കൊറോണ എന്ന മഹാമാരിയില്‍ കൂടിയാണ് ലോകം കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. വീട്ടില്‍ തന്നെയിരിക്കുക എന്നതാണ് ആ മഹാമാരിയെ ചെറുക്കാന്‍ അനിവാര്യമായ മാര്‍ഗ്ഗം. എല്ലാ ജോലികളും അവസാനിപ്പിച്ച് അടങ്ങിയിരിക്കുക.വീട്ടില്‍ തന്നെയിരുന്ന് എന്താണോ ചെയ്യാന്‍ പറ്റുന്നത് അത് ചെയ്യുക. മൈതാനത്തിപ്പോള്‍ ശാഖ നടക്കുന്നില്ല, കാര്യക്രമങ്ങള്‍ മുടങ്ങി, സംഘശിക്ഷാവര്‍ഗ്ഗുകള്‍ ആരംഭിക്കേണ്ടതായിരുന്നു, അതും നടന്നില്ല; അതുകൊണ്ട് നമ്മുടെ പ്രവര്‍ത്തനം മുടങ്ങിയെന്ന് പല സ്വയംസേവകരും കരുതുന്നുണ്ടാകും. എന്നാല്‍ നമ്മള്‍ എല്ലാവരും സ്വന്തം വീടുകളില്‍ ചടഞ്ഞിരിക്കുകയാണെങ്കിലും ജീവിതം മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നു. സംഘകാര്യവും അങ്ങനെതന്നെ. നിത്യവും നടക്കേണ്ടിയിരുന്ന കാര്യക്രമങ്ങള്‍ മുടങ്ങിയെങ്കിലും വേറേ കാര്യക്രമങ്ങള്‍ ദൈനംദിന കാര്യക്രമങ്ങളുടെ സ്ഥാനമേറ്റെടുത്തു. ഇത് സംഘത്തെ സംബന്ധിച്ചും വ്യക്തിജീവിതത്തെ സംബന്ധിച്ചും സത്യമാണ്.
എന്താണ് മനുഷ്യജീവിതത്തെക്കുറിച്ചുള്ള സങ്കല്‍പ്പം? സദ്ജീവിതം നയിക്കുക, തന്റെ ജീവിതത്തിലെ സദ്കാര്യങ്ങളുപയോഗിച്ചുകൊണ്ട് ലോകത്തെ കൂടുതല്‍ നന്നാക്കുക. സ്വയം നല്ലജീവിതം നയിക്കുകയും എന്നാല്‍ ലോകത്തിനു വേണ്ടി ഒരു നല്ല കാര്യവും ചെയ്യാതിരിക്കുകയും ചെയ്തു എന്നതിനെ നമ്മള്‍ നല്ലതായി കണക്കാക്കുന്നില്ല. ലോകഹിതത്തിനായി അബദ്ധത്തില്‍ എന്തെങ്കിലും ചെയ്താലും ജീവിതത്തില്‍ നല്ലതൊന്നും കാണാനാകുന്നില്ലെങ്കില്‍ അതിനെയും ലോകം നല്ലതെന്ന് പറയില്ല. ജീവിതമാകുന്ന അല്ലെങ്കില്‍ സംഘകാര്യമാകുന്ന നാണയത്തിന്റെ ഇരുവശങ്ങളാണ് മേല്‍പ്പറഞ്ഞത്. “’ഏകാന്ത് മെ ആത്മസാധന, ലോകാന്ത് മെ പരോപകാര്‍’ ഒറ്റയ്ക്കിരിക്കുമ്പോള്‍ ആത്മസാധനയും മറ്റുള്ളപ്പോള്‍ ലോകത്തിനായി പരോപകാരവും. ഇതുതന്നെയാണ് ജീവിതത്തിന്റെയും സംഘകാര്യത്തിന്റെയും സ്വരൂപം. നമ്മുടെ സ്വയംസേവകര്‍ എല്ലാദിനവും പ്രാര്‍ത്ഥന ചൊല്ലുന്നു. മൈതാനത്തില്‍ നിന്നല്ല കുടുംബസമേതം വീടുകളില്‍ നിന്നാണ് എന്നുമാത്രം. നിശ്ചിത സമയത്തായിരിക്കും വീടുകളില്‍ പ്രാര്‍ത്ഥന നടക്കുന്നത്. ആ സമയത്തായിരിക്കും സംഘപ്രാര്‍ത്ഥനയും. അനേകം സ്വയംസേവകര്‍ ‘പ്രതിജ്ഞ’ നിത്യവും സ്മരിക്കുന്നുണ്ടാകും. നിത്യശാഖയില്‍ നടന്നുവന്നിരുന്ന കാര്യക്രമങ്ങളില്‍ ഇത്രയേ ഇന്ന് സാധ്യമാകുകയുള്ളൂ. അത് നടക്കുന്നുമുണ്ട്. ബാക്കി കാര്യക്രമങ്ങളുടെ സ്ഥാനത്ത് സേവാപ്രവര്‍ത്തനങ്ങള്‍ വന്നു. വലിയൊരളവില്‍ നടക്കുന്ന സേവാപ്രവര്‍ത്തനങ്ങളെ ലോകം നോക്കിക്കാണുകയും നമ്മെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതു തന്നെയാണ് നമ്മുടെ പ്രവര്‍ത്തനം എന്ന് ധരിക്കരുത്.
കാര്യക്രമവും കാര്യവും ഒന്നല്ല. സ്വയം നന്നാവുകയും ലോകത്തെ നന്നാക്കുകയും ചെയ്യുകയെന്നതാണ് നമ്മുടെ കാര്യം. ബൗദ്ധധര്‍മ്മം പ്രചരിപ്പിക്കുന്നതിനായി ഭാരതത്തില്‍ നിന്നും ഒരു ഭിക്ഷു ചൈനയിലെത്തി. കുറച്ചു വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ച ശേഷം അവിടുത്തെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതിനായി ‘ബുദ്ധന്റെ ജീവചരിത്രം’ ചൈനീസ് ഭാഷയില്‍ പ്രസിദ്ധീകരിച്ചാല്‍ കൊള്ളാമെന്ന് അദ്ദേഹത്തിനു തോന്നി. ചരിത്രമൊക്കെ തയ്യാറായി. ഇനി പ്രസിദ്ധീകരിക്കണം. തന്റെ സമ്പര്‍ക്കവലയത്തിലുള്ളവരുമായി ബന്ധപ്പെട്ട് പുസ്തകം പ്രസിദ്ധീകരിക്കാന്‍ വേണ്ട ധനം സ്വരൂപിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. പ്രസിദ്ധീകരണശാലയില്‍ കയ്യെഴുത്തുപ്രതി നല്‍കാന്‍ ഉദ്ദേശിച്ചതിന്റെ തലേ ദിവസം ഒരു ഭൂകമ്പമുണ്ടായി. വലിയ നാശനഷ്ടമുണ്ടായി. ഉടന്‍ എല്ലാവരും സേവാപ്രവര്‍ത്തനങ്ങളില്‍ മുഴുകി. സ്വാഭാവികമായും പുസ്തകത്തിനായി സമാഹരിക്കപ്പെട്ട മുഴുവന്‍ തുകയും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കപ്പെട്ടു. എല്ലാമൊന്നടങ്ങിയതിനു ശേഷം പുസ്തകം പ്രസിദ്ധീകരിക്കാനുള്ള തുക വീണ്ടും സ്വരൂപിക്കാന്‍ ഭിക്ഷു തീരുമാനിച്ചു. നേരത്തെ സമാഹരിച്ച തുക മുഴുവന്‍ സേവനപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കപ്പെട്ടുവെന്നും വീണ്ടും ധനം ആവശ്യമുണ്ടെന്നും അദ്ദേഹം അവരോട് പറഞ്ഞു. വീണ്ടും ധനസമാഹരണം നടന്നു. പ്രസിദ്ധീകരിക്കുന്നതിനു ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വലിയ ഒരു വെള്ളപ്പൊക്കമുണ്ടായി. സകലതും നശിച്ചു. പുസ്തകത്തിനായി സമാഹരിച്ച മുഴുവന്‍ തുകയും വീണ്ടും സേവാപ്രവര്‍ത്തനത്തിനായി ചെലവാക്കപ്പെട്ടു. വീണ്ടും അദ്ദേഹം ധനസമാഹരണത്തിനായി മുന്നിട്ടിറങ്ങി. ജനങ്ങള്‍ക്കും യാഥാര്‍ത്ഥ്യത്തെക്കുറിച്ച് ബോധ്യമുണ്ടായിരുന്നു. വീണ്ടും ധനസമാഹരണം നടന്നു. കൈയ്യെഴുത്തുപ്രതി പ്രസിദ്ധീകരണശാലയിലെത്തി, പുസ്തകം തയ്യാറായി. നല്ല രീതിയിലുള്ള പ്രകാശനകര്‍മ്മവും നടന്നു. ആളുകള്‍ വളരെ ആദരവോടെ ആ പുസ്തകം വാങ്ങി. വീട്ടിലെത്തി തുറന്നുനോക്കിയപ്പോള്‍ ആദ്യപേജില്‍ കണ്ടത് ചൈനീസ് ഭാഷയില്‍ ബുദ്ധന്റെ ജീവചരിത്രം മൂന്നാമത്തെ പതിപ്പ് എന്നായിരുന്നു. എഴുതപ്പെട്ടത് ജീവചരിത്രത്തിന്റെ ഒരു സ്വരൂപം മാത്രമാണ്. എന്നാല്‍ ആ ചരിത്രം നല്‍കുന്ന സന്ദേശം എന്നത് ലോകരുടെ ദുഃഖമുക്തി എന്നതായിരുന്നു. അത് രണ്ടു തവണ ആചരിച്ചു കാണിക്കപ്പെട്ടു. അതും ആ പുസ്തകത്തിന്റെ പതിപ്പുകള്‍ തന്നെയാണ്. നമ്മള്‍ ഇന്ന് നടത്തുന്ന കാര്യക്രമങ്ങളില്‍ മാറ്റമുണ്ടെങ്കില്‍ തന്നെയും സംഘകാര്യമെന്ന ഭാവത്തില്‍ തന്നെ വേണം അവയില്‍ മുഴുകേണ്ടത്.
നമ്മള്‍ ചെയ്യുന്ന സേവാപ്രവര്‍ത്തനങ്ങള്‍ എന്തിനാണ് നമ്മള്‍ പ്രസിദ്ധപ്പെടുത്തുന്നത്? സ്വാഭാവികമായും സംഘസ്വയംസേവകര്‍ക്ക് മാത്രമല്ല മറ്റുള്ള ആളുകള്‍ക്കും ഇതിലൂടെ കുറച്ച് കാര്യങ്ങള്‍ വ്യക്തമാകും. നമ്മള്‍ എന്തിനാണ് ഈ സേവനം ചെയ്യുന്നത്? സ്വാര്‍ത്ഥതയല്ല ഇതിനുള്ള പ്രേരണ. നമ്മളെന്തൊക്കെയോ ആണെന്ന ചിന്തയെ തൃപ്തിപ്പെടുത്തുന്നതിനോ കീര്‍ത്തിക്കും പ്രശസ്തിക്കും വേണ്ടിയോ അല്ല ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടത്. നമ്മളുമായി സഹകരിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരുടെ അറിവിലേക്കായി ചില കാര്യങ്ങള്‍ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. സേവനരംഗത്ത് കര്‍മ്മനിരതരായവര്‍ക്കു കൃത്യമായ വിവരങ്ങള്‍ ലഭിക്കാനും ചിലപ്പോള്‍ സേവാവൃത്തം പ്രസിദ്ധീകരിക്കേണ്ടി വരും. കൂടുതല്‍ ആളുകള്‍ക്ക് പ്രേരണ ലഭിക്കാനും ഇത്തരം സേവാപ്രവര്‍ത്തനങ്ങളും അനുഭവങ്ങളുമൊക്കെ നമ്മള്‍ പ്രകാശനം ചെയ്യുന്നു. നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ കൊട്ടിഘേഷിക്കുകയല്ല ഇതിലൂടെ ചെയ്യുന്നത്. നമ്മുടെ സമാജവും നമ്മുടെ രാഷ്ട്രവുമാണിതെന്നതിനാലാണ് ഇതൊക്കെയും ചെയ്യുന്നത്. സ്വാര്‍ത്ഥത, ഭയം, നിര്‍ബ്ബന്ധബുദ്ധി, എതിര്‍പ്പ്, അഹങ്കാരം എന്നിവയില്ലാത്ത, ആത്മീയവൃത്തിയുടെ പരിപൂര്‍ണ്ണതയാണ് ഈ സേവാകാര്യങ്ങള്‍. അതുകൊണ്ട് ഈ സേവാകാര്യത്തില്‍ നിരന്തരമായും സ്വാര്‍ത്ഥചിന്തകളില്ലാതെയും മുഴുകണം. ഈ മഹാമാരിയില്‍ സേവാകാര്യങ്ങള്‍ മാത്രമല്ല ബോധവല്‍ക്കരണവും നടത്തേണ്ടിവരും. കുറേ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കേണ്ടി വരും. പറയുന്നതെന്താണോ അത് സ്വയം ആചരിച്ചുകാണിച്ചാലേ പറയുന്നതിന്റെ ഫലം ലഭിക്കുകയുള്ളൂ. അതുകൊണ്ട് സ്വന്തം ആരോഗ്യപരിരക്ഷ ഉറപ്പാക്കാന്‍ എന്തൊക്കെ നിയമങ്ങളും നിബന്ധനകളുമാണോ ഉള്ളത് അതൊക്കെയും നമ്മളാദ്യം പാലിച്ചുകാണിക്കണം. ഈ നിബന്ധനകളൊക്കെയും പാലിച്ചുകൊണ്ട് തന്നെ കാര്യങ്ങള്‍ ചെയ്യേണ്ടതുമാണ്. വീട്ടിനു പുറത്തേക്കിറങ്ങേണ്ടി വരും, എന്നാല്‍ അതിനായി നിബന്ധനകളുണ്ട്, അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പുറത്തിറങ്ങാന്‍ അനുമതി വേണം. സാമൂഹിക അകലം പാലിക്കേണ്ടി വരും. അതു പാലിച്ചുവേണം കാര്യങ്ങള്‍ ചെയ്യാന്‍. ചെറിയ ചെറിയ കാര്യങ്ങളില്‍ പോലും നിബന്ധനകള്‍ പാലിച്ചുകൊണ്ട് ആളുകളെ ബോധവല്‍ക്കരിക്കണം. നമുക്കത് സാധിക്കുക തന്നെ ചെയ്യും.
