ഗോവയില്‍ പോര്‍ച്ചുഗീസുകാര്‍ നടത്തിയ ഹിന്ദുവേട്ട കേരളം അടക്കമുള്ള സ്ഥലങ്ങളില്‍ അതേ പോലെ നടത്തുന്നതില്‍ ചില തടസ്സങ്ങള്‍ പോര്‍ച്ചുഗീസുകാര്‍ക്ക്‌നേരിട്ടു. റോമന്‍കത്തോലിക്കന്റെ ബദ്ധശത്രുക്കളായ പൗരസ്ത്യ സഭക്ക് കേരളത്തിലെ മാര്‍തോമ സഭയുമായുള്ള ശക്തമായ ബന്ധമായിരുന്നു ഒന്ന്. മറ്റൊന്ന് കേരളക്കരയില്‍ ഇവര്‍ക്ക് ധാരാളംകച്ചവട താ ല്‍പ്പര്യങ്ങള്‍ ഉണ്ടായിരുന്നുവെന്നുള്ളതാണ്. മതംമാറ്റങ്ങളും അതിനെ തുടര്‍ന്ന് ഉണ്ടായേക്കാവുന്ന സംഘര്‍ഷങ്ങളും തങ്ങളുടെ കച്ചവടത്തിന് വിഘാതമാകുമെന്നുള്ള പേടിയും ഉണ്ടായിരുന്നു. കേരളത്തിലെ ഹിന്ദുക്കളെ ചില്ലറയായി മതംമാററുന്നതിന് പകരം രാജാക്കന്മാരെ മതംമാറ്റി പ്രജകളെ മൊത്തമായി മതംമാറ്റുകയെന്നതായിരുന്നു ആലോചന. പക്ഷെ രാജാക്കന്മാരെ മതംറമാറ്റല്‍ വിജയിച്ചില്ലെങ്കിലും അതിനായി വലിയ ശ്രമം നടന്നു. രാജാക്കന്മാരുമായി അടുത്തു കൂടിയും അല്ലാത്തവരെ വിരട്ടിയും വിദേശികള്‍ ഒരുപാട് ആനുകൂല്യങ്ങള്‍ നേടി. മഹോദയപുരം രാജ്യം പെരുമാള്‍ രാജവംശം ഭരിച്ചിരുന്ന എഡി 800-നും 1300-നും ഇടയിലുള്ള കാലഘട്ടത്തില്‍ അന്നത്തെ പൗരസ്ത്യ സഭകളില്‍ നിന്നുള്ള ക്രിസ്ത്യാനികള്‍ക്ക് വന്‍തോതില്‍ ആനുകൂല്യങ്ങള്‍ അനുവദിച്ച് കിട്ടി. തരിസപ്പളളി ചെപ്പേട് ഇതിനൊരു ഉദാഹരണം മാത്രം. രാജ്യത്ത് കച്ചവടത്തിന് നേതൃത്വം നല്‍കുന്ന പേര്‍ഷ്യന്‍ ക്രിസ്ത്യന്‍ കച്ചവടക്കാരനായ സബരിശോയെയും സംഘത്തെയും സേവിക്കുവാന്‍ ഈഴവര്‍, വണ്ണാമാര്‍, തച്ചന്മാര്‍, വെള്ളാളര്‍, കാരാഴര്‍ തുടങ്ങിയ സമുദായങ്ങളെ അടിമകളായി വിട്ടുനല്‍കുകയും കൂടാതെ കൂടുതല്‍ അടിമകളെ വാങ്ങുവാനും വിദേശ കച്ചവടക്കാര്‍ക്ക് ചുങ്കം പിരിക്കുവാനും അധികാരം നല്‍കുകയും ചെയ്ത അധികാര പത്രമാണ് തരിസാപ്പിളളി ചെപ്പേട് എന്നറിയപ്പെടുന്നത്. കൂടാതെ ഇത്തരം സമാനമായ ആനുകൂല്യങ്ങള്‍ വേറെയും നേടിയിട്ടുണ്ട് -വീര രാഘവ പട്ടയം, താഴേക്കാട് ശാസനം എന്നൊക്കെ ഇതറിയപ്പെടുന്നു
കേരളത്തില്‍ ഒരു ക്രിസ്ത്യന്‍ രാജാവെങ്കിലും ഉണ്ടായിരുന്നുവെന്ന് സ്ഥാപിക്കുവാന്‍ വലിയ പരിശ്രമം തന്നെ സഭാ ചരിത്രകാരന്മാര്‍ നടത്തിയിട്ടുണ്ട്. പോര്‍ച്ചുഗീസ് രേഖകളിലും ഡച്ച് രേഖകളിലും ബെലാര്‍ട്ടെ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന രാജവംശം ക്രിസ്ത്യന്‍ രാജവംശമായ വില്ലാര്‍വട്ടം രാജ വംശമാണെന്ന് ഇവര്‍ അവകാശപ്പെടുന്നു – ഇത് പറവൂരിലാണെന്നും ഇവര്‍ കണ്ടെത്തുന്നു.കോഴിക്കോടിനടുത്തുള്ള താനൂര്‍ ദേശത്തെ വെട്ടത്ത് രാജാവ് പോര്‍ച്ചുഗീസുകാരുടെ സ്വാധീനവലയത്തില്‍പ്പെട്ട് 1539 ല്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കുവാന്‍ സന്നദ്ധനായി ഗോവക്ക് പോയൊരു കഥയുണ്ട്.
