പ്രൊട്ടസ്റ്റന്റിലേക്ക് പോയ കത്തോലിക്ക കുഞ്ഞാടുകള്‍ക്ക് പകരം പുതിയ ഇരകളെ കണ്ടെത്തുവാന്‍ 1545 ലെ സുന്നഹദോസ് മത സമ്മേളനം തീരുമാനിച്ചതോടെ വേട്ടക്കാര്‍ രംഗത്തിറങ്ങി. മതം മാററുന്നതിന് ഏത് മാര്‍ഗ്ഗവും സ്വീകരിക്കുവാന്‍ ഈ മത സമ്മേളനം തീരുമാനിച്ചിരുന്നു. മുസ്ലിം രാഷ്ട്രങ്ങള്‍ കൃസ്ത്യാനികളെ കാണുന്ന മാത്രയില്‍ തന്നെ സഭ ഏതെന്ന് നോക്കാതെ വധിക്കും എന്നുളളതിനാല്‍ മുസ്ലിം രാഷ്ട്രങ്ങള്‍ക്ക് സുന്നഹദോസ് ബാധകമായിരുന്നില്ല…….!!
അക്കാലത്ത് യൂറോപ്പില്‍ നിരവധി സെമിനാരികള്‍ മുളച്ച് പൊന്തിയിരുന്നു. ഇവരുടെ ഏക പണി ലോകം കറങ്ങി ആളുകളെ മതം മാററുകയെന്നത് മാത്രമാണ്. മതം സാമ്രാജ്യവല്‍ക്കരണത്തിനുള്ള അടിത്തറയാണ്. ജനങ്ങളെല്ലാം റോമന്‍ കത്തോലിക്കരാകുന്നതോടെ ലോകം മാര്‍പ്പാപ്പയുടെ ഏകശില പൗരോഹിത്യവിശ്വാസത്തിന് കീഴിലാകും. വിശ്വാസത്തിന്റെ പിടിയില്‍ ജനങ്ങളെ നിര്‍ത്തിയാല്‍ ആ ജനങ്ങളെ ഉപയോഗിച്ച് ഏത് രാജാവിനെയും വരുതിയില്‍ നിര്‍ത്താം. മതവല്‍ക്കരണത്തിന് അതുകൊണ്ട് തന്നെ സെമിനാരികള്‍ കുടിയേ തീരൂ.
ഇന്ത്യയിലെ കത്തോലിക്ക സഭയുടെ ചരിത്രത്തിലെ ഒരു പ്രധാന പേരാണ് ഈശോസഭ. ജസ്യൂട്ട് സഭാ സ്ഥാപകനായ ഇഗ്‌നേഷ്യസ് ലയോള എന്നയാളാണ് ഈ സഭയുടെ സ്ഥാപകന്‍. ഈ സഭ രൂപീകരണം മുതല്‍ സഭയിലുണ്ടായിരുന്ന മറ്റൊരു പുരോഹിതനാണ് ഫ്രാന്‍സിസ് സേവ്യാര്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതലാളുകളെ മതപരിവര്‍ത്തനം നടത്തിയ ആള്‍ എന്നതാണ് ഫ്രാന്‍സിസ് സേവ്യറിന് കത്തോലിക്ക ചരിത്രത്തിലുള്ള സ്ഥാനം.
1506 ഏപ്രില്‍ 7 ലെ പെസഹ വ്യാഴാഴ്ച ദിനത്തില്‍ സ്‌പെയിനിലാണ് സേവ്യറിന്റെ ജനനം. ഫ്രാന്‍സിലെ സെന്റ് ബാര്‍ബറാ കോളേജില്‍ പഠനം. 1540 സെപ്തംബര്‍ 27ന് ഈശോസഭ എന്ന സന്യാസ വിഭാഗത്തിന് മാര്‍പ്പാപ്പ അംഗീകാരം നല്‍കിയപ്പോള്‍ അതിലെ രണ്ടാമന്‍: 1541 ഏപ്രില്‍ 7ന് മാര്‍പാപ്പയുടെ നിര്‍ദ്ദേശാനുസരണം, മാര്‍പാപ്പയുടെ പ്രതിനിധിയായി മതപ്രചരണത്തിനായി പോര്‍ച്ചുഗിസിലെ ലിസ്ബണില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു.1542 മെയ് ആറാം തിയ്യതി ഗോവയിലെത്തി. രണ്ട് കാര്യങ്ങളാണ് പ്രധാനമായും മാര്‍പാപ്പ സേവ്യാറിനെ ഏല്‍പ്പിച്ചത്. ഇന്ത്യയിലെ പോര്‍ച്ചുഗിസുകാരെ ആത്മീയ കാര്യങ്ങളില്‍ സഹായിക്കുക. കഴിയാവുന്നത്ര ആളുകളെ മതം മാറ്റുകയും അതിന് നേതൃത്വം നല്‍കുകയും ചെയ്യുക. ഇതിനുവേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കേണ്ട ചുമതല പോര്‍ച്ചുഗിസ് ഗവര്‍ണ്ണര്‍ക്കും മെത്രാനായ ഹുവാന്‍ അല്‍ ബുക്കര്‍ക്കിനുമായിരുന്നു.
ഫ്രാന്‍സിസ് സേവ്യര്‍ ഗോവയിലെത്തിയത് വെറുമൊരു പുരോഹിതനായിട്ടല്ല. വൈസ്രോയിയുടേതിന് തുല്യമായ അധികാരങ്ങളുള്ള മാര്‍പാപ്പയുടെ പ്രതിനിധിയായിട്ടാണ്. ഇദ്ദേഹത്തിന് ഇതിനാവശ്യമായി വരുന്ന മുഴുവന്‍ ചിലവുകളും ഗോവന്‍ സര്‍ക്കാര്‍ വഹിക്കണം. ഗോവന്‍ സര്‍ക്കാരെന്ന പോര്‍ച്ചുഗീസ് ഭരണക്കാര്‍ക്ക് ഇതിനുവേണ്ട പണം സംഭരിക്കുവാന്‍ ഗോവയിലെ തദ്ദേശവാസികളെ പിഴിയുകയോ കടല്‍ കൊള്ള നടത്തുകയോ വേണം. ഇതില്‍ രണ്ടിലും സായിപ്പന്മാര്‍ മിടുക്കന്മാരായിരുന്നു.
വിശുദ്ധന്‍ എന്ന് കത്തോലിക്ക സഭ വിളിക്കുന്ന ഫ്രാന്‍സിസ് സേവ്യര്‍ ശരിക്കും മതഭ്രാന്തനായിരുന്നു. ഇയാള്‍ ഗോവയില്‍ എത്തിയത് മുതലാണ് മാതാപിതാക്കളുടെ കൈയ്യില്‍ നിന്ന് ബലമായി കുട്ടികളെ തട്ടിക്കൊണ്ടുപോയി മതം മാറ്റുന്ന പരിപാടിക്ക് ഗോവയില്‍ തുടക്കം കുറിച്ചത്. ഇശോ സഭ ആസ്ഥാനത്തേക്ക് 1543 ല്‍ സേവ്യര്‍ എഴുതി, ഞാന്‍ പോര്‍ത്തുഗല്‍ വിട്ട് വര്‍ഷങ്ങള്‍ മൂന്ന് തികയുവാന്‍ പോകുന്നു. കൊച്ചു കുട്ടികള്‍ക്ക് മാമോദിസയും മറ്റു കുട്ടികള്‍ക്ക് സുവിശേഷ പരിജ്ഞാനവും നല്‍കിയതുകൊണ്ട് കൊയ്ത് കിട്ടിയ വിളവ് വിശ്വസിക്കുവാന്‍ കഴിയുന്നതിലും കൂടുതലാണ്. കര്‍ത്താവിന്റെ കൃപയാല്‍ ഈ കുട്ടികള്‍ അവരുടെ അച്ഛനമ്മമാരെക്കാള്‍ കൂടുതല്‍ പ്രയോജനപ്പെടുമെന്ന് തോന്നുന്നു. മൂര്‍ത്തി പൂജയുടെ നേര്‍ക്ക് അവര്‍ക്കുള്ള വെറുപ്പ് അല്‍ഭുതാവഹമാണ്, അതിനെ ചൊല്ലി അവിശ്വാസികളോട് അവര്‍ ലഹള കൂട്ടുന്നു. സ്വന്തം അച്ഛനെയും അമ്മയേയും അധിക്ഷേപിക്കുന്നു. ഓടി വന്ന് അക്കാര്യം എന്നോട് വെളിപ്പെടുത്തുകയും ചെയ്യുന്നു. എവിടെയെങ്കിലും മൂര്‍ത്തിപൂജ നടക്കുന്നുവെന്ന് കേട്ടാല്‍ ഞാന്‍ ഈ കുട്ടികളെ കൂട്ടത്തോടെ അവിടെ വിളിച്ച് കൊണ്ടുപോകുന്നു. അവരാകട്ടെ ആ ചെകുത്താന്മാരെ കുഴിച്ച്മൂടും വരെ ചീത്ത വാക്കുകള്‍ പറയുന്നു. അവരുടെ അച്ഛനമ്മമാരും ബന്ധുക്കളും പരിചയക്കാരും ആരാധിക്കുവാന്‍ ചൊരിയുന്ന വാക്കുകളെക്കാള്‍ എത്രയോ മടങ്ങ് കൂടുതല്‍ മൂര്‍ത്തികളുടെ നേര്‍ക്ക് ഈ കൂട്ടികള്‍ ചീറിപ്പായുന്നു. അവ ഇളക്കിപ്പറിച്ച് പൊക്കിയെടുത്ത് വലിച്ചെറിഞ്ഞുടച്ച് പൊടിച്ച് അതിനു മേലെ തുപ്പുന്നു.തുള്ളിച്ചാടുന്നു……
ഗോവയില്‍ വിശുദ്ധന്‍ നടത്തിയ മതം മാറ്റ വേട്ടയില്‍ കുട്ടികള്‍ ഒരു പ്രധാന ഇരയായിരുന്നു. മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ മാമ്മോദീസ മുങ്ങി മതം മാറിയാല്‍ അവിടത്തെ കുട്ടികളുടെ സംരക്ഷണ ചുമതല മതം മാറിയ ആള്‍ക്കാണ്. മതം മാറി കഴിയുന്നവര്‍ അവരുടെ പൂര്‍വ നാമങ്ങള്‍ ഉപേക്ഷിക്കണം. അവര്‍ ഒരിക്കലും മുന്‍ ഹിന്ദു ജാതിയില്‍ നിന്ന് വിവാഹം കഴിക്കരുതെന്നും അവര്‍ ക്രിസ്ത്യാനികളില്‍ നിന്ന് മാത്രമേ വിവാഹം കഴിക്കാവു എന്നും നിയമം ഉണ്ടാക്കി.
1545 ലെ ടെന്റ് സുന്നഹദോസാണ് തങ്ങള്‍ക്ക് മതം പ്രചരിപ്പിക്കുവാന്‍ തടസ്സം നില്‍ക്കുന്നവര്‍ക്കെതിരെ ബലം പ്രയോഗിക്കാനും ശിക്ഷണ നടപടികള്‍ സ്വീകരിക്കുവാനും കത്തോലിക്ക സഭക്ക് അധികാരമുണ്ടെന്നു തീരുമാനിക്കുന്നത്. എന്നാല്‍ ആ വര്‍ഷം തന്നെ ഗോവയിലെ മതം മാറ്റല്‍ പരിപാടിക്ക് തടസ്സം നില്‍ക്കുന്നവരെ ശിക്ഷിക്കാന്‍ ഗോവയില്‍ മതവിചാരണ കോടതികള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് രാജാവിന് വിശുദ്ധ സേവ്യര്‍ കത്തെഴുതി. തന്റെ മതവിശ്വാസവുമായി ബന്ധമില്ലാത്ത എല്ലാത്തിനെയും അസഹിഷ്ണുതയോടെ കണ്ട ഒരു മാനസികാവസ്ഥയായിരുന്ന ഇയാളുടേത്.