മഹാമാരി പുതിയതാണ്, വലിയ തരംഗം സൃഷ്ടിക്കാന്‍ ഈ മഹാമാരിക്കു സാധിച്ചുവെന്നതൊക്കെ ശരിതന്നെ. എന്നാല്‍ ഇതിനെ ഭയക്കേണ്ട ആവശ്യമില്ല. ഭയന്നിരുന്നാല്‍ കാര്യം നടക്കില്ല. ഭയന്നാല്‍ ദുരിതം വര്‍ദ്ധിക്കുകയേയുള്ളൂ. ഭയം ലവലേശമില്ലാതെ സന്തുലിതവും ശാന്തവുമായ മനസ്സോടെ ഇതിനെ അതിജീവിക്കാനുള്ള ഉപായങ്ങള്‍ മെനയുകയും എന്തൊക്കെ കാര്യങ്ങള്‍ എങ്ങനെയൊക്കെ ചെയ്യാമെന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്താല്‍ ആ കാര്യങ്ങള്‍ വിജയിക്കുകയും യശസ്സ് ലഭിക്കുകയും ചെയ്യും. ആത്മവിശ്വാസത്തോടെ ഇതിനെ നേരിടണം. ഓരോ ദിവസങ്ങള്‍ പിന്നിടുമ്പോഴും ഈ രോഗത്തിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയാണ്. ഈ മഹാമാരി എത്ര നാള്‍ നീണ്ടുനില്‍ക്കുമെന്ന് പറയാന്‍ സാധ്യമല്ല. ഈ മഹാമാരി ഒഴിയാനുള്ള എല്ലാ കാര്യങ്ങളും നമ്മള്‍ ചെയ്യുമെന്നേ പറയാന്‍ സാധിക്കൂ. എന്നാല്‍ ഈ മഹാമാരി നീണ്ടു നില്‍ക്കുന്നത്രയും കാലം ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമേകണം.
ആരൊക്കെ ഈ മഹാമാരി മൂലം ദുരിതമനുഭവിക്കുന്നുവോ അവരൊക്കെയും നമ്മളുടെ സ്വന്തക്കാര്‍ തന്നെയാണ്. ഏതൊക്കെ മരുന്നുകളുടെ കയറ്റുമതിക്കാണോ വിലക്കേര്‍പ്പെടുത്തിയിരുന്നത് ആ വിലക്കുകളൊക്കെ തന്നെയും ലോകഹിതം കണക്കിലെടുത്ത് ഭാരതം നീക്കുകയുണ്ടായി. ചിലപ്പോള്‍ നഷ്ടം സഹിച്ചും കയറ്റുമതി നടത്തി. ആരൊക്കെ ആവശ്യപ്പെടുന്നുവോ അവര്‍ക്കൊക്കെയും കൊടുക്കും. ഇത് നമ്മളുടെ സ്വഭാവമാണ്. നമ്മള്‍ മനുഷ്യരെ വിവേചനത്തോടെ ദര്‍ശിച്ചിട്ടില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരിക്കലുമില്ല. എല്ലാവരും നമ്മുടെ ആളുകളാണ്. ദുരിതമനുഭവിക്കുന്ന ഏവരെയും നമ്മള്‍ പരമാവധി സഹായിക്കണം. ഈ സേവനകാര്യത്തിനിടയില്‍ മല്‍സരമില്ല. നമ്മുടെ കീര്‍ത്തി വര്‍ദ്ധിപ്പിക്കുന്നതിനായല്ല നമ്മള്‍ ഇത് ചെയ്യുന്നത്. അതുകൊണ്ട് തന്നെയും ഈ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവരുമായും സഹകരിച്ച്, കൂട്ടായി പ്രവര്‍ത്തിക്കുക. ഇപ്രകാരമാണ് സേവനം നടത്തേണ്ടത്. ആളുകളോട് പറയേണ്ടത് പറഞ്ഞും ചെയ്യേണ്ടത് ചെയ്തുകൊടുത്തും വേണം സേവനം നടത്തേണ്ടത്. ‘എല്ലാവരും സ്വന്തമാണെന്ന ഭാവനയാണ്’ ഈ പ്രവര്‍ത്തനത്തിന്റെ ആധാരം. സഹജീവികളോടുള്ള സ്‌നേഹവും പ്രേമവും നമ്മുടെ പ്രവര്‍ത്തനത്തില്‍ പ്രതിഫലിക്കണം. സേവനമാണ് നാം ചെയ്യുന്നത്, ഉപകാരമല്ല. നമ്മുടെ സ്വന്തക്കാര്‍ക്ക് വേണ്ടിയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ നന്നായി, പ്രേമത്തോടെ വേണം ചെയ്യാന്‍.
വാല്മീകി രാമായണത്തില്‍ ഹനുമാന്റെ പ്രവൃത്തിയെക്കുറിച്ച് പരാമര്‍ശമുണ്ട്. ഹനുമാന്റെ വേഗത, വീക്ഷണം, ബുദ്ധി, ജാഗ്രത എന്നീ ഗുണങ്ങളെ ദേവന്മാര്‍ പുകഴ്ത്തുന്നു. നമ്മള്‍ കര്‍മ്മനിരതരാകണം, പക്ഷേ അതിനിടയില്‍ രോഗത്തിനു കീഴടങ്ങരുത്. ആയുഷ് മന്ത്രാലയം ഒരു പ്രതിരോധ ഔഷധത്തെക്കുറിച്ച് പറയുന്നുണ്ട്. അത് സേവിച്ച് നമ്മളുടെ ആരോഗ്യം പരിരക്ഷിക്കണം. മാസ്‌ക് ധരിക്കല്‍, അകലം പാലിക്കല്‍, ഇടയ്ക്കിടെ കൈകഴുകല്‍, ശുചിത്വം പാലിക്കല്‍ എന്നിവയൊക്കെ ചെയ്യണം. സേവനം നടത്താന്‍ നമ്മള്‍ ആദ്യം പ്രാപ്തരായിരിക്കണം, ആര്‍ക്കാണോ സഹായം യഥാര്‍ത്ഥത്തില്‍ ആവശ്യം അവരിലേക്ക് സഹായമെത്തിക്കണം. ധൂര്‍ത്തന്മാര്‍ ലോകത്തില്‍ ധാരാളമുണ്ട്. അവര്‍ നമ്മളുടെ സഹായം വാങ്ങി കടന്നുകളയാതെ നോക്കണം. അതുകൊണ്ട് വളരെ ജാഗ്രതയോടെ എന്നാല്‍ ഉദാരതയോടെ നാം പ്രവര്‍ത്തിക്കണം. ആരും ഒഴിഞ്ഞുപോകാതെ നോക്കണം. ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കണം.