‘ഭൂതകാലത്തെക്കുറിച്ച് ഓര്‍മ്മയില്ലാത്തവര്‍ അത് ആവര്‍ത്തിക്കാന്‍ വിധിക്കപ്പെട്ടവരാണ്’
– ജോര്‍ജ് സന്ത്യാന.
ചരിത്രത്തില്‍നിന്നു പാഠം പഠിക്കാത്ത ജനതയ്ക്ക് സ്വാഭാവികമായും സംഭവിക്കുന്നതേ ദല്‍ഹിയില്‍ നടന്നിട്ടുള്ളു. ഇയ്യിടെ ദല്‍ഹിയിലുണ്ടായ കലാപത്തെ ഇങ്ങനെ വിലയിരുത്തിയാല്‍ ഒട്ടും തെറ്റാവില്ല. വര്‍ഗ്ഗീയ കലാപങ്ങളുടെ അനുഭവം തലസ്ഥാനനഗരിയ്ക്ക് മുമ്പുമുണ്ട്. സി.എ.എയുടെ പേരില്‍ ദല്‍ഹിയില്‍ കലാപം ആവര്‍ത്തിക്കാന്‍ തീവ്ര ഇടതുപക്ഷ ജിഹാദികള്‍ നടത്തിയ ശ്രമം ഒരു പരിധിവരെ വിജയിച്ചു. എന്നാല്‍ ഭാരതതലസ്ഥാനത്ത് ലോകത്തെ ഏറ്റവും വലിയ രണ്ടു ജനാധിപത്യ രാജ്യത്തലവന്മാര്‍ ഒത്തുകൂടിയ വേള തന്നെ കലാപത്തിനു പറ്റിയ സമയമായി അവര്‍ തിരഞ്ഞെടുത്തത് വളരെ ആസൂത്രിതമായിട്ടായിരുന്നു. ലോകശ്രദ്ധ മുഴുവന്‍ ദല്‍ഹിയില്‍ കേന്ദ്രീകരിച്ച സമയം തന്നെ അവര്‍ തലസ്ഥാന നഗരി കത്തിക്കാന്‍ ശ്രമിച്ചു. എന്നാല്‍ നാലപത്തെട്ടുമണിക്കൂറിനകം ആ തീയണയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ദല്‍ഹി പോലീസിനു സാധിച്ചു.
കലാപം എന്തിനുവേണ്ടി?
കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാരിനെ നിഷ്‌കാസനം ചെയ്യാന്‍ അഴിമതി ആരോപണം, മുന്നണിയിലെ പാര്‍ട്ടികളെ അടര്‍ത്തിമാറ്റല്‍ തുടങ്ങി പല അട്ടിമറിശ്രമങ്ങളും നടത്തിയിരുന്നു. ഇതെല്ലാം പരാജയപ്പെട്ടപ്പോഴാണ് സി.എ.എ വിരുദ്ധസമരം എന്ന വര്‍ഗ്ഗീയായുധം പ്രയോഗിച്ചത്. എന്നാല്‍, സാമുദായിക ധ്രുവീകരണമെന്ന ഈ വിപത്തിനും രാജ്യത്ത് അവരുദ്ദേശിച്ച ഫലമൊന്നുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് സി.എ.എ വിരുദ്ധസമരത്തെ തികഞ്ഞ മതവൈരം വളര്‍ത്തുന്ന വര്‍ഗ്ഗീയ കലാപമാക്കിമാറ്റാന്‍ ശ്രമിച്ചത്. അത് ആഗോള ശ്രദ്ധയിലെത്തിക്കാനാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശസമയം തന്നെ ഇതിനായി തിരഞ്ഞെടുത്തതും.
