നഗരത്തില്‍ നിന്ന് പത്തുകിലോമീറ്ററിലധികം അകലെയാണ് അരിയന്‍കുപ്പം ടൗണ്‍. അരിയന്‍കുപ്പം കടന്ന് നാലഞ്ചു കിലോമീറ്റര്‍ പോയാല്‍ വീരപട്ടണത്തെത്തും. രാജരാജ ചോളന്റേയും രാജേന്ദ്രചോളന്റേയുമൊക്കെ കാലത്തെ പ്രസിദ്ധ തുറമുഖ നഗരമാണ് വീരപട്ടണം. അവരുടെ വ്യവസായ കേന്ദ്രവും ഇതായിരുന്നു. തുറമുഖപ്രദേശത്തു നിന്ന് ഉല്‍ഖനനത്തിലൂടെ കണ്ടെത്തിയ നഗരാവശിഷ്ടങ്ങള്‍ നഗരമധ്യത്തിലെ മ്യൂസിയത്തില്‍ കാണാം.
ഇവിടെ നിന്ന് അല്പം മാറിയാണ് അരിയ്ക്കമേട്. ചോളകാലത്തെ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ ഇവിടെ കാണാം. തകര്‍ന്നുകിടക്കുന്ന കല്‍ച്ചുമരുകള്‍ അതിസമ്പന്നമായ ഒരു കാലഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നു. ഈ കൊട്ടാരം 1771 മുതല്‍ ഫ്രഞ്ചുകാര്‍, സെമിനാരിയായി ഉപയോഗിച്ചിരുന്നുവത്രേ. പിന്നീട് ബ്രിട്ടീഷുകാരാണ് യുദ്ധത്തിന്റെ മറവില്‍ ഇവിടം നശിപ്പിച്ചത്. തകര്‍ന്നു കിടക്കുന്ന കൊട്ടാരാവശിഷ്ടങ്ങള്‍ക്കിടയിലൂടെ വസ്തുതകളറിയാതെ നടക്കുമ്പോഴാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേയിലെ ഉദ്യോഗസ്ഥനായ ചേര്‍ത്തലക്കാരന്‍ വൈശാഖും സുഹൃത്തും വരുന്നത്. മുന്‍പറഞ്ഞ വിവരങ്ങള്‍ അവരില്‍ നിന്നു കിട്ടിയതാണ്.
ലേഡി ഏഞ്ചല്‍സ് ചര്‍ച്ച്
വീരപട്ടണത്തില്‍ നിന്നു നഗരത്തിലേയ്ക്കു തന്നെ മടങ്ങി. പ്രസിദ്ധമായ ഫ്രാന്‍സിലെ നോത്രദാം പള്ളിയുടെ അതേ മാതൃകയില്‍ നിര്‍മ്മിക്കപ്പെട്ട ലേഡി ഏഞ്ചല്‍സ് ചര്‍ച്ച് സന്ദര്‍ശിച്ചു. കടലിന് അഭിമുഖമായി തലയുയര്‍ത്തി നില്‍ക്കുന്ന പള്ളി അത്യാകര്‍ഷകം തന്നെ. ജര്‍മന്‍ ആദിമനിവാസികളായ ഗോത്തിക്കുകളുടെ നിര്‍മ്മാണ രീതിയാണ് നോത്രദാമില്‍ സ്വീകരിച്ചിരുന്നത്. അതേ ആര്‍ക്കിടെക്ചറാണ് ഇവിടെയും കാണുന്നത്. ലൂയിസ് ഗ്വറേ എന്ന എഞ്ചിനീയറുടെ നേതൃത്വത്തില്‍ 1851ലാണ് പള്ളിയുടെ നിര്‍മ്മാണം ആരംഭിച്ചത്. 1855ല്‍ തുറക്കുകയും ചെയ്തു. വൈറ്റ് പാരിഷ് എന്നും ഇതിനു പേരുണ്ട്. ചര്‍ച്ചിനു നേരെ മുമ്പില്‍ കടപ്പുറത്ത് നിര്‍മ്മിച്ചിരിക്കുന്ന ജോണ്‍ ഓഫ് ആര്‍ക്കിന്റെ പൂര്‍ണമായ പ്രതിമയും അത്യാകര്‍ഷകമാണ്.
