ന്യൂദല്‍ഹി : പച്ചപ്പു നിറഞ്ഞതും വൃത്തിയുള്ളതുമായ ഭൂമിയുടെ നിര്‍മിതിക്കായി എല്ലാ പൗരന്മാരും കൂട്ടായി പരിശ്രമിക്കണമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. പരിസ്ഥിതി സംരക്ഷണം മാതൃകാപരമായ കടമയാണെന്ന്— ലോക ഭൗമദിനത്തോടനുബന്ധിച്ചുള്ള സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
നിലവിലുള്ള വികസന മാതൃകകളെയും ഉപഭോഗ ത്തിന്—അനുസൃതമായി മാത്രമുള്ള ജീവിതശൈലികളെയും നവീകരിച്ച് പ്രകൃതി സംരക്ഷണത്തിന് പരമ പ്രാധാന്യം നല്‍കാം. കൊറോണയുടെ പശ്ചാത്തലത്തില്‍ നമ്മുടെ വികസന, സാമ്പത്തിക തന്ത്രങ്ങള്‍ പുനരവലോകനം ചെയ്യുകയും നവീകരിക്കുകയും ചെയ്യേണ്ടതുണ്ട്.
കൊറോണ പകര്‍ച്ചവ്യാധി മൂലമുണ്ടായ അപ്രതീക്ഷിത മായ ആരോഗ്യ പ്രതിസന്ധി ചൂണ്ടിക്കാണിച്ച അദ്ദേഹം, ലോക്ക് ഡൌണ്‍, മലിനീകരണ തോത് കുറയ്ക്കുകയും അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം ഉയര്‍ത്തുകയും ചെയ്തുവെന്നും ചൂണ്ടിക്കാട്ടി. മനുഷ്യന് പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ എത്രത്തോളം നശിപ്പിച്ചതായി ഇതിലൂടെ മനസ്സിലാക്കാമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ഭൂതകാലത്തെ നമ്മുടെ പിഴവുകളില്‍ നിന്ന് പാഠം പഠിക്കുകയും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കുകയും വേണം. 2020-ലെ ലോക ഭൗമദിനാചരണത്തിന്റെ സന്ദേശമായ കാലാവസ്ഥാ വ്യതിയാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുക, പ്രകൃതിവിഭവങ്ങളുടെ ചൂഷണം ചെയ്യല്‍ കുറയ്ക്കുക, പുനരുപയോഗം, പുനരുജ്ജീവനം എന്നീ കാര്യങ്ങള്‍ മന്ത്രം പോലെ സ്വീകരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ഒരു സമൂഹമെന്ന നിലയില്‍ നാം അതിജീവനത്തിന്റെ സുസ്ഥിര മാര്‍ഗ്ഗത്തിലേക്ക് കൂട്ടായ്മയോടെ നീങ്ങേണ്ടതുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട ഭാവിക്കായി പ്രകൃതിയെ സംരക്ഷിക്കുന്നത് സംസ്കാരമായി മാറ്റേണ്ടതിന്റെ ആവശ്യകതയും ഉപരാഷ്ട്രപതി പറഞ്ഞു.