ദല്‍ഹിയില്‍ നടന്ന കലാപം ആകസ്മികമായി ഉണ്ടായ മതലഹളയല്ല. രാജ്യഭരണത്തെ അട്ടിമറിക്കാനുള്ള ഒരു കൂട്ടം രാജ്യവിരുദ്ധ ശക്തികളുടെ ആസൂത്രിത പദ്ധതിയായിരുന്നു അത്. എന്നിട്ടും കലാപം അവര്‍ ആഗ്രഹിച്ചപോലെ കത്തിപ്പടര്‍ന്നില്ല. ദല്‍ഹിയുടെ കേവലം നാലുശതമാനം സ്ഥലത്തേ അക്രമമുണ്ടായുള്ളു. കലാപം ബാധിച്ചത് തലസ്ഥാനത്തെ പതിമൂന്നുശതമാനം ആളുകളെ മാത്രമാണ്. ഇക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ലോകസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യതലസ്ഥാനം കലാപത്തില്‍ കത്തിയമരുമ്പോള്‍ ഭരണകൂടത്തെ അട്ടിമറിക്കുക എന്ന ആസൂത്രിത പദ്ധതി പെളിഞ്ഞത് ഹിന്ദു-മുസ്ലീം സഹോദരന്മാര്‍ മനസ്സാന്നിദ്ധ്യത്തോടെ അതിനെ നേരിട്ടതും പോലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചതും കൊണ്ടാണ്.
ഡിസംബര്‍ 15 മുതല്‍ കലാപത്തിന്റെ മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ഷഹീന്‍ബാഗ് സമരം എന്ന വഴിതടയല്‍ സമരം ഇതിന്റെ ആദ്യത്തെ ടെസ്റ്റ് ഡോസായിരുന്നു. മറ്റുഭാഗങ്ങളിലേയ്ക്കും ഇത്തരം സമരം വ്യാപിപ്പിച്ച് രാജ്യത്തെ സ്തംഭിപ്പിക്കുക എന്നതായിരുന്നു പദ്ധതിയെങ്കിലും ഇത് തീര്‍ത്തും പരാജയപ്പെട്ടു. ഷഹീന്‍ബാഗ് മാതൃകയിലുള്ള സമരങ്ങള്‍ പ്രഹസനമായിമാറി. ഷഹീന്‍ബാഗിനെ കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചു. സമരക്കാരെ ബലപ്രയോഗത്തിലൂടെ നേരിടാന്‍ പോലീസ് തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് ദല്‍ഹിയില്‍ കലാപത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്. ഡിസംബര്‍ 13ന് ആം ആദ്മി പാര്‍ട്ടി നേതാവും ഓഖ്‌ല എം.എല്‍.എയുമായ അമാനുള്ള ഖാന്‍ പ്രകോപനപരമായ പ്രസംഗം നടത്തി മുസ്ലിങ്ങളെ ഇളക്കിവിടാന്‍ ശ്രമിച്ചു. ചില ക്യാമ്പസ്സുകളില്‍ സമരം കത്തിപ്പടര്‍ന്നത് ഇതിനെ തുടര്‍ന്നാണ്. വാഹനം കത്തിക്കല്‍ ഉള്‍പ്പെടെയുള്ള സമരം ഒറ്റപ്പെട്ടുപോയതോടെ കലാപ നീക്കത്തിന്റെ ആദ്യഘട്ടം പൊളിഞ്ഞുപോയി. പിന്നാലെ ഭാരതബന്ദും ജഫ്രാബാദ് പാതതടയലും നടന്നിട്ടും കലാപകാരികള്‍ക്ക് ഉദ്ദേശിച്ച ലക്ഷ്യം നേടനായില്ല.
