എന്തിനാണ് കേരളത്തില്‍ ഇത്രയധികം ബോര്‍ഡുകളും കോര്‍പ്പറേഷനുകളും. ചെയര്‍മാന്‍മാര്‍ക്ക് കാറും വീടും നല്‍കാനും ബോര്‍ഡ് അംഗങ്ങള്‍ക്ക് പടി നല്‍കാനും വേണ്ടിയാണോ ഈ സംവിധാനങ്ങളെല്ലാം. ഈ കൊച്ചു കേരളത്തില്‍ 134 ഡിപ്പാര്‍ട്ടുമെന്റുകളാണ് ഉള്ളത്. എന്തിനാണ് 134 ഡിപ്പാര്‍ട്ടുമെന്റുകള്‍. എം.ഡി.മാരുടെയും ആഫീസുകളുടെയും എണ്ണം വര്‍ദ്ധിപ്പിച്ച് ഖജനാവ് ധൂര്‍ത്തടിക്കാനാണോ? ഇക്കാര്യങ്ങളിലൊന്നും ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ ശ്രദ്ധിക്കുന്നില്ലെങ്കിലും ഈ കമ്മീഷന്‍ ഈ സര്‍ക്കാരിന്റെ കാലയളവിനിടയില്‍ നമ്മുടെ 7.6 കോടി രൂപ തുലച്ചിട്ടുണ്ട്.
ഈ ബ്യൂറോക്രസി വികസനത്തിനു പുറമെയാണ് ധനധൂര്‍ത്ത് രാഷ്ട്രീയം. 21 പി.എസ്.സി. മെമ്പര്‍മാരാണ് നമുക്കുള്ളത്. ഇവര്‍ക്ക് രണ്ടുലക്ഷത്തോളമാണ് ശമ്പളം. പിന്നെ വീടും, കാറും, ഡ്രൈവറും. ആറുമാസം പി.എസ്.സി. അംഗമായിരുന്നാല്‍ ആയുഷ്‌ക്കാലം മുഴുവന്‍ ശമ്പളത്തിന്റെ പകുതി പെന്‍ഷനായി നല്‌കേണ്ടിവരുന്നു. യു.പി.സിക്ക് 10 അംഗങ്ങള്‍ മാത്രമാണുള്ളത്. വലിയ സംസ്ഥാനമായ മധ്യപ്രദേശില്‍ മൂന്നംഗങ്ങളാണുള്ളത്. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ 2 വര്‍ഷം കഴിഞ്ഞുകൂടാമെങ്കില്‍ ആയുഷ്‌ക്കാലം മുഴുവന്‍ പെന്‍ഷന്‍ കിട്ടും. ഇതിനൊക്കെയായി കടമെടുത്ത് കേരളം മുടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതുവരെ കേരളത്തിനുണ്ടായിരുന്ന മൊത്തം കടത്തിന്റെ ഇരട്ടിയിലധികമായിരിക്കുന്നു ഇക്കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് വരുത്തിവെച്ചകടം. കടത്തിന്റെ പലിശ കേരളീയര്‍ക്ക് വലിയൊരു ബാദ്ധ്യതയായി തീര്‍ന്നുകൊണ്ടിരിക്കുന്നു.
ഇത്തരത്തില്‍ നേരിട്ടുള്ള സര്‍ക്കാര്‍ കടം കൂടാതെയാണ് കിഫ്ബിയെന്നോരു സ്ഥാപനത്തെ കടം വാങ്ങാനായി പ്രതിഷ്ഠിച്ചിരിക്കുന്നത്. ബോണ്ടുകള്‍ വഴിയും അല്ലാതെയും ഈ സ്ഥാപനം കടം വാങ്ങുന്നു. സര്‍ക്കാര്‍ ഗ്യാരണ്ടിയിലെടുക്കുന്ന ഈ കടത്തിന്റെ ബാദ്ധ്യതയും കിഫ്ബി നഷ്ടമായാല്‍ സംസ്ഥാന ജനത ആ ഭാരം കൂടി വഹിക്കേണ്ടിവരും. ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതും കോര്‍പ്പറേറ്റുകളെ ഉല്പാദന നികുതിയില്‍ നിന്നും ഒഴിവാക്കുന്നതുമായ ജിഎസ്ടിയെ പിന്തുണച്ചിരുന്ന ഒരു ധനകാര്യമന്ത്രിയാണ് നമുക്കുള്ളത്. ഇപ്പോള്‍ ധനമന്ത്രി പറയുന്നു ജിഎസ്ടിയെ പിന്തുണച്ചത് മണ്ടത്തരമായി പോയെന്ന്.