ആര്‍ക്ക് എന്താണോ ആവശ്യം അത് എത്തിച്ചു നല്‍കാന്‍ സാമാന്യരൂപത്തില്‍ നിര്‍ദ്ദേശങ്ങള്‍ ലഭിക്കും. എന്നാല്‍ ചില വിശേഷപരിതസ്ഥിതിയും ഉണ്ടാകാം. ആ സന്ദര്‍ഭത്തില്‍ ആ പ്രശ്‌നത്തിനു പരിഹാരം ഉണ്ടാകുന്ന വിധത്തില്‍ പ്രവര്‍ത്തിക്കേണ്ടതായും വരും. അതുകൊണ്ട് തന്നെ ഒരു മാര്‍ഗ്ഗരേഖയെ ആധാരമാക്കി പ്രവര്‍ത്തിക്കുമ്പോള്‍ ഇലാസ്തികതയെക്കുറിച്ചും ചിന്തിക്കേണ്ടിവരും. അനുശാസനയോടെ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ആ അനുശാസനത്തിനു വഴക്കം വരുത്താനും ആര്‍ക്കൊക്കെയാണോ സഹായം ആവശ്യമായി വരുന്നത് അവരെയൊക്കെയും സഹായപരിധിയില്‍ ഉള്‍പ്പെടുത്താനും സാധിക്കണം. അടുത്തത് വീക്ഷണമാണ്. ജനങ്ങള്‍ നല്ല ശീലങ്ങള്‍ പാലിക്കുന്നെന്ന് ഉറപ്പാക്കണം. മോശം ശീലങ്ങളും രോഗം വരുത്തിവെക്കുന്നു. ഈ അനുഭവങ്ങളിലൂടെ ജനങ്ങളുടെ മനോനില പാകപ്പെടുമ്പോള്‍ നല്ല കാര്യങ്ങളുടെ, വിചാരങ്ങളുടെ പ്രചരണം നടത്തുന്നതില്‍ നാം മുഴുകണം. ഇത് കേവലമൊരു കാര്യക്രമമല്ല. ഇതിലൂടെ നമ്മള്‍ ജനജീവിതം സുരക്ഷിതമാക്കുകയാണ്. ജനങ്ങളുടെ സുരക്ഷയും സര്‍വാംഗീണമായ ഉയര്‍ച്ചയും ഉറപ്പാക്കുമെന്നത് നമ്മുടെ പ്രതിജ്ഞയാണ്. ഈ വീക്ഷണത്തോടെ സധൈര്യം നമ്മള്‍ പ്രവര്‍ത്തിക്കണം. ഇനി എത്ര ദിവസം കൂടി എന്ന് ചിന്തിക്കരുത്. എപ്പോള്‍ പൂര്‍ത്തിയാകുന്നുവോ അതുവരെയ്ക്കും ചെയ്തുകൊണ്ടേയിരിക്കുക, സ്ഥിരതയോടെ പ്രവര്‍ത്തിക്കുക. ഹനുമാന്റെ ഗുണങ്ങള്‍ ആര്‍ജ്ജിക്കുകയെന്നതു പോലെ തന്നെയാണ് ചില ദോഷങ്ങള്‍ അകറ്റുകയെന്നതും. വിദുരനീതിയില്‍ ഇങ്ങനെ പറയുന്നു
ഷഡ്‌ദോഷാ പുരുഷേണേഹാ
ഹാതവ്യാ ഭൂതിമിച്ഛതാ
നിദ്രാ തന്ദ്ര ഭയം ക്രോധഃ
ആലസ്യം ദീര്‍ഘസൂത്രതാ
ഏത് പുരുഷനാണോ വിജയവും വൈഭവവും സ്വാധീനവും ആഗ്രഹിക്കുന്നത് അയാള്‍ 6 ദോഷങ്ങളെ അകറ്റേണ്ടതുണ്ട്. ആലസ്യവും വിളംബവും (കാര്യങ്ങള്‍ നടത്തുന്നതിലെ കാലതാമസവും) നമുക്ക് വേണ്ടതല്ല. കാര്യങ്ങള്‍ നടത്തുന്നതില്‍ താല്‍പ്പര്യം കാട്ടണം. ഈ മഹാമാരിക്കിടയിലും കാര്യങ്ങള്‍ നല്ല രീതിയില്‍ നടപ്പാക്കാന്‍ ഭാരതത്തിനു സാധിക്കുന്നതിന്റെ പ്രഥമ കാരണം ഇവിടുത്തെ ഭരണസംവിധാനങ്ങള്‍ അത്യധികം ആര്‍ജ്ജവത്തോടെ കാര്യങ്ങള്‍ ആസൂത്രണം ചെയ്തു എന്നതാണ്. അതേ ആര്‍ജ്ജവത്തോടെ സമാജത്തിന്റെ വലിയൊരു ഭാഗം അത് നടപ്പാക്കുകയും ചെയ്തു. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ മടിയോ കാലതാമസമോ വരുത്തിയില്ല. ഈ ആര്‍ജ്ജവം നിലനിര്‍ത്തണം. അതേ പോലെ ഒഴിവാക്കപ്പെടേണ്ടതാണ് ഉറക്കവും മന്ദതയും. ആലോചിച്ചുറപ്പിച്ച് ഉണര്‍വോടെ കാര്യങ്ങള്‍ നടപ്പാക്കണം. ഭയവും ക്രോധവും അകറ്റണം. ജൂണ്‍ അവസാനം വരെയുള്ള എല്ലാ കാര്യക്രമങ്ങളും സംഘം മാര്‍ച്ച് മാസത്തില്‍ തന്നെ റദ്ദാക്കുകയുണ്ടായി. ക്വാറന്റീനിലാകുമെന്ന് ഭയന്ന് ആളുകള്‍ രോഗവിവരം മറച്ചുപിടിക്കുകയും ഒളിവില്‍ പോവുകയും ചെയ്യുന്നു. നിയന്ത്രണങ്ങള്‍ തങ്ങളില്‍ അടിച്ചേല്‍പ്പിക്കപ്പെടുകയാണെന്ന് ചിലര്‍ കരുതുന്നു. തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ എണ്ണവും കുറവല്ല. അതു രോഷത്തിനു കാരണമാകുന്നു. രോഷം അവിവേകത്തിനും. അങ്ങനെ ധാരാളം തെറ്റുകള്‍ സംഭവിക്കുന്നു. ഇതില്‍ നിന്നും മുതലെടുക്കാന്‍ നോക്കുന്നവരുണ്ടെന്നും നമുക്കറിയാം. ഈ പകര്‍ച്ചവ്യാധിയെക്കുറിച്ച് ഭയം വര്‍ദ്ധിക്കാന്‍ ഇവരുടെ പരിശ്രമവും കാരണമായിട്ടുണ്ട്. രണ്ടു കാര്യങ്ങളില്‍ മനസ്സിരുത്തണം. ഈ നിയന്ത്രണങ്ങളൊക്കെയും ഭാവാത്മക ഭാവത്തോടെ പാലിക്കുകയും രോഷം കൊള്ളാതിരിക്കുകയും വേണം എന്നതാണ് ആദ്യത്തേത്. ഭയം കൊണ്ടോ രോഷം കൊണ്ടോ ആരെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്താല്‍ അവരെയും അവരുടെ സമുദായത്തെയും കുറ്റക്കാരായി ചിത്രീകരിക്കാനും അകറ്റി നിര്‍ത്താനുമുള്ള പ്രവണത ഒഴിവാക്കപ്പെടണം. എല്ലാത്തിലും കുറ്റം കാണുന്നവരുണ്ട്. ഇത് രാഷ്ട്രത്തിനെ സംബന്ധിച്ച വിഷയമാണെന്നും വിരോധമല്ല പരസ്പരസഹകരണമാണ് ഈ സന്ദര്‍ഭത്തില്‍ വേണ്ടതെന്ന് സാധാരണജനങ്ങളും മനസ്സിലാക്കിക്കണം. ആശയക്കുഴപ്പങ്ങളെയും സംശയങ്ങളെയും വിദ്വേഷവും രോഷവുമാക്കി വളര്‍ത്താന്‍ ശ്രമിക്കുന്ന ചില ശക്തികളുടെ കളികള്‍ നാം കണ്ടുകൊണ്ടിരിക്കുന്നു.
