‘രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആദര്‍ശവും പ്രവര്‍ത്തനങ്ങളും ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥയും ഭീതിയും ജനിപ്പിക്കുകയും വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് വഴിമരുന്നിടുകയും ചെയ്യുന്നു’ എന്ന സംഘവിരോധികളായ കപടമതേതര രാഷ്ട്രീയക്കാരുടെയും കമ്മ്യൂണിസ്റ്റ്കാരുടെയും ഇടതുപക്ഷചിന്താഗതിക്കാരായ ‘ബുദ്ധി’ജീവികളുടെയും പ്രചാരണം, സ്വാതന്ത്ര്യപ്രാപ്തിക്കുമുമ്പ് ആള്‍ ഇന്ത്യ മുസ്ലിംലീഗ് നടത്തിയിരുന്ന പ്രചാരണത്തിന്റെ തുടര്‍ച്ച മാത്രമാണ്.
1945 മെയ് മാസം 13ന് ആള്‍ ഇന്ത്യാ മുസ്ലിംലീഗിന്റെ മുഖപത്രമായ ‘ഡോണി’ന്റെ മുഖപ്രസംഗത്തിലൂടെ അവര്‍ ഉത്തരവാദപ്പെട്ട കോണ്‍ഗ്രസ് നേതാക്കന്മാര്‍ സംഘത്തിന്റെ ലക്ഷ്യം, പ്രവര്‍ത്തനങ്ങള്‍ എന്നിവയെ സംബന്ധിച്ച് വിയോജിപ്പ് പരസ്യമായി പ്രകടമാക്കിയിട്ടില്ല എന്നതില്‍ ഞങ്ങള്‍ ഖേദിക്കുന്നു; സംഘത്തിന്റെ ലക്ഷ്യം, പ്രവര്‍ത്തനങ്ങള്‍ എന്നിവയെ അപലപിക്കണമെന്ന ഞങ്ങളുടെ അഭ്യര്‍ത്ഥന ചെവിക്കൊള്ളാതെ ഈ വിഷയത്തില്‍ ഗാന്ധിയും നെഹ്‌റുവും മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും മൗനമവലംബിക്കുന്നതിലും ഞങ്ങള്‍ക്ക് ഖേദമുണ്ട്.” എന്ന ആരോപണം ഉന്നയിച്ചു! ഇതുകൊണ്ടും തൃപ്തിവരാതെ, അതേ വര്‍ഷം മെയ് 31ന് മുഖപ്രസംഗത്തിലൂടെ സംഘത്തെ നിരോധിക്കണമെന്ന ആവശ്യവും ഡോണ്‍ മുന്നോട്ടുവെച്ചു.
കാര്യങ്ങള്‍ ഇവിടംകൊണ്ട് അവസാനിച്ചില്ല. 1940 കളുടെ ഉത്തരാര്‍ദ്ധത്തില്‍, ഭാരതവിഭജനമെന്ന ലീഗിന്റെ കര്‍ക്കശമായ നിലപാടിന്റെ പശ്ചാത്തലത്തില്‍, വര്‍ഗ്ഗീയ വികാരങ്ങളും വിദ്വേഷവും സ്വാഭാവികമായും വളര്‍ന്നുകൊണ്ടിരുന്ന അവസരത്തിലാണ് കേന്ദ്ര അസംബ്ലി അംഗമായ അഹമ്മദ് ഇ.എച്ച്. ജാഫര്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തെ സംബന്ധിച്ച പരസ്പരം ബന്ധപ്പെടുന്ന മൂന്ന് ചോദ്യങ്ങള്‍ അസംബ്ലിയില്‍ ഉന്നയിച്ചത്. പ്രസ്തുത ചോദ്യങ്ങള്‍ ഇപ്രകാരമായിരുന്നു:
”(എ) സര്‍ക്കാര്‍ ഒരു കമ്മറ്റിയെ നിയോഗിച്ചതിന്റെ ഉദ്ദേശ്യം ആര്‍.എസ്.എസ്സിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ വേണ്ടിയായിരുന്നോ എന്ന് ആദരണീയനായ ഹോം മെമ്പര്‍ വ്യക്തമാക്കുമോ?”