കേരളത്തിലെ പ്രധാന പ്രതിപക്ഷം ഭരണത്തിലിരുന്ന കാലഘട്ടവും അത്രസുഖകരമായിരുന്നില്ല. സര്‍ക്കാരിനു വിവരശേഖരണ സംവിധാനം ഉണ്ടായിട്ടും വിദേശകമ്പനിയായ സ്പ്രിന്‍ക്ലറിനാണ് ഈ സര്‍ക്കാര്‍ ആ ജോലി കൊടുത്തതെങ്കില്‍, എന്തുപറയാനും പ്രവര്‍ത്തിക്കാനും മടിക്കാത്ത ‘സരിത’ എന്ന ഒരു സ്ത്രീയാണ് കഴിഞ്ഞ സര്‍ക്കാരിന്റെ വിവരശേഖരണം നടത്തിയതും, അവര്‍ ഇടഞ്ഞപ്പോള്‍ അത് പുറത്തുവിട്ടുകൊണ്ടിരിക്കുന്നതും. സ്ത്രീവിഷയവും, അഴിമതിയും തമ്മില്‍ത്തല്ലുമാണ് അന്ന് പൊതുജനങ്ങള്‍ അറിഞ്ഞുകൊണ്ടിരുന്നത്. അവരുടെ അണികളില്‍ അധികം പേരും അവരവരുടെ നാട്ടിലെ ജനങ്ങള്‍ക്ക് സ്വീകാര്യരുമല്ല. ഇവരില്‍ ചിലര്‍ നാട്ടുകാരില്‍ നിന്നും പലകാര്യങ്ങള്‍ സാധിച്ചു കൊടുക്കാനായി പണം പിരിച്ചശേഷം സെക്രട്ടറിയേറ്റിലും സര്‍ക്കാര്‍ ആഫീസുകളിലും വലംവച്ചു നടക്കുന്നവരായിരുന്നു.
സാധാരണ ജനങ്ങള്‍ക്ക് താങ്ങാനാവുന്ന ഒരു ജീവിതക്രമമോ അവര്‍ക്കും ഫീസ് കൊടുത്ത് പഠിക്കാന്‍ കഴിയുന്നതും പരിസ്ഥിതിസന്തുലനം തകര്‍ക്കാത്തതും കുടിയൊഴിപ്പിക്കാത്തുമായ ഒരു വികസനകാഴ്ചപ്പാട് ഈ സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്നില്ല. കോര്‍പ്പറേറ്റുകളെ കൊഴുപ്പിക്കുന്നതും ബ്യൂറോക്രസികളെ സംതൃപ്തിപ്പെടുത്തുന്നതുമാണ് വികസനമെന്ന് ഇവിടെ മാറി മാറി ഭരിക്കുന്ന സര്‍ക്കാറുകള്‍ ധരിച്ചു വശായിരിക്കുന്നു. ആറന്മുളയ്ക്ക് പകരം അതിനെക്കാള്‍ പരിസ്ഥിതി ലോലപ്രദേശത്ത് വിമാനത്താവളം നിര്‍മ്മിക്കുന്നതാണ് നവകേരള വികസനമെന്ന് ഇവര്‍ കരുതുന്നു.
