2018 ആഗസ്റ്റ് 17ലെ ഭരണസമിതിയോഗം ക്ഷേത്രവികസനത്തിനും ദേവസ്വത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളുടെ ആവശ്യങ്ങള്‍ക്കുമായി ക്ഷേത്രത്തിന് ചുറ്റും ഒരു കിലോ മീറ്റര്‍ ചുറ്റളവിനുള്ളില്‍ ലഭ്യമാവുന്ന ഭൂമി അക്വയര്‍ ചെയ്യുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് സബ്ബ് കമ്മറ്റി രൂപീകരിച്ചു. 11-ാം നമ്പര്‍ ഭരണസമിതി തീരുമാന പ്രകാരം കെ.ബി. മോഹന്‍ദാസ്, കെ.ഗോപിനാഥന്‍, എ.വി. പ്രശാന്ത് എന്നിവര്‍ ആണ് സബ്ബ് കമ്മറ്റി അംഗങ്ങള്‍. തൊട്ടടുത്ത മാസം തന്നെ മറ്റൊരു ഭരണസമിതി തീരുമാനവും ഉണ്ടായി. 2018 സപ്തംബര്‍ 14-ലെ 18-ാം നമ്പര്‍ ഭരണസമിതി തീരുമാനം രസാവഹമാണ്. ”ചാവക്കാട് താലൂക്കില്‍ ഗുരുവായൂര്‍ ദേശത്ത് 01/03, 01/12 റീസര്‍വ്വേ നമ്പറില്‍ ഉള്‍പ്പെട്ട 79.33 സെന്റു സ്ഥലം ദേവസ്വത്തിന് സെന്റിന് 16 ലക്ഷം രൂപ നിരക്കില്‍ നല്‍കാന്‍ തയ്യാറാണെന്ന് സ്ഥലമുടമ വി.കെ. മുഹമ്മദ് നസീം എന്നിവര്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ ഗുരുവായൂര്‍ റെയില്‍വേഗേററിന് പടിഞ്ഞാറ് വശത്തെ 143 സെന്റ് സ്ഥലം സെന്റിന് പത്തൊമ്പതര ലക്ഷം രൂപ നിരക്കില്‍ നല്‍കുവാന്‍ സന്നദ്ധരാണെന്ന് സദാനന്ദന്‍, സുനില്‍കുമാര്‍ എന്നിവര്‍ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ച ഭരണസമിതി പ്രസ്തുത സ്ഥലങ്ങള്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ നിര്‍മ്മിക്കുന്നതിന് അനുയോജ്യമാണെന്ന് വിലയിരുത്തുകയും ഈ സ്ഥലങ്ങളുടെ ഫെയര്‍ വാല്യു നിശ്ചയിച്ച് നല്‍കുന്നതിന് ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കുന്നതിന് തീരുമാനിക്കുകയും ചെയ്തു.”
യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ ഗുരുവായൂര്‍ ക്ഷേത്രത്തിന് ചുറ്റുമുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് വില നിര്‍ണ്ണയിച്ചു കളക്ടറുടെയും തഹസില്‍ദാരുടെയും കത്തും വന്നു. ഒരു ആര്‍ അതായത് രണ്ടര സെന്റ് സ്ഥലത്തിന് ഒന്‍പത് ലക്ഷത്തി ആറായിരത്തി അറുന്നൂറ്റിപ്പത്ത് രൂപ. ക്ഷേത്രത്തിന് ഒരുകിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ നേരത്തെ ഏറ്റെടുത്ത് എത്രയോ വര്‍ഷങ്ങളായി യാതൊരു പദ്ധതിയും നടപ്പാക്കാതെ കിടക്കുന്ന ഭൂമി ഒന്നും തന്നെ ഉപയോഗപ്പെടുത്താന്‍ നോക്കാതെ പുതിയ ഭൂമി തേടുന്നതിലെയും സ്ഥലമുടമകളുടെ വാഗ്ദാനപത്രങ്ങളുടെയും പിന്നിലെ രഹസ്യമെന്തായിരിക്കും? ഒരു മെഡിക്കല്‍ സെന്റര്‍ കാര്യക്ഷമമായി നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ എങ്ങിനെയാണ് നടത്തിക്കൊണ്ടുപോവുക എന്ന സംശയത്തിനടിസ്ഥാനമില്ല. കാരണം കോടികളുടെ അക്വിസിഷന്‍, കോടികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, കോടികളുടെ അത്യാധുനിക ഉപകരണങ്ങളുടെ പര്‍ച്ചേയ്‌സ്, കോടികളുടെ നിയമനം, എല്ലാം കഴിഞ്ഞ് മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രി പ്രവര്‍ത്തിച്ചാലെന്താ ഇല്ലെങ്കിലെന്താ ഭരണസമിതിക്ക് ചേതം. നഷ്ടം സംഭവിച്ചാലും അത് ഭരണസമിതി അംഗങ്ങളെയല്ലല്ലോ ഗുരുവായൂരപ്പനെയല്ലേ ബാധിക്കുകയുള്ളൂ. ഭക്തജനങ്ങളുടെ സൗകര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള കോടികളുടെ അക്വിസിഷന്‍ നടപടികളിലൂടെയുള്ള ശാസ്ത്രീയ ഭൂമിക്കച്ചവടം ഇവിടെ വെച്ച് നിര്‍ത്തേണ്ടതുണ്ട്. ഗുരുവായൂര്‍ ക്ഷേത്രാവശ്യങ്ങള്‍ക്ക് വേണ്ടതായ ഭൂമി നിലവില്‍ കൈവശമുള്ളവയില്‍ നിന്ന് തന്നെ കണ്ടെത്തണം. ആരും മോശക്കാരല്ലെന്ന കാര്യം അടിവരയിട്ടുറപ്പിക്കാം. ഇടതുപക്ഷസര്‍ക്കാര്‍ നിയോഗിച്ച ഭരണസമിതിയുടേയും കണ്ണ് എവിടേക്കാണെന്ന് വ്യക്തമാണല്ലോ? വികസിപ്പിച്ചു വികസിപ്പിച്ച് ക്ഷേത്ര പരിപാവനതയെ നശിപ്പിക്കുകയാണ് ചിലരുടെ ഉദ്ദേശ്യം എന്നത് തര്‍ക്കമറ്റ സംഗതിയാണ്. ക്ഷേത്രസുരക്ഷയ്ക്കും ശാന്തവും ആരോഗ്യകരവുമായ അന്തരീക്ഷത്തിനും വേണ്ടി ക്ഷേത്ര മതിലിന് ചുറ്റും അക്വയര്‍ ചെയ്ത പരിമിതമായ ഭൂമിയില്‍ മനുഷ്യവിസര്‍ജ്ജ്യസംഭരണശാലയും, പാരിസ്ഥിതിക പ്രശ്‌നപരിഹാരത്തിന് മനുഷ്യ വിസര്‍ജ്ജ്യസംസ്‌കരണശാലയും നിര്‍മ്മിക്കാനുള്ള വാശിയിലാണ് ചെയര്‍മാനെന്ന് ഇ-ടോയ്‌ലറ്റ് അടക്കമുള്ള സമീപകാല ചെയ്തികള്‍ സാക്ഷ്യപ്പെടുത്തുന്നു.
ഇനി അക്വിസിഷന്‍ വിഷയത്തിലെ ദ്വൈതീഭാവം അഥവാ വൈരുദ്ധ്യാധിഷ്ഠിത സമീപനം കൂടി നോക്കി പരിസമാപ്തിയാവാം. വിഷയം ഗുരുവായൂര്‍ ക്ഷേത്രത്തിന് ചുറ്റും 100 മീറ്റര്‍ സ്ഥലം അക്വയര്‍ ചെയ്യുന്നത്. ഓരോഘട്ടത്തിലും അക്വിസിഷന്‍ അട്ടിമറിക്കാന്‍ തന്ത്രങ്ങളുമായി സര്‍ക്കാരും ഭരണസമിതിയും ഫഌറ്റുടമകളും തന്ത്രിയും നായര്‍ സര്‍വ്വീസ് സൊസൈറ്റിയും നാരായണാലയമടക്കം പല സംഘടിത ശക്തികളും ഒരു ഭാഗത്ത് നിലയുറപ്പിച്ചു. മറുഭാഗത്ത് 100 മീറ്റര്‍ അക്വിസിഷന് അനുകൂലമായി ദേവസ്വം എംപ്ലോയീസ് അസോസിയേഷനും സാമൂഹ്യപ്രവര്‍ത്തകനായ കെ.ജി. സുകുമാരന്‍ മാസ്റ്ററും അണിനിരന്നുള്ള രണ്ടു ദശാബ്ദകാലം നീണ്ടുനിന്ന നിയമപോരാട്ടം. ഇന്നും പൂര്‍ത്തീകരിക്കാത്ത നടപടികളുടെ നാള്‍ വഴി ചരിത്രം ആരെയും അത്ഭുതപ്പെടുത്തും.