ഒരു മാസത്തിനുശേഷം മാത്രമാണ് ജനുവരി 13ന് മാളവ്യ നഗറിലെ ഗാന്ധിപാര്‍ക്കിലേക്ക് സമരം വ്യാപിപ്പിക്കാന്‍ കലാപകാരികള്‍ക്ക് സാധിച്ചത്. വിദേശ സാമ്പത്തിക സഹായം ഇതിനുണ്ടായിരുന്നു. പണം നല്‍കിയാണ് ഇതിന് ആളെയെത്തിച്ചത്. തുടര്‍ന്നു ചാന്ദ്ബാഗ്, മുസ്തഫാബാദ്, ജിഫ്രാബാദ് എന്നീ സ്ഥലങ്ങളില്‍ ഒരു കൂട്ടം സ്ത്രീകളെ സംഘടിപ്പിച്ച് സമരം നടത്തി. വലിയ തോതില്‍ പണം മുടക്കിയാണ് ഇത് ചെയ്തതെങ്കിലും ജനപിന്തുണ കുറവായിരുന്നു. കൊട്ടിഘോഷിച്ചുകൊണ്ടാണ് ദളിത് നേതാവ് ചന്ദ്രശേഖര ആസാദിനെ രംഗത്തിറക്കിയതെങ്കിലും പിന്നാക്ക വിഭാഗം സമരരംഗത്തുനിന്നുവിട്ടുനിന്നു. സമരം മുസ്ലീം വിഭാഗക്കാരുടെ മാത്രമായിമാറി. ദല്‍ഹിയില്‍ പരാജയപ്പെട്ട ‘രാവണനെ’ കേരളത്തില്‍ എഴുന്നള്ളിച്ച് ‘മുസ്ലിം ദളിത് ഭായ് ഭായ്’ മുദ്രാവാക്യം മുഴക്കിയവര്‍ സമരത്തിലെ ദളിത് പങ്കാളിത്തമില്ലായ്മ മൂടിവെക്കാന്‍ നാണംകെട്ട കളിയാണ് കളിച്ചത്.
പൗരത്വ നിയമത്തിന്റെ പേരില്‍ കലാപമഴിച്ചുവിടാനുള്ള ആദ്യ നീക്കം പരാജയപ്പെട്ടപ്പോഴാണ് ദളിത് പിന്നാക്കവിഭാഗങ്ങളെ കൂട്ടുപിടിച്ച് സമരത്തിനു പുതിയമുഖവും ഊര്‍ജ്ജവും നല്‍കാന്‍ ശ്രമിച്ചത്. അതും തകര്‍ന്നതോടെ പുതിയ പദ്ധതികളുമായി അവര്‍ മുന്നോട്ടുവന്നു. അതില്‍ പ്രധാനപ്പെട്ടവ രണ്ടാണ്.
1. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലേയ്ക്ക് സമരം വ്യാപിപ്പിക്കുക. മുസ്ലിം ജനസംഖ്യ താരതമ്യേന കൂടുതലുള്ള ഉത്തരപ്രദേശും കര്‍ണ്ണാടകയുമാണ് ഇതിനായി തെരഞ്ഞെടുത്തത്.
2. ദളിത് പിന്തുണയും രാഷ്ട്രീയ കക്ഷികളുടെ സഹകരണവും ഉദ്ദേശിച്ച രീതിയില്‍ കിട്ടാതായതോടെ സമരം ജിഹാദി – ഇടതു തീവ്രവാദി അച്ചുതണ്ടിന്റേതുമാത്രമായി ചുരുങ്ങി. സമരത്തെ പച്ചയായ മതവൈരം ഇളക്കിവിട്ട് വര്‍ഗ്ഗീയ കലാപമാക്കുക എന്ന തന്ത്രം പ്രയോഗിച്ചു.
ജനുവരി 17ന് ഉത്തരപ്രദേശിലെ അലഹബാദ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ ഷര്‍ജീന്‍ ഇമാം എന്ന ജിഹാദി പ്രകോപനപരമായ പ്രസംഗം നടത്തി. ഈ പ്രസംഗം യൂട്യൂബിലുടെ പ്രചരിപ്പിച്ചു. പൗരത്വ ഭേദഗതി നിയമവിരുദ്ധസമരത്തിന്റ മുഖച്ഛായ തന്നെ മാറ്റി ഈ പ്രസംഗം. അത് തനി ഹിന്ദുവിരുദ്ധ സമരമായി അവര്‍ തന്നെ പ്രഖ്യാപിച്ചു.
ജനുവരി 20ന് കര്‍ണ്ണാടകയില്‍ മുസ്ലിം ജനസംഖ്യ കൂടുതലുള്ള കല്‍ബുര്‍ഗിയില്‍ പോയ മഹാരാഷ്ട്രയിലെ മുസ്ലീം നേതാവ് വാരിഫ് പഠാന്‍ പ്രസംഗിച്ചു: ”15 കോടി മുസ്ലീങ്ങള്‍ മതി നൂറുകോടി ഹിന്ദുക്കളെ നേരിടാന്‍.” എന്തുകൊണ്ട് ഇയാള്‍ സ്വന്തം നാട്ടില്‍ നിന്നും കര്‍ണ്ണാടകയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കല്‍ബുര്‍ഗിയില്‍ പോയി കടുത്ത വിദ്വേഷ പ്രസംഗം നടത്തി? മുസ്ലീങ്ങളെ ഹിന്ദുക്കള്‍ക്കെതിരെ ഇളക്കിവിടുക, മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളില്‍ കലാപമുണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം.
