തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെ ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര സര്‍ക്കാരിനും രാജ്യത്തിനുമെതിരെ പൊതു വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാ സംഘ് (എ.ബി.ആര്.എസ്.എം) ദേശീയ സെക്രട്ടറി പി.എസ് ഗോപകുമാര്‍ ആവശ്യപ്പെട്ടു.
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശാസ്ത്ര കലാജാഥയുടെ ഭാഗമായി അവതരിപ്പിക്കുന്ന ‘ആരാണിന്ത്യക്കാര്‍’ എന്ന നാടകത്തിലൂടെ നിയമ വിരുദ്ധമായ ആശയമാണ് ചെറിയ കുട്ടികളിലേക്ക് പകരുന്നത്.
വ്യത്യസ്ത ചിന്താഗതിക്കാരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പൊതു വിദ്യാലയങ്ങളെ കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ പ്രചാ രണത്തിന് ഉപയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല.
വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ മുമ്പ് ആക്ഷേപകരമായ മുദ്രാവാക്യം വിളിപ്പിച്ച വിദ്യാലയാധികാരികള്ക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായിരുന്നെങ്കില്‍ ഇത്തരം വൃത്തികേടുകള്‍ ആവര്‍ത്തിക്കില്ലായിരുന്നു.
പൊതു വിദ്യാലയങ്ങളെ സംഘര്‍ഷ ഭൂമിയാക്കാനുള്ള നീക്കത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണം. പരിഷത്തിന്റെ നിയമവിരുദ്ധ ജാഥയ്ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉടന്‍ വിലക്കേര്‍പ്പെടുത്താനും അധികൃതര്‍ തയാറാകണം. ഇക്കാര്യമാവശ്യപ്പെട്ട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കത്ത് നല്‍കുമെന്നും ഗോപകുമാര്‍ പ്രസ്താവിച്ചു.