ ഉല്പാദിപ്പിക്കുന്നത്. ഒരു ഹെക്ടറിന്റെ ഉല്പാദനക്ഷമത 10083 തേങ്ങയാണ്. ശാസ്ത്രീയവും മെച്ചപ്പെട്ടതുമായ പരിചരണ മാര്‍ഗ്ഗങ്ങളുടെ അഭാവം, ലാഭകരമല്ലാത്ത കൃഷി, ഗുണമേന്മയുളള നടീല്‍ വസ്തുക്കളുടെ അഭാവം, കാറ്റുവീഴ്ച ഉള്‍പ്പെടെയുളള രോഗങ്ങള്‍, ഉയര്‍ന്ന കൃഷിച്ചെലവും തെങ്ങുകയറ്റത്തൊഴിലാളികളുടെ ദൗര്‍ലഭ്യവും എന്നിവയാണ് ഉല്‍പാദനക്ഷമത കുറയുന്നതിന് പ്രധാന കാരണങ്ങളായി നാളികേര വികസന ബോര്‍ഡ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്. റബ്ബറിനു വേണ്ടിയാണ് നമ്മള്‍ തെങ്ങുകൃഷി ഉപേക്ഷിച്ചത്. അന്ന് അന്താരാഷ്ട്ര വിപണിയില്‍ റബ്ബറിന് നല്ല വിലയായിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് സ്വാഭാവിക റബ്ബറിന് അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞു. ഇതോടെ റബ്ബറിനുവേണ്ടി മറ്റ് കൃഷികള്‍ ഉപേക്ഷിച്ച കേരളത്തിന്റെ സമ്പദ്ഘടന തകര്‍ന്നു. ഇന്ന് കേരളത്തേക്കാള്‍ കുറഞ്ഞ ചെലവില്‍ റബ്ബര്‍ ഉദ്പാദിപ്പിക്കുന്ന ഇന്തോനേഷ്യ വിപണിയിലെ താരമായി. കുരുമുളക്, കാപ്പി, ഏലം എന്നീ മേഖലകളിലും ഇതുതന്നെയാണ് സ്ഥിതി. 2006 ല്‍ ആസിയാന്‍ കരാര്‍ കൂടി ഒപ്പിട്ടതോടെ നിലവാരം കുറഞ്ഞ ഗ്വാട്ടിമല ഏലം കേരളത്തിന്റെ വിപണികള്‍ പോലും കീഴടക്കി. മലേഷ്യയും ഇന്തോനേഷ്യയും അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് വിലകുറഞ്ഞ കുരുമുളകും ലഭ്യമായി. തേയില വിപണിയില്‍ വന്‍കിട തോട്ടങ്ങള്‍ക്കും വന്‍ വ്യവസായികള്‍ക്കും പിടിച്ചു നില്‍ക്കാന്‍ ആയെങ്കിലും ഇടത്തരം കൃഷിക്കാരനും ഇടത്തരം വ്യവസായികള്‍ക്കും പിടിച്ചുനില്‍ക്കാന്‍ ആകാത്ത ഗതി വന്നു. ഇത് കാര്‍ഷികമേഖലയുടെ നട്ടെല്ലൊടിച്ചു. ഇന്ന് കൃഷി ചെയ്താല്‍ പോലും കൊയ്യാനും മെതിക്കാനും ആളില്ലാത്ത അവസ്ഥയാണ്. തെങ്ങുകയറ്റത്തിനുള്ള യന്ത്രം പോലും സജീവമായിട്ട് ഏതാനും വര്‍ഷങ്ങളേ ആകുന്നുള്ളൂ.
