നാട്ടിടവഴികളിലും നഗരചത്വരങ്ങളിലും കണിക്കൊന്ന ചിരിച്ചുനില്‍ക്കുകയാണ്. പീതപുഷ്പത്തിന്റെ ലാവണ്യം മലയാളിക്ക് സാന്ത്വനത്തിന്റെ കണിയൊരുക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കാം. അതിര്‍ത്തിയില്ലാത്ത സ്വാതന്ത്ര്യത്തില്‍ പറന്നുനടന്ന മനുഷ്യരെല്ലാം പ്രതിരോധത്തിന്റെ കോട്ടകെട്ടി വീട്ടിലടച്ചിരിപ്പായിട്ട് മാസമൊന്നാകാന്‍ പോകുന്നു. പശ്ചിമഘട്ടത്തിനപ്പുറത്തും കാര്യങ്ങള്‍ വ്യത്യസ്തമല്ല. പടര്‍ന്നുപിടിക്കുന്ന മാരകവ്യാധിയില്‍ ലോകം പകച്ചുനില്‍ക്കുമ്പോഴാണ് വേലിക്കടമ്പയില്‍ കണിക്കൊന്ന പുഞ്ചിരിച്ച് വിഷുവരവായെന്ന് വിളിച്ചുപറഞ്ഞത്.
ഉത്സവങ്ങള്‍ ഗൃഹാതുരസ്മരണകളോടെ പടികടന്നുവരുമ്പോള്‍ ജീവിതത്തിന്റെ അര്‍ത്ഥവും ആനന്ദവും തേടുകയായി മനുഷ്യന്‍. മലയാളിക്ക് പ്രകൃതിയുമായി ചേര്‍ന്നുനില്‍ക്കുന്ന നിരവധി ഉത്സവങ്ങളും ആഘോഷങ്ങളുമുണ്ട്. അവയുടെ ജൈവ പരിസരത്തുനിന്നും പറിച്ചുമാറ്റിയാല്‍ പിന്നെയാ ഉത്സവങ്ങള്‍ക്ക് ആത്മാവുണ്ടാവില്ല. കമ്പോളവത്ക്കരിക്കപ്പെട്ട ഉപഭോഗത്വരകളില്‍ വിഷുവും തിരുവോണവും തിരുവാതിരയും എന്നേ മണ്‍മറഞ്ഞു കഴിഞ്ഞു. പലപ്പോഴും ശുഷ്‌ക്കമായ ഉപചാരങ്ങളില്‍ സ്‌നേഹം മരിക്കുന്നതുപോലെ യാന്ത്രികമായ അനുഷ്ഠാനങ്ങളില്‍ നമ്മുടെ ഉത്സവങ്ങളും മണ്‍മറയുകയാണ്.
തുടര്‍ച്ചയായി പ്രകൃതിദുരന്തങ്ങളും പകര്‍ച്ചവ്യാധികളും വേട്ടയാടുന്ന കേരളത്തില്‍ ഈ വര്‍ഷം കൊറോണയെന്ന മാരകരോഗ ഭീതിയിലാണ് വിഷു കടന്നുവരുന്നത്. നിയന്ത്രണങ്ങളുടെ വേലിക്കെട്ടുകളില്‍ ആഘോഷത്തിന്റെ പൊതു ഇടങ്ങള്‍ ഒന്നും ഉണ്ടാവില്ല. തെയ്യവും തിറയും പൂരവും വേലയും താലപ്പൊലിയുമെല്ലാം പൊലിമയേതുമില്ലാതെ കടന്നുപോയതിന്റെ ഖിന്നതയിലാണ് മലയാളി. എങ്കിലും കഷ്ടകാലങ്ങള്‍ക്കപ്പുറത്തൊരു ആനന്ദത്തിന്റെ വസന്തമുണ്ടെന്ന് വിളിച്ചുപറഞ്ഞുകൊണ്ട് കണിക്കൊന്ന പിന്നെയും പൂത്തിരിക്കുകയാണ്.
