തിരുവനന്തപുരം: തപസ്യ കലാ-സാഹിത്യ വേദിയുടെ നാല്പത്തിനാലാം സംസ്ഥാന വാര്‍ഷികോത്സവത്തിന്റെ മുന്നോടിയായി ‘ഒ.വി വിജയന്‍ മലയാളത്തിലെ പ്രവാചക സ്വരം’ എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു.
തപസ്യ കലാ സാഹിത്യ വേദി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് എം.പി.ബിപിന്‍ ചന്ദ്രന്റെ അധ്യക്ഷതയില്‍ സാഹിത്യ വിമര്‍ശകനും തിരക്കഥാകൃത്തുമായ ഡോ.വി.രാജകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മലയാള സാഹിത്യത്തിലെ ഗതി മാറ്റത്തിന് തുടക്കം കുറിച്ച സാഹിത്യകാരനായ ഒ.വി വിജയന്റെ അടിയന്തിരാവസ്ഥക്കെതിരെയുള്ള വിമര്‍ശനമാണ് ധര്‍മ്മപുരാണത്തില്‍ കാണാനാകുകയെന്ന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
മലയാള സാഹിത്യത്തില്‍ കുമാരനാശാന് ശേഷം രണ്ടു വിരുദ്ധ ധ്രുവങ്ങളുടെ ആത്മസംഘര്‍ഷമേറ്റുവാങ്ങിയ എഴുത്തുകാരനാണ് ഒ.വി വിജയനെന്ന് വിഷയമവതരിപ്പിച്ച് സംസാരിച്ച ഭാഷാനിരൂപകനും സാഹിത്യകാരനുമായ പ്രൊഫ.ഡോ.എ.എം.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. നെഹ്‌റുവിയന്‍ ആശയങ്ങളെ ചേര്‍ത്തു പിടിച്ച വിജയന്‍ അടിസ്ഥാന ദര്‍ശനങ്ങളില്‍ നിന്നുള്ള അതിന്റെ വ്യതിചലനങ്ങളെ നിശിതമായി വിമര്‍ശിക്കാനും മടി കാണിച്ചില്ല. ഒ.വി വിജയന്റെ രചനകളില്‍ പ്രവാചകത്വം വെളിവാക്കുന്ന തരത്തില്‍ പിന്നീടിങ്ങോട്ടുള്ള കേരളത്തിന്റെ ഒട്ടേറെ സൂചനകള്‍ കാണാനാകും.
ചിലര്‍ ബോധപൂര്‍വ്വം നടത്തുന്ന പുതിയ വായനയോടെ ഒ.വി. വിജയന്‍ സാഹിത്യകാരനെന്ന നിലയില്‍ തിരസ്‌കരിക്കപ്പെട്ടു വരികയാണെന്ന് സെമിനാറില്‍ പങ്കെടുത്ത് സംസാരിച്ച കവിയും തപസ്യ സംസ്ഥാന ഉപാധ്യക്ഷനുമായ കല്ലറ അജയന്‍ ചൂണ്ടിക്കാട്ടി. സര്‍ഗ്ഗാത്മക എഴുത്തുകാരനെന്ന നിലക്ക് തന്റെ ഓരോ രചനയിലും ഭാരതീയ ദര്‍ശനങ്ങളും ചില സൂചനകളും നല്‍കുകയായിരുന്നു വിജയനെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തപസ്യ കലാ സാഹിത്യ വേദി ജില്ലാ സെക്രട്ടറി ടി.എസ്.ശ്രീജിത്ത് സ്വാഗതവും ഡോ. സുജാത നന്ദിയും പറഞ്ഞു. പരിപാടിയില്‍ നിരവധി സാംസ്‌കാരിക, സാഹിത്യ പ്രതിഭകള്‍ പങ്കെടുത്തു.