മുസ്ലീങ്ങള്‍ പ്രകടിപ്പിക്കുന്ന ദൈവഭയത്തിന്റെ പത്തിലൊരംശം, അവര്‍ മുസ്ലീങ്ങളുടെ വര്‍ത്തമാനകാല സ്വത്വത്തെക്കുറിച്ചുതന്നെ പ്രകടിപ്പിക്കാന്‍ മനസ്സു കാണിച്ചിരുന്നുവെങ്കില്‍ അവരെ കൂടുതല്‍ നല്ല മുസ്ലീങ്ങള്‍ എന്നതിലുപരി കൂടുതല്‍ നല്ല മനുഷ്യരാക്കി മാറ്റാന്‍ അത് ഉപകരിക്കുമായിരുന്നു’ എന്ന് പറഞ്ഞത് പ്രസിദ്ധ ഹിന്ദി കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറാണ്. ദില്ലി, മുമ്പൈ, ലക്‌നൗ, അലഹാബാദ്, ഹൈദരാബാദ്, അലിഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെല്ലാം അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളില്‍ നിരന്തരം ഈ അഭിപ്രായം പ്രകടിപ്പിക്കുമായിരുന്നുവെന്നും അപ്പോഴൊക്കെ അസഹിഷ്ണുതയുടെ വിസമ്മതസൂചകമായ വിലങ്ങനെയുള്ള തലയാട്ടലുകളോ, ഉറക്കം തൂങ്ങുന്ന പുഞ്ചിരികളോ, വാചാലമായ പൊള്ളച്ചിരികളോ മാത്രമേ അദ്ദേഹത്തെ എതിരേറ്റിരുന്നുള്ളു എന്നും ‘മുസ്ലിംസ് ഫോര്‍ സെക്കുലര്‍ ഡമോക്രസി’ (‘Muslims For Secular Democracy’) എന്ന സംഘടയുടെ സെക്രട്ടറിയും ‘കമ്യൂണലിസം കോമ്പാറ്റ്’ (Communalism Combat) എന്ന ജേണലിന്റെ കോ എഡിറ്ററുമായിരുന്ന ജാവേദ് ആനന്ദ് ഒരു ലേഖനത്തില്‍ വെളിപ്പെടുത്തിയിരുന്നു. ജാവേദ് അക്തറിന്റെ ഈ അഭിപ്രായത്തോടുള്ള പ്രതികരണമായി അന്ന്, ‘ജമായത്ത് ഉല്‍ ഉലിമ ഹിന്ദ്’ എന്ന സംഘടനയുടെ പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു നേതാവ്, ‘മുസ്ലീങ്ങളെ പുരോഗമനചിന്തകളിലേക്ക് വലിച്ചടുപ്പിക്കുന്നതിന് വിഘാതമായി നില്ക്കുന്നത് മുസ്ലിം മീഡിയയും മൗലവിമാരുമാണെന്ന്’ അഭിപ്രായപ്പെട്ടതായി, ആനന്ദ് തന്റെ ലേഖനത്തില്‍ തുടര്‍ന്ന് രേഖപ്പെടുത്തുന്നുണ്ട്.
