വേഷവും ഭാഷയും ആഹാരവുമൊക്കെ വ്യത്യസ്ത ദേശങ്ങളെ അടയാളപ്പെടുത്തുന്നതുപോലെ ഓരോരോ നാടിന് അതിന്റെ പ്രകൃതിക്കും പരിസ്ഥിതിക്കും ഇണങ്ങുന്ന ചില ഉപജീവനമാര്‍ഗങ്ങളുമുണ്ടാകും.’ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം ഗുണകര്‍മ വിഭാഗശ:’ എന്ന ഗീതാവാക്യം ധരിച്ചോ തെറ്റിദ്ധരിച്ചോ കര്‍മ്മാടിസ്ഥാനത്തില്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പ് തന്നെ പ്രത്യേക സമുദായങ്ങളും ജാതികളും രൂപപ്പെടുകയും അവര്‍ ചെയ്യുന്ന ജോലി കുലത്തൊഴിലായി മാറുകയും ചെയ്തു. അനുഗൃഹീതമായിരുന്നു അവയൊക്കെ. ശുദ്ധമായ അര്‍പ്പണവും കലാബോധവും ഇഴുകിച്ചേര്‍ന്ന അധ്വാനം ഉദാത്തമായ കലാസൃഷ്ടികള്‍ക്ക് ഉദാഹരണമായി. പക്ഷേ അവ സൃഷ്ടിച്ചവന്റെ കലാബോധത്തെ ആരും ഗൗനിച്ചില്ല. കലാകാരന്‍ എന്നവന്‍ അംഗീകരിക്കപ്പെട്ടുമില്ല. പകരം കല്ലാശാരിയെന്നും മരയാശാരിയെന്നും കല്‍പ്പണിക്കാരനെന്നുമൊക്കെ തരംതിരിക്കപ്പെട്ട് ചെയ്യുന്ന ജോലി ജാതി അടയാളമാക്കി സമൂഹം ഒരു ഓരത്തേക്ക് അവര്‍ക്ക് ഇരിപ്പിടം നല്‍കി. എന്നിട്ടും തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് ആ കൈത്തൊഴിലുകള്‍ അല്ലെങ്കില്‍ കലാസൃഷ്ടികള്‍ കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരുന്നു. കുന്നും മലയും പുഴയും നിറയെ കൃഷിസ്ഥലങ്ങളുമായി ഹരിതാഭയണിഞ്ഞുനിന്ന കേരളത്തിന് സ്വന്തം മുഖം നഷ്ടപ്പെട്ടുതുടങ്ങിയപ്പോള്‍ നാടിന്റെ സാംസ്‌കാരിക മുഖമുദ്രകളായിരുന്ന കുലത്തൊഴിലുകാര്‍ പതുക്കെ അരങ്ങൊഴിഞ്ഞു തുടങ്ങി. അവശേഷിക്കുന്നവര്‍ മറ്റ് നിവൃത്തിയില്ലാതെ നിതൃവൃത്തിക്കായി ആരുമേറ്റെടുക്കാനില്ലാത്ത കൈവിരുതിന്റെ കലാരൂപങ്ങളുടെ അവസാനസൃഷ്ടിയിലാണ്.
വിശ്വകര്‍മ്മ വിഭാഗത്തിന്റെ അറിവും നൈപുണ്യവും പുതിയ തലമുറ എങ്ങനെ മനസ്സിലാക്കുന്നു എന്നും നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന കുലത്തൊഴിലിന്റെ ഭാവിയെന്താണെന്നും അന്വേഷിച്ചിറങ്ങിപ്പോള്‍ ബോധ്യപ്പെട്ടു, എണ്ണ വറ്റിത്തുടങ്ങിയ വിളക്കുപോല്‍ പഴയ തലമുറയില്‍പ്പെട്ട ഏതാനും ചിലരില്‍ മങ്ങിക്കത്തി കെടാന്‍ തുടങ്ങുകയാണ് തലമുറകളാല്‍ വാഴ്ത്തപ്പെട്ട വിശ്വകര്‍മ്മജരുടെ സര്‍ഗസൃഷ്ടി. കേരളത്തിന്റെ സ്വന്തം കുലത്തൊഴില്‍ മേഖലകളിലൂടെ ഞങ്ങള്‍ നടത്തിയ സഞ്ചാരം വിളിച്ചു പറയുന്നുണ്ട് അതിന്റെ കെട്ടുതുടങ്ങിയ ഭാവി.