സൂര്യന്‍ ഉച്ചത്തില്‍ വരുന്ന മേടമാണ് മലയാളിയുടെ കാര്‍ഷികവര്‍ഷത്തിന്റെ പിറവി കുറിക്കുന്നത്. ഹരിതകമ്പളം പോലെ നീണ്ടു പരന്നു കിടന്ന നെല്‍പ്പാടങ്ങളില്‍ ഫഌറ്റുകള്‍ മുളച്ചുപൊന്തുന്നതിനും ഷോപ്പിംഗ് മാളുകള്‍ പടര്‍ന്നുപിടിക്കുന്നതിനുംമുമ്പ് പാടവരമ്പിലെ കണിക്കൊന്നയില്‍ ‘വിത്തും കൈക്കോട്ടും’ പാടിയ കിളി പറന്നിറങ്ങിയിരുന്നു. കര്‍ണ്ണികാരത്തിന്റെ കനകശോഭ കണികണ്ട കര്‍ഷകന്‍ വിഷുച്ചാല്‍ കീറുവാന്‍ മണ്ണില്‍ കലപ്പ വച്ചിരുന്നു. വിളവിറക്കലിന്റെ ഉത്സവമായിരുന്നു വിഷുവുത്സവം അന്നുള്ളവര്‍ക്ക്. ലോക് ഡൗണ്‍ ചെയ്ത നഗരഗ്രാമങ്ങളില്‍ അതിര്‍ത്തി കടന്നുവരാത്ത അരിവണ്ടികളെക്കുറിച്ച് ജനങ്ങള്‍ വിലപിച്ചിരുന്നില്ല അന്ന്. കാരണം ആര്‍ക്കും അടച്ചുപൂട്ടാനാവാത്ത വിധം വിളകള്‍ സൂക്ഷിച്ച പത്തായങ്ങളും അറകളില്‍ പുന്നെല്ലരിയുമുണ്ടായിരുന്നു. വിയര്‍പ്പു വീഴ്ത്തി വിളയിച്ച ധാന്യശേഖരങ്ങളില്‍ മലയാളിയുടെ അഭിമാനം പശ്ചിമഘട്ടം പോലെ ഉയര്‍ന്നുനിന്നിരുന്ന കാലമുണ്ടായിരുന്നു. പുഴകളില്‍ തെളിനീരും മനസ്സില്‍ ഇളനീര്‍ നന്മയുമുണ്ടായിരുന്നു. ‘പൊലിക പൊലിക ദൈവമേ തന്‍ നെല്‍ പൊലിക’ എന്നു പാടിയെത്താറുള്ള പുള്ളുവനും ഫലസമൃദ്ധിയുടെ കണിക്കാഴ്ചയൊരുക്കുന്ന തൊടിയുമുണ്ടായിരുന്നു. വെട്ടിപ്പിടിയ്ക്കാനുള്ള നെട്ടോട്ടത്തില്‍ കൈമോശം വന്നുപോയ നന്മകളുടെ ശ്രാദ്ധദിനം കൂടിയാവുകയാണ് ഇന്നത്തെ ഉത്സവങ്ങള്‍.
”എനിക്കു പിന്നിലീലോകം മുടിഞ്ഞു കള്ളിപൊന്തട്ടെ” – എന്ന സ്വാര്‍ത്ഥവേഗങ്ങളില്‍ പായുമ്പോള്‍ കാലം അതിന്റെ സാത്വിക സര്‍ഗ്ഗലീലയില്‍ മനുഷ്യകുലത്തെ അടച്ചുപൂട്ടിയിരിക്കുകയാണ്. മെതിച്ചുകടന്നുപോയ വഴികളില്‍ ചതഞ്ഞു ചത്ത പ്രാണികളുടെ ആത്മാവുകള്‍ കണക്കുചോദിച്ചുകൊണ്ട് ഭൂമിയില്‍ നിറയുമ്പോള്‍ പീലിത്തണ്ടിന്റെ തിളക്കമുള്ളൊരു കാര്‍മേഘ ശിശു കണിയായി ചിദാകാശത്തില്‍ തെളിയുകയാണ്. മാനവകുലത്തിന്റെ നവലോകക്രമത്തിലേക്കുള്ള സംക്രമകാലപ്പുലരിയിലാണ് വിഷു എത്തിയിരിക്കുന്നത്. പീതവര്‍ണ്ണം വിതറുന്ന വിഷുപ്പുലരി പ്രത്യാശയുടേതാണ്… കണ്ണീരിനപ്പുറം കര്‍ണ്ണികാരം പൂക്കുമ്പോള്‍… ഇരുളിനപ്പുറത്തെ വിഷുക്കണി കാണുവാന്‍ ഏവര്‍ക്കും കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
വിഷു ആശംസകളോടെ….
ഡോ.എന്‍.ആര്‍ മധു
(മുഖ്യപത്രാധിപര്‍, കേസരി)