സ്വന്തം സമുദായത്തില്‍ നിന്നുള്ള ഒറ്റപ്പെടുത്തലുകള്‍ ഭയന്നാണ് പല മുസ്ലീങ്ങളും അവരുടെ മനസ്സില്‍ പുകഞ്ഞു കിടക്കുന്ന വിസമ്മതങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കാത്തതെന്ന് ഈ മുസ്ലീം നേതാവിന്റെ വാക്കുകളില്‍ത്തന്നെ സ്പഷ്ടമാണ്. മുത്തലാക്കിനെ, എന്തിന്, ബഹുഭാര്യാത്വത്തെപ്പോലും മനസ്സുകൊണ്ടെങ്കിലും എതിര്‍ക്കുന്നവരാണ് മുസ്ലീങ്ങളില്‍ ഭൂരിപക്ഷവും. നിരാലംബരായ വനിതകള്‍ക്കോ ദിക്കറ്റ വിധവകള്‍ക്കോ ജീവിതം കൊടുക്കാനുതകുന്ന, സഹജീവിസ്‌നേഹത്തിലൂന്നിയ പശ്ചാത്തലങ്ങളില്‍ മാത്രമേ ഇസ്ലാംമതം ബഹുഭാര്യാത്വത്തെ അംഗീകരിക്കുന്നുള്ളു എന്നുള്ളതാണ് വാസ്തവം. ലോ കമ്മീഷന്റെ 277 ാമത്തെ റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളും ഖുര്‍ ആന്റെ ഈ നിര്‍ദ്ദേശത്തില്‍ നിന്ന് പിന്‍ബലം ഗ്രഹിച്ചുകൊണ്ടുതന്നെയാണ് ചേര്‍ക്കപ്പെട്ടിട്ടുള്ളത്. ‘തലമുറകളായി മുസ്ലീങ്ങള്‍, നിയമമെന്നു കരുതി പിന്തുടരുന്ന ബഹുഭാര്യാത്വ സമ്പ്രദായം യഥാര്‍ത്ഥ മുസ്ലീം നിയമത്തിന് വിരുദ്ധമാണെന്നാണ് ഈ റിപ്പോര്‍ട്ട് പറയുന്നത്. ഇസ്ലാമിക വ്യക്തിനിയമത്തില്‍ ഗവേഷണബിരുദമുള്ള ഒരു തികഞ്ഞ ഇസ്ലാം മത വിശ്വാസികൂടിയായ ഡോ. താഹിര്‍ മുഹമ്മദും ഈ നിരീക്ഷണം നടത്തിയ ലോ കമ്മീഷനില്‍ അംഗമായിരുന്നുവെന്നുള്ളത് മേല്‍പ്പറഞ്ഞ വസ്തുതയുടെ ആധികാരികതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
സമുദായത്തില്‍ തന്റെ കാലത്ത് നിലവിലുണ്ടായിരുന്ന തിന്മകളെ തകര്‍ത്ത ഒരു പുതിയ സമുദായത്തെ ‘ഇസ്ലാ’മെന്ന പേരില്‍ വാര്‍ത്തെടുത്ത നബി അന്ന് തനിക്കു ചുറ്റും നിലനിന്നിരുന്ന അനാചാരങ്ങളുടെ ഭൂമികയില്‍ ചവിട്ടിനിന്നുകൊണ്ടാണ് പരിഷ്‌ക്കാരങ്ങള്‍ നടത്താന്‍ ശ്രമിച്ചത്. അറേബ്യയില്‍ ജലദൗര്‍ലഭ്യം നിലനിന്നിരുന്നതുകൊണ്ടാണ് മൂത്രവിസര്‍ജ്ജനത്തിനുശേഷം ജലം കിട്ടിയില്ലെങ്കില്‍ മണ്ണോ കല്ലോ കൊണ്ട് വിസര്‍ജ്ജനശുദ്ധി വരുത്താന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചത്. വെള്ളം ഉപയോഗിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം നിഷ്‌കര്‍ഷിച്ചതും ഇതേ കാരണംകൊണ്ടുതന്നെയാണ്. കൊള്ളപ്പലിശയും വ്യഭിചാരവും സ്വവര്‍ഗ്ഗരതിയും വൈധവ്യത്തില്‍ സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന അനാഥത്വവും ഭോഗവസ്തുക്കളായി കണക്കാക്കപ്പെട്ട സ്ത്രീത്വത്തിന്റെ മൂല്യച്യുതിയുമൊക്കെക്കണ്ട് രോഷം പൂണ്ട ഒരു സാമുദായിക പരിഷ്‌കര്‍ത്താവിന്റെ പരിപക്വമായ മനസ്സിലാണ് ഇസ്ലാംമതം എന്ന ആശയം പിറവി കൊള്ളുന്നത്.