ഫെബ്രുവരി 23ന് ദല്‍ഹിയിലെ മാളവ്യ നഗറില്‍ ശിവമന്ദിറിനു മുമ്പില്‍ പ്രകോപനപരമായി തടിച്ചുകൂടിയ മുസ്ലിം ജനക്കൂട്ടത്തിന്റെ മുദ്രവാക്യം ‘ഹിന്ദുവോം സേ ആസാദി’ എന്നായിരുന്നു. മാളവ്യ നഗറിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്കും മദന്‍മോഹന്‍മാളവ്യ ആശുപത്രിയിലേയ്ക്കും പോകുന്ന രോഗികളുടേതടക്കം വാഹനങ്ങളെല്ലാം വഴിയില്‍ തടഞ്ഞു. ആംബുലന്‍സുകള്‍ക്ക് വഴിയൊരുക്കാന്‍ ശ്രമിച്ച പോലീസുകാരെ കലാപകാരികള്‍ അക്രമിച്ചു. എണ്ണത്തില്‍ കുറവേ ഉണ്ടായിരുന്നുള്ളു പോലീസുകാര്‍. ഇവിടെ അക്രമത്തിനിരയായി ആശുപത്രിയിലെത്തിയത് 37 പോലീസുകാരാണ്. ജനതാ കോളനിയിലേയും അടുത്ത പ്രദേശത്തേയും മുസ്ലിം യുവാക്കളോടും ഫെബ്രു. 22 മുതല്‍ തെരുവുകളും റോഡുകളും ബ്ലോക്കു ചെയ്യാന്‍ ചില തീവ്രവാദ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു എന്ന് ഐ.ബി. റിപ്പോര്‍ട്ടു ചെയ്തിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 23, 24 തീയതികളില്‍ ഉത്തരപ്രദേശില്‍ നിന്നും ദില്ലിയിലേക്കുള്ള റോഡുകള്‍ പൂര്‍ണ്ണമായും ജഫ്രാബാദില്‍ വെച്ച് തടസ്സപ്പെടുത്തി. ദല്‍ഹിയെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ നിന്നും ഒറ്റപ്പെടുത്തി കലാപകാരികളുടെ നിയന്ത്രണത്തിലാക്കുക എന്നതായിരുന്നു ഉദ്ദേശ്യം. ഇതോടെ ജനജീവിതം ദുസ്സഹമായി. ആശുപത്രിയിലേയ്ക്കു പോകുന്ന രോഗികളെ പോലും തടഞ്ഞു. സ്വാഭാവികമായും ജനരോഷം ഉയര്‍ന്നുവന്നു.
ഈ സാഹചര്യത്തിലാണ്, തെരുവുകള്‍ പിടിച്ചെടുത്ത് രോഗികള്‍ക്കുപോലും ആശുപത്രിയില്‍ പോകാനാകാത്തവിധം ജനജീവിതം ദുസ്സഹമാക്കുന്ന ജനവിരുദ്ധസമരം അവസാനിപ്പിക്കണമെന്നു പോലീസിനോട് ബി.ജെ.പി. നേതാവ് കപില്‍മിശ്ര ആവശ്യപ്പെട്ടത്. പോലീസ് നിഷ്‌ക്രിയത്വം പാലിച്ചാല്‍ ജനങ്ങള്‍ അതിനു തയ്യാറാവുമെന്ന് അദ്ദേഹം പറഞ്ഞത് ജനവികാരം പ്രകടിപ്പിക്കാന്‍ മാത്രമായിരുന്നു. അദ്ദേഹം പറഞ്ഞ സാഹചര്യം തീരെ പരിഗണിക്കാതെ അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ചിലഭാഗം മാത്രം ഉയര്‍ത്തിക്കാട്ടി, കലാപത്തിന് ആഹ്വാനം ചെയ്തു എന്നു വ്യാഖ്യാനിക്കുകയാണ് മാധ്യമങ്ങളും ബി.ജെ.പി. വിരുദ്ധ രാഷ്ട്രീയക്കാരും ചെയ്തത്. കലാപത്തിന്റെ ഉത്തരവാദിത്വം പൂര്‍ണ്ണമായി കപില്‍ മിശ്രയുടെ തലയില്‍ കെട്ടിവെച്ചവര്‍ വാരിഫ് പഠാന്റെ പ്രകോപനപ്രസംഗമോ ആംആദ്മി പാര്‍ട്ടി നേതാവ് സക്കീര്‍ ഹുസൈന്റെ വീട്ടിലെ ആയുധക്കൂമ്പാരമോ ഒന്നും കണ്ടതായി നടിച്ചതേയില്ല.