1993ല്‍ ഭക്തജനങ്ങളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ക്ഷേത്രമതിലിന് ചുറ്റും 100 മീറ്റര്‍ അക്വയര്‍ ചെയ്യണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെക്കുന്നത് ഹൈക്കോടതി നിയോഗിച്ച കൃഷ്ണനുണ്ണി കമ്മീഷനാണ്. ടി നിര്‍ദ്ദേശം അംഗീകരിച്ച് OP 2071/93 ഹൈക്കോടതി വിധിയുണ്ടായി. സി.കെ. രാജന്‍ കേരളസര്‍ക്കാരിനെ കക്ഷിയാക്കി നല്‍കിയ കേസ്സില്‍ 10-01-94ല്‍ ഉണ്ടായ വിധിക്കും അന്വേഷണ കമ്മീഷനും എതിരായി ഭരണസമിതി SC 2148/94 പ്രകാരം സുപ്രീം കോടതിയെ സമീപിച്ചു. താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാര സമാനം അന്വേഷണ നടപടികള്‍ അവിടംവെച്ചവസാനിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവായി. അതുവരെ നടന്ന നടപടികള്‍ അംഗീകരിക്കുകയും, ആയവയില്‍ എന്തെങ്കിലും കാര്യങ്ങള്‍ വേണ്ടാത്തതുണ്ടെങ്കില്‍ രണ്ടുമാസത്തിനുള്ളില്‍ ഭരണസമിതി സുപ്രീംകോടതിയെ അറിയിക്കണമെന്നും വിധിയില്‍ ഉണ്ടായിരുന്നു (AIR 1994 Kerala 179). എന്നാല്‍ കൃഷ്ണനുണ്ണി കമ്മീഷന്‍ നിര്‍ദ്ദേശങ്ങളില്‍ നിന്നോ OP 2071/93 വിധിയില്‍ നിന്നോ എന്തെങ്കിലും റദ്ദ് ചെയ്യണമെന്ന് ഭരണസമിതി ആവശ്യപ്പെടുകയുണ്ടായില്ല. അങ്ങിനെ OP.2071/93 സുപ്രിം കോടതിയുടെ അംഗീകാരത്തോടെ ഇന്നും പൂര്‍ണ്ണ പ്രാബല്യത്തില്‍ നിലനില്‍ക്കുന്നുണ്ട്. അതായത് അനേകം പ്രധാന നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുന്നതില്‍ ക്ഷേത്രമതില്‍ക്കെട്ടിന് ചുറ്റുമുള്ള 100 മീറ്റര്‍ ഭൂമി അക്വയര്‍ ചെയ്യുന്ന കാര്യത്തില്‍ 1994ല്‍ തന്നെ സ്ഥിരീകരണമുണ്ടായിട്ടുണ്ടെന്നര്‍ത്ഥം.