പിന്നീട് ഖുര്‍ ആന് വ്യാഖ്യാനങ്ങള്‍ ചമച്ച മുല്ലമാരാണ് ആ വിശുദ്ധ ഗ്രന്ഥത്തെ ആശയപരമായ ഏകോപനതയില്ലാതെ തങ്ങള്‍ക്കൊത്തവണ്ണം വ്യാഖ്യാനിച്ച് വിവിധ തട്ടുകളില്‍ നിര്‍ത്തിയത്. ഉദാഹരണത്തിന്, ഇസ്ലാമിക നിയമങ്ങള്‍ക്ക് കര്‍ശനമായ മുന്‍തൂക്കം കൊടുക്കുന്ന പാകിസ്ഥാനിലും ഈജിപ്തിലും ഇന്തോനേഷ്യയിലും മലേഷ്യയിലുമെല്ലാം മുസ്ലീം പെണ്‍കുട്ടികളുടെ നിയമാനുസൃതമായ വിവാഹപ്രായം 16 വയസ്സാണ്. എന്നാല്‍, ഇസ്ലാമിക രാജ്യങ്ങളായ ലബനോനിലും സിറിയയിലും ട്യുണിഷ്യയിലും 17 വയസ്സാണ് മാനദണ്ഡം. അള്‍ജീരിയ, മൊറോക്കൊ, ജോര്‍ദ്ദാന്‍ എന്നിവിടങ്ങളിലെ മുസ്ലീംപെണ്‍കുട്ടികള്‍ക്ക് 18 വയസ്സാവണം നിയമവിധേയമായി കല്യാണം കഴിക്കാന്‍. പക്ഷേ, ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി, മുസ്ലീം പെണ്‍കുട്ടികള്‍ക്ക് വിവാഹപ്രായപരിധിയുടെ നിയന്ത്രണങ്ങളൊന്നും ഉണ്ടാവരുതെന്നാണ് ഇന്ത്യന്‍ മുസ്ലീ്ം വ്യക്തിനിയമ ബോര്‍ഡ് അവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. പെണ്‍കുട്ടികളുടെ വിവാഹപ്രായത്തില്‍പ്പോലും നിയമപരമായ ഏകോപനം ഇല്ലെന്നിരിക്കെ, രാജ്യത്തിനൊത്തു മാറുന്ന ആചാരസമ്പ്രദായങ്ങള്‍ ഇസ്ലാംമതത്തിലും ഉണ്ടെന്നിരിക്കെ മുസ്ലീം മുല്ലമാര്‍ അത് കണ്ടില്ലെന്നു നടിക്കുന്നത് എന്താണെന്ന പ്രസക്തമായ ചോദ്യം ഇവിടെ സ്വാഭാവികമായും ഉദിച്ചു വരുന്നുണ്ട്.
അതുപോലെത്തന്നെ ടുണീഷ്യ, ലെബനോന്‍, തുര്‍ക്കി തുടങ്ങിയ നാടുകളില്‍ ബഹുഭാര്യാത്വം നിയമപ്രകാരം നിഷിദ്ധമാണ്. പാകിസ്ഥാനില്‍ അത് ഉപാധിയോടെ അനുവദനീയമാണെങ്കിലും നിലവിലുള്ള ഭാര്യയുടെ സമ്മതത്തോടെയാണ് മറുവിവാഹത്തിനൊരുങ്ങുന്നതെന്ന് വിവാഹാര്‍ത്ഥി യൂണിയന്‍ കൗണ്‍സിലിനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. മലേഷ്യയില്‍ രണ്ടാമത്തെ വിവാഹത്തിനു മുമ്പ് ശരീയത് കോടതിയുടെ സമ്മതം വാങ്ങിയിരിക്കണം എന്ന് വ്യവസ്ഥയുണ്ട്. ഇന്തോനേഷ്യയിലാകട്ടെ, പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ഒരാളുടെ രണ്ടാമത്തെ ഭാര്യയാവുന്നതില്‍ നിന്ന് വിലക്കപ്പെട്ടിട്ടുമുണ്ട്. മാത്രവുമല്ല, സര്‍ക്കാര്‍ ഉദ്യോഗമുള്ള വിവാഹാര്‍ത്ഥി രണ്ടാം വിവാഹത്തിനു മുമ്പ് തന്റെ മേലധികാരികളില്‍ നിന്ന് അനുവാദം വാങ്ങിയിരിക്കണമെന്നും അവിടെ നിയമമുണ്ട്. സിങ്കപ്പൂര്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ കോടതി നടപടിക്രമങ്ങള്‍ക്കു ശേഷം അനുമതി ലഭിച്ചാല്‍ മാത്രമേ രണ്ടാം വിവാഹം ചെയ്യാനാകൂ.
