തലസ്ഥാനനഗരത്തെ അഞ്ച് മണിക്കൂര്‍ സ്തംഭിപ്പിച്ചുകൊണ്ട് കെ.എസ്.ആര്‍.ടി.സിക്കാര്‍ നട ത്തിയ മിന്നല്‍ പണിമുടക്ക് രണ്ട് ദിവസം ചര്‍ച്ച ചെയ്ത് മൂന്നാം നാള്‍ നാം മറക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഭാരതമഹാരാജ്യത്ത് ഇത്തരം മിന്നല്‍ പണിമുടക്ക് ഏറ്റവും കൂടുതല്‍ നടക്കുന്നത് പ്രബുദ്ധകേരളത്തിലാണ്. കാരണം ജനാധിപത്യത്തിലെ സംഘടിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശങ്ങളെക്കുറിച്ച് മലയാളി ഏറെ ബോധവാനാണ്. പക്ഷെ സംഘടിച്ച് ചെയ്യുന്ന എല്ലാകാര്യങ്ങളും ജനാധിപത്യ അവകാശമാണെന്ന് തെറ്റിദ്ധരിച്ചാല്‍ പിന്നെ ക്രമസമാധാനം എന്നൊന്നുണ്ടാവില്ല. അത്തരമൊരു സംഘടിത അക്രമത്തിനാണ് ഇക്കഴിഞ്ഞ മാര്‍ച്ച് 4ന് തിരുവനന്തപുരം സാക്ഷ്യം വഹിച്ചത്. ആ അക്രമത്തില്‍ ഒരു നിരപരാധിയുടെ ജീവന്‍ പൊലിയുകയും ചെയ്തു.
സ്വകാര്യ ബസ്സുകളുടെ അനധികൃത സര്‍ വ്വീസ് തടഞ്ഞ കെ.എസ്.ആര്‍.ടി ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് നടത്തിയ മിന്നല്‍ പണിമുടക്കിന്റെ സ്വഭാവം സംഘടനാ ബലമുണ്ടെങ്കില്‍ പൊതുജനത്തിനുമേല്‍ എന്ത് അതിക്രമവും കാട്ടാമെന്ന ചിലരുടെ മനോവൈകൃതമാണ് തുറന്നുകാട്ടുന്നത്. യാത്ര ചെയ്യാന്‍ പണം നല്‍കി ബസ്സിലിരിക്കുന്ന യാത്രക്കാരനെ ലക്ഷ്യത്തിലെത്തിക്കേണ്ട കടമ ബസ് അധികൃതര്‍ക്കുണ്ട്. അത് യാത്രക്കാരന്റെ അവകാശമാണ്. അതിനുപകരം യാത്രക്കാരനെ വഴിയിലാക്കിക്കൊണ്ട് സമരം ചെയ്യുന്നത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല. അതിനെക്കാള്‍ ഗൗരവമായ സംഗതി പൊതുജനത്തിന്റെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞുകൊണ്ട് ബസ്സുകള്‍ വഴിയില്‍ നിരത്തിനിര്‍ത്തി ഗതാഗതം തടഞ്ഞു എന്നുള്ളതാണ്. സര്‍വ്വീസ് നടത്താത്ത വണ്ടികള്‍ വരെ ഗാരേജില്‍ നിന്നും കൊണ്ടുവന്ന് പൊതു നിരത്തില്‍ കുറുകെനിര്‍ത്തി തലസ്ഥാനത്തെ ജനങ്ങളെ ബന്ദിയാക്കിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ തോന്നിവാസത്തെ സമരമെന്ന് വിളിക്കാനാവില്ല. ഇത് തികഞ്ഞ ഗുണ്ടായിസമാണ്. അസംഘടിതരായ പൊതുജനത്തിന് അവകാശങ്ങള്‍ ഇല്ലെന്നാണ് ഇവര്‍ കരുതുന്നതെങ്കില്‍ രാജ്യത്തെ ജനാധിപത്യത്തിന്റെ ഭാവി അപകടത്തിലാണെന്ന് പറയേണ്ടിയിരിക്കുന്നു. രോഗികളേയും വഹിച്ചുകൊണ്ടുവരുന്ന ആംബുലന്‍സുകള്‍ക്കുപോലും കടന്നു പോകാന്‍ വയ്യാത്തവിധം ഗതാഗത സ്തംഭനമുണ്ടാക്കിയവര്‍ക്കെതിരെ പോലീസും ഭരണസിരാകേന്ദ്രത്തിലെ അധികൃതരും കാട്ടിയ കുറ്റകരമായ അനാസ്ഥയ്ക്ക് കൊടുക്കേണ്ടി വന്നവിലയാണ് ഗതാഗതകുരുക്കില്‍ പെട്ട് പൊലിഞ്ഞുപോയ ഒരു ജീവന്‍. ഹൃദ്‌രോഗിയായിരുന്ന സുരേന്ദ്രന്‍ എന്ന യാത്രക്കാരന്‍ ബസ് ലഭിക്കാതെ കിഴക്കേകോട്ടയില്‍ കുടുങ്ങിയത് നാല് മണിക്കൂറാണ്. തന്റെ ധാര്‍മ്മികരോഷവും പ്രതിഷേധവും ഉല്‍ക്കണ്ഠയും രേഖപ്പെടുത്തിയ ആ സാധുമനുഷ്യന്‍ ഒടുക്കം തളര്‍ന്നുവീണു. ആംബുലന്‍സിനു കടന്നുവരാന്‍ വഴികിട്ടാത്തതുകൊണ്ട് അരമണിക്കൂര്‍ വൈകിയാണത്രെ വണ്ടി വന്നത്. രണ്ടോ മൂന്നോ കിലോമീറ്റര്‍ മാത്രം ദൂരമുള്ള ആശുപത്രിയിലേക്ക് രോഗി യെ എത്തിക്കാന്‍ എടുത്ത സമയം മുക്കാല്‍ മണിക്കൂറാണ്. കാരണം കെ.