ഭാരതത്തിലെ ദാരിദ്ര്യത്തിന്റെ ഒരു പ്രധാന കാരണം 60 ശതമാനം ജനങ്ങളും കാര്‍ഷികവൃത്തിയില്‍ മാത്രം ഏര്‍പ്പെട്ടിരിക്കുന്നു എന്നതാണ്. ഇതില്‍ നിന്നും 35 ശതമാനം ജനങ്ങളെ മറ്റ് മേഖലകളിലേയ്ക്ക് കൊണ്ടുപോക എന്നുള്ളതാണ് ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനുള്ള ഒരു വഴി. അത് ചെയ്യുന്നതിന് കാര്‍ഷികോല്പന്നങ്ങളില്‍നിന്നുള്ള മൂല്യവര്‍ദ്ധിത വസ്തുക്കളുടെ നിര്‍മ്മാണത്തിലുള്ള കൂടുതല്‍ ചെറുകിട വ്യവസായ യൂണിറ്റുകളും അതിന്റെ വിപണനവും ഉണ്ടാകണം. പഞ്ചായത്ത് തലം മുതല്‍ നല്ല രീതിയിലുള്ള സ്റ്റോറേജുകള്‍ ആരംഭിക്കുക എന്നത് ഇക്കാര്യത്തില്‍ വളരെ പ്രധാനമാണ്. 2020-2021 ബജറ്റില്‍ വില്ലേജുകളില്‍ സെല്‍ഫ് ഹെല്‍പ് ഗ്രൂപ്പുകളുടെ സഹായത്തോടെ ഇത്തരം സ്റ്റോറേജുകള്‍ ഉണ്ടാക്കുന്നതിനുള്ള നിര്‍ദേശമാണ്. എന്നാല്‍ പല ഭക്ഷ്യോല്പന്നങ്ങളും ദീര്‍ഘകാലം സൂക്ഷിക്കുന്നതിന് ശീതികരിച്ച സ്റ്റോറേജുകളും അതുപോലെ കൂറെക്കൂടി മൂലധനം വേണ്ടിവരുന്ന സ്റ്റോറേജുകളും ഉണ്ടാക്കേണ്ടിവരും. ഇത്തരം സ്റ്റോറേജ് നിര്‍മ്മാണം തന്നെ ഒരു അടിസ്ഥാനസൗകര്യ വികസനമായി കണ്ട് ശരിയായ സ്ഥലങ്ങള്‍ നിര്‍ദ്ദേശിച്ച് പെട്ടെന്ന് പ്രളയത്തിലും മറ്റും ഉള്‍പ്പെടാത്ത സ്ഥലങ്ങളില്‍ ഇത്തരം സ്റ്റോറേജുകള്‍ ഉണ്ടാക്കി അവ ആവശ്യങ്ങള്‍ക്ക് വാടകയ്ക്ക് നല്‍കുന്ന ഒരു സംവിധാനം ഇന്‍ഡ്യയില്‍ വ്യാപകമായി ഉണ്ടാക്കേണ്ടതുണ്ട്. ഇത്തരം സ്റ്റോറേജുകള്‍ ഉണ്ടാക്കാനുള്ള നടപടികള്‍ ആരംഭിക്കുക എന്നത് കാര്‍ഷിക ഉല്പാദന മേഖലയില്‍ വിലസ്ഥിരതയ്ക്കും ഉപഭോക്തൃമേഖലയിലെ വിലക്കയറ്റമില്ലായ്മ നിലനിര്‍ത്തുന്നതിനും അത്യാവശ്യമാണ്. മാത്രമല്ല, കാര്‍ഷികോല്പന്നങ്ങളെ അടിസ്ഥാന ഘടകമാക്കി ഉണ്ടാക്കേണ്ട മൂല്യവര്‍ദ്ധിത വസ്തുക്കള്‍ക്ക് എല്ലാ സമയവും അസംസ്‌കൃതവസ്തുക്കള്‍ ലഭിക്കണമെങ്കില്‍ ഇത്തരം സ്റ്റോറേജുകള്‍ ഉണ്ടായേ തീരു. ഓരോ സംസ്ഥാനവും ജില്ലകളും തദ്ദേശപരമായുണ്ടാകുന്ന പ്രത്യേക കാര്‍ഷികോല്പന്നങ്ങളും പരിഗണിച്ചായിരിക്കണം ഇത്തരം സ്റ്റോറേജുകളും മൂല്യവര്‍ദ്ധിത വസ്തുക്കളും ഉണ്ടാക്കേണ്ടത്. ഉദാ. വളരെയധികം കൈതച്ചക്കകള്‍ ഉല്പാദിപ്പിക്കുന്ന മൂവാറ്റുപുഴ മേഖല – ഈ മേഖലയില്‍ കൈതച്ചക്കകള്‍ സംഭരിക്കുന്നതിനും 20 മുതല്‍ 50 ടണ്‍വരെ ഓരോ ദിവസവും മൂല്യവര്‍ദ്ധിത വസ്തുക്കളായ ഉല്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള ഫാക്ടറികള്‍ സ്ഥാപിക്കയും വേണം. അങ്ങനെയുണ്ടായാല്‍ കൈതച്ചക്ക കര്‍ഷകന് ചെറിയ ലാഭത്തില്‍ തന്നെ അത്തരം സ്റ്റോറേജുകളില്‍ വില്ക്കുന്നതിനും അതുപയോഗിച്ച് നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കി അതിന്റെ വിവിധ മൂല്യവര്‍ദ്ധിത വസ്തുക്കള്‍ ഉണ്ടാക്കുന്നതിനും ആ മേഖലയില്‍ തന്നെ സാധിക്കും. രാജ്യത്തിനകത്തും പുറത്തും ഈ മൂല്യവര്‍ദ്ധിത വസ്തുക്കളുടെ ഉല്പന്നങ്ങള്‍ ക്ക് ഇപ്പോള്‍ തന്നെ നല്ല ഡിമാന്റ് ആണുള്ളത്. കോവിഡിന്റെ കാര്യമൊക്കെ പറയുന്നതുപോലെ പിഎച്ച് മൂല്യം വളരെയധികം ഉയര്‍ത്തുന്ന ഒരു പഴവര്‍ഗമാണ് കൈതച്ചക്ക. ഇതുപോലെ വിവിധ കൃഷിമേഖലയില്‍ അവ വളരെ വിദഗ്ദ്ധമായി സംഭരിക്കുന്നതിനും അവയില്‍ നിന്ന് മൂല്യവര്‍ദ്ധിത വസ്തുക്കള്‍ ഉണ്ടാക്കുന്നതിനുമുള്ള സ്റ്റോറേജുകളും ഫാക്ടറികളും സ്വകാര്യ മേഖലയിലും കോര്‍പ്പറേറ്റ് മേഖലയിലും ഉണ്ടാക്കേണ്ടിയിരിക്കുന്നു. ഇതിനുവേണ്ടി സാങ്കേതിക വിദ്യകളും ആവശ്യമായ മൂലധനം നല്‍കലും സര്‍ക്കാര്‍ ചെയ്യേണ്ടതാണ്. അതുകൊണ്ട് ഈ കൊറോണ കാലത്തിനുശേഷം ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ 15 മുതല്‍ 20 ശതമാനം വരെയുള്ള ജനസംഖ്യയെ നേരിട്ടുള്ള കാര്‍ഷിക മേഖലയില്‍ നിന്നും മൂല്യവര്‍ദ്ധിത വസ്തുക്കളുണ്ടാക്കുന്ന മേഖലയിലേയ്ക്ക് മാറ്റുന്നതിനുള്ള അവസരമായി ഈ കാലഘട്ടത്തെ കാണേണ്ടതാണ്. ഇതോടൊപ്പം ജലസമ്പത്ത് നിലനിര്‍ത്തുന്നതില്‍ രാജ്യം മുഴുവന്‍ വലിയ പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യമാണ്. ആവശ്യമായ മഴക്കുഴികള്‍ നിര്‍മ്മിക്കുക, കുളങ്ങള്‍ പുതുതായി നിര്‍മ്മിക്കുക, ഉള്ളവ ഉപയോഗ്യമാക്കുക എന്നിങ്ങനെ വിവിധ മാര്‍ഗങ്ങള്‍ വഴി മഴക്കാലത്തുണ്ടാകുന്ന കഴിയുന്നത്ര ജലവും സംഭരിക്കുന്നതിനും ഉപരിതല ജലനിരപ്പ് ഉയര്‍ത്തുന്നതിന് സഹായിക്കുന്നതിനും വേണ്ട നടപടികള്‍ എടുക്കേണ്ട സമയമാണിത്. തൊഴിലുറപ്പ് പദ്ധതി പ്രകാരവും ഇത്തരം സംരംഭങ്ങള്‍ ഏറ്റെടുക്കാവുന്നതാണ്.