മേല്‍പ്പറഞ്ഞ രാജ്യങ്ങളെല്ലാംതന്നെ മുസ്ലീം ഭരണത്തിന്‍കീഴിലുള്ള പ്രദേശങ്ങളാണെങ്കിലും അവിടങ്ങളിലൊന്നും നിയമത്തിന്റെ ഐകരൂപ്യം ദര്‍ശിക്കാന്‍ കഴിയുന്നില്ല. ഇനി മുത്തലാക്കിന്റെ വിഷയത്തില്‍ മുസ്ലീം നാടുകള്‍ പിന്തുടരുന്ന സമ്പ്രദായങ്ങളില്‍ ചടങ്ങുകളുടെ ഈ ഏകോപനമുണ്ടോ എന്ന് നോക്കാം.
അള്‍ജീരിയ, ഇന്തോനേഷ്യ, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ മുത്തലാക്ക് സമ്പ്രദായത്തിനുതന്നെ നിയമപ്രകാരമുള്ള വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മൂന്ന് രാജ്യങ്ങളും മുത്തലാക്കിനെ വിവാഹമോചനത്തിനുള്ള മാര്‍ഗ്ഗമായി അംഗീകരിക്കുന്നില്ല. മൊറോക്കോ, ജോര്‍ദ്ദാന്‍, ലബനോന്‍, മലേഷ്യ, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിലവിലുള്ളതുപോലെ കോടതികളിലെ നടപടിക്രമങ്ങളടെ ഇടപെടലിലൂടെ മാത്രമേ വിവാഹമോചനം സാധ്യമാവൂ! മാത്രവുമല്ല, ഇപ്പറഞ്ഞ രാജ്യങ്ങളിലെല്ലാം വിവാഹമോചനത്തിനു മുമ്പേ, ദമ്പതികള്‍ക്ക് ചര്‍ച്ചകളിലൂടെയും കൗണ്‍സിലിങ്ങിലൂടെയും സമരസപ്പെട്ട് വീണ്ടും ദാമ്പത്യജീവിതം സുഗമമായി തുടരാനുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും വ്യവസ്ഥയുണ്ട്.
ഇറാനിലാകട്ടെ, മുത്തലാക്ക് അനുവദനീയമാണെങ്കിലും അതില്‍ വധൂപക്ഷത്തുള്ള അപരാധം ഉറപ്പു വരുത്താന്‍ രണ്ടു പേര്‍ സാക്ഷി പറയേണ്ടതുണ്ട്. ആരുടെയും സാക്ഷ്യത്തിനോ സമരസപ്പെടുത്തലിനോ ഉള്ള പരിശ്രമങ്ങള്‍ക്കൊന്നും കാത്തു നില്ക്കാതെ മൂന്നു തവണ തലാക്ക് ചൊല്ലി, അതുവരെ ഒരുമിച്ചു തുടര്‍ന്ന വിവാഹജീവിതത്തിന് വിരാമമിടുന്ന വിചിത്രമായ സമ്പ്രദായം ഭാരതത്തില്‍ നിലനില്ക്കുന്നു. പെട്ടെന്നുണ്ടായ വികാരവിക്ഷോഭംകൊണ്ടോ വെറും സന്ദേഹത്തിന്റെ നിഴല്‍ പതിഞ്ഞ കാരണങ്ങള്‍കൊണ്ടോ പ്രത്യേക കാരണമൊന്നും ആരോടും ബോധിപ്പിക്കാതെതന്നെ തലാക്ക് പറഞ്ഞ് വേര്‍പിരിയാനുള്ള സൗകര്യം ഇസ്ലാമതത്തിലെ വരപക്ഷത്തിന് ഒരുക്കിക്കൊടുത്തിട്ടുണ്ട്, ഭാരതത്തില്‍. മുഖത്തോടു മുഖം നോക്കിയോ ടെലിഫോണിലൂടെയോ നേരിട്ടോ കത്തിലൂടെയോ ഇമെയിലിലൂടെയോ ഫാക്‌സിലൂടെയോ എന്തിന് ഒരു ചെറിയ എസ് എം എസിലൂടെപ്പോലുമോ സാധിച്ചെടുക്കാവുന്നതാണ് ഇന്ന് ഭാരതത്തില്‍ നിലവിലുള്ള തലാക്ക് സമ്പ്രദായം. ഇസ്ലാംമതത്തില്‍ നിലനിന്നുപോരുന്ന പുരുഷമേധാവിത്വത്തിന്റെ പ്രകടമായ ആവിഷ്‌ക്കാരമല്ലാതെ വേറൊന്നുമല്ല ഇത് എന്നുള്ളത് തര്‍ക്കമറ്റ വസ്തുതയാണ്. തീര്‍ച്ചയായും തുടച്ചുമാറ്റേണ്ടുന്ന ഒരനാചാരമാണിതെന്നതിനോട് നിഷ്പക്ഷമതികള്‍ക്ക് ഒട്ടുമുണ്ടാവില്ല വിയോജിപ്പ്. (പുരുഷമേധാവിത്വം അനിസ്ലാമികമാണെന്ന് ആരെങ്കിലും വാദിക്കാന്‍ തുനിയുന്നുണ്ടെങ്കില്‍ ഖുര്‍ ആനിലെ രണ്ടാം അധ്യായമായ ‘ബക്ര’-യിലെ 228ാം സൂക്തം ഇങ്ങനെ പറയുന്നുണ്ടെന്ന് അവരറിയണം: ‘സ്ത്രീകള്‍ക്ക് കടമകളുള്ളതുപോലെത്തന്നെ ന്യായമായ അവകാശങ്ങളുമുണ്ട്. എന്നാല്‍ പുരുഷന്മാര്‍ക്ക് അവരെക്കാളും പദവിയുണ്ട്. അല്ലാഹു സര്‍വ്വശക്തനും യുക്തിമാനുമത്രെ!’ (ഇതാണ് ആ സൂക്തം നിഷ്‌ക്കര്‍ഷിക്കുന്നത്.)
ടുണീഷ്യയിലും മൊറോക്കൊയിലും തുര്‍ക്കിയിലുമെല്ലാം വിവാഹ മോചനത്തിനുശേഷം പെണ്‍കുട്ടിയെ കൂടെത്താമസിപ്പിക്കാനുള്ള അവകാശം അച്ഛനും അമ്മയ്ക്കും തുല്യമാണെങ്കില്‍ നമ്മുടെ നാട്ടില്‍ അത് പിതാവില്‍ മാത്രം നിക്ഷിപ്തമാണ്.
ലോകത്തില്‍ത്തന്നെ മുസ്ലീം വനിതകള്‍ക്ക് ഏറെ ശ്രദ്ധ ലഭിക്കുന്നത് പരമ്പരാഗത രാജഭരണം ശീലമാക്കിയ, ജനാധിപത്യരാജ്യമല്ലാത്ത മൊറോക്കൊയിലാണ് എന്നുള്ളതാണ് അത്ഭുതം. മൊറോക്കോയില്‍, 2003 ഒക്ടോബര്‍ മാസം, മുഹമ്മദ് ആറാമന്റെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് ഏര്‍പ്പെടുത്തിയ കുടുംബ നിയമ പരിഷ്‌കാരമനുസരിച്ച് വിവാഹജീവിതത്തില്‍ പുരുഷമേല്‌ക്കോയ്മയ്ക്ക് അന്ത്യമിട്ടുകൊണ്ട്് ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് തുല്യ അവകാശമാണ് വാഗ്ദാനം ചെയ്യപ്പെട്ടത്. ആ നിയമപരിഷ്‌ക്കാരമനുസരിച്ച് ഭര്‍ത്താവ് മാത്രമല്ല കുടുംബനാഥന്‍. മറിച്ച് ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് കുടുംബത്തില്‍ തുല്യ അവകാശമായിരുന്നു വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളത്. എന്നിട്ടും, 2004 ഫെബ്രുവരിയില്‍, പുരുഷന്മാരുടെ അംഗബലം കൂടുതലുള്ള പാര്‍ലമെന്റില്‍ ആ ബില്ല് അവതരിപ്പിച്ചപ്പോള്‍ ഐക്യകണ്‌ഠ്യേനയാണ് അതിനെ നിയമസഭയിലെ അംഗങ്ങള്‍ വരവേറ്റത്. ഭാരതത്തിലാകട്ടെ, വനിതാക്ഷേമത്തിന് നിലകൊള്ളുന്നുവെന്ന് വാക്പയറ്റ് നടത്തുന്ന രാഷ്ട്രീയ കക്ഷികള്‍പോലും ന്യൂനപക്ഷവോട്ടുകള്‍ നഷ്ടപ്പെട്ടുപോകുമെന്നു ഭയന്ന്് മുസ്ലീം സ്ത്രീക്ഷേമത്തിനായുള്ള മുത്തലാക്ക് ബില്ലിനെ എതിര്‍ക്കുന്നതാണ് നമ്മള്‍ കണ്ടത്.
