പരമേശ്വര്‍ജിയെക്കുറിച്ചു സ്മരിക്കുന്ന മാത്രയില്‍ അദ്ദേഹത്തെക്കുറിച്ചറിയാവുന്ന എല്ലാവരുടേയും മനസ്സില്‍ ഉയര്‍ന്നുവരുന്ന ചിത്രം അസാമാന്യബുദ്ധിശാലി, അത്യുജ്ജ്വലവാഗ്മി, അനുഗ്രഹീതനായ എഴുത്തുകാരന്‍, ഭാവനാസമ്പന്നനായ കവി, മൗലികചിന്തകന്‍, കാമ്പുള്ള ഗ്രന്ഥകാരന്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന കഴിവുകളെല്ലാം ഒന്നുചേര്‍ന്ന ഒരു വ്യക്തിത്വമാണ്. ജന്മസിദ്ധമായതും സ്വപരിശ്രമംകൊണ്ട് നേടിയെടുത്തതുമായ വിശേഷഗുണങ്ങളെല്ലാം അദ്ദേഹത്തിന്റെ മാഹാത്മ്യത്തിന് മാറ്റു കൂട്ടി. ഇത്തരം വിശേഷകഴിവുകളില്‍ ഏതെങ്കിലുമൊന്ന് സിദ്ധമായിട്ടുണ്ടെങ്കില്‍തന്നെ ആയത് സ്വാര്‍ത്ഥചിന്തയോടെ ധനസമ്പാദനത്തിനും സ്ഥാനലബ്ധിക്കും പുരസ്‌ക്കാരങ്ങള്‍ നേടിയെടുക്കാനും മറ്റുമായി ഉപയോഗിക്കുന്ന ഇക്കാലത്ത് പരമേശ്വര്‍ജി തന്റെ മേല്‍പ്പറഞ്ഞ ഗുണങ്ങളെല്ലാം സമാജത്തിന്റേയും രാഷ്ട്രത്തിന്റേയും ഉന്നമനത്തിനായി സമര്‍പ്പിക്കാന്‍ തയ്യാറായി എന്നതായിരുന്നു അദ്ദേഹത്തിന്റെ മഹത്വം.
സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കവിതാരചനയില്‍ തനിക്ക് ഒന്നാം സ്ഥാനവും സഹപാഠിയായിരുന്ന വയലാറിന് രണ്ടാം സ്ഥാനവും ലഭ്യമായതിനെക്കുറിച്ച് പിന്നീട് അദ്ദേഹം പറഞ്ഞതിങ്ങനെ: ”……. ആയത് വയലാറിനാണ് കിട്ടിയിരുന്നതെങ്കില്‍ വളരെ നന്നായിരുന്നേനേ. കാവ്യോപാസകനായ അദ്ദേഹത്തിന്റെ കാര്യസിദ്ധിക്ക് അത് കൂടുതല്‍ പ്രോത്സാഹനവും സഹായകവുമാകുമായിരുന്നു. ഒരേ സമയത്ത് ഒരു വ്യക്തിക്ക് രണ്ടുപാസന സാധ്യമല്ലല്ലോ? അദ്ദേഹത്തിന്റെ ഉപാസനാമൂര്‍ത്തി കാവ്യദേവതയാണ്, എന്റേത് രാഷ്ട്രദേവതയും.”