കാര്‍ഷിക മേഖലയില്‍ മറ്റു സംസ്ഥാനങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള നേട്ടങ്ങള്‍ കാണാതെ പോകരുത്. കണികാ ജലസേചനവും ആധുനിക കാര്‍ഷിക രീതികളും കൊണ്ട് ഊഷരഭൂമിയിലടക്കം അവര്‍ വിജയഗാഥകള്‍ രചിച്ചപ്പോള്‍ കേരളം പിന്നോട്ടടിക്കുകയായിരുന്നു. നാളികേരത്തിന്റെ കാര്യത്തില്‍ തമിഴ്‌നാടും കര്‍ണ്ണാടകവും ആന്ധ്രയും ഒക്കെ നമ്മളെ കടത്തിവെട്ടി പോകുമ്പോള്‍ ഇന്ന് എട്ടാം സ്ഥാനത്തേക്ക് നാളികേരത്തിന്റെ ഉല്പാദനത്തില്‍ നമ്മള്‍ പിന്‍തള്ളപ്പെട്ടു. സംസ്ഥാന ആസൂത്രണബോര്‍ഡിലെ അംഗമായിരുന്ന സി പി ജോണ്‍ നടത്തിയ ഒരു പഠനത്തില്‍ കേരളത്തിലെ വിപണിയിലേക്ക് ആവശ്യമായ മൊത്തം മത്തങ്ങകളും വരുന്നത് കോയമ്പത്തൂരിലെ ഒരു ഗൗണ്ടറുടെ തോട്ടങ്ങളില്‍ നിന്നാണ്. വിഷം മുക്കിയ പച്ചക്കറികളാണ് കേരളത്തിലേക്ക് എത്തുന്നത്. കൃഷിയുടെ എല്ലാ മേഖലകളിലും ശാസ്ത്രീയമായ ആധുനികവത്കരണവും യന്ത്രവത്കരണവും ഇതര സംസ്ഥാനങ്ങള്‍ കൈവരിച്ചിരിക്കുന്നു. ഈ പുരോഗതിയുടെ കാരണവും അതുതന്നെയാണ്. 1950 കളില്‍ കേരളത്തിലെ മൊത്തം തൊഴില്‍ മേഖലയുടെ പകുതിയും കൃഷിയിലായിരുന്നു. വരുമാനത്തിന്റെ പകുതി കൃഷിയില്‍ നിന്നായിരുന്നു. ഇപ്പോള്‍ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ പത്തുശതമാനം മാത്രമായി കൃഷി ചുരുങ്ങിയിരിക്കുന്നു. വ്യവസായം 21 ശതമാനമായി മുരടിപ്പിന്റെ വക്കിലാണ്. വളരുന്നത് സേവന മേഖല മാത്രമാണ്. സമ്പദ്‌വ്യവസ്ഥയുടെ 69 ശതമാനമാണ് സേവനമേഖല. ഇത് ഏറ്റവും അപായകരമായ സമ്പദ് വ്യവസ്ഥയാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധരും സാമ്പത്തികശാസ്ത്രവും പറയുന്നത്. സേവനമേഖല സിംഹഭാഗവും കൈയാളുമ്പോള്‍ അതൊരിക്കലും പുതിയ നിക്ഷേപത്തിനോ വളര്‍ച്ചയ്‌ക്കോ ഉതകുന്നതല്ല. കൃഷി ആദായകരമാക്കാനും കാര്‍ഷികമേഖലയില്‍ അഭ്യസ്തവിദ്യരെ ആകര്‍ഷിക്കാനും പിടിച്ചുനിര്‍ത്താനുമുള്ള ഒരു പരിശ്രമവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നില്ല. സമ്പന്നമായ നാടന്‍ വിത്തുകളും നമ്മുടെ പരിസ്ഥിതിയ്ക്ക് അനുസൃതമായ മറ്റ് കാര്‍ഷികോല്പന്നങ്ങളും നമുക്ക് നഷ്ടമാകുന്നു. വെച്ചൂര്‍ മുതല്‍ അനങ്ങന്‍മല വരെയുള്ള നിരവധിയിനം വൈവിദ്ധ്യമാര്‍ന്ന കേരളത്തിന്റെ തനത് ഗോസമ്പത്തിന്റെ കാര്യത്തിലും ഇതേ അവസ്ഥതന്നെയാണുള്ളത്.
പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ മുന്‍പാകെ കേരളം സമര്‍പ്പിച്ചിട്ടുള്ള രേഖകളിലെ സൂചനകളും കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ സുസ്ഥിരവും ഭാസുരവുമാണെന്ന അവകാശവാദമില്ല. ഇന്ത്യയിലെ പത്താമത്തെ സാമ്പത്തികശക്തിയായ കേരളം മൊത്തം ആഭ്യന്തരോല്പാദനത്തിന്റെ 4.2 ശതമാനമാണ് കൈയാളുന്നത്. വളര്‍ച്ചാനിരക്കാകട്ടെ 7.4 ശതമാനവും. ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനം ഏറെ മികച്ചതുമാണ്. കേരളത്തിലെ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനം സേവനമേഖലയാണ്. മുരടിച്ച കാര്‍ഷികോല്പാദനവും പുരോഗതിയില്ലാത്ത വ്യവസായമേഖലയും ഒരുഭാഗത്ത്. ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന ശമ്പളവും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും നല്‍കുന്ന കൂടിയ കൂലിനിരക്കും കൃഷിയിലും മറ്റ് വ്യാവസായിക സാമ്പത്തിക ഇടപാടുകളിലും സ്വാധീനം ചെലുത്തുന്നുവെന്ന് ധനകമ്മീഷന്‍ ആമുഖപഠനത്തില്‍ അഭിപ്രായപ്പെടുന്നു. കേരളത്തിലെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ല് തന്നെ പ്രവാസി മലയാളികള്‍ അയക്കുന്ന പണമാണ്. വാണിജ്യം, റിയല്‍എസ്റ്റേറ്റ്, നിര്‍മ്മാണമേഖല തുടങ്ങിയവ എല്ലാംതന്നെ ഈ വിദേശപണം വരുന്നത് കുറഞ്ഞാല്‍ ബാധിക്കും. കൊറോണ വൈറസിനു ശേഷം സി ഡി എസ്സിലെ ഡോ. ഇരുദയരാജന്‍ നടത്തിയ പഠനത്തില്‍ പ്രവാസികള്‍ അയക്കുന്ന പണത്തില്‍ 20-30 ശതമാനം വരെ ഇടിവുണ്ടാകുമെന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഒരുലക്ഷം കോടി രൂപയാണ് പ്രവാസികള്‍ അയക്കുന്നത്. ഇത് 80,000 കോടിയായി കുറയുമെന്നാണ് ഇരുദയരാജന്‍ പറയുന്നത്. ടെക്‌നോപാര്‍ക്കിന്റെ ആദ്യ സി ഇ ഒയും ഐ ടി വിദഗ്ദ്ധനും മുന്‍ ആസൂത്രണബോര്‍ഡ് അംഗവുമായ ജി.വിജയരാഘവന്‍ ഇത് 50,000-60,000 ആയി കുറഞ്ഞാല്‍ പോലും അത്ഭുതമില്ലെന്നാണ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. തൊഴിലെടുക്കുന്ന ജനവിഭാഗത്തില്‍ കാണുന്ന കുറഞ്ഞ വളര്‍ച്ചാനിരക്ക് ഭാവിയില്‍ പ്രശ്‌നമാകുമെന്നു തന്നെയാണ് ധനകമ്മീഷന്റെ നിലപാട്. 15 നും 59 നും ഇടയിലുള്ള ഈ വിഭാഗത്തിന്റെ എണ്ണം കുറയുന്നു. അതേസമയം സമീപഭാവിയില്‍ തന്നെ അറുപതിനുമേല്‍ പ്രായമുള്ളവരുടെ ജനസംഖ്യ ഭേദപ്പെട്ട രീതിയില്‍ കൂടുകയും ചെയ്യും. ആരോഗ്യ ചികിത്സാരംഗത്തെ മേന്മയും ഫലപ്രദമായ സംവിധാനങ്ങളും ആയുര്‍ദൈര്‍ഘ്യം കൂട്ടിയതാണ് ഈ പ്രതിഭാസത്തിനു കാരണം. പക്ഷേ, ഭാവിയില്‍ സാമൂഹ്യസുരക്ഷാ പദ്ധതികളിലും മറ്റും ഇത് കൂടുതല്‍ സ്വാധീനിക്കും. സാക്ഷരതയില്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും മുന്‍പന്തിയിലാണെങ്കിലും അതിന് അനുസൃതമായ മാറ്റം വിദ്യാഭ്യാസ പുരോഗതിയില്‍ കാണുന്നില്ലെന്ന് ധനകമ്മീഷന്‍ വിലയിരുത്തുന്നു. ഇതിനനുസരിച്ച് കേരളത്തിന്റെ പദ്ധതികളെക്കുറിച്ചും മറ്റും കൂടുതല്‍ ചര്‍ച്ചയും അതിനനുസൃതമായ തീരുമാനങ്ങളും ഭാവിയിലുണ്ടാകണം. ഇവിടെയാണ് കൊറോണ കാരണം മടങ്ങിവരുന്ന പ്രവാസികളുടെയും ഇതര സംസ്ഥാനത്ത് പണിയെടുക്കുന്ന മലയാളികളുടെയും കാര്യം കണക്കിലെടുക്കേണ്ടത്.