ബസിലിക്ക
റെയില്‍വേ സ്റ്റേഷനു നേരെ മുമ്പിലായി തലയുയര്‍ത്തി നില്‍ക്കുന്ന സേക്രട്ട് ഹാര്‍ട്ട് ബസിലിക്കയില്‍ സന്ദര്‍ശകരുടെ തിരക്കാണ് ഏതു നേരവും. 1902ല്‍ നിര്‍മ്മിക്കപ്പെട്ട പള്ളി ബസിലിക്കയായി പ്രഖ്യാപിക്കപ്പെട്ടത് 2011ലാണ്. പുതുച്ചേരിയിലെ ഒന്നാമത്തെയും തമിഴ്‌നാട്ടിലെ ആറാമത്തെയും ഇന്ത്യയിലെ ഇരുപതാമത്തെയും ഏഷ്യയിലെ അമ്പതാമത്തെയും ബസിലക്കയത്രേ ഇത്. ഫ്രഞ്ച് നിര്‍മ്മാണചാതുരിയുടെ വശ്യത വിളിച്ചോതുന്ന വാതിലുകളും ജാലകങ്ങളും പ്രധാന ഹാളിന്റെ ഇരുവശങ്ങളിലായി കോണാകൃതിയിലുള്ള ഇടനാഴികളും കാണേണ്ടതുതന്നെ.
രണ്ടു ക്ഷേത്രങ്ങള്‍
നഗരത്തില്‍ തന്നെയുള്ള രണ്ടു ക്ഷേത്രങ്ങളാണ് ഇനി കാണാനുള്ളത്. ചോളന്മാരുടെ കാലത്ത് നിര്‍മ്മിക്കപ്പെട്ട വരദരാജപെരുമാള്‍ ക്ഷേത്രമാണ് ഇതില്‍ പ്രധാനം. ചോളകാലത്തെ മഹാക്ഷേത്രമാണിത്. സാങ്കേതികവിദ്യ ഒട്ടുമില്ലാതിരുന്ന അക്കാലത്ത് ഇത്ര വലിയ ക്ഷേത്രഗോപുരം എങ്ങനെ പടുത്തുയര്‍ത്തി എന്ന് ആരും വിസ്മയിക്കും. പുതുച്ചേരി വലിയ നഗരമായി വളര്‍ന്നതിനു പിന്നില്‍ ഈ ക്ഷേത്രത്തിന്റെ സാന്നിധ്യമുണ്ട്.
അരുള്‍മികു മണക്കുള വിനായക കോവിലാണ് അടുത്തത്. വിശാലമായ പ്രാര്‍ത്ഥനാഹാളുകളാണ് ഇവിടത്തെ സവിശേഷത. ഗണപതിയുടെ പല പ്രായത്തിലും ഭാവത്തിലുമുള്ള നൂറുകണക്കിന് പ്രതിമകളാണ് ഇവിടെയുള്ളത്. തിരക്കുപിടിച്ച നഗരമധ്യത്തിലെങ്കിലും അകത്തു കയറിയാല്‍ പരമശാന്തത അനുഭവപ്പെടുന്ന ദേവസ്ഥാനമാണിത്. നിരത്തുകളിലെമ്പാടും പലമട്ടിലുള്ള ഗണപതി പ്രതിമകളും ശില്പങ്ങളും വാങ്ങാന്‍ കിട്ടും. വിനായകമയമാണ് ക്ഷേത്രവും പരിസരവും.
ഭാരതിപാര്‍ക്ക്
ഇനിയുള്ള കാഴ്ചകള്‍ വിശാലമായ കടപ്പുറത്തിനോടു ചേര്‍ന്നാണ്. പ്രോമിനാഡെ ബീച്ച്, റോക്ക് ബീച്ച് എന്നൊക്കെ വ്യത്യസ്ത പേരുകളുണ്ടെങ്കിലും സന്ദര്‍ശകര്‍ക്ക് വ്യത്യാസങ്ങളൊന്നും അനുഭവപ്പെടാത്ത മട്ടില്‍ വിശാലമായ മണല്‍പ്പരപ്പാണിവിടെ. കടലിന് അഭിമുഖമായി കമനീയമായി അലങ്കരിക്കപ്പെട്ട പൂന്തോട്ടമാണ് ഭാരതിപാര്‍ക്ക്. സ്വാതന്ത്ര്യസമരസേനാനിയും കവിയുമായ സുബ്രഹ്മണ്യഭാരതിയുടെ നാമധേയത്തില്‍ ആയിരക്കണക്കിനാളുകള്‍ പകല്‍ മുഴുവന്‍ വന്നു വിശ്രമിക്കുന്നയിടം. ഭാരതിയുടെ പൂര്‍ണമായ പ്രതിമ പാര്‍ക്കിനു പുറത്തുണ്ട്.