കേരളത്തിന്റെ സാമൂഹ്യജീവിതത്തില്‍ ശക്തമായ ചലനങ്ങളുണ്ടാക്കാന്‍ തക്കവണ്ണമുള്ള നിരവധി പ്രക്ഷോഭങ്ങള്‍ അദ്ദേഹം നയിച്ചു. മലപ്പുറം ജില്ലാ വിരുദ്ധസമരം, 1921 ലെ മാപ്പിളലഹളയുടെ 50-ാം വര്‍ഷിക പരിപാടി എന്നിവയിലൂടെ വര്‍ഗ്ഗീയപ്രീണനത്തിനെതിരെയും വര്‍ഗ്ഗീയശക്തികളുടെ അഴിഞ്ഞാട്ടത്തിനെതിരെയും ശക്തമായ ജാഗരണം സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
1967 ല്‍ കോഴിക്കോട്ട് നടന്ന ഭാരതീയ ജനസംഘത്തിന്റെ അഖിലേന്ത്യാ സമ്മേളനവും പ്രകടനവും എല്ലാം പരമേശ്വര്‍ജിയുടെ സംഘാടനമികവിന്റേയും ദീര്‍ഘദൃഷ്ടിയുടേയും തെളിവായിരുന്നു. വയനാട്ടിലെ വനവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആദിവാസിസംഘത്തിന് രൂപം നല്‍കി. വയനാട്ടില്‍നിന്നും തിരുവനന്തപുരത്തേയ്ക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. മത്സ്യപ്രവര്‍ത്തകസംഘത്തിന്റെ പ്രവര്‍ത്തനങ്ങളുടെ പ്രേരകശക്തിയും പരമേശ്വര്‍ജിയായിരുന്നു.
പരമേശ്വര്‍ജി മാതൃകാസ്വയംസേവകനും മാതൃകാ പ്രചാരകനുമായിരുന്നു. ഏത് സംഘടനയുടെ ചുമതലയിലാണെങ്കിലും സ്വയംസേവകനെന്ന നിലയ്ക്കുള്ള പ്രാര്‍ത്ഥനയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് അദ്ദേഹം തയ്യാറായില്ല. വിചാരകേന്ദ്രത്തില്‍ അന്തേവാസികളുമൊന്നിച്ചുള്ള ഏകാത്മതാസ്‌തോത്രവും തുടര്‍ന്നുള്ള സംഘപ്രാര്‍ത്ഥനയും എന്ന കാര്യപദ്ധതി അദ്ദേഹം നടപ്പിലാക്കി. അവസാന നാളുകളില്‍ ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നപ്പോഴും നിര്‍ബന്ധപൂര്‍വ്വം കൃത്യമായി അദ്ദേഹം ഇതിനായി സന്നിഹിതനാകാറുണ്ടായിരുന്നു. കൃത്യനിഷ്ഠയില്‍ വളരെ നിര്‍ബ്ബന്ധബുദ്ധിക്കാരനായിരുന്നു.
മറ്റുരംഗത്ത് പ്രവര്‍ത്തിക്കുന്ന സമയത്തും അദ്ദേഹം സംഘത്തിന്റെ പ്രചാരകനാണെന്ന ബോധത്തോടെയുള്ള പ്രവര്‍ത്തനത്തിന്റെ മാതൃകയായിരുന്നു. ജനസംഘത്തിന്റെ പ്രചാരകനായിരുന്ന സമയത്ത് അദ്ദേഹം ഒരിക്കല്‍ കോട്ടയത്ത് ഒരു പരിപാടിക്കെത്തി. പരിപാടി കഴിഞ്ഞ് തിരിച്ചുപോകുന്നതിനു പകരം ആ ജില്ലയില്‍ പുതുതായി വിസ്താരകനായി എത്തിച്ചേര്‍ന്ന എന്നെ കാണാനായി അദ്ദേഹം ആനിക്കാട് ഗ്രാമത്തിലെത്തി. പരമേശ്വര്‍ജിയുടെ കൂടെയുള്ള അന്നൊരു ദിവസത്തെ താമസവും അദ്ദേഹം പറഞ്ഞ കാര്യങ്ങളുമെല്ലാം ഇന്നും മായാതെ മനസ്സില്‍ കിടക്കുന്നു. സാധാരണപ്രവര്‍ത്തകരെ വളര്‍ത്താന്‍ മുതിര്‍ന്ന പ്രചാരകനെന്ന നിലയില്‍ പരമേശ്വര്‍ജിയുടെ ജീവിതം ഇന്നും എന്നും മാതൃകയാണ്.