ഭാരതത്തിന്റെ വലിയൊരു മുതല്‍ക്കൂട്ടാണ് ഋഷീശ്വരന്മാര്‍ കണ്ടുപിടിച്ചിട്ടുള്ള ഔഷധമൂല്യമുള്ള അനേകായിരം സസ്യങ്ങള്‍. അവയില്‍ നിന്നും ഇന്നത്തെ ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് കോവിഡ് പോലുള്ള രോഗങ്ങള്‍ക്കുപോലും പ്രതിവിധിയാകുന്ന മരുന്നുകളും അവ ഉല്പാദിപ്പിക്കാനുള്ള ഗവേഷണങ്ങളും പരീക്ഷണങ്ങളും നടത്തുകയും അങ്ങനെ അതില്‍ നിന്ന് മനുഷ്യനാവശ്യമായ,പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാത്ത വളരെയധികം മരുന്നുകള്‍ ഉല്പാദിപ്പിക്കുകയും ചെയ്യണം. സിങ്കോണ എന്ന മരത്തില്‍ നിന്നാണ് ക്വനൈനും, ഹൈഡ്രോക്‌സി ക്ലോറോക്വെനും സ്വാഭാവികമായി ഉല്പാദിപ്പിച്ചിരുന്നത്. തുളസി പോലുള്ള ഔഷധസസ്യങ്ങള്‍ ധാരാളം ആന്റി-വൈ റ ല്‍ സ്വഭാവങ്ങള്‍ ഉള്ളതാണ്. ആയുഷ് വിഭാഗത്തെ പൊതുവായ ആരോഗ്യപരിപാലന മേഖലയില്‍ നിന്നും സ്വതന്ത്രമാക്കുകയും ശരിയായ എഞ്ചിനിയറിംഗ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഈ മേഖലയിലെ മരുന്നുല്പാദനത്തിന് പ്രാമുഖ്യം നല്‍കി ഉപയോഗിക്കുകയും വേണം. ലോകത്തിനാവശ്യമായ മരുന്നിന്റെ 12 ശതമാനം ഇന്‍ഡ്യയാണ് ഇപ്പോള്‍ നല്‍കുന്നത്. ജനറിക് മരുന്നുകളില്‍ 20 ശതമാനവും. അതില്‍ സസ്യങ്ങളില്‍ നിന്നും ഉല്പാദിപ്പിക്കുന്ന മരുന്നുകള്‍ കൂടി ഉല്പാദിപ്പിച്ചാല്‍ ഒരു വന്‍ കുതിച്ചു ചാട്ടമായിരിക്കും ഈ രംഗത്ത് ഇന്‍ഡ്യയ്ക്കുണ്ടാവുക. വളരെയധികം ആദായകരമായ രീതിയില്‍ ഔഷധകൃഷി നടത്തുന്നതിനും അതോടൊപ്പം ‘ഭാരതത്തിനും ആഗോളാടിസ്ഥാനത്തിലും പാര്‍ശ്വഫലങ്ങളില്ലാത്ത ഒന്നാന്തരം മരുന്നുകള്‍ ഉല്പാദിപ്പിക്കുന്നതിനും പ്രത്യേകിച്ചും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിവിധ വസ്തുക്കള്‍ ഉണ്ടാക്കുന്നതിനും നമുക്ക് സാധിക്കുന്നതാണ്. എന്നാല്‍ ആയുര്‍വ്വേദത്തിലെ ഇത്തരം മേഖല, നല്ലൊരു ശതമാനം അലോപ്പതി വിഭാഗക്കാരും എതിര്‍ക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇതിനെ അലോപ്പതി മേഖലയില്‍ നിന്നും സ്വതന്ത്രമാക്കി ഗവേഷണങ്ങളും നിരീക്ഷണങ്ങളും പരീക്ഷണങ്ങളും നടത്തി ഏറ്റവും ഫലപ്രദമാക്കി മരുന്നുകള്‍ ഉല്പാദിപ്പിക്കുകയാണ് വേണ്ടത്. കാര്‍ഷിക മേഖലയിലെ 5 ശതമാനത്തോളം ജനങ്ങളെ ഇതുവഴി ഇപ്പോഴത്തെ ബുദ്ധിമുട്ടില്‍ നിന്നും കരകയറ്റാനാകും.
കോവിഡ് വൈറസ് വ്യാപനത്തിനുശേഷം – 40 ദിവസത്തെ ലോക്ക്ഡൗണിനുശേഷം- എല്ലാ ജില്ലകളും ഭാഗികമായും പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കേണ്ട പരിപാടികള്‍ കോവിഡ് വ്യാപനത്തിനു മുന്‍പുള്ള ഒരു പുനരുജ്ജീവനം അല്ല. മറിച്ച്, ഒരു പുതിയ രീതിയിലുള്ള പ്രവര്‍ത്തനമായിരിക്കണം. ഇന്ത്യയുടെ ദാരിദ്ര്യത്തിനു കാരണം 17 ശതമാനം മാത്രം ജിഡിപിയില്‍ പങ്കുള്ള കാര്‍ഷികമേഖലയെ നേരിട്ട് 60 ശതമാനം ജനങ്ങളും ആശ്രയിക്കുന്നു എന്നുള്ളതാണ്. ഇന്ത്യയുടെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന്റെ ഒരു പ്രധാന മാര്‍ഗം ഈ 60 ശതമാനത്തില്‍ നിന്നും നേരിട്ടുള്ള ആശ്രയത്വം 20 ശതമാനമോ 25 ശതമാനമോ ആയി കുറയ്ക്കുക എന്നുള്ളതാണ്. അതിനുവേണ്ടത് കാര്‍ഷിക ഉല്പന്നങ്ങള്‍ സ്റ്റോര്‍ ചെയ്യുന്നതിനുള്ള ശീതീകരിച്ചതും അല്ലാത്തതുമായ ഏറ്റവും മുന്തിയ രീതിയിലുള്ള ഗോഡൗണുകളും കാര്‍ഷിക മേഖലയിലെ നേരിട്ടുള്ള കയറ്റുമതിയ്ക്കു പകരം മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ഉണ്ടാക്കി അവ വിതരണം ചെയ്യുകയുമാണ്. ഈ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ഉണ്ടാക്കുന്നതില്‍ കോവിഡിനുശേഷം അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ ഉല്പാദനം ആരംഭിക്കണം. ഇതിനുവേണ്ടി ഇന്ത്യന്‍ മാര്‍ക്കറ്റിലും വിദേശ മാര്‍ക്കറ്റിലും ആവശ്യമുള്ള വസ്തുക്കള്‍ എന്തൊക്കെയാണെന്നും അവ ഉണ്ടാക്കുന്നതിനുള്ള സാങ്കേതികവിദ്യകള്‍ എന്തൊക്കെയാണെന്നും കേന്ദ്രഗവണ്‍മെന്റിന്റെ നേരിട്ട് കീഴിലുള്ള വകുപ്പുകളും സ്ഥാപനങ്ങളും വഴി സമ്പൂര്‍ണ്ണമായ അറിവുണ്ടാക്കണം. അതിനുശേഷം ചെറുകിട അതേസമയം ഏറ്റവും വൃത്തിയായി ഏറ്റവും ശുദ്ധമായി കഴിയുന്നതും പ്രകൃതിജന്യമായ രീതിയില്‍ തന്നെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ഉല്പാദിക്കാനാവശ്യമായ വ്യവസായ സംരംഭങ്ങള്‍ തുടങ്ങണം. അങ്ങനെ കാര്‍ഷികമേഖലയിലെ സമ്മര്‍ദ്ദം കുറയ്ക്കുകയും കാര്‍ഷികമേഖലയെ ആസ്പദമാക്കി മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ വലിയൊരു ശൃംഖല സൃഷ്ടിക്കുകയും ചെയ്യണം.
രാജ്യത്തെ 60 ശതമാനം ജനങ്ങളും ജിഡിപിയുടെ 17 ശതമാനം മാത്രെമെ പങ്കിടുന്നുള്ളൂ എന്ന അവസ്ഥയില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ഉണ്ടാക്കുന്ന മേഖലയ്ക്ക് അതായത് 35 ശതമാനമോ 40 ശതമാനമോ വരുന്ന മേഖലയ്ക്ക് ജിഡിപിയുടെ 40 ശതമാനമെങ്കിലും ഉല്പാദിപ്പിക്കാന്‍ കഴിയുന്ന വിധത്തിലുള്ള മാര്‍ക്കറ്റിംഗ്, സാങ്കേതികവിദ്യ, മൂലധന നിക്ഷേപം, വളരെ കാര്യക്ഷമമായ മാനേജ്‌മെന്റ് അതിലെ എല്ലാ തൊഴിലാളികള്‍ക്കും മികച്ച അടിസ്ഥാന ശമ്പളങ്ങളും ജോലി സ്ഥിരതയും മറ്റ് അവസരങ്ങളും ഉണ്ടാക്കുക എന്നത് അടുത്ത 5 ഓ 6 ഓ വര്‍ഷങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കാനാവും വിധത്തിലായിരിക്കണം കോവിഡിനുശേഷമുള്ള പുനര്‍സംവിധാനം.
വിവിധ കാരണങ്ങളാല്‍ ചൈനയില്‍ നിന്നും പല രാജ്യങ്ങളും അവരുടെ വ്യവസായ ഉല്പാദന കേന്ദ്രങ്ങള്‍ മാറ്റുകയാണ്. ചൈനയിലുണ്ടായിരുന്ന കുറഞ്ഞ കൂലി സാഹചര്യമാണ് പ്രധാനമായും ഈ സ്ഥാപനങ്ങള്‍ അവിടെ പോകാന്‍ കാരണം. എന്നാല്‍ കോവിഡ് വൈറസിന്റെ വ്യാപനം, ഇക്കാര്യത്തില്‍ ആദ്യനാളുകളില്‍ ചൈന സ്വീകരിച്ച നടപടികള്‍, ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടികള്‍ എന്നിവ വ്യാവസായിക രാഷ്ട്രങ്ങളില്‍ വലിയ ചോദ്യചിഹ്നങ്ങള്‍ ആണ് ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ വിശ്വാസം എന്ന അടിസ്ഥാന ഘടകങ്ങളിലെ ഒന്ന് ചൈനയ്ക്ക് നഷ്ടപ്പെടുകയാണ്. അങ്ങനെ വരുമ്പോള്‍ വളരെ കൂടുതല്‍ മെച്ചപ്പെട്ട അന്തരീക്ഷത്തില്‍ മലിനീകരണം കുറച്ചുകൊണ്ടുതന്നെ ഈ വ്യവസായങ്ങള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ആരം‘ഭിക്കാനാകണം. ഇതുമൂലം ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്ന സ്റ്റീല്‍ മുതലായ ഉല്പന്നങ്ങള്‍ക്ക് മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യത ഇന്ത്യയില്‍ വര്‍ദ്ധിക്കും. അത് തൊഴിലവസരങ്ങളും കൂടുതലായി നല്‍കും.