ആശാരി, മൂശാരി, കൊല്ലന്‍, തട്ടാന്‍, ശില്പി എന്നിവരുള്‍പ്പെട്ട സമുദായത്തെയാണ് പൊതുവെ വിശ്വകര്‍മ്മജരെന്ന് പറയുന്നത്. ഈ വിശ്വത്തിന്റെ സ്രഷ്ടാവായ വിശ്വകര്‍മാവിനെ ദൈവമായി ആരാധിക്കുന്നവരാണിവര്‍. ഭഗവാന്‍ വിശ്വകര്‍മ്മാവ് തന്റെ ശരീരത്തില്‍ നിന്നും ദേവി ഗായത്രിയെ സൃഷ്ടിച്ചെന്നും ഇവരുടെ പുത്രന്മാരാണ് മനു, മയന്‍, ത്വഷ്ടാവ്, ശില്പി, വിശ്വജ്ഞന്‍ എന്നുമാണ് വിശ്വാസം. ഇരുമ്പുപണിക്കാരനായ മനു ഋഗ്വേദത്തിലും മരപ്പണിക്കാരനായ മയന്‍ യജുര്‍ വേദത്തിലും ഓട് ശില്പിയായ ത്വഷ്ടാവ് സാമവേദത്തിലും കല്പണിക്കാരനായ ശില്പി അഥര്‍വ്വ വേദത്തിലും സ്വര്‍ണ്ണപണിക്കാരനായ വിശ്വഗ്‌നന്‍ പ്രണവ വേദത്തിലും വൈദഗ്ദ്ധ്യം നേടിയെന്നും വിശ്വസിക്കപ്പെടുന്നു. ഭാദ്രമാസത്തിലെ വെളുത്തപക്ഷ പഞ്ചമി നാളില്‍ പഞ്ചഋഷികള്‍ക്ക് ലോകസ്രഷ്ടാവായ വിശ്വകര്‍മ്മ ദേവന്‍ തന്റെ വിശ്വസ്വരൂപം ദര്‍ശനം നല്‍കി അനുഗ്രഹിച്ചെന്നാണ് വിശ്വാസം. ആ സ്മരണ പുതുക്കി ആഘോഷിക്കുന്ന ഋഷിപഞ്ചമിയാണ് വിശ്വകര്‍മ്മജരുടെ വിശ്വകര്‍മ്മ ജയന്തി. വാസ്തുവിദ്യ, തച്ചു ശാസ്ത്രം, ശില്പ ശാസ്ത്രം, ജ്യോതിഷം എന്നിവയില്‍ പ്രഗല്‍ഭരായിരുന്നു വിശ്വകര്‍മ്മജരുടെ പൂര്‍വ്വികര്‍. വരേണ്യക്കാരുടെ കുത്തകയായിരുന്ന സംസ്‌കൃതത്തിലും മറ്റ് ശാസ്ത്രങ്ങളിലുമൊക്കെ പാണ്ഡിത്യം നേടിയ ആശാരിമാരുടെയും ശില്‍പ്പികളുടെയും കഥ കേരളത്തിലെ പഴയകാല ഗ്രാമചരിത്രങ്ങളില്‍ വാമൊഴിയായും വരമൊഴിയായും രേഖപ്പെടുത്തിയിട്ടുണ്ട്.
ആചാരി, ആശാരി, കമ്മാളന്‍, കരുവാന്‍, പണിക്കര്‍ എന്നിങ്ങനെ വിവിധ പേരുകളിലാണ് വിശ്വകര്‍മജര്‍ വിവിധ ദിക്കുകളില്‍ അറിയപ്പെടുന്നത്. കുലത്തൊഴില്‍ ചെയ്യുമ്പോള്‍ ആശാരിക്കും ശില്‍പ്പിക്കുമൊക്കെ പൂണൂല്‍ ധരിക്കാന്‍ അവകാശം നല്‍കി അയിത്ത വ്യവസ്ഥയില്‍ നിന്ന് ഇവരെ ഒഴിവാക്കിയിരുന്നു. വിശ്വകര്‍മ്മാവിനെപ്പോലെ സൃഷ്ടിയാണ് ജോലിയെങ്കിലും കണക്കിലായിരുന്നു ഇവരുടെ വൈദഗ്ദ്ധ്യം. ഹരിച്ചും ഗുണിച്ചും മനസ്സില്‍കുറിച്ച അളവുകോലുകൊണ്ട് ഒരിക്കലും തെറ്റാത്ത കണക്കുകൂട്ടലുകള്‍ നടത്തിയ പഴയകാല ആശാരിമാരുടെ വൈദഗ്ധ്യം ഇന്നത്തെ എന്‍ജിനീയര്‍മാരെപ്പോലും വിസ്മയിപ്പിക്കുന്നതാണ്.
തച്ചപ്പെരുമയും തച്ചുപെരുമയും മങ്ങാതെ മരയാശാരിമാര്‍
വിശ്വകര്‍മ്മജരെ പ്രധാനമായും അഞ്ചായി തിരിച്ചിരിക്കുന്നതില്‍ തച്ചന്‍മാര്‍ക്കാണ് മരപ്പണി പറഞ്ഞിരിക്കുന്നത്. മരം എന്നര്‍ത്ഥമുള്ള ‘തക്ഷു’ എന്ന സംസ്‌കൃതപദത്തില്‍നിന്നാണ് തച്ചന്‍ എന്ന വാക്കുണ്ടായതെന്നാണ് കരുതുന്നത്. ആചാരിമാരെന്നാണ് ഇവര്‍ പൊതുവേ അറിയപ്പെടുന്നത്. പിന്നീടത് ആശാരിയായി മാറി.
വിഗ്രഹങ്ങള്‍, ക്ഷേത്രത്തിന്റെയും ഭവനങ്ങളുടെയും വാതിലുകള്‍, മേല്‍ക്കൂരക്കൂട്ട്, ഗൃഹോപകരണങ്ങള്‍, ശില്‍പ്പങ്ങള്‍ എന്നിവ തടിയില്‍ ഉണ്ടാക്കുന്നവരാണിവര്‍. ഗണിതവും വാസ്തുശാസ്ത്രവുമൊക്കെ കര്‍ശനമായി പാലിച്ച് കൃത്യമായ കണക്കുകൂട്ടലുകള്‍ നടത്തിയാണ് ആചാരിമാര്‍ മരപ്പണി നടത്തുന്നത്. പണിക്കന്‍, കണക്കന്‍, തച്ചന്‍ എന്നീ പേരുകളിലും മരപ്പണിക്കാര്‍ അറിയപ്പെടുന്നുണ്ട്. കേരളത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൊട്ടാരങ്ങളിലും ക്ഷേത്രങ്ങളിലും തറവാടുകളിലും തെളിഞ്ഞുനില്‍ക്കുന്നുണ്ട് പഴയകാല തച്ചന്‍മാരുടെ ശില്‍പകലാ നൈപുണ്യം. മുമ്പ് വീട് പണിയാന്‍ തുടങ്ങുമ്പോള്‍ വസ്തുവില്‍ സ്ഥാനം കാണല്‍ മുതല്‍ കുറ്റിയടിക്കല്‍ പൂജ, കട്ടള വെയ്ക്കല്‍, ഉത്തരം വെയ്ക്കല്‍, വാസ്തു ബലി, താക്കോല്‍ ദാനം, ഗൃഹപ്രവേശനം വരെ മൂത്താചാരിയുടെ സാന്നിദ്ധ്യത്തില്‍ ആണ് നടന്നിരുന്നത്. ചിലര്‍ കുറ്റിയടിക്കുമ്പോഴും കട്ടള വെയ്ക്കുമ്പോഴുമൊക്കെ ലക്ഷണശാസ്ത്രപ്രകാരം ഗൃഹത്തിന്റെ ഐശ്വര്യവും ആയുസ്സും പ്രവചിച്ചിരുന്നു.
പറയിപെറ്റ പന്തിരുകുലത്തിലെ പുകള്‍പെറ്റ പെരുന്തച്ചനാണ് കേരളത്തില്‍ തച്ചുശാസ്ത്രത്തിന്റെ അതികായന്‍. ഓരോരുത്തരുടെയും ആവശ്യം ഏറ്റെടുത്ത് വട്ടത്തില്‍ നീളത്തില്‍ സമചതുരമായി ത്രികോണമായി കോഴിമുട്ട രൂപത്തില്‍ കുളമുണ്ടാക്കിയ ഈ തച്ചേശ്വരന്റെ പിന്‍ഗാമികളായാണ് ആലുവയ്ക്കടുത്ത് ഉളിയന്നൂരിലെ ആചാരികുടുംബം അറിയപ്പെടുന്നത്. പെരുന്തച്ചന്‍ പണികഴിച്ച ക്ഷേത്രത്തിനു സമീപം പെരുന്തച്ചനെ പ്രതിഷ്ഠിച്ച ക്ഷേത്രം നിര്‍മിച്ച് ഇവര്‍ പൂജ ചെയ്തുവരുന്നു. പെരുന്തച്ചന്റെ ആര്‍ക്കും പിടികിട്ടാത്ത മനക്കണക്കിന്റെയും കരവിരുതിന്റെയും ഉദാഹരണമാണ് പെരിയാറ്റിന്‍കരയിലെ കേരളത്തനിമയാര്‍ന്ന ഉളിയന്നൂര്‍ മഹാദേവ ക്ഷേത്രം. ഉളിയന്നൂരില്‍ പെരുന്തച്ചന്റെ വംശ പരമ്പരയില്‍ പെട്ടവരില്‍ ഏറ്റവും മുതിര്‍ന്ന കാരണവര്‍ക്ക് ഇപ്പോഴും ‘പെരുന്തച്ചന്‍’ സ്ഥാനം നല്കിപ്പോരുന്നു. തച്ചന്‍ കുടുംബത്തിന്റെ കാരണവരെ അന്വേഷിച്ചെത്തിയപ്പോള്‍ പ്രായാധിക്യം കൊണ്ട് കാഴ്ച മങ്ങി ഉമ്മറത്ത് കസേരയില്‍ കൂനിക്കൂടിയിരുന്ന നാരായണന്‍ ആചാരിയെ കണ്ടു. ‘അച്ഛനൊന്നും പറയാനാകില്ല വയ്യ’ എന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞെങ്കിലും താന്‍ തച്ചന്റെ ആളാണെന്നെും തച്ചനിവിടെ അമ്പലമുണ്ടെന്നുമൊക്കെ ഒരോര്‍മ്മക്കുറവുമില്ലാതെ എണ്‍പത് പിന്നിട്ട നാരായണന്‍ ആചാരി വിറയ്ക്കുന്ന ശബ്ദത്തില്‍ പറഞ്ഞുതന്നു. (ഉളിയന്നൂരില്‍ നിന്ന് തിരിച്ചെത്തി ഒരാഴ്ച കഴിഞ്ഞപ്പോള്‍ നാരായണന്‍ ആചാരി ഈ ലോകത്തോട് വിട പറഞ്ഞെന്ന് ഉളിയന്നൂരില്‍ നിന്ന് മകന്‍ ശിവന്‍ ആശാരി അറിയിച്ചു.)
ഏകദേശം നാല് കുടുംബങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഉളിയന്നൂരില്‍ കുലത്തൊഴില്‍ തുടരുന്നത്. മുമ്പുണ്ടായിരുന്ന 25 കുടുംബങ്ങള്‍ പലസ്ഥലങ്ങളിലേക്കു ചേക്കേറി. നാരായണന്‍ ആചാരിയുടെ മരണത്തോടെ മൂത്ത മകനായ ശിവനാണ് ഇനി പെരുന്തച്ചന്‍ സ്ഥാനം. ഇപ്പോഴും മരപ്പണി ചെയ്ത് കുടുംബം പുലര്‍ത്തുന്നവരില്‍ ഒരാളാണ് ശിവന്‍ ആശാരി.
‘കുടുംബത്തില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് ഇപ്പോള്‍ മരപ്പണി ചെയ്യുന്നത്. അച്ഛന്‍ ഒരുപാട് പേരെ പഠിപ്പിച്ച ആളാണ്. എന്റെ രണ്ട് മക്കളും വിദേശത്താണ്. അവര്‍ കുലത്തൊഴില്‍ ചെയ്യാന്‍ ഒരു സാധ്യതയും ഇല്ല.’ തച്ചന്റെ കുടുംബത്തില്‍പ്പെട്ടവരാണന്ന കാര്യത്തോളം അഭിമാനം വേറെയില്ലെന്ന് ആദ്യമേ സൂചിപ്പിച്ചുകൊണ്ട് ശിവന്‍ ആശാരി പറഞ്ഞു. പക്ഷേ മക്കള്‍ നല്ല വിദ്യാഭ്യാസം നേടി ഉയര്‍ന്ന ശമ്പളമുള്ള ജോലി കണ്ടെത്തുമ്പോള്‍ അത് പാടില്ലെന്ന് ആരാണ് പറയുകയെന്നും ശിവന്‍ ആശാരി ചോദിക്കുന്നു.
കുഞ്ഞുണ്ണിക്കരയിലും ഉളിയന്നൂരും നാരായണ്‍ ആചാരിയെ മാത്രം പണിക്കുവിളിച്ചിരുന്ന ഒരു പ്രതാപകാലം ഉണ്ടായിരുന്നു. അന്ന് കൂടെ പണിയാന്‍ 6 പേരെങ്കിലും സ്ഥിരമായി ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് മകന്റെ കാലത്തു പണി കുറയുക മാത്രമല്ല , കൂടെ പണിയാന്‍ വേണ്ടപ്പോള്‍ മാത്രം ആളുകളെ വിളിക്കേണ്ട സ്ഥിതിയും വന്നു. ശിവന്‍ അശാരിയുടെ തലമുറയില്‍ അവസാനിച്ചേക്കുമെന്ന സ്ഥിതിയിലാണ് പെരുന്തച്ചന്റെ വംശപരമ്പരയുടെ കുലത്തൊഴില്‍.
പരമ്പരാഗത കുലത്തൊഴിലുകളില്‍ ജോലിസാധ്യതയ്ക്ക് ഒരു കുറവും വരാത്ത മേഖലയാണ് മരപ്പണി. എന്നിട്ടും പുതിയ തലമുറ ഈ ജോലിയിലേക്ക് വരാന്‍ മടിക്കുന്നു. ഈ വൈമുഖ്യത്തെ കുറിച്ചു ചോദിക്കുമ്പോള്‍ 27 വര്‍ഷമായി ആശാരിപ്പണി ചെയ്യുന്ന മുവാറ്റുപുഴ മുടവൂരില്‍ നിന്നുള്ള സജീവന്‍ പറയുന്നതിങ്ങനെ:
‘ഇത് കേവലം ജോലി മാത്രമല്ല കലയും കൂടിയാണ്. പുതിയ തലമുറയില്‍ നിന്ന് പഠിക്കുവാന്‍ തയ്യാറായി ഒരുപാടു പേര്‍ വരുന്നുണ്ട്. പക്ഷേ എല്ലാവരെയും ശിഷ്യന്‍മാരായി കണക്കാക്കാന്‍ കഴിയില്ല. പലപ്പോഴും വിദ്യ അഭ്യസിച്ച ശേഷം സ്വതന്ത്രമായി പണി ചെയ്യാനായി പഠിപ്പിച്ച ആശാനുമായി വഴക്കിട്ടുപോകുന്ന ശിഷ്യന്‍മാരാണ് ഇക്കാലത്ത് അധികവും’.
മരപ്പണി കുലത്തൊഴിലായ കുടുംബത്തില്‍ അമ്മാവന്മാര്‍ക്കൊപ്പമാണ് സജീവ് പണിക്കിറങ്ങുന്നത്. സജീവിനൊപ്പമുള്ള ബാബുവും പാരമ്പര്യമായി തടിപ്പണി തുടരുന്ന ആളാണ്. മെഷീനുകള്‍ വരുന്നതിനു മുന്‍പേ മരത്തില്‍ കൊത്തിപ്പഠിച്ച തലമുറയില്‍ പെട്ടവരാണ് തങ്ങളെന്ന അഭിമാനം ഇരുവര്‍ക്കുമുണ്ട്. മാറിക്കൊണ്ടിരിക്കുന്ന ഗൃഹസങ്കല്പത്തെക്കുറിച്ചും സജീവ് വാചാലനായി. മകനെ തൊഴിലിലേക്കു കൊണ്ടുവരണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും, പുതുതലമുറ വഴങ്ങാതെ വഴിമാറി നടക്കുകയാണ്. കാലത്തിനൊപ്പം നീങ്ങാന്‍ സാധിക്കുകയാണെങ്കില്‍ ആശാരിമാര്‍ക്ക് ഇപ്പോഴും ജോലിക്കു പഞ്ഞമില്ല എന്ന് സജീവും ബാബുവും സാക്ഷ്യപ്പെടുത്തുന്നു. കോടികള്‍ ചെലവഴിച്ച് നിര്‍മ്മിക്കുന്ന വലിയ കെട്ടിടങ്ങളില്‍ ലക്ഷങ്ങളുടെ പണിയാണ് ഇവര്‍ക്ക് ഏറ്റെടുക്കേണ്ടത്. മാസങ്ങളെടുത്ത് അത് തീര്‍ത്താല്‍ അടുത്ത ജോലി കാത്തിരിക്കുന്നുണ്ടാകും.
‘പുതുയുഗത്തില്‍ വാസ്തുവും ജ്യോതിഷവും പണിയുമറിയുന്ന ഒരു ആശാരിക്ക് ജോലിക്ക് ഒരു പഞ്ഞവും ഉണ്ടാവില്ല. പക്ഷേ മറ്റേതൊരു കുലത്തൊഴില്‍ പോലെയും ഇതും അന്തസ്സിന് കുറവാണെന്ന ധാരണയാണ് ചെറുപ്പക്കാര്‍ക്ക്.’ എന്തു ചെയ്യാന്‍ കഴിയുമെന്ന് ചോദിക്കുന്നു സജീവ്. കുലത്തൊഴില്‍ കൈവിട്ടുകളയാതെ കൊണ്ടുനടക്കുന്ന കുടുംബങ്ങള്‍ ഒട്ടേറെയുണ്ടങ്കിലും വിശ്വകര്‍മ്മസഭയല്ലാതെ ഇവര്‍ക്ക് മറ്റൊരു സംഘടനയും ഇല്ല. സമുദായത്തിന് പുറത്തുനിന്നുള്ളവരും ബംഗാളികളുമൊക്കെ ആശാരിപ്പണി ചെയ്യുന്നുണ്ട്. മാറിയ ലോകത്ത് സാധ്യതകള്‍ക്ക് കുറവില്ലെങ്കിലും കുലത്തൊഴില്‍ എന്ന നിലയില്‍ വിശ്വകര്‍മ്മസമുദായത്തിന് അന്യാധീനപ്പെട്ടുകൊണ്ടിരിക്കുകയാണ് മരപ്പണിയെന്ന് സജീവും ബാബുവും ഉള്‍പ്പെടെ ഈ മേഖലയില്‍ തുടരുന്നവര്‍ ഒരുപോലെ വ്യക്തമാക്കി. പുതിയ തലമുറയില്‍പ്പെട്ട പഠനം തുടരുന്ന വിവേകും പാതിവഴിയില്‍ പഠനം നിര്‍ത്തി പ്ലംബിങ്ങിന് പോയ ഗോപകുമാറും കുലത്തൊഴില്‍ ഏറ്റെടുക്കുന്നതില്‍ താത്പര്യമില്ലെന്ന് തുറന്നുപറഞ്ഞു. കാര്യമൊക്കെ ശരിയാണ് പക്ഷേ മറ്റുള്ളവരുടെ മുന്നില്‍ ഓച്ഛാനിച്ചുനിന്നുള്ള പണി തങ്ങള്‍ക്ക് വേണ്ടെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.