പാക് കരസേനാ മുന്‍മേധാവി മേജര്‍ മുഹമ്മദ് ആരീഫ്, ബ്രിട്ടീഷ് എം.പി. നസീര്‍ അഹമ്മദ് തുടങ്ങിയവര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ കള്ളക്കഥകള്‍ പ്രചരിപ്പിച്ചു. ദല്‍ഹിയില്‍ മുസ്ലിം യുവതിയേയും കുഞ്ഞിനേയും കൊന്നു കുഴിച്ചുമൂടുന്നു എന്ന പേരില്‍ അവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇട്ട വീഡിയോ 2020 ജനുവരിയില്‍ ബംഗാളിലെ വടക്കന്‍ ദിനാജ്പൂരില്‍ അക്ബര്‍ അലി എന്നയാള്‍ സ്വന്തം ഭാര്യയേയും കുട്ടിയേയും കൊന്നു കുഴിച്ചുമൂടിയതിന്റെ വീഡിയോ ആയിരുന്നു എന്ന് പുറത്തുവന്നിട്ടുണ്ട്. ദല്‍ഹി കലാപത്തെക്കുറിച്ച് ഇത്തരം നിരവധി കള്ളക്കഥകള്‍ അന്താരാഷ്ട്രതലത്തില്‍ പ്രചരിക്കുന്നുണ്ട്. ഈ കലാപത്തിലെ അന്താരാഷ്ട്ര ഇസ്ലാമിക ബന്ധത്തിലേയ്ക്ക് വിരല്‍ചൂണ്ടുന്ന നിരവധി തെളിവുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്.
കലാപത്തിനു തുടക്കം ദളിത് കൂട്ടക്കൊലയോടെ
ദളിത്-മുസ്ലിം ഐക്യം കൊട്ടിഘോഷിച്ചവര്‍ കലാപം തുടങ്ങിയത് ദളിത് വിഭാഗക്കാരെ കൊന്നുകൊണ്ട്. ഒരു രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധമില്ലാത്ത ദളിത് യുവാവാണ് വിനോദ്കുമാര്‍ കാശ്യപ്. ഗാനങ്ങള്‍ സ്വയം മിക്‌സ് ചെയ്ത് സംഗീതസംവിധാനം ചെയ്തു ഗാനമേളകള്‍ സംഘടിപ്പിക്കുന്ന ഡിജെ ആര്‍ട്ടിസ്റ്റും സംഗീതാസ്വാദകനുമാണ് കാശ്യപ്. ഇലക്ട്രിക്കല്‍ ജോലി ചെയ്തു കുടുംബം പുലര്‍ത്തുന്ന അദ്ദേഹം ശിവഭക്തനാണ്. ഫെബ്രുവരി 24ന് രാത്രി പത്തുമണിയ്ക്ക് മകന്‍ മോനുവിനൊപ്പം തൊട്ടടുത്ത മെഡിക്കല്‍ സ്റ്റോറില്‍ മരുന്നുവാങ്ങാന്‍ പോയതാണ്. കലാപത്തിന്റെ ഒരു സൂചനപോലുമുണ്ടായിരുന്നില്ല.