തൊഴിലില്ലായ്മയാണ് കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. സംസ്ഥാന ജനസംഖ്യയുടെ ഏതാണ്ട് 25 ശതമാനം തൊഴില്‍രഹിതരാണ്. തൊഴിലില്ലായ്മ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് അഭ്യസ്തവിദ്യരെയും സാങ്കേതിക പരിജ്ഞാനം നേടിയവരെയുമാണ്. അതേസമയം സാധാരണ ജോലികള്‍ക്ക് ബീഹാര്‍, ബംഗാള്‍, അസം എന്നിവിടങ്ങളില്‍ നിന്ന് വന്‍തോതില്‍ ആളുകള്‍ എത്തുകയും ചെയ്യുന്നു. കേരളത്തിലെ മിക്ക ഹോട്ടലുകളിലും ഭക്ഷണം പാകം ചെയ്യാനും വിതരണം ചെയ്യാനും നില്‍ക്കുന്നത് ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. നാടന്‍-കേരളാ ഭക്ഷണം എന്ന് ബോര്‍ഡു വച്ച ഹോട്ടലുകളില്‍ പോലും പാചകത്തിന് നില്‍ക്കുന്നത് അന്യസംസ്ഥാന തൊഴിലാളികളാണ്. ഹോട്ടല്‍ഭക്ഷണം പോയിട്ട് വെള്ളം കിട്ടണമെങ്കില്‍ പോലും ഹിന്ദി അറിയേണ്ട സാഹചര്യമാണ്. ഇതേ സാഹചര്യം തന്നെയാണ് ഗ്രാമീണമേഖലയിലും ഉള്ളത്. തെങ്ങുകയറ്റം മുതല്‍ പറമ്പു കിളയ്ക്കുന്നത് വരെയുള്ള എല്ലാ ജോലികളിലും ബംഗാളികളും ബംഗ്ലാദേശികളും അസംകാരും ബീഹാറികളും നിറഞ്ഞിരിക്കുന്നു. കൊറോണയെ തുടര്‍ന്ന് കുറച്ചു പേരെങ്കിലും അവരവരുടെ ജന്മനാടുകളിലേക്ക് മടങ്ങിയെങ്കിലും മടങ്ങാത്തവര്‍ ബഹുഭൂരിപക്ഷമാണ്. കേരളത്തിലേക്ക് മടങ്ങിവരുന്ന പ്രവാസികളും മറുനാടന്‍ മലയാളികളും ഈ തൊഴില്‍ ഏറ്റെടുക്കാന്‍ തുടങ്ങിയാലേ കേരളത്തിന്റെ തൊഴില്‍മേഖലയില്‍ മാറ്റം വരൂ. വെള്ളക്കോളര്‍ ജോലി അഭിമാനമായി കാണുന്ന സംസ്‌കാരം മാറിയേ കഴിയൂ. എല്ലാ തൊഴിലിനും അതിന്റേതായ മഹത്വമുണ്ടെന്നും അധ്വാനത്തിന്റെ വിലയും മഹത്വവും വലുതാണെന്നും ബോദ്ധ്യപ്പെടുത്താനുള്ള കാലമായിരിക്കുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ നിന്ന് ഒരു വര്‍ഷം കൊണ്ടുപോകുന്നത് 30,000 കോടി രൂപയ്ക്കു മേലെയാണ്. ഇത് ഏതാണ്ട് 50,000 കോടി രൂപ വരെ വന്നേക്കാമെന്നാണ് ആസൂത്രണബോര്‍ഡിലെ മുന്‍ ഡയറക്ടറും സാമ്പത്തിക വിദഗ്ദ്ധനുമായ എന്‍. നിയതി പറയുന്നത്. മലയാളികള്‍ ഈ തൊഴിലുകളിലേക്ക് എത്തിയാല്‍ ഈ പണം കേരളത്തില്‍ നില്‍ക്കുമെന്ന് മാത്രമല്ല, ഇവിടെ പ്രത്യുല്പാദനപരമായി ഉപയോഗിക്കപ്പെടുകയും ചെയ്യും.
(തുടരും)