ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെയും ഇസ്ലാമിക തീവ്രവാദ ഭീഷണിയുടെയും ഊര്‍ജ്ജ പ്രതിസന്ധിയുടെയും പശ്ചാത്തലത്തില്‍ ഭാരതം ഏറെ പ്രതീക്ഷയോടെ കണ്ട ഒരു സന്ദര്‍ശനമായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റ്രേത്. ഭാര്യ മെലേനിയാ ട്രംപും മുഖ്യ ഉപദേശകര്‍ കൂടിയായ മകള്‍ ഇവാങ്കോയും മകനും ബിസിനസ്സുകാരനുമായ ജറേദ് കുഷ്‌നര്‍ എന്നിവരുമായുള്ള ട്രംപിന്റെ ഭാരത സന്ദര്‍ശനം പലതുകൊണ്ടും ഒരു ചരിത്രസംഭവമായി മാറി. ഗുജറാത്തിലുള്ള മഹാത്മാഗാന്ധിയുടെ സബര്‍മതീ ആശ്രമവും സ്‌നേഹനഗരിയായ ആഗ്രയിലെ ലോക പ്രശസ്തമായ താജ് മഹലും അമേരിക്കന്‍ പ്രസിഡണ്ടിന്റെ സന്ദര്‍ശനത്തിലെ അവിസ്മരണിയമായ ഏടുകളായി. നമസ്‌തെ ട്രംപ് എന്ന് നാമകരണം ചെയ്യപ്പെട്ട അമേരിക്കന്‍ പ്രസിഡണ്ടിന്റെ ഇന്ത്യാസന്ദര്‍ശനം പ്രത്യേകതകള്‍കൊണ്ട് ഏറെ സമ്പന്നമായിരുന്നു.
ചരിത്രത്തില്‍ ഇടംപിടിച്ച സന്ദര്‍ശനം
ഭാരതത്തിന്റെ പരിച്ഛേദമെന്നോണം തടിച്ചുകൂടിയ ഒരു ലക്ഷത്തോളം വരുന്ന ജനാവലിയാല്‍ പുതുതായി പണികഴിപ്പിച്ച, സര്‍ദാര്‍ പട്ടേലിന്റെ പേരിലുള്ള, മൊട്ടേര സ്റ്റേഡിയം അക്ഷരാര്‍ത്ഥത്തില്‍ അലകടലായി മാറി. ജനസഹസ്രങ്ങളെ സാക്ഷിനിര്‍ത്തിയുള്ള അമേരിക്കന്‍ പ്രസിഡണ്ടിന്റെയും ഇന്ത്യന്‍ പ്രധാനമന്ത്രിയുടെയും സംയുക്ത സമ്മേളനം ചരിത്രത്തില്‍ ഇടംപിടിക്കുന്ന സംഭവമായി മാറി. രണ്ട് രാജ്യങ്ങളും തമ്മിലുള്ള നൈസര്‍ഗികവും ജൈവപരവുമായ ബന്ധം ഊട്ടിയുറപ്പിക്കാന്‍ ഈ ചരിത്രമുഹൂര്‍ത്തത്തിന് സാധിച്ചു. ഒരു അമേരിക്കന്‍ പ്രസിഡണ്ടിന് വേറൊരു രാജ്യത്തിലെ ജനങ്ങളുമായി നേരിട്ട് ഇടപഴകാന്‍ ലഭിച്ച ആദ്യ അവസരമായാണ് ഇത് ചരിത്രത്തില്‍ രേഖപ്പെടുത്തുക. ഇരു രാജ്യങ്ങള്‍ തമ്മില്‍ മാത്രമല്ല, അവിടുത്തെ ബഹുകോടി ജനങ്ങള്‍ തമ്മിലും തുടരാനിടയുള്ള ഇഴയടുപ്പമുള്ള ഹൃദയബന്ധത്തിന്റെ അടയാളം കൂടിയായി ഈ സമ്മേളനം എന്നാണ് വിലയിരുത്തപ്പെടുന്നത്. മുപ്പത് മണിക്കൂര്‍ നീണ്ടുനിന്ന ചരിത്ര സന്ദര്‍ശനത്തിനിടയില്‍ ഒട്ടേറെ സാമ്പത്തിക, സൈനിക, രാജ്യസുരക്ഷാ, സാങ്കേതിക വിദ്യാ പ്രധാനമായ കരാറുകളാണ് ഒപ്പ് വെക്കപ്പെട്ടത്. രാജ്യരക്ഷയും സൈനിക ശക്തിയും സാമ്പത്തിക ഉത്തേജനവും കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ചകള്‍ ഏറെയും.