അഞ്ചുലക്ഷത്തിയിരുപത്തിഅയ്യായ്യിരം ഏക്കര്‍ ഭൂമിയാണ് ഹാരിസണും ടാറ്റയും അടക്കമുള്ള പ്ലാന്റേഷന്‍ മാഫിയകള്‍ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായി കൈവശം വെച്ചുകൊണ്ടിരിക്കുന്നത്. ഹാരിസനടക്കമുള്ള തോട്ടം കുത്തകകള്‍ കൈവശംവച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാനുള്ള സ്‌പെഷ്യല്‍ ഓഫീസര്‍ പദവിയില്‍ നിന്ന് രാജമാണിക്യത്തെ മാറ്റിയത് വിദേശതോട്ടം കുത്തകകള്‍ക്കും അവരുടെ ബിനാമികളായ ഭൂമാഫിയകള്‍ക്കും കൈയ്യേറ്റക്കാര്‍ക്കും വേണ്ടി നടത്തിയ പാദസേവയാണ്. 2016 ജൂണില്‍ രാജമാണിക്യം പിണറായി സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ട് നാല് വര്‍ഷത്തിലേറെയായി റവന്യൂവകുപ്പും മുഖ്യമന്ത്രിയുടെ ഓഫീസും ചേര്‍ന്ന് ഫ്രീസറില്‍ വെച്ചിരിക്കുകയാണ്. സര്‍ക്കാര്‍ തന്നെ നിയമിച്ച അഞ്ച് കമ്മീഷനുകള്‍ നടത്തിയ പഠനങ്ങള്‍ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. ജന്മിത്തനാടുവാഴിത്ത വിരുദ്ധസമര ചരിത്രങ്ങളില്‍ ഊറ്റം കൊള്ളുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാറാണ് ജനങ്ങള്‍ക്ക് അവകാശപ്പെട്ട അഞ്ചേകാല്‍ലക്ഷം ഏക്കര്‍ഭൂമി തട്ടിയെടുത്ത വിദേശതോട്ടം കുത്തകകള്‍ക്കും അവരുടെ കോര്‍പ്പറേറ്റ് ബിനാമികള്‍ക്കും വേണ്ടി ഉറച്ച നിലപാട് എടുത്തിരിക്കുന്നത്.
ഈ തോട്ടം മേഖലയെ കൂടാതെ തന്നെ ഇപ്പോള്‍ നമ്മുടെ ഭൂമി നവകോളോണിയന്‍ കോര്‍പ്പറേറ്റുകളുടെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ്. കേരളത്തില്‍ പലഘട്ടങ്ങളിലായി അവതരിപ്പിച്ച നിയമങ്ങള്‍ എല്ലാംതന്നെ ഭൂമിയില്‍ അദ്ധ്വാനിക്കുന്നവന്റെ അവകാശങ്ങള്‍ മറന്നുകൊണ്ടുള്ളതായിരുന്നു. ഉദാഹരണത്തിനായി ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ഭൂമിപരിഷ്‌കരണനിയമം എടുത്തുപരിശോധിച്ചു നോക്കാം. ഭൂമി ജന്മിമാരില്‍ നിന്നും പാട്ടത്തിനെടുത്ത കുടിയാനെ കൈവശകര്‍ഷകനായി പരിഗണിച്ച് കൈവശഭൂമി അവന് ലഭിക്കുകയും മണ്ണില്‍ അദ്ധ്വാനിച്ച യഥാര്‍ത്ഥ കര്‍ഷകനെ അടിയാന്‍ ഗണത്തില്‍പെടുത്തി കുടികിടപ്പ് അവകാശത്തില്‍ ഒതുക്കി നിറുത്തുകയും ഭൂഉടമസ്ഥതയില്‍ നിന്ന് അവനെ അകറ്റി നിര്‍ത്തുകയും ചെയ്തു. ഭൂപരിഷ്‌കരണം അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ കേരളത്തില്‍ കര്‍ഷകജനസംഖ്യയിലെ ബഹുഭൂരിപക്ഷവും ആറ്റു പുറമ്പോക്കുകളിലും റെയില്‍വേ പുറമ്പോക്കുകളിലും, പട്ടികജാതി, പട്ടികവര്‍ഗ്ഗ, ഗിരിവര്‍ഗ്ഗ കോളനികളിലും നരകതുല്യം ജീവിതം തുടരുന്നു.