മലിനീകരണ നിയന്ത്രണത്തില്‍ പൂര്‍ണ്ണമായും ഊന്നിക്കൊണ്ടു തന്നെ ആഭ്യന്തര രംഗത്തെ തൊഴില്‍ മേഖലയില്‍ നൈപുണ്യവികസനം നടത്തി നല്ലൊരു ഭാഗം വ്യവസായങ്ങളെ ഇന്ത്യ അടിസ്ഥാനമാക്കി മാറ്റുകയാണ് വ്യവസായ രംഗത്തെ വളര്‍ച്ചയ്ക്ക് ഉതകുക. ന്യൂക്ലിയര്‍ എനര്‍ജി വഴിയും, സോളാര്‍ എനര്‍ജി വഴിയുമെല്ലാം ഇന്ത്യ ഉല്പാദിപ്പിക്കാനുദ്ദേശിക്കുന്ന കൂടുതലായുള്ള വൈദ്യുതിയും ഈ വികസനത്തിന് സഹായകരമായിരിക്കും.
എന്നാല്‍ ജലസംരക്ഷണം, ജലസമ്പത്ത് മലിനീകരണമില്ലാതെ സംരക്ഷിക്കല്‍ എന്നിവ അതീവ പ്രാധാന്യമുള്ള മേഖലകളായി മാറും. കോവിഡ് വൈറസ് ബാധയുടെ കാലത്ത് ഗംഗയും യമുനയുമെല്ലാം ശുദ്ധമായതുപോലെ കോവിഡിനുശേഷവും ഇത്തരം ഫാക്ടറികളുടെ പ്രവര്‍ത്തനത്തില്‍ കര്‍ശനമായ മലിനീകരണ നിയന്ത്രണങ്ങള്‍ നടപ്പാക്കേണ്ടിയിരിക്കുന്നു. അതുപോലെ അന്തരീക്ഷ മലിനീകരണം വളരെയുണ്ടാക്കുന്ന പെട്രോള്‍/ഡീസല്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ കഴിയുന്നത്ര ഇല്ലാതാക്കുകയും വൈദ്യുതി അടിസ്ഥാനമാക്കിയ, ഫ്യൂവല്‍സെല്‍ അടിസ്ഥാനമാക്കിയ പുതിയ വാഹന സംവിധാനത്തിലേയ്ക്ക് നാം മാറുകയും വേണം.
സര്‍ക്കാരും റിസര്‍വ് ബാങ്കും ചെയ്യേണ്ടത്, പണലഭ്യത ഉറപ്പാക്കുക എന്നതും സപ്ലൈ ചെയിന്‍ സംവിധാനം പുനരുജ്ജീവിപ്പിക്കുക എന്നതുമാണ്. ഉപഭോക്താക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ബിസിനസ്സിലെ ചെലവുകള്‍ കഴിയുന്നത്ര കുറയ്ക്കുകയും ചെയ്യേണ്ടതാണ്. പുതുതായി വരുന്ന ഇലക്ട്രിക് വാഹനങ്ങള്‍ മുന്നില്‍ കണ്ട് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ ഫഌഷ് ചാര്‍ജിംഗ് എന്ന പുതിയ സംവിധാനത്തെപ്പറ്റി അറിയേണ്ടതാണ്. ലിഥിയം-ടൈറ്റാനേറ്റ് എന്ന ഗണത്തില്‍പ്പെടുന്ന ഈ ബാറ്ററികള്‍ ലിഥിയം-അയണ്‍ ബാറ്ററിയെക്കാള്‍ വളരെ എളുപ്പത്തില്‍ ചാര്‍ജ് ചെയ്യാവുന്നതാണ്. അതുകൊണ് ബാറ്ററി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഫഌഷ് ചാര്‍ജിംഗ് സംവിധാനം വരുന്നതോടു കൂടി ഇല്ലാതാകും.
രണ്ടായിരാമാണ്ടിനുശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ‘ഭൂകമ്പങ്ങള്‍, സുനാമികള്‍, പ്രളയങ്ങള്‍, ടൊര്‍നാഡോകള്‍, പ്രകൃതി, കാലാവസ്ഥാ മാറ്റം അറിയിക്കുന്നതിന് മനുഷ്യന് നല്‍കിയ പാഠങ്ങളും മുന്നറിയിപ്പുകളും കണ്ടിട്ടും മനുഷ്യന്‍ മാറിയില്ല. എന്നാല്‍ ദൃഷ്ടിഗോചരമല്ലാത്ത ഒരു ചെറു അണു, അതിന് മനുഷ്യന്റെ സ്വഭാവത്തെ മാറ്റുന്നതിന് സാധ്യമായി. മനുഷ്യര്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നത് നിര്‍ത്തിവെച്ച് മാളങ്ങളിലൊളിച്ചു. അതുവരെയുണ്ടായിരുന്ന ‘ഭൗതിക ലോകത്തെ മന്ത്രങ്ങള്‍ ഉപേക്ഷിച്ചു. പക്ഷേ, ഇതെല്ലാം താല്ക്കാലികമായിരിക്കും. എന്നിരുന്നാലും, മനുഷ്യന്റെ ഉള്ളില്‍ വലിയൊരു വീണ്ടുവിചാരമുണ്ടാക്കുന്നതിന് കൊറോണ വൈറസ് ബാധയ്ക്ക് സാധിച്ചിട്ടുണ്ട്.
കോവിഡ് വൈറസ് ഏകദേശം നിയന്ത്രിതമായി വരുന്നുവെന്നാണ് ഏപ്രില്‍ അവസാന വാരത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എങ്കിലും ഒരൊറ്റ കോവിഡ് വൈറസ് ബാധിച്ച വ്യക്തിയെ പോലും ബാക്കിവെച്ച് പഴയ ലോകക്രമത്തിലേയ്ക്ക് പോകാനാവില്ല.
മനുഷ്യപുരോഗതിയുടെ ‘ഭാഗമായുള്ള, ശാസ്ത്രീയ കണ്ടുപിടുത്തങ്ങളില്‍പ്പെടുന്ന‘ വിവരസാങ്കേതിക വിദ്യകള്‍, ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, വൈദ്യുതി തുടങ്ങിയ നിരവധി സൗകര്യങ്ങള്‍ ഉള്ളതിനാല്‍ ഉള്ളതുകൊണ്ട് അവരവരുടെ വീടുകളില്‍ ഇരുന്നുതന്നെ ലോകം മുഴുവനുമായി ബന്ധപ്പെടുന്നതിന് മനുഷ്യന് ഇപ്പോഴും കഴിയുന്നുണ്ട്. പക്ഷേ, അവന്റെ യാത്രാസൗകര്യങ്ങള്‍ നിര്‍ത്തിവെയ്ക്കപ്പെട്ടിരിക്കുന്നു. ‘ഭൂകമ്പങ്ങള്‍, സുനാമികള്‍, പ്രളയങ്ങള്‍, ഉരുള്‍പ്പൊട്ടല്‍ എന്നിവയെ പോലെയല്ല, കോവിഡ് വൈറസ് ബാധിച്ചത്. മനുഷ്യന്റെ അടിസ്ഥാന സൗകര്യങ്ങളെല്ലാം അതുപോലെ നിലനില്ക്കുന്നു. ഒന്നും നശിപ്പിക്കപ്പെട്ടിട്ടില്ല. അങ്ങനെ തികച്ചും വ്യത്യസ്തമായ രീതിയിലാണ് ലോക സാമൂഹിക, സാമ്പത്തിക, ശാസ്ത്രീയ മേഖലകളെ കോവിഡ് വൈറസ് ബാധിച്ചത്. ലോകവ്യാപാരരംഗം ഏകദേശം നിശ്ചലമായി. മലിനീകരണത്തിന് ഏറ്റുവുമധികം പങ്കുവഹിച്ചിരുന്ന പെട്രോളിയം ഉല്പന്നങ്ങള്‍ കാര്യമായ ഉപഭോഗമില്ലാതെ വിലയിടിഞ്ഞു. ലോകസഞ്ചാരിയായ മനുഷ്യന്‍ അവന്‍ എവിടെയാണോ അവിടെ തന്നെ ഏകദേശം നിശ്ചലനായി. അടിയന്തിര പ്രതിരോധപ്രവര്‍ത്തനത്തിനുള്ള ആരോഗ്യവിഭാഗത്തെയും പോലീസിനെയും പോലുള്ള സര്‍ക്കാര്‍ ഏജന്‍സികളും അടിയന്തിര സഹായങ്ങള്‍ എത്തിക്കുന്ന സന്നദ്ധസേവന മേഖലകളുമാണ് പ്രവര്‍ത്തനനിരതമായത്. ടൂറിസം മേഖല തികച്ചും സ്തംഭനാവസ്ഥയിലായി. അത്യാവശ്യത്തിനുള്ള വിമാനസര്‍വ്വീസുകള്‍ ഒഴികെ യാത്രാവിമാനങ്ങള്‍ നിശ്ചലമായി. ട്രെയിനുകള്‍, ചരക്കു തീവണ്ടികള്‍ ഒഴികെയെല്ലാം നിശ്ചലമായി. പല ട്രെയിനുകളിലെ ബോഗികളും അടിയന്തിര ക്വാറന്റൈന്‍ ആശുപത്രികളാകാന്‍ തയ്യാറാവുകയാണ്. ലോക സമ്പദ്‌വ്യവസ്ഥ ഇത്രയധികം ബാധിച്ച ഒരു കാലഘട്ടം ഇതിനുമുന്‍പ് ഉണ്ടായിട്ടില്ലായെന്ന് പറയുന്നത് തികച്ചും ശരിയാണ്. 1930 കളിലുണ്ടായിരുന്ന സാമ്പത്തിക മാന്ദ്യം ഇപ്പോഴത്തെ ലോക സമ്പദ്‌വ്യവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറുതായിരുന്നുവെന്നു കാണാം. 1917-1920 കാലഘട്ടത്തിലെ സ്പാനിഷ്ഫഌ 5കോടിയിലധികം ആളുകളുടെ ജീവന്‍ എടുത്തിരുന്നില്ലെങ്കിലും 30 കളിലുണ്ടായ മാന്ദ്യത്തിനു കാരണം പ്രധാനമായും ജനങ്ങളുടെ കൈയ്യില്‍ പണമില്ലാത്തതായിരുന്നു. അങ്ങനെയാണ് കെയ്‌നീഷ്യന്‍ സാമ്പത്തികശാസ്ത്രം രൂപപ്പെട്ടത്. ആ അവസരത്തിലാണ് ജെ.എന്‍. കെയിന്‍സ് തന്റെ പുതിയ സാമ്പത്തിക സിദ്ധാന്തവുമായി മുന്നോട്ടു വരികയും സാമ്പത്തികമാന്ദ്യത്തെ നേരിടുന്നതിന് പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ വര്‍ദ്ധിപ്പിക്കണമെന്ന നിര്‍ദേശം മുന്നോട്ടു വെയ്ക്കുകയും ചെയ്തത്. ഇതാണ് പിന്നീട് ബാലന്‍സ്ഡ് ബഡ്ജറ്റില്‍ നിന്നും ഡെഫസിറ്റ് ബഡ്ജറ്റ് എന്നതിലേയ്ക്ക് മറ്റു ഗവണ്‍മെന്റുകളെ നയിച്ചത്.