ഭാരതത്തെ വിഭജിക്കുമെന്ന് പറയുന്ന കൂട്ടര്‍ സ്വാര്‍ത്ഥതയോടെ ഇതിനായി വളരെയധികം പരിശ്രമിക്കുന്നുണ്ട്. രാഷ്ട്രീയവും ഇടയ്ക്ക് കടന്നുവരുന്നു. ഇത്തരം ചെയ്തികളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുക, ഇവര്‍ നമുക്ക് ദോഷമൊന്നുമുണ്ടാക്കാതിരിക്കാന്‍ ജാഗ്രത്തായിരിക്കുക, എന്നാല്‍ നമ്മുടെ മനസ്സില്‍ അവരോട് ശത്രുതാഭാവമോ വൈരാഗ്യമോ ഉളവാകാതെയിരിക്കുക. ഭാരതത്തിലെ 130 കോടി ജനങ്ങളും ഭാരതമാതാവിന്റെ പുത്രന്മാരും നമ്മുടെ ബന്ധുക്കളുമാണെന്ന് മനസ്സിലുണ്ടാകണം. ഭയവും രോഷവും ഒരുഭാഗത്തുമുണ്ടാകാന്‍ പാടില്ല. ഓരോ സമൂഹത്തിലെയും നേതാക്കള്‍ തങ്ങളുടെ അണികളെ ഇതില്‍ നിന്നും സംരക്ഷിക്കേണ്ടതുമാണ്. ഭയവും ക്രോധവും കാരണം നടക്കുന്ന കൃത്യങ്ങളുടെ ഭാഗമാകരുതെന്ന് സ്വന്തം സമൂഹത്തെ ഇവര്‍ പഠിപ്പിക്കണം. ഇങ്ങനെ ചെയ്തില്ലെങ്കില്‍ എന്ത് സംഭവിക്കും? ഭാരതത്തിലെ ആരാധ്യരായ രണ്ടു സന്ന്യാസിവര്യന്മാര്‍ മഹാരാഷ്ട്രയില്‍ കൊല്ലപ്പെട്ടു. അതിന്മേലുള്ള ചര്‍ച്ചകള്‍ നമുക്ക് മാറ്റി വെക്കാം. എന്നാല്‍ ഇത്തരത്തിലുള്ള ഒരു സംഭവം നടക്കാന്‍ പാടുണ്ടോ? നിയമം കൈയ്യിലെടുക്കാന്‍ പാടുള്ളതാണോ? ഇത്തരം സാഹചര്യത്തില്‍ പോലീസ് എന്താണ് ചെയ്യേണ്ടത്? ഇതെല്ലാം ചിന്തിക്കേണ്ട വിഷയങ്ങളാണ്. ഈ സങ്കടകാലത്ത്, മനസ്സിലുയരുന്ന പലവിധ സംശയങ്ങളുടെയും പിടിയിലമരാതെ എല്ലാ ഭേദഭാവനകളെയും സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളെയുമകറ്റി ദേശഹിതം മുന്‍നിര്‍ത്തി ഭാവാത്മകമായ ഭാവത്തോടെ മുന്നോട്ട് നീങ്ങണം. ഭയത്തെയും ക്രോധത്തെയും അകറ്റുകതന്നെ വേണം. ആ സന്ന്യാസിമാരുടെ കൊലപാതകം നടന്നു. അടിച്ചടിച്ചാണ് കൊന്നത്. സാധുക്കളായിരുന്നു അവര്‍. ഒരു തെറ്റും അവര്‍ ചെയ്തിട്ടില്ല. ധര്‍മ്മം ആചരിക്കുന്നവരും പരോപകാരികളുമായിരുന്നു. അതിന്റെ മനോവിഷമം നമ്മള്‍ക്കുണ്ട്. 28-ാം തീയതി ഈ സന്ന്യാസിമാര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കാന്‍ ഹിന്ദു ധര്‍മ്മ ആചാര്യ സഭ ആഹ്വാനം ചെയ്തിട്ടുണ്ട്. വിശ്വഹിന്ദുപരിഷത്തും കാര്യക്രമം തയ്യാറാക്കിയിട്ടുണ്ട്. നാം ഇത് പാലിക്കണം. അവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഞാന്‍ തുടരട്ടെ.
ധൈര്യസമേതം കാര്യങ്ങള്‍ ചെയ്യണം. എന്തെന്നാല്‍ കൊറോണ എന്ന മഹാമാരി അകലും, അടച്ചിടലിന്റെ ആവശ്യം വരില്ല. എന്നാല്‍ തകിടം മറിഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നേരെയാകാന്‍ സമയമെടുക്കും. അടച്ചിടലില്‍ അല്‍പ്പം ഇളവ് നല്‍കിയപ്പോള്‍ തന്നെ ആള്‍ക്കൂട്ടം രൂപപ്പെട്ടത് നാം കണ്ടു. വീണ്ടും നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടി വന്നു. സമൂഹം ഈ അവിവേകം കാണിച്ചേക്കാം. സാധാരണക്കാര്‍ക്ക് ശരിയായ ദിശാദര്‍ശനം നല്‍കാന്‍ പ്രാപ്തരായ ആളുകള്‍ ആവശ്യമാണ്. വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ സാമൂഹികഅകലം പാലിക്കുന്നതുപോലുള്ള കാര്യങ്ങള്‍ തുടരേണ്ടിവരും. ഇതെങ്ങനെ സാധിക്കും എന്ന് സമൂഹം കൂടിയാലോചിച്ച് തീരുമാനിക്കേണ്ടതുണ്ട്. വിദ്യാലയങ്ങളിലും വിദ്യാലയപരിസരങ്ങളിലും കുറഞ്ഞ സംഖ്യയില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ക്ലാസുകള്‍ നടത്താന്‍ പറ്റുമോ, ഇ-ക്ലാസസ് (സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള ക്ലാസുകള്‍) നടത്താന്‍ സാധിക്കുമോ എന്നൊക്കെ വിലയിരുത്തി അദ്ധ്യയനം ആരംഭിക്കുകയും അതോടൊപ്പം സാമൂഹിക അകലം ഉറപ്പാക്കുകയും വേണം. ചന്തകളും വ്യവസായശാലകളും തുറന്നാലും ആള്‍ക്കൂട്ടമുണ്ടാകാതെ നോക്കണം, സാമൂഹിക അകലം പാലിച്ച് നിബന്ധനകള്‍ക്ക് അനുസൃതമായി നീങ്ങണം. നമ്മള്‍ ഇതേക്കുറിച്ച് ചിന്തിക്കണം. ഇതിലൂടെ ദുരിതം കുറയാന്‍ സാധ്യതയുണ്ട്. ഈ മഹാമാരി വീണ്ടും തിരിച്ചുവരാതിരിക്കാനും വ്യാപനമുണ്ടാകാതിരിക്കാനും സമാജത്തിനു മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന കാര്യം നമ്മള്‍ തുടരേണ്ടതായിട്ടുണ്ട്. ഈകാര്യങ്ങളെല്ലാം നടക്കണമെങ്കില്‍ സമാജത്തില്‍ സദ്ഭാവത്തിന്റെയും സദാചാരത്തിന്റെയും സഹകരണത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കപ്പെടണം. സമൂഹത്തിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളെ വിളിച്ചുചേര്‍ത്ത് അവരിലൂടെ ഇക്കാര്യം നടപ്പാക്കേണ്ടിവരും. സംവാദവും നടക്കണം. അനുശാസനങ്ങള്‍ പാലിക്കുന്നതെങ്ങനെയെന്ന് സ്വന്തം ഉദാഹരണങ്ങളും ഉപദേശങ്ങളും നല്‍കുകയും വേണം. അവരോട് ഇക്കാര്യം സംസാരിക്കേണ്ടതായും വരും.