വാണിജ്യകൃഷിയും വയലേലകളും യന്ത്രങ്ങള്‍ കൈയ്യടക്കിയതോടെ പാടത്തും നിന്നും കര്‍ഷകതൊഴിലാളികള്‍ പുറംതള്ളപ്പെട്ടു. മണ്ണില്‍ പണിയെടുത്തിരുന്ന മനുഷ്യരോട് ഭൂപരിഷ്‌കരണനിയമം ചെയ്തത് ഇതാണ്. ദലിത്-ആദിവാസികള്‍, തോട്ടം തൊഴിലാളികള്‍, കര്‍ഷകതൊഴിലാളികള്‍, കൂലിപ്പണിക്കാര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരില്‍ നല്ലൊരു വിഭാഗം ഇന്ന് ഭൂരഹിതരാണ്. ഇവരെല്ലാം ബി.പി.എല്‍ പട്ടികയിലുള്‍പ്പെട്ടും ക്ഷേമപെന്‍ഷനുകള്‍ വാങ്ങിയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കൂലിത്തൊഴിലാളികളായും ജീവിതം തള്ളിനീക്കുന്നു. നേരത്തെ അടിയാളന്മാരായിട്ടാണെങ്കിലും പൊതുസമൂഹത്തില്‍ ലയിച്ചുചേര്‍ന്നു ജീവിച്ചിരുന്നു. ഭൂപരിഷ്‌ക്കരണം അദ്ധ്വാനവര്‍ഗ്ഗത്തിനു നല്‍കിയ രണ്ട് സെന്റ്, നാല്് സെന്റ്, ലക്ഷം വീടുകോളനികള്‍ എന്നിവയിലേക്ക് അവര്‍ ചേക്കേറി. ഇവരുടെ പുതുതലമുറ ഗള്‍ഫ് രാജ്യങ്ങളില്‍ പണിയെടുക്കാന്‍ പോയതുമില്ല.
12 ലക്ഷത്തില്‍ കൂടുതല്‍ പേര്‍ പാര്‍പ്പിടരഹിതരായി അലഞ്ഞുതിരിയുമ്പോള്‍ 11 ലക്ഷത്തിലേറെ വീടുകള്‍ ആള്‍ പാര്‍പ്പില്ലാതെ അടച്ചിട്ടിരിക്കുന്നു. ഭൂമിയ്ക്കായി ചെങ്ങറയിലും അരിപ്പയിലും മുത്തങ്ങയിലും മേപ്പാടിയിലും തെവരമലയിലും സമരങ്ങള്‍ അരങ്ങേറുന്നു. ഭൂപരിഷ്‌ക്കരണത്തില്‍ കേരളത്തിലെ 65 ശതമാനം വരുന്ന തോട്ടഭൂമിയെ ഭൂപരിധിയില്‍ നിന്ന് മാറ്റിനിറുത്തുകയും ചെയ്തു. ഇവ കൂടാതെയാണ് ഭൂപരിഷ്‌ക്കരണം പള്ളി കുടുംബട്രസ്റ്റുകളെ ഭൂപരിധിയില്‍ നിന്ന് ഒഴിവാക്കി കൊടുത്തത്. അതുകൊണ്ടാണ് ഭൂമിക്കുവേണ്ടി മേല്‍പ്പറഞ്ഞ സ്ഥലങ്ങളില്‍ സമരങ്ങള്‍ അനിവാര്യമാക്കിത്തീര്‍ത്തത്.
കോര്‍പ്പറേറ്റ് ചങ്ങാത്ത വികസനമാണ് സാമ്പത്തിക വളര്‍ച്ചയെന്നും സംസ്ഥാനപുരോഗതിയ്ക്ക് ഇത് മുഖ്യഘടകമാണെന്നുമുള്ള തെറ്റായ നയം സര്‍ക്കാര്‍ സ്വീകരിക്കുന്നു. പരിസ്ഥിതി സൗഹൃദവും, മര്‍ദ്ദിത-പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെ ശാക്തീകരണവും മൊത്തം ജനങ്ങളുടെ ജീവിതനിലവാരത്തിലെ ഗുണപരമായ മാറ്റങ്ങളുമാണ് ഒരു ജനപക്ഷ ‘വികസന’ പരിപ്രേക്ഷ്യമെന്ന് ഭരണകൂടങ്ങളും ഭരണനിര്‍വ്വഹണവും മനസ്സിലാക്കുന്നില്ല. സാമ്പത്തിക ബന്ധത്തിലൂടെ മാത്രം എല്ലാം വിലയിരുത്തുന്ന ഒരു പ്രത്യയശാസ്ത്രത്തിനു സാമൂഹ്യ-പ്രകൃതി ബന്ധത്തെ പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്നുവരും. അസന്തുലിതവും പരിസ്ഥിതി നൈതികത ഇല്ലാത്തതുമായ രാഷ്ട്രീയ പ്രയോഗം പ്രകൃതിവിരുദ്ധവും അതുകൊണ്ടുതന്നെ മനുഷ്യവിരുദ്ധവുമാണ്. വികസന സങ്കല്‍പ്പങ്ങളാല്‍ പുറന്തള്ളപ്പെടുന്നവരുടെ എണ്ണം കേരളസമൂഹത്തില്‍ കൂടിക്കൂടി വരുന്നു.
