ഇന്നൊരിക്കലെന്നു കേള്‍ക്കി-
ലുണ്ടിരട്ടി മധുരമാ-
ണന്നു രണ്ടിടത്തിലുണ്ടു
ഹൃദ്യമായ ഭോജനം.
ഒന്നു വീട്ടിലമ്മ നല്‍കു-
മെന്നുമുള്ള ഭക്ഷണം
പിന്നെയൊ, ന്നൊരിക്കലിന്നു-
മറ്റേയമ്മ* വച്ചതാം,
കായ, പയറു, ചേമ്പു ചേര്‍-
ത്തെത്രയും വിശിഷ്ടമാം
കൂട്ടുനല്‍പ്പുഴുക്കു മുന്‍പി-
ലോര്‍മ്മതന്നെ ധന്യമാം.
ഒറ്റനേരമല്‍പ്പമാത്ര-
മാഹരിക്കലാണു, പ-
ണ്ടൊരിക്കല്‍ നല്ല ശീലമാ-
ണെന്നറിയുമെങ്കിലും,
ഉള്ളിലുണ്ടു ഭക്ഷണത്തി-
നാര്‍ത്തി കുഞ്ഞുനാളിലെ-
ന്നറിഞ്ഞു നല്‍കുമമ്മമാര്‍
വേണ്ടപോല്‍ വിളമ്പിടും.
ഇന്നൊരിക്കലില്ല, ഞാനി-
രിപ്പു നൂറുകൂട്ടമെന്‍
മുന്‍പി,ലമ്മമാരെയോര്‍ത്തു
കണ്ണുനീരിനുപ്പുമായ്.
* മറ്റേയമ്മ – മറ്റേമ്മ (അമ്മൂമ്മ)