ജനങ്ങളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിക്കണം. ആയുര്‍വേദമരുന്നുകളും യോഗയും പലതരത്തിലുള്ള വ്യായാമമുറകളും പ്രാണായാമവുമടക്കം പല മാര്‍ഗ്ഗങ്ങളും നമ്മുടെ മന്ത്രാലയവും ലോകമെമ്പാടുമുള്ള വിദഗ്ദ്ധരും മുന്നോട്ട് വെക്കുന്നുണ്ട്. അത്തരം രോഗപ്രതിരോധ മാര്‍ഗ്ഗങ്ങളുടെ ആചരണം നിത്യേന നിയമേന കുടുംബത്തില്‍ നടക്കണം. കുടുംബത്തില്‍ സാംസ്‌കാരികാന്തരീക്ഷം ഉണ്ടാകണം. ഭയത്തിന്റെ പിടിയിലമരാതെ ശാന്തമായ മനസ്സോടെ ചെയ്യാനുള്ള കര്‍ത്തവ്യം കൃത്യമായി ചെയ്യുക. ഇങ്ങനെ ചെയ്യണമെങ്കില്‍ കുടുംബത്തിലും സ്വഭാവ സംസ്‌കാരം ആവശ്യമാണ്. ഇതിനായി നമ്മള്‍ പരിശ്രമിക്കേണ്ടതുണ്ട്. ഈ പരിശ്രമത്തിലും മേല്‍പ്പറഞ്ഞ ക്രമം പാലിക്കേണ്ടതുണ്ട്. നമ്മള്‍ സ്വയം മാതൃകയാകണം, നമ്മുടെ മാതൃക സമൂഹത്തിനു വഴികാട്ടണം. സേവാകാര്യം കൊണ്ട് എല്ലാവരെയും യോജിപ്പിക്കണം. എല്ലാവരുടെയും സഹകരണം ഉറപ്പാക്കണം. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നേരിട്ട പ്രതിസന്ധിക്കു ശേഷം ആദ്യമായാണ് ലോകം ഇത്തരത്തിലൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നത്. നമ്മള്‍ ഇതിനെതിരെ പോരാടിക്കൊണ്ടിരിക്കുന്നു. ഈ പ്രതിസന്ധി നമ്മെ കുറെ കാര്യങ്ങള്‍ പഠിപ്പിക്കുന്നുമുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഗ്രാമപഞ്ചായത്ത് തലവന്മാരുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ നമ്മുടെ പ്രധാനമന്ത്രി പറഞ്ഞത് ഈ പ്രതിസന്ധി നമുക്ക് സ്വാവലംബത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നുവെന്നാണ്. ഇത്തരത്തിലുള്ള കുറേ കാര്യങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. ഈ സങ്കടത്തില്‍ നിന്നും നമ്മള്‍ കരകയറും. ഈ പ്രതിസന്ധി മൂലം തകര്‍ന്നടിഞ്ഞവ നമ്മള്‍ സാവകാശം വീണ്ടും കെട്ടിപ്പടുക്കും. എന്നാല്‍ ഈ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഒരു യാഥാര്‍ത്ഥ്യം വീണ്ടുംനമ്മുടെ മുന്നില്‍ തെളിയുകയാണ്. അതില്‍ നിന്നും പാഠമുള്‍ക്കൊണ്ട്, ബോധ്യമുള്‍ക്കൊണ്ട് നമ്മുടെ ജീവിതസംരചനയെ അതിനനുസൃതമായി പരിവര്‍ത്തനപ്പെടുത്താനുള്ള ഒരു വലിയ ദൗത്യമാണ് നമുക്കുള്ളത്. അതിനെ രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിനു നടന്നുവരുന്ന കാര്യങ്ങളുടെ അടുത്ത പാദമെന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം.
ലക്ഷ്യം കാണുംവരെ കര്‍മ്മനിരതരാവുക
ഈ മഹാമാരി കൂടുതല്‍ പകരാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടതായിട്ടുണ്ട്. ഇടയ്ക്ക് അവസാനിപ്പിച്ചാല്‍ നമ്മള്‍ വിജയിക്കില്ല. ഒരു ഉദാഹരണം പറയാം. ഒരു വ്യക്തി എല്ലാ അര്‍ത്ഥത്തിലും തകര്‍ന്നു. നിരാശനായ അയാള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ കുറച്ച് പൈസ കൂടി അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു, കുറച്ചുനാളത്തേക്ക് വേണ്ട സാധനങ്ങളും. ഈ പണവും ചെലവായതിനു ശേഷം ആത്മഹത്യചെയ്യാമെന്ന് അയാള്‍ തീരുമാനിച്ചു. ചൂതുകളിച്ച് അവശേഷിക്കുന്ന പണം മുഴുവന്‍ തീര്‍ക്കാന്‍ അയാള്‍ ഒരു വലിയ പട്ടണത്തിലേക്ക് പുറപ്പെട്ടു.
പട്ടണത്തിനടുത്ത് ഒരു വലിയ പ്രദേശത്ത് ധാതുശേഖരമുണ്ടെന്നും ആഴത്തില്‍ കുഴിച്ചിട്ടും മാംഗനീസ് ലഭിക്കാത്തതിനാല്‍ ഖനനത്തിലേര്‍പ്പെട്ടിരിക്കുന്ന കമ്പനികള്‍ ആ സ്ഥലം വില്‍പ്പനക്ക് വെച്ചിരിക്കുകയാണെന്നും അയാള്‍ അറിയാനിടയായി. ഇതും ഒരു ചൂത് തന്നെ എന്നു കരുതി അയാള്‍ അങ്ങോട്ടേക്ക് പുറപ്പെട്ടു. ഇത്ര വലിയ സ്ഥലം വാങ്ങാനുള്ള പണമൊന്നും അയാളുടെ കൈവശമുണ്ടായിരുന്നില്ല. എന്നാല്‍ ആ പ്രദേശം 250 അടി ആഴമുള്ള വലിയ കുഴിയായി മാറിയിരുന്നു. ആരുവാങ്ങാനാണ് ആ ഭൂമി ?
അയാളൊഴികെ വേറെയാരും ആ ലേലത്തില്‍ പങ്കെടുക്കാനെത്തിയിരുന്നില്ല. അതുകൊണ്ട് കൈവശമുണ്ടായിരുന്ന പണത്തിനു അയാള്‍ക്ക് ആ ഭൂമി സ്വന്തമായി. അവിടെയുണ്ടായിരുന്ന തൊഴിലാളികളുടെ അന്നത്തെ കൂലി കമ്പനി അവര്‍ക്ക് നല്‍കിയിരുന്നു. അവര്‍ അയാളോട് എന്താണ് ഇനി ചെയ്യേണ്ടതെന്ന് ചോദിച്ചപ്പോള്‍ കൈപറ്റിയ കൂലിക്ക് വൈകുന്നേരം വരെ ജോലി ചെയ്യാന്‍ അയാള്‍ ആവശ്യപ്പെട്ടു. മൂന്നു അടി കൂടി കുഴിച്ചപ്പോഴേക്കും മാംഗനീസ് ശേഖരം തെളിഞ്ഞുവന്നു.
