തൃശ്ശൂര്‍: അധികാരത്തിനു വേണ്ടിയുള്ളതോ ആര്‍ക്കെങ്കിലും എതിരായുള്ളതോ അല്ല ആര്‍.എസ്.എസ് പ്രവര്‍ത്തനമെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സംഘം ഒരു നൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്നത് ഭാരതത്തിന്റെയും അതുവഴി ലോകത്തിന്റെയും നന്മയും ക്ഷേമവും ലക്ഷ്യമാക്കി മാത്രമാണ്. മതത്തിന്റെയോ ജാതിയുടേയോ പ്രദേശത്തിന്റെയോ ഭാഷയുടെയോ പേരില്‍ ആരെയും സംഘം അന്യരായി കാണുന്നില്ല. സംഘശതാബ്ദിയോടനുബന്ധിച്ച് തൃശ്ശൂര്‍ ഹയാത്തില്‍ ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നില്‍ സംഘ യാത്രയുടെ നൂറ് വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും ഒന്നാണ് എന്നതാണ് സംഘത്തിന്റെ കാഴ്ചപ്പാട്. ഹിന്ദു എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെയാണ്. ആ നിലക്ക് നമ്മളെല്ലാവരും ഹിന്ദുക്കളാണ്. ഏതു മതത്തിലും ദൈവത്തിലും വിശ്വസിക്കുന്നവരും ഹിന്ദുക്കളാണ്. വൈവിധ്യങ്ങള്‍ മനുഷ്യ സഹജമാണ്. അതിനിടയില്‍ മനുഷ്യരെ ഒന്നിപ്പിക്കുന്ന ഘടകം ധര്‍മ്മമാണ്. ഹിന്ദു ധര്‍മ്മമെന്നത് ലോക നന്മക്കുതകുന്ന മാനുഷിക മൂല്യങ്ങളാണ്. എല്ലാ വൈവിധ്യങ്ങള്‍ക്കിടയിലും ഈ മൂല്യങ്ങളാണ് ഭാരതത്തിന്റെ ശക്തിയും ഐക്യവും. സത്യം, കരുണ, ശുചിത്വം, തപസ് എന്നിവയാണ് ധര്‍മ്മത്തിന്റെ അടിസ്ഥാനം. ആരാധനാ സമ്പ്രദായവുമായി അതിന് ബന്ധമില്ല. സമൂഹത്തില്‍ ഇത്തരം മൂല്യബോധമുള്ള വ്യക്തികള്‍ ഉണ്ടാകുമ്പോഴാണ് ഗുണപരമായ പരിവര്‍ത്തനം ഉണ്ടാകുന്നത്.
ഓരോ ഗ്രാമങ്ങളിലും ഇത്തരം വ്യക്തികളെ സൃഷ്ടിക്കാനാണ് സംഘപ്രവര്‍ത്തനം. സംഘത്തിന്റെ ഏക പ്രവര്‍ത്തനം ശാഖകള്‍ നടത്തുക എന്നതാണ്. അതുവഴി സൃഷ്ടിക്കപ്പെടുന്ന വ്യക്തികള്‍ സമൂഹത്തില്‍ വ്യത്യസ്ത മേഖലകളില്‍ പരിവര്‍ത്തനത്തിനായി പ്രവര്‍ത്തിക്കുന്നു. ഓരോ രംഗത്തും പ്രവര്‍ത്തനങ്ങള്‍ സുതാര്യമായും സംശുദ്ധമായുമാണ് നടക്കുന്നത്. സംഘം അവയെ നിയന്ത്രിക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയംസേവകനാണ്. പക്ഷേ പ്രധാനമന്ത്രി എന്ന നിലയില്‍ ഭരണഘടനയനുസരിച്ച് അദ്ദേഹം പ്രവര്‍ത്തിക്കുന്നു. സംഘം അതില്‍ ഇടപെടുന്നില്ല. സേവാഭാരതി ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ സ്വതന്ത്രമായി നടക്കുന്നു. സംഘത്തില്‍ നിന്നു ലഭിച്ച ആശയപരമായ സ്വാധീനമല്ലാതെ മറ്റൊരു നിയന്ത്രണവും ആരുടെ മേലും ചെലുത്തുന്നില്ല. സംഘത്തെ മനസിലാക്കാന്‍ മാറിനിന്ന് വിമര്‍ശിക്കുന്നതുകൊണ്ട് കഴിയില്ല. സംഘത്തെ ഉള്ളില്‍ വന്ന് മനസ്സിലാക്കാവുന്നതാണ്. ഒരു തരത്തിലുള്ള തടസവുമില്ല. സംശുദ്ധമായ ജീവിതം, സമൂഹത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനം എന്നിവ പുലര്‍ത്തുന്ന എല്ലാവരും സ്വയംസേവകരാണ് എന്നതാണ് സംഘത്തിന്റെ കാഴ്ചപ്പാട്.സംഘപ്രവര്‍ത്തനം, സ്വയംസേവകരുടെ ജീവിതം എന്നിവ വഴി വേണം സംഘത്തെ മനസിലാക്കാന്‍ എന്നും ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. ഉത്തര കേരളം പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം, തൃശ്ശൂര്‍ വിഭാഗ് സംഘചാലക് കെ.എസ്. പത്മനാഭന്‍, വിഭാഗ് സഹകാര്യവാഹ് കെ.രാജേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി, മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി തുടങ്ങി നിരവധി പ്രമുഖര്‍ സദസ്സിലുണ്ടായിരുന്നു.