കോഴിക്കോട് സാമൂതിരിയുമായി അകല്‍ച്ചയുണ്ടായിരുന്ന ആളാണ് വെട്ടത്ത് രാജാവ്. അതുവരെ കോഴിക്കോടുമായി വ്യാപാര ബന്ധം ഉണ്ടായിരുന്ന അറബികളെ ഒഴിവാക്കി തങ്ങളുമായി മാത്രം വ്യാപാരം നടത്തണമെന്ന പോര്‍ച്ചുഗീസുകാരുടെ ആവശ്യം സാമൂതിരി അംഗീകരിക്കാതിരുന്നതിനാല്‍ പോര്‍ച്ചുഗീസുകാരും സാമൂതിരിയും തമ്മില്‍ ശത്രുതയിലായിരുന്നു. ഇങ്ങനെ ശത്രുവിന്റെ ശത്രു മിത്രം എന്ന സിദ്ധാന്തം അനുസരിച്ച് വെട്ടത്ത് രാജാവും പറങ്കി സായിപ്പും തമ്മില്‍ അടുത്തു. വെട്ടത്ത് രാജാവ് പോര്‍ച്ചുഗീസ് നാവികസേന തലവനായ ലോബോ സ്വാരസിനെ കണ്ട് പോര്‍ച്ചുഗീസ് മേല്‍ക്കോയ്മ അംഗീകരിക്കുവാന്‍ തയ്യാറാണെന്നറിയിച്ചു. ഇവര്‍ ഒരുമിച്ച് സാമൂതിരിക്കെതിരെ നിന്നു. പോര്‍ച്ചുഗീസുകാരും സാമൂതിരിയും തമ്മില്‍ എപ്പോഴൊക്കെ തെറ്റിയോ അപ്പോഴൊക്കെ വെട്ടത്ത് രാജാവ് സായിപ്പിന്റെ രക്ഷകനായി. പോര്‍ച്ചുഗീസുകാര്‍ക്ക് കോഴിക്കോട് സ്ഥാപിക്കുവാന്‍ സാമൂതിരി അനുവാദം കൊടുക്കാതിരുന്ന പോര്‍ച്ചുഗീസ്‌കോട്ട തന്റെ രാജ്യമായ പൊന്നാനി കരയുടെ വടക്കേ കരയില്‍ നിര്‍മിച്ച് നല്‍കി വെട്ടത്ത് രാജാവ് തന്റെ പോര്‍ച്ചുഗീസ് കൂറ് തെളിയിച്ചു.
കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടില്‍ എന്ന് പറയുന്നത് പോലെ തങ്ങളുടെ അടുത്ത് കിട്ടിയ വെട്ടത്ത് രാജാവിനെ മതംമാറ്റാനുള്ള തന്ത്രങ്ങള്‍ പറങ്കികള്‍ അണിയറയില്‍ തുടങ്ങി. ഇതിന്റെ ഒരു പ്രധാന ചുമതലക്കാരന്‍ ചാലിയം കോട്ടയിലെ ചാപഌനായിരുന്നു. ഇന്ത്യയിലെ പോര്‍ച്ചുഗീസ് കേന്ദ്രമായ ഗോവയില്‍ വെച്ച് 1548 ല്‍ ഗോവ മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ വെട്ടത്ത് രാജാവ് മാമോദീസ മുങ്ങി ക്രിസ്ത്യാനിയായെന്നാണ് കഥ. ഡോം ജോവാവോ എന്ന പുതിയ പേരും സ്വീകരിച്ചു. രഹസ്യമായിട്ടായിരുന്നു ഇതെല്ലാം നടന്നത്. വെട്ടത്ത് രാജാവിന് മതപഠനം നടത്തുവാന്‍ മെത്രാപ്പോലീത്ത ഫ്രാന്‍സ്സിക്കന്‍ മിഷനറി വിന്‍സന്റ് ലാഗോസിനെ ചുമതലപ്പെടുത്തി, ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ വെട്ടത്ത് റാണിയും കത്തോലിക്കയായി.