17-02-98ന് ചേര്‍ന്ന ഭരണസമിതി അക്വിസിഷന്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ 25 മീറ്റര്‍ ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ GO (MS) No127/98/RD Dt 7-03-98 പ്രകാരം ഉത്തരവിറക്കുകയും തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ അക്വിസിഷന്‍ നടപടി ക്രമങ്ങളുടെ ഭാഗമായി 4(1) നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കുകയും ചെയ്തു. ഈ ഘട്ടത്തില്‍ രാഷ്ട്രീയ സമ്മര്‍ദ്ദഫലമായി സര്‍ക്കാര്‍ 25 മീറ്ററിന് പകരം 10 മീറ്റര്‍ ഭൂമി ഏറ്റെടുത്താല്‍ മതിയെന്ന് ഉത്തരവ് പുതുക്കി. എന്നാല്‍ 25 മീറ്റര്‍ ഭൂമി തന്നെ ഏറ്റെടുക്കണമെന്ന് 07-01-2001ലെ 47-ാം നമ്പര്‍ പ്രകാരം ദേവസ്വം ഭരണസമിതി തീരുമാനിച്ചു. 100 മീറ്റര്‍ അക്വിസിഷന്‍ വേണ്ടെന്ന നിലപാടില്‍ ഒപി നമ്പര്‍ 20000/98 ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളി.
ഭൂമി അക്വയര്‍ ചെയ്യുന്നതിലെ നടപടികളുടെ കാലവിളംബം ചൂണ്ടിക്കാട്ടി ഗുരുവായൂര്‍ ദേവസ്വം എംപ്ലോയീസ് അസോസിയേഷനും കെ.ജി. സുകുമാരന്‍ മാസ്റ്ററും ഹൈക്കോടതിയെ സമീപിച്ചു. OP 9588/2003 വിധിയില്‍ 100 മീറ്റര്‍ ഭൂമി തന്നെ അക്വയര്‍ ചെയ്യണമെന്നും ആദ്യഘട്ടമെന്ന നിലയില്‍ 25 മീറ്റര്‍ ഏറ്റെടുക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കാനും ഉത്തരവായി. എന്നാല്‍ OP 2071/93 വിധിയില്‍ 28, 29, 30 ഖണ്ഡികകളിലായി ഉത്തരവായ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുകയുണ്ടായില്ല. അതായത് ക്ഷേത്രപരിസരത്തല്ലാതെ ഭക്തജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസവും, സഞ്ചാരത്തിന് ചെയിന്‍ സര്‍വ്വീസും ക്ഷേത്രസുരക്ഷയ്ക്കും ഭാവി വികസനത്തിനും ക്ഷേത്രമതിലിന് ചുറ്റും 100 മീറ്റര്‍ സ്ഥലമെടുപ്പ് ക്ഷേത്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍, എക്‌സ്‌പെര്‍ട്ട് കമ്മിറ്റി രൂപീകരണം തുടങ്ങി ഒന്നും തന്നെ നടപ്പിലാക്കപ്പെട്ടില്ല.
വീണ്ടും നിയമപോരാട്ടങ്ങളുടെ തനിയാവര്‍ത്തനമെന്നോണം ഗുരുവായൂര്‍ ദേവസ്വം എംപ്ലോയീസ് അസോസിയേഷന്‍ CC 1142/03 പ്രകാരം കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. ഒടുവില്‍ WPC 16494/2004 (L) ഹര്‍ജിയില്‍ 11-06-2008ന് ഹൈക്കോടതി വിധിയായി. 