എന്തിനും ഏതിനും മതമായിരുന്നു ഇവര്‍ക്ക് അടിസ്ഥാനം. ‘തെക്കന്‍ തിരുവിതാംകൂറിലെ മത്സ്യ ബന്ധനവും മുത്തുവാരലും തൊഴില്‍ ചെയ്ത് ജീവിച്ചിരുന്ന ഒരു വിഭാഗമാണ് പരവര്‍’ ഇവരും മുസ്ലിമുകളും തമ്മില്‍ കലാപം ഉണ്ടായി. ഇവിടത്തെ മുസ്ലിമുകളുടെ സഹായത്തിന് അറബികളെത്തി. കടലില്‍ പോകുന്ന പരവരെ ആക്രമിച്ച് കൊല്ലുന്നത് അറബി മുസ്ലിമുകളുടെ സ്ഥിരം പതിവായി. മുസ്ലിമുകളും കൃസ്ത്യാനികളും തമ്മില്‍ വംശീയ ശത്രുതയുണ്ടെന്ന് അറിയാമായിരുന്ന പരവര്‍ സഹായത്തിനായി പോര്‍ച്ചുഗീസ് ഗവര്‍ണ്ണറെ സമീപിച്ചു. പരവര്‍ ക്രിസ്തുമതം സ്വീകരിക്കാമെങ്കില്‍ സഹായിച്ച് സംരക്ഷണം നല്‍കാമെന്ന് പോര്‍ച്ചുഗീസ് വൈസ്രോയി ന്യൂണോ ഡിക്കുന്ന ഉപാധി വെച്ചു. കടലില്‍ പോയി മത്സ്യ ബന്ധനം നടത്തിയും മുത്തുവാരിയും ജീവിച്ചിരുന്ന ഇവര്‍ക്ക് സായിപ്പിന്റെ ഉപാധി അംഗീകരിക്കേണ്ടി വന്നു. ഇങ്ങനെ പരവരുടെ നിസ്സഹായാവസ്ഥ മുതലെടുത്തുകൊണ്ട് തെക്കന്‍ തിരുവിതാംകൂറില്‍ 1540-45 കാലഘട്ടത്തില്‍ വലിയൊരു മതപരിവര്‍ത്തന മേള നടന്നു. എകദേശം 20000 ത്തോളം പേര്‍ ഈ മേളയിലൂടെ മതംമാറിയെന്നാണ് സഭയുടെ കണക്ക്. പരവരായിരുന്നു ഇരകള്‍. ഇഷ്ടം പോലെ പണവും സ്വാധീനവും ഇതിനായി ഒഴുകി. ആളുകളെ മതംമാറ്റത്തിന് പ്രേരിപ്പിക്കുവാനും സജ്ജരാക്കുവാനും റോമന്‍ സഭ ആവശ്യമുള്ളതെല്ലാം ഒഴുക്കി. ഓരോ പ്രദേശത്തും മതംമാററത്തിന് തയ്യാറാകുന്ന ആളുകളെ ഫ്രാന്‍സിസ് സേവ്യര്‍ വിശുദ്ധന്‍ വരുന്ന ദിവസം നോക്കി സമ്മാനങ്ങളും പാരിതോഷികങ്ങളും നല്‍കി തയ്യാറാക്കി നിര്‍ത്തും. സര്‍വപ്രശ്‌ന പരിഹാരകനായ ഒരു ദൈവദൂതന്‍ വരുന്നുണ്ടെന്ന രീതിയിലാണ് ജനങ്ങളെ സംഘടിപ്പിച്ച് നിര്‍ത്തുക. ഫ്രാന്‍സിസ് വിശുദ്ധന്‍ വന്ന് കഴിഞ്ഞാല്‍ ഇവരെ മാമ്മോദീസ മുക്കും. സനാതനധര്‍മ്മ വിശ്വാസികളായിരുന്ന പരവരെ മതം മാററുന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കാന്‍ ഈ വിശുദ്ധനായില്ല. ഇദ്ദേഹം ഇവിടത്തെ മാര്‍തോമ ക്രിസ്ത്യാനികളെ തങ്ങളുടെ മാര്‍പാപ്പ സഭയിലേക്ക് കൊണ്ടുവരുന്നതിനും അക്ഷീണം പ്രയത്‌നിച്ചു. ഇതില്‍ നിന്നും കുറെയാളുകളെ തങ്ങളുടെ സഭയിലേക്ക് കൊണ്ടുവന്നു. തന്റെതില്‍ നിന്ന് നേരിയ വ്യത്യാസമുള്ള മറ്റ് ഒരു വിശ്വാസവും അംഗീകരിക്കുവാന്‍ വിശുദ്ധന് കഴിഞ്ഞിരുന്നില്ല. ഇതിന് കാരണം റോമന്‍ സഭയുടെ മതകാഴ്ചപ്പാടാണ്. കത്തോലിക്കരല്ലാത്ത എല്ലാവരും ആത്മ നഷ്ടത്തിന് വിധേയരായവരാണ്. ഇവരെ കത്തോലിക്കരാക്കുന്നതിലൂടെ ഇവര്‍ ആത്മാവുള്ളവരാകുന്നു. ഇതു മൂലം മതം മാറ്റാന്‍ നടക്കുന്നവന്റെ വിചാരം അവന്‍ ചെയ്യുന്നതെന്തോ വലിയ പുണ്യ പ്രവൃത്തിയാണെന്നാണ്.
മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങള്‍ തകര്‍ക്കുന്നതും അവരുടെ പ്രാര്‍ത്ഥനകള്‍ അലങ്കോലപ്പെടുത്തുന്നതും വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന് ഹരമായിരുന്നെന്ന് ചരിത്രത്തിലുണ്ട്. ഗോവയില്‍ മാത്രമല്ല തനിക്ക് സാധിക്കാവുന്ന മറ്റ് സ്ഥലങ്ങളിലൊക്കെ വിശുദ്ധന്‍ ഇത് ചെയ്തു. വേണാട്ടില്‍ പരവരെ മാര്‍ഗം കൂട്ടാന്‍ ഫ്രാന്‍സിസ് സേവ്യര്‍ നടത്തിയ ശ്രമങ്ങളെ വേണാട് രാജാവ് ആദ്യം എതിര്‍ത്തെങ്കിലും പിന്നിട് പോര്‍ച്ചുഗീസ് ഭീഷണിക്ക് വഴങ്ങേണ്ടി വന്നു. ഇതിനൊരു കാരണം ഇവിടത്തെ രാജാക്കന്മാര്‍ക്ക് തമ്മില്‍ തമ്മില്‍ യുദ്ധം ചെയ്യാനുള്ള കാലാള്‍ സേനയും വാളും പരിചയും നാടന്‍ ആയുധങ്ങളുമല്ലാതെ അറബികളെപ്പോലെയോ യൂറോപ്പ്യന്മാരെ പോലെയോ നാവിക സേനയോ വെടിമരുന്ന് പരിചയമോ ഉണ്ടായിരുന്നില്ല. ഈ പോരായ്മയെ യൂറോപ്യന്മാര്‍ ശരിക്ക് മുതലെടുത്തിരുന്നു.
കേരളത്തിലെ തകര്‍ക്കപ്പെടുന്ന ക്ഷേത്രങ്ങളുടെ ചരിത്രം തുടങ്ങുന്നത് ഈ വിശുദ്ധനില്‍ നിന്നാണ്. കൊല്ലത്തെ തേവലക്കര ക്ഷേത്രവും കൊച്ചിയിലെ പള്ളുരുത്തി ക്ഷേത്രവും ഇങ്ങനെ തകര്‍ക്കപ്പെട്ട 2 ക്ഷേത്രങ്ങളാണ്.
കത്തോലിക്ക സഭയുടെ മതപരിവര്‍ത്തന ചരിത്രത്തില്‍ ഏറ്റവും അധികം ആളുകളെ മതം മാറ്റിയ റെക്കോര്‍ഡ് പൗലോസിന്റെ പേരിലാണ്. രണ്ടാം സ്ഥാനത്ത് ഫ്രാന്‍സിസ് സേവ്യറാണ്. 1542 മുതല്‍ തുടങ്ങിയ ഇദ്ദേഹത്തിന്റെ മതംമാറ്റ പ്രവര്‍ത്തനം 10 കൊല്ലം നീണ്ടുനിന്നു. 1552 ല്‍ ചൈനയിലെ സാന്‍സിബാര്‍ ദ്വീപില്‍ വെച്ചാണ് ഇദ്ദേഹം മരിക്കുന്നത്.
(തുടരും)