ഒരു രാജകുടുംബത്തിനെ മതംമാറ്റാന്‍ പറ്റിയ സന്തോഷത്തിന്റെ ആഘോഷങ്ങള്‍ നടന്നത് ഗോവയിലാണത്രെ. കോഴിക്കോടിനടുത്ത് താനൂരില്‍ മതംമാറിയ രാജകുടുംബത്തെ എന്തിന് ഗോവയില്‍ കൊണ്ടുപോയി സ്വീകരിച്ചു എന്ന ചോദ്യത്തിന് ഉത്തരമില്ല. രാജാവ് മതംമാറിയാല്‍ ആ രാജാവിനെ എഴുന്നള്ളിച്ച് പ്രജകളെ മൊത്തമായി മതംമാറ്റുന്ന തന്ത്രം എന്തായാലും വെട്ടത്ത് രാജാവിന്റെ കാര്യത്തിലുണ്ടായില്ല.1549 ഒക്ടോബര്‍ 22 ന് വെട്ടത്ത് രാജാവിനും ഭാര്യക്കും ഗോവയില്‍ ഗംഭീര സ്വീകരണം നല്‍കി. ഗോവയിലെ കത്തീഡ്രല്‍ ദേവാലയത്തിലേക്ക് സ്വര്‍ണക്കുരിശും പോര്‍ച്ചുഗീസ് പതാകയുമായി ഗവര്‍ണറും മെത്രാപ്പോലീത്തയും ചേര്‍ന്ന് വെട്ടത്ത് രാജാവിനെ സ്വീകരിച്ചു.
തുടര്‍ന്ന് വെട്ടത്ത് രാജാവ് നാട്ടില്‍ തിരിച്ചെത്തി തനിക്ക് നല്‍കിയ പോലൊരു സ്വീകരണം ഗോവ ഗവര്‍ണര്‍ക്കും മെത്രാപ്പോലീത്തക്കും നല്‍കി. പിന്നീട് വെട്ടത്ത് രാജാവിന്റെ മകനും സാമൂതിരിയുടെ മരുമകനും കത്തോലിക്കരായത്രെ.
കടല്‍ കടന്ന് വന്നിരുന്ന മിഷനറിമാരെല്ലാം തന്നെ വൈദേശിക നിയന്ത്രണത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. വലിയ വിദേശ ഫണ്ടാണ് മതംമാറ്റത്തിനായി ഇന്നത്തെപ്പോലെ അന്നും വന്നിരുന്നത്. ഇങ്ങനെ അയച്ച തരുന്ന പണം മതം മാറ്റത്തിനായി തന്നെ ഉപയോഗിക്കുന്നുണ്ടെന്ന് വിദേശ സഭകള്‍ ഉറപ്പു വരുത്തിയിരുന്നത് ഈ മിഷണറിമാര്‍ അയച്ചുകൊടുത്തിരുന്ന റിപ്പോര്‍ട്ടുകളിലൂടെയാണ്. തങ്ങള്‍ക്ക് അനുകൂലമായി ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങള്‍ ഈ റിപ്പോര്‍ട്ട് വഴി ഈ മിഷനറിമാര്‍ അയച്ച് കൊടുത്തിരുന്നു. തങ്ങളുടെ പരിശ്രമത്താല്‍ മതംമാറി വരുന്ന ഹിന്ദു പ്രമാണിമാരുടെ നേതൃത്വത്തില്‍ വലിയ പള്ളികളും സെമിനാരികളുമൊക്കെ പണിതുവെന്ന് റിപ്പോര്‍ട്ട് അയയ്ക്കുന്നത് അക്കാലത്ത് ഒരു പതിവായിരുന്നു. വെട്ടത്ത് ക്രൈസ്തവ രാജ്യ വംശത്തെക്കുറിച്ചുള്ള കഥകളില്‍ ഈ റിപ്പോര്‍ട്ടിംഗ് അതിശയോക്തി കാണാം. ഇത്ര വലിയ മതപരിവര്‍ത്തനങ്ങളും ഘോഷയാത്രകളും നടന്നിട്ടും 1658ല്‍ വെട്ടത്ത് നാട്ടില്‍ 300 കത്തോലിക്കരെ ഉണ്ടായിരുന്നുള്ളൂവെന്ന് ജെസൂട്ട് വൈദികന്‍ ഫാ. വിന്‍ച്ചൊന്‍ സൊ രേഖപ്പെടുത്തിയിട്ടുണ്ട്. വെട്ടത്ത് കത്തോലിക രാജ്യ കഥയ്ക്ക് ചരിത്രത്തില്‍ സെന്റ് തോമാസ് കഥയുടെ സ്ഥാനമേ ഉള്ളു എന്നര്‍ത്ഥം.