100 മീറ്റര്‍ ചുറ്റളവില്‍ ഒരു നിര്‍മ്മിതിക്കും ഗുരുവായൂര്‍ മുനിസിപ്പാലിറ്റി അനുമതി നല്‍കരുത്. അനുമതി നല്‍കിയാല്‍ നിര്‍മ്മിതികള്‍ പൊളിച്ചു മാറ്റുന്നതടക്കമുള്ള നഷ്ടപരിഹാരം മുനിസിപ്പാലിറ്റി നല്‍കേണ്ടിവരും എന്ന് ഹൈക്കോടതി വ്യക്തമാക്കി. പിന്നാലെ തീര്‍ത്ഥക്കുളം ക്ഷേത്രത്തിന്റെ ഭാഗമല്ല എന്ന വാദത്തില്‍ WPC 34465/2008 വിധിയില്‍ ആയത് സ്ഥിരീകരിക്കുകയുണ്ടായി. ദേവസ്വം റിവ്യുപെറ്റീഷന്‍ നല്‍കുകയും നിരവധി ഹര്‍ജികള്‍ ഒപ്പം പരിഗണിക്കപ്പെടുകയുമുണ്ടായി. 766/2009 in WPC 34465/2008, RP 876/2009 in RP 1389/2008, RPNo.383/09 in RP 1387/2008, RP 904/09 in 166/09, RP 905/09 in 1391/2008, RO No 906/2008 in 16494 തുടങ്ങിയ ഹര്‍ജികളാണ് ഒന്നിച്ച് തീര്‍പ്പാക്കിയതും ക്ഷേത്രക്കുളം ക്ഷേത്രത്തിന്റെ ഭാഗമാണെന്ന് സ്ഥിരീകരിച്ച് വിധിയായതും. തടസ്സങ്ങളോരോന്നോരാന്നായി മലവെളളപ്പാച്ചില്‍ പോലെ വന്നുകൊണ്ടിരുന്നപ്പോള്‍ അസോസിയേഷന്‍, WPC 29361/2005, WPC 18818/2006 ഹര്‍ജികള്‍ ഫയല്‍ ചെയ്ത് വിധി സമ്പാദിക്കുകയുണ്ടായി. 25 മീറ്റര്‍ അക്വിസിഷന്‍ നടപടികള്‍ പൂര്‍ത്തിയാവാനിരിക്കെ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ സര്‍ക്കാര്‍ വീണ്ടും 10 മീറ്റര്‍ അക്വയര്‍ ചെയ്താല്‍ മതിയെന്ന് ഉത്തരവിറക്കുകയായിരുന്നു. എന്നാല്‍ അത് ചോദ്യംചെയ്ത അസോസിയേഷന്റെ ഹര്‍ജിയില്‍ 25 മീറ്റര്‍ തന്നെ എടുക്കണമെന്നും, ഭൂമിവില അടക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ രണ്ടാഴ്ചക്കുള്ളില്‍ നടപ്പിലാക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അവസാനം 2006ല്‍ വടക്ക്, കിഴക്ക്, പടിഞ്ഞാറു നടകളില്‍ 25 മീറ്റര്‍ വീതവും, തെക്ക്ഭാഗത്ത് 90 മീറ്ററും ഭൂമി ഏറ്റെടുക്കല്‍ യാഥാര്‍ത്ഥ്യമായി. ബാക്കി 75 മീറ്റര്‍ കൂടി കാലതാമസമില്ലാതെ അക്വയര്‍ ചെയ്യണമെന്ന അസോസിയേഷന്റെ WPC 9848/09 ഹര്‍ജിയില്‍ അതനുവദിച്ചുകൊണ്ട് വിധി പ്രസ്താവത്തിനുശേഷം മൂന്നു മാസത്തിനുള്ളില്‍ 75 മീറ്റര്‍ അക്വയര്‍ ചെയ്യാനുള്ള നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കാന്‍ വിധിയായി.
08-04-2011 ന് കേന്ദ്ര ആഭ്യന്തരവകുപ്പില്‍ നിന്നും കേരള ചീഫ് സെക്രട്ടറിക്ക് ഗുരുവായൂര്‍ ക്ഷേത്രസുരക്ഷയുമായി ബന്ധപ്പെട്ട കത്തില്‍ 20-ാം നമ്പര്‍ നിര്‍ദ്ദേശം ഭൂമി അക്വിസിഷനെകുറിച്ചാണ് പറയുന്നത്. ഹൈക്കോടതി ഉത്തരവനുസരിച്ച് 100 മീറ്റര്‍ ചുറ്റളവിനുള്ളില്‍ ഭൂമി അക്വയര്‍ ചെയ്ത് ഭക്തജന സഞ്ചയത്തെ അഥവാ ക്രമാതീതമായ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള സംവിധാനത്തിന് ക്ഷേത്രം അധികാരികളെ കേരള സര്‍ക്കാര്‍ സഹായിക്കണം എന്ന് പ്രസ്തുത കത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. 