അങ്ങനെ കുത്തുപാളയെടുത്ത ആ വ്യക്തി മാംഗനീസ് ഖനികളുടെയും പിന്നീട് ഒരു റെയില്‍വേ കമ്പനിയുടെയും ഉടമയായി തീര്‍ന്നു. പുതിയൊരു ജീവിതം കെട്ടിപ്പടുക്കാന്‍ അയാള്‍ക്ക് സാധിച്ചു. ‘റീഡേര്‍സ് ഡൈജസ്റ്റി’ല്‍ ആ വ്യക്തി തന്നെ എഴുതിയതാണ് ഇക്കാര്യം. ഈ സംഭവം നടന്നത് അമേരിക്കയിലാണ്. ‘Difference between success and failure is 3 feet’- വിജയത്തിനും പരാജയത്തിനുമിടയിലെ 3 അടി അകലം – എന്നതായിരുന്നു ആ ലേഖനത്തിന്റെ ശീര്‍ഷകം. 3 അടി കൂടുതല്‍ കുഴിക്കാന്‍ മെനക്കെടാതിരുന്ന കമ്പനിയുടമകള്‍ പരാജയപ്പെടുകയും 3 അടി കൂടുതല്‍ കുഴിക്കാന്‍ തയ്യാറായ ഈ വ്യക്തി വിജയിക്കുകയും പ്രശസ്തനാവുകയും ചെയ്തു. അതുകൊണ്ട് തളരാതെ നിരന്തരം കര്‍മ്മനിരതരാവുക. എല്ലാവര്‍ക്കും വേണ്ടി കാര്യങ്ങള്‍ ചെയ്യുക. ഇതിലൊരു ഭേദചിന്തയും പാടില്ല.
ഒരുപാട് ആളുകള്‍ നഗരങ്ങളില്‍ നിന്നും സ്വന്തംഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോയി. എല്ലാവരും തിരിച്ചുവരുമോ? ഗ്രാമങ്ങളില്‍ തന്നെ തുടരാനാഗ്രഹിക്കുന്നവര്‍ക്ക് തൊഴില്‍ നല്‍കാന്‍ എന്ത് സംവിധാനമാണ് ചെയ്യാന്‍ സാധിക്കുക? ഇനി നഗരങ്ങളിലേക്ക് തിരിച്ചുവരുന്നവര്‍ക്ക് തന്നെ തൊഴില്‍ നല്‍കാന്‍ അവരുടെ ഉടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സാധിക്കുമോ? അവരുടെ കച്ചവടവും തകിടം മറിഞ്ഞിരിക്കുന്നു. ഇവരുടെ തൊഴില്‍ നിലനിര്‍ത്താനും അതോടൊപ്പം മുന്‍പത്തെപോലെ എല്ലാ കാര്യങ്ങളും നടന്നു പോകണമെങ്കില്‍ എല്ലാവരും എന്തെങ്കിലുമൊക്കെ ഉപേക്ഷിക്കേണ്ടതായി വരും. അതിനു മാനസിനെ പാകപ്പെടുത്തേണ്ടതുണ്ട്. ഈ തിരിച്ചറിവ് ഉണ്ടാകേണ്ടതുണ്ട്. അതും ഉപദേശിക്കേണ്ടി വരും. സ്വാവലംബമാണ് ഈ പ്രതിസന്ധി നല്‍കുന്ന സന്ദേശമെങ്കില്‍ അതിലെ ‘സ്വ’ എന്ന അക്ഷരം പ്രതിനിധീകരിക്കുന്നത് എന്തിനെയാണ്? ‘സ്വ’ ആധാരിത തന്ത്രം നമ്മള്‍ അവലംബിക്കേണ്ടി വരും. കുറഞ്ഞ അളവില്‍ ഊര്‍ജ്ജം ആവശ്യമുള്ള, കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന,പരിസ്ഥിതി സൗഹൃദ ആശയം നമ്മുടെ പക്കല്‍ തന്നെയുണ്ട്. ആ ആശയത്തെ ആധാരമാക്കി സാമ്പത്തികശാസ്ത്രത്തിന്റെയും വികസനനയത്തിന്റയും കാര്യത്തില്‍ യുഗാനുകൂലമായ ഒരു രചന നടത്തേണ്ടി വരും. ആധുനികശാസ്ത്രത്തിന്റെ സഹായത്തോടെ, എന്തൊക്കെ സ്വീകരിക്കാമോ അതൊക്കെയും സ്വീകരിച്ച് നമ്മുടെ പാരമ്പര്യത്തിലൂന്നി ഇന്നത്തെ സാഹചര്യം നമ്മെ ഓര്‍മ്മപ്പെടുത്തിയ കാര്യങ്ങളും ചേര്‍ത്ത് ഒരു പുതിയ വികസനമാതൃക നമ്മള്‍ക്ക് സൃഷ്ടിക്കേണ്ടതായിട്ടുണ്ട്. നമ്മള്‍ ചെയ്തില്ലെങ്കില്‍ വേറെയാര് ചെയ്യും? സര്‍ക്കാരും മറ്റു സംവിധാനങ്ങളും ഇതിനെക്കുറിച്ച് ചിന്തിക്കും. എന്നാലിത് രണ്ടുകൊണ്ടുമാത്രമായില്ല. സമൂഹത്തിനും ഇതില്‍ പങ്കുവഹിക്കാനുണ്ട്. ഇവിടെ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ തന്നെ ഉപയോഗിക്കുമെന്ന് സമൂഹവും തീരുമാനിക്കണം. ഇവിടെ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കാത്തതെങ്കിലും അതില്ലാതെ ജീവിതം മുന്നോട്ട് പോകുമെന്നാണെങ്കില്‍ അതിനെ ഉപേക്ഷിക്കണം. ഇനി നമുക്ക് അത്യാവശ്യമുള്ളതാണെങ്കില്‍ നമ്മളുടെ നിബന്ധനകള്‍ക്കനുസൃതമായി മാത്രം വാങ്ങണം, ഏറ്റവും കുറഞ്ഞമാത്രയില്‍ ഉപയോഗിക്കണം. ഇത്തരം ഒരുപാട് നിയന്ത്രണങ്ങള്‍ സ്വജീവിതത്തില്‍ നടപ്പാക്കേണ്ടതുണ്ട്. വ്യക്തിപരമായും കുടുംബത്തിലും സ്വദേശി സംസ്‌കാരത്തിന്റെ ആചരണം നടക്കണം. സ്വദേശിസംസ്‌കാരം വളരണമെങ്കില്‍ സ്വദേശി ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകണം. ഗുണമേന്മയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ലാത്ത സ്വദേശീ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകണം. ഗുണമേന്‍മയേറിയ സ്വദേശീ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മിതിയെ കുറിച്ച് ഉദ്യോഗസ്ഥരും നിര്‍മ്മാതാക്കളും തൊഴിലാളികളുമൊക്കെ ചിന്തിക്കണം. സ്വദേശീ ഭാവം നമ്മുടെ ഉള്ളില്‍ ദൃഢമാകണം, വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കണം. ഈ കഴിവ് നമ്മള്‍ നേടണം.