”(ബി) ആര്‍.എസ്.എസ്സിന്റെ സമീപകാല പ്രവര്‍ത്തനങ്ങളെക്കുറിച്ച് സര്‍ക്കാരിന് എന്തെങ്കിലും പരാതികള്‍ ലഭിച്ചിട്ടുണ്ടോ?”
”(സി) സംഘത്തിന് ഭാരതത്തിലുടനീളം ശാഖകള്‍ ഉണ്ടെന്നത് വസ്തുതയാണോ?”
ഈ പശ്ചാത്തലത്തില്‍, ഭാരത സര്‍ക്കാരിന്റെ, സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ നേതൃത്വം നല്‍കുന്ന ആഭ്യന്തര വകുപ്പ് പൂര്‍ണ വിവരങ്ങളും നല്‍കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് ഈ ചോദ്യങ്ങള്‍ എല്ലാ പ്രവിശ്യകള്‍ക്കും ചീഫ് കമ്മീഷണര്‍മാര്‍ക്കും അയച്ചുകൊടുത്തു (F-28/3/47 PolI) പ്രവിശ്യകളില്‍ നിന്നും ലഭിച്ച മറുപടികളുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പിന്റെ മറുപടി ഇപ്രകാരമായിരുന്നു: ”ആര്‍.എസ്.എസ്സിന് മദ്രാസ്, ബോംബെ, യു.പി., പഞ്ചാബ്, ബീഹാര്‍, മദ്ധ്യപ്രവിശ്യ (സി.പി.) എന്നീ പ്രവിശ്യകളിലും ബേറാര്‍, സിന്ധ്, ദല്‍ഹി, അജ്‌മേര്‍, ബലൂചിസ്ഥാന്‍ എന്നിവിടങ്ങളിലും അനേകം ശാഖകളുണ്ടെങ്കിലും ഈ ഏതെങ്കിലും പ്രവിശ്യകളില്‍ സംഘടിതമായി കലാപം നടന്നതിന്റെ ഉത്തരവാദിത്തം അതിനുമേല്‍ ചുമത്താന്‍പോന്ന യാതൊരു തെളിവും ലഭ്യമല്ല. ആര്‍.എസ്.എസ്സിന് മദ്രാസില്‍ ഏകദദേശം 110 ശാഖകളുണ്ടെങ്കിലും അതിലെ അംഗങ്ങളാരും ഒരു കലാപത്തിലും പങ്കുചേര്‍ന്നിട്ടില്ല.
ഒറീസ്സയില്‍, കട്ടക്കില്‍ സംഘത്തിന് ഒരു ശാഖ മാത്രമാണുള്ളത്. ദല്‍ഹിയില്‍, പ്രവിശ്യയിലാകമാനം ആര്‍.എസ്.എസ്സിന് ശാഖകളുണ്ട്. അതിന്റെ ചില അംഗങ്ങള്‍ അടുത്തയിടെ നടന്ന കലാപങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അജ്‌മേറില്‍ സംഘത്തിന് അഞ്ച് ശാഖകള്‍ ഉണ്ടെങ്കിലും അവയ്ക്ക് വര്‍ഗ്ഗീയ കലാപങ്ങളുമായി യാതൊരു ബന്ധവുമില്ല (F-28/3/47 പുറം 3435).
വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യ (NWFP) യിലെ സര്‍ക്കാര്‍, സംഘത്തിന്റെ വര്‍ഗ്ഗീയരഹിത സ്വഭാവത്തെ പ്രശംസിക്കുകയാണ് ചെയ്തത്: ”ആര്‍.എസ്.എസ് സംഘം ഒരു ക്രിമിനല്‍ സംഘടനയല്ല. ശാരീരിക വ്യായാമം, വാള്‍, വടി എന്നിവയുടെ പ്രയോഗം തോക്ക് ഉപയോഗിക്കല്‍, ഡമ്മി ഗ്രനേഡുകളെന്നു തോന്നിക്കുന്ന പന്തുകള്‍ എറിയല്‍ എന്നീ കാര്യങ്ങളിലെല്ലാം അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നുണ്ടെങ്കിലും, വടക്ക് – പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയില്‍ അത് തീവ്രവാദ പ്രവണത കാഴ്ചവെക്കുന്നില്ല. ഈ പ്രവിശ്യയില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാണ് എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ ഈ പരിശീലനം ആത്മരക്ഷ മാത്രം ലക്ഷ്യമാക്കിയുള്ളതാണ് എന്നുവേണം പറയാന്‍. വടക്ക് – പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയില്‍ ഹിന്ദുക്കള്‍ പാര്‍ക്കുന്നയിടങ്ങളാല്‍ ആര്‍.എസ്.എസ്. സംഘത്തിന് ധാരാളം ശാഖകളുണ്ട്. വടക്ക് – പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയില്‍ നടന്ന ഒരു കലാപത്തിനും അതുത്തരവാദിയല്ല.” (F-28/3/47, chief Secretary to government, NWFP to Home in, New Delhi dated 21st January, 1947)
ബോംബെ, വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യ, ബീഹാര്‍, മദ്രാസ് എന്നീ പ്രവിശ്യകളില്‍ നിന്നും യാതൊരു പരാതിയും ആര്‍.എസ്.എസ്സിന് എതിരായി ലഭിച്ചില്ല. മറ്റ് ചില പ്രവിശ്യകളില്‍ നിന്ന് പരാതികള്‍ ലഭിച്ചിരുന്നുവെങ്കിലും അവ അടിസ്ഥാനരഹിതമായിരുന്നു. മദ്ധ്യപ്രവിശ്യ-ബേറാര്‍ സര്‍ക്കാരിന് ജബല്‍പ്പൂരിലെ മുസ്ലിംലീഗ് സെക്രട്ടറിയില്‍ നിന്ന് ലഭിച്ച പരാതി 1946 നവംബര്‍ 20 ന് ജബല്‍പ്പൂരില്‍ 1000 സ്വയംസേവകര്‍ പങ്കെടുക്കുന്ന സാംഘിക്കിനെതിരെ പ്രതിഷേധമറിയിച്ചുകൊണ്ടുള്ളതായിരുന്നു. സംയുക്ത പ്രവിശ്യ (യു.പി) യിലെ സര്‍ക്കാരിന് 1946 ജൂണ്‍ 5ന് ബറേലിയിലെ ഒരു വ്യക്തിയില്‍ നിന്നു ലഭിച്ച കമ്പി സന്ദേശം ക്രമസമാധാനത്തിന് ആര്‍.എസ്.എസ് ഒരു ഭീഷണിയാണെന്ന് അറിയിച്ചുകൊണ്ടുള്ളതായിരുന്നു (F28/3/47 പുറം 34). സംഘത്തെ സംബന്ധിച്ച് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്ന് ഒറീസ്സാ സര്‍ക്കാര്‍ അറിയിച്ചുവെങ്കിലും, ‘ശാഖ ഒറീസ്സയിലെ മുസ്ലിങ്ങള്‍ക്ക് നേരിട്ടുള്ള വെല്ലുവിളിയാണെന്ന്’ അറിയിച്ചുകൊണ്ട് ഒരു പ്രാദേശിക ലീഗ് ഭാരവാഹി കട്ടക്കിലെ ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നല്‍കിയിരുന്നു. സര്‍ക്കാര്‍ ഒരന്വേഷണത്തിന് ഉത്തരവിടുകയും ‘മുസ്ലിംലീഗിന്റെ ഭീതി അടിസ്ഥാനരഹിത’മാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു (F-28/3/47, Government of Orissa to Home Department, New Delhi dated Feb.5 1947, പുറം 8)
ആര്‍.എസ്.എസ്സിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ ശ്രദ്ധിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടും സംഘടനയെ നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ടും മാധ്യമങ്ങളിലൂടെയും മറ്റ് രീതികളിലും പഞ്ചാബ് സര്‍ക്കാരിന് ആര്‍.എസ്.എസ്സിനെതിരെ പരാതികള്‍ കിട്ടിയിരുന്നു. പഞ്ചാബിലെ ഏറെക്കുറെ എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും സംഘത്തിന് ശാഖകളുണ്ട്. ഈ പ്രവിശ്യയില്‍ ഇതുവരെ വമ്പിച്ച തോതിലുള്ള വര്‍ഗ്ഗീയ കലാപങ്ങള്‍ നടന്നിട്ടില്ല (F-28/3/47, Akhtar Hussain, Chief Secretary to Government of Punjab to the Deputy Secretary of Government of India (Home Department) dated January 26, 1947, പുറം 39). സിന്ധ്‌സര്‍ക്കാരിന് ചില പരാതികള്‍ ലഭിച്ചെങ്കിലും പക്ഷപാതരഹിതമായ അതിന്റെ റിപ്പോര്‍ട്ട് ഇപ്രകാരമായിരുന്നു: ”ആര്‍.എസ്.എസ് സംഘ് ഒരു ക്രിമിനല്‍ സംഘടനയാണെന്ന് സ്ഥാപിക്കാന്‍ പോന്ന ഒരു തെളിവുമില്ല. ആര്‍.എസ്.എസ്സിന് സിന്ധിലെല്ലായിടത്തും ശാഖകളുണ്ട്. ഭാരതത്തിലാകമാനം വന്‍തോതില്‍ നടന്നുവരുന്ന സംഘടിത കലാപത്തിന് സംഘത്തെ കുറ്റപ്പെടുത്താന്‍ പോന്നത്ര തെളിവുകളൊന്നും പ്രവിശ്യയില്‍ ഇന്നോളം ലഭിച്ചിട്ടില്ല” (F-28/3/47, A.P. Le Meshrier, Chief Secretary to Sindh Government to Homein, New Delhi, dated January 29, 1947 Appendix,pp.12-13).