ഒരു സാധാരണ ചായക്കടക്കാരന്റെ മകനായി താഴെത്തട്ടില്‍ നിന്നും ഉയര്‍ന്ന് വന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയെ തന്റെ യഥാര്‍ത്ഥ സുഹൃത്തായാണ് അമേരിക്കന്‍ പ്രസിഡണ്ട് വിശേഷിപ്പിച്ചത്. ചെറുപ്പക്കാര്‍ക്കും ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും പഠനവിഷയമാക്കാവുന്ന ഒരു ജീവിതത്തിന്റെ ഉടമയായ നരേന്ദ്രമോദി വിജയം കൈവെള്ളയില്‍ കൊണ്ടുനടക്കുന്ന നേതാവാണ്. കടുത്ത വെല്ലുവിളികളെ ധീരമായി നേരിടാന്‍ കഴിവുള്ള ഈ നേതാവ് ആധുനിക ഭാരതത്തിന്റെ കരുത്തിനും കര്‍മ്മശേഷിക്കും മാതൃകയാണ്. മോദി അഹമ്മദാബാദിന്റേയോ, ഗുജറാത്തിന്റേയോ മാത്രം അഹങ്കാരമല്ല മറിച്ച് കഠിനാധ്വാനത്തിലൂടെയും കറകളഞ്ഞ രാഷ്ട്ര ഭക്തിയിലൂടെയും ഭാരതത്തെ ലോകത്തിന്റെ നെറുകയില്‍ പ്രതിഷ്ഠിക്കാന്‍ പ്രാപ്തിയുള്ള നേതാവാണെന്ന് വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തിയാണ് ട്രംപ് പ്രഖ്യാപിച്ചത്. വിദ്യയിലൂടെയുണ്ടായ വിനയം രാഷ്ട്രവിജയത്തിന് മുതല്‍കൂട്ടായി ഉപയോഗിക്കാന്‍ മോദിക്ക് സാധിക്കുന്നു എന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും വൈവിധ്യത്തിലെ ഏകത്വവുമെല്ലാം ലാളിത്യത്തിന്റെ ഉടമയായ ഇന്ത്യന്‍ പ്രധാനമന്ത്രിയില്‍ സുരക്ഷിതമാണ്. ഈ കാര്യത്തില്‍ ഭാരതത്തിന്റെ ഓരോ വ്യക്തിക്കും മോദി അഭിമാനവും സ്വകാര്യ അഹങ്കാരവുമാണ്. മോദിയുടെ സ്വദേശമായ അഹമ്മദാബാദിലേയ്ക്കും സ്‌നേഹനഗരിയായ ആഗ്രയിലെ പ്രണയസ്മാരകമായ താജ് മഹലിലേയ്ക്കും അമേരിക്കന്‍ പ്രസിഡണ്ടിനുള്ള സ്വാഗതം സ്‌നേഹസമ്പന്നനായ സുഹൃത്തിന്റെ സമ്മാനമായാണ് കണക്കാക്കപ്പെടുന്നത്.
വികസനത്തിന്റെ വിജയമന്ത്രം
വികസനത്തിന്റെ ചരിത്രവഴികളിലൂടെ മുന്നോട്ട് കുതിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമെന്ന് അറിയപ്പെടുന്ന ഭാരതത്തിന്റെ കരുത്തു വൈവിധ്യവും വിജയമന്ത്രമായ ജനാധിപത്യവുമാണ്. സ്വതന്ത്രഭാരതത്തിന്റെ എഴുപത് വര്‍ഷത്തെ വികസന ചരിത്രം ലോകത്തിന് മുന്നില്‍ ഭാരതത്തിന്റെ യശസ്സ് ഉയര്‍ത്തിയിട്ടേയുള്ളു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഭാരതത്തിന്റെ സാമ്പത്തികമൂല്യം ആറുമടങ്ങായി ഉയര്‍ത്താന്‍ സാധിച്ചത് ഒരു ചെറിയ കാര്യമല്ല. കഴിഞ്ഞ ഒരു ദശാബ്ദംകൊണ്ട് 270 ദശലക്ഷത്തിലധികം പേരെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റാന്‍ സാധിച്ചതും ഭാരതത്തിന്റെ എടുത്തുപറയാന്‍ പറ്റാവുന്ന നേട്ടമായാണ് അമേരിക്കന്‍ പ്രസിഡണ്ട് ചൂണ്ടിക്കാണിച്ചത്. കടന്നുകയറ്റത്തിന്റേയോ, അധിനിവേശത്തിന്റേയോ, അക്രമത്തിന്റേയോ കഥയല്ല ഭാരതത്തിന് ലോകത്തോട് പറയാനുള്ളത്. സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും, പരസ്പരവിശ്വാസത്തിന്റെയും, പരസ്പര ബഹുമാനത്തിന്റെയും കഥയാണ്. എഴുപത് വര്‍ഷത്തെ ഭാരതത്തിന്റെ നേട്ടത്തിന് അതിന്റെ സവിശേഷമായ സംസ്‌കാരമാണ് കാരണമായിത്തീര്‍ന്നിരിക്കുന്നത്. സ്വതന്ത്രവും ജനവിശ്വാസം പിടിച്ചുപറ്റുന്നതുമായ ഒരു ഭരണസംവിധാനം ഒരു ജനതയ്ക്ക് കൊടുക്കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. അതാണ് ലോകത്തിനു മുന്നില്‍ ഭാരതത്തെ വ്യത്യസ്തമാക്കുന്നത്. ഈ ഭാരതത്തെയാണ് അമേരിക്ക നെഞ്ചോട് ചേര്‍ത്ത് നിര്‍ത്താന്‍ ശ്രമിക്കുന്നത്.
ഇസ്ലാമിക തീവ്രവാദമാണ് ഇരു രാജ്യങ്ങളും നേരിടുന്ന പ്രധാന വെല്ലുവിളി. അതുകൊണ്ട് തന്നെ, രാജ്യസുരക്ഷക്കും, തീവ്രവാദ ഭീഷണിക്കും പ്രാധാന്യം കല്പിക്കുന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്കും കരാറുകള്‍ക്കുമാണ് അമേരിക്കന്‍ പ്രസിഡണ്ടും ഇന്ത്യന്‍ പ്രധാനമന്ത്രിയും ഊന്നല്‍ കൊടുക്കുന്നത്. ഏകദേശം മൂന്ന് ബില്യന്‍ ഡോളര്‍ മൂല്യമുള്ള കരാറില്‍ ഉയര്‍ന്ന സാങ്കേതികവിദ്യയും വര്‍ദ്ധിച്ച പ്രഹരശേഷിയും ഉയര്‍ന്ന ഗുണനിലവാരമുള്ള യുദ്ധസാമഗ്രികളും രാജ്യസുരക്ഷാ സംവിധാനങ്ങളുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഈ ഭൂമുഖത്ത് ഇന്ന് ലഭിക്കാവുന്നതില്‍ വെച്ചേറ്റവും മികച്ച യുദ്ധസാമഗ്രികള്‍ കൈമാറ്റം ചെയ്യാനുള്ള ഉടമ്പടി വര്‍ത്തമാനകാല സാഹചര്യത്തില്‍ ഭാരതത്തെ സംബന്ധിച്ചിടത്തോളം അതിപ്രാധാന്യമര്‍ഹിക്കുന്നു. വിമാനവും മിസൈലുകളും റോക്കറ്റുകളും കപ്പലുകളും അത്യാധുനിക അമേരിക്കന്‍ യുദ്ധസാമഗ്രികളുടെ സങ്കേതത്തില്‍ ഉള്‍പ്പെടുന്നു. മികവുറ്റതാണ് അമേരിക്കന്‍ ആയുധങ്ങള്‍. അത് ആത്മസുഹൃത്തായ ഭാരതത്തിന്റെ ആഭ്യന്തരസുരക്ഷക്കായി കൈമാറാന്‍ അമേരിക്ക തയ്യാറാകുന്നു എന്നതാണ് ഈ സന്ദര്‍ശനത്തിന്റെ സവിശേഷത. രാജ്യസുരക്ഷാ സാമഗ്രികളുടെ കൈമാറ്റത്തിലെ സുപ്രധാന പങ്കാളിയായ ഭാരതത്തിന്റെ സുരക്ഷ അമേരിക്കയും ആഗ്രഹിക്കുന്നു.