ആയിമണ്ഡപം
പാര്‍ക്കിനു നടുവില്‍ നാലുദിക്കില്‍ നിന്നും ഒരേപോലെ കാണപ്പെടുന്ന അതിവിശേഷമായ നിര്‍മ്മിതിയാണ് ആയിമണ്ഡപം. ദില്ലിയിലെ ഇന്ത്യാഗേറ്റിന്റെ നിര്‍മ്മാണത്തിന് പ്രേരണയായത് ഈ മണ്ഡപമാണെന്നു പറയപ്പെടുന്നു. ഫ്രഞ്ച് രാജാവായിരുന്ന നെപ്പോളിയന്‍ മൂന്നാമന്റെ കാലത്ത് നിര്‍മ്മിക്കപ്പെട്ടതാണിത്. അന്നത്തെ റോയല്‍ കോര്‍ട്ടിലെ അംഗമായിരുന്നു ആയി എന്ന മഹിളാരത്‌നം എന്നും കരുതപ്പെടുന്നു. നഗരത്തില്‍ ശുദ്ധജലമെത്തിക്കുന്നതിനായി സ്വന്തം വാസസ്ഥലം പൊളിച്ചുമാറ്റി ചാലുകീറാന്‍ നേതൃത്വം കൊടുത്ത മഹതിയെന്നും ഇവര്‍ അറിയപ്പെടുന്നു.
ഗാന്ധിപ്രതിമ
ഭാരതി പാര്‍ക്കിനു നേരെ മുമ്പില്‍ കടലിനോടു ചേര്‍ന്നാണ് സുപ്രസിദ്ധമായ ഗാന്ധിസ്മാരകം. കടലില്‍ നിന്നു തിരിഞ്ഞുനടക്കുന്ന വിധത്തില്‍ ഉയരെ സ്ഥാപിക്കപ്പെട്ട ഗാന്ധിജിയുടെ പൂര്‍ണമായ പ്രതിമ അത്യാകര്‍ഷകമത്രേ. ഇതിനു ചുറ്റുമുള്ള വിശേഷപ്പെട്ട ദീപ സംവിധാനത്തില്‍, രാത്രിസമയങ്ങളില്‍, സ്മാരകത്തിന്റെ കാഴ്ച അവിസ്മരണീയമാണ്. 1965ല്‍ റിപ്പബ്ലിക് ദിനത്തിലാണ് പ്രതിമ ഉദ്ഘാടനം ചെയ്യപ്പെട്ടത്.
ഗാന്ധിപ്രതിമയ്ക്ക് അഭിമുഖമായി തുറസ്സായ മൈതാനത്തിനപ്പുറത്ത് നെഹ്‌റുവിന്റെ പൂര്‍ണ്ണകായപ്രതിമയും സ്ഥാപിതമായിട്ടുണ്ട്. 1976ലാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. വിശേഷാവസരങ്ങളില്‍ മന്ത്രിമാരും മറ്റും പങ്കെടുക്കുന്ന ഔദ്യോഗികച്ചടങ്ങുകള്‍ രണ്ടു രാഷ്ട്രനേതാക്കള്‍ക്കിടയിലുള്ള വേദിയില്‍ സംഘടിപ്പിക്കാറുണ്ട്.
യുദ്ധസ്മാരകം
ഗാന്ധിസ്മാരകത്തിനു വിളിപ്പാടകലെയാണ് റോഡിന് മറുവശത്തുള്ള ഫ്രഞ്ച് യുദ്ധസ്മാരകം. തുറസ്സായ ഒരിടത്ത് കടലിന് അഭിമുഖമായി തലയുയര്‍ത്തി നില്‍ക്കുന്ന നാല് നെടുംതൂണുകളാണ് സ്മാരകത്തിന്റെ മുഖ്യ ആകര്‍ഷണം. നടുവില്‍ യുദ്ധവേഷത്തിലുള്ള ഫ്രഞ്ച് സൈനികന്റെ പ്രതിമയുണ്ട്. ലളിതമെങ്കിലും ഗാംഭീര്യം മുറ്റിനില്‍ക്കുന്ന മനോഹര ദൃശ്യമാണിത്. യുദ്ധസ്മാരകത്തിനും ഗാന്ധിസ്മാരകത്തിനും ഇടയിലൂടെ കടലിനു സമന്തരമായി കിടക്കുന്ന നിരത്തിന് രാഷ്ട്രപിതാവിന്റെ പേരാണിട്ടിരിക്കുന്നത്. ഏതുനാട്ടിലും ഏറ്റവും പ്രധാനപ്പെട്ട റോഡിന് മഹാത്മാഗാന്ധി റോഡെന്നു പേരിടുന്ന പതിവ് പുതുച്ചേരിയും തെറ്റിച്ചില്ല.
ഈ നിരത്തിലൂടെ അല്പം നടന്ന് ഒരു നാല്‍ക്കവല പിന്നിട്ടാല്‍ റൊമെന്‍ റോളണ്ടിന്റെ പേരിലുള്ള നിരത്തായി. ഫ്രഞ്ച് അധിനിവേശകാലത്തെ നിര്‍മ്മാണങ്ങളുടെ കലവറയാണ് ഈ ഭാഗം. വീടുകള്‍, ഹോട്ടലുകള്‍, മറ്റു കെട്ടിടങ്ങള്‍ എല്ലാം തനി ഫ്രഞ്ച് രീതിയില്‍. ഒരുവേള, ഫ്രാന്‍സിലൂടെ നടക്കുന്ന പ്രതീതി.
ലേ കഫെ
വിശേഷപ്പെട്ട ഒരു കാപ്പിക്കട പരിചയപ്പെടേണ്ടതുണ്ട് കടപ്പുറത്ത് ഗാന്ധിപ്രതിമയുടെ ഇടതുവശത്ത്, യുദ്ധസ്മാരകത്തിന്റെ നേരെ എതിര്‍വശത്ത്, കടലിനോടു ചേര്‍ന്നുകിടക്കുന്ന ലേ കഫെ ഒരു സന്ദര്‍ശകനും വിട്ടുപോകാത്ത ഒരിടമാണ്. ഫ്രഞ്ചു ഭരണകാലത്ത് സ്ഥാപിക്കപ്പെട്ട ഈ കൊച്ചുകട ഇന്നും പഴയ പ്രതാപം കൈവിടാതെ നോക്കുന്നു. ഭരണാധികാരികളും വിശേഷപ്പെട്ട വിദേശികളടക്കമുള്ള അതിഥികളും ചായ കുടിക്കാന്‍ ഇവിടെ ഇന്നും എത്തുന്നു. രാത്രിയില്‍, ദീപാലംകൃതമായ ലേ കഫെ സ്വപ്‌നസദൃശമായ കാഴ്ചയാണ്. ഇന്ത്യന്‍ പാനീയങ്ങളൊന്നും ഇവിടെ കിട്ടില്ല. അപരിചിതമായ പേരുകളില്‍ വിദേശികളുടെ വിളയാട്ടമാണ്. ‘എക്‌സ്പ്രസ്സോ അമേരിക്കാനാ’ എന്ന പേരുള്ള ഒരു കാപ്പി കുടിച്ചശേഷം ബില്ലു കണ്ടപ്പോള്‍ അന്ധാളിച്ചുപോയി. വെറും 95 രൂപ.
പത്തൊമ്പതാം നൂറ്റാണ്ടിലെ ലൈറ്റ് ഹൗസ്, റോമന്‍ റോളണ്ട് ലൈബ്രറി, മ്യൂസിയം, രാജ് നിവാസ് അങ്ങനെ ഇനിയുമുണ്ട് പുതുച്ചേരിയില്‍ കാഴ്ചകളേറെ. ഷോപ്പിങ്ങ് വേണമെന്നുള്ളവര്‍ക്ക് നെഹ്‌റു സ്ട്രീറ്റില്‍ ഗൗബേര്‍ട്ട് (Goubert) മാര്‍ക്കറ്റില്‍ പോകുന്നതാണ് നല്ലത്. ഏതും ന്യായമായ വിലക്ക് തെരഞ്ഞെടുക്കാം.
ഫ്രഞ്ച് അധിനിവേശത്തിന്റെ അവശേഷിപ്പുകള്‍ പുതുച്ചേരിയില്‍ എവിടെയും കാണാം. കച്ചവടസ്ഥാപനങ്ങള്‍ ഒട്ടേറെയുണ്ട് അവരുടേതായി ഇന്നും. ഇന്ത്യവിടാതെ, മുന്‍തലമുറയുടെ പാരമ്പര്യം കൈവിടാതെ ഇവിടെ തങ്ങുന്നവര്‍. അതേസമയം തമിഴ്‌നാടിന്റെ അവിഭാജ്യ ഭാഗവുമാണിത്. ഫ്രഞ്ചും തമിഴും കൂടിച്ചേര്‍ന്ന ‘ഫ്രെമില്‍’ (fremil) സങ്കരസംസ്‌കാരമാണ് ഇവിടെ തുടിച്ചുനില്‍ക്കുന്നതെന്നു പറയാം.
~ഒന്നു സത്യമാണ്. ഒരിക്കലെങ്കിലും പുതുച്ചേരിയില്‍ വന്നയാള്‍ക്ക് ജീവിതകാലം മുഴുവന്‍ അരുമയോടെ ഓര്‍ക്കാനുണ്ടാവും, കണ്ടതും കേട്ടതും അനുഭവിച്ചതുമായി ഒട്ടേറെ കാര്യങ്ങള്‍.
(അവസാനിച്ചു)
സഹായകകൃതി
അരവിന്ദാശ്രമത്തിലെ അമ്മ – പ്രേമാനന്ദകുമാര്‍, നാഷണല്‍ ബുക്ട്രസ്റ്റ്, ഇന്ത്യ (1977)