പുറത്തിറങ്ങി നദികളെ നോക്കാന്‍ സാധിച്ചവര്‍ അത് ശുദ്ധമായി ഒഴുകുന്നതായി അറിയുന്നു. ശ്വസിക്കുന്ന വായുവിലൂടെ നമുക്കും അത് എളുപ്പം മനസിലാകും. അന്തരീക്ഷവായു വളരെയധികം ശുദ്ധമായിരിക്കുന്നു. എങ്ങനെ ശുദ്ധമായി? പരിസ്ഥിതിയെ മലിനപ്പെടുത്തുന്ന കാര്യങ്ങള്‍ നിലച്ചതോടെയാണ് അന്തരീക്ഷം ശുദ്ധമായത്. നമ്മുടെ ജീവിതം സാധാരണഗതിയിലുണ്ടാകുമ്പോള്‍ പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന കാര്യങ്ങളെ കൂടാതെ നമുക്ക് മുന്നോട്ട് ചരിക്കാന്‍ സാധിക്കണം. ജലസംവര്‍ദ്ധനവും സംരക്ഷണവും, വൃക്ഷങ്ങളുടെ സംവര്‍ദ്ധനവും സംരക്ഷണവും, പ്ലാസ്റ്റിക്കില്‍ നിന്നും മോചനം, ശുചിത്വമുറപ്പാക്കല്‍, ജൈവികരീതിയെ അടിസ്ഥാനപ്പെടുത്തിയ ഗോസംരക്ഷണം, ജൈവകൃഷി, ഉപഭോഗം പകുതിയാക്കി കുറയ്ക്കല്‍ എന്നിവയില്‍ ശ്രദ്ധിക്കണം. രാസവളമുപയോഗിച്ചുള്ള കാര്‍ഷികരീതി മാറ്റണം. സമാജത്തെ അതിനു പ്രേരിപ്പിക്കണം. സര്‍ക്കാരിന്റെ നിലപാട് അതിനെ ആധാരമാക്കിയായിരിക്കും ഉരുത്തിരിയുന്നത്. എന്നാല്‍ സമൂഹം ഈ വിധത്തില്‍ ചരിക്കാത്തിടത്തോളംകാലം യാതൊരു മാറ്റവും സാധ്യമാകില്ല. കുടുംബത്തിലും നമ്മള്‍ ഇത്തരം സംസ്‌കാരം വളര്‍ത്തണം. ഒരുപാട് നാളുകളായി തുടരുന്ന ഓട്ടം അവസാനിച്ചതോടെ കുടുംബത്തോടൊപ്പം ധാരാളം സമയം ചെലവഴിക്കാന്‍ പലര്‍ക്കും അവസരം ലഭിച്ചിരിക്കുകയാണ്. വീട്ടുകാര്‍ക്കും നമുക്കും ഇത് ഹൃദ്യമായ അനുഭവമാണ്. നല്ലൊരു മാറ്റമാണ് ഇതിലൂടെ സാധ്യമാകുന്നത്. സംവാദം വളരും. തിരിച്ചറിവും സൗമനസ്യവും വര്‍ദ്ധിക്കും. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ വ്യവഹാരം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് ചിന്തിക്കണം. സമൂഹവും ഒരു കുടുംബമാണ്. സമൂഹത്തെ നയിക്കുന്നവരിലും ഇത്തരം ചിന്തകളുണരേണ്ടതുണ്ട്. നിബന്ധനകളെ വ്യക്തിപരമായും സാമൂഹികമായും പാലിക്കുന്നതിനെക്കുറിച്ചും ആലോചിക്കണം. പൗരന്മാര്‍ അച്ചടക്കമുള്ളവരാകണം.
എവിടെയൊക്കെ ജനങ്ങള്‍ അനുശാസനങ്ങളെ വകവെക്കുന്നുവോ അവിടെയൊക്കെയും കൊറോണബാധ കുറയുന്നു. അനുശാസനാശീലമില്ലാത്തതിനാല്‍ കാര്യങ്ങളാകെ കുഴഞ്ഞുമറിഞ്ഞ സ്ഥലങ്ങള്‍ കൊറോണയുടെ പിടിയിലമര്‍ന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ട് അനുശാസനങ്ങള്‍ പാലിക്കുക. എല്ലാ പൗരന്മാരും അനുശാസനകളെ സ്വയം പാലിക്കുന്നതാണ് സ്വതന്ത്രരാഷ്ട്രത്തിലെ ദേശഭക്തിയുടെ സ്വരൂപമെന്ന് ഭഗിനി നിവേദിത പറയുകയുണ്ടായി. അത്രയും തിരിച്ചറിവ് ആ രാജ്യത്തെ പൗരന്മാര്‍ക്കുണ്ടാകും. ഡോക്ടര്‍ അംബേദ്കര്‍ പാര്‍ലമെന്റില്‍ഭരണഘടനാരൂപീകരണ ചര്‍ച്ചകള്‍ക്കിടെ നീതിന്യായവ്യവസ്ഥ, നിയമങ്ങള്‍ എന്നിവയുടെ പാലനത്തിനു വളരെ ഊന്നല്‍ നല്‍കിയിരുന്നു. അതേപോലെ സമാജത്തില്‍ സദ്ഭാവനയുടെയും സഹകരണത്തിന്റെയും ശാന്തിയുടെയും അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. സര്‍ക്കാരിനു മൂല്യാധിഷ്ഠിത വിദ്യാഭ്യസ പദ്ധതി ഉടന്‍ തന്നെ പ്രാബല്യത്തില്‍ കൊണ്ടു വരും, കൊണ്ടുവരേണ്ടി വരും. ദേശീയതാല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയപ്രവര്‍ത്തനം, സമൂഹത്തോട് സംവേദനയുള്ള ഭരണസംവിധാനം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, ധര്‍മ്മത്തെ ആചരിക്കുന്ന സമൂഹം എന്നിവ ഭാരതത്തെ പുനഃസൃഷ്ടിക്കും.
ഭാവിയെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിച്ചാണ് ഈ മഹാമാരി കടന്നുപോകുന്നത്. രാഷ്ട്രം, സമാജം എന്നിവ നമ്മുടേതാണെന്നു കരുതിക്കൊണ്ട് നമ്മളെല്ലാവരും ഒത്തൊരുമിച്ച് ആത്മവിശ്വാസത്തോടെ ഈ പ്രതിസന്ധിയില്‍ നിന്നും രാഷ്ട്രത്തെ കരകയറ്റണം. ലോകത്തിലെ മുഴുവന്‍ മാനവസമൂഹത്തിന്റെയും നേതൃത്വം വഹിക്കുന്ന രാഷ്ട്രമായി ഭാരതം മാറണം. അതിനായി നമ്മള്‍ക്ക് വീണ്ടും സജീവമാകേണ്ടതുണ്ട്. ഈ പ്രതിസന്ധിയെ പ്രയോജനപ്പെടുത്തിക്കൊണ്ട് ഒരു പുതിയഭാരതത്തെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള കര്‍ത്തവ്യമായിരിക്കട്ടെ നമ്മുടേത്. പറയേണ്ടതാണെന്ന് എനിക്ക് തോന്നിയ ചിലകാര്യങ്ങള്‍ ഞാന്‍ മുന്നോട്ട് വെച്ചു. സംഘ സ്വയംസേവകര്‍ ഇപ്രകാരം തന്നെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്. എന്നാല്‍ സംഘസ്വയംസേവകര്‍ മാത്രമല്ല മുഴുവന്‍ സമാജവും ഇപ്രകാരം വര്‍ത്തിക്കേണ്ടതുണ്ട്.
(വിവര്‍ത്തനം: സത്യനാഥന്‍)