ഇതുപോലെയുള്ള മറ്റൊരു രാജകഥയാണ് വില്ലാര്‍വട്ടം നസ്രാണി രാജാവിന്റേത്. വെട്ടത്ത് വംശം കോഴിക്കോടായിരുന്നെങ്കില്‍ ഇത് കൊച്ചിയിലാണ് എന്ന വ്യത്യാസം മാത്രം. ഈ രാജവംശത്തെക്കുറിച്ചുള്ള കേള്‍വി യൂറോപ്പ് വരെ എത്തിയെന്നും അവര്‍ ഇന്ത്യയിലേക്ക് വന്നതുതന്നെ ഈ ക്രിസ്ത്യന്‍ രാജാവിനെ കാണാനാണെന്നും ചില ക്രിസ്ത്യന്‍ ചരിത്രകാരന്മാര്‍ പറയുന്നു. കൊടുങ്ങല്ലൂരിന് തെക്കുഭാഗത്തുള്ള പാലിയത്ത് ദേശത്തിലാണ് ഈ വില്ലാര്‍വട്ടം നസ്രാണി രാജവംശമെന്നും ഇവര്‍ വാസ്‌കോ ഡി ഗാമയെ രാജകീയ അധികാരത്തോടെ സ്വീകരിച്ചുവെന്നുമൊക്കെ ചരിത്ര നിര്‍മ്മിതിയുണ്ട്. ഈ രാജാവിന് വില്ലാര്‍വട്ടം തോമാ രാജാവെന്ന പേരും നല്‍കിയിട്ടുണ്ട്.
ക്രിസ്ത്യാനികള്‍ അധിനിവേശ ശക്തികളല്ലെന്ന് വരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം ചരിത്ര നിര്‍മ്മിതികള്‍. പോര്‍ച്ചുഗീസുകാരുടെ വരവോടെ തുടങ്ങിയ ശാസ്ത്രീയമായ മതം മാറ്റ പ്രവര്‍ത്തനങ്ങളെ നാട്ടിലെ ബുദ്ധിയുള്ള രാജാക്കന്മാര്‍ എതിര്‍ത്തിരുന്നു എന്നതിന് തെളിവുകളുണ്ട്. വാസ്‌കോ ഡി ഗാമയെയും സംഘത്തിന്റെയും വരവോടെ മിഷണറിമാരുടെ വലിയൊരു കുത്തൊഴുക്ക് ഇന്ത്യയിലേക്കുണ്ടായി. മുസ്ലിമുകള്‍ നേരിട്ടും ഹിന്ദു രാജാക്കന്മാര്‍ പരോക്ഷമായും മിഷണറി പ്രവര്‍ത്തനത്തെ എതിര്‍ത്തിരുന്നു. പീരങ്കിയും കരിമരുന്നും പോലുള്ള ആയുധങ്ങളുടെ ബലത്തില്‍ പോര്‍ച്ചുഗീസുകാര്‍ എതിരാളികള്‍ക്ക് നേരെ മേല്‍കൈ നേടിയിരുന്നു.