ഏറ്റവും ചുരുങ്ങിയത് 6 ട്രില്യന്‍ ഡോളറിന്റെയെങ്കിലും ലോക സമ്പദ്‌വ്യവസ്ഥയുടെ ഇടിവാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. ജൂണ്‍ മാസത്തോടെയെങ്കിലും കോവിഡ്-19 നെ നിയന്ത്രിച്ചാല്‍ ഉണ്ടായേക്കാവുന്ന ഇടിവാണിത്. ഇന്ത്യയുടെ സമ്പദ്‌രംഗത്ത് മൊത്തം ജിഡിപിയുടെ വര്‍ദ്ധനവ് 1.6 % വരെയെത്തുമെന്ന് ചിലര്‍ പ്രവചിച്ചിട്ടുണ്ട്. 1.6 % മുതല്‍ 4 % വരെ ഇങ്ങനെ വിവിധ മേഖലകളില്‍ കുറവ് ഉണ്ടാകുമെന്നാണ് പ്രവചനങ്ങള്‍. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ ആദ്യ രണ്ട് മാസത്തെയും പ്രവര്‍ത്തനത്തെയാണ് കോവിഡ് ബാധ ബാധിച്ചിരിക്കുന്നത്. ഇപ്പോള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ പോവുകയാണെങ്കില്‍ ജൂണ്‍ മാസം മുതല്‍ സാമാന്യേന പ്രവര്‍ത്തനക്ഷമമായ സമ്പദ്‌വ്യവസ്ഥയുമായി രാജ്യങ്ങള്‍ക്ക് മുന്നോട്ടുപോകാനാകും. ഇന്ത്യയില്‍ ഇക്കാര്യം നിര്‍വ്വഹിക്കുന്നതിന് കേന്ദ്രഗവണ്‍മെന്റും റിസര്‍വ് ബാങ്കും ഒത്തുച്ചേര്‍ന്ന് നടപടികള്‍ എടുക്കേണ്ടിയിരിക്കുന്നു. ഇതുവരെ നാലര ലക്ഷം കോടി രൂപയുടെ അധിക പണ ലഭ്യതയ്ക്കുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് എടുത്തുകഴിഞ്ഞു. മാത്രമല്ല, എന്‍പിഎ പ്രഖ്യാപനംപോലുള്ള നടപടികളില്‍ എടുത്തിട്ടുള്ള നിര്‍ദ്ദേശങ്ങളും അനാവശ്യമായി കണക്കുകളില്‍ എന്‍പിഎ വരാതിരിക്കുന്നതിന് സഹായകരമായിരിക്കും. കോവിഡ് ബാധയ്ക്ക് മുന്‍പു തന്നെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ലഭ്യതയെ അപേക്ഷിച്ച് ആവശ്യകത കുറഞ്ഞുവരുന്നുണ്ടായിരുന്നു. രണ്ടു മാസത്തെ പൂര്‍ണ്ണമായ ലോക്ക്ഡൗണ്‍ ഇതിനെ കുറെക്കൂടി സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന് ഏകദേശം ജിഡിപിയുടെ 5% വരുന്ന തുകയ്ക്കുള്ള (12 ലക്ഷം കോടി രൂപ) ഉത്തേജന പാക്കേജ് തയ്യാറാക്കേണ്ടി വരും. പക്ഷേ, പണം എത്ര നല്‍കുന്നുവെന്നതല്ല, അവ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് കൂടുതല്‍ പ്രസക്തം. സാമ്പത്തികരംഗത്തെ പുരോഗതി എന്നത് പലപ്പോഴും അടിസ്ഥാനപരമായി നടക്കുന്നത് മനുഷ്യ മനസ്സിലാണ്. ഇപ്പോള്‍ ഇന്ത്യയിലുള്ള ‘ഭക്ഷ്യക്ഷാമമില്ലാത്ത അവസ്ഥ, അതേസമയം വലിയ തോതിലുള്ള തൊഴിലില്ലായ്മ ഇവയെല്ലാം നേരിടുന്നതിന് സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കുന്നതിന്, ആവശ്യമേഖലയെ പ്രചോദിപ്പിക്കുന്നതിന് ഡെഫിസിറ്റ് ഫൈനാന്‍സിംഗ് ചിന്തിക്കാവുന്ന ഒരു മേഖലയാണ്. ജനങ്ങളുടെ കൈയ്യില്‍ പണമെത്തുകയും അത് അവര്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ ആവശ്യകത (ഡിമാന്റ്) ഉണ്ടാകുന്നു. അങ്ങനെ ആവശ്യകത ഉണ്ടായാല്‍ മാത്രമെ സാധനങ്ങളുടെ ലഭ്യത ഉപയോഗിക്കപ്പെടുകയുള്ളൂ. അതുണ്ടായാല്‍ മാത്രമെ ഉല്പാദനമേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങളും തന്മൂലം കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുകയുള്ളൂ. കുറഞ്ഞ പലിശ നിരക്കും കൂടുതല്‍ പണലഭ്യതയും കര്‍ശനമായ ശ്രദ്ധയോടെ ഉപയോഗിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഇന്ത്യന്‍ സമ്പദ് രംഗത്തെ മാന്ദ്യം ഇല്ലാതിരിക്കാന്‍ അത് സഹായിക്കും.
നേരത്തെ ചൂണ്ടിക്കാണിച്ചതു പോലെ പഴയ സാമ്പത്തിക പ്രവര്‍ത്തനങ്ങളിലേയ്ക്കുള്ള ഒരു തിരിച്ചുപോക്ക് ആയിരിക്കരുത് ജൂണ്‍ മുതല്‍ ഇന്ത്യയില്‍ നടക്കേണ്ടത്. ഇന്ത്യയുടെ ദാരിദ്ര്യത്തിന്റെ അടിസ്ഥാന കാരണം ഇതില്‍ മുന്‍പായി ചൂണ്ടിക്കാണിച്ചതുപോലെ 60% ജനങ്ങള്‍ 17% ജിഡിപിയിലെ ആശ്രയിക്കേണ്ടി വരുന്നു എന്ന അവസ്ഥയാണ്. അതുതന്നെ ഏകദേശം 50% ജനങ്ങള്‍ അഞ്ചോ ആറോ ശതമാനം ജിഡിപിയെ ആശ്രയിക്കേണ്ടി വരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ട് ഇനിയുമുണ്ടാകുന്ന സമ്പദ്ഘടനയില്‍ സമൂലമാറ്റത്തിന് പറ്റിയ സന്ദര്‍ഭമാണിത്. കൃഷിയില്‍ നേരിട്ട് ബന്ധപ്പെടുന്ന 60% ജനങ്ങളില്‍ 15% എങ്കിലും അടുത്ത രണ്ട് വര്‍ഷം കൊണ്ടെങ്കിലും മൂല്യവര്‍ദ്ധിത വസ്തുക്കളുടെ നിര്‍മ്മാണത്തിലേയ്ക്ക് മാറ്റുക എന്നതാണത്. ‘മെയ്ക്ക് ഇന്ത്യ’ എന്നത് എല്ലാ മേഖലയിലും നമ്മള്‍ ശ്രദ്ധിക്കേണ്ട ഒന്നാണ്. അതുപോലെ ചൈനയില്‍ നിന്നും മാറിപ്പോകുന്ന വളരെയധികം വ്യവസായങ്ങള്‍ ഇന്ത്യയിലേയ്ക്ക് ആകര്‍ഷിക്കാവുന്നതാണ്. ശരിയായ മലിനീകരണ നിയന്ത്രണ സംവിധാനത്തോടെ ഈ വ്യവസായങ്ങള്‍ ഇന്ത്യയില്‍ ആരംഭിച്ചാല്‍ ഇന്ത്യയില്‍ നിന്നും കയറ്റി അയയ്ക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ക്ക് വലിയ ആവശ്യകത ഇന്ത്യയില്‍ തന്നെ ഉണ്ടാകും. ഉദാ: സ്റ്റീല്‍. ആണവോര്‍ജ്ജത്തിന്റെയും, റിന്യൂവബിള്‍ എനര്‍ജിയുടെയും അടിസ്ഥാനത്തില്‍ വൈദ്യുതി ഉല്പാദനം വളരെയേറെ വര്‍ദ്ധിപ്പിക്കാന്‍ നാം പദ്ധതിയിടുന്നു. അങ്ങനെ വരുമ്പോള്‍ വലിയ പ്രകൃതി മലിനീകരണമില്ലാതെ തന്നെ വികസനത്തിനാവശ്യമായ വൈദ്യുതി ഉറപ്പുവരുത്താനാകും.