പ്രഭാഷണത്തിന് മുന്നോടിയായി വിശ്വസംവാദകേന്ദ്രം തയ്യാറാക്കിയ ഹൃസ്വ ചലച്ചിത്രം പ്രദര്‍ശിപ്പിച്ചു. പഞ്ചപരിവര്‍ത്തനത്തെ വിശദമാക്കുന്ന പ്രദര്‍ശിനിയും ഉണ്ടായിരുന്നു.
രജിസ്‌ട്രേഷന്‍ വിവാദം: രാഷ്ട്രീയ പ്രേരിതം
തൃശൂര്‍: ആര്‍.എസ്.എസ് നൂറു വര്‍ഷമായി ഭാരതത്തില്‍ സുതാര്യമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നും ഇനി പുതിയതായി ഒരു രജിസ്‌ട്രേഷനും ചെയ്യേണ്ട ആവശ്യമില്ല എന്നും ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. കര്‍ണാടക സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായാണ് ഇക്കാര്യം പറഞ്ഞത്. ഇക്കാര്യത്തില്‍ സംഘത്തിന് യാതൊരു ആശങ്കയുമില്ല. രാജ്യത്ത് എല്ലായിടത്തും നൂറ് വര്‍ഷമായി തുറന്ന മൈതാനങ്ങളിലാണ് ആര്‍.എസ്.എസ്. ശാഖകള്‍ നടത്തുന്നത്. യാതൊരു രഹസ്യങ്ങളുമില്ല. സംഘത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് സമൂഹത്തിന് ബോധ്യമുണ്ട്. ഇത്തരം നിര്‍ദ്ദേശങ്ങള്‍ക്കുപിന്നില്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ മാത്രമാണുള്ളത്. ഇവരുടെ മുന്‍ഗാമികളും സംഘത്തിനു മേല്‍ ഇത്തരം നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു. അതിനെയെല്ലാം സംഘം അതിജീവിക്കുകയാണ് ചെയ്തത്. ചിലയിടങ്ങളില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കു നേരെ നടന്ന അക്രമ സംഭവങ്ങളില്‍ സംഘത്തിന് പങ്കില്ലെന്ന് മറ്റൊരു ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. അത്തരം അക്രമങ്ങളെ സംഘം അംഗീകരിക്കുന്നില്ല. മതപരിവര്‍ത്തന ശ്രമങ്ങള്‍ പലയിടത്തും ഇത്തരം സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നുണ്ടോയെന്ന് പരിശോധിക്കണം. സ്വയംപ്രേരിതമായി മതം മാറുന്നതില്‍ സംഘം എതിരല്ല. ഏതെങ്കിലും മതത്തെ അവഹേളിക്കുന്നതോ ബലമായി മതപരിവര്‍ത്തനം നടത്തുന്നതോ തെറ്റാണ്. ചര്‍ച്ചകളിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കണം. അക്രമം കാണിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം അദ്ദേഹം പറഞ്ഞു.
















