രാഷ്ട്രീയ നിരീക്ഷകരുടെയും തിരഞ്ഞെടുപ്പ് പ്രവചന വിദഗ്ധരുടെയും പ്രതീക്ഷകളെ തെറ്റിച്ചു കൊണ്ട് വലിയ ജനപിന്തുണയോടെ നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും രാജ്യത്ത് അധികാരത്തിലെത്തിയിരിക്കുന്നു . ഇന്ദ്രപ്രസ്ഥത്തിലെ ല്യൂട്ടിയന്‍ മാധ്യമങ്ങളേക്കാള്‍ തങ്ങള്‍ ജനങ്ങളുടെ വികാരം മനസ്സിലാക്കുന്നവരാണെന്ന ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവനയെ ശരിവെക്കുന്ന ഫലമാണ് പുറത്ത് വന്നിരിക്കുന്നത്.
അന്ധന്‍മാര്‍ ആനയെക്കണ്ടത് പോലെയായിരുന്നു പലരും മോദി സര്‍ക്കാറിനെ വിലയിരുത്തിയത്. എന്നാല്‍ വാസ്തവത്തില്‍ എന്താണ് സംഭവിച്ചത്? എങ്ങനെയാണ് ചരിത്രത്തില്‍ ആദ്യമായി ഒരു കോണ്‍ഗ്രസ് ഇതര സര്‍ക്കാരിന് പൂര്‍ണ ഭൂരിപക്ഷത്തോടെ തുടര്‍ ഭരണം കിട്ടിയത് ?
ഭരണവിരുദ്ധ വികാരമില്ല
ഒരു സര്‍ക്കാരിനെതിരെ ഭരണ വിരുദ്ധ വികാരം രൂപപ്പെടണമെങ്കില്‍ അടിസ്ഥാനപരമായി രണ്ട് ഘടകങ്ങള്‍ പ്രവര്‍ത്തിക്കണം. ഒന്ന് വിലക്കയറ്റം, മറ്റൊന്ന് അഴിമതി. യുപിഎ കാലത്ത് ഇരട്ട സംഖ്യയില്‍ കുതിച്ചിരുന്ന പണപ്പെരുപ്പ നിരക്ക് നിയന്ത്രിച്ച് അഞ്ചു വര്‍ഷക്കാലവും സ്ഥിരതയോടെ കൊണ്ടുപോകാന്‍ മോദിക്ക് കഴിഞ്ഞു. വിലക്കയറ്റത്തിനെതിരെ ഒരു സമരം നടത്താന്‍ പോലും അഞ്ച് വര്‍ഷക്കാലം പ്രതിപക്ഷത്തിന് അവസരം ലഭിച്ചില്ല.
റാഫേല്‍ എന്ന പേരില്‍ കെട്ടിപ്പൊക്കിയ വ്യാജ ആരോപണത്തില്‍ കവിഞ്ഞ് അഴിമതിയെന്ന വാക്ക് പോലും ഉച്ചരിക്കാനും പ്രതിപക്ഷത്തിന് അവസരം കിട്ടിയില്ല. സുപ്രീംകോടതിയെപ്പോലും തെറ്റായി വ്യാഖ്യാനിച്ച് നരേന്ദ്ര മോദിയെ ആക്ഷേപിച്ച രാഹുല്‍ ഗാന്ധിക്ക് അവസാനം സുപ്രീം കോടതിയില്‍ മൂന്ന് തവണ മാപ്പു പറയേണ്ടി വന്നു.
ഭരണവിരുദ്ധ വികാരം ഉണ്ടാവാനിടയുള്ള രണ്ട് സാഹചര്യങ്ങളും നരേന്ദ്ര മോദിക്കെതിരെ പ്രവര്‍ത്തിച്ചിട്ടില്ല എന്ന് നമുക്ക് കാണാന്‍ കഴിയും
എന്നുപറഞ്ഞാല്‍ 2014ല്‍ തുടങ്ങിയ താമരപ്പൂക്കാലം ഇനിയുമേറെ ദശകങ്ങള്‍ പിന്നിടുമെന്ന് ഈ തിരഞ്ഞെടുപ്പോടെ വ്യക്തമായി. ഭാരതമഹാരാജ്യത്തിന്റെ തങ്കത്താമരപ്പൂക്കാലമാണ് വരാനിരിക്കുന്നത് എന്ന് സാരം.
സദ്ഭരണത്തിന് കയ്യടി
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ പ്രസ്താവിച്ച ഒരു കാര്യം ശ്രദ്ധേയമായിരുന്നു. ഡല്‍ഹിയില്‍ നിന്നയക്കുന്ന ഒരു രൂപയില്‍ പതിനഞ്ച് പൈസയാണ് അര്‍ഹതപ്പെട്ട കൈകളില്‍ എത്തുന്നത് എന്നായിരുന്നു രാജീവിന്റെ പ്രസ്താവന. എന്നാല്‍ മോദി സര്‍ക്കാര്‍ ലാസ്റ്റ് മൈല്‍ ഡെലിവറി ഉറപ്പാക്കുന്നതില്‍ വിജയിച്ചു. സൗജന്യ ഗ്യാസ് കണക്ഷനായും പ്രധാനമന്ത്രി ഭവന പദ്ധതിയായും ശൗചാലയമായും വൈദ്യുതിയായും ഗ്രാമീണ റോഡുകളായും കിസാന്‍ സമ്മാന്‍ നിധിയായും വികസനവും സര്‍ക്കാര്‍ ആനുകൂല്യവും ദരിദ്രനില്‍ ദരിദ്രനായ പൗരന്റെ കയ്യിലും നേരിട്ടെത്തിച്ചത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു.
സാമ്പത്തിക ഉള്‍പ്പെടുത്തല്‍
സ്വാതന്ത്ര്യം കിട്ടി എഴുപതാണ്ടുകള്‍ക്കിപ്പുറവും സ്വന്തമായി ബാങ്ക് അക്കൗണ്ടില്ലാത്തവരായിരുന്നു ഭാരതീയരില്‍ ബഹുഭൂരിപക്ഷവും. അവരെ മുഴുവന്‍ ഔദ്യോഗിക സമ്പദ് വ്യവസ്ഥിതിയില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ച ജന്‍ ധന്‍ യോജനക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. ഡീ മോണിറ്റൈസേഷന്‍ വിജയിക്കണമെങ്കില്‍ ആദ്യം രാജ്യത്തെ മുഴുവന്‍ കുടുംബങ്ങളും ബാങ്കിംഗ് ശൃംഖലയുടെ ഭാഗമാകേണ്ടിയിരുന്നു. മാത്രമല്ല ആനുകൂല്യങ്ങള്‍ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കെന്ന പദ്ധതിയിലൂടെ പഴായിപ്പോയിരുന്ന പതിനായിരക്കണക്കിന് കോടി രൂപ ലാഭിക്കാനും കഴിഞ്ഞിരുന്നു. സ്വന്തമായി ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതോടെയാണ് ഒരു പൗരന്റെ ആത്മാഭിമാനത്തോടെയുളള അസ്തിത്വം സ്ഥാപിക്കപ്പെടുന്നത്. പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് തുല്യമായ ഒരു വികാരമാണത് സാധാരണക്കാനില്‍ സൃഷ്ടിക്കുന്നത്. തീര്‍ച്ചയായും ഭരണാനുകൂല വികാരം സൃഷ്ടിക്കുന്നതില്‍ ഈ ഘടകങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
പ്രതിപക്ഷ അനൈക്യം
രാഷ്ട്രീയ നിരീക്ഷകര്‍ പൊതുവേ നിരീക്ഷിച്ചിട്ടുള്ള ഒന്നാണ് ടിന ഫാക്ടര്‍ (There is no alternative). മോദിക്ക് പോന്ന എതിരാളിയില്ല എന്ന തോന്നല്‍ പ്രബലമായിരുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വിശ്വാസ്യത ഉണ്ടായിരുന്നില്ല. അമേഠിയില്‍ നിന്ന് വയനാട് എത്തിയതോടെ രാഹുല്‍ ഗാന്ധിയുടെ പരാജയ ഭീതി വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. പ്രതിപക്ഷം ഒരു തകര്‍ന്ന വീടായിരുന്നെങ്കില്‍ അമിത് ഷാ കെട്ടിപ്പൊക്കിയത് കാരിരുമ്പിന്റെ ബലമുളള കോട്ടയായിരുന്നു. യുപിയിലെ മഹാഗഡ്ബന്ധനില്‍ കോണ്‍ഗ്രസ് ചേര്‍ന്നില്ല അല്ലെങ്കില്‍ ചേര്‍ത്തില്ല. ഡല്‍ഹിയില്‍ കെജ്‌രിവാളുമായോ ബംഗാളില്‍ മമതയുമായോ ആന്ധ്രയില്‍ ചന്ദ്രബാബുവുമായോ സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസിനായില്ല. ആര്‍ജെഡിയുമായി സഖ്യത്തിലേര്‍പ്പെട്ട ബിഹാറിലും ജെഡിഎസ്സുമായി സഖ്യത്തിലേര്‍പ്പെട്ട കര്‍ണാടകയിലും അവസരവാദ സഖ്യങ്ങളെ ജനങ്ങള്‍ പാടെ തിരസ്‌കരിക്കുകയും ചെയ്തു. തമിഴ്‌നാട്ടിലും കേരളത്തിലുമൊഴികെ എവിടെയും കോണ്‍ഗ്രസിന് പച്ച തൊടാനായില്ല.