ഇനി ഒറ്റയടിക്കുള്ള മുത്തലാക്ക് ഖുര്‍ ആന്‍പ്രകാരം ന്യായയുക്തമാണോ എന്ന് പരിശോധിക്കാം. ഖുര്‍ ആന്‍ രണ്ടാം അധ്യായത്തിലെ 229-ാം സൂക്തമനുസരിച്ച്, ഒറ്റയടിക്ക് മൂന്നു പ്രാവശ്യം ചൊല്ലപ്പെടുന്ന മുത്തലാക്ക് നിഷിദ്ധമാണ് . ‘മൊഴിചൊല്ലല്‍ രണ്ടു പ്രാവശ്യമാണ് അനുവദനീയം. അതു കഴിഞ്ഞാല്‍ ഒന്നുകില്‍ ഭാര്യയെ ന്യായമായ രീതിയില്‍ നിലനിര്‍ത്തണം. അല്ലെങ്കില്‍ മാന്യമായി പിരിച്ചയയ്ക്കണം’ എന്നനുശാസിക്കുന്നു ഈ സൂക്തം. എന്നു വച്ചാല്‍, ഈ സൂക്തപ്രകാരം, ഭാര്യ ഗുരുതരമായി വീഴ്ച വരുത്തുമ്പോള്‍ രണ്ടു പ്രാവശ്യം ‘തലാക്കി’ന്റെ താക്കീതു നല്കിയതിനു ശേഷവും അവള്‍ തെറ്റു തിരുത്താന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ മൂന്നാം തവണ മാത്രമേ അവളെ മൊഴി ചൊല്ലി പിരിച്ചയയ്ക്കാന്‍ പുരുഷനവകാശമുള്ളു. രണ്ടു തവണ ‘തലാക്ക്’ ചൊല്ലി ഭാര്യയെ തെറ്റു ബോധ്യപ്പെടുത്താനും ആ രണ്ടു തവണയും ഇണയോട് ക്ഷമിക്കാനും പുരുഷന് ബാധ്യതയുണ്ട് എന്നര്‍ത്ഥം. അതുകൊണ്ടുതന്നെ ഒറ്റയടിക്ക് ചൊല്ലുന്ന ‘മുത്തലാക്ക്’ അനിസ്ലാമികമാണ്. അത് പുരുഷമേധാവിത്വത്തിന്റെ പ്രയോക്താക്കളായ മുല്ലമാര്‍ ചമച്ച ഭാഷ്യത്തില്‍ ഏര്‍പ്പെട്ട ഗുരുതരമായ പല പിഴവുകളില്‍ ഒന്നുമാത്രമാണ്.
