പ്രകൃതീശ്വരിയെ ആരാധിച്ച് ഇരുപത്തെട്ടുനാള്‍….. കാവേറ്റമെന്ന് പേര്…. കയ്യേറ്റത്തിന് ഒരു ഗ്രാമം തീര്‍ത്ത തിരുത്ത്… കൊല്ലം ജില്ലയിലെ പുത്തൂരില്‍ നഗരം കാര്‍ന്നുതിന്നുന്ന ഗ്രാമത്തെരുവിന്നോരത്താണ് തൃക്കണ്ണപുരത്തമ്മമാര്‍ കുടിയിരിക്കുന്ന പുരാതനമായ കാവ്. നിമിത്തം പതിവുപോലെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തകര്‍… എല്ലാ വര്‍ഷവും കൊണ്ടാടുന്ന പൗര്‍ണമി നാളിലെ പൊങ്കാലയ്ക്ക് ഇക്കുറി ഇരുപത്തഞ്ച് വയസ്സാകുന്നു. നിത്യവും ഒരുമിച്ചുചേര്‍ന്നവര്‍ ഇക്കുറി പൊങ്കാല ഒരു പരിസ്ഥിതിയജ്ഞമാക്കാന്‍ തീരുമാനിക്കുന്നു. 27 നാള്‍ നീണ്ടുനിന്ന കാവേറ്റം പരിസ്ഥിതി യജ്ഞം…. ഗ്രാമീണ നന്മകളുടെ ഒത്തുചേരല്‍…. ഇരുപത്തെട്ടാം നാള്‍ പൗര്‍ണമിച്ചന്ദ്രനെ സാക്ഷിനിര്‍ത്തി നൂറ് കണക്കിന് അമ്മമാര്‍ മനസ്സ് ഹവിസ്സാക്കി പൊങ്കാല സമര്‍പ്പിച്ചതോടെ യജ്ഞത്തിന് സമാപനം…
കയ്യേറ്റത്തിനുള്ള മറുപടിയാണ് കാവേറ്റം എന്ന ആഹ്വാനത്തോടെ വിവേകാനന്ദജയന്തി ദിനത്തിലായിരുന്നു പരിസ്ഥിതി യജ്ഞത്തിന് ക്ഷേത്രാങ്കണത്തില്‍ തുടക്കം കുറിച്ചത്. കാവിലമ്മമാരുടെ തിരുമുമ്പില്‍ ദശപുഷ്‌പോദ്യാനവും ദശമൂലത്തറയുമൊരുക്കി ദേവിമാര്‍ക്കൊപ്പം അവിടെയും ദീപാരാധന നടത്തിയാണ് പ്രകൃതിയിലേക്ക് മടങ്ങാനുള്ള ആഹ്വാനത്തിന് ആരാധനയുടെയും ആചാരത്തിന്റെയും പരിവേഷം പകര്‍ന്നത്.
കാവേറ്റം കയ്യേറ്റത്തിനുള്ള മറുപടിയാണെന്ന് ഉദ്ഘാടന സഭയില്‍ മുഖ്യ പ്രഭാഷണം നടത്തിയ കേസരി വാരികയുടെ മുഖ്യ പത്രാധിപര്‍ ഡോ:എന്‍.ആര്‍. മധു പറഞ്ഞു. ഹിന്ദുസംസ്‌കൃതിയുടെ സത്തയിലേക്കുള്ള മടങ്ങിപ്പോക്കാണത്. ആരാധനയുടെ അകംപൊരുളറിഞ്ഞ് കാവുകളിലേക്ക് ഭക്തരുടെ പ്രവേശമാണ് കാവേറ്റം. ക്ഷേത്രഭൂമികള്‍ കയ്യേറിയവര്‍ കാവുകളെയാണ് ഉന്നംവെച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാവിന്റെ നേരവകാശികളുടെ മടങ്ങിവരവാണ് കേരളം കാണുന്നത്. കൊടുങ്ങല്ലൂര്‍ കാവുതീണ്ടലിന്റെ ചരിത്രം ആ നേരവകാശികളുടെ കാവേറ്റമാണ് പ്രഖ്യാപിക്കുന്നത്. അത് തീണ്ടലല്ല പവിത്രമായ പ്രവേശമാണെന്ന് തിരുത്തേണ്ട കാലം അതിക്രമിച്ചു. കൃഷിയും പ്രകൃതിയും സംസ്‌കൃതിയും ഉണരുന്നിടമാണ് കാവുകള്‍ എന്ന് ഡോ: മധു പറഞ്ഞു. കരിമ്പിന്‍പുഴ ശിവശങ്കരാശ്രമത്തിലെ സ്വാമി ആത്മാനന്ദയായിരുന്നു അനുഗ്രഹപ്രഭാഷകന്‍.
വൃക്ഷരാജനായ അരയാലിനെ പൂജിച്ച് തുടങ്ങിയ പരിസ്ഥിതി യജ്ഞം പിന്നീട് നാട് ഏറ്റെടുത്തു. ആബാലവൃദ്ധം വരുന്ന ഗ്രാമീണര്‍ അവരവര്‍ പിറന്ന നാളിന് ചേര്‍ന്ന വൃക്ഷത്തൈയ്ക്ക് വലം വെച്ച് നീര് നല്‍കി, പുഷ്പമര്‍ച്ചിച്ച് പ്രാര്‍ത്ഥിച്ചു. ഒരു തൈ നടാം നാടിനായി എന്ന പരിസ്ഥിതിമുദ്രാവാക്യം ഈശ്വരീയമാണെന്ന ഓര്‍മ്മപ്പെടുത്തലിലൂടെ ഒരു മുന്നേറ്റം.
കാവേറ്റത്തിന്റെ എട്ടാം ദിവസം സംയോഗി ദിനമായിരുന്നു. സംസ്‌കൃതവും യോഗയും ഗീതയും സമന്വയിച്ച ദിവസം. രാവിലെ 6.30ന് കാവേറ്റത്തറയിലെത്തിയ നൂറോളം പേര്‍ക്ക് കൈതപ്രം വാസുദേവന്‍ നമ്പൂതിരി യോഗപാഠങ്ങള്‍ പകര്‍ന്നു. തുടര്‍ന്ന് ഭഗവദ്ഗീതാ പാരായണ മത്സരം. വൈകിട്ട് സംസ്‌കൃത വിജ്ഞാന സദസ്സ്….
മണ്ണിലും മരത്തിലും ഗോവിലും ഈശ്വരനെ കണ്ട ഭാരതീയദര്‍ശനം സര്‍വസാധാരണ ഗ്രാമീണനിലേക്കും പകരുകയായിരുന്നു കാവേറ്റം. 26ന് രാജ്യം ഗണതന്ത്രദിനം കൊണ്ടാടുമ്പോള്‍ കാവേറ്റത്തറയിലും ദേശീയപതാക ഉയര്‍ന്നു. നാടന്‍ പശുക്കള്‍ ക്ഷേത്രമുറ്റത്തെത്തി. ഗോപൂജ നടന്നു. പശു സംസ്‌കൃതിയുടെ അടയാളമാകുന്നതിന്റെ മഹത്വവര്‍ണന നാടറിഞ്ഞു. ഗോസേവാപ്രമുഖ് കെ.കൃഷ്ണന്‍കുട്ടി ഗോസേവാസന്ദേശം നല്‍കി. ആചാര്യന്‍ മനോജ് ഭട്ടതിരിപ്പാട് ഗോപൂജയ്ക്ക് നേതൃത്വം നല്‍കി.
അന്നത്തെ സായാഹ്നത്തില്‍ സാധാരണ കര്‍ഷകന്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെയുള്ള ഗ്രാമീണര്‍ തൃക്കണ്ണാപുരത്തമ്മയുടെ മുന്നില്‍ ഒത്തുചേര്‍ന്നു. പരിചയം പുതുക്കി. പ്രകൃതിയെ അറിഞ്ഞ് മുന്നേറാനുള്ള പ്രതിജ്ഞയെടുത്തു. പരസ്പരം അറിഞ്ഞ് ആദരിച്ചു.
തെങ്ങുകയറ്റം തൊഴിലാക്കിയ തങ്കപ്പന്‍ മുതല്‍ ശങ്കരാചാര്യരുടെ പ്രകരണ വിഷയങ്ങളില്‍ ഡോക്ടറേറ്റ് നേടിയ ലളിതമ്മ ടീച്ചര്‍ വരെ, അനാഥത്വം പേറുന്ന മനസ്സുകളെ സാന്ത്വനിപ്പിക്കുന്ന സേവാകേന്ദ്രം സെക്രട്ടറി ആര്‍. ബാഹുലേയന്‍ മുതല്‍ ആദ്യകാല അധ്യാപിക ഓമനയമ്മാള്‍ വരെ, കുഴിക്കലിടവക ക്ഷേത്രങ്ങളുടെ പ്രസിഡന്റും അദ്ധ്യാപകനും ആധ്യാത്മിക പണ്ഡിതനുമായ കെ. ബാലകൃഷ്ണന്‍ മുതല്‍ നെടുവത്തൂര്‍ പഞ്ചായത്തിലെ ദീര്‍ഘകാലം പ്രസിഡന്റ് പദവി വഹിച്ച, കറകളഞ്ഞ രാഷ്ട്രീയ മാതൃക ആയ പുല്ലാമല ജി. കൃഷ്ണപിള്ള വരെ, കഥകളി പഠനം നടത്തുന്ന ലക്ഷ്മി ഗോപകുമാര്‍ മുതല്‍ ഓട്ടന്‍തുള്ളല്‍ ആചാര്യന്‍ താമരക്കുടി കരുണാകരന്‍ മാസ്റ്റര്‍ വരെ, സുബേദാര്‍ ഐസക് മുതല്‍ ഗോകര്‍ഷകനായ ജോണ്‍ കുട്ടി വരെ…. സമാദരണസമ്മേളനത്തില്‍ ഭേദഭാവങ്ങളില്ലാത്തവരുടെ ഒത്തുചേരല്‍…
മനുഷ്യന്റെ ആവശ്യത്തിനുള്ളതെല്ലാം പ്രകൃതിയിലുണ്ടെന്ന് സമാദരണം നിര്‍വഹിച്ച് സംസാരിച്ച ആര്‍എസ്എസ് സഹപ്രാന്തകാര്യവാഹ് എം. രാധാകൃഷ്ണന്‍ പറഞ്ഞു. പക്ഷേ ആര്‍ത്തി ശമിപ്പിക്കാനുള്ളത് പ്രകൃതിയിലുണ്ടാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വനവാസികള്‍ നായാടിയിട്ടും വനവിഭവങ്ങള്‍ ശോഷിച്ചിരുന്നില്ല. മുക്കുവര്‍ മത്സ്യബന്ധനം ഏറെ നടത്തിയിട്ടും കടല്‍ വിഭവങ്ങള്‍ കുറഞ്ഞില്ല. എന്നാല്‍ വികസനത്തിന്റെ മറവില്‍ വനനശീകരണം നടത്തിയവര്‍ ആവശ്യമല്ല ആര്‍ത്തിയെ ആണ് പൂരിപ്പിക്കാന്‍ ശ്രമിച്ചത്.

കാവേറ്റം പ്രകൃതിയെ അറിയാനും ആദരിക്കാനും വീണ്ടെടുക്കാനുമുള്ള സദുദ്യമമാണ്. ഒരാളുടെ ജീവതം കൊണ്ട് ചുറ്റുപാടുമുള്ള സര്‍വചരാചരങ്ങളുടെയും ജീവിതത്തിന് സുഖമുണ്ടാകണമെന്നതാണ് ഭാരതീയ ദര്‍ശനം. അവനവന്‍ ആത്മസുഖത്തിന് ആചരിക്കുന്നത് അപരന് സുഖത്തിനായി വരണമെന്ന ഗുരുദേവവാക്യം ആ ആത്മതത്വമാണ് ഉപദേശിക്കുന്നതെന്ന് എം. രാധാകൃഷ്ണന്‍ ഓര്‍മ്മിപ്പിച്ചു.
ഷോഡശ സംസ്‌കാരങ്ങളിലൂടെ പുലര്‍ന്ന ഹിന്ദുജീവിതരീതിയുടെ ആഴവും പരപ്പും വിളിച്ചോതിയ മാതൃസമ്മേളനവും ജന്മഭൂമിയുടെ നേതൃത്വത്തില്‍ നടന്ന ചിത്രജാലിക ചിത്രരചനാമത്സരങ്ങളും പരിസ്ഥിതി പ്രശ്‌നോത്തരിയുമൊക്കെ പുതുതലമുറയിലേക്ക് വാക്കായും വരയായും പ്രകൃതിയെ സന്നിവേശിപ്പിക്കുന്നതിന്റെ ഭാഗമായി. ചിത്രരചനാമത്സരം ശില്പിയും ചിത്രകാരനുമായ രമേശ് ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു.
ഇരുപത്തേഴാം നാള്‍ ഹിന്ദുസമ്മേളനമായിരുന്നു. മിസോറാം മുന്‍ഗവര്‍ണറും പരിസ്ഥിതി ഉപാസകനുമായ കുമ്മനം രാജശേഖരന് കാവേറ്റം പുരസ്‌കാരം സമര്‍പ്പിച്ച ദിനം. മുന്‍ഡിജിപി ഡോ:ടി.പി. സെന്‍കുമാറായിരുന്നു ഉദ്ഘാടകന്‍. മരണമില്ലാത്ത ധര്‍മ്മമാണ് ഹിന്ദുധര്‍മ്മമെന്ന ഓര്‍മ്മപ്പെടുത്തലായിരുന്നു കുമ്മനം കാവേറ്റത്തെ മുന്‍നിര്‍ത്തി സമാജത്തിന് പകര്‍ന്നത്. ഹിന്ദുത്വം മനുഷ്യത്വമാണ്. അത് ആര്‍ക്കും നശിപ്പിക്കാനാകില്ല. അയോധ്യയിലെ രാമക്ഷേത്രം അക്രമികള്‍ എത്ര തവണ തകര്‍ത്തിട്ടും രാമന്‍ മരിച്ചില്ല. അവിടെ ഭവ്യമായ രാമക്ഷേത്രം ഉയരാന്‍ പോകുന്നു. ശബരിമല ക്ഷേത്രം തീവെച്ചു. വിശ്വാസം തകര്‍ക്കാന്‍ ശ്രമിച്ചു. എന്നിട്ട് അയ്യപ്പനൊന്നും സംഭവിച്ചില്ല. ടിപ്പു തകര്‍ത്ത ക്ഷേത്രങ്ങള്‍ പുനരുദ്ധരിച്ചു. ഹിന്ദുക്കള്‍ അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മുന്നേറണം. ചൂഷണമല്ല ദോഹനമാണ് നമ്മുടെ സംസ്‌കാരമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ലോകം നിലനിന്നാലേ ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന മന്ത്രത്തിനര്‍ത്ഥമുണ്ടാവുകയുള്ളൂ എന്ന് ഭാരതീയര്‍ മനസ്സിലാക്കേണ്ട കാലമാണിതെന്ന് ഉദ്ഘാടകനായ ഡോ:ടി.പി.സെന്‍കുമാര്‍ പറഞ്ഞു. അതിഥി ദേവോ ഭവ എന്ന മന്ത്രം ഉദാത്തമാണ്. എന്നാല്‍ അതിഥി മാന്യനല്ലെങ്കില്‍ എന്തു ചെയ്യും? ലോകത്തെ നശിപ്പിക്കാനായി ചിലര്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ ആ ലോകത്തെ നിലനിര്‍ത്താനായി ഭാരതീയര്‍ ഒന്നിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

പിറ്റേന്നാള്‍ അമ്മമാര്‍ക്ക് പൊങ്കാല സമര്‍പ്പണം. കേരള ക്ഷേത്രസംരക്ഷണസമിതി മാതൃസമിതി സംസ്ഥാന അദ്ധ്യക്ഷ ഡോ: ശ്രീഗംഗയായിരുന്നു ഭദ്രദീപം തെളിയിച്ചത്.

അന്നപൂര്‍ണയും മഹാമംഗലയും സദാവത്സലയുമായ അമ്മ പരമേശ്വരിയുടെ അപദാനങ്ങള്‍ പാടുകയാണ് നാട് മുഴുവന്‍……. കാവകം നിറഞ്ഞ് കാവേറ്റമറിഞ്ഞ് കാവുകളില്‍ നിന്ന് കാവുകളിലേക്കുള്ള തീര്‍ത്ഥാടനത്തിന്റെ തുടക്കമാണിത്….. സംരക്ഷണം കൊതിക്കുന്ന ഭൂമിമാതാവിന് തണലൊരുക്കാനുള്ള ഭക്തസാധകരുടെ ഉദ്യമത്തിന് ഈശ്വരിയുടെ അനുഗ്രഹം തേടിയാണ് ഈ പൗര്‍ണമിപ്പൊങ്കാല……
ശുംഭനിശുംഭാദികളെ
കൊന്നൊടുക്കിയോളേ
സുരഭിലപ്പൂവല്ലി പോലെ
എങ്ങനെ നീ മാറി…..
ക്രോധമൂര്‍ത്തേ എങ്ങനെ നിന്‍
സൃഷ്ടിയിലെ ക്രൗര്യം
കോടികോടി പ്രപഞ്ചത്തിന്‍
കുളിര്‍തണലായി മാറീ….