മാര്‍ക്കറ്റുകള്‍ കണ്ടെത്തുക, ആവശ്യങ്ങളെ കണ്ടെത്തുക, അവ ഉല്പാദിപ്പിക്കാനാവശ്യമായ സാങ്കേതികവിദ്യ ലഭ്യമാക്കുക, ഉല്പാദന പ്രക്രിയയ്ക്കാവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കുക, ചെറുകിട വ്യവസായ സംരംഭങ്ങളെ തികച്ചും മലിനമുക്തവും, അതേസമയം കഴിയുന്നത്ര ആധുനികവല്കൃതവും സജ്ജവുമാക്കുക എന്നത് സുസാധ്യമായ കാര്യമാണ്. കേരളത്തിന്റെ സ്ഥിതിയെടുത്താല്‍ ഏകദേശം പതിനായിരത്തില്‍ താഴെ ടൂറിസ്റ്റുകള്‍ കൊറോണ വ്യാപനകാലത്ത് കേരളത്തില്‍ തന്നെ കുടുങ്ങിപ്പോവുകയുണ്ടായി. അതില്‍ വലിയൊരു ഭാഗം ടൂറിസ്റ്റുകളും കേരളത്തില്‍ നിന്നും സ്വദേശത്തേക്ക് പോകാന്‍ ഇഷ്ടപ്പെട്ടില്ല എന്നതാണ് വസ്തുത. ഇത്തരം കാര്യങ്ങള്‍ നാം തീര്‍ച്ചയായും അന്തര്‍ദ്ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതും അതിന്റെ ഗുണഫലങ്ങള്‍ എടുക്കേണ്ടതുമാണ്. അതേസമയം കേരളം ഒരു സാമ്പത്തിക അടിയന്തിരാവസ്ഥയുടെ നിഴലിലാണ്. കേരളത്തിലെ ഒഴിവാക്കാനാവാത്ത ചെലവുകള്‍ (കമ്മിറ്റഡ് എക്‌സ്‌പെന്‍ഡിച്ചര്‍) പ്രതിമാസം 8000 കോടി രൂപക്കടുത്താണ്. ശമ്പളം, പെന്‍ഷന്‍, പലിശ, കടം തിരിച്ചടവ് എന്നീ 4 ഇനങ്ങള്‍ മാത്രമാണിത്. മദ്യത്തിന്റെ വരുമാനത്തിലും ലോട്ടറി വരുമാനത്തിലും അങ്ങനെ ഒരു സമൂഹം എന്തെല്ലാം സ്വഭാവങ്ങള്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കണമോ അവയുടെ വ്യാപനത്തിലാണ് കേരളത്തിന്റെ ധനകാര്യം ഇപ്പോള്‍ ആശ്രയിക്കുന്നത്. കെഎസ്ആര്‍ടിസി പോലുള്ള സ്ഥാപനങ്ങള്‍ ഇനി എന്താകും എന്നാണ് നാം ശ്രദ്ധിക്കേണ്ടത്. ഡോ.ബി.എ.പ്രകാശ് ചൂണ്ടിക്കാണിച്ചതുപോലെ ധനധൂര്‍ത്ത് രാഷ്ട്രീയമാണ് കേരളത്തില്‍ നടക്കുന്നത്. അനാവശ്യമായി ഉണ്ടാക്കിയിരിക്കുന്ന പ്രത്യുല്പാദനപരമല്ലാത്ത, ഗുണമേന്മയില്ലാത്ത നിരവധി സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. കോടിക്കണക്കിന് രൂപ കൊടുത്ത്, മതം പഠിപ്പിക്കുന്നവര്‍ക്ക് ശമ്പളവും പെന്‍ഷനും കൊടുക്കുന്ന സമ്പ്രദായങ്ങള്‍ വരെയുണ്ട്. കൃഷിവകുപ്പില്‍ 75 ലധികം അവാന്തര വിഭാഗങ്ങളുണ്ട്. ഇതില്‍ ഓരോ വിഭാഗത്തിന്റെയും ഉല്പാദനക്ഷമത എത്രയുണ്ടെന്ന് ആരെങ്കിലും പരിശോധിക്കുന്നുണ്ടോ? അവയൊക്കെ ത്രൈമാസാടിസ്ഥാനത്തിലും വാര്‍ഷികാടിസ്ഥാനത്തിലും കൃത്യമായ ലക്ഷ്യങ്ങള്‍ നല്‍കി ആ ലക്ഷ്യങ്ങള്‍ നേടാനായി പ്രവര്‍ത്തിപ്പിക്കുകയാണെങ്കില്‍ കാര്‍ഷികരംഗം എത്രയോ മെച്ചപ്പെടുമായിരുന്നു. നായയുടെ വാല്‍ നിവര്‍ത്തുവാന്‍ തൊഴിലാളികളെ ഉപയോഗിക്കുന്നതുപോലെ തികച്ചും പുനരുല്പാദനപരമല്ലാത്ത മേഖലകളിലാണ് കേരളത്തിന്റെ ഒരു നല്ല ശതമാനം സമ്പത്തും വിനിയോഗിക്കപ്പെടുന്നത്. കേരളം ആശ്രയിച്ചിരിക്കുന്ന പ്രവാസികള്‍ തിരിച്ചെത്താന്‍ തുടങ്ങിയിരിക്കുന്നു. ഒരിക്കല്‍ ഒരു ലക്ഷത്തി പതിനായിരം കോടി രൂപ പ്രതിവര്‍ഷം കേരളത്തിനു നല്‍കിയിരുന്ന പ്രവാസി ലോകത്തില്‍ നിന്നും മുപ്പതോ നാല്പതോ ആയിരം കോടി രൂപയിലധികം ഇനി പ്രതീക്ഷ വെയ്‌ക്കേണ്ടതില്ല. മാത്രമല്ല, അത്രയധികം തൊഴില്‍ രഹിതരായിരിക്കും കേരളത്തിലുണ്ടാവുക. തങ്ങള്‍ക്ക് പരിപാലിക്കാന്‍ സാധ്യമല്ലാത്ത വീടുകള്‍ നിര്‍മ്മിച്ച് നല്ലൊരു ‘ഭാഗം മലയാളികളും തിരിച്ചെത്തുകയാണ്. അതില്‍ ഇതുവരെ വീട് നിര്‍മ്മിക്കാത്തവരും കാണും. കടമെടുത്ത് പോയവരും കാണും. ടൂറിസം പോലുള്ള മേഖലകള്‍ കര്‍ശന മലിനീകരണ നിയന്ത്രണത്തോടെ നല്ല രീതിയില്‍ ഉപയോഗിക്കാവുന്നതാണ്. അതുപോലെ മെഡിക്കല്‍ ടൂറിസം. കേരളത്തിന്റെ തൊഴില്‍ സംസ്‌കാരം മാറ്റിയാല്‍ ധാരാളം വ്യവസായങ്ങള്‍ കേരളത്തിലേയ്ക്ക് കൊണ്ടുവരാവുന്നതാണ്. പ്രത്യേകിച്ചും ഐടി മേഖലയില്‍. പ്രവാസികള്‍ കുറയുന്നതോടെ കേരളത്തിലെ എയര്‍ പോര്‍ട്ടുകളും ചുരുങ്ങി പോകുന്നതിന് ഇടയാകരുത്. ആഭ്യന്തര ടൂറിസവും പ്രകൃതിക്കനുയോജ്യമായ വ്യവസായങ്ങളും കേരളത്തിലെ കാര്‍ഷിക വിഭവങ്ങളുടെ, മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ, വ്യവസായങ്ങളും വഴി തീര്‍ച്ചയായും കേരളത്തിനു മുന്നോട്ടുപോകാവുന്നതാണ്. കെഎസ്ആര്‍ടിസിയുടെ ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടറായി 4 വര്‍ഷം ജോലി ചെയ്തിട്ടുണ്ട് ഞാന്‍. അതിന്റെ ആദ്യവര്‍ഷങ്ങളില്‍ പല പരിഷ്‌ക്കാരങ്ങളും സംസാരിക്കുമ്പോള്‍ 50% തൊഴിലാളികള്‍ക്കും നേതാക്കള്‍ക്കും ”ഓ ഇതിന്റെയൊന്നും ആവശ്യമില്ല. എത്രയോ കാലമായി ഇങ്ങനെയൊെക്ക പോകുന്നു” എന്നതായിരുന്നു അവരുടെ പ്രതികരണം. പക്ഷേ രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം മൂന്നും നാലും വര്‍ഷങ്ങളിലെത്തിയപ്പോള്‍ വളരെ ചെറിയ ശതമാനത്തിനൊഴികെ മറ്റെല്ലാവര്‍ക്കും പുതിയ ഒരു തൊഴില്‍ സംസ്‌കാരത്തിലേയ്ക്ക് സ്വന്തം നിലനില്പ് സ്വയം ഉണ്ടാക്കേണ്ട, ഉറപ്പാക്കേണ്ട നടപടികളിലേയ്ക്ക് പോകുന്നതിന് തൊഴിലാളികള്‍ പൊതുവെ സജ്ജരായിരുന്നു. ഇപ്പോള്‍ അതെല്ലാം കളഞ്ഞുകുളിച്ചിരിക്കുന്നു എന്നത് മറ്റൊരു കാര്യം. കടം വാങ്ങി പുനരുല്പദാനപരമല്ലാത്ത മേഖലകളില്‍ മുടക്കുകയും ധനധൂര്‍ത്ത് രാഷ്ട്രീയം പ്രധാന മൂലധനമാക്കുകയും ചെയ്തതാണ് കേരളത്തിന്റെ സാമ്പത്തിക ദുര്യോഗം. അതിനെല്ലാം വലിയ മാറ്റങ്ങള്‍ വരുത്തുന്നതിന് തൊഴിലിന്റെ മാന്യതയെക്കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറ്റുന്നതിന് കോവിഡ് വൈറസ് നിര്‍മ്മാര്‍ജ്ജനത്തിനുശേഷമുള്ള കാലഘട്ടം ഉപയോഗിക്കാം. എപ്പോഴും മുതലാളിത്ത രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന ഒരു വാചകമുണ്ട്.There is no free lunch (സൗജന്യമായി ഊണില്ല) വാസ്തവത്തില്‍ അത് മുതലാളിത്ത ലോകത്തില്‍ മാത്രമല്ല, ഏതൊരു സമ്പദ്‌വ്യവസ്ഥയുടെയും അടിസ്ഥാനഘടകമാണ്. എവിടെയെങ്കിലും സൗജന്യങ്ങള്‍ കൊടുക്കണമെങ്കില്‍ മറ്റാരെങ്കിലും ആ സൗജന്യങ്ങള്‍ ഒരു ചുമടായി ഏല്‌ക്കേണ്ടിവരും. അതുകൊണ്ട് ചെലവ് ചെയ്യുന്ന പണത്തിന്റെ പ്രത്യുല്പാദനം എന്തെന്ന് കൃത്യമായി കണ്ടറിഞ്ഞ് നടപടികള്‍ എടുക്കുക എന്നതാണ് കേരളത്തിനു വേണ്ടത്. അതിനു ഭരണരംഗത്തു തന്നെ വളരെയേറെ സാധ്യതകളുണ്ട്. തൊഴില്‍ രംഗത്തുണ്ടാകേണ്ട വലിയ മാറ്റങ്ങള്‍, മനുഷ്യന്റെ വീക്ഷണത്തിലുണ്ടാകേണ്ട മാറ്റങ്ങള്‍ ഈ രണ്ടു മാസക്കാലം മനുഷ്യനെ വീട്ടില്‍ കയറ്റിയ, ബന്ധിതനാക്കിയ, കോവിഡ് വൈറസ് പഠിപ്പിച്ച കാലഘട്ടം. ആ അറിവ് ഒരു പാഠമായി എടുത്ത് പ്രകൃതിയെ ഉപയോഗിക്കല്‍ വളരെ കൃത്യതയോടെ മാത്രം നടത്തി പ്രകൃതി വിഭവങ്ങളെ സംരക്ഷിച്ച് ധനധൂര്‍ത്ത് രാഷ്ട്രീയം നിര്‍ത്തലാക്കി പ്രത്യുല്പാദനപരമായ മേഖലകള്‍ വികസിപ്പിച്ച് ഓരോ തലത്തിലും കൃത്യമായ ഉത്തരവാദിത്വങ്ങള്‍ നല്‍കിക്കൊണ്ടുള്ള നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമെ കേരളത്തിനു പുതിയ സാമ്പത്തിക ക്രമത്തില്‍ പൊരുത്തപ്പെടാനാകൂ. തട്ടിപ്പിന്റെയും അത് മൂടിവെയ്ക്കാനുള്ള ശ്രമങ്ങളുടെയും പ്രീണനത്തിന്റെയും ധൂര്‍ത്തിന്റെയും കാലഘട്ടം കോവിഡ് വൈറസ് ബാധയോടെ തീര്‍ന്നുവെന്നു നാം മനസ്സിലാക്കണം. ഇനിയൊരു പുതുയുഗമാണ്. അതിന് ആദ്യം മനസ്സിലാക്കേണ്ടത് തൊഴിലിന്റെ മാന്യതയെക്കുറിച്ചുള്ള സങ്കല്പമാണ്. അതോടൊപ്പം ഏത് തൊഴിലും സുരക്ഷിതമായി ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഉണ്ടാക്കുകയാണ്. അവകാശങ്ങള്‍ മാത്രമല്ല, കടമകളും ഉണ്ടെന്ന ബോധ്യം ഉള്ള ഒരു ജനത ഉണ്ടായാലെ ഇത്തരത്തിലുള്ള ഒരു പുനര്‍വിചിന്തനത്തിനും അതുമൂലമുള്ള പുതുവളര്‍ച്ചയ്ക്കും കേരളത്തിനു സാധ്യമാകൂ. ഏതായാലും ജീര്‍ണിച്ച ഈ അവസ്ഥയില്‍ കേരളത്തിനു അധികം മുന്നോട്ടു പോകാനാവില്ല എന്നത് ഒരു വലിയ യാഥാര്‍ത്ഥ്യമാണ്.
ചൈനയില്‍ നിന്നെത്തിയ കോവിഡ് വൈറസ് ഒരു വലിയ വെല്ലുവിളിയാണ് നമുക്ക് നല്‍കിയത്. ജീവന്‍ രക്ഷിക്കാനുള്ള വെല്ലുവിളി. അതോടൊപ്പം വലിയ സംഭവങ്ങള്‍ക്കും, ‘ഭൂകമ്പങ്ങള്‍ക്കും, പ്രളയങ്ങള്‍ക്കുമൊന്നും ഉണ്ടാക്കാന്‍ കഴിയാത്ത ഒരു സാമൂഹിക അവബോധം സൃഷ്ടിക്കാനും കോവിഡ് വൈറസ് കാലഘട്ടത്തിന് കഴിഞ്ഞിട്ടുണ്ട്. കോവിഡ് വൈറസിന്റെ വെല്ലുവിളി വലിയ അവസരങ്ങള്‍ കൂടിയാണ് തരുന്നത്. ആ അവസരങ്ങളെ നാം എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതിനനുസരിച്ചായിരിക്കും നമ്മുടെ സാമ്പത്തിക സാമൂഹിക രംഗത്തിന്റെ ഇനിയങ്ങോട്ടുളള പ്രയാണം.
ഭാരതം 2024 ഓടെ 5 ട്രില്യന്‍ ഡോളറിന്റെ സാമ്പത്തികശക്തി ആകാനാണ് ലക്ഷ്യമിടുന്നത്. Purchase power parity അനുസരിച്ച് ഇന്‍ഡ്യ ഇപ്പോള്‍ തന്നെ 11.37 ട്രില്യന്‍ ഡോളറിന്റെ ഉല്പാദനമാണ് നടത്തുന്നത്. അതനുസരിച്ച് ഇന്ത്യ മൂന്നാം റാങ്കിലുമാണ്. Purchase power parity അനുസരിച്ച് ചൈന 27.31 ട്രില്യന്‍ ഡോളറും, അമേരിക്ക 21.43 ട്രില്യന്‍ ഡോളറും, ഇന്‍ഡ്യ 11.3 ട്രില്യന്‍ ഡോളറിനാണ് ഉല്പാദിപ്പിക്കുന്നത്. എന്നാല്‍ മൊത്ത ദേശീയ വരുമാനം ഇപ്പോഴത്തെ വിലനിലവാരത്തിലാണെങ്കില്‍ ചൈന 14.14 ട്രില്യന്‍ ഡോളറും, അമേരിക്ക 21.44 ട്രില്യന്‍ ഡോളറും, ജപ്പാന്‍ 5.15 ട്രില്യന്‍ ഡോളറും, ജര്‍മ്മനി 3.86 ട്രില്യന്‍ ഡോളറുമാണ്. ഇന്‍ഡ്യ അഞ്ചാം സ്ഥാനത്ത് 2.94 ട്രില്യന്‍ ഡോളറുമാണ് ഉല്പാദനം നടത്തുന്നത്).