ഇസ്ലാമിക രാഷ്ട്രങ്ങളെല്ലാം സ്ത്രീകളോട് വിവേചനം പുലര്‍ത്തുന്നതിനോട് വിയോജിച്ച് നിയമനിര്‍മ്മാണം നടത്തിക്കൊണ്ടിരിക്കുമ്പോള്‍, പ്രബുദ്ധമായ ‘മതേതര’ ഭാരതത്തിലാണ് മുസ്ലീം സ്ത്രീകള്‍ വിവേചനത്തിന്റെ വേദനയനുഭവിക്കുന്നത് എന്നുള്ളതാണ് വിശ്വസിക്കാന്‍ പ്രയാസമുള്ള വിരോധാഭാസം. ഏതായാലും ഒന്ന് വ്യക്തമാണ്. സ്ത്രീയായാലും പുരുഷനായാലും പ്രകൃതിയില്‍ ചെയ്തു തീര്‍ക്കേണ്ട വ്യക്തമായ ഉത്തരവാദിത്വത്തോടുകൂടിയാണ് ഓരോ ജീവിയും പിറവിയെടുത്തിരിക്കുന്നത്. അതിലൊരിടത്തും ഉച്ചനീചത്വപരമായ പ്രകൃതിയുടെ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല.
ഗര്‍ഭം ചുമക്കാനും പ്രസവിക്കാനുമുള്ള സജ്ജീകരണങ്ങളോടെ സ്ത്രീ സൃഷ്ടിക്കപ്പെട്ടുവെങ്കില്‍ ഗര്‍ഭം ധരിപ്പിക്കാനുള്ള ചുമതലയുമായാണ് പുരുഷന്‍ സൃഷ്ടിക്കപ്പെട്ടത്. സ്ത്രീയെ ഗര്‍ഭം ധരിപ്പിക്കുന്നതോടെ പുരുഷന്റെ ചുമതല പ്രകൃതിപരമായി അവസാനിക്കുകയുമാണ്. ആ വീക്ഷണകോണിലൂടെ നോക്കുമ്പോള്‍ കുഞ്ഞിനെ പിന്നെയും പത്തു മാസം വയറ്റില്‍ ചുമന്ന് നൊന്തു പെറ്റെടുത്ത് യാതനകള്‍ സഹിച്ച് ക്ഷമയോടെ വളര്‍ത്തി വലുതാക്കിയെടുക്കുന്ന സ്ത്രീതന്നെയാണ് പുരുഷനെക്കാള്‍ എന്തുകൊണ്ടും വരേണ്യയായി നില്ക്കുന്നത്. ഈ സത്യം മുത്തലാക്ക് നിരോധന ബില്ലിനെ എതിര്‍ക്കുന്ന മൗലവിമാരും അവര്‍ക്കു തുണപോകുന്ന ‘മതേതര സൈദ്ധാന്തിക’രും മനസ്സിലാക്കുന്ന കാലം എന്നാണാവോ വരിക? ‘മുസ്ലീങ്ങളെ പുരോഗമനചിന്തകളിലേക്ക് വലിച്ചടുപ്പിക്കുന്നതിന് വിഘാതമായി നില്ക്കുന്നത് മുസ്ലിം മീഡിയയും മൗലവിമാരുമാ’-ണെന്ന, ‘ജമായത്ത് ഉല്‍ ഉലിമ ഹിന്ദി’ന്റെ നേതാവ് പ്രകടിപ്പിച്ച അഭിപ്രായം പ്രസക്തമാവുന്നത് ഇവിടെയാണ്.
‘ഒരു നിയമവും നാം അസാധുവാക്കില്ല, അതിനു തുല്യമായതോ അതിനെക്കാള്‍ മികച്ചതോ നാം പകരം വയ്ക്കും. എന്തിനും കഴിവുള്ളവനാണ് അല്ലാഹു’ (ഖുര്‍ ആന്‍ 2 106) എന്ന സൂക്തത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട്, ‘മികച്ചതായ പകര’-ങ്ങള്‍ വരുമ്പോള്‍ മുത്തലാക്കുപോലുള്ള അനാചാരങ്ങള്‍ കൈവെടിയണമെന്ന് ഖുര്‍ ആന്‍ പോലും അനുശാസിക്കുന്നുണ്ടെന്ന് മൗലവിമാര്‍ തിരിച്ചറിഞ്ഞാല്‍ തീരുന്ന പ്രശ്‌നമേ ഈ വിഷയത്തില്‍ അന്തര്‍ഭവിച്ചു കിടക്കുന്നുള്ളു.