75 മീറ്റര്‍ അക്വയര്‍ ചെയ്യാനുള്ള 90% പ്രവൃത്തികളും പൂര്‍ത്തിയായിരിക്കെ പണമടക്കാനുള്ള ഘട്ടത്തില്‍ (D.D. Stage) ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സര്‍ക്കാര്‍ 75 മീറ്റര്‍ ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തലാക്കി ഉത്തരവിറക്കി. മതിയായ പണം ഇല്ലെന്ന് ടി.വി. ചന്ദ്രമോഹന്‍ അദ്ധ്യക്ഷനായ കമ്മിറ്റി തീരുമാനമെടുക്കുകയും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ GO (MS) No.424/2011/RD/tvm ഉത്തരവ് 2011 നവംബര്‍ 19ന് ഗസ്റ്റ് വിജ്ഞാപനം പുറപ്പെടുവിക്കുകയുമായിരുന്നു. അതുവരെ ചെലവഴിച്ച പണവും സമയവും പ്രയത്‌നവും വിഫലമായി. മാത്രമോ ഏറെ കഷ്ടപ്പെട്ട് കൈവശം ലഭ്യമായ 25 മീറ്റര്‍ ഭൂമിയില്‍ ഉദ്ദേശശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലും അട്ടിമറിക്കുന്ന തരത്തിലും ആണ് നിലവിലുള്ള ഭരണസമിതി പ്രവര്‍ത്തിക്കുന്നതെന്ന് കാണുമ്പോള്‍ പരിതപിക്കുകയല്ലാതെയെന്ത് ചെയ്യും? ആക്ട് പ്രകാരം ഭക്തജനങ്ങള്‍ക്കും ക്ഷേത്രത്തിനും സുരക്ഷിതത്വവും, ശാന്തവും ശുചിത്വപൂര്‍ണ്ണവുമായ അന്തരീക്ഷവും പ്രദാനം ചെയ്യാന്‍ ബാധ്യതപ്പെട്ട ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് നേരത്തെ സൂചിപ്പിച്ചപോലെ ഗ്യാസ് സംഭരണകേന്ദ്രവും മനുഷ്യമലസംഭരണികളും, മനുഷ്യമലസംസ്‌കരണശാലകളും, കോണ്‍ക്രീറ്റ് കെട്ടിടങ്ങളും ഒക്കെ ക്ഷേത്രപരിസരത്ത് തന്നെ സ്ഥാപിക്കാനുള്ള ഭീഷ്മശപഥത്തിലാണ്. അതിന്റെ പൂര്‍ത്തീകരണത്തിനായി ഹിന്ദു മതസമുദായത്തോട് യുദ്ധം പ്രഖ്യാപിച്ച്WP(C) 16494/2004 (L) 11-06-2008 ലെ സൂചിപ്പിക്കപ്പെട്ട വിധി നിലനില്‍ക്കെ തന്നെ ദൂരവ്യാപകമായ ഫലമുളവാക്കുന്ന വിധം ക്ഷേത്രപരിസരത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ഹൈക്കോടതിയുടെ തന്നെ മറ്റൊരു വിധി സമ്പാദിച്ചിരിക്കുകയാണ്. ഹിന്ദുമതസമുദായത്തിന്റെ പ്രതിനിധികളായ ഭരണസമിതി അംഗങ്ങള്‍ തങ്ങളുടെ വീക്ഷണം അടിച്ചേല്‍പ്പിക്കുന്നതും ക്ഷേത്രാന്തരീക്ഷത്തിന്റെ പരിപാവനതയ്ക്ക് കളങ്കമേല്‍പ്പിക്കുന്നതും സുരക്ഷാഭീഷണിക്ക് ആക്കംകൂട്ടുന്ന നടപടികളെടുക്കുന്നതും, ഒരിക്കലും ആര്‍ക്കും തന്നെ അംഗീകരിക്കാവുന്നതല്ല. പക്ഷെ അധികാരവും കോടതിപരിരക്ഷയും മാത്രമല്ല ദേവസ്വം സമ്പത്തും അത്തരക്കാര്‍ക്കനുകൂലമാവുന്ന