അവസാനം, പ്രവിശ്യകളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകളെ വിലയിരുത്തിക്കൊണ്ട്, ആര്‍.എസ്.എസ്സിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മറ്റിയെ നിയമിക്കുന്നതിന് നിര്‍ബന്ധിക്കുന്ന തരത്തിലുള്ള അത്തരം ആവശ്യത്തെ ന്യായീകരിക്കത്തക്ക യാതൊരു സാഹചര്യവും നിലനില്‍ക്കുന്നില്ലെന്നാണ് സര്‍ദാര്‍ പട്ടേല്‍ അസംബ്ലിയെ അറിയിച്ചത്. ആര്‍.എസ്.എസ്സിന് എതിരായി സര്‍ക്കാരിന് യാതൊരു പരാതിയും കിട്ടിയിട്ടില്ലെന്നും അദ്ദേഹം അസംബ്ലിയെ അറിയിച്ചു.
അങ്ങനെ സംഘം കലാപകാരിയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഓള്‍ ഇന്ത്യാ മുസ്ലിംലീഗിന്റെ ദീര്‍ഘകാലത്തെ ശ്രമം അമ്പേ പരാജയപ്പെട്ടു. എന്നാല്‍, ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, സ്വാതന്ത്ര്യാനന്തരഭാരതത്തില്‍ വോട്ടുബാങ്ക് രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കാനും ചൂഷണം ചെയ്യുന്നതിനുമായി നെഹ്‌റുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ലീഗിന്റെ ആവശ്യം അപ്പടി ആവര്‍ത്തിക്കുകയാണ്. ഗംഗാധര്‍ അധികാരി പ്രമേയം എന്നറിയപ്പെടുന്ന പ്രമേയത്തിലൂടെ പാകിസ്ഥാന്‍ രൂപീകരണത്തെ അനുകൂലിക്കുകയും തങ്ങളുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫിനെ ഓള്‍ ഇന്ത്യാ മുസ്ലീംലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ ഓള്‍ ഇന്ത്യ മുസ്ലിം സ്റ്റൂഡന്റ്‌സ് ഫെഡറേഷനില്‍ ലയിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് പാകിസ്ഥാന്‍ അവകാശവാദത്തിന് ഒരു നൂതനദിശ പകര്‍ന്നുകൊടുക്കുകയും ചെയ്ത ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും വാസ്തവ വിരുദ്ധവും അടിസ്ഥാനരഹിതവുമായ ഓള്‍ ഇന്ത്യ മുസ്ലിംലീഗിന്റെ സംഘവിരുദ്ധ നിലപാട് അപ്പടി സ്വീകരിക്കുകയാണ് ചെയ്തത്.
(അവലംബം: ഡോ. രാകേശ് സിന്‍ഹയുടെ ‘അണ്ടര്‍സ്റ്റാന്‍ഡിങ് ആര്‍.എസ്.എസ്’ എന്ന ഗ്രന്ഥം)
വിവ: യു.ഗോപാല്‍ മല്ലര്‍