ഈ വര്‍ഷം ലോക സാമ്പത്തിക വ്യവസ്ഥ ചുരുങ്ങിയത് 6.8 ശതമാനത്തിലും താഴേക്ക് ഇടിയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെങ്കിലും ജൂണ്‍ മാസം മുതല്‍ പ്രവര്‍ത്തനക്ഷമത വീണ്ടെടുക്കാനായാല്‍ ഇന്ത്യയ്ക്ക് തീര്‍ച്ചയായും 5 ശതമാനത്തിലധികം വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താനാകും. നമ്മള്‍ മനസ്സിലാക്കേണ്ടത് സാമ്പത്തികരംഗം ഏറ്റവുമധികം പണിയെടുക്കുന്നത് മനുഷ്യ മനസ്സിലാണ്-മനുഷ്യമനസ്സുകളില്‍. അതിനാല്‍ ഇതേവരെയുള്ള ഭാരതത്തിന്റെ പ്രയാണത്തില്‍ നിന്ന്, പൂര്‍ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമായി സ്വീകരിച്ച് കാര്‍ഷിക മേഖലയിലെ ജനസംഖ്യയിലെ പെരുപ്പം കുറച്ച് മൂല്യവര്‍ദ്ധിത വസ്തുക്കളുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കുകയും ചൈനയില്‍ നിന്നും മറ്റും പുറത്തേയ്ക്കു വരുന്ന വ്യവ സായങ്ങള്‍ പൂര്‍ണ മലിനീകരണ നിയന്ത്രണങ്ങള്‍ക്കു വിധേയമായി തൊഴിലാളികള്‍ക്ക് അടിസ്ഥാന അവകാശങ്ങള്‍ ഉറപ്പാക്കി പ്രവര്‍ത്തിക്കുകയാണെങ്കില്‍ 5 ട്രില്യന്‍ ഡോളര്‍ ഇക്കോണമി 2024 നു മുന്‍പ് എത്താവുന്നതേയുളളൂ. വലിയ കോര്‍പറേറ്റുകള്‍ ഇന്‍ഡ്യയുടെ വികസനത്തിനു സഹായം നല്‍കുന്നുണ്ട്. പക്ഷേ, അവയെല്ലാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പൂര്‍ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും കുറെക്കൂടി സന്തുലിതമായ വിഭവ വിതരണത്തിലുമായിരിക്കണം. കോവിഡിനെ തുടര്‍ന്നുള്ള താല്ക്കാലിക കാലഘട്ടത്തിലേയ്ക്ക് സംസ്ഥാനങ്ങള്‍ക്കുളള കടമെടുപ്പിനുള്ള പരിധി അതാത് സംസ്ഥാനങ്ങളുടെ ജിഡിപിയുടെ 4% വരെയാക്കുന്നത് വളരെ സഹായകരമായിരിക്കും. ഇപ്പോഴത് 3% ലാണ്.
കോവിഡ് വൈറസ് ബാധ എങ്ങനെ വന്നു, അത് എന്തുകൊണ്ട് വൂഹാനില്‍ മാത്രം നിര്‍ത്താനായില്ല, നിയന്ത്രിക്കാനായില്ല എന്നതും, അതിന്റെ ആവിര്‍ഭാവവുമെല്ലാം കണ്ടുപിടിക്കേണ്ടതാണ്. പക്ഷേ, മറ്റാര്‍ക്കും കഴിയാത്ത വലിയ മാറ്റങ്ങള്‍ ലോകത്തും ‘ഭാരതത്തിനും മനുഷ്യമനസ്സുകള്‍ക്കിടയില്‍ ഉണ്ടാക്കാന്‍ കോവിഡിന് സാധിച്ചിട്ടുണ്ട്. ആ പുതിയ സാഹചര്യം പൂണമായും ഉപയോഗിച്ച് നമ്മുടെ രാജ്യത്തിന്റെ ദാരിദ്ര്യത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ മനസ്സിലാക്കി ഇതില്‍ ഞാന്‍ ഇതുവരെ വിവരിച്ച സാമ്പത്തിക നടപടികള്‍ കൂടി എടുക്കുകയാണെങ്കില്‍ തീര്‍ച്ചയായും പൂര്‍ണ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനൊപ്പം ജപ്പാനെയും മറികടന്ന് ലോക സാമ്പത്തിക വ്യവസ്ഥയില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കാന്‍ ഇന്ത്യയ്ക്ക് 2024 വരെ കാത്തിരിക്കേണ്ടി വരില്ല. പക്ഷേ, ജനസംഖ്യാ നിയന്ത്രണം മുഖം നോക്കാതെ നടപ്പാക്കേണ്ട ഒരു പ്രാഥമിക ആവശ്യമായി വരും.
അര്‍ത്ഥശാസ്ത്രം എന്നത് വിവിധ അര്‍ത്ഥങ്ങളുള്ള എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്ന ഒരു വാക്കാണ്. ഭൗതികമായ ഏറ്റവും നല്ല അവസ്ഥ, ജീവസന്ധാരണത്തിനുള്ള ഉപാധി, സാമ്പത്തികമായ ഉന്നതി എന്നെല്ലാം ഇതിനെ അര്‍ത്ഥമാക്കാം. അര്‍ത്ഥശാസ്ത്ത്രിന്റെ മറ്റൊരു തലം രാഷ്ട്രീയത്തിന്റെ ശാസ്ത്രമാണ്. അര്‍ത്ഥശാസ്ത്രം അതുകൊണ്ടുതന്നെ ‘ഭരണം, നിയമം, നീതി, നികുതി വരുമാനം, ചെലവ്, വിദേശകാര്യം, രാജ്യസുരക്ഷ എന്നിവയിലും അധിഷ്ഠിതമാണ്. ധര്‍മ്മശാസ്ത്രങ്ങള്‍ ഇവയെല്ലാം പറയുന്നുണ്ട്. പക്ഷേ, അത് ഒരു വ്യക്തിയോടാണ്. ആ വ്യക്തി അനുഷ്ഠിക്കേണ്ട ധര്‍മ്മങ്ങളാണ്. എന്നാല്‍ ചാണക്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ ജനങ്ങള്‍ മാത്രമല്ല ഭരണാധികാരികളും അനുഷ്ഠിക്കേണ്ട ധര്‍മ്മങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. അര്‍ത്ഥശാസ്ത്രത്തിന്റെ ഒരു ‘ഭാഗത്ത് സാമ്പത്തിക സ്ഥിതിയുടെ ശാസ്ത്രം എന്നു പറയാമെങ്കിലും അതിനെക്കാളെറെ വിശാലമായ അര്‍ത്ഥത്തിലാണ് കൗടില്യന്‍ അത് തയ്യാറാക്കിയത്.
ഇന്ത്യയില്‍ പഠിപ്പിക്കാത്തതിനാല്‍ ഇത് പഠിക്കാന്‍ വേണ്ടി അമേരിക്കയിലെ ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലും മറ്റും പോകേണ്ടി വരും. കൗടില്യന്റെ ‘അര്‍ത്ഥശാസ്ത്രത്തിലെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള ഭാഗം നോക്കുക. ഇതില്‍ ‘The Kautilyan – State and Society’എന്ന അദ്ധ്യായത്തില്‍ വിശദമായി ഇതേപ്പറ്റിയെല്ലാം എഴുതിയിട്ടുണ്ട്. ഇതൊന്നു വായിച്ചു നോക്കിയാല്‍ മതി. ഇന്ത്യന്‍ സാമ്പത്തികശാസ്ത്രത്തില്‍ ഓരോ വിഭാഗങ്ങള്‍ക്കും ക്ഷേമസംബന്ധിയായി നല്‍കുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍. കോവിഡ്-19 നമ്മുടെ മുന്‍പില്‍ നമ്മളറിയാതിരുന്ന അല്ലെങ്കില്‍ ശ്രദ്ധിക്കാതിരുന്ന ചില സത്യങ്ങള്‍ തുറന്നുവെച്ചിട്ടുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടത് നമ്മുടെ തന്നെ ആരോഗ്യ സംരക്ഷണത്തെപ്പറ്റി തന്നെയാണ്. കേരളത്തില്‍ ഒരു മാസം ശരാശരി 900 കോടി രൂപയുടെ മരുന്നാണത്രെ വില്പനയുണ്ടായിരുന്നത്. ഈ കോവിഡ് ബാധയ്ക്കുശേഷം ഇത് 50 കോടി രൂപയായി താഴ്ന്നുവത്രെ. അതായത് ഈ നിലയില്‍ പോയാല്‍ വര്‍ഷം 10800 കോടി രൂപയുടെ വ്യാപാരം നടന്നിരുന്ന ഇംഗ്ലീഷ് മരുന്നു വിപണിയില്‍ 600 കോടി രൂപയുടെ വില്പനയെ ഉണ്ടാകുന്നുള്ളുവെന്നര്‍ത്ഥം. അതുപോലെ പലയിടത്തും നിന്നും അിറയുന്നത് മരണങ്ങള്‍ കാര്യമായി കുറഞ്ഞിട്ടുണ്ട് എന്നാണ്. അതിന് ഒരു കാരണം ഒരു ദിവസം ശരാശരി 13 അപകട മരണങ്ങള്‍ ഉണ്ടായിരുന്നിടത്ത് നിരത്തുകളില്‍ വാഹനങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ട് അപകട മരണങ്ങളില്‍ വന്ന കുറവാണ്. പക്ഷേ, ഹൃദ്രോഗികള്‍, മറ്റ് വിഭാഗത്തില്‍പ്പെട്ട രോഗികള്‍ അവര്‍ക്കെല്ലാം എന്തു സംഭവിച്ചു? ഇതില്‍ ബുദ്ധിമുട്ട് അനുഭവിച്ചവരുണ്ടാകും. ഡയാലിസിസ്സും കീമോ തെറാപ്പിയും നടത്തുന്നവര്‍ പലതിനും ബുദ്ധിമുട്ടേണ്ടി വന്നവര്‍. രക്തം കിട്ടാതെ ബുദ്ധിമുട്ടിയവര്‍. അതോടൊപ്പം കേരളത്തിലുള്ള പല സ്വകാര്യ ആശുപത്രികളും വലിയ സാമ്പത്തിക നഷ്ടത്തിലാണത്രെ. അങ്ങനെയെങ്കില്‍ ആത്യന്തികമായി നാം മനസ്സിലാക്കേണ്ടത്, ഇതുവരെ കൊട്ടിഘോഷിക്കപ്പെട്ടിരുന്ന കേരളത്തിന്റെ ആരോഗ്യ സംരക്ഷണത്തില്‍ നല്ലൊരു ശതമാനം അനാവശ്യ മരുന്നുകള്‍ക്കും ചികിത്സയ്ക്കുമായി ആയിരുന്നില്ലേ എന്നതാണ്. ഈ മേഖലയില്‍ വലിയൊരു ഗവേഷണം നടത്തേണ്ടതുണ്ട്.