എസ്.ആര്‍.ടി.സിക്കാര്‍ സൃഷ്ടിച്ച ഗതാഗതകുരുക്ക് അത്രയും ഭീകരമായിരുന്നു. ഭരണസിരാകേന്ദ്രത്തെ അഞ്ച് മണിക്കൂര്‍ ഏതാനും വിവരംകെട്ട നേതാക്കന്മാരുടെ അപക്വമായ തീരുമാനത്തിനെറിഞ്ഞുകൊടുത്ത അധികൃതരും മാപ്പര്‍ഹിക്കുന്നില്ല.
2018 ~ഒക്‌ടോബര്‍ 16ന് മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന ഇത്തരം ഒരു മിന്നല്‍ പണിമുടക്ക് മുന്നേ നടന്നിരുന്നു. ഇത് നിയമലംഘനമാണെ ന്നും സമരത്തിനു നേതൃത്വം കൊടുത്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അന്നത്തെ സിഎംഡി ടോമിന്‍ തച്ചങ്കരി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതാണ്. എന്നാല്‍ ആ റിപ്പോര്‍ട്ടിനു മേല്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടി എടുത്തതായി അറിവില്ല. പൊതുജനത്തിന് മുഖമില്ലാത്തതുകൊണ്ട് ഭരണകൂടത്തിന് അവരോട് എന്തുമാകാം എന്ന ധാരണ മാറേണ്ടതുണ്ട്. ഇനി കഴിഞ്ഞ ദിവസത്തെ പണിമുടക്കിനായി തിരഞ്ഞെടുത്ത സമയവും ശ്രദ്ധേയമാണ്. ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവത്തിന് കൊടിയേറിയ നാളുകളാണ്. തിരുവനന്തപുരം നഗരം തിരക്കുകൊണ്ട് വീര്‍പ്പുമുട്ടുമ്പോള്‍ തന്നെ വേണമായിരുന്നോ ജനങ്ങളെ ബന്ദിയാക്കുന്ന സമരം? ശത്രുരാജ്യത്തോടെന്ന പോലെയാണ് ജനങ്ങളോട് കെ.എസ്.ആര്‍.ടി.സി. യൂണിയന്‍ നേതാക്കള്‍ പെരുമാറിയത്.
പൊതുജനത്തിനും ജനാധിപത്യപരമായ ചില അവകാശങ്ങള്‍ ഉണ്ടെന്ന് എന്നാണ് രാഷ്ട്രീയ നേതാക്കളും സംഘടനകളും മനസ്സിലാക്കുക? തിരുവനന്തപുരത്തെ മിന്നല്‍പണിമുടക്കിന്റെ മറ്റൊരു രൂപം തന്നെയായിരുന്നു ദില്ലിയില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിക്കൊണ്ടിരുന്നത്. പൗരത്വനിയമഭേദഗതിക്കെതിരെ എന്ന പേരില്‍ ഷഹീന്‍ബാഗ്-കാളിക്കുഞ്ച് റോഡ് കയ്യേറി മൂന്നു മാസമായി നടത്തിയിരുന്ന സമരാഭാസം എത്ര യാത്രക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞു. ഭരണഘടന സംരക്ഷിക്കാനെന്ന പേരില്‍ നടത്തിയ ഈ ആഭാസസമരം പൗരന്റെ ഭരണഘടനാദത്തമായ സഞ്ചാരസ്വാതന്ത്ര്യത്തെ തന്നെയാണ് ഹനിച്ചത്. ഒടുക്കം അളമുട്ടിയ ജനങ്ങള്‍ പ്രതികരിച്ചുതുടങ്ങിയപ്പോള്‍ അത് വര്‍ഗ്ഗീയ കലാപമായി മാറിയതും 50 ഓളം ജീവഹാനി ഉണ്ടായതും നാം കണ്ടു. സമരങ്ങള്‍ പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കാതെ എങ്ങനെ നടത്താം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പൊതുജനത്തിന്റെ ശ്രദ്ധക്ഷണിക്കാന്‍ അവരെ ബന്ദിയാക്കണമെന്നില്ലല്ലോ. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനുമുന്നില്‍ നടപ്പാത കയ്യേറി നിര്‍മ്മിച്ചിരിക്കുന്ന നിരവധി സമരപ്പന്തലുകള്‍ കാണാം. ഇടയ്ക്ക് പോലീസ് സമരപ്പന്തലുകള്‍ നീക്കംചെയ്യുകയും വീണ്ടും രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെ പന്തല്‍ സ്ഥാപിക്കുകയും ചെയ്യുന്നതായാണ് കണ്ടു വരുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല വിശ്വാസികള്‍ എന്ന പേരില്‍ വിവിധ മത വിഭാഗങ്ങളും പൊതുനിരത്തുകള്‍ കയ്യടക്കി നടത്തുന്ന പരിപാടികള്‍ പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ല. രാഷ്ട്രീയത്തില്‍ പ്രതിഷേധങ്ങളും ധര്‍ണ്ണകളും ഒന്നും ഒഴിവാക്കാനാവില്ല. ആരോഗ്യകരമായ ജനാധിപത്യത്തിന് ജനവികാരം പ്രകടിപ്പിക്കാനുളള ഇത്തരം പരിപാടികള്‍ ആവശ്യമാണ്. പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയാതെ എങ്ങിനെ പ്രശ്‌നം പരിഹരിക്കാമെന്നു ചിന്തിക്കേണ്ടതുണ്ട്. കളക്‌ട്രേറ്റുകളുടെയും സെക്രട്ടറിയേറ്റിന്റെയും മുന്നില്‍ സമരത്തിനും പ്രതിഷേധത്തിനും പ്രത്യേകവേദി അധികൃതര്‍ തന്നെ ഉണ്ടാക്കി നല്‍കുക എന്നതാണ് ഈ പ്രശ്‌നത്തിനുള്ള പരിഹാരം. ഇത് പൊതുനിരത്തിനേയും നടപ്പാതയേയും തടസ്സപ്പെടുത്താത്തവിധത്തിലാവണമെന്നുമാത്രം.
രാഷ്ട്രീയ പ്രകടനങ്ങളും ഉത്സവങ്ങളും പെരുന്നാള്‍ ഘോഷയാത്രകളും പൊതു നിരത്തിലെ ഗതാഗതം തടയുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. പെരുന്നാള്‍ നിസ്‌ക്കാരമെന്ന പേരില്‍ പൊതുനിരത്ത് കയ്യേറി തടസ്സമുണ്ടാക്കുന്ന രീതികള്‍ വരെ ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സിക്കാര്‍ നടത്തിയ സമരാഭാസത്തില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ഇതൊന്നും. അതുകൊണ്ട് പൊതുനിരത്തില്‍ തടസ്സമുണ്ടാക്കുന്നത് ആരായാലും അത് ഗുരുതരമായ കുറ്റമായി കണക്കാക്കി നടപടി ഉണ്ടാകേണ്ടതുണ്ട്. വലിയ ജനകീയോത്സവങ്ങള്‍ പൊതുനിരത്തില്‍ നടക്കുന്നുണ്ടെങ്കില്‍ പകരം ഗതാഗതം തുറന്നുകൊടുക്കാന്‍ അധികൃതര്‍ക്ക് കഴിയണം. ഇല്ലെങ്കില്‍ പൊതുനിരത്തില്‍ രോഗികള്‍ ചികിത്സകിട്ടാതെ മരിക്കുകയും നിര്‍ദ്ദിഷ്ട കേന്ദ്രങ്ങളില്‍ സമയത്തിനെത്തിച്ചേരാതെ ജനങ്ങള്‍ കഷ്ടപ്പെടുകയും ചെയ്യും.
തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി നടത്തിയ സമരത്തെ മിന്നല്‍ പണിമുടക്കെന്ന് വിളിച്ച് ലളിതവല്‍ക്കരിക്കാന്‍ പാടില്ല. അത് മിന്നല്‍ ഹര്‍ത്താലോ സമരമോ ആയിരുന്നില്ല; ജനങ്ങള്‍ക്കുമേല്‍ നടത്തിയ മിന്നലാക്രമണമായിരുന്നു. അതിന്റെ ഇരയായി ഒരാള്‍ കൊല്ലപ്പെടുകയും ഉണ്ടായി. സംഘടനാ നേതാക്കള്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസ്സെടുക്കാനുള്ള ആര്‍ജ്ജവമാണ് സര്‍ക്കാര്‍ കാട്ടേണ്ടത്. അതുണ്ടാവില്ല എന്ന് അറിയാമെങ്കില്‍ തന്നെ അങ്ങനെ ആഗ്രഹിച്ചുപോകുകയാണ്.