കേന്ദ്രസര്‍ക്കാര്‍ വിവരാവകാശ നിയമത്തെ അട്ടിമറിച്ചുയെന്ന കുപ്രചരണമാണ് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഭരണം നടത്തിവരുന്ന ബി.ജെ.പി സര്‍ക്കാരിനെ വര്‍ദ്ധിച്ച പിന്തുണ നല്‍കി വീണ്ടും അധികാരത്തിലെത്തിച്ച വോട്ടര്‍മ്മാരെ പരിഹസിക്കുവാനും തെറ്റിദ്ധരിപ്പിക്കുവാനും മാത്രമെ ഈവിധം പ്രചരണങ്ങള്‍കൊണ്ട് സാദ്ധ്യമാകൂ. വാസ്തവത്തില്‍ കേന്ദ്ര-സംസ്ഥാന വിവരാവകാശ കമ്മീഷനുകളുടെ കാലാവധിയും വേതനവും കേന്ദ്രസര്‍ക്കാര്‍ തീരുമാനിയ്ക്കുമെന്നതാണ് പുതിയ ഭേദഗതിയിലൂടെ വരുത്തിയ മാറ്റം. നിലവില്‍ മുഖ്യവിവരാവകാശ കമ്മീഷണര്‍ക്കും മറ്റംഗങ്ങള്‍ക്കും ഭരണ കാലാവധി 5 വര്‍ഷമാണ്. അവര്‍ക്ക് നല്‍കി വന്നിരുന്ന വേതനം തിരഞ്ഞെടുപ്പ് കമ്മീഷനുകള്‍ക്ക് തുല്യവും. ജനാധിപത്യ ഭരണ സമ്പ്രദായം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് നിയമസഭയും പാര്‍ലമെന്റും പാസ്സാക്കുന്ന തീരുമാനത്തിനു മാത്രമാണ് വില. ഭരണഘടനപോലും കാലത്തിനും സാഹചര്യങ്ങള്‍ക്കും അനുസൃതമായി തിരുത്താവുന്നതുമാണ്. ലിഖിതവും ഭേദപ്പെടുത്താവുന്നതുമാണത്രെ! ഈ വക കാര്യങ്ങള്‍ ഒന്നുംതന്നെ അറിയാത്തവരാണോ പ്രതിപക്ഷത്ത് നിലകൊള്ളുന്നവര്‍? ലോകസഭയും രാജ്യസഭയും ബില്‍ പാസ്സാക്കിയത് നിലവിലുള്ള നിയമത്തിന്റെ പിന്‍ബലത്തിലുമാണ്. 2005ല്‍ ഭരണം നടത്തിയ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരുന്ന ഈ നിയമം വാസ്തവത്തില്‍ എന്താണെന്ന് പോലും അറിയാത്തവരാണ് അധികവും.
പീഠികയില്‍ പറയുന്നത്
ഓരോ പൊതു അധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ എല്ലാ പൗരന്മാര്‍ക്കും ലഭ്യമാക്കുന്നതിനും പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിയ്ക്കുന്നതിനും ജനങ്ങളോടുള്ള ഉത്തരവാദിത്വം നിലനിര്‍ത്തുന്നതിനും അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുമാണ് ഈ നിയമമെന്ന് അതിന്റെ പീഠികയില്‍ പറയുന്നുണ്ട്. രാജ്യസുരക്ഷയ്ക്കും മറ്റു ചില താല്പര്യങ്ങളുടെ പ്രത്യേക സംരക്ഷണത്തിനുള്ള വിവരങ്ങളും ഒഴിച്ച് എല്ലാവിവരങ്ങളും നിയമപ്രകാരം ജനങ്ങള്‍ക്ക് നല്‍കേണ്ടതാണെന്ന് ഈ നിയമം അനുശാസിയ്ക്കുന്നുണ്ട്. ഏതെല്ലാം വിവരങ്ങളാണ് ഒരു പൗരന് നല്‍കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളതെന്ന് നിയമത്തിന്റെ എട്ടാം വകുപ്പില്‍ പറഞ്ഞിട്ടുണ്ട്. നിയമപ്രകാരം പൊതു അധികാരികള്‍ സ്വമേധയാലോ പൗരന്മാര്‍ ആവശ്യപ്പെടുന്നതനുസരിച്ചോ വിവരങ്ങള്‍ നല്‍കുന്നു. 2005ല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ വിവരാവകാശ നിയമം എന്താണെന്നും എന്തിനാണെന്നും അറിയേണ്ടതുണ്ട്. ലോകത്ത് ഓരോ നാടുകളിലും ഓരോ തരത്തിലുള്ള ഭരണക്രമങ്ങളാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ഈ ഭരണക്രമങ്ങളില്‍ ഏറ്റവും പുരോഗമന സ്വഭാവമുള്ളത് ജനാധിപത്യഭരണ സമ്പ്രദായത്തിനാണ്. ഇവിടെ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ സൃഷ്ടിക്കപ്പെട്ട ഭരണ സമ്പ്രദായം. ഇവിടെ ജനങ്ങളുടെ ആധിപത്യമാണ്. അല്ലാതെ ജനങ്ങളുടെ മേലുള്ള ആധിപത്യമല്ല. സര്‍ക്കാരിനെ ഒരു നിശ്ചിത കാലത്തേയ്ക്ക് മാത്രമായി അധികാരം ഏല്പിക്കുന്ന പ്രക്രിയയാണിത്. ഭാരതം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമാണ്. പൊതുജനാഭിപ്രായത്തിന്റെ പിന്‍ബലത്തിലാണ് ഭരണം നിലനില്‍ക്കുന്നത്. ജനത്തിന് ഒരു പൊതു കാര്യത്തില്‍ അഭിപ്രായം പറയണമെങ്കില്‍ ആക്കാര്യത്തെക്കുറിച്ച് ശരിയായ അറിവുണ്ടായിരിക്കണം. അതുകൊണ്ട് പൊതു കാര്യങ്ങളില്‍ ആധികാരികമായ വിവരങ്ങള്‍ ലഭിക്കാതെ വന്നാല്‍ ഊഹാപോഹങ്ങള്‍ മാത്രമായിരിക്കും പ്രചരിപ്പിക്കുക. അതുകൊണ്ടാണ് നമ്മുടെ ഭരണഘടനയില്‍ (19-(1)) വകുപ്പു പ്രകാരം ആശയ -അഭിപ്രായ സ്വാതന്ത്ര്യം മൗലിക അവകാശമായി അംഗീകരിക്കുകയും അനുവദിക്കുകയും ചെയ്തിട്ടുള്ളതും. പൗരന്മാര്‍ക്ക് അനുവദിക്കപ്പെട്ടിരിയ്ക്കുന്ന ഈ മൗലിക സ്വാതന്ത്ര്യം വേണ്ടത്ര അറിവ് ലഭിക്കാതെ വന്നാല്‍ എന്താകും? ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ നിര്‍വ്വഹിക്കപ്പെടുന്ന ഒരു ഭരണക്രമം ഉണ്ടെങ്കിലും പൗരന്മാര്‍ക്ക് അറിവ് ലഭിക്കുവാന്‍ മാര്‍ഗ്ഗരേഖ വേണ്ടേ? സര്‍ക്കാരും സര്‍ക്കാര്‍ ഓഫീസ്സുകളും അതുപോലെയുള്ള മറ്റ് പൊതു സ്ഥാപനങ്ങളും പൊതുജനം നല്‍കുന്ന നികുതിപ്പണം ഒന്നുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്.
പൗരന്റെ മൗലികാവകാശം
ഖജനാവില്‍ വന്നെത്തുന്ന നികുതിപ്പണം സര്‍ക്കാര്‍ ഏതേത് വിധത്തില്‍ ഉപയോഗിക്കുന്നുയെന്നത് പൗരന് അറിയേണ്ടതുണ്ട്. അത് പൗരന്റെ മൗലികാവകാശം കൂടിയാണ്. 2005ന് മുമ്പ് വരെ ഈ സ്വാതന്ത്ര്യം. അവകാശം – ഒരു പൗരനും ശരിയായ വിധത്തില്‍ നിയമാനുസൃതമായി ലഭിച്ചിരുന്നില്ല. ഇവിടെ ഒരു സംഗതികൂടി അറിയുവാനുണ്ട്. അതായത് 2002ല്‍ വിവരാവകാശനിയമം ലോകസഭ പാസ്സാക്കിയിരുന്നു. എന്നാല്‍ അത് നടപ്പാക്കുവാന്‍ കഴിഞ്ഞിരുന്നില്ല. ലോകത്ത് വിവരാവകാശ നിയമം നടപ്പാക്കിയ 55-ാമത്തെ രാജ്യമായി ഭാരതം മാറുകയായിരുന്നു. 2005 മെയ് 11ന് ലോകസഭ പാസ്സാക്കിയ ഈ നിയമം 2005 ജൂണ്‍ 15ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. ജമ്മു-കാശ്മീര്‍ ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ഈ നിയമം 2005 ഒക്‌ടോബര്‍ 12 മുതല്‍ നടപ്പിലായിരുന്നു. ഒരു പൊതു അധികാര സ്ഥാപനങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ എല്ലാ പൗരന്മാര്‍ക്കും ലഭിക്കുന്നതിനും ഇത്തരം പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നതിനും ജനങ്ങളോടുള്ള ഉത്തരവാദിത്തം നിലനിര്‍ത്തുന്നതിനും അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും ഈ നിയമത്തിന്റെ പീഠികയില്‍ ഉറപ്പു നല്‍കുന്നുണ്ട്. രാജ്യരക്ഷയ്ക്കും മറ്റ് ചില താല്പര്യങ്ങളുടെ പ്രത്യേക സംരക്ഷണത്തിനുള്ള വിവരങ്ങള്‍ ഒഴിച്ച് മറ്റെല്ലാ വിവരങ്ങളും ഈ നിയമപ്രകാരം പൗരന് ലഭിക്കുന്നതാണ്.
പൊതു അധികാരി ആര്?
പൗരന് ലഭിക്കുവാന്‍ പറ്റാത്തവ നിയമത്തിന്റെ 8-ാം വകുപ്പില്‍ പറയുന്നുമുണ്ട്. ഇനി പൊതു അധികാരി ആരാണെന്നുകൂടി അറിയേണ്ടതുണ്ട്. ഭരണഘടനാ പ്രകാരമോ ലോകസഭയുടേയോ, നിയമസഭകളുടേയോ, നിയമം വഴിയോ സര്‍ക്കാര്‍ ഉത്തരവിലൂടെയോ; നിലവില്‍ വന്നതോ രൂപീകരിക്കപ്പെട്ടതോ ആയ അധികാരിയോ സ്ഥാപനമോ ആണ് പൊതു അധികാരിയെന്ന വിവക്ഷയില്‍ വരുന്നത്. കൂടാതെ സര്‍ക്കാരില്‍ നിന്നും സഹായം കൈപ്പറ്റുന്ന സര്‍ക്കാര്‍ ഇതര സംഘടനകളും ഈ നിര്‍വ്വചനത്തില്‍ വരുന്നതായിരിക്കും. നിയമപ്രകാരം വില്ലേജ് പഞ്ചായത്ത് ഓഫീസ്സുകള്‍ മുതല്‍ സുപ്രീംകോടതി വരെയുള്ള ഏത് പൊതു അധികാര സ്ഥാപനങ്ങളില്‍ നിന്നും വിവരങ്ങള്‍ അറിയുവാന്‍ പൗരന് ഈ നിയമം അനുമതി നല്‍കുന്നുണ്ട്. വിവരമെന്നു വിവക്ഷിക്കുന്നതില്‍ എന്താണ് ദര്‍ശിക്കുന്നതെന്നുകൂടി നോക്കാം. ഒരു പൊതു അധികാരിക്ക് ഏതു രൂപത്തിലും ലഭിക്കാവുന്ന രേഖകള്‍ – ആധാരങ്ങള്‍, മെമ്മോകള്‍, ഇ-മെയിലുകള്‍, അഭിപ്രായകുറിപ്പുകള്‍, പ്രസ് റിലീസുകള്‍, സര്‍ക്കുലറുകള്‍, ഉത്തരവുകള്‍, ലോബുക്കുകള്‍, കരാറുകള്‍, റിപ്പോര്‍ട്ടുകള്‍, കടലാസുകള്‍, സാമ്പിളുകള്‍ മാതൃകകള്‍, ഇലക്‌ട്രോണിക് രൂപത്തില്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന വിവരങ്ങള്‍ തുടങ്ങിയവയാണ്.
അപേക്ഷ എങ്ങനെ?
ഒരു പൗരന് പൊതു അധികാരിയുടെ കൈവശത്തിലോ; അധീനതയിലോ; നിയന്ത്രണത്തിലോ ഉള്ള ഏത് വിവരങ്ങളും അറിയുവാന്‍ കഴിയും. വിവരങ്ങളുടെ സംക്ഷിപ്തമോ; സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളോ; അതുപോലെ പ്രിന്റ്ഔട്ടുകള്‍ ഫ്‌ളോപ്പികള്‍, ഡിസ്‌ക്കുകള്‍, ടേപ്പുകള്‍, വീഡിയോ കാസറ്റുകള്‍ മുതലായ രൂപത്തിലും പകര്‍ത്തിയെടുക്കുവാനുള്ള അവകാശവും നിയമത്തിലുണ്ട്. എന്നിരുന്നാലും നമ്മുടെ മാതൃഭൂമിയുടെ അഖണ്ഡത; സുരക്ഷിതത്വം; പരമാധികാരം; യുദ്ധതന്ത്രം; ശാസ്ത്ര-സാമ്പത്തിക താല്പര്യം എന്നിവ കൂടാതെ കോടതി വിലക്കിയിട്ടുള്ള വിവരങ്ങള്‍, നിയമനിര്‍മ്മാണ സഭകളുടെ പ്രത്യേക അവകാശങ്ങളുടെ ലംഘനമായി കണക്കാക്കുന്ന വിവരങ്ങള്‍ വ്യാപാര രഹസ്യങ്ങള്‍, മൂന്നാം കക്ഷിയുടെ മത്സരാധിഷ്ഠിത സ്ഥാനത്തിന് ഹാനികരമാകുന്ന വ്യാപാര രഹസ്യങ്ങള്‍, ബൗദ്ധിക സ്വത്തുക്കള്‍; ഒരാള്‍ക്ക് അയാളുടെ പരസ്പര വിശ്വാസാധിഷ്ഠിതമായ ബന്ധത്തിലൂടെ ലഭിച്ച വിവരങ്ങള്‍, ഏതെങ്കിലും വ്യക്തികളുടെ ജീവനോ; ശാരീരിക സുരക്ഷയോ; അപകടപ്പെടുത്തുന്ന വിവരങ്ങള്‍; മന്ത്രിസഭ സെക്രട്ടറിമാര്‍ – മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ നിരൂപണങ്ങള്‍ ഉള്‍പ്പെടുന്ന മന്ത്രിസഭാ രേഖകള്‍, സ്വകാര്യതയില്‍ കടന്നുകയറുന്ന വ്യക്തിപരമായ കാര്യങ്ങള്‍ എന്നിവകള്‍ നല്‍കേണ്ടതില്ല. ഒരു കുറ്റവാളിയുടെ വിചാരണയേയോ; അറസ്റ്റിനേയോ; അന്വേഷണ പ്രക്രിയയേയോ; തടസ്സപ്പെടുത്തുന്ന വിവരങ്ങളും നല്‍കേണ്ടതില്ല. ഒരാള്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ ഒരു വ്യക്തിയുടെ പകര്‍പ്പവകാശ ലംഘനമാണെങ്കില്‍ നല്‍കേണ്ടതില്ല. ഈ നിയമമനുസരിച്ച് ഓരോ പൊതു അധികാരിയും എല്ലാവിധ റിക്കാര്‍ഡുകളും രേഖകളും ക്രമമായി അടുക്കി നമ്പറിട്ട് സൂക്ഷിയ്‌ക്കേണ്ടതാണ്. ന്യായമായ കാലാവധിക്കുള്ളില്‍ അവ കംപ്യൂട്ടറില്‍ ശേഖരിച്ചും സൂക്ഷിയ്ക്കണം. പൗരന് വിവരം ലഭിക്കുവാന്‍ സര്‍ക്കാരാഫീസുകളില്‍ പബ്‌ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെയും~അസിസ്റ്റന്റുമാരേയും നിയോഗിച്ചിട്ടുണ്ട്. വിവരങ്ങള്‍ ലഭിക്കുവാന്‍ 10 രൂപ ഫീസ് സഹിതം ബന്ധപ്പെട്ട ഇന്‍ഫര്‍മേഷന്‍സ് ഓഫീസ്സര്‍മാര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. രേഖാമൂലമോ ഇലക്‌ട്രോണിക് മാധ്യമം വഴിയോ അപേക്ഷ നല്‍കാം. ഒരുപക്ഷേ അപേക്ഷ എഴുതി നല്‍കാനാകാത്ത വ്യക്തിയാണെങ്കില്‍ പറയുന്ന കാര്യങ്ങള്‍ രേഖപ്പെടുത്തി അപേക്ഷ തയ്യാറാക്കുന്നതിന് പബ്‌ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് കൈമാറുന്ന ജോലിയാണ് അസിസ്റ്റന്റ് പബ്‌ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസ്സര്‍ക്കുള്ളത്. അപേക്ഷകന്‍ വിവരം തേടുന്നത് എന്തിനാണെന്ന് വെളിപ്പെടുത്തേണ്ടതില്ല. അപേക്ഷകന്റെ വിലാസം മാത്രം രേഖപ്പെടുത്തിയാല്‍ മതിയാകും. ഫീസ് ടി.ആര്‍. 5 ഫോറത്തില്‍ പബ്‌ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സ്വീകരിക്കുന്നതുമാണ്.
അപേക്ഷകന് മറുപടി
അപേക്ഷകന് വിവരങ്ങള്‍ എ4 വലിപ്പത്തിലുള്ള പേപ്പറിലാണ് ലഭിയ്‌ക്കേണ്ടതെങ്കില്‍ ഓരോ പേജിനും രണ്ടു രൂപ വീതം നല്‍കേണ്ടതുണ്ട്. സാമ്പിളുകളും മോഡലുകളുമാണ് ലഭിയ്‌ക്കേണ്ടതെങ്കില്‍ ഓരോ പേജിനും രണ്ടുരൂപവീതം നല്‍കേണ്ടതുണ്ട്. സാമ്പിളുകളും മോഡലുകളുമാണ് ലഭിക്കേണ്ടതെങ്കില്‍ ആയതിന് ആവശ്യമായ ചെലവ് നല്‍കേണ്ടതുണ്ട്. അതുപോലെ തന്നെ സി.ഡി ഫ്‌ളോപ്പ് തുടങ്ങിയ ഇലക്‌ട്രോണിക് രൂപത്തിലുള്ള വിവരങ്ങള്‍ക്ക് വേണ്ടി 50 രൂപ പബ്‌ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസ്സര്‍ 0070 അദര്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസസ് – 60 അദര്‍ റസീറ്റ്‌സ് – 42 അദര്‍ ഐറ്റംസ് എന്ന അക്കൗണ്ട് ഹെഡ്ഡില്‍ ട്രഷറിയില്‍ ഒടുക്കേണ്ടതാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിയ്ക്കുന്നവര്‍ അതു തെളിയിക്കുന്ന രേഖ ഹാജരാക്കിയാല്‍ ഫീസ് ഒടുക്കുന്നതില്‍ നിന്നും ഒഴിവാക്കിയിരിക്കും. വിവരത്തിന് അപേക്ഷ സമര്‍പ്പിയ്ക്കുന്ന വ്യക്തിയ്ക്ക് അപേക്ഷ സമര്‍പ്പിച്ച തീയതിയ്ക്ക് 20 വര്‍ഷം മുമ്പ് നടന്നതോ സംഭവിച്ചതോ ആയ കാര്യങ്ങളെക്കുറിച്ചും വിവരങ്ങള്‍ ലഭിക്കും. സാധാരണഗതിയില്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് അപേക്ഷ നല്‍കി 30 ദിവസം വരെ കാത്തിരുന്നാലും മതി. എന്നാല്‍ ഒരു വ്യക്തിയുടെ ജീവനോ അതുപോലെ സ്വാതന്ത്ര്യത്തേയോ ബാധിയ്ക്കുന്ന വിവരമാണ് അറിയേണ്ടതെങ്കില്‍ 48 മണിക്കൂറുകള്‍ക്കകം നല്‍കണമെന്നും നിയമം അനുശാസിക്കുന്നുണ്ട്.
അപ്പീലുകള്‍
അപേക്ഷകന്‍ ആവശ്യപ്പെട്ടിട്ടുള്ള വിവരം മറ്റൊരു പൊതു അധികാരിയുടെ കൈവശമാണ് ഉള്ളതെങ്കില്‍ അപേക്ഷയോ അപേക്ഷയുടെ പ്രസക്തഭാഗമോ പബ്‌ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ 5 ദിവസത്തിനകം ആ പൊതു അധികാരിക്ക് അയച്ചുകൊടുക്കേണ്ടതാണ്. വിവരാവകാശ നിയമപ്രകാരം നല്‍കുന്ന അപേക്ഷയില്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ വിവരം നല്‍കുന്നില്ലെങ്കില്‍ ന്യായമായ കാരണം കൂടാതെ അപേക്ഷ നിരസിക്കുകയോ തെറ്റായതോ അപൂര്‍ണ്ണമായതോ തെറ്റിദ്ധരിപ്പിയ്ക്കുന്നതോ ആയ വിവരങ്ങള്‍ നല്‍കിയാലോ 250 രൂപ മുതല്‍ പരമാവധി 25,000രൂപ വരെ പബ്‌ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പിഴ ഒടുക്കേണ്ടിയും വരുന്നതാണ്. കൂടാതെ വകുപ്പുതല അന്വേഷണവും അച്ചടക്ക നടപടിയും ഉണ്ടാകുന്നതാണ്. ഒരു പൗരന്‍ ആവശ്യപ്പെടുന്ന വിവരം ലഭിക്കാതെ വരികയും അഥവാ ലഭിച്ച വിവരം തെറ്റായതും തെറ്റിദ്ധരിപ്പിക്കും വിധത്തിലുള്ളതുമാണെങ്കില്‍ അപേക്ഷകന് രണ്ടുതരത്തില്‍ അപ്പീലിനു പോകുവാനും കഴിയും. ആദ്യത്തെ അപ്പീല്‍ പബ്‌ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥന് നല്‍കാം. ആദ്യ അപ്പീല്‍ സ്വീകരിച്ച് അതിന്‍മേല്‍ ഉണ്ടായ തീരുമാനത്തിനെതിരെ 90 ദിവസത്തിനുള്ളില്‍ രണ്ടാമത്തെ അപ്പീല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷനും സമര്‍പ്പിക്കാം. ആയതിലേക്ക് ചെറിയ ഒരു ഫീസ് നല്‍കേണ്ടി വരും. 30 ദിവസത്തിനകം അപ്പീല്‍ തീര്‍പ്പാക്കി ലഭിക്കുന്നതാണ്.
ഇന്‍ഫോര്‍മേഷന്‍ കമ്മീഷന്‍
ഇന്‍ഫര്‍മേഷന്‍ കമ്മീഷനുകള്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും നിയമിക്കേണ്ടതുണ്ട്. കമ്മീഷനില്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറും പരമാവധി 9ല്‍ കൂടാത്ത ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ന്മാരും ഉണ്ടായിരിക്കുന്നതാണ്. പ്രധാനമന്ത്രിയും ലോകസഭയിലെ പ്രതിപക്ഷനേതാവും പ്രധാനമന്ത്രി നാമനിര്‍ദ്ദേശം ചെയ്യുന്ന ഒരു ക്യാബിനറ്റ് മന്ത്രിയും ഉള്‍പ്പെടുന്ന സമിതിയുടെ ശുപാര്‍ശ പ്രകാരം രാഷ്ട്രപതിയാണ് കേന്ദ്ര ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷനേയും ഇന്‍ഫര്‍മേഷന്‍ കമ്മീഷനേയും നിയമിക്കുന്നത്. അതുപോലെതന്നെ സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയുടേയും, പ്രതിപക്ഷനേതാവിന്റെയും മുഖ്യമന്ത്രി നാമനിര്‍ദ്ദേശം ചെയ്യുന്ന ഒരു മന്ത്രിയുടെയും ശുപാര്‍ശ പ്രകാരം സംസ്ഥാന ഗവര്‍ണറാണ് സംസ്ഥാന ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറേയും സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മ്മാരേയും നിയമിക്കുന്നത്. ഈ നിയമത്തിലെ വകുപ്പുകള്‍ക്ക് വിധേയമായി ഏതൊരാളില്‍ നിന്നും പരാതി സ്വീകരിക്കുന്നതിനും അതിന്‍മേല്‍ അന്വേഷണം നടത്തുന്നതിനും ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ നിരീക്ഷണം ആവശ്യമാണ്. ഇതു കമ്മീഷന്റെ അധികാരം കൂടിയാണ്. നിലവിലുള്ള ഈ നിയമത്തില്‍ യാതൊരു വിധമായ മാറ്റവും ഇപ്പോള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ കേന്ദ്ര-സംസ്ഥാന വിവരാവകാശ കമ്മീഷന്റെ കാലാവധിയും വേതനവും മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനു വിധേയമാക്കുന്നത്. കാലാകാലങ്ങളില്‍ അധികാരത്തിലെത്തുന്ന ജനകീയ സര്‍ക്കാരുകള്‍ക്ക് നിയമനിര്‍മ്മാണത്തിനും നിലവിലുള്ള പലവ്യവസ്ഥകളില്‍ നീക്കുപോക്കുകള്‍ വരുത്തുവാനും കഴിയും. അത് അധികാരത്തിലെത്തുന്ന സര്‍ക്കാരിന്റെ അവകാശമാണ്. അതാകട്ടെ ജനഹിതത്തിനു അനുയോജിക്കും വിധത്തിലാകണമെന്നും ഉണ്ട്. ജനാധിപത്യ ഭരണക്രമത്തില്‍ ജനങ്ങളാണ് സര്‍ക്കാരിനെ നിലനിര്‍ത്തുന്നത്. അതും ചെറിയ ഒരു കാലയളവിലേക്കു മാത്രവും. വീണ്ടും പൊതുതിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ പൊതു ജനത്തിന് തീരുമാനമെടുക്കുവാന്‍ അവസരമാണ് ലഭിക്കുന്നത്. ഭരണം നടത്തിവന്നിരുന്ന സര്‍ക്കാരിനെ വീണ്ടും തുടരുവാന്‍ അനുവദിക്കണമോയെന്നതാണ് തിരഞ്ഞെടുപ്പിലൂടെ പൊതുജനം വെളിപ്പെടുത്തുന്നത്.
കുപ്രചരണം
കേന്ദ്ര സര്‍ക്കാര്‍ വിവരാവകാശ നിയമത്തെ അട്ടിമറിച്ചെന്നും – കൂച്ചുവിലങ്ങിട്ടെന്നും മറ്റുമുള്ള പ്രചരണങ്ങള്‍ പൊതു ജനത്തിന്റെ ബുദ്ധി ശക്തിയേയും അവരുടെ അറിവിനേയും വെല്ലുവിളിക്കുകയും പരിഹസിക്കുകയുമാണ്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ എന്തെല്ലാം കുപ്രചരണങ്ങള്‍ നടത്തിയ കോണ്‍ഗ്രസ്സ് നേതാക്കന്മാരും പകല്‍ കിനാവുകള്‍ നെയ്തുകൂട്ടിയ കമ്മ്യൂണിസ്റ്റ് സഖാക്കളും വോട്ടര്‍ന്മാരാല്‍ പരിത്യജിക്കപ്പെട്ടതു എന്തുകൊണ്ടായിരുന്നു? അതാണ് ചിന്തിക്കേണ്ടത്. ഒരു എം.പിയെപ്പോലും നാളിതുവരെ പാര്‍ലമെന്റില്‍ എത്തിക്കുവാന്‍ ശക്തി ഇല്ലാതിരുന്ന ഈര്‍ക്കില്‍ പാര്‍ട്ടികളുട ഐക്യം സൃഷ്ടിച്ച് കേന്ദ്രം ഭരണം പുറത്തു നിന്നു നിയന്ത്രിക്കാമെന്നു ചിന്തിച്ച ചിന്തകരുടെ കഥയാണ് പൊതുജനത്തിന് ചിരിക്ക് വക നല്‍കുന്നത്.