പെട്ടെന്നാണ് ബൈക്കിലെത്തിയവര്‍ അച്ഛനെയും മകനെയും തടഞ്ഞു നിര്‍ത്തിയത്. പുറകെ എത്തിയ 200 ഓളം പേരുള്ള കലാപകാരികളുടെ ആള്‍ക്കൂട്ടം അവരെ വളഞ്ഞ് തക്ബീര്‍ മുഴക്കി അക്രമിച്ചു. മകനെ രക്ഷിക്കാന്‍ കാശ്യപ് കിണഞ്ഞു പരിശ്രമിച്ചു. അതിനിടയ്ക്ക് ആള്‍ക്കൂട്ടം അയാളെ തല്ലിക്കൊന്നു. കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ഈ ആള്‍ക്കൂട്ടക്കൊല ഒരു വാര്‍ത്തയേ ആയില്ല. കാരണം കൊല്ലപ്പെട്ട കാശ്യപ് ഹിന്ദുവായിരുന്നു എന്നതുതന്നെ.
വൈകുന്നേരം കലാപകാരികള്‍ കളര്‍ലാബ് ഭാഗത്തു അക്രമമഴിച്ചുവിട്ടു. സത്പാല്‍സിംഗിന്റെതടക്കം നിരവധി സ്ഥാപനങ്ങള്‍ തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തു. ശിവനഗറില്‍ ദിനേഷ് ഖാദിക് എന്ന ദരിദ്രരില്‍ ദരിദ്രനും ദളിതനുമായ യുവാവിനെ വെടിവെച്ചുകൊന്നു. പിന്നാക്ക വിഭാഗക്കാര്‍ ഇതോടെ സമരക്കാര്‍ക്ക് എതിരായി മാറി.
ബ്രിജ്പുരയില്‍ പാല്‍വാങ്ങാന്‍ വീട്ടില്‍ നിന്നിറങ്ങിയ രാഹുല്‍ സോളങ്കിയെ വെടിവെച്ചുകൊന്നു. 23 വയസ്സുള്ള രാഹുല്‍ സിംഗും കലാപകാരികളുടെ വെടിയേറ്റ് മരിച്ചു. ദളിതുകളെ കൊന്നൊടുക്കിക്കൊണ്ടാണ് ‘ദളിത് സംരക്ഷകര്‍’ എന്നവകാശപ്പെടുന്ന ജിഹാദികള്‍ കലാപമഴിച്ചു വിട്ടത്.
ശിവവിഹാര്‍ കോളനിയിലെ സി.ആര്‍.പി. കോണ്‍വെന്റ് സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ അക്രമികള്‍ പൂര്‍ണ്ണമായും തീയിട്ടു നശിപ്പിച്ചു. ഈ അക്രമം വളരെ ആസൂത്രിതമായിരുന്നു. അക്രമത്തിന് 30 മിനുറ്റു മുമ്പ് മുസ്ലിംകുട്ടികളെ അവരുടെ മാതാപിതാക്കള്‍ കൂട്ടിക്കൊണ്ടുപോയി എന്ന് സ്‌കൂള്‍ മാനേജര്‍ പോലീസിനോട് വെളിപ്പെടുത്തി. സ്‌കൂള്‍ ചുട്ടെരിക്കല്‍ ഈ കലാപവേളയില്‍ കണ്ട പ്രത്യേകതയാണ്.