ലോകം മുഴുവന്‍ ഇന്ന് സാമ്പത്തിക മാന്ദ്യത്തിന്റെയും, ഊര്‍ജപ്രതിസന്ധിയുടെയും പിടിയിലാണ്. അമേരിക്കന്‍ പ്രസിഡണ്ടിന്റെ സന്ദര്‍ശന വേളയിലെ ചര്‍ച്ചകളില്‍ ഊര്‍ജ ഉത്പാദനത്തിനും അതിന്റെ വിതരണത്തിലും വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. ഊര്‍ജ ഇറക്കുമതിയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഭാരതത്തെ സംബന്ധിച്ചേടത്തോളം അമേരിക്കയുമായുള്ള ഊഷ്മളമായ ഊര്‍ജബന്ധം ഏറെ പ്രയോജനം ചെയ്യുന്നതാണ്. വര്‍ദ്ധിച്ചുവരുന്ന അമേരിക്കന്‍ ഊര്‍ജ ഉത്പന്നങ്ങളുടെ ഇറക്കുമതിയില്‍ എണ്ണയും പ്രകൃതിവാതകങ്ങളും കുഴല്‍ മാര്‍ഗ്ഗമുള്ള ഊര്‍ജ ഉത്പന്നങ്ങളുടെ വിതരണവും ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനമായ ഐഓസിഎല്‍ ഉം അമേരിക്കന്‍ കമ്പനിയുമായുള്ള വ്യാപാരബന്ധം ഭാരതത്തിന്റെ ഊര്‍ജപ്രതിസന്ധിക്ക് ഒരളവുവരെ പരിഹാരം കാണാന്‍ പോരുന്നതാണ്. പരമ്പരാഗത എണ്ണ ഉത്പാദക രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്‌നങ്ങളും, അന്തര്‍ദേശീയമായ അസ്വസ്ഥതകളും ഭാരതത്തെ സംബന്ധിച്ചേടത്തോളം ഊര്‍ജവിതരണത്തില്‍ വെല്ലുവിളിയാണ്. ഇറക്കുമതിയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഭാരതത്തിന് എണ്ണ വിലയിലെ ഓരോ ഡോളറിന്റെയും വ്യത്യാസം ഒരു ബില്യന്‍ ഡോളറിന്റെ ആഘാതമാണുണ്ടാക്കുന്നത് എന്നാണ് വിദഗ്ദ അഭിപ്രായം. ഈ പശ്ചാത്തലത്തില്‍ ഊര്‍ജ ഉത്പന്ന ഇറക്കുമതിയില്‍ അമേരിക്കയുമായുള്ള ഭാരതത്തിന്റെ ചര്‍ച്ചകളും ഉടമ്പടികളും കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നും ലഭിക്കുന്ന കുറഞ്ഞ നിരക്കിലുള്ള എണ്ണയുത്പന്നങ്ങളും ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇടതുപക്ഷത്തിനും ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കും ജനാധിപത്യ സംവിധാനത്തില്‍ അമേരിക്കന്‍ പ്രസിഡണ്ടിന്റെ ഇന്ത്യാസന്ദര്‍ശനത്തില്‍ പ്രതിഷേധിക്കാം, പ്രകടനം നയിക്കാം. പക്ഷേ വികസന കാര്യത്തിലെ വിഭിന്ന ചിന്തകളും വിചിത്ര വാദങ്ങളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകള്‍ക്കും അപചയം മാത്രമെ നല്‍കുന്നുള്ളു എന്നതാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. മുരടിപ്പിന്റെ തത്വശാസ്ത്രമല്ല വികസനത്തിന്റെ വിശാലമായ കാഴ്ചപ്പാടാണ് വളരുന്ന ഭാരതം ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് വര്‍ത്തമാനകാല സാഹചര്യത്തില്‍ അമേരിക്കന്‍ പ്രസിഡണ്ടിന്റെ ഇന്ത്യാസന്ദര്‍ശനം വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്.
(കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മാനേജ്‌മെന്റ് വകുപ്പിലെ മുന്‍ പ്രഫസറും, ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഒകഘ കചഉകഅ ഘകങകഠഋഉ ന്റെ മുന്‍ ഇന്‍ഡിപെന്റന്റ് ഡയറക്ടറുമാണ് ലേഖകന്‍)