വിശപ്പടക്കുവാനും വീട് വയ്ക്കുവാനും കുടുംബം സംരക്ഷിക്കാനും ഗള്‍ഫ്-പാശ്ചാത്യനാടുകളാണ് മലയാളികള്‍ക്ക് വാഗ്ദത്ത ഭൂമിയായത്. കോവിഡ്-19-ന്റെ പ്രത്യാഘാതത്തില്‍ ലോകം സാമ്പത്തികമാന്ദ്യത്തിലേക്ക് എടുത്തെറിയപ്പെടാം. അപ്പോള്‍ അവിടങ്ങളിലെ പല പ്രോജക്ടുകളും നിര്‍ത്തിവയ്ക്കാന്‍ അവര്‍ നിര്‍ബന്ധിതരാകും. അതോടെ പ്രവാസികള്‍ കേരളത്തിലേക്ക് ഒഴുകാന്‍ സാധ്യതയുണ്ട്. ഇവരെ മുന്നില്‍ കണ്ടുകൊണ്ടു കൂടിവേണം നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി രൂപം കൊടുക്കാന്‍. ഈ പ്രവാസികള്‍ നമ്മുടെ ദാരിദ്ര്യത്തെ മാത്രമല്ല, അകറ്റി നിറുത്തിയിരുന്നത്. കേരളത്തെ ചലനാത്മകമാക്കുകയും കേരളത്തിന്റെ സാമ്പത്തികനില ഏറെക്കുറെ ഉയര്‍ത്തിനിറുത്തുകയും ചെയ്തത് ഇവരാണ്. ഇവരെ ഇരുകൈകളും നീട്ടി സ്വീകരിക്കാന്‍ നാം ബാധ്യസ്ഥരാണ്. അതിനായും നാം തയ്യാറെടുക്കേണ്ടിയിരിക്കുന്നു.
വികസനമെന്നത് സാമ്പത്തികവളര്‍ച്ച മാത്രമായി കാണരുത്. സാമൂഹികനീതിയെന്ന കാഴ്ചപ്പാടിലൂടെയാണ് പരിഗണിക്കപ്പെടേണ്ടത്. അത് ജനങ്ങളുടെ ഗുണനിലവാരവര്‍ദ്ധനവിലൂടെ ആയിരിക്കണം. വരുമാനം ഇത്രകൂടി എന്ന് പണത്തിന്റെ രൂപത്തില്‍ പറയുന്നത് വികസനമല്ല. സാമ്പത്തികവര്‍ദ്ധനവ് നീതിപൂര്‍ണ്ണമായി വിതരണം ചെയ്യുന്നതിനുള്ള ഒരു സംവിധാനമാണ് നമുക്ക് വേണ്ടത്. നീതി പൂര്‍ണ്ണമായ ഒരു വ്യവസ്ഥിതി നിര്‍മ്മിക്കാന്‍ ലോകത്തിലുണ്ടായിട്ടുള്ള ഒരു പ്രത്യയശാസ്ത്രത്തിനും കഴിയുമെന്ന് തോന്നുന്നില്ല. എന്നാല്‍, അനീതി കുറച്ചുകൊണ്ടുള്ള ഒരു സംവിധാനം ഉറപ്പുവരുത്താന്‍ നമുക്ക് കഴിയും.