ഊണിലും ഉറക്കത്തിലും സംഘചിന്ത മാത്രമെന്ന് പറയാനെളുപ്പമാണ്. എന്നാല്‍ പരമേശ്വര്‍ജിയില്‍ അത് നേരിട്ട് കാണാന്‍ എനിക്ക് സൗഭാഗ്യമുണ്ടായി. അദ്ദേഹം യാത്രയിലൊരിക്കല്‍ ചെങ്ങന്നൂര്‍ കാര്യാലയത്തിലെത്തി. ഒറ്റമുറി കാര്യാലയമായിരുന്നു. അവിടെയുണ്ടായിരുന്ന ഒരു പത്തായം കട്ടിലാക്കി അദ്ദേഹം ഉറങ്ങി. താഴെ ഞാനും. എന്നാല്‍ 2 മണിയോടെ ലൈറ്റിട്ട് ചമ്രം പടിഞ്ഞിരുന്നു അദ്ദേഹം എന്തോ എഴുതിക്കൊണ്ടിരുന്നു. കാര്യാലയത്തിന്റെ അസൗകര്യംകൊണ്ട് അദ്ദേഹത്തിന് ഉറക്കം വരാതെയിരുന്നതാകാം എന്നു തോന്നി ഞാന്‍ അന്വേഷിച്ചപ്പോള്‍ പരമേശ്വര്‍ജി പറഞ്ഞത് ഉറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ മനസ്സില്‍ ഒരാശയം വന്നു. നാളെ രാവിലെ ആകുമ്പോഴേയ്ക്ക് ചിലപ്പോള്‍ മറന്നുപോകും. അതിനാല്‍ ഉടനെ എഴുതി വെയ്ക്കുകയാണെന്നായിരുന്നു.
രാഷ്ട്രീയ രംഗത്ത് ദീര്‍ഘകാലം പ്രവര്‍ത്തിച്ചെങ്കിലും ആ രംഗത്തെ ദൂഷ്യങ്ങള്‍ തെല്ലുപോലും അദ്ദേഹത്തെ ബാധിച്ചിരുന്നില്ല. രാജ്യസഭാംഗത്വത്തിനായി അദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിക്കപ്പെട്ടപ്പോള്‍ വിനയപുരസരം നിരസിക്കുക മാത്രമല്ല തന്റെ സഹപ്രവര്‍ത്തകനായ ഓ. രാജഗോപാലിന് നല്‍കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. കേന്ദ്രമന്ത്രിസ്ഥാനത്തിനും ഉപരാഷ്ട്രപതി പദത്തിനുമുള്ള നിര്‍ദ്ദേശങ്ങളും അതേല്ക്കാനുള്ള സമ്മര്‍ദ്ദങ്ങളും അദ്ദേഹം നിരസിച്ചു. അധികാരരാഷ്ട്രീയത്തില്‍നിന്നും വിട്ടുനിന്നുകൊണ്ടുള്ള സമാജസേവാപ്രവര്‍ത്തനത്തില്‍ തന്റെ സര്‍വ്വശക്തിയും സമര്‍പ്പിച്ചു അദ്ദേഹം.
1980 കളില്‍ ദില്ലിയിലായിരുന്നെങ്കിലും കേരളത്തിലെ രാഷ്ട്രീയസംഘര്‍ഷം അദ്ദേഹത്തെ അസ്വസ്ഥനാക്കി. പരമേശ്വര്‍ജി സ്വയം മുന്‍കൈയെടുത്ത് ഇ.എം.എസ്സിനേയും രാമമൂര്‍ത്തിയേയും കണ്ട് കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാനുള്ള ശ്രമം നടത്തി. തുടര്‍ന്നു ചില പരിശ്രമങ്ങളെല്ലാം നടന്നെങ്കിലും നിര്‍ഭാഗ്യവശാല്‍ അത് ഉദ്ദേശിച്ച ഫലം കണ്ടില്ല. സായുധസംഘര്‍ഷത്തെ ആശയതലത്തിലേയ്ക്ക് മാറ്റാന്‍ അദ്ദേഹം കാര്യമായ ശ്രമം നടത്തി. ഇ.എം.എസ്സുമായി പരമേശ്വര്‍ജി നടത്തിയ ആശയസംവാദം കേരളം എന്നും ആവേശത്തോടെ സ്മരിക്കുന്നതാണ്.