1498 ല്‍ മതംമാറ്റത്തിനിറങ്ങിയ വിദേശ പാതിരി പെദ്രോ ഡി കോവില്‍ഹിനെ കോഴിക്കോട് വെച്ച് അറബികള്‍ കൊല ചെയ്തിരുന്നു. കോലത്ത് നാട്ടിലും കൊച്ചിയിലും നടന്ന മതപരിവര്‍ത്തന ശ്രമങ്ങളെ അവിടങ്ങളിലെ രാജാക്കന്മാര്‍ എതിര്‍ത്തിരുന്നു. ഇതിനൊരു പ്രധാന കാരണം ഒരാള്‍ മതംമാറുന്നതോടെ അയാള്‍ രാജ്യദ്രോഹിയായി മാറുന്നുവെന്നുള്ളതായിരുന്നു. മതം മാറുന്നവരെ ഉപയോഗിച്ച് സമാന്തര സൈന്യമുണ്ടാക്കി അതാത് രാജ്യക്കാരെ തന്നെ തങ്ങളുടെ ചൊല്‍പ്പടിയില്‍ നിര്‍ത്തുന്ന വിദേശതന്ത്രം രാജാക്കന്മാര്‍ തിരിച്ചറിഞ്ഞിരുന്നു. പക്ഷെ തമ്മില്‍ തമ്മില്‍ കലഹിച്ചിരുന്ന നാട്ടുരാജാക്കന്മാര്‍ പലപ്പോഴും ഈ അധിനിവേശ ശക്തികളുടെ വലയില്‍പ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ വിദേശികള്‍ക്കെതിരായ ചെറുത്തുനില്‍പ്പ് ദുര്‍ബലമായെന്ന് മാത്രമല്ല നിരവധി കേരള ക്രിസ്ത്യാനികളെ പോര്‍ച്ചുഗീസുകാര്‍ അവരുടെ താല്‍പ്പര്യാര്‍ത്ഥം തങ്ങളുടെ സൈനികാവശ്യത്തിനായി വരെ നന്നായി തന്നെ ഉപയോഗിക്കുകയും ചെയ്തു. ഗോവയില്‍ -മലാക്ക ദ്വീപില്‍ – പേര്‍ഷ്യന്‍ കടലിടുക്കിലെ ഓര്‍മസില്‍, ഏഡണില്‍, സിലോണില്‍ തുടങ്ങി പോര്‍ച്ചുഗീസുകാര്‍ക്ക് ആവശ്യമുള്ളിടത്തൊക്കെ മലയാളി നസ്രാണി സൈന്യം ഉണ്ടായിരുന്നു – ഇങ്ങനെ പോര്‍ച്ചുഗീസ് സൈന്യത്തിന്റെ ഭാഗമായ മാര്‍ത്തോമ ക്രിസ്ത്യാനികളെ റോമന്‍ കത്തോലിക്കരാക്കി പരിവര്‍ത്തനം ചെയ്യുന്ന പരിപാടിക്കും ഇവര്‍ തുടക്കം കുറിച്ചു. കൂടാതെ മിശ്രവിവാഹങ്ങളും ഏര്‍പ്പാടാക്കുവാന്‍ തുടങ്ങി. പോര്‍ച്ചുഗീസ് പട്ടാളക്കാരും മലയാളി സ്ത്രീകളും തമ്മിലായിരുന്നു ഇത്. ഇഷ്ടംപോലെ പണവും പാരിതോഷികങ്ങളും ഇതിനായി പറങ്കികള്‍ ചിലവഴിച്ചിരുന്നു. പതിവുപോലെ ഇവിടെയും സ്ത്രീകളായിരുന്നു ഇരകള്‍. നമ്മുടെ ശുദ്ധമനസ്‌ക്കരായ സ്ത്രീകള്‍ ആദ്യം കരുതിയിരുന്നത് അവരുടെ സൗന്ദര്യം കണ്ട് ഇഷ്ടപ്പെട്ട് സായിപ്പ് ഇവരെ വിവാഹം കഴിക്കുന്നതാണെന്നാണ്. എന്നാല്‍ അങ്ങിനെയായിരുന്നില്ല. ഇങ്ങനെ കെട്ടുന്ന പെണ്ണുങ്ങളെയും സന്തതിപരമ്പരകളെയും ലത്തിന്‍ സഭയില്‍ (കത്തോലിക്ക സഭാ) അംഗങ്ങളാക്കിയിരുന്നു. ആംഗ്‌ളോ ഇന്ത്യന്‍സ് എന്നാണ് ഇവര്‍ അറിയപ്പെടുന്നത്.
(തുടരും)