Tuesday, July 1, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖലേഖനം

കാലമിനിയുമുരുളും

എം. സതീശന്‍

Print Edition: 10 April 2020

വിഷുവാണ് കാലം…. ഓര്‍മ്മകളുടെ വഴിയോരങ്ങള്‍ നിറയെ കര്‍ണികാരം മൊട്ടിട്ട കാലം… പ്രകൃതിയാകെ കാര്‍വര്‍ണന്റെ നിറമാര്‍ന്ന കാലം. ഇലകള്‍ പൊഴിച്ച് മരങ്ങള്‍ പൂവാട ചുറ്റിയ കാലം….. തലേരാത്രിയില്‍ കൂട്ടുകാരൊത്തുചേര്‍ന്ന് കണിയൊരുക്കി, കണ്ണനെയൊരുക്കി കാത്തിരുന്ന കാലം… നേരം പുലരും മുമ്പേ ശംഖമൂതി, മുറ്റത്ത് നിലവിളക്ക് തെളിച്ച് കണ്ണനെ കണികാണാന്‍ നാടുണര്‍ത്തിയ കാലം… ഓരോ വീട്ടിലും മേഘശ്യാമളനുണ്ണിയുടെ മോഹനരൂപത്തില്‍ പ്രഭാതം തുയിലുണര്‍ന്ന കാലം……

സമൃദ്ധിയായിരുന്നു കാലത്തിന്റെ അടയാളം… തടിയിലും വേണ്ടിവന്നാല്‍ വേരിലും വരെ ചക്ക കായ്ക്കുന്ന വിഷുക്കാലം. മാമ്പൂ തിന്ന് കുയിലുകള്‍ മദിക്കുന്ന വിഷുക്കാലം, ഉല്ലാസത്തിന്റെ മാമ്പഴക്കാലം….. മണ്ണില്‍ വേര്‍പ്പ് വിതച്ചവര്‍ വിള കൊയ്യുന്ന, വിത്തെറിയുന്ന വിഷുക്കാലം….. നേരം തെറ്റാതെ മഴയെത്തുന്ന പഴയകാലത്തിന്റെ കണിക്കാലം…. ഒരു ദിവസത്തേക്കുള്ള സമൃദ്ധിയായിരുന്നില്ല അത്. അടുത്ത വിഷു വരെ ഒരു വര്‍ഷത്തേക്കുള്ള സമൃദ്ധമായ കാഴ്ചകളുടെ തുടക്കം. അതിന് സമ്പത്തൊരു ഘടകമായില്ല. പൊന്ന് വെച്ച് കണികണ്ടവര്‍ക്കും പൂവ് വെച്ച് കണികണ്ടവര്‍ക്കും മനസ്സു നിറയെ കര്‍ണികാരം പൂത്ത പുലരികള്‍…
ഓര്‍മ്മകളുടെ പാടവരമ്പുകളില്‍ ഇന്ന് ആ കാലത്തിന്റെ നൈര്‍മ്മല്യമില്ല… മണ്ണടരുകളില്‍ അല്പംപോലും ഈറനില്ലാതായിരിക്കുന്നു. പുതിയ തളിരൊന്ന് കാണാന്‍ കിട്ടാതായിരിക്കുന്നു. ‘കാലമിനിയുമുരുളും വിഷു വരും വര്‍ഷം വരു’മെന്നൊക്കെയുള്ള വരികളില്‍ പ്രതീക്ഷയുടെ തിരിവെട്ടം മാത്രമല്ല, ‘അപ്പൊഴാരെന്നുമെന്തെന്നും ആര്‍ക്കറിയാം’ എന്ന അനിശ്ചിതത്വത്തിന്റെ ദീര്‍ഘ നിശ്വാസവുമുണ്ട്. എന്നിട്ടും ലോകമാകെ മഹാവ്യാധിയുടെ പിടിയിലമര്‍ന്ന പുതിയ കാലത്തും വിഷു മുറ തെറ്റാതെ വരുന്നു. മുറ്റത്തെ കൊന്ന പൂത്തിരിക്കുന്നു. അടച്ചിരിപ്പാണ് കൊറോണയെ നേരിടാനുള്ള സിദ്ധൗഷധം. അതൊരു നല്ലിരിപ്പാകുന്ന കാലത്താണ് വിഷുവിന്റെ വരവ്….

ആര്‍ത്തി മദിച്ച പുറംലോകത്തുനിന്ന് മനുഷ്യന്‍ മഹാവ്യാധിയെ ഭയന്ന് ഉള്ളിലിരിപ്പിലേക്ക് കടന്നിരിക്കുന്നു. നഷ്ടമായവയെ ഓര്‍ത്തെടുക്കാന്‍, പിന്‍തുടര്‍ന്ന് വീണ്ടെടുക്കാന്‍, കാലം നല്‍കിയ അവസരങ്ങളിലൊന്ന്….. തിരക്കില്‍ നിന്ന് തിരക്കിലേക്ക് ഓടിപ്പാഞ്ഞ് നടന്നിരുന്ന ഉഷ്ണകാലത്തുനിന്ന് ഏകാന്തതയുടെ മഹാസ്വച്ഛതയിലേക്ക് ഒരു പകര്‍ന്നാട്ടം….. ഉറ്റവരെയും ഉടയവരെയും മനസ്സുതുറന്ന് കാണാന്‍, മുറ്റത്തെ മാവിന്‍ ചില്ലകള്‍ക്കിടയിലൂടെ ചുറ്റും പടര്‍ന്നിറങ്ങുന്ന സൂര്യന്റെ വെള്ളിവെളിച്ചം നുകരാന്‍, ചാറിയും തിമിര്‍ത്തും മണ്ണിന് നീരാടാന്‍ പെയ്തുമറയുന്ന വേനല്‍മഴയുടെ കുളിരൊന്ന് നുകരാന്‍….. നനഞ്ഞ് പതം വന്ന പറമ്പിന് ഒരു കൂന്താലിത്തലപ്പിന്റെ കരുതല്‍ പകരാന്‍, ചേനയും ചേമ്പും കിഴങ്ങും കാച്ചിലും കപ്പയുമൊക്കെ തടംവെട്ടി നട്ട് വീണ്ടും കാത്തിരിക്കാന്‍…. മണ്ണിനെ പ്രണയിച്ച് പകലിരവുകള്‍ കടന്നുപോകുന്നതറിയാതെ….. പ്രകൃതിക്കുവേണ്ടിയുള്ള നിത്യധ്യാനത്തിലാണ് മനുഷ്യന്‍….

നിരത്തുകള്‍ ശൂന്യമാണ്… കാതടപ്പിക്കുന്ന ഒച്ചയില്ല, ചീറിപ്പായുന്ന വാഹനങ്ങളുടെ ഇരമ്പലില്ല. ഫാക്ടറികള്‍ നീട്ടിക്കൂവുന്ന സൈറണില്ല, ആകാശം കറുപ്പിച്ച് പതഞ്ഞുയരുന്ന കരിമ്പുകയില്ല…. രാജ്യമാകെ ഒരു ആശ്രമപരിസരം പോലെ ശാന്തമായിരിക്കുന്നു…. വിശുദ്ധിയിലേക്ക് കടക്കുകയാണ് കാലം. മേഷസംക്രമപ്പൊന്‍വെയില്‍നാളം പകരുന്ന വിശുദ്ധിയിലേക്കുള്ള പ്രയാണം….

അതിര്‍ത്തി കടന്ന് അപ്പുറത്തുനിന്ന് അരിയും പച്ചക്കറികളുമായി ലോറികളെത്തുന്നതിന്റെ ധാരാളിത്തത്തിലായിരുന്നല്ലോ നമ്മള്‍ ഇത്രകാലം ഒന്നാമന്മാരായിക്കഴിഞ്ഞത്…. ഏതോ കാലത്ത് ഉഴുത്, വെള്ളം തേവി, വിതച്ച്, കിളി കതിരുകൊത്താതെ കാത്ത്, സ്വര്‍ണം വിളഞ്ഞിരുന്നതാണ് നമ്മുടെ പാടങ്ങള്‍. പാടത്തിറങ്ങുംമുമ്പ് ആദിത്യദേവന് പൊങ്കാല അര്‍പ്പിച്ച് കൃഷി ആരാധനയാക്കി വളര്‍ത്തിയ കാലം സ്വാര്‍ത്ഥജീവിതത്തിന്റെ തിരത്തള്ളലില്‍ എവിടെയോ മറഞ്ഞുപോയിരുന്നു.

പച്ചപ്പട്ടാട പുതച്ച കേരളം എന്നത് കവികള്‍ പുകഴ്ത്തിയ ചന്ദ്രബിംബം പോലെയൊരു വെറും സങ്കല്പമായിരുന്നില്ലല്ലോ തെങ്ങും കവുങ്ങും കതിര്‍ക്കുലകളും വേലിക്കല്‍ പൂക്കുന്ന വള്ളികളുമൊക്കെ നിറഞ്ഞ നാട്. കൃഷി പ്രാണനായ നാട്. കര്‍ഷകന്‍ സമൃദ്ധിയുടെ ആദ്യവാക്കായിരുന്ന നാട്. വിശാലമായ പാടശേഖരങ്ങളും നിറഞ്ഞൊഴുകുന്ന നദികളും തണലും തണുപ്പും പകരുന്ന കാവുകളും കുളങ്ങളും…..

കേരളത്തിന്റെ സമൃദ്ധിക്കും സന്തോഷത്തിനും പിന്നില്‍ ഭാരതീയമായ ഒരു ആദര്‍ശ സുഷമയുണ്ടായിരുന്നു. കാവ് തീണ്ടാതെ, കാടെരിക്കാതെ നാടിനെ കാത്തുകൊള്ളാന്‍ ഭരദേവതമാര്‍ വിളിച്ചുചൊല്ലിയതാണ് ആ കാലം. ഒരു സംസ്‌കാരത്തിന്റെ കാവല്‍ക്കോട്ടകളായിരുന്നു ഈ നാടിന്റെ മണ്ണും മനസ്സും നിറഞ്ഞുനിന്ന വിശ്വാസങ്ങളും ആചാരങ്ങളും. അവയ്ക്ക് മേലാണ് പുരോഗമനത്തിന്റെ കൈക്കോടാലികള്‍ പതിഞ്ഞത്.

കാവിനും കുളത്തിനും ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമെതിരെയായിരുന്നു പുരോഗമനത്തിന്റെ വായ്ത്താരികളത്രയും. അവര്‍ ഇരച്ചുകയറിയത് നമ്മുടെ സമൃദ്ധിയുടെ പാടശേഖരങ്ങളിലേക്കാണ്. ഈശ്വരാര്‍പ്പണമായി നടന്നിരുന്ന കൃഷിക്കുമേല്‍ വര്‍ഗ്ഗസംഘട്ടനത്തിന്റെ പുത്തന്‍ സിദ്ധാന്തങ്ങള്‍ അവര്‍ ചവച്ചുതുപ്പി. കൃഷിക്കാരന്‍ ജന്മിയും കര്‍ഷകത്തൊഴിലാളി അടിയാളനുമാണെന്ന് പ്രചരിപ്പിച്ചു. പരസ്പരം സഹകരിച്ച് ജീവിച്ചിരുന്ന ഇടത്തട്ടുകാരന്റെ കൂരകള്‍ കത്തിച്ച് വിപ്ലവകാരികളായി മേനി നടിച്ചു.

വിപ്ലവം പൂത്തുലഞ്ഞപ്പോള്‍ തുലഞ്ഞത് കേരളത്തിന്റെ നെല്ലറകളായിരുന്നു. കതിരൊന്ന് കാണണമെങ്കില്‍ മലയാളി അങ്ങ് പൊള്ളാച്ചിയിലേക്ക് വണ്ടി കയറണമെന്ന അവസ്ഥയായി. നെല്ല് മാത്രമല്ല, ഫലവൃക്ഷങ്ങളെല്ലാം ‘പുരോഗമനം’ ഭയന്ന് കേരളത്തില്‍ നിന്ന് പലായനം ചെയ്തു. ചക്കയും മാങ്ങയും മുതല്‍ പച്ചക്കറികള്‍ വരെ അയല്‍നാട്ടില്‍ നിന്ന് വരണം. മണ്ണ് ഇല്ലാതായി. മാളുകള്‍ കൂണുകള്‍ പോലെ പൊന്തി. വയലുകള്‍ നികന്നു. നീര്‍ത്തടങ്ങള്‍ നികന്നു.

അഹന്തയുടെ ആയിരം പത്തികള്‍ വിടര്‍ത്തി മനുഷ്യന്‍ കാളിയനായി തിമിര്‍ത്താടുന്ന, വ്യാധികളുടെ ഭീതി ചുറ്റും പടരുന്ന കാലത്താണല്ലോ വിഷുവിന്റെ വരവ്…. പ്രളയമെന്നോ വ്യാധിയെന്നോ എന്ത് പേരിട്ട് വിളിച്ചാലും ഇതൊരു കാളിയമര്‍ദ്ദനമാണ്… തിരിച്ചറിവിലേക്ക് മനുഷ്യനെ നയിക്കുന്ന കാളിയമര്‍ദ്ദനം. പിന്നെയും പിന്നെയും പത്തികളുയര്‍ത്തി കണ്ണന്റെ നടനവേദിയാകാന്‍ വെമ്പുന്ന പശ്ചാത്താപത്തിന്റെ അരങ്ങ്…

”അക്കഴല്‍ മൊട്ടുകളുല്‍ക്കടബലമാര്‍ന്നൊ-
ത്തു ചവിട്ടി മെതിക്കുമ്പോള്‍
ചതഞ്ഞ പത്തികള്‍ താഴാതിപ്പൊഴും
ഉയര്‍ന്നുനില്‍ക്കാന്‍ പണിവൂ ഞാന്‍
നൃത്തവിലോലിത ലീലയിതുടനെ
നില്‍ക്കായ്‌വാന്‍ കൊതിയേറുകയായ്
മര്‍ദ്ദനമേറ്റു വലഞ്ഞൊരെന്‍
ദൃഢമസ്തകമിപ്പോഴുമുയരുന്നു
രക്തകണങ്ങള്‍ തെറിക്കുന്നു
മിഴി കത്തുന്നു, കരള്‍ പൊട്ടുന്നു
നര്‍ത്തനവേദികയല്ലേ ഞാന്‍,
എന്‍ പത്തികള്‍ വീണ്ടും പൊങ്ങുന്നു…..
(സുഗതകുമാരി- കാളിയമര്‍ദനം)

കാമനകളുടെ വിഷച്ചൂര് നിറഞ്ഞ സ്വാര്‍ത്ഥസമൃദ്ധിയില്‍ ഉലകം മുടിച്ച് വാണവന്റെ സ്വപ്നസഞ്ചാരങ്ങള്‍ ഇപ്പോള്‍ ചിന്താകുലമാണ്… പ്രപഞ്ചത്തിന്റെ വിശാലതയില്‍ ഒറ്റയ്ക്കായിരിക്കുന്നു ഓരോരുത്തരും…. എന്നിട്ടും എന്നിട്ടും,
മദാന്ധകാരം മാറീലാ,
മിഴി തുറന്നു പൂര്‍ണത കണ്ടീലാ
അറിഞ്ഞു ഞാനെന്നുള്ളൊരീ വെറും
അഹന്ത… കണ്ണാ മാഞ്ഞീലാ….
അന്ധതയാലേ പുണരും ജീവിത
ബന്ധനമൊന്നുമഴിഞ്ഞീലാ..
നിറുത്തിടൊല്ലേ നിന്‍ നൃത്തം
ഫണമുയര്‍ത്തി നില്‍പ്പേനാവോളം….
(സുഗതകുമാരി- കാളിയമര്‍ദ്ദനം)

പ്രാര്‍ത്ഥനയാണ് പോംവഴി… ജീവിതത്തിന്റെ നിറച്ചാര്‍ത്തിലേക്ക് മടങ്ങാന്‍ പ്രയത്‌നമാണ് ഉപാധി…. സമൃദ്ധിയുടെ പച്ചപ്പില്ലാതായാല്‍ പിന്നെന്തിന് വിഷു? ചക്കയും മാങ്ങയും കണികാണാന്‍ കിട്ടാതായാല്‍ പിന്നെന്ത് ആഘോഷമാണ് നമുക്കുള്ളത്? കണ്ണനിലലിഞ്ഞ് പ്രകൃതിയൊന്നാകെ നിലകൊള്ളുന്നതിന്റെ നിര്‍മലമോഹനചിത്രം ഓര്‍മ്മകളില്‍ പിന്നെയും ചിതറിക്കിടക്കുകയാണ്. അവനല്ലാതെ മറ്റെന്താണ് ഈ പ്രപഞ്ചത്തില്‍ ബാക്കിനില്‍ക്കുന്നത്. അവനുവേണ്ടിയല്ലാതെ മറ്റെന്തിന് വേണ്ടിയാണ് ഋതുക്കള്‍ ഊഴമിട്ട് വിരുന്നെത്തുന്നത്….

മായാബാലന് ചൂടാനായ്
ഇഹ മയിലുകള്‍ പീലി വിരിക്കുന്നു
മാറില്‍ തൂവനമാലിക ചാര്‍ത്താന്‍
ഏറിയ കാടുകള്‍ പൂക്കുന്നു
ഓമല്‍ച്ചുണ്ടിന് പൊന്‍കുഴലൂതാന്‍
ഓടപ്പുല്ലുകള്‍ നീളുന്നു,
കുഞ്ഞിനുടുക്കാന്‍ സന്ധ്യകളാടകള്‍
മഞ്ഞള്‍ പിഴിഞ്ഞു വിരിക്കുന്നു……’
(വൈലോപ്പിള്ളി- കൃഷ്ണാഷ്ടമി)

ദുരന്തവും ദുരിതക്കാഴ്ചകളും ചുറ്റും പത്തിവിടര്‍ത്തിയാടുമ്പോഴും ഈ പ്രകൃതി പ്രത്യാശയുടെ മയില്‍പ്പീലി ചൂടി ഇങ്ങനെ തന്നെ നമുക്ക് ചുറ്റുമുണ്ടല്ലോ… അഹംഭാവത്തിന്റെയും ദുരയുടെയും അലകടല്‍ അകമേ പേറുന്ന മനുഷ്യകുലത്തിന്റെ ആധിപത്യത്വരയില്‍ ഉലകമേ കാളിന്ദിയായി മാറിപ്പോയിട്ടും കാടിന്റെ ഹൃത്തില്‍, കടമ്പിന്റെ ചോട്ടില്‍ ഒരു ഓടക്കുഴല്‍ നാദമായി അവനുണ്ടെന്നത് വരണ്ടുണങ്ങിയ മണ്ണിലിനിയും മുളയ്ക്കാന്‍വെമ്പുന്ന പുലരിയുടെ നാമ്പായി നമുക്ക് സാന്ത്വനമാകുന്നുണ്ടല്ലോ… മിഴിനീരിലുലയുന്ന മഴവില്ലുപോല്‍ പുഞ്ചിരിക്കാനുള്ള അവന്റെ ആഹ്വാനം, എന്നിട്ടും നാം കേള്‍ക്കാതെ പോകുന്നതെന്തുകൊണ്ടാവാം. കണ്ണനുണ്ട്, മുന്നില്‍ കണിയായ്, നിറവായ്….

ഉള്ളിലുമങ്കതലത്തിലുമങ്ങനെ
ഉണ്ണിയിരുന്ന് ചിരിക്കുമ്പോള്‍
പാലാഴിപ്പീയൂഷം നെഞ്ചില്‍
കാലാകാലം ചോരുമ്പോള്‍
അമ്മയ്‌ക്കെന്തിന് സന്താപം, ഹാ
നമ്മള്‍ക്കെന്തിന് സന്താപം.”
(വൈലോപ്പിള്ളി – കൃഷ്ണാഷ്ടമി)

പ്രതീക്ഷകള്‍ തൊങ്ങല്‍ ചാര്‍ത്തിയ കൊന്നമരങ്ങള്‍ നാളെയുടെ സുരഭിലമായ പുലരികളെയാണ് സമ്മാനിക്കുന്നത്…. കാലമിനിയുമുരുളുമെന്നും വിഷു വരുമെന്നും നിത്യവിസ്മയമായി ഈ പ്രകൃതി പച്ചപ്പണിഞ്ഞ്, നിറയെ പൂവിട്ട്, നിറകതിര്‍ചിരി തൂകി ഇവിടെയുണ്ടാകുമെന്നും….. പ്രതീക്ഷകളാണ്…. പ്രാര്‍ത്ഥനകളാണ്…. എല്ലാം കണ്ണനോടാണ്,

”വരൂ, ഞങ്ങള്‍ പാടാന്‍ മറന്നൊരീണങ്ങളില്‍
വരൂ, ഞങ്ങള്‍ തേടും പ്രഭാതമാര്‍ഗങ്ങളില്‍
തിരികെടും ഞങ്ങളുടെ മണ്‍ചെരാതുകളില്‍ നീ
വരൂ, ഞങ്ങളാം ശൂന്യപാത്രങ്ങളില്‍..”
(ഒഎന്‍വി- കൃഷ്ണപക്ഷത്തിലെ പാട്ട്)

Tags: വിഷു
Share1TweetSendShare

Related Posts

ഭരണഘടന നിശ്ചലമായ നാളുകള്‍

അടിയന്തരാവസ്ഥയിലെ സംഘഗാഥ

ചെമ്പന്‍ ഭീകരതയ്ക്ക് ചരമക്കുറിപ്പ്‌

പരിവ്രാജകന്റെ മൊഴികൾ

ഓപ്പറേഷന്‍ സിന്ദൂര്‍- യുദ്ധത്തിന്റെ കല

ശാസ്ത്രത്തിന്റെ കരുത്തില്‍ കുതിച്ച് ഭാരതം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies