പൂനെ: ഭ്രഷ്ടരാക്കപ്പെട്ട ജനവിഭാഗത്തെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് സേവാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും അതിന്റെ പ്രേരണ ആത്മീയ മൂല്യങ്ങളാണെന്നും ആര്.എസ്.എസ്. സഹസര്‍കാര്യവാഹ് ഡോ. മന്മോഹന് വൈദ്യ അഭിപ്രായപ്പെട്ടു. പൂനെയില്‍ 2 ദിവസത്തെ സേവാസംഗമ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സേവനം പരമമായ ധര്‍മ്മമായാണ് നാം കരുതിപ്പോന്നത്. അത് മനുഷ്യന്റെ അഹങ്കാരത്തെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൂനെ കോര്പ്പറേഷന് മേയര്‍ മിര്ലിധര് മൊഹൊല്‍ അധ്യക്ഷതവഹിച്ചു. പൂനെയുടെ ശുചിത്വത്തിന്റെ അംബാസിഡര്‍ എന്ന് വിളിക്കുന്ന മഹാദേവ് ജാധവ്, ചലച്ചിത്ര നടി യുക്താമുഖി, പൂനെ ഡെപ്യൂട്ടി മേയര്‍ സരസ്വതി ഷെണ്ജെ. ആര്.എസ്.എസ് പൂനെ മഹാനഗര്‍ സംഘചാലക് രവീന്ദ്ര വാഞ്ചവഡ്കര് എന്നിവര്‍ ഉദ്ഘാടന സഭയില്‍ സംസാരിച്ചു. ചടങ്ങില്‍ മഹാദേവ് ജാധവിനെ ഡോ. മന്മോഹന് വൈദ്യ ആദരിച്ചു. സമാപനസഭയില്‍ ആര്.എസ്.എസ്. മുന്‍ അഖിലഭാരതീയ സേവാ പ്രമുഖ് സുഹാസ് റാവു ഹിരേമഠ് മുഖ്യപ്രഭാഷണം നടത്തി. അഖിലഭാരതീയ അടിസ്ഥാനത്തില്‍ ഒന്നരലക്ഷത്തിലധികം സേവാപദ്ധതികള്‍ ആര്.എസ്.എസ് നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വയംപര്യാപ്തമായ വ്യക്തികളേയും സമൂഹത്തേയും വാര്‍ത്തെടുക്കുകയാണ് ഈ പ്രവര്‍ത്തനങ്ങളുടെ മുഖ്യ ഉദ്ദേശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുകുള്‍ ജാധവ് ഫൗണ്ടേഷന് ചെയര്‍പേഴ്സണ്‍ റിതു ഛബാഡിയ അധ്യക്ഷത വഹിച്ചു.