കലാപത്തിന്റെ തുടക്കം
ഫെബ്രു. 23ന് ഞായറാഴ്ച കലാപകാരികള്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയെങ്കിലും പോലീസ് സംയമനം പാലിച്ചു. പിറ്റേന്ന് സി.ബി.എസ്.ഇ പരീക്ഷ തുടങ്ങുന്ന ദിവസമായിരുന്നു. ജഫ്രാബാദിലെ കലാപകാരികള്‍ റോഡ് നമ്പര്‍ 66-ല്‍ പ്രവേശിച്ച് വാഹനം തടഞ്ഞു. ഭയപ്പെട്ട കുട്ടികളും മാതാപിതാക്കളും പരീക്ഷയെഴുതാനാവാതെ വലഞ്ഞു. ഇതോടെ സമരക്കാര്‍ക്കെതിരെ ബഹുജനരോഷം ഉയരാന്‍ തുടങ്ങി. പത്തുമണിയോടെ ചാന്ദ്ബാഗില്‍ കലാപകാരികള്‍ വന്‍തോതില്‍ ഒത്തുകൂടി പോലീസിനുനേരെ കല്ലെറിയാന്‍ തുടങ്ങി. നിരവധി പോലീസുകാര്‍ കല്ലേറില്‍ പരിക്കേറ്റ് ആശുപത്രിയിലായി. ഡി.സി.പിയുടെ വാഹനമടക്കം കത്തിച്ചു. കമ്മീഷണറടക്കമുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പരിക്കേറ്റ് ആശുപത്രിയിലായി. പോലീസിനെ അക്രമിച്ച് തിരിച്ചടി വാങ്ങിയശേഷം കലാപത്തിനു ഉത്തരവാദികള്‍ പോലീസാണ് എന്നു വരുത്തിത്തീര്‍ക്കുകയായിരുന്നു ഉദ്ദേശ്യം. എന്നാല്‍ പോലീസ് സംയമനം പാലിച്ചു.
പോലീസിനുമേലുള്ള ഈ വിജയം അക്രമമഴിച്ചുവിട്ടുകൊണ്ടാണ് ജിഹാദികള്‍ ആഘോഷിച്ചത്. ഭജന്‍പുര മാര്‍ക്കറ്റ് കൊള്ളയടിക്കാന്‍ അവര്‍ എത്തി. ശക്തമായ ചെറുത്തു നില്പുണ്ടായതിനാല്‍ അവര്‍ക്ക് തിരിച്ചുപോകേണ്ടിവന്നു. അന്നാണ് രത്തന്‍ ലാല്‍ എന്ന പോലീസ് ഓഫീസറെ കല്ലെറിഞ്ഞും വെടിവെച്ചും കൊലപ്പെടുത്തിയത്. തോക്ക്, പെട്രോള്‍ ബോംബ് തുടങ്ങിയ ആയുധങ്ങളുമായി നഗരവീഥി അക്രമികള്‍ കയ്യടക്കിവെച്ചു.
ഉച്ചയ്ക്ക് രണ്ടരയോടെ ഭജന്‍പൂരിലെ അഗര്‍വാളിന്റെ ഉടമസ്ഥതയിലുള്ള ഐ.ഒ.സി. പെട്രോള്‍ പമ്പ് കലാപകാരികള്‍ കൊള്ളയടിച്ചു. പമ്പിന് അവര്‍ തീയിട്ടു. പമ്പില്‍ ഭൂമിക്കടിയിലുള്ള പെട്രോള്‍, ഡീസല്‍ ടാങ്കുകളിലേയ്ക്ക് തീ പടരാതിരുന്നതുകൊണ്ട് വലിയ ആള്‍നാശവും സ്വത്തുനാശവും ഉണ്ടായില്ല. ആ ഭാഗത്തെ ഹിന്ദുക്കളുടെ വ്യാപാരസ്ഥാപനങ്ങള്‍ നോക്കി തീയിടുകയും കൊള്ളയടിക്കുകയുമായിരുന്നു. മദ്യഷാപ്പുകള്‍ കൊള്ളയടിച്ചതില്‍ നിന്ന് പൗരത്വനിയമവിരോധികളുടെ യഥാര്‍ത്ഥ സ്വഭാവം വെളിച്ചത്തായി. ഹിന്ദുകടകള്‍, വീടുകള്‍, സ്‌കൂളുകള്‍ എന്നിവയാണ് അവര്‍ തീയിട്ടു നശിപ്പിച്ചതും കൊള്ളയടിച്ചതും. പഠനം നടക്കുന്ന സ്‌കൂളുകളില്‍ കയറി കുട്ടികളെ അക്രമിക്കുകയും വിദ്യാര്‍ത്ഥിനികളെ മാനഭംഗപ്പെടുത്തുകയും ചെയ്തു. ക്ഷേത്രങ്ങള്‍ക്കുനേരെയും അക്രമമുണ്ടായി.
(തുടരും)