50 % പ്രതിഭാസം
ബിജെപി തൂത്ത് വാരിയ വലിയ സംസ്ഥാനങ്ങളിലെല്ലാം അമ്പത് ശതമാനത്തിലധികം പിന്തുണ നേടാന്‍ കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. ഭാവി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിര്‍ണ്ണയിക്കുന്നതില്‍ ഈ ശതമാനക്കണക്കിന് പ്രത്യേക പ്രാധാന്യമുണ്ടായിരിക്കും. ഒരു കാലത്ത് കോണ്‍ഗ്രസിന് മാത്രം സാധിച്ചിട്ടുള്ള ജനപിന്തുണയാണിത്. അത് സൂചിപ്പിക്കുന്നത് അടുത്ത അര നൂറ്റാണ്ട് ബിജെപിയുടേതാണ് എന്നാണ്.
സാമ്പത്തിക പരിഷ്‌കരണ നടപടികള്‍
സാധാരണയായി കടുത്ത സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്ന ഏതൊരു സര്‍ക്കാരും ജനങ്ങളുടെ അപ്രീതി പിടിച്ചുവാങ്ങേണ്ടതാണ്. തങ്ങള്‍ ജീവിക്കുന്ന കംഫര്‍ട്ട് സോണില്‍ പൊടുന്നനെ സംഭവിക്കുന്ന മാറ്റങ്ങള്‍ അത്ര പെട്ടെന്ന് ആര്‍ക്കും ദഹിക്കില്ല. എന്നാല്‍ ഡീ മോണിറ്റൈസേഷനും ജിഎസ്ടിയും ഉള്‍പ്പെടെ നിരവധി സുപ്രധാന സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പാക്കിയിട്ടും മോദി സര്‍ക്കാരിന് ജനപിന്തുണ വര്‍ദ്ധിച്ചു. ഒരു പക്ഷേ ലോകത്തെ മറ്റു പല സര്‍ക്കാരുകള്‍ക്കും ഇതൊരു പാഠ്യവിഷയമായേക്കാം. ഉദ്ദേശ്യശുദ്ധി ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ പ്രതികൂല സാഹചര്യങ്ങളിലും ജനപിന്തുണ നേടാം എന്ന് നരേന്ദ്ര മോദി തെളിയിച്ചിരിക്കുന്നു.
ദേശസുരക്ഷയില്‍ വിശ്വാസമര്‍പ്പിച്ചു
അതിര്‍ത്തി കടന്നെത്തിയ തീവ്രവാദത്തിനെതിരെ തിരികെ അതിര്‍ത്തി കടന്ന് നടത്തിയ പ്രഹരം രാജ്യത്തിന്റെ ആത്മാഭിമാനം ഉയര്‍ത്തിയ നടപടി തീര്‍ച്ചയായും ജനങ്ങള്‍ക്കിടയില്‍ മോദി സര്‍ക്കാരിലുള്ള വിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. തുക്ടേ തുക്ടേ എന്ന കുപ്രസിദ്ധ ഗ്യാംഗിനേറ്റ കനത്ത തിരിച്ചടിയാണ് കനയ്യ കുമാറിന്റെയും പ്രകാശ് രാജിന്റെയും പരാജയമെന്നത് ദേശസ്‌നേഹികളെ സന്തോഷിപ്പിക്കുന്നതാണ്.
കുടുംബവാഴ്ചക്ക് തിരിച്ചടി
രാഹുല്‍ ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ, കുമാര സ്വാമിയുടെ മകന്‍ നിഖില്‍ ഗൗഡ, ചന്ദ്രബാബു നായിഡുവിന്റെയും അശോക് ഗെഹ്‌ലാട്ടിന്റെയും മക്കള്‍, ഇവരുടെ തോല്‍വി കുടുംബവാഴ്ചക്കെതിരെയുള്ള വിധിയായി വിലയിരുത്താവുന്നതാണ്. ആഗോളവല്‍ക്കരണാനന്തര തലമുറക്ക് നെഹ്‌റു കുടുംബ പാരമ്പര്യ വാഴ്ത്തിപ്പാടലിനോട് പരമപുച്ഛമാണെന്ന് ഇനിയെങ്കിലും കോണ്‍ഗ്രസ് മനസിലാക്കേണ്ടിയിരിക്കുന്നു.
ഇനിയുമേറെ ദൂരം പോകാനുണ്ട്
കേരളവും തമിഴ്‌നാടും കൂടി നേടാതെയുള്ള വിജയം സമ്പൂര്‍ണമല്ല. രാജ്യ വിരുദ്ധ ശക്തികള്‍ക്ക് എക്കാലവും സൈദ്ധാന്തിക പരിസരം ഒരുക്കി നല്‍കുന്ന ഈ ഭൂമികയിലായിരിക്കും ഇനി വരും കാലം കൂടുതല്‍ സംഘടനാ ശ്രദ്ധ എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമൂഹിക നീതി ഉറപ്പു വരുത്തിയുള്ള സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പാക്കി നരേന്ദ്ര മോദിക്ക് രണ്ടാമൂഴത്തിലും ഏറെ മുന്നോട്ട് നടക്കാനുണ്ട്. ചരൈവേതി… ചരൈവേതി