കേരളത്തിലെ സാമൂഹ്യസാംസ്‌കാരികമണ്ഡലങ്ങളില്‍ ദൂരവ്യാപകമായ പരിവര്‍ത്തനങ്ങളുണ്ടാക്കാന്‍ അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ക്ക് സാധിച്ചു. രാമായണമാസാചരണവും സംസ്‌കൃതം-യോഗ-ഗീത എന്ന ത്രിത്വത്തിന്റെ പ്രചരണവും എല്ലാം അതിന്റെ ഭാഗങ്ങളാണ്.
സംഘപരിവാര്‍ കാര്യകര്‍ത്താക്കളെ ആശയസംവാദത്തിന് സജ്ജരാക്കാന്‍ അദ്ദേഹം അശ്രാന്തം പരിശ്രമി ച്ചു. എല്ലാ പരിവാര്‍ സംഘടനകളുടെയും കാര്യകര്‍ത്താക്കളുടെ യോഗങ്ങളില്‍ അദ്ദേഹത്തിന്റെ അനിവാര്യസാന്നിദ്ധ്യവും മാര്‍ഗ്ഗദര്‍ശനവുമുണ്ടായിരുന്നു.
കഴിഞ്ഞ മൂന്നു-നാലു വര്‍ഷമായി അദ്ദേഹത്തിന് മാനസികമായ ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു എന്നാലും സംഘവും സ്വാമി വിവേകാനന്ദനും ഭാരതവുമൊന്നുമല്ലാതെ മറ്റൊന്നും അദ്ദേഹത്തില്‍നിന്ന് കേള്‍ക്കുവാന്‍ സാധിക്കുമായിരുന്നില്ല. അവസാനദിവസങ്ങളിലും കാണാന്‍ വന്നവരെ അദ്ദേഹം വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം മുഴുവന്‍ കേള്‍പ്പിക്കുമായിരുന്നു. രാമകൃഷ്ണമഠത്തില്‍നിന്നും ദീക്ഷിതനാണെന്നതിനാല്‍ അദ്ദേഹം നിത്യേന രാമകൃഷ്ണപരമഹംസരെ സ്തുതിക്കുന്ന ശ്ലോകം ചൊല്ലിയിരുന്നു. ”ത്രേതായുഗത്തിലെ രാമനും ദ്വാപരയുഗത്തിലെ കൃഷ്ണനും തന്നെയാണ് കലിയുഗത്തില്‍ രാമകൃഷ്ണനായി അവതരിച്ചത്” എന്ന് അദ്ദേഹം ഇടയ്ക്കിടെ പറയുമായിരുന്നു. അതോടൊപ്പം പണ്ട് പഠിച്ചുവെച്ച അനവധി കവിതാശകലങ്ങളും മറ്റും ചൊല്ലിക്കേള്‍പ്പിക്കാറുണ്ടായിരുന്നു.
പരമേശ്വര്‍ജിയുടെ സഹപ്രവര്‍ത്തകരായിത്തീരാനും അദ്ദേഹത്തെ കാണാനും കേള്‍ക്കാനും സാധിച്ച എല്ലാവരും നിശ്ചയമായും ഭാഗ്യശാലികളാണ്. അദ്ദേഹത്തിന്റെ അനശ്വരമായ സ്മരണയ്ക്കു മുന്നില്‍ നമ്മുടെയെല്ലാം ആദരാഞ്ജലികളര്‍പ്പിക്കുന്നതോടൊപ്പം ആ മഹദ്ജീവിതത്തില്‍നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് സമാജജീവിതത്തില്‍ മാറ്റം വരുത്തുക എന്ന അദ്ദേഹത്തിന്റെ സ്വപ്‌നം പൂര്‍ത്തിയാക്കാന്‍ ഒത്തുശ്രമിക്കാമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം.