ദ്രൗപദിയുടെ മഹത്വത്തെ ഇതിഹാസകാവ്യത്തില്‍ നിന്ന് ഇഴവിടര്‍ത്തി കാണിക്കുന്ന പ്രൗഢോജ്ജ്വലമായ ഒരു കൃതിയാണ് ആര്‍. ഹരിയുടെ ‘വ്യാസഭാരതത്തിലെ ദ്രൗപദി’. പഞ്ചപാണ്ഡവരുടെ ധര്‍മ്മപത്‌നിയായ ഒരു കഥാപാത്രമായി മാത്രം ദ്രൗപദിയെ കാണുന്ന സാധാരണ വായനക്കാരുടെ മുന്നില്‍ ധര്‍മ്മത്തിന്റെ വിജയത്തിനുവേണ്ടി ജന്മമെടുത്ത അനുപമമായ വ്യക്തിത്വമായി ദ്രൗപദിയെ അവതരിപ്പിക്കുകയാണ് ഗ്രന്ഥകാരന്‍ ചെയ്യുന്നത്.
‘സമീപനം’ എന്ന പേരിലെഴുതിയ ആമുഖത്തില്‍ എങ്ങനെയാണ് ഈ പുസ്തകരചനയിലേക്കു കടന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. അഹല്യ, ദ്രൗപദി, സീത, താര, മണ്ഡോദരി എന്നീ അഞ്ചു പേരെക്കുറിച്ചുള്ള ശ്ലോകവും അതിന്റെ പാഠഭേദവും ഉദ്ധരിച്ചശേഷം ഈ ശ്ലോകത്തെ കുറിച്ച് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖായിരുന്ന ബാബാസാഹേബ് ആപ്‌തേജിയുടെ വാക്കുകള്‍ ഇങ്ങനെ സൂചിപ്പിക്കുന്നു. ”ഇപ്പറഞ്ഞ അഞ്ചുപേരും നമുക്കു പുണ്യാത്മാക്കളാണ്. അവര്‍ സ്വന്തം ജീവിതത്തില്‍ താന്‍ ഹേതുവല്ലാതെത്തന്നെ കടുകടുത്ത മാനഹാനിക്കു വിധിക്കപ്പെട്ടു. എന്നിട്ടും അചഞ്ചലമായ ധൈര്യത്തോടും ക്ഷമയോടും കൂടി ആ വൈതരണി കടന്ന് സ്വന്തം ജീവിതം ചാരിതാര്‍ത്ഥ്യമാക്കിയവരാണ്. അവരുടെ ചരിത്രവും വ്യവഹാരവുമോര്‍ത്താല്‍ നമ്മുടെയും ജീവിതം വിജയശ്രീയിലെത്തും, ധന്യമാകും.” കൃഷ്ണദ്വൈപായനന്‍ മഹാഭാരതത്തില്‍ ചിത്രീകരിച്ച കൃഷ്ണയാണ്, പില്‍ക്കാലത്ത് കയറിപ്പടര്‍ന്ന ഐതിഹ്യങ്ങളിലെ ദ്രൗപദിയല്ല തന്റെ രചനയിലുള്ളതെന്നും ഗ്രന്ഥകാരന്‍ ആമുഖമായി പറയുന്നുണ്ട്.
മഹാഭാരതത്തെ പുനരാഖ്യാനം ചെയ്ത പലരും വ്യാസന്റെ ധര്‍മ്മനിഷ്ഠമായ കണ്ണിലൂടെയല്ല ഈ ബൃഹദാഖ്യാനത്തെ നോക്കിക്കണ്ടത്. അതുകൊണ്ടുതന്നെ ഇത്തരക്കാരുടെ രചനകള്‍ സത്യത്തില്‍ നിന്നും ധര്‍മ്മത്തില്‍ നിന്നും ബഹുദൂരം അകന്നുപോയി. ഇതിനുള്ള ഉദാഹരണങ്ങളും നമുക്ക് ഈ ഗ്രന്ഥത്തില്‍ വായിക്കാം. ഗുരു ദ്രോണര്‍ ധാര്‍ത്തരാഷ്ട്രരോടും പാണ്ഡവവരോടും ആവശ്യപ്പെട്ടത് ഗുരുദക്ഷിണയല്ല ആചാര്യവേതനമാണെന്ന് ഗ്രന്ഥകാരന്‍ ചൂണ്ടിക്കാണിക്കുന്നു. ”ചെയ്ത പണിക്കുള്ള പ്രതിഫലമാണ് വേതനം. ഗുരുദക്ഷിണയെന്ന ഉല്‍കൃഷ്ട പദത്തിന്റെ ഏഴയലത്ത് അത് എത്തുകയില്ല. ആചാര്യവേതനത്തിന് ഇന്നത്തെ സമ്മിശ്രഭാഷയില്‍ സ്‌കൂള്‍ ഫീസ്, ട്യൂഷന്‍ ഫീസ്, വാധ്യാര്‍ ശമ്പളം എന്നെല്ലാം പറയാം. സ്വപ്‌നത്തില്‍ പോലും അത് ദക്ഷിണയാവില്ല. ആചാര്യവേതന പ്രയോഗത്തോടെ ഭരദ്വാജ വിപ്രന്‍ ഭരദ്വാജവൈശ്യനായി ചുരുങ്ങുന്നു.” (പേജ് 18) വേദവ്യാസന്റെ ‘ആചാര്യവേതനം’ എന്ന പ്രയോഗത്തെ ആദരണീയരായ കേരള വ്യാസന്‍ കുഞ്ഞുക്കുട്ടന്‍ തമ്പുരാന്‍ പദ്യവിവര്‍ത്തനത്തിലും വിദ്വാന്‍ കെ. പ്രകാശം ഗദ്യവിവര്‍ത്തനത്തിലും ഗുരുദക്ഷിണയാക്കി എന്ന് സൂക്ഷ്മനിരീക്ഷകനായ ഗ്രന്ഥകാരന്‍ കണ്ടെത്തുന്നു.
വ്യാസഭാരതവും ഐതിഹ്യങ്ങളുമായി പല സന്ദര്‍ഭങ്ങളിലും വിയോജിപ്പുണ്ട്. സ്വയംവരസമയത്ത് കര്‍ണനെ തിരസ്‌ക്കരിക്കാന്‍ ശ്രീകൃഷ്ണന്‍ ദ്രൗപദിക്ക് സൂചന നല്‍കി എന്ന അബദ്ധം ചില ഐതിഹ്യങ്ങളിലുള്ളത് ചൂണ്ടിക്കാട്ടി, പലപ്പോഴും ശുദ്ധഗതിക്കാര്‍ മെനയുന്ന ഐതിഹ്യങ്ങളാണ് ചരിത്രസത്യത്തിന്റെ കൈകാലൊടിക്കുന്നത് എന്നും ഗ്രന്ഥകാരന്‍ പറയുന്നു (പേജ് 30). സ്വയംവരത്തിനു വന്ന രാജാക്കന്മാര്‍ അമ്പു കൊള്ളിക്കേണ്ടത് തറയില്‍ താഴെ വെച്ചിട്ടുള്ള എണ്ണക്കിണ്ണത്തിലെ പ്രതിബിംബം നോക്കിയായിരിക്കണം എന്ന കഥയും വ്യാസഭാരതത്തിലില്ലാത്തതാണ്. ”ഈ പ്രഖ്യാപനങ്ങളില്‍ ബിംബമല്ലാതെ പ്രതിബിംബമേയില്ല. എന്നാല്‍ വാല്മീകിയുടെ രാമായണത്തില്‍ ആദികവി വലിച്ചുവരയ്ക്കാത്ത ലക്ഷ്മണരേഖ പില്‍ക്കാലത്താരോ വരച്ചിട്ടത് ഇന്നും ഭാരതീയരുടെ മനോഭിത്തിയില്‍ മായാതെ കിടക്കുംപോലെ ഈ പ്രതിബിംബാവലംബിത ബിംബവേധവും ശിലാലേഖം പോലെ കിടക്കുന്നു.” (പേജ് 23)
അതുപോലെ ഇന്ദ്രപ്രസ്ഥത്തില്‍ ദുര്യോധനന്‍ പുതിയ സഭാമന്ദിരം കാണാന്‍ വന്ന സമയത്ത് നിലത്തെ മിനുക്കവും മിനുസവും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാതെ വെള്ളത്തില്‍ വീണപ്പോള്‍ കൈകൊട്ടി ചിരിച്ചവരില്‍ ദ്രൗപദിയുണ്ടെന്നത് കള്ളക്കഥയാണെന്നും ഗ്രന്ഥകാരന്‍ പറയുന്നു. ഇത്തരം കള്ളക്കഥ പറയുന്നവര്‍ ”കഥ പറഞ്ഞ കൃഷ്ണ ദ്വൈപായനനോടും കഥ പകര്‍ത്തിയ ഗണനായകനോടും മഹാഭാരതഗ്രന്ഥത്തിനോടും കഥാനായികയായ കൃഷ്ണയോടും കാണിക്കുന്ന കടുംകൈയാണെന്നും” അദ്ദേഹം സൂചിപ്പിക്കുന്നു.
25 അദ്ധ്യായങ്ങളിലൂടെയാണ് ദ്രൗപദിയുടെ കഥ വിവരിക്കപ്പെടുന്നത്. ഇതിനുവേണ്ടി മഹാഭാരതത്തിലെ 15 പര്‍വ്വങ്ങളിലൂടെ അദ്ദേഹം കടന്നുപോകുന്നു. ശല്യപര്‍വ്വം, അനുശാസനപര്‍വ്വം, മൗസലപര്‍വ്വം എന്നിവ ദ്രൗപദിയുടെ കഥയ്ക്ക് വേണ്ടിവരുന്നില്ല എന്നു സൂചിപ്പിക്കുന്നു. ആദ്യന്തം യജ്ഞോജ്വല എന്ന ഇരുപത്തിയാറാമദ്ധ്യായത്തില്‍ ദ്രൗപദിയുടെ വ്യക്തിത്വത്തെ സമഗ്രമായി വിലയിരുത്തുന്നു. ഈ ഭാഗത്ത് സീതയുമായി ദ്രൗപദിയെ താരതമ്യം ചെയ്യുന്നത് ശ്രദ്ധേയമാണ്. ”ഭഗവദ്ഗീതയിലെ ഭക്തിയോഗമെന്ന 12-ാമദ്ധ്യായം സീതയ്ക്കു ചേരുമെങ്കില്‍ ദ്രൗപദിയ്ക്കു ചേരുന്നത് കര്‍മ്മയോഗമെന്ന മൂന്നാമദ്ധ്യായമാണ്.” (പേജ് 154) ”രാമായണത്തിലെ സീതയും മഹാഭാരതത്തിലെ ദ്രൗപദിയും സഹസ്രാബ്ദങ്ങളായി ഭാരതീയ സ്ത്രീജീവിതത്തെ ഏറ്റവും സ്വാധീനിച്ച രണ്ടു ജ്യോതിസ്സുകളാണ്.” (പേജ് 166)
അനുബന്ധത്തില്‍ ദ്രൗപദിയുടെ ജീവിതത്തിലെ പ്രധാന സന്ദര്‍ഭങ്ങളും ദ്രൗപദിയുടെ പേരുകള്‍, പുത്രന്മാര്‍, ആയുസ്സ് എന്നിവയും നല്‍കിയത് വായനക്കാര്‍ക്ക് പ്രയോജനകരമാണ്. മഹാഭാരതത്തെ ഇഷ്ടപ്പെടുന്ന എല്ലാവരും വായിക്കേണ്ട ഒരു ഉത്തമ കൃതിയാണ് ആര്‍.ഹരി രചിച്ചിരിക്കുന്നത്. മഹാഭാരതത്തെ അവലംബിച്ച് അദ്ദേഹം മുമ്പ് രചിച്ച കൃതികളെപ്പോലെ ഇതും വായനക്കാര്‍ സഹര്‍ഷം സ്വീകരിക്കുമെന്ന് തീര്‍ച്ചയാണ്. രൂപകല്പനയിലും അക്ഷരശുദ്ധിയിലും മികവു പുലര്‍ത്താന്‍ പ്രസാധനത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്കും കഴിഞ്ഞിട്ടുണ്ട്.