സാഹചര്യമാണുള്ളത്. WPC17022 & 12705 of 2009, 23968 & 6173 of 2010 ഹര്‍ജികളില്‍ സ്വന്തമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാമെന്ന് ഹൈക്കോടതി മുമ്പാകെ സത്യവാങ്മൂലം കൊടുത്ത ഗുരുവായൂര്‍ ദേവസ്വത്തിന്റെ നിലവിലെ ഭരണാധികാരികളാണ് അത് ധിക്കരിച്ച് തോന്നിയപോലെ നിര്‍മ്മാണം നടത്താനുള്ള സ്വേച്ഛാധിപത്യത്തിനുള്ള കോടതി ഉത്തരവ് സമ്പാദിച്ചിരിക്കുന്നതെന്ന കാര്യം ഗൗരവമായി കാണേണ്ടതുണ്ട്. ഇത് ഭക്തജന സൗകര്യത്തിനോ ക്ഷേത്ര നന്മക്കോ വേണ്ടിയല്ലെന്നും സ്വാര്‍ത്ഥതാത്പര്യപ്രേരിതങ്ങളായ അജണ്ടകളുടെ ഭാഗമാണെന്നും കരുതേണ്ടിയിരിക്കുന്നു. ഹിന്ദുത്വത്തെ പാടെ എതിര്‍ക്കുന്നവരുടെ അധികാരത്തിലാണ് ഗുരുവായൂര്‍ ദേവസ്വവും ഗുരുവായൂര്‍ നഗരസഭയും കേരളസര്‍ക്കാരും എന്നത് പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. ഗുരുവായൂര്‍ എം.എല്‍.എക്ക് പോലും ഒരു ഹിന്ദുത്വ വിരുദ്ധാശയ പ്രസ്ഥാനത്തിന്റെ പ്രതിനിധിയും ഇതര മതസ്ഥനുമെന്ന നിലയില്‍ ക്ഷേത്ര നഗരിയോടോ, ഭക്തജനങ്ങളോടോ നീതി പുലര്‍ത്താന്‍ കഴിയില്ലയെന്നതാണ് സത്യം. വളരെയധികം വൃദ്ധജനങ്ങള്‍ താമസിക്കുകയും താമസംവിനാ ക്ഷേത്രദര്‍ശനമടക്കമുള്ള സ്വാഭാവികപ്രകൃതിയിലേക്ക് മടങ്ങുകയും ചെയ്യേണ്ട ക്ഷേത്രനഗരിയില്‍ കേന്ദ്രീകൃത ക്വാറന്റൈന്‍ സംവിധാനമൊരുക്കുമ്പോള്‍, ഒരുവാക്കെങ്കിലും മറുത്തു പറയാന്‍ ഗുരുവായൂര്‍ നഗരസഭാധികൃതരോ സ്ഥലം എം.എല്‍.എയോ തയ്യാറായോ? ഹിന്ദുത്വ വിരുദ്ധനിലപാടുള്ളവരുമായി സമരസപ്പെട്ടുപോകുന്ന ഹൈന്ദവ സമൂഹം ആത്മഹത്യാപരമായ നിലപാടുകളും നയവും പുനഃപരിശോധിക്കണമെന്നും തിരുത്തണമെന്നും തന്നെയാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്ന് കാണാം.
വസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്നതെന്താണ്? മേല്‍വിലാസമില്ലാത്ത കത്തിന്റെ അടിസ്ഥാനത്തില്‍ ഉപയോഗ യോഗ്യമല്ലാത്ത ഭൂമിയും, ദേവസ്വം ആവശ്യത്തിനുള്ള സബ്ബ് സ്റ്റേഷന്‍ എന്ന വ്യാജേന വൈദ്യുതിബോര്‍ഡിന് അന്യാധീനപ്പെടുത്താനെടുത്ത ഭൂമിയും തൊട്ട് അമ്പത്തി ഒന്നോളം വസ്തുക്കള്‍ അക്വയര്‍ ചെയ്ത ഭരണാധികാരികള്‍ എന്തുകൊണ്ട് ക്ഷേത്രമതിലിന് ചുറ്റും 100 മീറ്റര്‍ സ്ഥലം അക്വയര്‍ ചെയ്യാന്‍ നടപടികള്‍ സ്വീകരിച്ചില്ല? ദേവസ്വത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പഴക്കം ചെന്നതും ഇന്നും വളരെ പ്രാധാന്യമര്‍ഹിക്കുന്നതുമായ ആവശ്യമാണ് 100 മീറ്റര്‍ അക്വിസിഷന്‍.
1993 മുതല്‍ കേരളഹൈക്കോടതിയും സുപ്രീംകോടതിയും അംഗീകരിച്ചുത്തരവായ വിഷയമാണ് ടി സ്ഥലമെടുപ്പ്. നിരന്തരമായ നിയമപോരാട്ടത്തിലൂടെ അന്തിമഘട്ടത്തിലെത്തിച്ച നടപടികള്‍ അട്ടിമറിക്കപ്പെട്ടെങ്കിലും ഇന്നും ആവശ്യം നിയമാനുസൃതം പ്രാബല്യത്തിലുണ്ട്. 2010ല്‍ അക്വിസിഷനെ എതിര്‍ക്കുന്നവരുടെ നേതൃത്വത്തിലുണ്ടാക്കിയ ജനകീയ കമ്മറ്റിയുടെ ആവശ്യപ്രകാരം പുനരധിവാസം നല്‍കുന്നതിന് 22-07-2011ലെ 166/2011/GDC പ്രകാരം ഉത്തരവായിട്ടുള്ളതുമാണ്. 08-04-2011ന് കേന്ദ്ര ആഭ്യന്തരവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്തയക്കുകയും ചെയ്തിട്ടുള്ളതാണ്. ആക്ടിനെ തൃപ്തിപ്പെടുത്താന്‍ ഭക്തജനസൗകര്യമെന്ന കാരണം ചേര്‍ത്ത് നാട്ടിലുള്ള ഭൂമിയൊക്കെ അക്വയര്‍ ചെയ്യാന്‍ ആര്‍ത്തിപിടിച്ച് വെപ്രാളം പൂണ്ട് സബ്ബ് കമ്മറ്റിയും രൂപീകരിച്ച് കാത്തിരിക്കുന്ന ഇപ്പോഴത്തെ ഭരണാധികാരികള്‍ ദേവസ്വത്തിന്റെ അടിയന്തരാവശ്യമായ 100 മീറ്റര്‍ അക്വിസിഷന്‍ നടത്താന്‍ തയ്യാറാവാത്തത് എന്തുകൊണ്ടാണ്? ക്ഷേത്രപരിസരത്ത് വികസനത്തിന്റെ പെരുമഴ പെയ്യിക്കാനിറങ്ങിത്തിരിച്ച ചെയര്‍മാന് അതിനാവശ്യമായ സ്ഥലം ഏറ്റെടുക്കാനുള്ള ബാധ്യതയുമില്ലേ?
1993 മുതലുള്ള കാലഘട്ടത്തില്‍ ഏറ്റെടുക്കേണ്ടിയിരുന്ന ഭൂമി 2020 കാലഘട്ടത്തില്‍ ഏറ്റെടുക്കുന്നതായാലുണ്ടാവുന്ന ഭീമമായ സാമ്പത്തിക നഷ്ടം ആര് നികത്തും? അക്വിസിഷന്റെ സാധ്യതകളേറെയാണ്. അതിലേറെയാണ് ദുരൂഹതകള്‍. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ യഥാര്‍ത്ഥ നിയമാനുസൃത അവകാശികളായ ഹിന്ദുമത സമുദായത്തിന്റെ സവിശേഷശ്രദ്ധയും, ജാഗ്രതയും ഇനിയെങ്കിലും സമൂര്‍ത്തമാവേണ്ടതുണ്ട്. ക്ഷേത്രകാര്യങ്ങള്‍ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും ഇതര മതകാര്യങ്ങളുമായുമൊക്കെ ഇഴപിരിക്കാനാവാത്ത തരത്തില്‍ അദൃശ്യങ്ങളായ അന്തര്‍ധാരകളാല്‍ വലയപ്പെട്ടു കിടക്കുന്ന യാഥാര്‍ത്ഥ്യത്തിന് നേരെ കണ്ണടക്കാതിരിക്കുകയെന്നതാണ് ഓരോരുത്തരുടെയും ദൗത്യമെന്ന് ബോധ്യപ്പെടുത്തുന്നതാണ് മേല്‍ സത്യങ്ങള്‍.
(തുടരും)