പ്രവാസികളെ ഉടനെ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരണമെന്ന് പരസ്യമായി പറയുന്നത് കേരളാ സര്‍ക്കാരാണ്. അവരെ കൊണ്ടുവന്നാല്‍ ഇവിടെ എല്ലാ സൗകര്യങ്ങളും തയ്യാറാക്കിയിട്ടുണ്ടത്രെ! പ്രവാസികളില്‍ ഗള്‍ഫിലുള്ളവരായിരിക്കും കൂടുതലും തിരികെ വരാന്‍ തയ്യാറാകുന്നത്. അതില്‍ പ്രാഥമിക പരിഗണന പട്ടിക തയ്യാറാക്കേണ്ടതുണ്ട്. മറ്റ് രോഗങ്ങള്‍ മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍, വിസിറ്റിംഗ് വിസയില്‍ പോയി ഗള്‍ഫ് നാടുകളില്‍ കുടുങ്ങിപ്പോയവര്‍,ഗള്‍ഫില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ അങ്ങനെ ഒരു പ്രാഥമിക പരിഗണനാ പട്ടിക തയ്യാറാക്കേണ്ടതുണ്ട്. എംബസികളാണ് അത്തരം കാര്യങ്ങള്‍ ചെയ്യേണ്ടത്. ഒരു ദിവസം 300 പേര്‍ വീതമുള്ള 100 ഫ്‌ളൈറ്റുകള്‍ വന്നാല്‍ 30,000 പേര്‍ക്കാണ് വരാന്‍ സാധിക്കുക. ഈ ഫ്‌െൈളറ്റുകളെല്ലാം ഗള്‍ഫില്‍ നിന്നും ഇങ്ങോട്ട് യാത്രക്കാരും സാധനങ്ങളുമായി വരികയും തിരിച്ച് ഗള്‍ഫിലേയ്ക്ക് കാലിയായി പോവുകയും വേണ്ടി വരും. ഇതിനുവേണ്ടി വരുന്ന പണം കണ്ടെത്തേണ്ടി വരും. 30,000 പേര്‍ കേരളത്തില്‍ ഒരു ദിവസമെത്തിയാല്‍ അവരെ എല്ലാവരെയും 15 ദിവസത്തേക്കെങ്കിലും ക്വാറന്റൈന്‍ ചെയ്യേണ്ടിവരും. അങ്ങനെയെങ്കില്‍ ഓരോ ദിവസവും വരുന്ന 30,000 പേര്‍ വീതം 4,80,000 പേര്‍ക്ക് ക്വാറന്റൈനില്‍ താമസിക്കാനുള്ള സൗകര്യങ്ങള്‍ കേരളത്തില്‍ തയ്യാറാക്കേണ്ടതുണ്ട്. ഇവിടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും സുരക്ഷയോടെ താമസിക്കുന്നതിനുള്ള ആഹാരം, മരുന്നുകള്‍ അടക്കമുള്ള സാധനങ്ങള്‍ നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍ വേണ്ടി വരും. കാരണം 30,000 പേര്‍ ആദ്യ ദിവസം വന്നാല്‍ 15 ദിവസം കഴിഞ്ഞ് അവര്‍ പുറത്തിറങ്ങിയാല്‍ ആ സംവിധാനങ്ങള്‍ ഡിസാനിറ്റൈസ് ചെയ്ത് വീണ്ടും ഉപയോഗിക്കുന്നതിന് ഒരു ദിവസം വേണ്ടിവരും. 30000 പേരെ ഇങ്ങനെ ഒരു ദിവസം കൊണ്ടു വന്നാല്‍ 40 ദിവസങ്ങള്‍ കൊണ്ടേ 12 ലക്ഷം പേരെ കൊണ്ടുവരാനാകൂ. കേരളത്തില്‍ 480000 പേര്‍ക്കുള്ള സൗകര്യങ്ങള്‍ തയ്യാറാക്കിയാല്‍ മാത്രമെ ഇത്തരത്തിലുള്ള ആളെ ഒഴിപ്പിക്കല്‍ (evacuation) സാധ്യമാകയുള്ളൂ. ഇത്തരം സൗകര്യങ്ങള്‍ ഉണ്ടോയെന്ന് ഒരു കേന്ദ്രസമിതി സ്ഥലത്തെത്തി പരിശോധന നടത്തിയതിനുശേഷമായിരിക്കണം അത്.
ബാങ്കുകള്‍ ചെയ്യേണ്ട കാര്യങ്ങളാണ് പണസംബന്ധമായുള്ള ലഭ്യത ഉറപ്പാക്കല്‍. റിസര്‍വ്വ് ബാങ്കാണ് ഈ നയങ്ങള്‍ പ്രഖ്യാപിക്കുന്നത്. നമ്മുടെ വികസനത്തിന്റെ വലിയൊരു തടസ്സം ബാങ്കുകളാണ്. വിജയ് മല്യയെപ്പോലെയും ചോംസ്‌കിയെപ്പോലെയുമുള്ളവര്‍ക്ക് ലോണ്‍ കൊടുക്കുന്നതിന് നിരവധി കാരണങ്ങള്‍ അവര്‍ കണ്ടെത്തുന്നു. പക്ഷേ, ചെറുകിട വ്യവസായങ്ങള്‍ നടത്തുന്നവര്‍ക്കും, ചെറിയ ലോണുകള്‍ എടുക്കുന്നവര്‍ക്കും കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും പ്രഖ്യാപിക്കുന്ന ഇളവുകള്‍ എങ്ങനെ കൊടുക്കാതിരിക്കാമെന്നാണ് ബാങ്കുകള്‍ ഗവേഷണം നടത്തുക. ഇപ്പോള്‍ തന്നെ മൂന്ന് മാസത്തെ മോറട്ടോറിയം ലോണുകളുടെ തിരിച്ചടവ് സംബന്ധിച്ച പ്രഖ്യാപനമുണ്ടായെങ്കിലും ആ മൂന്നു മാസത്തെ പലിശയുടെ പലിശ സഹിതം എടുക്കുമെന്നാണ് ബാങ്കുകള്‍ പറയുന്നത്.
അതുപോലെ ചെറിയ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ ഉള്ള ലോണുകള്‍ ഓരോ ജില്ലയിലും കേന്ദ്ര സര്‍ക്കാര്‍ തന്നെ, രണ്ടോ മൂന്നോ അംഗങ്ങള്‍ – അതില്‍ റിസര്‍വ് ബാങ്കിലെയോ ലീഡ് ബാങ്കിലെയോ ഓഫീസറടക്കം, ചേര്‍ന്ന് ബാങ്കുകള്‍ അനാവശ്യമായി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോയെന്നും സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഇളവുകള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോയെന്നും പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. ബാങ്കിംഗ് ഓംബുഡ്‌സ്മാന് ലഭിക്കുന്ന പരാതികളില്‍ അന്വേഷണം നടത്തി നടപടികള്‍ എടുക്കുക എന്നതല്ല ഇവിടുത്തെ ആവശ്യം. റിസര്‍വ് ബാങ്കിന്റെ മോണിറ്ററി പോളിസി പ്രായോഗികമായി ബാങ്കുകളുടെ ശാഖകളില്‍ നടപ്പായാല്‍ മാത്രമെ ശരിയായുള്ള പണലഭ്യതയും ജനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ഉത്സാഹവും ഉണര്‍വും ഉണ്ടാവുകയുള്ളൂ. അത് അടിസ്ഥാനപരമായി ഉറപ്പാക്കുന്നുവെന്നത് കോവിഡ് നിര്‍മ്മാര്‍ജ്ജനത്തിനുശേഷമുള്ള പുനര്‍നിര്‍മ്മാണത്തിന്റെ ഒരു പ്രാഥമിക നടപടിയായിരിക്കണം.
അതുപോലെ അടിയന്തിരമായി ശ്രദ്ധകൊടുക്കേണ്ട ഒന്നാണ് നമ്മുടെ മാലിന്യ സംസ്‌കരണ സംവിധാനം. മനുഷ്യന് അസുഖങ്ങള്‍ ഉണ്ടാക്കുന്ന പല രോഗങ്ങളും ഇവിടെ നിന്നാണ് ഉത്ഭവിക്കുന്നത്. ഇതുപോലുള്ള ഒന്നാണ് പുഴയിലേയ്ക്കുള്ള വിഷവും രാസമാലിന്യങ്ങളും തള്ളിവിടുന്ന ഫാക്ടറികളുടെ പ്രവര്‍ത്തനം. അവയെല്ലാം തുറക്കുന്നതിനു മുന്‍പായി പരിശോധിച്ച് മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഉണ്ടെന്ന് ഉറപ്പു വരുത്തുക. ഇപ്പോഴാണെങ്കില്‍ എളുപ്പമായിരിക്കും. അങ്ങനെ പ്രകൃതിയെ അധികം ചൂഷണം ചെയ്യാതെ ഒരു സാമൂഹിക സാമ്പത്തിക മാര്‍ഗ്ഗത്തിലേക്കായിരിക്കണം നാം മാറേണ്ടത്. കോവിഡിന്റെ വെല്ലുവിളി അതിനുള്ള അവസരങ്ങളും നമുക്കായി തുറന്നു തന്നിരിക്കുന്നു.